(രചന: ശ്രേയ)
” ഒരിക്കൽ ഇങ്ങനെ സംഭവിച്ചു എന്ന് കരുതി എല്ലായിപ്പോഴും ജീവിതം പരാജയപ്പെട്ടു പോകണം എന്നൊന്നുമില്ലല്ലോ..
നീ തന്നെ ഒന്നോർത്തു നോക്കൂ.. നീ ചെറുപ്പമാണ് മോളെ.. ജീവിതം ഇനിയും ഒരുപാട് ബാക്കിയുണ്ട്. ഇപ്പോഴേ ഒന്നും വേണ്ട എന്ന് പറഞ്ഞ് ഇങ്ങനെ ഇരിക്കുന്നത് നിന്റെ ഭാവിക്ക് നല്ലതല്ല..”
വിമല മകളെ പറഞ്ഞു മനസ്സിലാക്കാൻ കഴിയുന്നതും ശ്രമിക്കുന്നുണ്ടായിരുന്നു.അവർ പറഞ്ഞത് കേട്ടപ്പോൾ അവൾ രൂക്ഷമായി അവരെ നോക്കി.
” അമ്മ എന്താ പറഞ്ഞു വരുന്നത്..? ഞാൻ രണ്ടാമതൊരു കല്യാണം കഴിച്ചാൽ എന്റെ ഭാവി നല്ല രീതിയിൽ പോകും എന്നാണോ..?ശരിക്കും അമ്മ അങ്ങനെയാണോ കരുതിയിരിക്കുന്നത്..?”
ദേഷ്യത്തോടെ അവൾ ചോദിച്ചപ്പോൾ ഇത്തവണ വിമലക്കും ദേഷ്യം വരുന്നുണ്ടായിരുന്നു.
” നിന്റെ മട്ടും ഭാവവും ദേഷ്യവും ഒക്കെ കണ്ടാൽ തോന്നും ഞങ്ങൾ എന്തോ ചെയ്തിട്ടാണ് നിന്റെ ആദ്യവിവാഹം ഇങ്ങനെയൊക്കെ ആയി പോയതെന്ന്.
ഞങ്ങളാരും കണ്ടുപിടിച്ചതായിരുന്നില്ല നിന്റെ ആദ്യ വിവാഹത്തിനുള്ള ചെറുക്കനെ..നീ സ്വയം കണ്ടെത്തിയതാണ്. 8 വർഷം സ്നേഹിച്ചു നടന്നതാണ് എന്ന് പറഞ്ഞ് അവനെ തന്നെ മതി എന്ന് ഇവിടെ വാശി പിടിച്ചതും നിരാഹാരം കിടന്നതും ഞങ്ങൾ ആരും മറന്നിട്ടില്ല.
സ്നേഹിച്ചു നടക്കുന്ന കാലത്തുള്ള സ്വഭാവം നല്ല ജീവിതത്തിൽ ഉണ്ടാവുക എന്ന് പലവട്ടം ഞാനും നിന്റെ അച്ഛനും ഒക്കെ നിന്നെ ഉപദേശിച്ചതാണ്.പുറത്ത് അന്വേഷിച്ചപ്പോൾ അവന്റെ സ്വഭാവം നല്ലതല്ല എന്ന് നിന്റെ ഏട്ടൻ നിന്നോട് പറഞ്ഞതല്ലേ..?
അന്ന് ഞങ്ങളൊക്കെ നിന്റെ ശത്രുക്കളായിരുന്നു. നിനക്ക് വലുത് അവനും അവന്റെ സന്തോഷങ്ങളും ഒക്കെ ആയിരുന്നു. നിന്റെ വാശിയും നിരാഹാരവും ഒന്നും സഹിക്കാൻ വയ്യാതെയാണ് അച്ഛൻ ആ ബന്ധത്തിന് സമ്മതം മൂളിയത്.
എനിക്കും നിന്റെ ഏട്ടനും പൂർണമായ താല്പര്യമുണ്ടായിട്ടൊന്നുമല്ല.. ആകെയുള്ള ഒരു പെൺകുട്ടിയെ വിഷമിപ്പിക്കേണ്ട എന്ന് കരുതിയാണ് എല്ലാത്തിനും ഞങ്ങളും കൂട്ടു നിന്നത്..
ഇത്രയും ഒക്കെ ചെയ്തിട്ടും എന്തുണ്ടായി..? സമാധാനമായിട്ട് നിനക്ക് അവന്റെ കൂടെ പത്ത് ദിവസമെങ്കിലും താമസിക്കാൻ കഴിഞ്ഞോ..? ”
വിമല ദേഷ്യത്തോടെ ചോദിച്ചപ്പോൾ രമ്യ തലകുനിച്ചു.
“എന്തെങ്കിലും ചോദിക്കുകയും പറയുകയും ചെയ്താൽ അപ്പോൾ തന്നെ തലയും കുനിച്ച് ഒരു നിൽപ്പുണ്ട്. അതാകുമ്പോൾ പിന്നെ ആരും ഒന്നും ചോദിക്കുകയുമില്ലല്ലോ.. ഇനി അത് നടക്കില്ല രമ്യ.. നിന്റെ ജീവിതം ഇങ്ങനെ നശിച്ചു പോകുന്നതു കാണാൻ ഞങ്ങൾക്ക് പറ്റില്ല..
എന്തായാലും ഞങ്ങൾ തീരുമാനിച്ചതു പോലെ വിവാഹം നടത്താൻ തന്നെയാണ് തീരുമാനം.. പെണ്ണുകാണൽ ചടങ്ങൊക്കെ നടത്തി നിനക്കും കൂടി ബോധ്യമാകും എങ്കിൽ മാത്രമേ വിവാഹം നടത്തൂ.. അതോർത്ത് നീ പേടിക്കണ്ട..”
വിമല അങ്ങനെ തന്നെ വീണ്ടും പറയുമ്പോൾ രമ്യയ്ക്ക് ആകെ ഒരു അസ്വസ്ഥത തോന്നി.
വീണ്ടും ഒരു വിവാഹം എന്നത് താൻ ഒരിക്കലും ചിന്തിച്ചിട്ട് പോലുമില്ല..!കാരണം ആദ്യ വിവാഹത്തിൽ നിന്നും തന്നെ ഒരുപാട് അനുഭവങ്ങൾ അവൾക്ക് കിട്ടിയിരുന്നു.. ഇനിയും അതിന്റെ ആവർത്തനങ്ങൾ ഉണ്ടായാൽ ഒരുപക്ഷേ തനിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞെന്നു വരില്ല.
ഓർമ്മകൾ വീർപ്പുമുട്ടിക്കാൻ തുടങ്ങിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.
ഒരിക്കലും പ്രതീക്ഷിച്ചതല്ല ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്..!പക്ഷേ… വിധി.. അതിനെ മാറ്റി എഴുതുക അസാധ്യമാണല്ലോ..!
ബിജേഷ്.. വീടിന്റെ തൊട്ട് അയൽവക്കത്ത് തന്നെ താമസിക്കുന്ന ഒരു കുടുംബം ആയിരുന്നു ബിജേഷിന്റേത്.
പക്ഷേ ബിജേഷ് അവിടെ ആയിരുന്നില്ല താമസം.അപ്പൂപ്പൻ മരിച്ചതോടെ ഒറ്റയ്ക്കായി പോയ അമ്മൂമ്മയോടൊപ്പം ആയിരുന്നു അവന്റെ താമസം. അതുകൊണ്ടു തന്നെ അവൻ ഇവിടേക്ക് വരുന്നതും താമസിക്കുന്നതും ഒക്കെ വളരെ ചുരുക്കമാണ്.
ഈ നാട്ടുകാർക്ക് അവനെപ്പറ്റിയുള്ള അറിവും വളരെ ചെറുതാണ്.
ഒരിക്കൽ ഒരു ഓണക്കാലത്ത് അമ്മയോടും അച്ഛനോടും സഹോദരിയോടും ഒപ്പം ഓണം ആഘോഷിക്കാനായി അവൻ ഇവിടേക്ക് വന്നിരുന്നു. അന്ന് ഡിഗ്രി ഒക്കെ കഴിഞ്ഞു നിൽക്കുകയായിരുന്നു അവൻ. താൻ ആണെങ്കിൽ എട്ടാം ക്ലാസുകാരിയും..!
ഒരുപക്ഷേ അന്നായിരിക്കും ഞങ്ങൾ തമ്മിൽ നേർക്കു നേരെ നന്നായി കാണുന്നത്.ആ ഓണത്തിന്റെ സമയത്ത് ഏകദേശം 10 ദിവസത്തോളം അവൻ ഇവിടെ തന്നെ ഉണ്ടായിരുന്നു.
ആ സമയത്തായിരുന്നു ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടതും സൗഹൃദം സ്ഥാപിച്ചതും.ആ സൗഹൃദം അവൻ ഇവിടെ നിന്ന് പോകുന്നതിനു മുൻപ് തന്നെ പ്രണയമായി പരിണമിച്ചിരുന്നു.
പിന്നീട് ഓരോ അവധിക്കാലത്തും അവൻ ഇവിടേക്ക് ഓടി വന്നിരുന്നത് എന്നെ കാണാൻ വേണ്ടി മാത്രമായിരുന്നു.അത് തന്നെ സന്തോഷിപ്പിച്ചത് ചെറുതായിട്ടൊന്നുമായിരുന്നില്ല.
വല്ലപ്പോഴും മാത്രം വന്നു പോയിരുന്ന അവൻ പിന്നീട് ഇവിടുത്തെ സ്ഥിരം സന്ദർശകനായി മാറി. അത് അവന്റെ അച്ഛനും അമ്മയ്ക്കും ഒക്കെ സന്തോഷം തന്നെയായിരുന്നു.
എത്രയൊക്കെയായാലും സ്വന്തം കുഞ്ഞിനെ അകറ്റി നിർത്തുന്നത് ഒരു മാതാപിതാക്കൾക്കും സഹിക്കില്ലല്ലോ..!!
വർഷങ്ങൾ കഴിഞ്ഞു പോകുന്തോറും ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ആഴം വർദ്ധിക്കുകയല്ലാതെ ഒരിക്കലും അതിലൊരു കുറവും വന്നിട്ടില്ല. അവനെയും ഭ്രാന്തമായി തന്നെ താൻ സ്നേഹിച്ചു.
താൻ പ്ലസ് ടു പഠിക്കുമ്പോഴാണ് തന്റെയും അവന്റെയും പെരുമാറ്റത്തിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ട് എന്ന് വീട്ടുകാർ കണ്ടെത്തുന്നത്.തന്നെ ചോദ്യം ചെയ്തപ്പോൾ കൂടുതൽ ഒന്നും മറച്ചുവെക്കാൻ ഉണ്ടായിരുന്നില്ല.
കാരണം എന്തൊക്കെ സംഭവിച്ചാലും ഞാൻ അവന്റേതാണ് എന്നൊരു വാക്ക് അവൻ എനിക്ക് തന്നിരുന്നു.അത് വിശ്വസിച്ചു തന്നെയാണ് അവരോട് എല്ലാം തുറന്നു പറഞ്ഞത്.
ഒക്കെയും കേട്ട് കഴിഞ്ഞപ്പോൾ വീട്ടിൽ എല്ലാവർക്കും അമ്പരപ്പായിരുന്നു. പക്ഷേ അവന്റെ കുടുംബത്തെ വർഷങ്ങളായി അറിയുന്നതുകൊണ്ടു തന്നെ അവർക്ക് ഇതിനെക്കുറിച്ച് ഒന്നാലോചിക്കാം എന്നൊരു മനസ്സുണ്ടായിരുന്നു.
ഏട്ടനും അച്ഛനും കൂടി തന്നെയാണ് അവൻ താമസിക്കുന്ന സ്ഥലത്ത് പോയി അവന്റെ സ്വഭാവത്തെക്കുറിച്ച് അന്വേഷിച്ചത്. പക്ഷേ പോയിട്ട് തിരിച്ചു വന്ന അച്ഛന്റെയും ഏട്ടന്റെയും മുഖം തെളിഞ്ഞിരുന്നില്ല.
അവനെക്കുറിച്ച് അവിടെ നിന്ന് നല്ലതൊന്നും കേൾക്കാൻ ഉണ്ടായിരുന്നില്ല..അവിടെ അറിയപ്പെടുന്ന ഒരു ഗുണ്ട എന്ന് തന്നെ പറയാം.. അതൊക്കെ ഏട്ടൻ പറഞ്ഞു കേൾക്കുമ്പോൾ ഏട്ടനോട് വല്ലാത്തൊരു ദേഷ്യം തോന്നി.
അല്ലെങ്കിലും പ്രാണനെ പോലെ സ്നേഹിക്കുന്ന ഒരുവനെ കുറിച്ച് ആരെങ്കിലും കുറ്റം പറഞ്ഞാൽ അത് കേട്ട് നിൽക്കാനുള്ള മനസ്സുറപ്പ് ആർക്കും ഉണ്ടാവില്ലല്ലോ..!
ആരൊക്കെ എന്തൊക്കെ രീതിയിൽ പറഞ്ഞിട്ടും അതൊന്നും മനസ്സിലാക്കാതെ അവനെ തന്നെ മതി എന്ന് ഒറ്റക്കാലിൽ വാശിപിടിച്ചു നിൽക്കുകയായിരുന്നു താൻ.
തന്റെ നിരന്തരമായ വാശിയുടെയും ഭീഷണിയുടെയും ഫലമായിട്ടാണ് അച്ഛനും അമ്മയും ഒക്കെ തന്റെ മുന്നിൽ തോറ്റു തന്നത്.സ്വർണ്ണവും പണവും ഒക്കെ കൊടുത്തു തന്നെയാണ് തന്നെ വിവാഹം കഴിപ്പിച്ചു വിട്ടത്.
സ്വർഗ്ഗം കീഴടക്കിയ സന്തോഷമായിരുന്നു അന്ന് തനിക്ക്. ആശിച്ചതും മോഹിച്ചതും ഒക്കെ കൈപ്പിടിയിൽ ഒതുങ്ങുകയാണ് എന്ന ഒരു തോന്നൽ..!
പക്ഷേ ആ ചിന്തകളും സന്തോഷവും ഒക്കെ വെറും ഒരു ദിവസം മാത്രമേ നീണ്ടു നിന്നുള്ളൂ..അവന്റെ സ്വഭാവം എത്രത്തോളം മോശമാണെന്ന് പിന്നീടുള്ള ഓരോ ദിവസങ്ങളിലും താൻ അറിഞ്ഞിരുന്നു.
ആരോടും പരാതിയോ പരിഭവമോ ഒന്നും പറയാൻ കഴിയില്ല ആയിരുന്നു.കാരണം ഞാൻ സ്വയം തെരഞ്ഞെടുത്ത ജീവിതമായിരുന്നല്ലോ..
മദ്യപാനവും പുകവലിയും എന്ന് മാത്രമല്ല പലതരത്തിലുള്ള രതി വൈകൃതങ്ങൾക്ക് പോലും അയാൾ അടിമയായിരുന്നു.. അതിലെ ഒരു ഫാന്റസി നടപ്പിലാക്കാനായിരുന്നു അന്ന് രാത്രി അയാൾ മുറിയിലേക്ക് കയറി വന്നത്..
അന്ന് അയാളോടൊപ്പം അയാളുടെ മറ്റ് രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. ആ സുഹൃത്തുക്കൾക്കൊപ്പം ഞാൻ കിടക്കുന്നത് കാണണം എന്നായിരുന്നു അയാളുടെ ആവശ്യം.
അയാൾ ചെയ്തതും പറഞ്ഞതും മുഴുവൻ ഞാൻ സഹിച്ചിരുന്നത് അയാളോടുള്ള പ്രണയം കൊണ്ട് മാത്രമായിരുന്നു.പക്ഷേ അയാളുടെ ആ ഒരു പ്രവർത്തിയോടുകൂടി അയാളോട് ഉണ്ടായിരുന്ന ഇഷ്ടത്തിന്റെ ഒരു തരിമ്പ് പോലും അവശേഷിക്കാതെ എന്നിൽ നിന്ന് നഷ്ടമായി.
അതുകൊണ്ടാണ് പിന്നീട് ഒരു ചിന്തയ്ക്കും നിൽക്കാതെ കൈയിൽ കിട്ടിയ ഫ്ലവർവൈസ് എടുത്ത് അയാളുടെ തലയും അടിച്ചു പൊട്ടിച്ച് അവിടെ നിന്ന് ഇറങ്ങി ഓടിയത്. ചെന്ന് പെട്ടതാണെങ്കിൽ പോലീസുകാരുടെ മുന്നിലും..!!
ആ സമയത്ത് അവരോട് കാര്യങ്ങൾ തുറന്നു പറഞ്ഞു ജീവൻ രക്ഷിക്കണമെന്ന് അപേക്ഷിക്കാൻ അല്ലാതെ തനിക്ക് മറ്റൊന്നിനും തോന്നിയില്ല. കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിയ ആ പോലീസുകാർ തന്നെ ആശ്വസിപ്പിച്ചു വീട്ടിലേക്ക് കൊണ്ടാക്കി.
പിന്നീടറിഞ്ഞു അയാളെയും സുഹൃത്തുക്കളെയും ഒക്കെ പോലീസ് അറസ്റ്റ് ചെയ്ത വിവരം.. അത് തന്നെ ഒട്ടും ബാധിക്കുന്നത് ആയിരുന്നില്ല.
അയാളുടെ സ്വഭാവദൂഷ്യം ചൂണ്ടിക്കാട്ടി ഡിവോഴ്സിന് അപ്ലൈ ചെയ്തതോടെ വേഗം തന്നെ അത് അനുവദിച്ചു കിട്ടി.
ഇപ്പോൾ കുറച്ചു മാസങ്ങളായി വീട്ടിൽ നിന്ന് പുറത്തിറങ്ങാത്ത ഒരുതരത്തിലുള്ള ഒളിച്ചോട്ടം തന്നെയാണ്.. തന്നെ ഇങ്ങനെ കാണാൻ ഇഷ്ടമില്ലാത്തതു കൊണ്ടായിരിക്കണം വീട്ടുകാർ വേറൊരു വിവാഹത്തിന് നിർബന്ധിക്കുന്നത്..!
പക്ഷേ മോശപ്പെട്ട ഇത്രയും അനുഭവങ്ങൾ മുന്നിലുള്ളപ്പോൾ, എങ്ങനെയാണ് മറ്റൊരു ജീവിതത്തിനു സമ്മതം നൽകുക..?
ചിന്തകൾ ചൂടുപിടിക്കുമ്പോഴും ഇനിയും തന്റെ വീട്ടുകാരെ വിഷമിപ്പിക്കാൻ കഴിയില്ലല്ലോ എന്നൊരു ചിന്ത കൂടി അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു..!!