(രചന: ശ്രേയ)
” മറ്റുള്ളവരുടെ മുന്നിൽ വച്ചു എന്നെ കളിയാക്കാൻ കിട്ടുന്ന ഒരു അവസരവും നീ പാഴാക്കാറില്ലല്ലോ.. ഞാൻ എന്നെങ്കിലും നിന്നോട് അങ്ങനെ പെരുമാറിയിട്ടുണ്ടോ കീർത്തി..? ”
ദേഷ്യത്തോടെ അതിലേറെ സങ്കടത്തോടെ രഞ്ജു ചോദിച്ചപ്പോൾ അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു.
” അതിന് ഞാൻ നിന്നെ പോലെ ഒരു ലോസർ അല്ലല്ലോ.. ”
അതും പറഞ്ഞു അവളുടെ ചിരി ഉച്ചത്തിൽ ആയി.. തന്റെ തൊലി ഉരിഞ്ഞു പോകുന്നത് പോലെ ആണ് രഞ്ജുവിന് തോന്നിയത്.
” നീ എന്താ പറഞ്ഞത്..? ഞാൻ ഒരു ലോസർ ആണെന്നോ..? ”
ദേഷ്യവും വിഷമവും ഒക്കെ ഒരുപോലെ നിറഞ്ഞു നിന്നിരുന്നു രഞ്ജുവിന്റെ ആ ചോദ്യത്തിൽ.
“അതിൽ എന്താ ഇത്ര സംശയം..? ഉണ്ടായിരുന്ന ജോലി ഇപ്പോഴുമുണ്ട് എന്നല്ലാതെ അതിൽ ഒരു പ്രമോഷൻ പോലും നിനക്ക് ഇല്ലല്ലോ.
കൃത്യമായി വർക്ക് ചെയ്യുന്ന ആളുകൾക്ക് പ്രമോഷൻ കൃത്യമായി തന്നെ കിട്ടുന്നുമുണ്ട്.
എല്ലാം കൊണ്ടും നീ ഒരു പൂർണ്ണ പരാജയം തന്നെയാണ്.. അതിൽ നിനക്ക് സംശയമുണ്ടെങ്കിലും എനിക്ക് യാതൊരു സംശയവുമില്ല.”
കീർത്തി പുച്ഛത്തോടെ പറഞ്ഞപ്പോൾ രഞ്ജുവിന്റെ തൊണ്ടയിൽ വാക്കുകൾ കുടുങ്ങുന്നുണ്ടായിരുന്നു. അവളെ ഒന്ന് നോക്കിക്കൊണ്ട് അവൻ തൊട്ടപ്പുറത്തെ മുറിയിലേക്ക് കയറി വാതിൽ വലിച്ചടച്ചു.
അത് കണ്ടപ്പോൾ അവളുടെ ചുണ്ടിലെ പുച്ഛത്തിന് വീര്യം കൂടി.
മുറിയിലേക്ക് കയറിയ രെഞ്ചു സങ്കടത്തോടെ ബെഡിലേക്ക് ഇരുന്നു.
‘അവൾ തന്നെ ഇങ്ങനെയാണോ കാണുന്നത്..? അവൾക്കുവേണ്ടി ആയിരുന്നില്ലേ തന്റെ ത്യാഗങ്ങൾ മുഴുവൻ..? എന്നിട്ടും…!’
അവന് വല്ലാത്തൊരു സങ്കടം നെഞ്ചിൽ വന്നു തറക്കുന്നതു പോലെ തോന്നി.
അവന്റെ ഓർമ്മകൾ പഴയകാലത്തിലേക്ക് ഒഴുകി നീങ്ങുകയായിരുന്നു.
കോളേജ് കാലഘട്ടം മുതലുള്ള പരിചയമാണ് കീർത്തിയുമായിട്ടുള്ളത്. ആദ്യമൊക്കെ ഒരേ റൂട്ടിൽ സഞ്ചരിക്കുന്നവർ എന്നുള്ള രീതിയിലുള്ള ഒരു പരിചയം മാത്രമായിരുന്നു തങ്ങൾ തമ്മിലുണ്ടായിരുന്നത്.
പക്ഷേ ഒരു ദിവസം അപ്രതീക്ഷിതമായി ഒരു ഹർത്താൽ വന്നു. അന്ന് എന്തോ ഭാഗ്യം കൊണ്ട് താൻ ബൈക്കിൽ ആയിരുന്നു കോളേജിൽ പോയത്.
കോളേജിൽ ക്ലാസ് കഴിഞ്ഞ് ഇറങ്ങിയ സമയത്താണ് ഹർത്താൽ പ്രഖ്യാപിച്ചതിനെ കുറിച്ച് കുട്ടികൾ ഒക്കെ അറിഞ്ഞത് തന്നെ.
അതോടെ എങ്ങനെ വീട്ടിൽ പോകും എന്നുള്ള കാര്യത്തിൽ കുട്ടികൾ പരസ്പരം തർക്കങ്ങളും സംസാരങ്ങളും ഒക്കെയായി.
അതിനിടയിലാണ് ഞാൻ കീർത്തിയെ കുറിച്ച് ഓർക്കുന്നത്. ഞങ്ങളുടെ റൂട്ടിൽ അങ്ങനെ എല്ലായിപ്പോഴും ബസ് ഉള്ള റൂട്ട് ഒന്നുമല്ല. ആ സ്ഥിതിക്ക് അവൾ ഇനി എങ്ങനെ വീട്ടിൽ എത്താനാണ്..?
അവൾ ഇന്ന് ക്ലാസ്സിൽ വന്നിട്ടുണ്ടോ എന്നുള്ള കാര്യത്തിൽ പോലും എനിക്ക് ഉറപ്പൊന്നും ഉണ്ടായിരുന്നില്ല.
എങ്കിലും നാട്ടിലുള്ള ഒരു കുട്ടിയെ ഇങ്ങനെയൊരു അവസ്ഥയിൽ തനിച്ചാക്കി പോകുന്നത് ശരിയല്ലല്ലോ എന്നൊരു തോന്നൽ കൊണ്ടാണ് അവളെ അന്വേഷിച്ചു നടന്നത്.
കുറച്ചു നേരത്തെ അന്വേഷണത്തിന് ഒടുവിൽ കൂട്ടുകാർക്കൊപ്പം നിൽക്കുന്ന അവളെ കണ്ടു പിടിച്ചു. ആ തിരക്കിനിടയിലും എന്നെ കണ്ടപ്പോൾ അവൾ ആശ്വസിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
ഞാൻ തീരെ പ്രതീക്ഷിക്കാതെ അവൾ എന്റെ അടുത്തേക്ക് വന്നു.
“ഇന്ന് ഹർത്താൽ ആണല്ലോ.. വീട്ടിലേക്ക് എങ്ങനെയാ പോവുക..? നമുക്ക് പോകാൻ ബസ് എന്തേലും ഉണ്ടാകുമോ..?”
അവൾ ചോദിച്ചപ്പോൾ ഞാൻ പുഞ്ചിരിച്ചു.
” ഞാൻ ഇന്ന് ബൈക്കിലാണ് വന്നത്.. ”
അത് പറഞ്ഞപ്പോൾ അവളുടെ മുഖം വാടുന്നത് ഞാൻ ശ്രദ്ധിച്ചു.
” ഇവിടെ നിന്ന് ബസ് കിട്ടാനുള്ള സാധ്യത കുറവാണ്..തനിക്ക് ബുദ്ധിമുട്ടില്ലെങ്കിൽ തന്നെ ഞാൻ ഡ്രോപ്പ് ചെയ്യാം.. ”
അത് പറഞ്ഞപ്പോൾ ഒരു നിമിഷം അവളുടെ കണ്ണുകൾ വിടരുന്നതും പിന്നീട് അത് തനിയെ വാടി പോകുന്നതും ഞാൻ ശ്രദ്ധിച്ചു.
” എടോ താൻ പേടിക്കേണ്ട.. തന്നെ ഞാൻ ഡ്രോപ്പ് ചെയ്തോളാം.. തന്റെ വീട് എവിടെയാണെന്ന് പറഞ്ഞാൽ മതി.
ഇനി തനിക്ക് എന്നെ വിശ്വാസമില്ലാത്തതു കൊണ്ടാണെങ്കിൽ താൻ വേണമെങ്കിൽ തന്റെ അച്ഛനെയോ ആങ്ങളയെയോ ആരെയെങ്കിലും വിളിച്ചു വരുത്തിയാൽ മതി.
അതുവരെ വേണമെങ്കിൽ ഞാൻ തനിക്ക് കൂട്ടിരിക്കാം. എന്തായാലും നമ്മൾ ഒരേ റൂട്ടിൽ പോകുന്ന ആളുകൾ അല്ലേ..
നമ്മുടെ റൂട്ടിലേക്ക് ആണെങ്കിൽ ബസ്സും ഇല്ലാത്തതാണ്. ഈ നിൽക്കുന്ന കുട്ടികളൊക്കെ അധികം വൈകാതെ തന്നെ അവരവരുടെ രീതിക്ക് വീട്ടിലേക്ക് പോകും. താൻ മാത്രമാണ് പെട്ടുപോവുക. ”
അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. പെട്ടെന്ന് തന്നെ അവൾ ഫോൺ എടുത്ത് അവളുടെ അച്ഛനെ വിളിച്ചു.
സാഹചര്യങ്ങളൊക്കെ വിശദീകരിച്ച് തന്നു കഴിഞ്ഞപ്പോൾ എന്റെ കയ്യിലേക്ക് ഫോൺ തരാൻ അച്ഛൻ ആവശ്യപ്പെട്ടു. അത് പ്രകാരം ഞാൻ അദ്ദേഹത്തോട് ഫോണിൽ സംസാരിക്കുകയും ചെയ്തു.
എന്റെ വീടിനെക്കുറിച്ചൊക്കെ പറഞ്ഞു കൊടുത്തപ്പോൾ അദ്ദേഹത്തിന് അറിയുന്ന ആളാണ് എന്റെ അച്ഛൻ എന്ന് മനസ്സിലായി. അതോടെ അദ്ദേഹത്തിന് ഒരു ധൈര്യം വന്നു എന്ന് തോന്നുന്നു.
അവളെ സുരക്ഷിതമായി വീട്ടിലെത്തിച്ചേക്കണേ എന്ന് പറഞ്ഞിട്ട് അവളോടും അതുതന്നെ അദ്ദേഹം ആവർത്തിച്ചു.
അച്ഛന്റെ അനുവാദം കിട്ടിയതോടെ അവൾ അന്ന് എന്റെ ബൈക്കിലാണ് വീട്ടിലേക്ക് പോയത്. അതായിരുന്നു ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെ തുടക്കം.
പിന്നീട് പരസ്പരം എവിടെ വച്ച് കണ്ടാലും സംസാരിക്കുന്ന തരത്തിലേക്ക് ആ ബന്ധം വളർന്നു.
പതിയെ പതിയെ ഞങ്ങളുടെ ബന്ധം ഒരു പ്രണയത്തിലേക്ക് മാറുന്നത് ഞങ്ങൾ രണ്ടാളും മനസ്സിലാക്കിയെങ്കിലും വീട്ടുകാരെ ഓർത്തപ്പോൾ അത് തുറന്നു പറയാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.
പക്ഷേ കോളേജ് കഴിഞ്ഞ് ജോലിയൊക്കെ കിട്ടിക്കഴിഞ്ഞപ്പോൾ വീട്ടിൽ എനിക്ക് വിവാഹം ആലോചിച്ചു തുടങ്ങി. ആ സമയത്ത് എന്റെ മനസ്സിൽ ഉണ്ടായിരുന്ന മുഖം അവളുടെതായിരുന്നു.
അച്ഛനാണ് അവൾക്ക് വേണ്ടി ഒരു ആലോചന വീട്ടിലേക്ക് കൊണ്ടുപോയത്. അവിടെയും ആർക്കും എതിർപ്പില്ലാതായതോടെ രണ്ടു വീട്ടുകാരുടെയും അനുഗ്രഹാശിസുകളോടെ ഞങ്ങളുടെ വിവാഹം നടന്നു.
വിവാഹം നടന്നതിനു ശേഷം ആയിരുന്നു എനിക്ക് എറണാകുളം നഗരത്തിലേക്ക് ജോലി മാറ്റം കിട്ടുന്നത്.
നേരത്തെ കിട്ടിക്കൊണ്ടിരുന്ന സാലറിയിൽ നിന്നും കൂടുതൽ കിട്ടുന്നത് കൊണ്ട് തന്നെ എനിക്ക് ജോലി മാറുന്നതിനെക്കുറിച്ച് കൂടുതലൊന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല.
ഞാൻ വന്നതിന്റെ പിന്നാലെ തന്നെ അവളെയും ഇവിടേക്ക് കൊണ്ടു വന്നു. അധികം വൈകാതെ അവൾക്കും ഇവിടെ ഒരു ജോലി കണ്ടുപിടിക്കാൻ കഴിഞ്ഞതോടെ രണ്ടുപേരുടെയും ജീവിതം സന്തോഷത്തോടെ തന്നെ മുന്നോട്ടു പോകുന്നുണ്ടായിരുന്നു.
പക്ഷേ ഇതിനിടയിൽ എപ്പോഴാണ് ഞങ്ങൾ തമ്മിൽ സ്വരച്ചേർച്ചയില്ലായ്മ ഉണ്ടായിത്തുടങ്ങിയത് എന്ന് ഇപ്പോഴും അറിയില്ല.
മിക്ക ദിവസങ്ങളിലും ജോലി കഴിഞ്ഞ് ടയേർഡ് ആയിട്ടായിരിക്കും താൻ വന്നു കയറുന്നത്. പക്ഷേ അതുപോലും ചിന്തിക്കാതെ തന്നെ കാണുന്ന നിമിഷം മുതൽ അവൾ വഴക്കിന് വരും. ഓരോന്നും പറഞ്ഞ് തന്നെ എപ്പോഴും കുറ്റപ്പെടുത്തി കൊണ്ടിരിക്കും.
ആദ്യമൊക്കെ അത് കേൾക്കുമ്പോൾ ദേഷ്യവും വിഷമവും ഒക്കെ വരാറുണ്ടായിരുന്നു. താൻ പ്രതികരിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ എത്രയൊക്കെ പ്രതികരിച്ചാലും അവളുടെ ദേഷ്യം ഇരട്ടിയാകും എന്നല്ലാതെ മറ്റു വ്യത്യാസങ്ങളൊന്നും അതിൽ ഇല്ലാതെയായി.
ഇരു കൈകളും കൂട്ടിയടിച്ചാൽ അല്ലേ ശബ്ദം കേൾക്കു.. അതുകൊണ്ട് താൻ പതിയെ സൈലന്റ് ആയി തുടങ്ങി.
പക്ഷേ വീട്ടിലെ പ്രശ്നങ്ങളും സമാധാനം ഇല്ലായ്മയും ഒക്കെ കൂടി എന്റെ ജോലിയെ ബാധിക്കുവാൻ തുടങ്ങിയിരുന്നു. എനിക്ക് നന്നായി ജോലി ചെയ്യുവാനോ ഏൽപ്പിക്കുന്ന പ്രോജക്ടുകൾ കൃത്യസമയത്ത് തീർത്തു കൊടുക്കുവാനോ ഒന്നും പറ്റാതെയായി.
അതോടെ എനിക്ക് കിട്ടേണ്ടിയിരുന്ന ഒരു പ്രമോഷൻ എന്റെ ഒരു സഹപ്രവർത്തകന് കിട്ടുകയും ചെയ്തു. ഓഫീസിൽ എല്ലാവർക്കും മുന്നിൽ ഞാൻ ഒരു കഴിവ് കെട്ട എംപ്ലോയി ആയി മാറുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.
ഇന്ന് ഓഫീസിലെ ഒരു പാർട്ടിക്ക് അവളെയും കൊണ്ട് പോയിരുന്നു. അവിടെ വച്ചാണ് പബ്ലിക്കായി അവൾ പറയുന്നത് ഇത്രയും കഴിവുകെട്ട ഒരുത്തനെയാണ് അവൾക്ക് ഭർത്താവായി കിട്ടിയത് എന്ന്..!
സത്യം പറഞ്ഞാൽ തൊലി ഉരിഞ്ഞു പോയി. അത്രയും ആളുകളുടെ മുന്നിൽ വച്ച് അവൾ തന്നെ ഇങ്ങനെ അപമാനിക്കുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ല..!
കുറെയേറെ നേരത്തെ ചിന്തയ്ക്ക് ഒടുവിൽ അവൻ ഒരു തീരുമാനം എടുത്തു.
ആ തീരുമാനം അവളെ അറിയിക്കാനായി അവൻ അവളുടെ ഡോറിൽ തട്ടി.
“എന്താ..?”
ദേഷ്യത്തോടെ അവൾ അന്വേഷിച്ചു.
” ഇത്രയും കഴിവുകെട്ട ഒരുത്തന്റെ കൂടെ നീ ഇനി ജീവിക്കേണ്ട എന്ന് പറയാൻ വന്നതാണ്. എന്റെ ജീവിതത്തിലേക്ക് വന്നതിനുശേഷം നിനക്ക് നഷ്ടങ്ങൾ മാത്രമാണ് ഉണ്ടായത് എന്നാണല്ലോ നീ പറഞ്ഞത്…
ഇനിയും എന്റെ കൂടെ കടിച്ചു തൂങ്ങി നിന്റെ ജീവിതം ഇല്ലാതാക്കണ്ട. ഇനിമുതൽ നിനക്ക് നിന്റെ വഴി എനിക്ക് എന്റെ വഴി..!”
അത്രയും പറഞ്ഞു അവൻ മുന്നോട്ടു നടക്കുമ്പോൾ അവൻ തമാശ പറഞ്ഞതായിരിക്കും എന്നാണ് അവൾ കരുതിയത്.
പക്ഷേ പാക്ക് ചെയ്ത ബാഗുമായി അവൻ ഫ്ലാറ്റിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് അവൻ പറഞ്ഞതൊക്കെ സത്യമായിരുന്നു എന്ന് അവൾക്ക് ബോധ്യം വരുന്നത്.
അവന്റെ ജോലിയിലുള്ള പരാജയവും അവനെക്കാൾ നല്ല ഒരുത്തനെ തനിക്ക് കിട്ടുമായിരുന്നു എന്നുള്ള തോന്നലും ഒക്കെ കൊണ്ടാണ് അവനോട് ഇങ്ങനെയൊക്കെ പെരുമാറിയിരുന്നത്.
എന്നും അവൻ തന്നെ അടിമയായി തന്നോടൊപ്പം ഉണ്ടാകണം എന്നൊരു സ്വാർത്ഥ ചിന്ത തനിക്ക് ഉണ്ടായിരുന്നു. തന്റെ ചിന്തകൾ കാരണമാണ് അവനെ തനിക്ക് നഷ്ടമാകുന്നത് എന്ന് അവൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു.
അവനുമായുള്ള നല്ല നിമിഷങ്ങൾ ആലോചിക്കെ ചെയ്തു പോയതൊക്കെ ഓർത്ത് അവൾക്ക് നല്ല കുറ്റബോധം തോന്നി.
അവനെ ഓർത്തു പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ നിലത്തേക്ക് ഊർന്നിരുന്നു.