പെണ്ണിന് ബുദ്ധിക്ക് നല്ല വളർച്ചയില്ല. കല്യാണം കഴിപ്പിച്ചാൽ എല്ലാം ശരിയാകും എന്ന് ഡോക്ടർ പറഞ്ഞു.. വേറെ കുഴപ്പം ഒന്നുമില്ല.”

മോഹഭംഗങ്ങൾ
(രചന: ശാലിനി മുരളി)

“അമ്മേ, മാളു ന്റെ അമ്മേടെ തല തല്ലി പൊട്ടിച്ചു. ഞാൻ അമ്മയെയും കൊണ്ട് ഹോസ്പിറ്റലിൽ പോകുവാ. നിങ്ങൾ പെട്ടന്ന് വന്ന് അവളെയൊന്നു വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാമോ അവളൊറ്റയ്ക്കാണ് അവിടെ..”

മരുമകൻ ഹർഷൻ ഫോണിലൂടെ വിളിച്ചു പറഞ്ഞത് കേട്ട് സുമിത്രയൊന്നു ഞടുങ്ങി.

ഒരു വിവാഹം കഴിപ്പിച്ചാൽ എല്ലാം ശരിയാകുമെന്ന് പറഞ്ഞത് ബന്ധുക്കൾ തന്നെയായിരുന്നു. എന്നിട്ടിപ്പൊ കാര്യങ്ങൾ ആകെ ഗുരുതരമാവുകയാണ് .

കൂടുതൽ ആലോചിച്ചു നിൽക്കാനുള്ള നേരമല്ല ഇത്. എത്രയും പെട്ടന്ന് മാളുവിന്റെ അടുത്തേക്ക് പോകണം.

അച്ഛൻ കടയിൽ നിന്ന് വരാനിനിയും സമയം ഉണ്ട്. ഒന്ന് വിളിച്ചു പറഞ്ഞേക്കാം. വരുന്നെങ്കിൽ കൂടെ കൂട്ടാം. ഇനി അവിടെ ചെന്നാൽ കേൾക്കാനുള്ളത് മുഴുവനും ഒറ്റയ്ക്ക് കേൾക്കേണ്ടതാണ്. ആരെയും പറ്റിക്കണമെന്ന് കരുതി ഒന്നും ചെയ്തിട്ടില്ല.

പക്ഷെ, അവൾ അവിടെ കാട്ടിക്കൂട്ടുന്നത് ഓർക്കുമ്പോൾ മറ്റുള്ളവരുടെ പഴി കേൾക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് തോന്നിപോകുന്നു.

രണ്ടു പെണ്മക്കൾ ആണ് സുമിത്രയെന്ന അംഗനവാടി ടീച്ചർക്ക് . ആദ്യത്തെ മകൾ ജനിച്ച് അഞ്ചു വയസ്സ് കഴിഞ്ഞപ്പോഴാണ് സാധാരണ മറ്റു കുട്ടികളുടെ പോലെയുള്ള പ്രകൃതമല്ല അവൾക്കെന്ന് തോന്നിത്തുടങ്ങിയത്.

നോർമലായി സംസാരിക്കാൻ വലിയ പ്രയാസമുള്ളത് പോലെ അവൾ പലപ്പോഴും കൈ ചൂണ്ടി ഓരോന്നും കാണിച്ച് ആംഗ്യം കാട്ടാൻ തുടങ്ങി. വേണ്ടതിനും വേണ്ടാത്തതിനും വല്ലാത്ത നിർബന്ധം. പുറത്തു കൊണ്ട് പോകുമ്പോൾ മറ്റുള്ളവരെ നോക്കി വെറുതെ ചിരിച്ചു കൊണ്ടേയിരിക്കും.

വലുതാകുംതോറും അവളുടെ മുഖത്തിന് വലിയ മാറ്റം ഒന്നും വന്നില്ലെങ്കിലും എവിടെയൊക്കെയോ പന്തികേട് മണക്കുന്നത് പോലെ ഒരു തോന്നൽ. ആരോടും ഒന്നും പറയാതെ ഒരു ദിവസം ഒരു സുഹൃത്ത്‌ പറഞ്ഞു തന്ന അഡ്രസ്സിൽ അവളെയും കൊണ്ട് അവർ രണ്ട് പേരും തീവണ്ടി കയറി.

കോഴിക്കോട് ഒരുഹോസ്പിറ്റലിൽ നല്ല ഡോക്ടർ ഉണ്ടെന്ന അറിവിൽ ആയിരുന്നു ആ യാത്ര. ഡോക്ടർ കാര്യമായി തന്നെ അവളെ പരിശോധിച്ചു.

ഒടുവിൽ മ്ലാനത നിഴലിക്കുന്ന മുഖത്തോടെയാണ് അത് പറഞ്ഞത്.

ഏതൊരു സാധാരണ കുട്ടികളെയും പോലെ പെരുമാറാൻ ഇവൾക്ക് കുറച്ചു പ്രയാസമുണ്ട്. . കാര്യങ്ങൾ പെട്ടന്ന് പിടിച്ചെടുക്കാൻ കുറച്ചു പാടാണ്. എങ്കിലും നല്ല ട്രീറ്റ്മെന്റ് കൊടുത്താൽ ഫലം കണ്ടേക്കാം. മാസത്തിൽ ഒരിക്കൽ ഉള്ള കൗൺസിലിംഗ് കൊണ്ട് പലതും പഠിപ്പിച്ചു കൊടുക്കാം.

പൂർണ്ണമായും ശരിയായില്ലെങ്കിലും സ്വന്തം കാര്യങ്ങൾ മനസ്സിലാക്കി ചെയ്യാനുള്ള ഒരു ബോധം അവൾക്ക് അതിലൂടെ കിട്ടും. ഡോക്ടറുടെ വാക്കുകൾ അത്രയും മതിയായിരുന്നു അവർക്ക് നേരിയൊരു ആശ്വാസം ലഭിക്കാൻ.

തങ്ങളുടെ കടിഞ്ഞൂൽ പെൺകൊടി ഒരു മന്ദബുദ്ധി ആണെന്ന് മറ്റുള്ളവർ പറയരുത്. അത്രയും മാത്രമേ അവർക്ക് ആഗ്രഹം ഉണ്ടായിരുന്നുള്ളൂ. എങ്കിലും വീട്ടിലുള്ള മറ്റ് അംഗങ്ങൾ ഓരോ കുത്തുവാക്കുകൾ പറഞ്ഞു തുടങ്ങിയിരുന്നു.

ഒരു പെൺകുട്ടിയാണ്, ഇവളെ ഏതെങ്കിലും ഡോക്ടറെ കാണിച്ചില്ലെങ്കിൽ മനോരോഗിയായിപ്പോകും എന്ന മട്ടിൽ സംസാരം വഴി വിട്ടപ്പോൾ സഹിച്ചില്ല.
സഹോദരങ്ങളുടെ മക്കളുടെ ഒപ്പം അവളെ കളിക്കാൻ കൂട്ടാക്കാൻ പോലും ആരും തയ്യാറായില്ല.

മന്ദബുദ്ധി എന്ന വിളിപ്പേര് ഇതിനോടകം തന്നെ മകൾക്ക് അവർ ചാർത്തി കൊടുത്തിരുന്നു. ആഹാരം കണ്ടാൽ വല്ലാത്ത ഒരു പരവേശം ആണ്. പിന്നെ ആരുടെയും ഇഷ്ടം അവൾക്കൊരു പ്രശ്നമേ അല്ല.
ആഗ്രഹിക്കുന്നത് ഉടനെ സാധിക്കണം അല്ലെങ്കിൽ കുഴപ്പക്കാരിയാവും.

ഒരിക്കൽ സുമിത്രയുടെ കയ്യ്ത്തണ്ട കടിച്ചു മുറിച്ചു.അച്ഛന്റെ വിലകൂടിയ വാച്ച് തറയിൽ എറിഞ്ഞു പൊട്ടിച്ചു. അങ്ങനെ കുരുത്തക്കേടുകൾ അവൾ വളരുന്നതിനൊപ്പം കൂടി കൂടി വന്നു.

പക്ഷെ അവളെ തള്ളിക്കളയാൻ എന്നിട്ടും അവർക്ക് കഴിഞ്ഞില്ല.അവൾക്ക് ഇളയതായി ഒരു പെൺകുഞ്ഞു കൂടി ഉണ്ടായപ്പോഴും ബന്ധുക്കൾ ആദ്യം ഒന്ന് സംശയിച്ചു.

ഇതും ആദ്യത്തേത് പോലെയാണോ. പക്ഷെ, സുമിത്രയുടെയും വേണുഗോപാലിന്റെയും വേദനിക്കുന്ന മനസ്സിന് ഒരു കുളിർത്തെന്നൽ പോലെ ആയിരുന്നു രണ്ടാമത്തെ കുട്ടി അമ്മുവിന്റെ ഓരോ വളർച്ചയും.

പ്രായത്തെക്കാൾ തികഞ്ഞ കാര്യവിവരം ഉണ്ട് അവൾക്ക്.പഠിക്കാനും മിടുക്കി.
ഇളയവളോട് കൂടുതൽ അടുപ്പം കാണിക്കുന്നത് പക്ഷെ,മാളുവിന്‌ തീരെ സുഖിക്കുന്നുണ്ടായിരുന്നില്ല..

അവൾ തരം കിട്ടുമ്പോഴൊക്കെ അമ്മുവിനെ കണക്കിന് ഉപദ്രവിച്ചു.മുടി വലിച്ചു പറിക്കുകയും അവളുടെ കുഞ്ഞ് ദേഹത്ത് നഖക്ഷതങ്ങൾ ഏൽപ്പിക്കുകയും, അവളുടെ ആഹാരം തട്ടിയെടുത്തു വലിച്ചു വാരി കഴിക്കുകയും ചെയ്‌തു.

എല്ലാം മനസ്സിലായിട്ടും രണ്ട് പേരെയും ഒരേപോലെ സ്നേഹിക്കാൻ ആണ്‌ സുമിത്ര ശ്രമിച്ചത്. അല്ലെങ്കിലും പാവം മാളു ഒന്നും സ്വബോധത്തോടെ അല്ലല്ലോ ചെയ്യുന്നത്.
എത്ര തിരക്കുകൾക്കിടയിലും മാളുവിനെ
മുടങ്ങാതെ ഡോക്ടറെ കാണിക്കാൻ അവർ മറന്നില്ല.

പ്രായം രണ്ട് പെൺകുട്ടികൾക്കിടയിലും ഓരോ കരവിരുതുകൾ നെയ്തു കൊണ്ടിരുന്നു. പെൺകുട്ടികൾ നോക്കിനിൽക്കെയാണ് വളരുന്നത്.എങ്കിലും അമ്മുവിനായിരുന്നു മാളുവിനെക്കാൾ ലേശം ചന്തം കൂടുതൽ.

ചുരുണ്ട മുടിയിഴകളും നുണക്കുഴികളും നീണ്ട മൂക്കും അവൾക്ക് കൂടുതൽ അഴക് നിറച്ചു.
പക്ഷെ, എത്രയൊക്കെ കൂടുതൽ ആഹാരം വാരിവലിച്ചു കഴിച്ചിട്ടും ഉണങ്ങിപ്പോയ മാന്തളിർ പോലെയായിരുന്നു മാളു..

അതുകൊണ്ട് തന്നെ സുമിത്ര മാളുവിനായിരുന്നു കൂടുതൽ പരിഗണന കൊടുത്തത്. എസ് എസ് എൽ സി കഴിഞ്ഞപ്പോൾ മാളുവിന്റെ ഇഷ്ടത്തിന് ചിത്രരചനയും തുന്നലും എംബ്രോയ്റിയും പഠിപ്പിച്ചു.അവൾ സ്വന്തം കരവിരുതുകൾ കൊണ്ട് ആ വീടിനുള്ളിലെ ഓരോ മുറികളും അലങ്കരിച്ചു.

അമ്മുവിന് പക്ഷെ, കോളേജ് ജീവിതം കഴിഞ്ഞു ഒരു ടീച്ചർ ആകാനായിരുന്നു താല്പര്യം.
ടി ടി സി കഴിഞ്ഞതും അവൾ ജോലിക്കുള്ള ശ്രമം തുടങ്ങി. എങ്ങനെ എങ്കിലും സ്വന്തം വീട്ടിൽ നിന്ന് ദൂരെയെവിടെയെങ്കിലും കുറച്ചു നാൾ മാറി നിൽക്കാനാണ് അമ്മു ആഗ്രഹിച്ചത്.

ചേച്ചിയുടെ ഒപ്പം എവിടെ എങ്കിലും പോകുമ്പോൾ തുറിച്ചു നോക്കുന്ന കണ്ണുകളിൽ നിന്ന് അവൾക്ക് രക്ഷപെടാൻ മറ്റ് മാർഗ്ഗം ഒന്നുമില്ലായിരുന്നു.

മറ്റുള്ളവരുടെ പരിഹാസവും സഹതാപവും ഒഴിഞ്ഞ ഒരിടം. ചേച്ചിയുടെ കുറവുകൾ തന്റെ ജീവിതത്തെ ബാധിക്കുമോ എന്നൊരു പേടിയും ആരോടും പറയാതെ അവൾ മനസ്സിൽ കൊണ്ട് നടന്നിരുന്നു.

തനിക്ക് വാങ്ങുന്ന ഡ്രെസ്സുകൾ കാണുമ്പോൾ മാളുവിനും അതേപോലെ വേണമെന്ന് വാശിപിടിക്കും. അത് കാണുബോൾ അമ്മു കലിപ്പോടെ മുറിയിൽ കയറി വാതിലടയ്ക്കും.

ഈ ചേച്ചിക്ക് ഇതെന്തിന്റെ കേടാണ്. ഇതൊക്കെ ഇട്ടിട്ട് എന്ത് ചന്തമാണ് അവൾക്ക് കിട്ടുന്നത്. ഇങ്ങനെ ഒരു ചേച്ചി വേണ്ടായിരുന്നു.

എങ്കിലും ഒരു കുറ്റബോധത്തോടെ ആ ചിന്ത പെട്ടന്ന് തന്നെ അവൾ ദൂരേക്കളയും.. എന്തൊക്കെ പറഞ്ഞാലും ആൾക്ക് തന്നെ ജീവനാണ്.അമ്മയുടെയും അച്ഛന്റെയും എപ്പോഴത്തെയും ദുഃഖവും ചേച്ചിയെ കുറിച്ചാണ്.

ചേച്ചിക്ക് ഒരു ജീവിതം കിട്ടുമോ എന്ന ആശങ്കയാണ് അച്ഛനെ ഒരു അസുഖക്കാരനാക്കിയതും !
മാളുവിന്‌ ഇരുപത്തി അഞ്ചു വയസ്സ് കഴിഞ്ഞ പ്പോഴാണ് പെണ്ണ് കാണാൻ വന്ന കൂട്ടർക്ക് ഇളയ കുട്ടിയെ കല്യാണം കഴിപ്പിച്ചു തരുമെങ്കിൽ അത് മതി എന്ന് പറഞ്ഞിട്ട് പോയത്.

അതിന് ശേഷം മൂത്തവൾക്ക് വരുന്ന വിവാഹ ആലോചനകൾ എല്ലാം ഇളയവളെ മാറ്റിനിർത്തിയിട്ടുള്ളതായിരുന്നു.

“അമ്മേ ഇത് ചതിയല്ലേ.. ഇങ്ങനെ ഒരു പെൺകുട്ടിയെ ഒരു കുഴപ്പവും ഇല്ലാത്ത ആളിനെ കൊണ്ട് കെട്ടിക്കാൻ നോക്കുന്നത് ശരിയാണോ.ചേച്ചിയുടെ പ്രകൃതം അമ്മയ്ക്ക് അറിയാത്തതാണോ.ഞാൻ ഇതിനു കൂട്ട് നിൽക്കില്ല.”

അവൾ ദേഷ്യം സഹിക്കാതെ അന്ന് ഏതൊ
ഒരു കൂട്ട് കാരിയുടെ വീട്ടിൽ ബാഗുമെടുത്തു ഇറങ്ങി പോയി. അന്ന് വൈകിട്ട് അവൾ മടങ്ങി വന്നില്ല.പിറ്റേന്ന് ഉച്ചയ്ക്ക് ഒരു ഫോൺ കോൾ സുമിത്രയെ തേടിയെത്തി അമ്മുവിന്റെ.

“ഞാൻ സ്കൂളിനടുത്തുള്ള ഒരു ലേഡീസ് ഹോസ്റ്റലിൽ ഒരു റൂം എടുത്തു. ഞായറാഴ്ച പറ്റിയാൽ അങ്ങോട്ട് വരാം.”
ഒന്നും പറയാനില്ലാതെ സുമിത്ര നിന്നു.അവൾക്ക് ഒരു വരുമാനമുള്ളത് കൊണ്ട് മറുത്തൊന്നും പറഞ്ഞിട്ട് കാര്യമില്ല.

ആ ഞായറാഴ്ച പക്ഷെ അമ്മു വന്നില്ല.ഒരുപാട് ഡ്രെസ്സുകൾ വാഷ് ചെയ്യാനുണ്ട്, ഷോപ്പിംഗ് ഉണ്ട് എന്നൊക്കെ പറഞ്ഞു അവൾ വിളിച്ചിരുന്നു.
അന്ന് അവൾ വരാഞ്ഞത് നന്നായി എന്നാണ് സുമിത്രയ്ക്ക് തോന്നിയത്.

മാളുവിനെ പെണ്ണ് കാണാൻ ഒരു കൂട്ടർ എത്തുന്നുണ്ട് എന്ന് ബ്രോക്കർ ശിവരാമൻ വിളിച്ചു പറഞ്ഞിരുന്നു. പയ്യൻ വീടിനടുത്തു സ്വന്തമായി ഒരു ഷോപ്പ് നടത്തുന്നു. നല്ല കുടുംബം. മാളുവിനെ ഇഷ്ടപ്പെട്ടു കിട്ടിയാൽ മാത്രം മതിയായിരുന്നു. ചായയും

പലഹാരങ്ങളുമായി പയ്യന്റെ മുന്നിൽ എത്തിയ മാളുവിന്‌ പക്ഷെ അടങ്ങിയൊതുങ്ങി നിൽക്കാൻ കഴിഞ്ഞില്ല.മുന്നിൽ തന്നെ തുറിച്ചു നോക്കുന്ന അപരിചിതരെ കണ്ട് അവൾക്ക് ഈർഷ്യ തോന്നി.

അമ്മ മുടിയിൽ കെട്ടിവെച്ച മുല്ലപ്പൂ മാലയിൽ വിരലുകൾ കോർത്തു കൊണ്ട് അവൾ അലക്ഷ്യമായി എങ്ങോട്ടോ നോക്കി നിന്നു. പേര് ചോദിച്ചിട്ട് പറയാൻ മനസ്സില്ലാതെ സാരിയുടെ മുന്താണി ചുരുട്ടിക്കൊണ്ട് നിലത്തേയ്ക്ക് നോക്കി നിന്നു .

പയ്യന്റെ മുഖം വിവർണ്ണമായി.കാണാൻ തകരക്കേടില്ലാത്ത പെണ്ണ്.പക്ഷെ പെരുമാറ്റം കണ്ടിട്ട് എന്തോ പന്തികേടുള്ളത് പോലെ.
ബ്രോക്കറെ മാറ്റി നിർത്തി പയ്യന്റെ അച്ഛൻ ചോദ്യം ചെയ്തു. അയാൾ നിന്ന് പരുങ്ങുന്നത് കണ്ട് വന്നവർ പരസ്പരം നോക്കി.

“അത് ഞാൻ പറയാം, പെണ്ണിന് ബുദ്ധിക്ക് നല്ല വളർച്ചയില്ല. കല്യാണം കഴിപ്പിച്ചാൽ എല്ലാം ശരിയാകും എന്ന് ഡോക്ടർ പറഞ്ഞു..
വേറെ കുഴപ്പം ഒന്നുമില്ല.”

പെണ്ണിന്റെ കൊച്ചച്ചൻ ആണ് അത് പറഞ്ഞത്. സുമിത്രയും വേണുഗോപാലും അയാൾക്ക് പിന്നിൽ ചൂളി പിടിച്ചു പരുങ്ങലോടെ നിന്നു..

വായിൽ വന്നതൊക്കെ ആവശ്യം പോലെ പറഞ്ഞിട്ട് ചെറുക്കനെയും വിളിച്ചു കൊണ്ട് പയ്യന്റെ വീട്ടുകാർ കാറിൽ കയറി പോകുമ്പോൾ മാളു ഒന്നും ഗൗനിക്കാതെ ചുവന്ന നിറത്തിലുള്ള വലിയ ലഡ്ഡു ഒരെണ്ണം ആസ്വദിച്ചു കഴിക്കുന്ന തിരക്കിലായിരുന്നു!

അന്നത്തോടെ മാളുവിനെ കല്യാണം കഴിപ്പിച്ചു വിടുന്ന ചിന്ത തന്നെ അവർ മാറ്റിവെച്ചു.
ഇനി വരുന്നത് പോലെ വരട്ടെ..
അതിനിടയ്ക്ക് പലരും അമ്മുവിനെ കല്യാണം കഴിപ്പിച്ചു വിടുന്നതിനെക്കുറിച്ച് തിരക്കാൻ തുടങ്ങിയിരുന്നു.

‘ മൂത്തതിന് ഇനി ആരെങ്കിലും വരുമെന്ന് തോന്നുന്നില്ല. ഇളയവൾക്ക് വയസ്സ് പത്തിരുപത്തി നാലായില്ലേ. ആ കുട്ടിക്ക് പറ്റിയൊരു ആലോചനയുണ്ട്.
എന്ത്‌ പറയുന്നു.”

സുമിത്രയോട് ഒരു പരിചയക്കരൻ പറഞ്ഞത് കേട്ട് അവർ മറുത്തൊന്നും പറഞ്ഞില്ല.അതേ ഇനി അതേയുള്ളൂ ഒരു വഴി. ഒരാളുടെയെങ്കിലും ജീവിതം നന്നാവട്ടെ.

വരുന്ന ഞായറാഴ്ച ഒരു കൂട്ടര് അമ്മുവിനെ കാണാൻ വരുന്നു എന്ന് അറിയിപ്പ് കിട്ടിയതോടെ സുമിത്ര അച്ഛനെ കൊണ്ട് അവളെ വിളിപ്പിച്ചു. ശനിയാഴ്ച ഇങ്ങു പൊന്നേക്കണം എന്ന് അച്ഛൻ പറഞ്ഞത് കേട്ട് അവൾ മറുത്തൊന്നും പറഞ്ഞില്ല.

എന്തെങ്കിലും ഗുലുമാൽ ആണെന്ന് ഉറപ്പ് .
ഒരുപക്ഷെ ചേച്ചിയുടെ കല്യാണം ശരിയായിക്കാണുമോ ? ആരായാലും അതൊരു ഹതഭാഗ്യൻ ആണെന്ന കാര്യത്തിൽ സംശയമില്ല.

ഒരു കുടുംബ ജീവിതം നയിക്കാനുള്ള മാനസീക വളർച്ചയോ പക്വതയോ ഇല്ലാത്ത ഒരു പെൺകുട്ടിയെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ ധൃതി പിടിക്കുന്ന അച്ഛനോടും അമ്മയോടുമായിരുന്നു അവൾക്ക് എതിർപ്പ്.

അവരുടെ കാലശേഷം മൂത്ത മകൾ അനാഥയായിപ്പോകും എന്ന് ഇരുവരും വല്ലാതെ ഭയക്കുന്നുണ്ട്.

പക്ഷെ, ഒരു കൊച്ചു കുട്ടിയുടെ മനസും വളർച്ചയുള്ള ശരീരവും മാത്രം കൈമുതൽ ആയ മകളെ ഏതെങ്കിലും പുരുഷൻ എല്ലാം അറിഞ്ഞു കൊണ്ട് സ്വീകരിക്കാൻ തയ്യാറാകുമോ?

പലവിധ ചിന്തകൾ കൊണ്ട് കാടുകയറിയ മനസ്സുമായി ഉറക്കം ഇല്ലാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് എങ്ങനെയൊക്കെയോ അവൾ നേരം വെളുപ്പിച്ചു .

രാവിലെ തന്നെ കുളിച്ചൊരുങ്ങി രണ്ട് നാളത്തേയ്ക്കുള്ള ഡ്രെസ്സുകൾ എല്ലാം അടുക്കിയൊതുക്കി ബാഗിലാക്കി റൂം മേറ്റ്സിനോട് യാത്രയും പറഞ്ഞിറങ്ങുമ്പോൾ വെയിൽ കനത്തു തുടങ്ങിയിരുന്നു .

ബസിലെ നീണ്ട യാത്രയും ഉറക്കം ചിമ്മിയ മിഴികളുമായി അവൾ വീട്ടിലേക്ക് കയറുമ്പോൾ പതിവില്ലാത്ത തെളിച്ചം അമ്മയുടെ മുഖത്ത് കണ്ടു. അതേ! ഇതൊരു കല്യാണ വീടായിരിക്കുന്നു. ചേച്ചിക്ക് ഇഷ്ടപ്പെട്ട കുപ്പിവളകൾ കയ്യിൽ ഇട്ട് കൊടുക്കുമ്പോൾ അമ്മ പിന്നിൽ നിന്ന് വിളിച്ചു.

“അമ്മൂ ഇങ്ങോട്ടൊന്നു വേഗം വായോ ”
മുറിയിൽ അച്ഛനും അമ്മയും കാത്തിരിക്കുന്നു!
അല്പം മുഖവുരയോടെയാണ് സുമിത്ര പറഞ്ഞു തുടങ്ങിയത് .

” അതേയ് ഞാൻ പറയാൻ പോകുന്ന കാര്യം കേട്ട് നീ ഒച്ചയും ബഹളവുമൊന്നും വെയ്ക്കണ്ട.
നാളെ ഒരു കൂട്ടര് വരുന്നുണ്ട് നിന്നെ പെണ്ണ് കാണാൻ. പയ്യന് വിദേശത്ത് ആണ് ജോലി.

അവർക്ക് അവിടെ സ്വന്തമായി ബിസിനസ്‌ ആണ്. കെട്ടുന്ന പെണ്ണിനേയും കൂടെ കൊണ്ട് പോകും.അച്ഛനും അമ്മയും ഇളയൊരു സഹോദരനും മാത്രമേയുള്ളൂ പയ്യന്.
ഫോട്ടോ കണ്ടിട്ട് നിനക്ക് നന്നായി ചേരും.. ”
അമ്മുവിനത് കേട്ട് വല്ലാത്ത ഞെട്ടലാണ് ഉണ്ടായത്.

ചേച്ചി നിൽക്കെ അനിയത്തിയെ കെട്ടിച്ചു വിടുകയോ !!
അപ്പൊ ചേച്ചിക്കല്ലേ ആലോചന വന്നത് ?

“എനിക്ക് എന്തിനാണ് ഇത്ര പെട്ടന്ന് ധൃതി പിടിച്ചാലോചിക്കുന്നത്. ഞാൻ ജോലിക്ക് കയറിയിട്ട് അധികം നാളായില്ലല്ലോ ?”

“മോളെ.. ചേച്ചിയുടെ കാര്യം നിനക്കറിയാമല്ലോ.
എത്ര ആലോചന വന്നു. എല്ലാ സത്യവും തുറന്നു പറഞ്ഞിട്ടും ആരും ഒരു താല്പ്പര്യവും കാണിച്ചില്ല. അതുകൊണ്ട് ഇപ്പൊ അത്യാവശ്യം നിനക്കൊരു വിവാഹമാണ്.

പെൺകുട്ടികൾക്ക് ഒരു പ്രായം കഴിഞ്ഞാൽ പിന്നെ നല്ലൊരു ജീവിതം കിട്ടാൻ വളരെ പാടാണ് .അച്ഛനും അമ്മയും എന്നും നിങ്ങൾക്ക് കൂട്ടിനുണ്ടാവില്ല. ഒരു നല്ല പുരുഷന്റെ കയ്യിൽ മക്കളെ ഏൽപ്പിച്ചു എന്ന സമാധാനത്തോടെ ശേഷിച്ച കാലമെങ്കിലും ഞങ്ങൾക്ക് കഴിയാമല്ലോ ..”

അമ്മയുടെ മുഖത്ത് നിഴലിച്ച വേദനയുടെ ഇരുളിമ കണ്ടപ്പോൾ പിന്നെ കൂടുതലൊന്നും എതിർത്ത് പറയാൻ തോന്നിയില്ല.

പിറ്റേന്ന് രാവിലെ അവൾ ഒരു നല്ല സാരിയെടുത്തു ഉടുത്തു. മുറ്റത്തു വന്ന കാറിൽ നിന്നിറങ്ങിയ നാലഞ്ച് പേരെ ജാലക വാതിലിലൂടെ അമ്മു എത്തിനോക്കി.

ഇതിൽ ഏതാണ് പയ്യൻ. ഈ വിവാഹം നടക്കുമോ. ചേച്ചിയുടെ കാര്യം അറിയുമ്പോൾ വന്നവർ കറുത്ത മുഖത്തോടെ മടങ്ങിപ്പോകുമ?
ആരായാലും എല്ലാ കാര്യങ്ങളും അറിഞ്ഞു പൂർണ്ണ താല്പര്യത്തോടെ മാത്രം വിവാഹത്തിന് തയ്യാറായി വരുന്നവരെ മതി തനിക്കും.

അമ്മയുടെ വിളി വന്നതും പിണഞ്ഞിട്ട നീണ്ട മുടി ചുമലിലൂടെ മുന്നോട്ട് ഇട്ട് ഒരിക്കൽ കൂടി അവൾ നിലകണ്ണാടിയിലേയ്ക്ക് ഒന്ന് നോക്കി.
പിന്നെ അമ്മ ഏൽപ്പിച്ച ചായ കപ്പുകൾ നിറച്ച ട്രെയുമായി മെല്ലെ സ്വീകരണ മുറിയിലേയ്ക്ക് നടന്നു.

കൂടെ വരാൻ ഒരുങ്ങിയ മാളുവിനെ അമ്മ പലതും പറഞ്ഞു തടഞ്ഞു വെയ്ക്കുന്നുണ്ടായിരുന്നു അവൾക്ക് പിന്നിലപ്പോൾ.

“എങ്കിൽ ചെറുക്കനും പെണ്ണിനും ഇഷ്ടമായ സ്ഥിതിക്ക് കല്യാണം വെച്ച് താമസിപ്പിക്കണ്ട എന്നാണ് ഞങ്ങളുടെ തീരുമാനം.നിങ്ങളുടെ അഭിപ്രായം എന്താണ് ?”

അച്ഛനും അമ്മയും നിറഞ്ഞ സന്തോഷത്തോടെ ഒരുമിച്ചു തലകുലുക്കി.

അങ്ങനെ എത്ര പെട്ടെന്നാണ് ആ വീടൊരു കല്യാണ വീടായത്! വന്ന ബന്ധുക്കൾക്കൊക്കെ സന്തോഷത്തെക്കാൾ ഉപരി സഹതാപം പ്രകടിപ്പിക്കാനായിരുന്നു താല്പ്പര്യം.

” ശ്ശോ, എന്നാലും മൂത്ത കുട്ടി നിൽക്കെയാണല്ലോ ഇളയവളെ കെട്ടിച്ചു വിടുന്നത്. മാളുവിന്റെ കാര്യം കുറച്ചു കഷ്ടമുണ്ട്. അതിന് ഇനി ആരെങ്കിലും വരുമോ ആവോ.. ”

സുമിത്രയുടെ കാതിൽ ഈയം ഉരുക്കി ഒഴിച്ചത് പോലെ ആ വാക്കുകൾ കിടന്നു തിളച്ചു.
പക്ഷെ, ഒന്നും കേൾക്കാത്ത മട്ടിൽ അവർ സാധാരണ മട്ടിൽ എല്ലാവരോടും പെരുമാറി.
ആയിരം കുടത്തിന്റെ വായ് മൂടി കെട്ടാം.
പക്ഷെ, ഒരാളിന്റെ നാവിനെ ബന്ധിക്കാൻ ആരെക്കൊണ്ടും കഴിയില്ല.

കല്യാണം കെങ്കേമമായി നടന്നു.അനിയത്തി
ഒരു മണവാട്ടിയെ പോലെ ഒരുങ്ങി നിൽക്കുന്നത് കണ്ട് മാളു അതിശയത്തോടെ അവളെ ഉറ്റു നോക്കി.

എന്നാൽ അവളുടെ അരികിൽ ഒരപരിചിതനായ പുരുഷനെ കണ്ട് സന്ദേഹത്തോടെ ഒരകലം വിട്ടു നിൽക്കാനും അവൾ ശ്രമിച്ചു. സുമിത്ര മാളുവിനെയും സുന്ദരിയായി അണിയിച്ചൊരുക്കിയിരുന്നു.

നീല കാഞ്ചിപുരം സാരി ഉടുപ്പിച്ചു.കണ്ണുകളിൽ മഷിയെഴുതി. മുടിയിൽ മുല്ലപ്പൂ മാല കോർത്തു വെച്ചു. കയ്കളിൽ നീല കുപ്പിവളകൾ കലപില കൂട്ടി. ആദ്യ കാഴ്ച്ചയിൽ തന്നെ ആരും അവളെ
ഒന്ന് നോക്കിപ്പോകും.അത്രയ്ക്കും മാറ്റമാണ് അവളിലുണ്ടായത്.

സുമിത്ര എന്ന അമ്മയ്ക്ക് എപ്പോഴും ഒരു പിടിക്ക് കൂടുതൽ സ്നേഹം മൂത്ത കുട്ടിയോട് തന്നെയായിരുന്നു.

ആദ്യമായി തന്നെ അമ്മേയെന്ന് അവ്യക്തമായെങ്കിലും വിളിച്ചവൾ.തന്റെ നെഞ്ചിലൂറിയ അമ്മിഞ്ഞയുടെ രുചി നുണഞ്ഞവൾ.. അവൾ എത്ര കുറ്റങ്ങളും കുറവുകളും ഉള്ളവൾ ആയിക്കൊള്ളട്ടെ ഒരമ്മയ്ക്ക് തന്റെ കണ്ണിലെ കൃഷ്ണമണി
തന്നെയാണവൾ..

അമ്മു വിവാഹം കഴിഞ്ഞു അധികം വൈകാതെ ഭർത്താവിനോടൊപ്പം വിദേശത്തേയ്ക്ക് പോയി.
ഒറ്റയ്ക്ക് ആയതോടെ മാളുവിൽ വീണ്ടും നിർബന്ധവും വാശിയും ദേഷ്യവും ഒക്കെ തലപൊക്കാൻ ആരംഭിച്ചു.

മാളുവിന്റെ ഡോക്ടറെ സന്ദർശിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് അവൾക്ക് ഇപ്പോൾ ഒരു കൂട്ടാണ് ആവശ്യം എന്നാണ്. ആ കൂട്ട് എന്ന് അദ്ദേഹം ഉദ്ദേശിച്ചത് ഒരു പുരുഷനെ ആയിരുന്നുവെന്ന് മനസ്സിലായിട്ടും അവർ തിരിച്ചൊരു ചോദ്യം ചോദിച്ചു.

“അങ്ങനെ ഒരാൾ വന്നാൽ ആ ജീവിതത്തിന് എന്ത് ഗ്യാരന്റിയാണുണ്ടാവുക? ഒരു ഭാര്യയുടെ ചുമതലകൾ നിർവഹിക്കാൻ അവൾക്കാവുമോ?”

“ഒരുപക്ഷെ, നമ്മൾ വിചാരിക്കുന്നത്തിലധികം മാറ്റം അവൾക്ക് ഉണ്ടായെങ്കിലോ.ഭർത്താവിന്റെ സ്നേഹം കിട്ടിത്തുടങ്ങുമ്പോൾ അവളുടെ പ്രശ്നം പകുതി കുറയും.

തന്നെ മാത്രം സ്നേഹിക്കാൻ ഒരാളുണ്ട് എന്ന തോന്നൽ അവളെ കൂടുതൽ സന്തോഷവതിയാക്കും. ക്രമേണ അവൾ സാധാരണ കുടുംബ ജീവിതത്തിലേക്ക് മടങ്ങിവരും..”

ഡോക്ടർ പറഞ്ഞത് കേട്ടതോടെ ഒരുപാട് നാളുകൾക്കു ശേഷം അവരുടെ ഹൃദയമൊന്നു തണുത്തു .

ശുഭപ്രതീക്ഷയോടെയാണ് മകളെയും കൊണ്ട് അവർ ഡോക്ടറുടെ അടുക്കൽ നിന്ന് മടങ്ങിയത്.

പിന്നെ കൊണ്ട് പിടിച്ച ശ്രമമായി. ഒരുപാട് പരിചയക്കാരെ ഈ വിഷയം ഏൽപ്പിച്ചു. പക്ഷെ അനുകൂലമായൊരു മറുപടി ആരിൽനിന്നും ഉണ്ടായില്ല..

ഒരു ഏകാദശി നാളിൽ അമ്പല നടയിൽ മനമുരുകി മകൾക്ക് വേണ്ടി പ്രാർത്ഥനയും വഴിപാടുകളുമായി നിൽക്കവേയാണ് സുമിത്രയുടെ ഒപ്പം പഠിച്ച ഒരു സുഹൃത്തിനെ ഒരുപാട് വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്നത്.
ദേവയാനി എന്ന് സ്വയം പരിചയപ്പെടുത്തി അവർ സുമിത്രയുടെ കരം കവർന്നെടുത്തു.

കുറേനാളുകൾ ആയി അവർ കുടുംബസമേതം വിദേശത്തു സ്ഥിരതാമസമാണെന്നും മക്കളൊക്കെ വിവാഹം കഴിഞ്ഞു നല്ല നിലയിൽ ആണെന്നും പറയുമ്പോൾ സ്വന്തം ജീവിതം ഒരല്പം ഇടർച്ചയോടെയല്ലാതെ പറയാൻ സുമിത്രയ്ക്ക് കഴിയുമായിരുന്നില്ല.

മാളുവിന്റെ അവസ്ഥ പറഞ്ഞു കണ്ണ് തുടക്കുമ്പോൾ എല്ലാം ശരിയാകും എന്ന് പറഞ്ഞവർ സുമിത്രയെ ആശ്വസിപ്പിച്ചു.

തിരികെ മടങ്ങുമ്പോൾ സുമിത്രയുടെ ഫോൺ നമ്പർ വാങ്ങാനും കൂട്ടുകാരി മറന്നില്ല.
രണ്ട് ദിവസത്തിനുള്ളിൽ സുമിത്രയെ തേടിയെത്തിയ ഒരു ഫോൺ കാൾ ദേവയാനിയുടെയായിരുന്നു !
മാളുവിന്‌ പറ്റിയൊരു പയ്യനുണ്ട് അവരുടെ പരിചയത്തിൽ.

പക്ഷെ, കാലിന് ലേശം സ്വാധീനക്കുറവുണ്ട് എന്നതൊഴിച്ചാൽ അവൻ മിടുക്കനാണ്. സ്വന്തമായി ഒരു മൊബൈൽ ഷോപ്പും സെർവീസിങ് സെന്ററും നടത്തുകയാണ്.

താല്പ്പര്യമുണ്ടെങ്കിൽ അവരെ ഒന്ന് വിളിക്കൂ എന്ന് പറഞ്ഞു ഒരു നമ്പറും സുമിത്രയ്ക്ക് കൊടുത്തു കൊണ്ടാണ് ആ ഫോൺ സംഭാക്ഷണം അവസാനിച്ചത്.
അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഫോൺ വിളികളിലൂടെ കാര്യങ്ങൾ പെട്ടന്നാണ് ഒരു തീരുമാനത്തിലെത്തിയത്.

കാണാൻ സുമുഖനായ പയ്യനെ ഒറ്റ നോട്ടത്തിൽ തന്നെ സുമിത്രയ്ക്കും ഭർത്താവിനും ഇഷ്ടപ്പെട്ടു. പിന്നെ, നടക്കുമ്പോൾ വലത്തേ കാലിൽ ഒരു മുടന്തുള്ളത് കാര്യമാക്കാനുമില്ല. തന്റെ മാളുവിനെപ്പോലെ ബുദ്ധിയ്ക്ക് കുഴപ്പമൊന്നുമില്ലല്ലോ.

നിശ്ചയിച്ച ഒരു ദിവസം പെണ്ണുകാണലും നടന്നു. വന്നവരുടൊക്കെ മുന്നിൽ മാളു അടങ്ങിയൊതുങ്ങി നിന്നു കൊടുത്തത് സുമിത്രയിൽ പോലും വല്ലാത്ത ആശ്ചര്യമാണുണ്ടാക്കിയത്!

അവിനാശ് എന്നായിരുന്നു പയ്യന്റെ പേര്. മാളുവിന്റെ എല്ലാ കാര്യങ്ങളും അവരോട് തുറന്നു പറഞ്ഞു കൊണ്ടായിരുന്നു അവർ അവളെ അവർക്ക് മുന്നിലേക്ക് ഒരുക്കിയിറക്കിയത്.

ആരെയും നിർബന്ധിച്ചു കൊണ്ട് അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല ഒരു കുടുംബജീവിതം എന്ന് ഇതിനോടകം സുമിത്ര തിരിച്ചറിഞ്ഞിരുന്നു.

ഇത് ഒരു പരീക്ഷണം മാത്രമായിപ്പോകരുതെന്നും അവർ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു.
പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അപാകതകളൊന്നും കാണാൻ അവിനാശിന്റെ ബന്ധുക്കൾക്കും കഴിഞ്ഞില്ല.

എങ്കിലും, ഇങ്ങനെയൊരു ബന്ധം നമ്മുടെ പയ്യന് വേണമോ എന്നൊരു ചോദ്യം എല്ലാ മുഖങ്ങളിലും നിഴൽ വീശിയിരുന്നു .

തനിക്കുമുണ്ടല്ലോ ഒരു വലിയ കുറവ് എന്നായിരുന്നു ഈ വിവാഹത്തിന് സമ്മതമാണെന്ന് അറിയിച്ചു കൊണ്ടുള്ള അവിനാശിന്റെ അവർക്കുള്ള മറുപടി !
പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു.

അമ്മുവിനെ വിളിച്ചു വിവരം പറയുമ്പോൾ അവളെക്കാൾ സന്തോഷം മരുമകനാണെന്നു തോന്നി.

വേണ്ട എല്ലാ സഹായങ്ങളും ചെയ്തു തരാം. ഉടനെ അവധിയെടുത്തു നാട്ടിലേയ്ക്ക് വരികയാണ് അച്ഛനും അമ്മയും ഒന്നു കൊണ്ടും വിഷമിക്കണ്ട എന്ന് അവൻ പറഞ്ഞത് കേട്ട് കണ്ണുകൾ നിറഞ്ഞു.

അവിനാശ് ഒന്നും ആവശ്യപ്പെടാഞ്ഞിട്ടും അമ്മുവിന് കൊടുത്തതിലും കൂടുതൽ മാളുവിന്‌ കൊടുക്കണം എന്നായിരുന്നു ആഗ്രഹം. ഒന്നിന്റെയും പേരിൽ അവൾ അവിടെ തലകുനിക്കാൻ ഇടവരരുത്.

കല്യാണം അടുത്തുള്ള ഒരു ദേവീ ക്ഷേത്രത്തിൽ ശുഭമുഹൂർത്തത്തിൽ തന്നെ വളരെ ഭംഗിയായി നടന്നു. മാളുവിന്റെ ഒരു നിഴലുപോലെ അമ്മു ഒപ്പമുണ്ടായിരുന്നത് വലിയൊരാശ്വാസമായിരുന്നു സുമിത്രയ്ക്ക്.

വിവാഹം കഴിഞ്ഞു അവിനാശിനൊപ്പം കാറിൽ തൊട്ടു ചേർന്നിരിക്കുന്ന മാളുവിന്റെ
മുഖത്ത് വല്ലാത്ത സന്തോഷമായിരുന്നു.പ്രിയപ്പെട്ടവരെയൊക്കെ പിരിയുന്ന വിഷമം അവൾക്ക് അറിയാഞ്ഞിട്ടോ അതോ പുതിയ ജീവിതം സ്വപ്നം കണ്ടിട്ടോ എന്ന് മാത്രം നിശ്ചയമില്ലായിരുന്നു.

അവൾക്കൊരു നല്ല ജീവിതം കിട്ടണേ എന്ന് മാത്രമാണ് ആ നേരത്ത് ഒരു പ്രാർത്ഥന പോലെ മനസ്സിലുണ്ടായിരുന്നത്..

അവൾ പോയിക്കഴിഞ്ഞ ഓരോ നിമിഷങ്ങളും ആശങ്കകളാണ് സമ്മാനിച്ചതെങ്കിലും അന്ന് വൈകിട്ട് അടുക്കള കാണൽ ചടങ്ങിന് ബന്ധുക്കൾക്കൊപ്പം ചെല്ലുമ്പോൾ പുതിയൊരു കസവു സാരിയിൽ തിളങ്ങി അവിനാശിനൊപ്പം ചിരിയോടെ നിൽക്കുന്ന മാളുവിനെ കണ്ടു ഹൃദയം നിറഞ്ഞു..

ആരും അരികിൽ ഇല്ലാത്ത നേരത്ത് അവളുടെ കാതിൽ പറഞ്ഞു കൊടുത്തതും മറ്റൊന്നുമായിരുന്നില്ല.ഈ വീട്ടിലുള്ളവരെ സ്നേഹിക്കണം .ആരോടും ദേഷ്യപ്പെടരുത്. പ്രത്യേകിച്ച് അവിനാശിനോട്.

അവന് നിന്നെ ഒരുപാട് ഇഷ്ടമാണ്. മോൾക്ക് അറിയാവുന്ന ജോലികളൊക്കെ ചെയ്യണം.അമ്മയെ കാണാൻ തോന്നുമ്പോൾ ഒന്ന് ഫോൺ വിളിച്ചാൽ മതി, അച്ഛനും അമ്മയും ഓടിയിങ്ങെത്തും. എന്ത് വിഷമം തോന്നിയാലും അവനോട് പറയണം.

ഒരു നഴ്സറി കുട്ടിയുടെ ഭാവത്തോടെ എല്ലാം തലകുലുക്കി അവൾ സമ്മതിക്കുമ്പോൾ മനസ്സ് നീറുന്നുണ്ടായിരുന്നു. അവൾ ജനിച്ച് ഇന്ന് വരെ ഒരു നിമിഷം പോലും പിരിഞ്ഞിരുന്നിട്ടില്ല.

നാലാം നാൾ സ്വന്തം വീട്ടിലേക്ക് വിരുന്നിനു വരുമ്പോൾ പ്രതീക്ഷിച്ചതിലധികം സന്തോഷവതിയായിരുന്നു മാളു !
രണ്ട് പേരും ഇണക്കുരുവികളെപ്പോലെ ചിരിയും കളിയുമായി നടക്കുന്നത് കണ്ടു മനസ്സ് നിറഞ്ഞു.
പക്ഷെ എവിടെയും വില്ലത്തികൾ സ്ത്രീകൾ തന്നെയാണല്ലോ.

പുതുമോടി മാറുന്നതിനു മുൻപ് അമ്മായിയമ്മ അവളെ വീട്ട് ജോലികൾ മുഴുവനും ഏൽപ്പിച്ചു പെണ്മക്കളുടെ വീടുകളിൽ സന്ദർശനത്തിന് പോവുക പതിവായിരുന്നു.

തിരികെ വരുമ്പോൾ വീട്ടിനകത്തെ വൃത്തിയില്ലായ്മ ചൂണ്ടിക്കാട്ടി അവർ അവളോട് പോരെടുക്കാൻ തുടങ്ങി.കറികൾ ഉണ്ടാക്കുന്നതിലെ കുറ്റം കണ്ടു പിടിച്ച് അവളെ അവിനാശിന്റെ മുന്നിൽ കുറ്റക്കാരിയാക്കി.

പോരെങ്കിൽ എന്തിനും ഏതിനും മന്ദബുദ്ധിയെന്ന് വിളിച്ചു അപമാനിച്ചു. മകന്റെ ഭാവി കളഞ്ഞു എന്ന് ഏതു നേരവും വിലപിച്ചും കൊണ്ട് അയല്പക്കങ്ങളിൽ ചെന്നിരുന്നു മരുമകളെ കുറ്റപ്പെടുത്തി സംസാരിച്ചു..

പലതും കണ്ടില്ലെന്ന് നടിച്ചെങ്കിലും അവിനാശിനും സമനില തെറ്റിത്തുടങ്ങി.അവനും അവളോട് കയർത്തു പെരുമാറാൻ തുടങ്ങി.

ആ വീട്ടിൽ ആരും അവളോട് സ്നേഹം കാട്ടുന്നില്ല എന്ന തോന്നൽ അവളെ വീണ്ടും പഴയ നിലയിലേയ്ക്ക് കൊണ്ട് വന്നു. കയ്യിൽ കിട്ടിയതൊക്കെ എടുത്തെറിഞ്ഞും ഉറക്കെ കരഞ്ഞും അവൾ അരിശം തീർത്തു.

അവിനാശിനൊപ്പം പുറത്തു പോകാൻ നിർബന്ധം പിടിച്ച അവളെ അമ്മായിയമ്മ മന്ദബുദ്ധിപെണ്ണിനേയും എഴുന്നള്ളിച്ചു നടക്കാൻ നാണമില്ലെടാ എന്ന് ചോദിച്ചത് പിടിക്കാഞ്ഞ അവൾ കയ്യിലിരുന്ന മരത്തവി കൊണ്ട് അവരുടെ തലയിൽ അടിച്ചു.

തലപൊട്ടി രക്തം വരുന്നത് കണ്ടു നിലവിളിച്ച അമ്മയെയും കൊണ്ട് അവിനാശ് അവളെ അവിടെ ഒറ്റയ്ക്കാക്കി ഹോസ്പിറ്റലിലേയ്ക്ക്
പോയി. പക്ഷെ, അല്പം മനസാക്ഷി ഉള്ളത് കൊണ്ട് അവൻ സുമിത്രയെ വിളിച്ചു പറഞ്ഞു.മാളു ഒറ്റയ്ക്കാണെന്നും അമ്മ കൂട്ടിക്കൊണ്ട് പോകാനും.

അതുകേട്ടതോടെ വെപ്രാളം പിടിച്ചു അച്ഛനെയും കൂട്ടി ചെന്നു മകളെയും കൊണ്ട് തിരികെ മടങ്ങുകയായിരുന്നു അവർ. യാത്രയിൽ
മടിയിൽ കിടന്നുറങ്ങുന്ന മാളുവിന്റെ തലമുടിയിലൂടെ വിരലുകൾ ഓടിക്കുമ്പോൾ വേണമായിരുന്നോ അവൾക്കൊരു വിവാഹം
എന്ന ആശയക്കുഴപ്പത്തിലായിരുന്നു.

മന്ദബുദ്ധി എന്നൊരു പേര് വീണ കുട്ടിയെ വീണ്ടും വീണ്ടും ആ ഒരു കണ്ണിലൂടെ മാത്രമേ ആളുകൾ കാണുകയുള്ളൂ. പോരെങ്കിൽ അവൾ സ്വാഭാവികമായി ചെയ്യുന്നത് പോലും കുറ്റമായി കാണുന്ന ഒരു കൂട്ടം ആളുകൾക്കിടയിൽ!
ഇനിയെന്ത് വേണം? ഒന്നുമറിയില്ല..

അവിനാശ് അവളെ കൂട്ടിക്കൊണ്ട് പോകാൻ വരുമോയെന്ന് നോക്കട്ടെ. അതുവരെ അവൾ തങ്ങൾക്കൊപ്പം നിൽക്കട്ടെ..
ഇടയ്ക്ക് അവിനാശിനെ വിളിച്ചു അമ്മയ്ക്കെങ്ങനെ ഉണ്ടെന്ന് തിരക്കി.തലയിൽ നാലു സ്റ്റിച്ച് ഉണ്ടെന്നു കേട്ട് ഒരു നിമിഷം മിണ്ടാതെ നിന്നു.

പിന്നെ അമ്മയുടെ കയ്യിൽ ഫോൺ കൊടുക്കാൻ പറഞ്ഞു.സംഭവിച്ചു പോയതിനൊക്കെ മകൾക്ക് വേണ്ടി താൻ മാപ്പ് ചോദിക്കുന്നു എന്ന് പറയുമ്പോൾ മാളു തന്നെ ഉറ്റുനോക്കുന്നുണ്ടായിരുന്നു!

“ആർക്ക് വേണം ഇനി നിങ്ങളുടെ മാപ്പ്!
ഞങ്ങടെ ചെറുക്കന് ഇനി ആ മന്ദബുദ്ധി പെണ്ണിനെ വേണ്ട. അതാണ് ഞങ്ങളുടെ എല്ലാവരുടെയും തീരുമാനം..”

മറുപ്പുറത്തു നിന്ന് കേട്ട വാക്കുകൾ ഹൃദയത്തെ നുറുക്കിക്കളഞ്ഞു.

“ഇന്നവൾ എന്റെ തല തല്ലിപ്പൊട്ടിച്ചു. നാളെ എന്റെ കുഞ്ഞിനെ കൊലയ്ക്ക് കൊടുക്കില്ലെന്ന് എന്താ ഉറപ്പ്.. ആ പെണ്ണിനെ ഏതെങ്കിലും മുറിയിൽ പൂട്ടിയിട്ട് വളർത്ത്. അതായിരിക്കും എല്ലാം കൊണ്ടും നല്ലത്.”

സുമിത്ര ഫോൺ കട്ടാക്കിയിട്ട് നിന്ന് കിതച്ചു. ബിപി കൂടിയെന്ന് തോന്നുന്നു. വല്ലാത്തൊരു ക്ഷീണം. കണ്ണിൽ ഇരുട്ട് കേറുന്നു..
ഇത്തിരി വെള്ളം കിട്ടിയിരുന്നേൽ..

“മാളൂ അമ്മയ്ക്കിത്തിരി വെള്ളം തരൂ..”

മേശമേൽ തല ചായ്ച്ചു വെച്ചു കണ്ണ് നീർ വാർത്തു. ഇത്രയും പെട്ടന്ന് അവളുടെ കുടുംബ ജീവിതത്തിൽ പ്രതിസന്ധികളുണ്ടാവുമെന്ന് കരുതിയതേയില്ല.

ഇനി തന്നെക്കൊണ്ട് എന്ത്‌ ചെയ്യാൻ പറ്റും. ഹൃദ്രോഗിയായ ഭർത്താവ് എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി മൗനം പൂണ്ടിരിക്കുന്നു . താനൊറ്റയ്ക്ക് എന്ത് ചെയ്യും?
അമ്മുവിനെ ഒന്ന് വിളിച്ചാലോ..

മിസ്സ്കാൾ അടിച്ചു കാത്തിരുന്നു. പെട്ടന്ന് അവൾ തിരികെ വിളിച്ചു. വിങ്ങിപ്പൊട്ടികൊണ്ടാണ് കാര്യങ്ങളെല്ലാം അവളോട് പറഞ്ഞത്. എല്ലാം കേട്ട് കഴിഞ്ഞ് അവൾ തിരിച്ചൊരു ചോദ്യം ചോദിച്ചു.

“ഇങ്ങനെ ഉള്ള ഭവിഷ്യത്തൊക്കെ ഭാവിയിൽ ഉണ്ടാകുമെന്ന് മുൻകൂട്ടി പ്രതീക്ഷിച്ചതല്ലേ നമ്മൾ. പിന്നെ എന്തിനാണ് ഇപ്പൊ ഇങ്ങനെ വിഷമിക്കുന്നത്?”

മറുപടി പറയാനൊന്നും ഇല്ലായിരുന്നു. ഒരമ്മയുടെ ദുഃഖം മനസ്സിലാകണമെങ്കിൽ നാളെ അവളും ഒരമ്മയാകണം. ഇതുപോലെ ഒരു കുട്ടിക്ക് ജന്മം കൊടുക്കണം.. പക്ഷെ, ഇനിയാർക്കും താനനുഭവിക്കുന്ന ദുഃഖവും പ്രയാസങ്ങളും ഉണ്ടാവാതിരിക്കട്ടെ..

അവിനാശ് തീരെ പ്രതീക്ഷിക്കാതെ ഒരു ഉച്ച കഴിഞ്ഞ നേരത്താണ് അവിടെയെത്തിയത്. മാളു, ഏട്ടാ എന്ന് വിളിച്ചു കൊണ്ട് ഓടിയടുത്തു ചെന്നു.

പക്ഷെ, അവന്റെ മുഖം കനത്തിരുന്നു.
സ്നേഹം തൊട്ട് തീണ്ടാത്ത മുഖഭാവം.
അവൾ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് മുറിയിലേയ്ക്ക് പോകാൻ ശ്രമിച്ചു. പക്ഷെ, അവളുടെ കൈകൾ വിടർത്തി മാറ്റി അവൻ സുമിത്രയോടാണു സംസാരിച്ചത്.

“എനിക്ക് എന്റെ വീട്ടുകാരുടെ ഇഷ്ടത്തിന് നിൽക്കാതെ പറ്റില്ല.ഇത്രയും നാൾ ഞാൻ ഇവൾക്ക് വേണ്ടിയാണ് അവരോട് കലഹിച്ചതും, പിടിച്ചു നിന്നതും. പക്ഷെ, അന്നത്തെ സംഭവം കൊണ്ട് വീട്ടിൽ ഇനിയിവളെയും കൊണ്ട് വരാൻ അമ്മ ഒരിക്കലും സമ്മതിക്കില്ലെന്നാണ് പറയുന്നത്.

ഞാനെന്തു വേണം? അമ്മ പറയ് ”

മാളു അപ്പോഴേക്കും മുറിയിൽ പോയി അവളുടെ ഡ്രെസ്സുകളെല്ലാം ഒരു വലിയ ബാഗിലാക്കി ഒരുങ്ങി വന്നു.

“വാ ഏട്ടാ. നമുക്ക് നമ്മുടെ വീട്ടിൽ പോവാം.”

ധർമ്മസങ്കടത്തിൽ പെട്ടത് പോലെ അവിനാശ് സുമിത്രയെ നോക്കി. പാവം കുട്ടി !
അവളുടെ മനസ്സിൽ ഒന്നും തന്നെയില്ല.എല്ലാ വിദ്വേഷങ്ങളും മാഞ്ഞു പോയിരിക്കുന്നു.

“മോളെ അമ്മ അവിടെ കൊണ്ടാക്കാം.ഇന്നല്ല വേറൊരു ദിവസം.. ഇന്ന് അവന് വേറെ എവിടെയോ പോകാനുണ്ട്.അവൻ പൊയ്ക്കോട്ടേ”

തെളിച്ചം അണഞ്ഞു പോയ മുഖത്തോടെ അവൾ കരച്ചിൽ അടക്കിപ്പിടിച്ചു.
ഏട്ടന് തന്നോട് പഴയ ആ സ്നേഹം ഒട്ടും ഇല്ലെന്ന് അവൾക്ക് തോന്നി.

മുൻപ് ഇങ്ങനെയൊന്നുമായിരുന്നില്ല !
ഒന്നും മിണ്ടാതെ മുഖം കുനിച്ച് അവൾ ബാഗുമായി സ്വന്തം മുറിയിലേയ്ക്ക് നടന്നു പോകുന്നത് കണ്ടപ്പോൾ സുമിത്ര സാരിത്തുമ്പു കൊണ്ട് വാ പൊത്തിപിടിച്ചു.

അരുത്, തന്റെ സങ്കടം.. നിസ്സഹായവസ്ഥ ഒന്നും അവൻ അറിയരുത്.അവന് വേറെ നല്ലൊരു പെൺകുട്ടിയെ കിട്ടുമെങ്കിൽ താനായിട്ട് അതിനി തടയാൻ പാടില്ല.

അവിനാശ് എന്ത് വേണമെന്നറിയാതെ കുറച്ചു നേരം അവിടെ പതർച്ചയോടെ നിന്നു. പിന്നെ, ആരോടും ഒരു യാത്ര പോലും പറയാതെ തലയും കുനിച്ചു പടിയിറങ്ങി പോയി.

അതുവരെ അടക്കിപ്പിടിച്ച വലിയൊരു തേങ്ങൽ നിലതെറ്റി അവരെ കടപ്പുഴക്കിയെറിഞ്ഞു ..
ഇനിയൊരു കരച്ചിലുകൾക്കും ഇട നൽകാത്ത വിധം ശക്തവും രൂക്ഷവുമായിരുന്നു ആ വലിയ നിലവിളികൾ.

മുറിയിലപ്പോൾ ഫാനിന്റെ കാറ്റിൽ തലങ്ങും വിലങ്ങും പറന്നു നടക്കുന്ന പിച്ചിക്കീറിയ കല്യാണ ഫോട്ടോയിലേയ്ക്ക് നോക്കി മാളു ആർത്തു ചിരിച്ചുകൊണ്ടേയിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *