(രചന: ശിവ)
അയാളുടെ രോമാവൃതമായ നെഞ്ചിലൂടെ വിരലോടിക്കുമ്പോൾ അവൾ വശ്യത നിറഞ്ഞ കണ്ണുകളാൽ അയാളെ നോക്കി.
അവളുടെ ലാളനകളിൽ നിർവൃതിയോടെ കണ്ണുകളടച്ചു കിടക്കുകയായിരുന്നു നിരഞ്ജൻ.
“സർ….. ”
അവളുടെ കാതരയായ വിളിയിൽ ലഹരി നുകരാണെന്നപോലെ അയാൾ കണ്ണുകൾ തുറന്നു.
” ഇയാൾ ഇപ്പോഴും സർ എന്ന് വിളിക്കുമ്പോൾ ഒരു അകൽച്ച ഫീൽ ചെയുന്നു. നിരഞ്ജൻ എന്ന് വിളിക്കാലോ. ഇവിടെ നമുക്കിടയിൽ എന്തിനാണ് സാറാ ഒരു വലുപ്പച്ചെറുപ്പം.
രണ്ട് ഉടലുകളുടെ ആലിംഗനനിമിഷങ്ങളിൽ ഉന്മാദങ്ങളുടെ ചുടുനിശ്വാസങ്ങൾ കാമത്തിന്റെ രസതന്ത്രം മെനയുമ്പോൾ ഈ സാറ് വിളി വല്ലാതെ അരോചകമാകുന്നു. പ്ലീസ് സാറ.. പ്ലീസ്.. ”
നിരഞ്ജൻ അവളുടെ കണ്ണിലേക്കു നോക്കി.
” ഞാൻ ഒന്ന് ചോദിച്ചോട്ടെ സാറാ… നീ എന്നെ തേടി വന്നതെന്തിനായിരുന്നു. ”
അവളൊന്ന് പുഞ്ചിരിച്ചു.
” സർ……… സോറി… നിരഞ്ജൻ… നിങ്ങളെ ഞാൻ തേടി വന്നതല്ല, നിങ്ങൾ എന്നെ ആണ് തേടി വന്നത്. നിങ്ങളുടെ എഴുത്തിലൂടെ, വാക്കിലൂടെ വരികളിലൂടെ.
മനസ്സിൽ ഒരു മുറിവായി നോവുന്ന നിങ്ങളുടെ തൂലികയാണ് എന്നെ തേടി വന്നത്. ഭ്രാന്തമായി വായിക്കാൻ കൊതിക്കുന്ന നിങ്ങളുടെ സൃഷ്ട്ടികളാണ് എന്നെ ഇവിടെ എത്തിച്ചത്. U r grt നിരഞ്ജൻ.
പ്രണയവും രതിയും നിങ്ങൾ പറഞ്ഞുവെയ്ക്കുമ്പോൾ അതിൽ ഞാൻ എന്നെ കണ്ടിട്ടുണ്ട് പലപ്പോഴും, ദേ, ഇവിടെ ഇതുപോലെ നിങ്ങളോടൊപ്പം….. ”
അവൾ അയാളെ ഒന്ന് അമർത്തി ചുംബിച്ചു.
” നിങ്ങളുടെ കഥകളിൽ വർണ്ണിക്കപ്പെടുന്ന കഥാപാത്രങ്ങളിൽ ഒന്നിൽ ഈ മുഖം ഓർത്തെടുക്കാൻ പറ്റുന്നുണ്ടോ നിരഞ്ജൻ? ”
അവളുടെ പെട്ടന്നുള്ള ചോദ്യം കേട്ട് അയാൾ അമ്പരപ്പോടെ അവളെ നോക്കി.
“എന്ത് പറ്റി, ”
ഒന്നുമില്ലെന്ന് അയാൾ കണ്ണുകൾ കൊണ്ട് ആഗ്യം കാണിച്ചു.
പിന്നെ പതിയെ അവളെ മാറ്റി ഇരുത്തി അടുത്ത് വെച്ചിരുന്ന സിഗരറ്റിൽ ഒന്നെടുത്തു കൊളുത്തി.
” ഞാൻ മൂഡ് കളഞ്ഞോ? സോറി.. ”
സാറ അയാളുടെ നെഞ്ചിലേക്ക് ഒന്നുകൂടി ചേർന്ന് കിടക്കുമ്പോൾ മറുകൈ കൊണ്ട് അവളെ ചേർത്തുപിടിച്ചു അയാൾ.
” എനിക്ക് കൂടുതൽ സമയം ചിലവഴിക്കാൻ കഴിയില്ല. നേരം വൈകിയാൽ വീട്ടുകാർ അന്വേഷിക്കും. അതുകൊണ്ട്… ”
അവൾ ഉദ്ദേശിച്ചത് എന്തെന്ന് മനസ്സിലായ നിരഞ്ജൻ കയ്യിലെ സിഗരറ്റ് നിലത്തിട്ട് ചവിട്ടി, പിന്നെ പതിയെ അവളിലേക്ക് പടർന്നു. ചുംബനങ്ങൾ ശീല്കാരങ്ങളായി മാറുമ്പോൾ അവളുടെ നിശ്വാസത്തിന്റെ താളം തെറ്റിയിരുന്നു.
അവളുടെ ഓരോ വസ്ത്രങ്ങളും തറയിൽ വീഴുമ്പോൾ അവൾ കണ്ണുകൾ തുറന്ന് അയാളെ നോക്കി. കാമത്തിന്റെ കുത്തൊഴുക്കോടെ അവളിലെ ടോപ് അടർത്തി മാറ്റിയ നിരഞ്ജൻ ഒരു നിമിഷം സ്തബ്ധനായി നിന്നു. പിന്നെ ഞെട്ടലോടെ പിറകിലോട്ട് മലച്ചു.
“എന്താണ് സർ.. ഇത്ര നേരം കൊതിച്ച ശരീരം കണ്ട് ഇപ്പോൾ അറപ്പ് തോന്നുന്നുണ്ടോ? എന്റെ വൈകൃതമായ നെഞ്ചിൽ ശയിക്കണ്ടേ നിങ്ങൾക്ക്? എന്റെ പൊള്ളലേറ്റടർന്ന മാറിടങ്ങളിലിൽ കാമത്തിന്റെ കണികകൾ രുചിക്കണ്ടേ? ”
അവളുടെ ചോദ്യങ്ങൾ കേട്ട് അറപ്പോടെ ആ മുഖത്തേക്ക് നോക്കി നിൽക്കുകയായിരുന്നു നിരഞ്ജൻ.
” ഇത്.. ഛെ….. എന്റെ ഒരു ദിവസം ആണ് നീ ഇല്ലാതാക്കിയത്. ഇതെങ്ങനെ….. ”
അയാളുടെ വെറുപ്പോടെ ഉള്ള നോട്ടവും ചോദ്യവും കേട്ട് അവൾ പൊട്ടിച്ചിരിച്ചു.
” താൻ എഴുതിയ ഒരു കഥയില്ലേ.
” രതിയുടെ അവസാനനിമിഷം ”
അതിൽ നീ എഴുതിയ നിന്റ നായികയെ മറന്നോ?
ഇതുപോലെ നിന്റ എഴുത്തുകളെ ആരാധിച്ച ഒരു പാവം പെണ്ണ്. തന്റെ ആ കഥ പൂര്ണമാകുമ്പോൾ ഒരു തീഗോളമായി കത്തിയമർന്ന നായിക. ആ നായിക എന്റെ ചേച്ചി ആയിരുന്നു.
അതിലെ ക്രൂരനായ നായകൻ നീയും. ലോകം വായിച്ച ആ കഥ നിനക്ക് നേടിത്തന്ന പ്രശസ്തികൾ ചെറുതല്ലെന്ന് അറിയാം. പക്ഷേ, ഒരു കഥയ്ക്ക് വേണ്ടി നീ നശിപ്പിച്ച ആ നായികയ്ക്ക് ഒരു അനിയത്തി കൂടെ ഉണ്ടായിരുന്നു.
നിന്നെ സ്നേഹിച്ചതിന്റെ പേരിൽ സ്വയം എരിയുമ്പോൾ കൂടെ എല്ലാം കണ്ട്, രക്ഷിക്കാൻ കഴിയാതെ പാതി വെന്ത ശരീരവുമായി എല്ലാം കാണേണ്ടി വന്നവൾ…
അതെ ആ അനിയത്തിയാണ് ഞാൻ. നിന്റ കഥയിൽ നീ പറയാൻ മറന്ന കഥാപാത്രം. ഇപ്പോൾ ഓർത്തെടുക്കാൻ പറ്റുന്നുണ്ടോ നിരഞ്ജൻ. ”
അവൾ ദേഷ്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവളുടെ ആ ഭാവം അവനെ വല്ലാതെ അമ്പരപ്പിച്ചു.
പാതി നഗ്നയായി തന്റെ മുന്നിൽ നിൽക്കുന്ന ആ രൂപം അവനെ വല്ലാതെ പേടിപ്പെടുത്തുന്നുണ്ടായിരുന്നു. വൃകൃതമായ ശരീരവും ക്രൗര്യത നിറഞ്ഞ മുഖവും അവന്റെ നെഞ്ചിടിപ്പിന്റെ താളം വർധിപ്പിച്ചു.
” വാ… നീ വാ… നിനക്ക് പെണ്ണെന്നാൽ വെറും കാമം തീർക്കാൻ ഉള്ള ഉപകരണം മാത്രമല്ലേ. . ഞാനും പെണ്ണാണ്. വന്നു പ്രാപിക്ക്. എന്താ വെറുപ്പ് തോന്നുന്നുണ്ടോ നിനക്ക്. ”
അവളുടെ വാക്കുകൾ അവന്റെ കാതുകളിൽ ഈയം കണക്കെ തുളച്ചു കയറി.
” പ്ലീസ്.. പുറത്ത് പോകൂ… ”
നിരഞ്ജൻ വല്ലായ്മയോടെ അവളെ നോക്കുമ്പോൾ അവൾ പുഞ്ചിരിച്ചു.
” പോകാം… നിന്റ മരണം കണ്ടിട്ട്. ഇനി നിമിഷങ്ങളെ ഉളളൂ നിന്റ ആയുസ്സിന്. ”
അയാൾ അമ്പരപ്പോടെ നാലുപാടും നോക്കി.
അവൾ പൊട്ടിച്ചിരിച്ചു.
“നീ എന്താണ് തിരയുന്നത്. നിന്റ മരണം എങ്ങനെ ആയിരിക്കുമെന്നൊ? എന്നാ അറിഞ്ഞോ.. നീ മരിക്കാൻ തുടങ്ങിയിരിക്കുന്നു. പതിയെ പതിയെ. ഞാൻ നിനക്ക് സമ്മാനമായി നീട്ടിയ സിഗരറ്റുകൾ നിന്റ ജീവൻ കവർന്നു കൊണ്ടിരിക്കുകയാണ്.
നീ ഉള്ളിലേക്ക് വലിച്ചെടുത്ത ഓരോ പുകയിലും നിന്റ മരണമുണ്ട് എഴുത്തുകാരാ. ഒരാളും അറിയാതെ നീ മരിക്കും. നിന്റ ആ മരണം ഞാൻ ആസ്വദിക്കും. ”
അവൾ വെറുപ്പോടെ അവനെ തള്ളി ബെഡിലേക്ക് ഇടുമ്പോൾ അവന്റെ കണ്ണുകളിൽ മയക്കം മരണത്തെ മാടിവിളിച്ചുതുടങ്ങിയിരുന്നു,
അവൾ നിലത്തു കിടന്ന വസ്ത്രം എടുത്തണിഞ്ഞ് അവന് മുന്നിൽ ഇരുന്നു,ആ മരണം കണ്ട് ആസ്വദിക്കാൻ എന്നപ്പോലെ.!