“”” നിനക്കെന്താടാ മധു അവൾ ഒറ്റ പെൺകുട്ടിയാ എത്രയാ എന്നറിയാമോ സ്വത്ത് വലിയൊരു വീടും അതെല്ലാം അവൾക്കുള്ളത.. വേറെ കൂടപ്പിറപ്പുകൾ ഒന്നും ഇല്ലല്ലോ ഷെയർ കൊടുക്കാൻ!! അത് കാലം കൊണ്ട് നിനക്ക് തന്നെ വന്നു ചേരും..!!””

(രചന: ക്വീൻ)

“” എടാ നീ ഒന്നുകൂടി ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ ചിലപ്പോൾ…!!”

ചേച്ചി പറഞ്ഞു കൊണ്ട് വന്നത് ഞാൻ ഒരു തുറിച്ചുനോട്ടം നോക്കിയപ്പോൾ നിർത്തി…
എല്ലാവരും സ്വാർത്ഥരാണ്. എല്ലാവർക്കും സ്വന്തം കാര്യങ്ങൾ മാത്രമേയുള്ളൂ നമ്മൾ അവരെ ചേർത്തുപിടിക്കുന്നത് എല്ലാം വെറുതെയാണ്..

എന്റെ ദേഷ്യം പിടിച്ച മുഖഭാവം കണ്ടിട്ടാണെന്ന് തോന്നുന്നു ചേച്ചി പിന്നീട് ഒന്നും പറയാതെ അങ്ങോട്ടേക്ക് പോയത്..

അസ്വസ്ഥമായ മനസ്സോടെ ഞാൻ കട്ടിലിലേക്ക് ചാരി കിടന്നു.. കരിഞ്ഞു തുടങ്ങിയ കല്യാണ മാല, മുറിയുടെ ഒരു സൈഡിൽ തൂക്കിയിട്ടിട്ടുണ്ട്… അത് കണ്ടതും പുച്ഛത്തോടെ ഒരു ചിരി എന്റെ ചുണ്ടിൽ വിരിഞ്ഞു..

ഒരുമാസമായിരിക്കുന്നു കല്യാണം കഴിഞ്ഞിട്ട്!! എന്നിട്ടോ.

അവന്റെ ഓർമ്മകൾ പുറകിലേക്കോടി.. ചേച്ചിയുടെ വിവാഹം കഴിഞ്ഞ് പോയതിൽ പിന്നെ അമ്മയും താനും ഇവിടെ തനിച്ചായിരുന്നു രണ്ടു പെൺകുഞ്ഞുങ്ങൾ ആയതോടുകൂടി അവിടെ അമ്മായിയമ്മയുടെ പോര് സഹിക്കാൻ വയ്യ എന്നും പറഞ്ഞാണ് അവൾ കുട്ടികളെയും ഭർത്താവിനെയും കൂട്ടി ഇങ്ങോട്ടേക്ക് പോന്ന് ഇവിടെ സ്ഥിരതാമസം ആക്കിയത്..!

അമ്മ തനിച്ചല്ലേ എന്ന് കരുതി ഞാനും അതിന് എതിരൊന്നും പറഞ്ഞില്ല പക്ഷേ ക്രമേണ അവൾ ഇവിടെ ഉള്ളവളായി…

എനിക്കൊരു ജോലി കിട്ടി ഞാൻ വിദേശത്തേക്ക് പോയതോടുകൂടി പിന്നെ പൂർണ്ണ അധികാരം അവളുടെ കയ്യിലായി ഇടയ്ക്ക് എന്നോട് പറയുമായിരുന്നു ഏതെങ്കിലും ഒരു പെൺകുട്ടിയുള്ള ഇടത്തുനിന്ന് നിന്നെ കല്യാണം കഴിപ്പിക്കും അങ്ങനെയാണെങ്കിൽ നീ അവളുടെ വീട്ടിലേക്ക് പൊയ്ക്കോളുമല്ലോ എന്ന്..

അവൾ ഈ വീട് സ്വന്തം എന്ന് കരുതാൻ തുടങ്ങിയിരിക്കുന്നു പെങ്ങൾ എന്നൊരു സ്ഥാനം നൽകിയത് കൊണ്ട് അന്നൊന്നും ഞാൻ പ്രതികരിച്ചില്ല എല്ലാം അവളുടെ ഒരു തമാശയായിട്ടാണ് കരുതിയത്..

എനിക്ക് വിവാഹം നോക്കാം എന്ന് അമ്മ പറഞ്ഞപ്പോൾ പിന്നെ ഞാനും വിസമ്മതം ഒന്നും പറഞ്ഞില്ല കാരണം എന്റെ കൂട്ടുകാരുടെയെല്ലാം കല്യാണം കഴിയാൻ തുടങ്ങിയിരുന്നു അങ്ങനെ അവർ തന്നെ പോയി ഒരു പെണ്ണിനെ കണ്ടു പിടിച്ചു.

എനിക്ക് ഫോട്ടോ സെന്റ് ചെയ്തു തന്നു ഒപ്പം വീഡിയോ കോളും ചെയ്തു. അടുത്തൊന്നും ലീവ് തരപ്പെടുമായിരുന്നില്ല അതുകൊണ്ട് അതൊക്കെ മാർഗം ഉണ്ടായിരുന്നുള്ളൂ എന്റേത് അത്ര വലിയ കമ്പനിയും അത്ര നല്ല ജോലിയും ഒന്നും ആയിരുന്നില്ല എങ്കിലും ഗൾഫിലാണ് എന്ന് പറയുമ്പോഴുള്ള ഒരു ഗമ ഉണ്ട് എന്ന് മാത്രം…

നന്നായി നോക്കിയൊക്കെ ഉറപ്പിക്കണം എന്ന് ഇതു ഉറപ്പിക്കാൻ പോവുകയാണ് എന്ന് പറഞ്ഞ ചേച്ചിയോട് ഞാൻ പറഞ്ഞു.

“”” നിനക്കെന്താടാ മധു അവൾ ഒറ്റ പെൺകുട്ടിയാ എത്രയാ എന്നറിയാമോ സ്വത്ത് വലിയൊരു വീടും അതെല്ലാം അവൾക്കുള്ളത.. വേറെ കൂടപ്പിറപ്പുകൾ ഒന്നും ഇല്ലല്ലോ ഷെയർ കൊടുക്കാൻ!! അത് കാലം കൊണ്ട് നിനക്ക് തന്നെ വന്നു ചേരും..!!””

എന്നായിരുന്നു അവളുടെ മറുപടി അതിന്,

“”” എന്റെ ചേച്ചി സ്വത്തിനെക്കാൾ ആ കുട്ടിയുടെ സ്വഭാവം നോക്കി ഉറപ്പിക്ക് ഞാൻ ആണല്ലോ കൂടെ താമസിക്കേണ്ടത് എന്ന് പറഞ്ഞു..

എല്ലാം പക്കയാണ് എന്നും പറഞ്ഞാണ് അവൾ ഉറപ്പിച്ചത് ഞാൻ വിവാഹത്തിന്റെ ഒന്ന് രണ്ടാഴ്ച മുന്നേ വരാൻ വേണ്ടി പ്ലാൻ ഇട്ടതാണ് പക്ഷേ വിചാരിച്ചത് പോലെ ലീവ് ശരിയായില്ല നാട്ടിലേക്ക് എത്തിയത് രണ്ടുദിവസം മുൻപ് മാത്രമാണ്.

താലിചെയ്ൻ എടുക്കേണ്ടതും എന്റെ വസ്ത്രങ്ങൾ എടുക്കേണ്ടതും ഒക്കെ തിരക്കായത് കൊണ്ട് പിന്നെ എനിക്ക് അവളെ ഒന്ന് പോയി കാണാൻ പോലും പറ്റിയില്ല.

ഇതിനിടയിൽ ഇടയ്ക്ക് ഞാൻ അവൾക്ക് ഫോൺ ചെയ്യുമെങ്കിലും മുക്കിയും മൂളിയും ഓരോന്ന് പറഞ്ഞാൽ ആയി…!!
അതേക്കുറിച്ച് ചേച്ചിയോട് സംസാരിച്ചപ്പോൾ അവൾ അത്ര മോഡേൺ ഒന്നും അല്ലടാ ഒരു നാട്ടിൻപുറത്തുകാരി കുട്ടിയാണ് അവളിൽ നിന്ന് ഇത്രയൊക്കെ പ്രതീക്ഷിക്കാൻ പാടുള്ളൂ..
എന്നുപറഞ്ഞു അത് ശരിയാവും എന്ന് ഞാനും കരുതി..

കല്യാണപ്പന്തലിലേക്ക് ആണ് ആദ്യമായി ചെന്നത് അവളെ കാണാൻ നെഞ്ച് വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു..!!

ഫോട്ടോയിൽ കണ്ട ഭംഗിയൊന്നും ഇല്ലാത്ത ഒരു കുട്ടി എന്തെങ്കിലും ആവട്ടെ എന്ന് ഞാൻ കരുതി ഭംഗിയല്ലല്ലോ ജീവിതത്തിൽ വലുത്!!!

പക്ഷേ അവൾക്ക് പ്രായത്തിനൊത്തുള്ള ബുദ്ധിവളർച്ച പോലും ഇല്ല എന്ന് മനസ്സിലാക്കിയത് കുറച്ചുകൂടി അടുത്ത് ഇടപഴകിയപ്പോഴായിരുന്നു..

സ്വന്തമായി നന്നായി ആഹാരം പോലും കഴിക്കാൻ അറിയാത്തവൾ!! വിവാഹം കഴിഞ്ഞ് ഇറങ്ങുമ്പോൾ, അമ്മാവന്റെ കുഞ്ഞും കൂടെ വേണം എന്ന് പറഞ്ഞ് വാശിപിടിച്ചവൾ.

ഞാനാകെ തകർന്നു പോയിരുന്നു അവളുടെ കാട്ടിക്കൂട്ടലുകൾ കണ്ടിട്ട്.. ചേച്ചിയെ നോക്കിയപ്പോൾ എല്ലാം ശരിയാകും എന്ന് എന്നോട് പയ്യെ വന്ന് ചെവിയിൽ പറഞ്ഞു..

വീട്ടിലേക്ക് എത്തിയപ്പോൾ ബാക്കി കൂടി…
അവളുടെ സാരി അഴിച്ചു തരാൻ വേണ്ടി പറഞ്ഞു കരയുക!! എനിക്കിപ്പോൾ ഉറങ്ങണം എന്നു പറഞ്ഞ് കയറിച്ചെന്ന പാട് വാശിപിടിച്ച് പോയി കിടന്നുറങ്ങുക!!!

എല്ലാം കണ്ട് ഞങ്ങൾ എല്ലാവരും നിന്ന് പകച്ചു…
ചേച്ചി മാത്രം വലിയ അത്ഭുതം ഒന്നുമില്ലാതെ നിന്നു. അവൾക്ക് ഏതാണ്ടൊക്കെ അറിയാമായിരുന്നു. അവർ പറഞ്ഞതും അവളോടും ഭർത്താവിനോടും ആയിരുന്നു അവർ എല്ലാം ഒളിപ്പിച്ചു വെച്ചത് അവളുടെ സ്വത്ത് കണ്ടിട്ട് ആയിരുന്നു..

“” ചേച്ചി ഞാൻ നിന്റെ കൂടെപ്പിറപ്പ് തന്നെയല്ലേ?? ഈ വീട് നിന്റെ പേരിലാവും എന്നൊരു കാര്യം കൊണ്ട് നീ എന്നെ ഇത്രയും വലിയൊരു കുഴിയിലേക്ക് തള്ളിയിടും എന്ന് ഞാൻ കരുതിയില്ല!!””

എന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ എന്നോട് എന്തൊക്കെയോ പറഞ്ഞു പുറകെ നടക്കുന്നുണ്ടായിരുന്നു.

അന്ന് രാത്രി ആയപ്പോഴേക്ക് അവൾക്ക് സ്വന്തം വീട്ടിലേക്ക് പോകണം എന്ന് പറഞ്ഞ് കരച്ചിൽ തുടങ്ങി. ഞാൻ ഒരു ഓട്ടോ വിളിച്ച് അവളെ അവളുടെ വീട്ടിൽ കൊണ്ട് ചെന്നാക്കി..

ഇവിടെ അഴിച്ചു വച്ചിരുന്ന അവളുടെ ആഭരണങ്ങളും മറ്റും അടുത്ത ദിവസം തന്നെ അങ്ങോട്ടേക്ക് കൊണ്ടുപോയി കൊടുത്തു.

അവരത് വലിയ പ്രശ്നമാക്കി എല്ലാം പറഞ്ഞിട്ടല്ലേ കല്യാണം നടത്തി തന്നത് എന്ന് ചോദിച്ചു എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല..

അവരോട് ഞാൻ എന്ത് പറയും എല്ലാം അറിഞ്ഞ എന്റെ ചേച്ചി എന്നെ എല്ലാം മറച്ചുവെച്ച് ചതിച്ചതാണെന്നോ.

അവർ കേസ് കൊടുത്തു…
ഇപ്പോൾ അതിന്റെ പുറകെയാണ് അത് എന്തെങ്കിലും ഒന്ന് ആവാതെ പോകാനും പറ്റില്ല..

ആകെക്കൂടി ഭ്രാന്ത് പിടിച്ചിരിക്കുന്ന സമയം അന്നേരമാണ് ചേച്ചി സമാധാന വാക്കുകളുമായി വരുന്നത്..

ഞാൻ അവരുടെ വീട്ടിൽ ചെന്ന് നിന്നാൽ, കേസ് പിൻവലിക്കാം എന്നവർ പറഞ്ഞെന്ന്..

അതോടെ ചേച്ചി അതും പൊക്കിപ്പിടിച്ച് എന്നോട് അവർക്ക് വേണ്ടി വാദിക്കാൻ വന്നിരിക്കുകയാണ്..

ചിലതെല്ലാം ഞാൻ തീരുമാനിച്ചു ഇങ്ങോട്ട് ആത്മാർത്ഥത കാണിക്കാത്തവരോട് അങ്ങോട്ട് കാണിക്കേണ്ട ഒരു ആവശ്യവുമില്ല…!!

അടുത്ത ദിവസം തന്നെ ഞാൻ അവിടെയുള്ള ഒരു മാഷിനെ വിളിച്ചു കൊണ്ടുവന്നു.. സാധാരണ വീടുകളിൽ ഭാഗം വേപ്പും മറ്റു പ്രശ്നങ്ങളും എല്ലാം ഉണ്ടെങ്കിൽ ഒരു ഇടനിലക്കാരനായി നിൽക്കുന്നയാൾ ആയിരുന്നു മാഷ്…
ഇവിടുത്തെ സ്വത്തുക്കൾ ഞാൻ ഭാഗിക്കണം പറഞ്ഞു!!

അന്നേരം ചേച്ചിയുടെ തനി സ്വഭാവം പുറത്തേക്കുവന്നു. എനിക്ക് രണ്ട് പെൺമക്കളാണ് അതുകൊണ്ട് വീട് എനിക്ക് വേണം എന്ന് ചേച്ചി തറപ്പിച്ചു പറഞ്ഞു..

എന്നെങ്കിലും വീട് ചേച്ചിക്ക് കൊടുക്കണം പുതിയൊരു വീട് വയ്ക്കണം എന്നൊക്കെ ഞാനും മനസ്സിൽ പ്ലാൻ ചെയ്തിരുന്നു. പക്ഷേ ഇനി വിട്ടുകൊടുക്കില്ല എന്റെ ജീവിതം ഇത്രത്തോളം തകർത്തിട്ട് അവൾ എല്ലാം നേടി അങ്ങനെ അഹങ്കരിക്കേണ്ട.

വീട് എനിക്ക് വേണം എന്ന് പറഞ്ഞു അവിടെയുള്ള കുറച്ച് സ്ഥലം മാത്രം അവളുടെ പേര് എഴുതി കൊടുത്തു എല്ലാവരും എന്റെ കൂടെ നിന്നു സ്വന്തം അമ്മ പോലും.

പാവം അമ്മയ്ക്ക് അറിയില്ലായിരുന്നു അവൾ എന്നെ ചതിച്ച കാര്യം അറിഞ്ഞതും അമ്മ കണ്ണീരായി കഴിയുകയായിരുന്നു..

എന്നെ കുറെ പ്രാകി പറഞ്ഞ് അവൾ അവിടെ നിന്ന് ഇറങ്ങിപ്പോയി ഒരു വാടക വീട്ടിലേക്ക്!!

അപ്പോഴേക്കും ഞാൻ വിവാഹം കഴിച്ച ദിവ്യശ്രീയുടെ അച്ഛൻ എന്നെ കാണാൻ വന്നിരുന്നു.

അവർ ഒരിക്കലും ചതിച്ചതല്ല എല്ലാം ചേച്ചിയോടും ഭർത്താവിനോടും തുറന്നു പറഞ്ഞതാണ് അവരാണ് എല്ലാം എന്നോട് പറഞ്ഞു അവനും സമ്മതമാണ് എന്നെല്ലാം പറഞ്ഞാണ് ഈ വിവാഹം നടത്തിയത്.

എന്നെപ്പോലെ അവരും ചതിക്കപ്പെടുകയായിരുന്നു..

അപ്പോഴത്തെ ദേഷ്യത്തിന് കേസ് കൊടുത്തതാണ് അവരുടെ മകൾക്ക് ഒരു നല്ല ജീവിതം കിട്ടും എന്ന് കൊതിച്ചു പോയി എന്നെല്ലാം പറഞ്ഞ് അയാൾ എന്റെ മുന്നിൽ നിന്ന് കരഞ്ഞു..

അഞ്ചു വയസ്സുവരെ മിടുക്കിയായിരുന്ന ദിവ്യ ശ്രീ യ്ക്ക് ചെറിയൊരു പനി വന്നതാണ് ഇങ്ങനെ ആവാൻ കാരണം..
ഞാൻ അവളെയും കൊണ്ട് അവളുടെ അച്ഛനെയും അമ്മയെയും കൂട്ടി ഒരു വിദഗ്ധനായ ഡോക്ടറെ പോയി കണ്ടു…

വലിയ പുരോഗതി ഒന്നുമില്ലെങ്കിലും ചെറിയ മാറ്റങ്ങൾ വരുത്താൻ ചില ചികിത്സകൾ കൊണ്ട് കഴിയും എന്ന് അയാൾ പറഞ്ഞു.

അത് മതിയായിരുന്നു എനിക്കും ഞാൻ അവളെ കൂടെ കൂട്ടി!! അല്ലാതെ എന്ത് ചെയ്യാൻ ഏതായാലും ജീവിതം ഇത്രത്തോളം ആയി..

ഒരു കുഞ്ഞിനെപ്പോലെ പരിചരിച്ചാൽ അവളിൽ ഒരുപാട് സ്നേഹമുള്ള ഒരു മനസ്സുണ്ട് എന്ന് എനിക്ക് മനസ്സിലായി..
എന്റെ മനസ്സുകൊണ്ട് അതോ പ്രാർത്ഥന കൊണ്ടോ എന്നറിയില്ല അല്പമെങ്കിലും പക്വതയോടെ പെരുമാറാൻ അവളും ശ്രമിച്ചുകൊണ്ടിരുന്നു..

പിന്നെ ഞാൻ വിദേശത്തേക്ക് തിരിച്ചു പോയില്ല നാട്ടിൽ തന്നെ സെറ്റിൽ ആയി.
ഞങ്ങൾക്കിടയിലേക്ക് ഒരു കുഞ്ഞു കൂടി വന്നതോടുകൂടി അവൾ തീർത്തും മാറിയത് പോലെ.
ഇടയ്ക്കെങ്കിലും ഒരു വാശിയുണ്ട്, പൂർണ്ണമായും ജോലികൾ ഒന്നും ചെയ്യാൻ അവളെ കൊണ്ട് ആവില്ല എന്നതും ഒഴിച്ചാൽ അവൾ ഇപ്പോൾ ഒരു നല്ല ഭാര്യയാണ് ..!!

ഞാൻ അവളുടെ കുറവുകൾ അറിഞ്ഞു ചേർത്തുപിടിക്കുന്ന ഒരു ഭർത്താവും…

Leave a Reply

Your email address will not be published. Required fields are marked *