അവളുടെ എരണം കെട്ട വർത്തമാനം കേൾക്കുമ്പോഴേ മനസ്സ് മടുക്കും.. അല്ലെങ്കിലും ഇങ്ങനത്തെ പെണ്ണുങ്ങളുണ്ടോ ? വർഷം അഞ്ചു കഴിഞ്ഞു.

(രചന: ശാലിനി)

കലിയെടുത്തു കയറി വരുന്ന മകനും പിന്നാലെ മുഖം വീർപ്പിച്ചു വരുന്ന മരുമകളെയും കണ്ടപ്പോൾ ഒന്നും പിടികിട്ടാതെ മിഴിച്ചു നിന്നു..

എന്ത് പറ്റിയോ രണ്ടാൾക്കും ?
ഹോസ്പിറ്റലിൽ പോയിട്ടുള്ള വരവാണ്..
വർഷം അഞ്ചു കഴിഞ്ഞു.. ഒരു കുഞ്ഞി കാല് കണ്ടിട്ട് മരിച്ചാൽ മതിയെന്ന് സങ്കടപ്പെട്ടപ്പോഴാണ് മകൻ അവളെയും കൂട്ടി ഹോസ്പിറ്റലിൽ പോകാൻ തയ്യാറായത്..

മുൻപൊക്കെ പലയിടത്തും പോയി ഒരുപാട് ട്രീറ്റ്മെന്റ് നടത്തിയെങ്കിലും ഒരു ഫലവുമുണ്ടായില്ല.

മകൾ ശ്രീക്കുട്ടിയാണ് പറഞ്ഞത് അവൾക്ക് പരിചയമുള്ള നല്ലൊരു ഡോക്ടർ ഉണ്ടെന്നും ഏട്ടൻ അവിടെ ഏട്ടത്തിയമ്മയെയും കൊണ്ട് ഒന്ന് പോയിട്ട് വരാൻ. .

പോകാനൊരുങ്ങുന്നത് കണ്ട് ഓടി ചെന്നു ..

“മോനെ ഇത്തവണ നിങ്ങൾ ശ്രീക്കുട്ടി പറഞ്ഞയിടത്തൊന്നു പോയി നോക്കിക്കേ.. ഭദ്ര ഡോക്ടർ ഈ കാര്യത്തിനൊക്കെ വലിയ മിടുക്കിയാ.. കുറച്ചു നേരം ഇരുന്നാലും വേണ്ടില്ല നല്ലത് പോലെ ചെക്കപ്പ് ചെയ്യ്തു എല്ലാം വിശദമായി പറയും.. ”

മുടി ചീകുന്നതിനിടയിൽ അവൻ അലസമായി പറഞ്ഞു..

“ങ്ഹാ അവിടെയൊന്നു പോയി നോക്കാം.. ”

പക്ഷെ ഹോസ്പിറ്റലിൽ പോകുന്ന കാര്യം പറയുമ്പോഴൊക്കെ കാർത്തിക എന്തെങ്കിലും ഒക്കെ പറഞ്ഞു ഉടക്കാൻ വരും..

“ശ്യാമേട്ടൻ എന്തിനാ അമ്മ പറയുന്നതിനൊക്കെ ഇങ്ങനെ തുള്ളാൻ നിക്കുന്നത്. അതിന് ഒരുപാട് നാളുകളൊന്നും ആയിട്ടില്ലല്ലോ നമ്മുടെ കല്യാണം കഴിഞ്ഞിട്ട്.. ”

അവളുടെ എരണം കെട്ട വർത്തമാനം കേൾക്കുമ്പോഴേ മനസ്സ് മടുക്കും..
അല്ലെങ്കിലും ഇങ്ങനത്തെ പെണ്ണുങ്ങളുണ്ടോ ?
വർഷം അഞ്ചു കഴിഞ്ഞു. എന്നിട്ടും അവൾക്ക് ഒരു കുലുക്കവുമില്ല.. സുഹൃത്തുക്കൾക്കൊക്കെ രണ്ടും മൂന്നും കുട്ടികൾ ആയി.

പ്രായം ചെന്ന അമ്മയ്ക്ക് ഒരു പേരക്കിടാവിനെ കണ്ടിട്ട് കണ്ണടക്കണമെന്നു പറഞ്ഞു പ്രാർത്ഥനയും വഴിപാടുമായി നടക്കുന്നു..
ഇവൾക്ക് മാത്രം ഒരു കുലുക്കവുമില്ലല്ലോ..

ഇനി സൗന്ദര്യം കുറയുമോന്നു ഭയന്നിട്ടാണോ !!

മുറിയിൽ എന്തൊക്കെയോ തിരയുന്ന ഭാവത്തിൽ നിന്ന കാർത്തികയെ കണ്ട് ദേഷ്യം വന്നു.

“എന്താ ഇതുവരെ ഇറങ്ങാറായില്ലേ ? ”

തന്റെ മുഖത്തെ കോപം കണ്ടിട്ടാവണം അവൾ പെട്ടെന്ന് ഒരുങ്ങിയിറങ്ങി..

പക്ഷെ തിരിച്ചു വന്നപ്പോൾ അമ്മയുടെ അമ്പരന്ന മുഖം കണ്ടിട്ടും കാണാത്ത മട്ടിൽ അകത്തേയ്ക്കു കേറിപ്പോകേണ്ടി വന്നു..

അല്ലെങ്കിലും താനിനി എന്താണ് അമ്മയോട് പറയുക.. അപമാനം കൊണ്ട് അയാൾ ഉരുകി..

മുറിയിലേക്ക് ജിജ്ഞാസയോടെ എത്തിനോക്കുന്ന അമ്മയെ കണ്ടപ്പോൾ മനസ്സ് പിടഞ്ഞു. എന്ത് പറയും..
അമ്മ നോക്കിയിട്ട് മുറിയിൽ ശ്യാമിനെ മാത്രമേ കണ്ടുള്ളൂ.. അവൾ ബാത്‌റൂമിൽ ആയിരിക്കും.. ശ്രീക്കുട്ടിയോട് പറഞ്ഞു നോക്കാം. അവൾ ചോദിച്ചാൽ അവൻ എല്ലാം പറയും.

ഏട്ടാ ഡോക്ടർ എന്താ പറഞ്ഞത് ? ആർക്കാണ് കുഴപ്പം.. അതോ മരുന്ന് കഴിച്ചാൽ മതിയോ.. ”

ആകാംക്ഷ കൊണ്ട് തുരുതുരാ ചോദ്യങ്ങൾ ചോദിക്കുന്ന അനിയത്തിയുടെയും അമ്മയുടെയും മനസ്സ് തനിക്ക് മനസ്സിലാകും.. പക്ഷേ..

“ഞാൻ എല്ലാം പറയാം .. ഈ ഷർട്ട്‌ ഒന്ന് മാറ്റിക്കോട്ടെ. കുടിക്കാൻ കുറച്ചു വെള്ളം കൂടി എടുത്തു വെയ്ക്ക്‌ . ”

കാർത്തികയെ എങ്ങും കണ്ടില്ല. അല്ലെങ്കിലും ഇനി തന്റെ കണ്മുന്നിൽ കണ്ട് പോയാൽ വെട്ടി കൊല്ലണം എന്ന് തീരുമാനിച്ചിട്ടാണ് മടങ്ങിയത്.. വരട്ടെ. അമ്മയോടും ശ്രീക്കുട്ടിയോടും പറഞ്ഞിട്ട് മതി. ഇനി അവൾ ഈ വീട്ടിൽ പൊറുക്കുന്ന കാര്യം ഉറപ്പിക്കാൻ..

അമ്മ കുടിക്കാൻ വെള്ളവുമായി വന്നു.

“നീയെന്താ മോനെ ഈ ആലോചിക്കുന്നത്.. പോയ കാര്യം പറ. അമ്മയ്ക്ക് അറിയാൻ തിടുക്കമായി.. ”

“അച്ഛൻ എവിടെ.. ഞാൻ പറയാൻ
പോകുന്ന കാര്യം തല്ക്കാലം അച്ഛനറിയണ്ട.. ”

“അച്ഛൻ ഊണും കഴിഞ്ഞു കിടക്കുന്നു.. ”

അയാൾ അമ്മയെയും അനിയത്തിയെയും കൂട്ടി പുറത്തെ ചക്കര മാവിന്റെ ചുവട്ടിലേക്ക് മാറിനിന്നു..

“അമ്മേ അവള് പ്രസവിക്കത്തില്ല.. നമ്മളെയെല്ലാം അവളും വീട്ടുകാരും കൂടി ചതിക്കുകയായിരുന്നു.. ”

അമ്മയുടെ മുഖം വിളറിവെളുത്തു. ഇവൻ എന്തൊക്കെയാണ് ഈശ്വരാ ഈ പറയുന്നത്..

ശ്രീക്കുട്ടി ആകട്ടെ കേട്ടത് സത്യമായിരിക്കരുതേ എന്ന് ആശിച്ചു പോയി !

“നീയൊന്ന് പതുക്കെ പറ. അവള് കേക്കും.”

“കേക്കട്ടെ. കേക്കുക മാത്രമല്ല ഇന്നത്തോടെ അവടെ ഇവിടുത്തെ പൊറുതി അവസാനിപ്പിക്കുകയാണ്.. ”

ഈ ചെറുക്കനിതു എന്നാ പറ്റി..

“എടാ നീയിങ്ങനെ കലി തുള്ളാതെ കാര്യമെന്താന്നു വെച്ചാൽ തുറന്നു പറ.. ”

“അവള് പെണ്ണല്ല അമ്മേ.. ശിഖണ്ഡിയാ. എന്റെ ജീവിതം തുലയ്ക്കാനിറങ്ങിയ ശിഖണ്ഡി !”

വായും പൊളിച്ചു നിൽക്കുന്ന അമ്മയെ നോക്കി അയാൾ തുടർന്നു..

“എല്ലാ മാസവും പെണ്ണുങ്ങൾക്ക് വരാറുള്ള ആ ഡേറ്റ് അവൾക്കിതുവരെ വന്നിട്ടില്ലെന്ന്.. പിന്നെയെങ്ങനെ പിള്ളാരുണ്ടാകും.. അമ്മ പറ..അവൾ പെണ്ണിന്റെ രൂപമെടുത്ത പിശാച് ആണ്. ”

ആ അമ്മയ്ക്ക് അതൊരു പുതിയ അറിവായിരുന്നു.. ശ്രീക്കുട്ടിക്കും !

ഒരിക്കൽ കുഞ്ഞിന് പാല് കൊടുത്തു കൊണ്ടിരുന്ന തന്നോട് ഏട്ടത്തിയമ്മ ചോദിച്ച വാക്കുകൾ കളിയായിരിക്കും എന്ന് വിചാരിച്ചു അന്നത് ചിരിച്ചു തള്ളി..

“ഈ കുഞ്ഞിനെ എനിക്ക് തന്നേക്കാമോ.. നിനക്ക് ഇനിയും കുട്ടികൾ ഉണ്ടാവുമല്ലോ.. ”

“പിന്നെ നിനക്ക് തരാൻ വേണ്ടിയല്ലേ ഞാൻ പത്തുമാസം ചുമന്നു നൊന്തു പ്രസവിച്ചത്.. ”

അന്ന് അതെ തമാശയോടെ താനും ആ വിഷയം ചിരിച്ചു തള്ളി.. ഏടത്തിയമ്മയുടെ സ്ഥാനമായിരുന്നെങ്കിലും പ്രായം കൊണ്ട് താനായിരുന്നു മൂത്തത്.
അന്നൊക്കെ കൂട്ടുകാരെ പോലെ എന്തും തുറന്നു പറയാനുള്ള അടുപ്പം തങ്ങൾക്കിടയിൽ ഉണ്ടായിരുന്നു താനും !

അമ്മയപ്പോൾ ചിന്തിച്ചത് മറ്റൊന്നായിരുന്നു.

അപ്പോൾ അവളും വീട്ടുകാരും എന്റെ മോനെ ചതിക്കുവായിരുന്നോ.. കല്യാണം കഴിഞ്ഞു പിറ്റേ മാസം അവൾ തീണ്ടാരി ആകാഞ്ഞതുകൊണ്ട് താൻ ചോദിക്കുകയും ചെയ്തതാണല്ലോ.. വിശേഷം വല്ലതും ഉണ്ടോന്ന് ! ഡേറ്റ് ആവുന്നേയുള്ളൂ എന്നാണ് പറഞ്ഞത്.

രണ്ടു ദിവസം കഴിഞ്ഞു അമ്പലത്തിൽ പോകാൻ അവൻ വിളിച്ചപ്പോൾ വരാൻ പറ്റില്ലെന്ന് അവനോട് പറയുന്നതും താൻ കേട്ടതാണ്..

പിന്നെ ഉള്ള മാസങ്ങളിലൊന്നും മാസമുറ വരുന്നുണ്ടോ എന്നൊന്നും താൻ അന്വേഷിക്കാനും പോയിട്ടില്ല.

പുറം നാടുകളിലൊക്കെ പഠിച്ചു വളർന്ന പെണ്ണാണ്. അവരുടെ രീതികളൊക്കെ വേറെ ആയത് കൊണ്ട് ഒന്നും അറിയാറുമില്ല..

“എന്നാലും ഇത് വല്ല്യ ചതിയായി പോയല്ലോ ദൈവമേ.. ഈ കുടുംബത്തിലെ ഏക ആൺ തരിയാണ്..അവനൊരു കുഞ്ഞിക്കാല് കാണാൻ ഭാഗ്യമില്ലാതെ പോയല്ലോ.. ”

അന്ന്അത്താഴം കഴിക്കാൻ ആർക്കും തോന്നിയില്ല.. അച്ഛന് മാത്രം വിളമ്പി കൊടുത്തിട്ട് അമ്മ പോയി കിടന്നു..

ഉണ്ടാക്കി വെച്ചതൊക്കെ അനാഥമായി അടുക്കളയിൽ ഇരുന്ന് തേങ്ങി..

കൊതിയോടെ കാത്തിരുന്ന കാൽത്തള മേളങ്ങൾ അകന്നകന്നു പോകുന്നത് കണ്ണുനീരോടെ അവരറിഞ്ഞു..
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ അച്ഛൻ എഴുന്നേറ്റു ലൈറ്റിട്ടു..

“ഇന്നിവിടെ എന്താ പറ്റിയത്. ഉച്ചകഴിഞ്ഞപ്പോൾ മുതൽ ശ്രദ്ധിക്കുന്നു.. എല്ലാവർക്കും എന്ത് പറ്റി. ആകെയൊരു മൗനം.? ”

അച്ഛൻ അറിയേണ്ടെന്നാണ് ശ്രീക്കുട്ടി പറഞ്ഞത്. പക്ഷേ എത്ര നാളിതു മൂടി വയ്ക്കും. പോരെങ്കിൽ കാർത്തികയെ പെണ്ണ് കാണാൻ ശ്യാമിനെയും കൂട്ടി പോയതും അച്ഛനാണ്..

“ശ്യാമിന്ന് ഹോസ്പിറ്റലിൽ പോയിരുന്നു കാർത്തികയെയും കൂട്ടി.
ഡോക്ടറു പറഞ്ഞത് എന്താണെന്നു കേൾക്കണോ.. അവളിതുവരെ തീണ്ടാരിയായിട്ടില്ലെന്ന് ! പിന്നെയെങ്ങനെ എന്റെ കുട്ടിക്കൊരു കുഞ്ഞുണ്ടാവും. അവളും വീട്ടുകാരും നമ്മളെ ചതിക്കുകയായിരുന്നില്ലേ?? ”
കുറെ നേരത്തേക്ക് ഒന്നും മിണ്ടാതെ ഇരുന്ന അയാൾ മറ്റെവിടേക്കോ നോക്കി പിറുപിറുത്തു.

“ഇതായിരുന്നോ വിഷയം.. ഇത് ഞാൻ അന്നേ അറിഞ്ഞതാണല്ലോ..”

അവർക്ക് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി..

“നിങ്ങളൊരു പിതാവാണോ??
സ്വന്തം മകന്റെ ജീവിതമല്ലേ അറിഞ്ഞു കൊണ്ട് നിങ്ങൾ ഇല്ലാതാക്കിയത്.. അവനിനിയൊരു കുഞ്ഞുണ്ടാവുമോ ഈശ്വരാ.
മകളെ പറഞ്ഞാശിപ്പിച്ച് അവൾ മോഹിച്ച കല്യാണം നടത്തിക്കൊടുക്കാഞ്ഞിട്ടിപ്പോൾ
മകന്റെ ജീവിതം കൂടി നിങ്ങൾ താറുമാറാക്കി..”

“പിന്നെ നീയും മോളും കൂടി ലോകത്തുള്ള സകല പെൺകുട്ടികളെയും അവനു വേണ്ടി കണ്ട് ഇഷ്ടപ്പെടാതെ വന്നപ്പോൾ ഞാൻ പിന്നെയെന്തു ചെയ്യണമായിരുന്നു.. അവനും വേണ്ടേ ഒരു ജീവിതം.

പോരെങ്കിൽ രണ്ട് പേരുടെയും ജാതകം നോക്കിച്ച ജ്യോത്സൻ പറഞ്ഞത് ഈ ജാതകക്കാരി വീട്ടിൽ കയറി വന്നാൽ എല്ലാവിധ ഐശ്യര്യങ്ങളും ഉണ്ടാവുമെന്നാണ്. കുട്ടിക്ക് അങ്ങനെയൊരു കുഴപ്പം ഉള്ളത് കാര്യാക്കണ്ട സന്താനഭാഗ്യമുള്ള ജാതകമാണ് എന്നൊക്കെ തറപ്പിച്ചു പറയുമ്പോൾ ഞാൻ പിന്നെയെന്തു ചെയ്യണമായിരുന്നു ? ”

“അതിന് അവരുടെ ജാതകങ്ങൾ നോക്കിയത് കാർത്തികയുടെ വീട്ടുകാർ പറഞ്ഞയാളിന്റെ അടുത്തല്ലേ.. ”

“അതേല്ലോ.. അന്നത് ഞാനത്ര കാര്യമാക്കിയില്ല. പക്ഷേ പിന്നീടൊരുനാൾ അയാളെ യാദൃച്ഛികമായി കാണാനിടവന്നപ്പോൾ ഞാനീ കാര്യം ചോദിച്ചു. വർഷം ഇത്രയും കഴിഞ്ഞിട്ടും മോനൊരു കുഞ്ഞിക്കാല് കാണാനുള്ള യോഗമുണ്ടായില്ലല്ലോന്ന്..

അപ്പോഴല്ലേ അയാൾ കുറ്റസമ്മതം നടത്തുന്നത് ! അവൾടെ വീട്ടുകാർ കൈ നിറയെ പണം കൊടുത്തു പറയിച്ചതാത്രെ !!
അറിഞ്ഞ കാര്യങ്ങൾ ഇവിടെ വന്നു പറഞ്ഞു
പ്രശ്നമാക്കല്ലേന്ന് അയാൾ കാലുപിടിച്ചു.അത് മറച്ചു വെച്ചു എന്നൊരു തെറ്റ് മാത്രം ഞാൻ ചെയ്തു.. ”

അയാൾ പറയുന്നത് കേട്ട് അവർ ഒരു ശിലപോലെയിരുന്നു..

പാതിമയക്കത്തിൽ തന്റെ കാൽ പാദം നനയുന്നത് പോലെ തോന്നിയ ശ്യാം കണ്ണ് തുറന്നു നോക്കിയപ്പോൾ കണ്ടത് കാലിൽ മുഖം ചേർത്തിരുന്നു കരയുന്ന കാർത്തികയെ ആണ്‌.

തൊഴിച്ചെറിയാനാണ് തോന്നിയത്..
വഞ്ചകി !

“ശ്യാമേട്ടാ എന്നോട് പൊറുക്കണം.. ഈ വിവരം മറച്ചു വെച്ചെന്ന് മാത്രം പറയല്ലേ.. അന്ന് അച്ഛനും ഏട്ടനും കൂടി എന്നെ കാണാൻ വന്നപ്പോൾ അമ്മ എല്ലാകാര്യവും ഇവിടുത്തെ അച്ഛനോട് പറഞ്ഞതാണ്.. അച്ഛനീ കാര്യം ഇവിടെ പറഞ്ഞു കാണുമെന്ന് കരുതിയാണ് ഒന്നും പറയാതിരുന്നത്.. ”

ഒരു പെരുമഴ പോലെആർത്തൊഴുകിയ കണ്ണ് നീരിലൂടെ വിതുമ്പിയും ഇടറിയും അവൾ പറഞ്ഞത് കേട്ട് ശ്യാം അനക്കമറ്റ് ഇരുന്നുപോയി !

അച്ഛനോ???
അച്ഛൻ എന്തിന് ഇങ്ങനെ ഒരു ചതി എന്നോട് ചെയ്യണം.

എങ്കിലും വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഇവൾ തന്റെ മുൻപിൽ തകർത്തഭിനയിച്ചല്ലോ. ഒരിക്കൽ പോലും മനസ്സ് തനിക്ക് മുന്നിലെങ്കിലും തുറന്നിടാൻ തോന്നിയില്ലല്ലോ..

കല്ലിച്ച മുഖത്തോടെ മറ്റെവിടെയോ നോക്കിയാണ് ആയാളതു പറഞ്ഞത്..

“ഒരു വഞ്ചകിയോടൊപ്പം എന്തായാലും എനിക്കിനിയും തുടർന്ന് ജീവിക്കാൻ സമ്മതമല്ല . നാളെ രാവിലെ പുറപ്പെടാനൊരുങ്ങിക്കോ. ഇനിയും നമ്മൾ തമ്മിലൊരു ബന്ധവുമില്ല.. ”

“എങ്കിൽ നാളെ നിങ്ങളെന്റെ ശവമായിരിക്കും കണികാണുന്നത്.
എന്റെ മരണത്തിനുത്തരവാദി നിങ്ങളും വീട്ടുകാരുമാണെന്ന് ഞാൻ എഴുതിവെയ്ക്കും..”

അവളുടെ മുഖവും സ്വരവും മാറിയത് വളരെ പെട്ടെന്നായിരുന്നു. അയാൾ ഞെട്ടി അവളെ നോക്കി..

കഷ്ടപ്പെട്ട് കാത്തിരുന്നു നേടിയ സർക്കാർ സ്കൂളിലെ അദ്ധ്യാപക ജോലിയെ പറ്റി ഒരു നിമിഷം അയാൾ ഓർത്തു. സമൂഹം തന്നെയും കുടുംബത്തെയും നോക്കി പുച്ഛിച്ചു ചിരിക്കും. കഥകൾ പലതും മെനഞ്ഞുണ്ടാക്കും.. ആകെ ഭ്രാന്ത്‌ പിടിക്കുന്നത് പോലെ തോന്നി..

കാർത്തികയ്ക്ക് അന്നുറങ്ങാനേ കഴിഞ്ഞില്ല.
അമ്മ പറഞ്ഞു തന്നത് പോലെയൊക്കെ ഇതുവരെയും ചെയ്ത് ആർക്കുമൊരു സംശയത്തിനും ഇട വരുത്തിയില്ല. എല്ലാ മാസവും നാലു ദിവസങ്ങൾ ശ്യാമേട്ടനോടൊപ്പം കിടക്കാതെ തറയിൽ ഒരു പായ് മാത്രമിട്ട് കിടന്നു..

പുലർച്ചെ എഴുന്നേറ്റു തണുത്ത വെള്ളത്തിൽ കുളിച്ചു.. താൻ പറയുന്ന ഡോക്ടർമാരുടെ അടുക്കൽ മാത്രം ചെക്കപ്പിന് പോയി. ഈ ഒരു കാര്യം മാത്രം ശ്യാമേട്ടനോട് തുറന്നു പറയല്ലേ എന്ന് ഡോക്ടർമാരോട് കാല് പിടിച്ചു പറഞ്ഞു. ശ്യാമേട്ടനാണ് കുഴപ്പമെന്ന് പറയിപ്പിച്ചു കുറേ ഗുളികകൾ കഴിപ്പിച്ചു.

വെറും വിറ്റാമിൻ ഗുളികകൾ !

അങ്ങനെ ഇനിയും എന്തൊക്കെ ചതി താനീ കുടുംബത്തോട് ചെയ്തിരിക്കുന്നു..

ശ്രീക്കുട്ടി കുഞ്ഞിനെയും കൊണ്ട് അവധിക്ക് വരുമ്പോൾ കാണാൻ ഇഷ്ടമില്ലാതെ മുറിയടച്ചിട്ടിരുന്നു.. എല്ലാവരോടും വെറുതെ ശണ്ഠ കൂടി. ഒരു വെറും പെണ്ണിന്റെ കുശുമ്പും അസൂയയും ജീവിതത്തോടുള്ള ആർത്തിയും തന്നെ കൊണ്ട് എന്തെല്ലാം ദ്രോഹങ്ങൾ ചെയ്യിച്ചിരിക്കുന്നു !
ഇന്നലെ വരെ തന്നെ വെറുതെ പോലും സംശയിച്ചിട്ടില്ലാത്ത ഭർത്താവിന്റെ കണ്ണിൽ ഇന്ന് താനൊരു കൊടിയ വഞ്ചകിയായിരിക്കുന്നു..

രാവിലെ അടുക്കള വരാന്തയിൽ ഇരുന്ന് അമ്മയും ശ്രീക്കുട്ടിയും കാര്യമായ ചർച്ചയിലായിരുന്നു.

കുട്ടിക്കാലം മുതൽക്കേ അപ്പച്ചിയുടെ മകൻ സേതുവേട്ടനെ ചൂണ്ടി കാട്ടി ഇവൻ നിനക്കുള്ളതാണെന്ന് പറഞ്ഞു മോഹിപ്പിച്ച് ആശ വളർത്തിയത് അച്ഛനും അമ്മയും
ചേർന്നായിരുന്നു.

ഒടുവിൽ വലിയ പഠിപ്പും പത്രാസുമുള്ള ഒരു ബന്ധം വന്നപ്പോൾ നിഷ്കരുണം ആ മോഹത്തെ തന്നിൽ നിന്നും പിഴുതെറിഞ്ഞ അച്ഛൻ തന്നെ ഏട്ടന്റെയും ജീവിതത്തിൽ ഇരുട്ട് പരത്തിയത് എന്തിനായിരുന്നുവെന്നുള്ള അവളുടെ സംശയത്തിന് അമ്മ പറഞ്ഞ കാര്യങ്ങൾ കേട്ട് അവളും അന്തിച്ചിരുന്നുപോയി !

അച്ഛനെ പഴി ചാരുന്നതിൽ ഇനിയും അർത്ഥമില്ലെന്ന് തോന്നി.
ജോത്സ്യൻ അത്രയ്ക്ക് അച്ഛനെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നു !!

പക്ഷെ രാവിലെ ശ്രീക്കുട്ടി മുറിയിലേക്ക് കടന്നു വന്നു ഏട്ടനോട് പറഞ്ഞത് കേട്ട്
ഒരു ഭൂകമ്പം പ്രതീക്ഷിച്ചു നിന്ന കാർത്തിക അമ്പരന്നു..

“സാരല്ല്യ ഏട്ടാ. പറ്റിപ്പോയി. ഇനി നമുക്ക് ഏതെങ്കിലും നല്ല ഹോസ്പിറ്റലിൽ പോയി വിശദമായി ചെക്കപ്പ് നടത്തി ചികിത്സിക്കാം. ഇന്ന് എന്ത് കാര്യത്തിനാണ് നീക്കുപോക്കില്ലാത്തത്.. ”

“എങ്കിൽ നീയും കൂടി ഞങ്ങളോടൊപ്പം വരണം ”

ഏട്ടന്റെ ദയനീയമായ മുഖം കണ്ടപ്പോൾ ശ്രീക്കുട്ടിക്കും മറുത്തു പറയാൻ തോന്നിയില്ല

ശ്രീക്കുട്ടിയോടും ശ്യാമിനോടുമൊപ്പം കാർത്തികയ്ക്കും ഹോസ്പിറ്റലിലേക്ക് പോകാതിരിക്കാൻ കഴിഞ്ഞില്ല.

ഒടുവിൽ ഏറെ നേരത്തെ പരിശോധനയ്ക്ക് ശേഷം ഡോക്ടർ മൂന്ന് പേരെയും അകത്തേക്ക് വിളിപ്പിച്ചു..

“ഹോർമോൺ ട്രീറ്റ്മെന്റ് തുടങ്ങിയാൽ എന്തെങ്കിലും മാറ്റമുണ്ടോ എന്ന് നോക്കാം. എങ്കിലും അത് എത്ര കണ്ട് വിജയിക്കും എന്നറിയില്ല.. നിങ്ങളുടെ ഭാഗ്യം പോലിരിക്കും. ”

തിരികെ ഇറങ്ങുമ്പോഴായിരുന്നു സീത ഡോക്ടർ പിന്നിൽ നിന്ന് ശ്രീക്കുട്ടിയെ വിളിച്ചത്.

തന്റെ പ്രസവത്തിനുണ്ടായിരുന്ന ചില കോംപ്ലിക്കേഷനുകൾ കാരണം ഹോസ്പിറ്റലിൽ ഏറെ നാൾ കുഞ്ഞിനേയും കൊണ്ട് തങ്ങേണ്ടി വന്നപ്പോൾ ഡോക്ടറായിരുന്നു എല്ലാത്തിനും കൂടെയുണ്ടായിരുന്നത്. .

“ഭദ്ര ഡോക്ടർ എന്നോട് ചില കാര്യങ്ങൾ പറഞ്ഞു.. അവർക്ക് ഫൈബ്രോയിഡ് നിറഞ്ഞിരിക്കുകയാണ് ഉള്ള് മുഴുവനും..

മെൻസസ് ഉണ്ടാകുനുള്ള ചാൻസ് ഇനി തീരെയില്ല. വെറുതെ ട്രീറ്റ്മെന്റ് നടത്താമെന്നേയുളൂ. ”

“ഡോക്ടർ ഇത് ഞാനെങ്ങനെ അവരോടു പറയും. ഒരു പ്രത്യേക സ്വഭാവമാണ് ഏട്ടത്തിയമ്മയുടേത്.. ഞാൻ ഡോക്ടറെ കൊണ്ട് പറയിപ്പിച്ചു എന്നാവും ഏട്ടനെ പറഞ്ഞു വിശ്വസിപ്പിക്കുക.. ”

“ഓക്കേ. ഞാൻ പറഞ്ഞൂന്നേയുള്ളൂ.. ”

അതെ അതുതന്നെയാണ് ഒടുവിൽ സംഭവിച്ചതും.. പ്രമോദേട്ടനോടൊപ്പം ജോലിസ്ഥലത്തേക്ക് കുഞ്ഞുമായി താൻ തിരിച്ചു പോന്നതിനു ശേഷവും ഏട്ടനും ഏട്ടത്തിയമ്മയും തുടർന്നും ട്രീറ്റ്മെന്റ് നടത്താൻ പോയിരുന്നു..

പ്രത്യേകിച്ച് ഒരു ഫലവും ഉണ്ടാകാൻ പോകുന്നില്ലെന്ന് ഏട്ടനൊഴിച്ച് അവർക്ക് നന്നായി അറിയായിരുന്നു..
ഒരിക്കൽ ഡോക്ടർ ഇരുവരോടുമായി സത്യാവസ്ഥ തുറന്നു പറഞ്ഞതോടെ അവൾക്ക് പിടിച്ചു നിൽക്കാൻ കച്ചിത്തുരുമ്പൊന്നുമില്ലാതായി.

ഇത് അവൾ ശ്രീക്കുട്ടി ഡോക്ടറെ കൊണ്ട് പറയിപ്പിച്ചത് തന്നെയാണെന്ന് ഏട്ടനെ പറഞ്ഞു വിശ്വസിപ്പിച്ചു. അവൾടെ പരിചയക്കാരല്ലേ ആ ഹോസ്പിറ്റലിൽ ഉള്ളവര് മുഴുവനും..

പതിയെ പതിയെ ഏട്ടനും പുതിയൊരു മനുഷ്യനായി തുടങ്ങി..
ഒരിക്കൽ ഏട്ടത്തി അരികിലില്ലാത്ത ഒരു നേരത്ത് ഏട്ടനോട്‌ ശ്രീക്കുട്ടി തുറന്നു ചോദിച്ചു.

“ഞാനവളെ ഉപേക്ഷിച്ചാൽ അവളീ വീടിനുള്ളിൽ കെട്ടിത്തൂങ്ങുമെന്നാണ് ഭീക്ഷണിപെടുത്തിയിരിക്കുന്നത്.
ഇനിയിപ്പോൾ ഈ കുരിശ് ഞാനങ്ങു സഹിച്ചേക്കാമെന്ന് തീരുമാനിച്ചു. ”

നിർവികാരമായ മുഖത്തോടെയാണ് ഏട്ടനത് പറഞ്ഞത്.
വല്ലാത്ത സഹതാപം തോന്നി. ഇങ്ങനെ ഒരു ദുർവിധി നേരിടാൻ മാത്രം എന്ത് തെറ്റാണ് ആ പാവം ചെയ്തത് !!

എന്ത് കൈ വിഷം കൊടുത്തിട്ടാണോ എന്റെ കുഞ്ഞിനെ അവൾ മാറ്റിയെടുത്ത തെന്നോർത്ത് അമ്മ വല്ലാതെ വിഷമിച്ചു..

ഇരിക്കുന്നിടത്ത് നിന്ന് അനങ്ങാത്ത ആൾ ഭാര്യയ്ക്ക് വേണ്ടി പലതും ചെയ്തുകൊടുക്കുന്നത് കണ്ട് വീട്ടുകാർ പോലും അമ്പരന്നു.
ഒരുപക്ഷെ തനിക്കീ വിധി സമ്മാനിച്ച അച്ഛനോടുള്ള നിശ്ശബ്ദ പ്രതികാരമായിട്ടായിരിക്കാം അയാൾ എല്ലാവരുടെയും മുന്നിൽ ഭാര്യയോട് അമിതമായ സ്നേഹപ്രകടനങ്ങൾ നടത്തിയത്.

ഇന്ന് വർഷങ്ങൾ എത്ര കഴിഞ്ഞിരിക്കുന്നു..

വലിയൊരു വഞ്ചനയുടെ മറവിൽ നിന്ന് പുറംതോട് പൊളിച്ചു വന്ന ഭാര്യയെ കൈ വെള്ളയിൽ കൊണ്ട് നടക്കുന്ന ഏട്ടനെ കാണുമ്പോൾ അത്ഭുതമാണ് തോന്നുന്നത്.

വലിയൊരു വഞ്ചനയുടെ മറവിൽ നിന്ന് പുറംതോട് പൊളിച്ചു വന്ന ഭാര്യയെ കൈ വെള്ളയിൽ കൊണ്ട് നടക്കുന്ന ഏട്ടനെ കാണുമ്പോൾ അത്ഭുതമാണ് തോന്നുക.
ഏട്ടൻ ഒരുപാട് മാറിപ്പോയിരിക്കുന്നു..

ഭീക്ഷണിയുടെ മുൾമുനയിൽ നിർത്തി അവൾ അയാളെ കൊണ്ട് വീട്ടുകാരെ മുഴുവനും അകറ്റി നിർത്തി..
അമ്മയോടും പോലും ഭാര്യക്ക് വേണ്ടി അയാൾ വഴക്കടിച്ചു..
ഒടുവിൽ നിവൃത്തി കെട്ട് അവർ വീട് വിട്ടിറങ്ങി മകൾക്കരികിൽ അഭയം പ്രാപിച്ചു ..

അച്ഛൻ മാത്രം നഷ്ടപ്പെടുത്തിക്കളഞ്ഞു പോയ സൗഭാഗ്യങ്ങളെ കുറിച്ചോർത്തു വിലപിക്കുന്നുണ്ടാവണം.. ചിലപ്പോൾ കഴിഞ്ഞു പോയ കാര്യങ്ങൾ ഓർത്തു പശ്ചാത്തപിക്കുന്നുണ്ടാവ ണം..

Leave a Reply

Your email address will not be published. Required fields are marked *