മുന്നിൽ മിഴിച്ചു നിൽക്കുന്ന ആളിനെ നോക്കാതെ വല്ല വിധേനയും എഴുന്നേറ്റ് ബാത്‌റൂമിലേക്ക് പോയി മുഖവും കഴുകി തിരിച്ചു വരുമ്പോൾ മുറി ശൂന്യമായിരുന്നു

(രചന: ശാലിനി)

നവവധുവായി മണിയറയിലേക്ക് വലതു കാലും വെച്ച് കയറുമ്പോൾ ആരോ കയ്യിൽ പിടിപ്പിച്ച ഒരു ഗ്ലാസ്സ് ചൂട് പാൽ ദേഹത്തെ വിറയൽ കൊണ്ട് തുളുമ്പുന്നുണ്ടായിരുന്നു.

മുറിയിൽ ആളെത്തിയിരുന്നില്ല.. വരാൻ പോകുന്ന നിമിഷങ്ങളെ കുറിച്ചുള്ള ചിന്തകൾ അറ്റുവീണത് വാതിൽ ചേർത്തടയുന്ന ശബ്ദത്തിലേക്കായിരുന്നു..
പെട്ടെന്ന് ചാടിയെഴുന്നേറ്റ് പാൽ ഗ്ലാസ്സ് എടുത്തു മുന്നിലേക്ക് നീട്ടി..

“എനിക്ക് ഈ പാലിന്റെ പരിപാടി ഒന്നും അത്ര ഇഷ്ടമല്ല..മണം പോലും പിടിക്കില്ല.വേണമെങ്കിൽ ഇയാൾ കുടിച്ചോ.. ”

മുഖം ചുളിച്ചുകൊണ്ട് അയാൾ ബെഡിലേക്ക് വെട്ടിയിട്ട വാഴ കണക്കെ മറിയുന്നത് കണ്ട് ഒന്ന് ഞെട്ടി. ഒരന്ധാളിപ്പോടെ ഗ്ലാസ്സ് ഒരുവിധത്തിൽ മേശയിലേക്ക് വെച്ചു.

ഇനിയെന്ത് വേണമെന്ന് അറിയാതെ സാരിത്തുമ്പിൽ വിരലുകൾ കോർത്തും അഴിച്ചും അങ്ങനെ എത്ര നേരമിരുന്നുവെന്ന് ഓർമയുണ്ടായിരുന്നില്ല.. ആളുറങ്ങിക്കഴിഞ്ഞിരുന്നു.. കൂടുതൽ ഒന്നും സംസാരിക്കാതെ പെട്ടെന്ന് കയറി കിടക്കുന്നത് കണ്ട് അവൾക്ക് ആശങ്കയായി.

തന്നോട് എന്തെങ്കിലും അനിഷ്ടം ഉണ്ടായിട്ടാവുമോ ഇങ്ങനെ പെരുമാറിയത് ?പകൽ മുഴുവനും ശരിക്കൊന്ന് ആഹാരം പോലും കഴിക്കാതെ ഒരുങ്ങിക്കെട്ടി നിന്നതിന്റെ ക്ഷീണം അവളിലും വല്ലാത്ത ആലസ്യമുണർത്തിയിരുന്നു.എവിടെ എങ്കിലും ഒന്ന് കിടന്നിരുന്നെങ്കിൽ എന്നോർത്തു
ചുറ്റും ഒന്ന് നോക്കി. എവിടെ കിടക്കും..?

ഒരെത്തും പിടിയും കിട്ടുന്നുമില്ല. യേശു ക്രിസ്തുവിനെ കുരിശിൽ തറച്ചത് പോലെ കട്ടിൽ നിറഞ്ഞ് കിടക്കുന്ന ഭർത്താവിനോട് അപ്പോൾ വല്ലാത്ത വെറുപ്പാണ് തോന്നിയത്..
എന്തെല്ലാം പ്രതീക്ഷകളോടെയാണ് ഈ മുറിയിലേക്ക് കാലെടുത്തു വെച്ചത്..

ഒന്നിച്ചുള്ള കിടപ്പല്ലല്ലോ പ്രധാനം.. ഒന്ന് മനസ്സ് തുറന്നു സംസാരിക്കാനും ഇഷ്ടങ്ങളും താൽപ്പര്യങ്ങളും പങ്കുവെയ്ക്കാനുമൊക്കെ ആശിച്ചു കാത്തിരുന്നിട്ട് ഉറങ്ങുന്ന ഭർത്താവിന് കൂട്ടിരിക്കേണ്ട അവസ്ഥയാണല്ലോ ദൈവമേ വന്നിരിക്കുന്നത്..!
കാലും കയ്യുമെടുത്ത് നീക്കിവെയ്ക്കാനുള്ള സ്വാതന്ത്ര്യം പോലുമായില്ല..

എങ്ങാനും ഇഷ്ടപ്പെട്ടില്ലെങ്കിലോ?? ഒടുവിൽ ഉറക്കം വല്ലാതെ കീഴ്പ്പെടുത്തിയപ്പോൾ കട്ടിലിന്റെ ചുവട്ടിലേയ്ക്ക് തന്നെ ഊർന്നിരുന്നു..
എപ്പോഴോ തന്നെ ആരോ കുലുക്കി വിളിക്കുന്നത് പോലെ തോന്നിയപ്പോഴാണ് അവൾ ചാടിയെഴുന്നേറ്റത്.. പക്ഷേ, ദേഹം മുഴുവനും ഇടിച്ചു പിഴിഞ്ഞത് പോലെയുള്ള വേദന.. വല്ലാതെ കൂനിപ്പിടിച്ച് തറയിൽ ഇരുന്ന് ഉറങ്ങിയതിന്റെ ആവും..

നല്ല ആദ്യരാത്രി ! ആർക്കെങ്കിലും ഇങ്ങനെയുള്ള ഒരു അനുഭവം ഉണ്ടായിട്ടുണ്ടാവുമോ?
ഒന്ന് ഉറക്കെ പൊട്ടിക്കരയാനാണ് തോന്നിയത്. സ്വന്തം മുറിയിലെ സ്വകാര്യത അപ്പോൾ അവളിൽ വല്ലാത്തൊരു നഷ്ടബോധമാണ് ഉണർത്തിയത്..

മുന്നിൽ മിഴിച്ചു നിൽക്കുന്ന ആളിനെ നോക്കാതെ വല്ല വിധേനയും എഴുന്നേറ്റ് ബാത്‌റൂമിലേക്ക് പോയി മുഖവും കഴുകി തിരിച്ചു വരുമ്പോൾ മുറി ശൂന്യമായിരുന്നു. കഴുത്ത് അനക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. നടുവും വല്ലാതെ വേദനിക്കുന്നു. പെട്ടെന്ന് വീട്ടിൽ പോയി അമ്മയെ കെട്ടിപ്പിടിച്ചു കരയാൻ തോന്നി.

ഒരു വിധത്തിൽ കൂനിക്കൂടി അടുക്കളയിലേക്ക് ചെന്നപ്പോൾ അമ്മയും ഏടത്തിയും പരസ്പരം നോക്കി എന്തോ ഉള്ളിലടക്കി ചിരിക്കുന്നത് പോലെ..
കഷ്ടം ! തെറ്റ് ചെയ്യാതെ ശിക്ഷ അനുഭവിക്കേണ്ട ഗതികേട് എത്ര വലുതാണ് !!

“മോള് രാവിലെ കുളിച്ചില്ലേ..? ദാ ഈ കാപ്പി അവന് ഒന്ന് കൊണ്ട് കൊടുത്തിട്ടു വേഗം പോയി കുളിച്ചിട്ട് വാ.. ”

അമ്മ നീട്ടിയ ചൂട് കാപ്പി വാങ്ങുമ്പോൾ വല്ലാത്തൊരു ചമ്മൽ തോന്നി. അതോടൊപ്പം ചെറിയൊരു ദേഷ്യവും..
തലേന്നത്തെ പാട ചൂടിയ പാൽ ഗ്ലാസ്സ് അപ്പോഴും അതേ പടി അവിടെ ഇരിപ്പുണ്ട്.. മുറിയിൽ കാപ്പിയുമായി സംശയത്തോടെയാണ്മൊ ചെന്നത്.

ഇനി അവിടെ കണ്ടില്ലെങ്കിൽ പിന്നെ എവിടെ പോയി തപ്പുമോ ആവോ ! ഭാഗ്യം കട്ടിലിൽ തന്നെ മൊബൈൽ ഫോണും നോക്കിയിരിപ്പുണ്ട് ആള്. കാപ്പി മുന്നിലേക്ക് നീട്ടുമ്പോൾ വാക്കുകൾ വക്കൊടിഞ്ഞത് പോലെ എവിടെയൊക്കെയോ ചുരുണ്ടു കിടന്നു.. ഒന്നും ചോദിക്കാനും പറയാനും ഇല്ലാത്ത രണ്ട് അപരിചിതർ ആയതു പോലെ !

മുഖം കൊടുക്കാതെ പെട്ടെന്ന് പിന്തിരിഞ്ഞു പോകാൻ ഭാവിച്ച അവളുടെ ഇടത്തെ കയ്യിൽ പിടിച്ചു വലിച്ച് കട്ടിലിലേക്ക് ബലമായി വലിച്ച് ഇരുത്തിയത് ഓർക്കാപുറത്തായിരുന്നു..
അവളാകെ വല്ലാതായി.

“അതേ.. ഇന്നലെ വല്ലാത്ത ക്ഷീണം ആയിരുന്നു. കുറച്ചു ദിവസം കൊണ്ട് തുടങ്ങിയ അലച്ചിലല്ലേ. അച്ഛനെ കൊണ്ട് ഒറ്റയ്ക്ക് ഒന്നും പറ്റില്ല.അതുകൊണ്ടാ ഒന്നും മിണ്ടാനും പറയാനും പോലും പറ്റാതെ
പെട്ടെന്ന് ഉറങ്ങിപ്പോയത്.. ”

പിന്നെ അവളുടെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് വീണ്ടും തുടർന്നു..

“ഇയാളെന്താ നാവ് വീട്ടിൽ വെച്ചിട്ടാണോ ഇങ്ങോട്ട് വന്നത്.ഇന്നലെത്തേതിന്റെ പിണക്കമാണോ ഇനി എന്നോട്.. ”

അവൾ അതുകേട്ടു ചൂളി. ഒരു വരണ്ട ചിരി ചുണ്ടിൽ വരുത്താൻ പാടുപെട്ടു,

“അല്ലാ, ഇന്ന് എന്താ പ്രോഗ്രാം..നമുക്ക് എവിടെയെങ്കിലും കറങ്ങാൻ പോയാലോ..?”

“എനിക്ക് നല്ലത് പോലെ ഒന്നുറങ്ങണം..”

ആകെ പുറത്തേക്ക് വീണ രണ്ട് വാക്ക് കേട്ട് അയാളൊന്ന് ഞെട്ടി… അവളുടെ ഉറക്കച്ചടവുള്ള കണ്ണുകളും വാടിയ മുഖവും കണ്ടു അയാൾക്ക് കുറ്റബോധം തോന്നി… തന്നോട് തന്നെ വല്ലാത്ത നീരസം തോന്നി.. എന്തൊരു പണിയായി പോയി താൻ കാണിച്ചത്.. ആദ്യത്തെ ദിവസമായിട്ട് പാവത്തിന് ഒന്ന് കിടക്കാൻ പോലും ഇടം കൊടുത്തില്ല..

“സാരമില്ല, താൻ കുറച്ചു നേരം ഒന്ന് കിടന്നോ. ക്ഷീണം ഒക്കെ മാറിയിട്ട് നമുക്ക് വൈകുന്നേരം പോകാം എന്താ ..”

അവൾ അത് കേൾക്കാൻ കാത്തിരുന്നത് പോലെ കട്ടിലിന്റെ ഒരറ്റത്തേക്ക് ഓടിപ്പോയി കിടന്നു ..അതുകണ്ട് ചിരി വന്നെങ്കിലും സഹതാപമാണ് തോന്നിയത്..അലിവോടെ അയാൾ അവളെ തന്നെ നോക്കിയിരുന്നു..

വീട്ടുകാർ
ആലോചിച്ചുറപ്പിച്ച വിവാഹത്തിന് ആദ്യം തീരെ താല്പര്യം ഇല്ലായിരുന്നു. എങ്കിലും മനസ്സില്ലാ മനസ്സോടെ പോയി ആദ്യമായി പെണ്ണ് കണ്ടതാണ്.

ആദ്യ നോട്ടത്തിൽ തന്നെ അറിയാതെ ഒരനുരാഗം ഉള്ളിലെവിടെയോ തളിർത്തു.. ഇത് ഒരിക്കലും വിട്ടു കളയരുതെന്ന് മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു..
പി എസ് സി കോച്ചിങ്ങിനു പോകുന്ന അവൾക്ക് പക്ഷേ ഒരു ജോലി കിട്ടിയിട്ട് മതി കല്യാണം എന്ന് ഒരേ വാശിയും.

പക്ഷേ മുറിയിൽ ഒറ്റയ്ക്ക് സംസാരിക്കാൻ അവസരം കിട്ടിയപ്പോൾ അവളോട് സമ്മതമാണോ എന്ന തന്റെ ചോദ്യത്തിന് ലജ്ജ കലർന്ന ഒരു പുഞ്ചിരി മാത്രമായിരുന്നു മറുപടി..
തുടുത്ത മുഖത്തോടെ ഇറങ്ങിവരുന്ന തന്നെ കണ്ടപ്പോൾ വീട്ടുകാർക്കും ജീവൻ വീണു.
പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നുവല്ലോ.. വിദേശത്തുള്ള ഏട്ടന് മാത്രം കല്യാണത്തിന് എത്തിച്ചേരാൻ സാധിച്ചില്ല..

അതുകൊണ്ട് അച്ഛനോടൊപ്പം എല്ലാത്തിനും ഓടിനടന്ന് വല്ലാതെ തളർന്നു പോയിരുന്നു..
ഛേ ! തന്നെകുറിച്ച് അവളെന്തൊക്കെ വിചാരിച്ചു കാണുമോ ആവോ..
ചെറിയൊരു ഇച്ഛാ ഭംഗം തോന്നി.. ഇതുവരെ ഇങ്ങനെ തനിക്ക് ഉറക്കം വന്നിട്ടില്ല.
ആദ്യരാത്രിയെക്കുറിച്ച് എന്തെല്ലാം സ്വപ്‌നങ്ങൾ ആയിരുന്നു..

മുറിയിലേക്ക് കയറിയതേ ഓർമ്മയുള്ളൂ.. പിന്നെ ഒരൊറ്റ കിടപ്പായിരുന്നു.. കൂട്ടുകാരോട് ഇനി എന്ത് പറയും.. മണിയറയിലേക്ക് യാത്ര അയക്കുന്നത് വരെ ഓരോന്നും പറഞ്ഞു ചൂട് പിടിപ്പിച്ചു കൊണ്ടിരുന്നവരാണ്.
ഫോൺ എടുത്തു കൊണ്ട് മുറിക്കു പുറത്തിറങ്ങി.. അമ്മ മുറിയിലേക്ക് എത്തി നോക്കുന്നത് കണ്ടപ്പോൾ ഒരു ചമ്മൽ..
പുതിയ മരുമകൾ ഇതുവരെ മുറിയിൽ നിന്നിറങ്ങിയില്ലേ എന്നായിരിക്കും.

“എടാ, അതിന് വിശപ്പ് കാണും. രാവിലെ പോയി കുളിച്ചിട്ട് വരാൻ പറഞ്ഞു വിട്ടതാ. എന്ത്യേ ആള് ഇത് വരെ കുളിച്ചു കഴിഞ്ഞില്ലേ?”

“അതേ.. അവൾക്ക് ഉറക്കം വരുന്നുവെന്ന്. ഇന്നലെ വെളുപ്പിനെ എഴുന്നേറ്റു ഒരുങ്ങാൻ തുടങ്ങിയതല്ലേ. ക്ഷീണം കാണും..ഞാൻ പറഞ്ഞു കിടന്നുറങ്ങാൻ.. അല്ല പിന്നെ..”

ഒരു കൃത്രിമ ഗൗരവത്തോടെ പറഞ്ഞൊപ്പിക്കുമ്പോൾ അമ്മ എടാ ഭയങ്കരാ എന്ന മട്ടിൽ മൂക്കത്തു വിരൽ വെച്ചു.. എടത്തിഅമ്മ മുഖം നിറയെ ചിരിയോടെ ഒരു വളിച്ച ഡയലോഗും !

“പാവത്തിനെ ഇന്നലെ ഉറക്കിയില്ലായിരിക്കും അല്ലേ ..”

കാക്ക കൂട്ടത്തിൽ കല്ല് എറിഞ്ഞത്മ പോലെ മഹിളാ മണികളുടെ കൂട്ട ചിരിയിൽ നിന്ന് ഒരുവിധം തടിയും കൊണ്ട് രക്ഷപെട്ടു പുറത്തേക്കിറങ്ങി.

അവർക്കല്ലെങ്കിലും എന്തെങ്കിലും ഒന്ന് കിട്ടിയാൽ മതി. ഒരുദിവസത്തേയ്ക്കുള്ള വകയായി ! മുറ്റത്തേക്കിറങ്ങി കൂട്ടുകാരെ ഓരോന്നായി വിളിച്ചു നോക്കിയിട്ടും ആരും ഫോൺ എടുക്കുന്ന മട്ടില്ല. ഇവന്മാർക്കിതെന്തു പറ്റി.. ഇന്നലത്തെ കെട്ടു വിട്ടുകാണില്ലേ..

അല്ലാത്തപ്പോൾ ഏത് നേരവും ഫോണും കയ്യിൽ പിടിച്ചു നടക്കുന്നവന്മ്മാരാണ് !
ബൈക്ക് എടുത്തു നേരേ കലുങ്കിനപ്പുറമുള്ള രമേശിന്റെ വീട്ടിലേക്കാണ് വിട്ടത്..
വാതിൽ പടിയിൽ ഇരുന്നു പേപ്പർ വായിക്കുന്ന അവൻ തന്റെ വണ്ടിയുടെ ഒച്ച കേട്ടതും ചാടിയിറങ്ങി മുറ്റത്തേക്ക് വന്നു

“അളിയാ ഇന്നലെ എങ്ങനെ ഉണ്ടായിരുന്നു..അടിച്ചു പൊളിച്ചോ..?”

“ഓഹ്.. അതൊന്നും പറയാതിരിക്കുവാ ഭേദം !”

പിന്നെ ചുറ്റിനുമൊന്ന് നോക്കി ശബ്ദം തീരെ താഴ്ത്തിയാണ് പറഞ്ഞത്..

“എടാ, ഞാൻ ഇന്നലെ രാത്രിയിൽ മുറിയിലേക്ക് കേറിയതെ ഓർമ്മയുള്ളൂ. ബോധം കെട്ടതുപോലെയങ്ങു ഉറങ്ങിപ്പോയി.. എന്റെ ജീവിതത്തിൽ ഇതുപോലെ ഞാൻ ഉറങ്ങിയിട്ടില്ല.. വല്ലാത്ത നാണക്കേട് ആയെന്ന് പറഞ്ഞാൽ മതിയല്ലോ. രാവിലെ അതിന്റെ മുഖത്ത് നോക്കാൻ പെട്ട പാട് ! ”

“ങേഹേ..! അളിയാ സത്യമാണോ..? എങ്കിലെൻറെ രണ്ടായിരം രൂപ പോയല്ലോ ദൈവമേ.. ”

ഒന്നും പിടികിട്ടിയില്ല..ഇവനെന്തൊക്കെയാണ് ഈ പറയുന്നത് ? എങ്കിലും ഒന്ന് കുടഞ്ഞുകളയാമെന്നു കരുതി..ഇവന്മ്മാര് എന്തെങ്കിലും പണി ഒപ്പിച്ചതാണെങ്കിൽ വിടരുതല്ലോ.അങ്ങനെ കൂടെ നിന്നിട്ട് എനിക്കിട്ട് തന്നെ പണി തന്നതാണോ എന്ന് ആർക്കറിയാം.

“സത്യം പറയെടാ.. നീ ഏത് രണ്ടായിരം രൂപയുടെ കാര്യമാ ഇപ്പോ പറഞ്ഞത്. നിങ്ങൾ എല്ലാവരും കൂടി ചേർന്ന് എനിക്കിട്ട് എന്തെങ്കിലും പണി ഒപ്പിച്ചതാണോ..? എനിക്കിപ്പോ സത്യം അറിയണം.”

“എന്റെ പൊന്ന് അളിയാ ഒന്ന് ക്ഷമിക്കണം. നിന്റെ ഫസ്റ്റ് നൈറ്റ്‌ കുളമാക്കാമെങ്കിൽ രണ്ടായിരം രൂപ ബാലുവിന് കൊടുക്കാമെന്നു ഞങ്ങൾ ബെറ്റ് വെച്ചിരുന്നു..
ഞാൻ പറഞ്ഞെന്ന് നീയിത് ആരോടും പറയല്ലേ..അവന്മാർ അറിഞ്ഞാൽ എന്നെ വെച്ചേക്കത്തില്ല.”

പെട്ടന്നാണ് ഓർമ്മ വന്നത്.. തലേന്ന് രാത്രിയിൽ മുറിയിലേക്ക് പോകാൻ ഒരുങ്ങിയ തന്റെ കയ്യിൽ ബാലു ഒരു പെപ്സി പിടിപ്പിച്ചത്.. ഒരു ധൈര്യത്തിന് കുറച്ചു കുടിച്ചോ എന്ന് അവൻ നിർബന്ധിച്ചപ്പോൾ കുറച്ചു വായിലൊഴിച്ചതുമാണ്..!

പിന്നെ, മുറിയിലെത്തിയതേ ഓർമ്മയുണ്ടായിരുന്നുള്ളൂ.. അതിവന്മാരുടെ പണിയായിരുന്നോ ദൈവമേ.. എന്നാലും എന്റെ ആദ്യ രാത്രി!!
അവൾ എന്നെക്കുറിച്ച് എന്തൊക്കെ വിചാരിച്ചു കാണും..
പഹയന്മാർ.. ഭാഗ്യം ഇവനൊക്കെ കുറച്ചു വിഷം വാങ്ങി തരാഞ്ഞത് !

ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കുമ്പോൾ രമേശ്‌ പിന്നിൽ നിന്ന് ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു. എങ്ങോട്ടും നോക്കാതെ വണ്ടി മുന്നോട്ട് എടുക്കുമ്പോൾ ഇതുപോലെ കുറെ കല്യാണങ്ങൾക്ക് പാര പണിതതിന്റെ ശിക്ഷ ആണ് തനിക്ക് കിട്ടിയതെന്ന് ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചുകൊണ്ടിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *