(രചന: രജിത ജയൻ)
“വീട്ടിൽ ആളും അനക്കവുമില്ലാത്ത നേരം നോക്കി നീ എന്നു മുതലാടീ ആണുങ്ങളെ വീട്ടിൽ വിളിച്ചു കയറ്റാൻ തുടങ്ങിയത്..?
“ഇതിപ്പോ ഞാൻ വന്നതുകൊണ്ട് നേരിട്ട് കാണാൻ പറ്റി.
” ഇതുപോലൊരു വിഷ ജന്തുവിനെയാണല്ലോ ഈശ്വരാ ഞാൻ എൻറെ വീട്ടിൽ താമസിപ്പിച്ചത്…
തനിക്ക് ചുറ്റും കൂടിയ ആളുകളെ നോക്കി ദേവയാനി ഓരോന്നും വിളിച്ചു പറയുമ്പോഴും എന്താണ് തനിക്ക് സംഭവിച്ചതെന്നറിയാതെ ശിശിര പരിഭ്രമത്തോടെ ചുറ്റും നോക്കി…
തലകറങ്ങി താൻ മുറ്റത്ത് വീഴാൻ പോയത് മാത്രമാണ് ഓർമ്മ… പിന്നെ എന്താണിവിടെ സംഭവിച്ചത്?
അവൾ ഓർത്തു നോക്കി
“ഇതാരാണെടീ ..?
” ഇതാണോ നിൻറെ പുതിയ കാമുകൻ..?
അമ്മായി ചോദിച്ചപ്പോഴാണ് ശിശിര ആ ചെറുപ്പക്കാരനെ ശ്രദ്ധിച്ചത്,അയാളുടെ തോളിൽ ചാരിയാണ് താനിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞതും അവൾ ഒരു ഞെട്ടലോടെ അയാൾക്കരികിൽ നിന്നും മാറിയിരുന്നു ..
“എന്തിനാടി ഇപ്പോൾ ഒരു ഒഴിഞ്ഞുമാറ്റം ..?
ഇത്ര നേരവും കെട്ടിപ്പിടിച്ചല്ലേ നിന്നത്..?
അങ്ങനെ തന്നെ നിന്നോ ഇനിയും ..
പക്ഷേ ഇവിടെ വെച്ച് വേണ്ടെന്ന് മാത്രം..
അമ്മായി പിന്നെയും തുടരുക തന്നെയാണ്.
“ശിശിരയാ ചെറുപ്പക്കാരനെ നോക്കി.
അയാളും തന്നെ പോലെ പരിഭ്രമിച്ചു ചുറ്റും നോക്കുന്നുണ്ട്..
” ആരാണാവോ ഇത്..? ഇതിനുമുമ്പ് ഇവിടെ കണ്ടിട്ടില്ലല്ലോ… അവളോർത്തൂ ..
“അതെ നിങ്ങൾ എന്തൊക്കെയാണീ പറയുന്നത്..?
എനിക്കൊന്നും മനസ്സിലായില്ല..
പെട്ടെന്നൊരു ശബ്ദം..
അയാളാണ് ,
ശിശിര കണ്ടു
“ഞാനിവിടെ വേലായുധൻ വൈദ്യരുടെ വീട് അന്വേഷിച്ചു വന്നതാണ്…
“വഴിയിലും പരിസരത്തൊന്നും ആരെയും കണ്ടില്ല, ആരെയെങ്കിലും കണ്ടാൽ വൈദ്യരുടെ വീട് ചോദിക്കാമല്ലോന്ന് കരുതിയ ഈ വീട് കണ്ടപ്പോൾ ഇങ്ങോട്ട് കയറിയത്..
“അപ്പോൾ മുറ്റത്ത് ഈ പെൺകുട്ടി വീണു കിടക്കുന്നത് കണ്ടു.
” ചുറ്റുപാടും നോക്കിയിട്ടും ആരെയും കണ്ടില്ല ,അതുകൊണ്ടതിനെ താങ്ങിയെടുത്ത് ഈ വരാന്തയിൽ കൊണ്ടിരുത്താൻ നോക്കിയപ്പോഴാണീ സ്ത്രീ വന്നതും ഇങ്ങനെയെല്ലാം വിളിച്ചു പറയുന്നതും …
ആ മനുഷ്യൻ തന്റെ കാര്യം തുറന്നു പറഞ്ഞപ്പോൾ ശിശിര സഹതാപത്തോടെ അയാളെ നോക്കി..
ഒപ്പം തന്റെ അമ്മായിയുടെ പ്രവർത്തി ഓർത്ത് അവൾക്ക് ലജ്ജ തോന്നി..
തന്നെ കുറ്റക്കാരിയാക്കി കാണിക്കാൻ ഒന്നുമറിയാത്ത ഒരു പാവത്തെ അമ്മായി ദ്രോഹിക്കുന്നു …അവൾ വേദനയോടെ ഓർത്തു
തങ്ങൾക്ക് ചുറ്റും കൂടിയിരിക്കുന്നവർക്കെല്ലാം തന്നെ ഏകദേശം അമ്മായിയുടെ സ്വഭാവം അറിയാം, അതുകൊണ്ടവരാരും അമ്മായി പറഞ്ഞത് വിശ്വസിക്കാൻ കൂട്ടാക്കാതെ ചെറുപ്പക്കാരനു ചുറ്റും കൂടി.
സെറ്റ് മുണ്ടും നേരിയതും ഉടുത്ത് ഐശ്വര്യമുള്ള ഒരു അമ്മ അവിടേക്ക് നടന്നു വരുന്നതു കണ്ട ശിശിരയുടെ നോട്ടം ആ അമ്മയിൽ പതിഞ്ഞു
അവർക്ക് നടക്കാൻ എന്തോ ബുദ്ധിമുട്ടുള്ളതുപോലെ തോന്നി അവൾക്ക്..
“മോനെ സായി, എന്താണ് ഇവിടെ?
അവർ തനിക്ക് മുമ്പിൽ നിൽക്കുന്ന ചെറുപ്പക്കാരനോട് ചോദിച്ചപ്പോൾ അതയാളുടെ അമ്മയാണെന്നുംഒപ്പം അയാളുടെ പേര് സായി എന്നാണെന്നും അവൾക്ക് മനസ്സിലായി
സായി വിവരങ്ങളെല്ലാം അമ്മയോട് പറയുന്നതും അമ്മ തന്നെ സഹതാപത്തോടെ നോക്കുന്നതും കണ്ടിട്ട് താനവരുടെ മുമ്പിലൊരു പുഴുവോളം ചെറുതാവുന്നതുപോലെ തോന്നിയവൾക്ക്
“ഇതാണ് എൻറെ അമ്മ.
അമ്മ യ്ക്ക് എപ്പോഴും കാൽമുട്ട് വേദനയാണ്…
“അതിന് വേലായുധൻ വൈദ്യരെ കാണാനാ ഞങ്ങൾ വന്നത്..
“അമ്മ റോഡിൽ കാറിലായിരുന്നു..സായി പറഞ്ഞു..
ചുറ്റും കൂടി നിൽക്കുന്നവരിൽ ആരോ അവർക്ക് വൈദ്യരുടെ വീട് കാണിച്ചുകൊടുക്കുന്നത് കണ്ട ശിശിര ആൾക്കൂട്ടത്തിനിടയിൽ നിന്ന് മെല്ലെ വീടിനുള്ളിലേക്ക് കയറി, പുറകെ അവളെ പ്രാകി പറഞ്ഞുകൊണ്ട് അമ്മായിയും…
എന്തെങ്കിലും വയറു നിറച്ച് കഴിച്ചിട്ട് കുറച്ചുദിവസമായി..
വീട്ടിലെ പണികളെല്ലാം തീർത്താൽ അമ്മായി വല്ലതും കഴിക്കാൻ തന്നാലായി ….
ഇപ്പോൾ തന്നോടുള്ള അമ്മായിയുടെ പകപോക്കൽ രീതി അതാണ്…
അമ്മായിയുടെ മകൻ വിഷ്ണു തന്നെ കല്യാണം കഴിക്കണം എന്ന് പറഞ്ഞതിന്റെ ശിക്ഷയും ലഭിക്കുന്നതും തനിക്ക് തന്നെ…
അച്ഛനും അമ്മയും അപകടത്തിൽ മരിച്ചപ്പോൾ ഒറ്റപ്പെട്ടുപോയ തനിക്ക് ആശ്രയം തന്നത് അമ്മാവനും അമ്മായിയും ആണ് ..
ആദ്യമെല്ലാം അമ്മായിക്ക് തന്നെ ഇഷ്ടമായിരുന്നു..
എന്നാൽ അപകടത്തിൽ മരിച്ച അച്ഛന് കടങ്ങൾ ഏറെയുണ്ടായിരുന്നത് വീട്ടാൻ വേണ്ടി താൻ അച്ഛൻറെ സമ്പാദ്യങ്ങൾ മുഴുവൻ വിറ്റപ്പോൾ അമ്മായിയ്ക്ക് തന്നോടുള്ള ഇഷ്ടം കുറഞ്ഞു ..
ഒടുവിൽ കയ്യിൽ ഒന്നും അവശേഷിക്കാത്ത താൻ അമ്മായിക്ക് ശല്യമായി.. അമ്മാവൻ മരിച്ചപ്പോൾ തൻറെ തകർച്ചയും പൂർത്തിയായി.
അതിനിടയിലാണ് തന്നെ ഇഷ്ടമാണെന്ന് പറഞ്ഞു അമ്മായിയുടെ മകൻ വിഷ്ണുവേട്ടൻ പുറകെ കൂടിയത്.. ഒരു ഏട്ടന്റെ സ്ഥാനത്തേ കണ്ടിട്ടുള്ളൂ എന്ന് പറഞ്ഞിട്ടും വിഷ്ണു പിന്മാറിയില്ല …
ഒടുവിൽ അമ്മയോട്നേരിട്ട് പറഞ്ഞു തന്നെ കല്യാണം കഴിക്കണമെന്ന്… അന്നുമുതൽ താനവർക്ക് അവരുടെ മകനെ വല വീശിപ്പിടിച്ചവളാണ് …
“എനിക്ക് വിഷ്ണുവേട്ടൻ ഏട്ടൻറെ സ്ഥാനത്താണെന്ന് പറഞ്ഞിട്ടുംഅവർ, അമ്മയ്ക്കും മകനും അതു മനസ്സിലാകുന്നില്ലല്ലോ ഈശ്വരൻമാരെ …
ഓരോ ദിവസവും അമ്മായി ഓരോ പ്രശ്നങ്ങൾ ഉണ്ടാകും തന്നെ ശിക്ഷിക്കാൻ, താൻ ചീത്തയാണെന്ന് നാട് മുഴുവൻ പറഞ്ഞു നടക്കും..
അതിനിടയിലാണ് ഇന്നത്തെ ഈ സംഭവം
എന്തെങ്കിലും ആവട്ടെ വയറു വിശന്നിട്ട് വയ്യ, കുടിക്കാൻ ഇത്തിരി വെള്ളമെങ്കിലുംകിട്ടിയിരുന്നെങ്കിൽ ….
അവൾ നാല് ചുറ്റും നോക്കി, അപ്പോഴവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു അവളുടെ അവസ്ഥയോർത്ത്…
ദിവസങ്ങളെത്ര പെട്ടന്നാണ് കടന്നു പോവുന്നതെന്നോർത്ത് പൂമുഖത്തിരിക്കുകയായിരുന്നു ശിശിര …
എന്താണ് മോളെ വലിയ ആലോചനയിലാണല്ലോ ..? കാര്യായിട്ടെന്തെങ്കിലും ആണെങ്കിൽ അമ്മയോടും കൂടി പറയണേ…
ചിരിയോടെ പറഞ്ഞു കൊണ്ട് സായിയുടെ അമ്മ ശിശിരയുടെ അടുത്തായ് ഇരുന്നു …
സ്നേഹിക്കാൻ മാത്രമറിയുന്ന ആ അമ്മയുടെ മുഖത്തേക്ക് നോക്കിയ ശിശിര കണ്ടു ആ മുഖത്ത് നിറയെ തന്നോടുള്ള സ്നേഹവും വാത്സല്യവും നിറഞ്ഞു നിൽക്കുന്നത് .. അവളുടെ കണ്ണുകൾ നിറഞ്ഞു …
സായിയെ തന്റെ കൂടെ കണ്ടെന്നും പറഞ്ഞു അമ്മായി വഴക്കുണ്ടാക്കിയ അന്ന് വേലായുധൻ വൈദ്യരുടെ വീട്ടിൽ പോയ സായിയും അമ്മയും തന്നെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം അവിടെയുള്ളവരോടു ചോദിച്ചറിഞ്ഞിരുന്നു …
തന്നോടു തോന്നിയ സഹതാപം കൊണ്ടാണോ എന്നറിയില്ല വൈദ്യരുടെ വീട്ടിൽ വരുമ്പോഴെല്ലാം അമ്മ തന്നെയും കാണാൻ വരാൻ തുടങ്ങി …
അതിനെച്ചൊല്ലിയൊരിക്കൽ വീട്ടിൽ വലിയ വഴക്കു നടക്കുന്നതിനിടയിലേക്കാണ് സായിയും അമ്മയും വന്നത്….
ആരോടും ഒന്നും ചോദിച്ചില്ല ,തന്റെ കൈ പിടിച്ചമ്മ തന്നെ അവിടുന്നു ഇങ്ങോട്ടു കൊണ്ടുവന്നു …
സായിയുടെ മനസ്സിൽ തന്നോടിഷ്ട്ടമാണെന്ന് മനസ്സിലാക്കി തന്നെ പെണ്ണു ചോദിക്കാൻ വന്നവർ പെണ്ണിനെയും കൊണ്ടു പോരുക .. വിശ്വസിക്കാൻ പ്രയാസമുള്ള കാര്യം …
താനിന്ന് ഈ വീടിന്റെ മരുമകളാണ് ,സായിയുടെ ഭാര്യ … ദൈവം എത്ര പെട്ടന്നാണ് ഓരോരുത്തരെ തമ്മിൽ കൂട്ടിയിണക്കുന്നത് …
ഒരുപാടുസങ്കടങ്ങൾ തന്നാലും ഒരിക്കലും കൈ വിടില്ല ….
അമ്മായി ഇപ്പോൾ ഇടയ്ക്കിടെ തന്നെ കാണാൻ വരും … അവരു കാരണമാണ് തനിക്ക് ഇങ്ങനെ ഒരു ജീവിതം കിട്ടിയതെന്നോർമ്മയിൽ അവർ തന്നോടു കാട്ടിയതൊക്കെ മറക്കാൻ താനും ശീലിച്ചിരുന്നു …
വയറു നിറയെ ഭക്ഷണം കഴിപ്പിച്ചമ്മായിയെ പറഞ്ഞയക്കുമ്പോൾ പച്ച വെള്ളം കുടിച്ച് വയറുനിറച്ച ആ ദിനങ്ങൾ താനും മറന്നുകളയുമായിരുന്നു..
ഓർമ്മയിൽ സൂക്ഷിച്ചു വെക്കേണ്ടത് വേദനിപ്പിക്കുന്ന കാര്യങ്ങൾ ആവരുതെന്ന് നിർബന്ധമാണ് സായിക്ക് … അതു കൊണ്ടു തന്നെ തന്റെ ഓർമ്മയിലിനിയെന്നും നല്ല കാര്യങ്ങൾ മാത്രമായിരിക്കട്ടെ …