(രചന: Sivapriya)
“നാളെ ഒരു കൂട്ടർ നിന്നെ പെണ്ണ് കാണാൻ വരുന്നുണ്ട്. അതുകൊണ്ട് നാളെ ക്ലാസ്സിന് പോണ്ട നീ.” ഉത്തമൻ മകൾ ആര്യയോട് പറഞ്ഞു.
“ഇപ്പൊ എന്തിനാ അച്ഛാ എടുത്തു ചാടി കല്യാണം നോക്കുന്നത്. കോഴ്സ് ഒന്ന് കംപ്ലീറ്റ് ചെയ്ത് ജോലി കിട്ടിയിട്ട് പോരെ.?” ആര്യ അച്ഛനെ നോക്കി.
“ഇപ്പൊ തന്നെ നിനക്ക് പഠിപ്പ് കൂടിപോയതിന്റെ അഹങ്കാരം നന്നായിട്ടുണ്ട്. അല്ലെങ്കിൽ തന്നെ പെൺകുട്ടികൾക്ക് ഇത്ര പഠിപ്പിന്റെ ആവശ്യം പോലുമില്ല.”
“അച്ഛൻ എന്തൊക്കെ പറഞ്ഞാലും ഞാൻ സമ്മതിക്കില്ല.” അവൾ കടുപ്പിച്ചു പറഞ്ഞു.
“നിന്നെ എങ്ങനെ സമ്മതിപ്പിക്കണമെന്ന് എനിക്കറിയാം. വെറുതെ വീട്ടിലിരുന്നു മുഷിയണ്ട എന്ന് വിചാരിച്ചാണ് നിന്നെ പഠിക്കാൻ അയച്ചത്. നിനക്ക് ജോലി കിട്ടിയിട്ട് വേണ്ട ഇവിടെ അരി മേടിക്കാൻ.
പിന്നെ നല്ല ഉദ്യോഗം ഉള്ളൊരു ചെറുക്കനെ തന്നെ നിനക്ക് കെട്ടിച്ചു തരും. അവന്റെ ചിലവിൽ അങ്ങ് കഴിഞ്ഞ മതി. അതുകൊണ്ട് കൂടുതൽ നെഗളിച്ചാൽ മോള് ക്ലാസ്സിനെന്ന് പറഞ്ഞു ഈ വീടിന്റെ പടി കടക്കില്ല.” തോളിൽ കിടന്ന തോർത്ത് മുണ്ട് ഒന്നൂടെ വീശി ഇട്ടുകൊണ്ട് അയാൾ അകത്തേക്ക് പോയി.
“അമ്മയ്ക്കെങ്കിലും ഒന്ന് പറഞ്ഞൂടെ.” ആര്യ സങ്കടത്തോടെ അമ്മ രേണുനെ നോക്കി.
“എന്തെങ്കിലും പറയാൻ പോയ അപ്പോൾ കിട്ടും അടി. എനിക്ക് വയ്യ നിന്റെ അച്ഛന്റെ തല്ല് കൊണ്ട് ചാകാൻ. പിന്നെ നിനക്ക് വിധിച്ചത് എന്താണോ അതേ നടക്കു മോളെ.
തല്ക്കാലം നീ അച്ഛനെ എതിർക്കാൻ നിക്കണ്ട. ഇതൊരു പെണ്ണ് കാണൽ അല്ലെ. അല്ലാതെ കല്യാണം ഒന്നും അല്ലാലോ. മോള് സമയം വൈകിപ്പിക്കാതെ ക്ലാസ്സിൽ പോകാൻ നോക്ക്.” രേണു അവളെ സമാധാനപ്പെടുത്തി.
“ഞാനെന്നാ ഇറങ്ങുവാ അമ്മേ.” രേണുന്റെ കവിളിൽ ഒരുമ്മ കൊടുത്ത ശേഷം ആര്യ ഗേറ്റ് തുറന്ന് പുറത്തേക്കിറങ്ങി.
ബസ് സ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കുമ്പോൾ അവളുടെ മനസ്സിൽ നിറയെ നാളെ നടക്കാൻ പോകുന്ന പെണ്ണ് കാണൽ ചടങ്ങിനെ പറ്റിയായിരുന്നു. വരുന്ന പയ്യന് അവളെ ഇഷ്ടമായാൽ ചിങ്ങത്തിൽ കല്യാണം നടത്താനാണ് ഭാര്യയുടെ അച്ഛന്റെ തീരുമാനം.
ഉത്തമൻ വർഷങ്ങളായി ടൗണിൽ പലചരക്ക് കട നടത്തുകയാണ്. ഉത്തമനും ഭാര്യ രേണുനും രണ്ട് മക്കളാണ്. മൂത്തവൻ അശോക് എറണാകുളത്തൊരു കമ്പനിയിൽ സോഫ്റ്റ്വെയർ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു. ആര്യ ഡിഗ്രി കഴിഞ്ഞു tally ക്ലാസ്സിന് പോയി അത് കഴിഞ്ഞപ്പോൾ gst ക്ലാസ്സിന് ചേർന്നു. കോഴ്സ് തീരാൻ ഒരു മാസം കൂടിയുണ്ട്.
കോഴ്സ് കംപ്ലീറ്റ് ആയി കഴിഞ്ഞാൽ എവിടെയെങ്കിലും ജോലിക്ക് കയറി സ്വന്തം കാലിൽ നിൽക്കണമെന്നതാണ് ആര്യയുടെ ആഗ്രഹം. അതുകൊണ്ട് ഒരു വിവാഹം ജീവിതം അവളുടെ സ്വപ്നത്തിൽ പോലും ഇതുവരെ ഉണ്ടായിട്ടില്ല. കാരണം അച്ഛന് കീഴിൽ അടിമപ്പെട്ട് കഴിയുന്ന അമ്മയുടെ ജീവിതം കണ്ട് വളർന്നതാണ് അവൾ.
തൊട്ടതിനും പിടിച്ചതിനുമൊക്കെ അച്ഛന് പെട്ടന്ന് ദേഷ്യം വരും. കറിയിൽ ഉപ്പ് കുറഞ്ഞാൽ ഉത്തമൻ അതെടുത്തു രേണുന്റെ മുഖത്തേക്ക് ഒഴിച്ച് കൊടുക്കും. അയൺ ചെയ്തു വച്ച ഷർട്ടിൽ ചുളുവ് കണ്ടാൽ മുഖത്ത് അടി,ക്കും.
ആദ്യമൊക്കെ അയൺ ബോക്സ് എടുത്ത് രേണുന്റെ കൈയ്യിൽ പൊള്ളിക്കലായിരുന്നു അയാളുടെ സ്വഭാവം. പിന്നെ മക്കൾ വലുതായപ്പോഴാണ് ആ പ്രവർത്തി ഇല്ലാതായത്. രാവിലെ എണീറ്റ് വരുമ്പോൾ ചായ കിട്ടാൻ അൽപ്പമൊന്ന് വൈകിയാൽ പുളിച്ച തെറി വിളിച്ചു ചൂട് ചായ അവരുടെ ദേഹത്തേക്ക് ഒഴിച്ചിട്ട് കലിതുള്ളി പോകും.
ഇങ്ങനെ അച്ഛന് അമ്മയോടുള്ള പലവിധ മുഖങ്ങൾ കണ്ട് വളർന്ന ആര്യക്ക് വിവാഹം എന്ന കാര്യം കേൾക്കുമ്പോൾ തന്നെ പേടിയാണ്. അമ്മ എപ്പോഴും അച്ഛനെ പേടിച്ചു ഒതുങ്ങി കൂടുന്നതാണ് അവൾ കണ്ടിട്ടുള്ളത്. പകൽ എത്രയൊക്കെ ദേഷ്യം കാണിച്ചാലും രാത്രി ആകുമ്പോൾ ഉത്തമന് ഭാര്യയോട് ഭയങ്കര സ്നേഹമാണ്.
ഒന്ന് ക്ഷമ പറഞ്ഞു ചേർത്ത് പിടിച്ചാൽ തീരുന്നതാണ് രേണുന്റെ സങ്കടവും. ഭർത്താവ് എത്രയൊക്കെ നോവിച്ചാലും അയാളുടെ ഒരു ചേർത്ത് പിടിക്കലിൽ രേണു എല്ലാം മറന്ന് അയാളെ സ്നേഹിച്ചു പോകും.
പക്ഷേ ആര്യക്ക് അച്ഛനോട് വെറുപ്പാണ്. അമ്മയ്ക്ക് അച്ഛനെ എങ്ങനെ സ്നേഹിക്കാൻ കഴിയുന്നു എന്നോർത്ത് അവൾക്ക് അത്ഭുതമാണ്. ഒരിക്കൽ രേണുവിനോട് ആ ചോദ്യം ചോദിച്ചപ്പോൾ അവർ പറഞ്ഞ മറുപടി ഇങ്ങനെയാണ്
“കല്യാണം കഴിഞ്ഞു നിന്റെ അച്ഛനൊപ്പം വണ്ടിയിൽ കയറുന്നതിനു മുൻപായി എന്റെ അമ്മ എന്നോട് പറഞ്ഞത് ‘സന്തോഷം ആയാലും സങ്കടം ആയാലും ഇവിടെ തന്നെ കഴിയണം. അങ്ങോട്ട് ഓടികേറി ചെന്ന് അവർക്കൊരു ബാധ്യത ആകരുതെന്ന്.
എന്താണെങ്കിലും ഒക്കെ സഹിച്ചു ഭർത്താവിനെ സ്നേഹിച്ചും പരിപാലിച്ചും അവരുടെ മക്കളെ പ്രസവിച്ചു വളർത്തി ഇവിടെ കഴിഞ്ഞോണം. കെട്ടിച്ചു വിട്ട് കഴിഞ്ഞാൽ പിന്നെ പെണ്മക്കൾ ജനിച്ചു വളർന്ന വീട്ടിൽ അധികപറ്റാണ്. ചെന്ന് കേറുന്ന വീടാണ് പിന്നെ അവളുടെ കുടുംബം എന്ന്.’
പിന്നെ ഇവിടെ വന്ന് ഇവിടവുമായി പൊരുത്തപ്പെട്ടു. ഇവിടുന്ന് ഇറങ്ങിയാൽ സ്വന്തം വീട്ടിൽ പോകാൻ പറ്റില്ല. എങ്ങും പോകാനില്ലാത്ത ഞാൻ നിന്റെ അച്ഛന്റെ ആട്ടും തുപ്പും സഹിച്ചു. എത്ര വഴക്ക് പറഞ്ഞാലും പിന്നെ വന്നൊന്ന് ചേർത്ത് പിടിക്കുമ്പോ എന്റെ സങ്കടം മാറും. ആ തലോടലിൽ എന്നെ അടിച്ചതും നോവിച്ചതുമൊക്കെ മറക്കും.
ദേഷ്യം വരുമ്പോൾ ചെയ്തു പോകുന്നതിന് സോറിയും പറയും. ആശ്രയിക്കാൻ മാറ്റാരുമില്ലാത്ത കൊണ്ട് അദ്ദേഹത്തെ ഞാൻ സ്നേഹിച്ചു പോയി. എത്ര അടി കൊണ്ടാലും വെറുപ്പ് തോന്നിട്ടില്ല. അദ്ദേഹത്തെ ദേഷ്യം പിടിപ്പിക്കാതെ നോക്കീം കണ്ടും കാര്യങ്ങൾ ചെയ്യും. അങ്ങനെ ആകുമ്പോൾ നിന്റെ അച്ഛൻ ഹാപ്പി ആവും. എനിക്ക് അത് മതി.”
അമ്മയുടെ ആ മറുപടി കേട്ട് ആര്യക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. അമ്മയെ ഒരിക്കലും പറഞ്ഞു തിരുത്താൻ പറ്റില്ലെന്ന് അവൾക്കറിയാം. ഈ ജീവിതം ജീവിച്ചു അവർ ശീലിച്ചു പോയി. അച്ഛനെ അനുസരിച്ചാണ് അമ്മയ്ക്ക് ശീലം. അത് ഒരിക്കലും മാറില്ല.
നാളെ വരുന്ന പയ്യന് തന്നെ ഇഷ്ടപ്പെട്ടാൽ എങ്ങനെയും വിവാഹം മുടക്കണമെന്ന് തന്നെ ആര്യ മനസ്സിലുറപ്പിച്ചു. തന്റെ ജീവിതം ഒരു പരീക്ഷണ വസ്തുവാക്കുന്നതിൽ നിന്ന് കൊടുക്കാൻ അവൾക്ക് താല്പര്യമില്ല. സഹായത്തിനായി ചേട്ടനെ വിളിച്ചാലോന്ന് ഓർത്തെങ്കിലും പിന്നീടവൾ അത് വേണ്ടെന്ന് വച്ചു. അശോകിനും അച്ഛനെ പേടിയാണ്. ആരും പറഞ്ഞാലും അയാൾ എടുത്ത തീരുമാനം മാറ്റില്ല.
തന്റെ ഭാവിയെ ബാധിക്കുന്ന കാര്യമായതിനാൽ മറ്റാരെയും ആശ്രയിക്കാതെ താൻ തന്നെ സ്വയം തീരുമാനം എടുക്കണമെന്ന് അവൾ ഓർത്തു. അന്ന് ക്ലാസ്സിൽ പഠിപ്പിച്ചതൊന്നും ശ്രദ്ധിക്കാൻ അവൾക്കായില്ല. മനസ്സ് എങ്ങും നിൽക്കുന്നുണ്ടായിരുന്നില്ല.
പിറ്റേ ദിവസം രാവിലെ ചെറുക്കനും കൂട്ടരുമെത്തി. ഒരു ട്രേയിൽ ചായയുമായി ആര്യ അഥിതികൾക്ക് മുൻപിലേക്ക് ചെന്നു. അവൾക്ക് പിന്നാലെ പലഹാരങ്ങളുമായി രേണുവും.
എല്ലാവർക്കും ചായ കൊടുത്ത ശേഷം അമ്മയ്ക്കരികിലായി അവൾ വന്ന് നിന്നു. അശോകിനു ലീവ് കിട്ടാത്തോണ്ട് അവൻ വന്നിട്ടില്ല. ഉത്തമന്റെ പെങ്ങളും ഭർത്താവും രേണുവിന്റെ ചേട്ടനും ഭാര്യയും പെണ്ണ് കാണൽ ചടങ്ങിനോട് അനുബന്ധിച്ച് എത്തിചേർന്നിട്ടുണ്ട്.
പയ്യന്റെ വീട്ടിൽ നിന്ന് അച്ഛനും അമ്മയും ചേച്ചിയും ഭർത്താവും അമ്മാവന്മാരും അമ്മായിമാരും എല്ലാവരും ഉണ്ട്. പയ്യൻ ഹൈക്കോടതിയിൽ ക്ലാർക്ക് ആണ്. കാണാൻ തരക്കേടില്ല, സുന്ദരനാണ്. അരവിന്ദ് എന്നാണ് പയ്യന്റെ പേര്.
“ഞങ്ങൾക്ക് പെണ്ണിനെ ഇഷ്ടമായി.. ഞങ്ങൾക്ക് ഇഷ്ടമായാൽ അവനും ഇഷ്ടപ്പെട്ടുന്നാ.” അരവിന്ദിന്റെ അച്ഛൻ ഗോവിന്ദൻ പറഞ്ഞു.
“എനിക്കും പയ്യനെ ഇഷ്ടപ്പെട്ടു. എന്റെ തീരുമാനം തന്നെയാ എന്റെ മോൾക്കും.” ഉത്തമൻ അയാളെ നോക്കി.
“ഇരുകൂട്ടർക്കും പരസ്പരം ഇഷ്ടമായ സ്ഥിതിക്ക് നമുക്ക് ബാക്കി കാര്യങ്ങളിലേക്ക് കടക്കാം.” ബ്രോക്കർ രഖു പറഞ്ഞു.
“സ്ത്രീധനം ആയിട്ട് ഞങ്ങൾ ഒന്നും ചോദിക്കില്ല. നിങ്ങളുടെ മകൾക്ക് ഇഷ്ടമുള്ളത് നിങ്ങൾക്ക് കൊടുക്കാം. ഞാനെന്റെ മോൾക്ക് അത്യാവശ്യം വേണ്ടതൊക്കെ കൊടുത്താ കെട്ടിച്ചേ. മരുമോന് കോളേജിൽ മാനേജർ ഉദ്യോഗം ആണ്. അപ്പോൾ അതിന്റെ നിലയ്ക്കും വിലയ്ക്കും അനുസരിച്ചു കൊടുക്കണ്ടേ.” ഗോവിന്ദൻ ഗമയിൽ ഒന്ന് ചിരിച്ചു.
“അരവിന്ദന്റെ നിലയ്ക്കും വിലയ്ക്കും അനുസരിച്ചു അവൾക്ക് വേണ്ടതൊക്കെ ഞാൻ കൊടുക്കുന്നുണ്ട്. അമ്പത് പവന്റെ സ്വർണ്ണവും റോഡ് സൈഡിൽ ഇരുപത്തി അഞ്ചു സെന്റ് സ്ഥലവും അവൾക്കായി കരുതി വച്ചിട്ടുണ്ട് ഞാൻ.” ഉത്തമൻ അത് പറഞ്ഞപ്പോൾ എല്ലാവരുടെയും മുഖം തെളിഞ്ഞു.
അരവിന്ദൻ ഒരു ചിരിയോടെ ആര്യയെ നോക്കി. അവൾക്ക് അത് കണ്ട് പുച്ഛമാണ് തോന്നിയത്. കിട്ടുന്ന സ്ത്രീധനം എത്രയെന്ന് അറിഞ്ഞ ശേഷമാണ് അവൻ അവളെയൊന്ന് നോക്കിയത്. തന്നെ കച്ചവടം ചെയ്യാൻ വേണ്ടി ലേലം വിളിച്ചു ഉറപ്പിക്കുന്നത് പോലെയാണ് ആര്യയ്ക്ക് തോന്നിയത്.
“ഇനി അവർക്ക് വല്ലോം സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോട്ടെ.” അരവിന്ദന്റെ അമ്മയാണ് അത് പറഞ്ഞത്.
“സംസാരമൊക്കെ കല്യാണം കഴിഞ്ഞും ആവാലോ.” ഉത്തമൻ തന്റെ അഭിപ്രായം പറഞ്ഞു.
“എന്നാലും ഇപ്പഴത്തെ പിള്ളേരല്ലേ.. ഒന്ന് പരസ്പരം പരിചയപ്പെടട്ടെ.” ഗോവിന്ദൻ പറഞ്ഞു.
“ആഹ് നിർബന്ധം ആണേ അവർ സംസാരിച്ചോട്ടെ.” ഒഴുക്കൻ മട്ടിൽ ഉത്തമൻ മറുപടി കൊടുത്തു.
“എനിക്ക് എല്ലാവരോടും കൂടിയായിട്ടാ സംസാരിക്കാനുള്ളത്.” പെട്ടന്ന് ആര്യ പറഞ്ഞു.
അത് കേട്ടതും ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ അരവിന്ദൻ ജാള്യതയോടെ അവിടെ തന്നെ ഇരുന്നു.
“എനിക്ക് ഈ കല്യാണത്തിനു ഒട്ടും താല്പര്യമില്ല. ലേലം വിളിച്ചു കച്ചവടം ഉറപ്പിക്കുന്ന പോലെയാണ് നിങ്ങളുടെ ഓരോരുത്തരുടെയും പെരുമാറ്റം. ഞാനുമൊരു മനുഷ്യ ജീവിയാണ്.
എനിക്കും ഉണ്ട് ആഗ്രഹങ്ങൾ. ജോലി കിട്ടി സ്വന്തം കാലിൽ നിൽക്കാൻ ആണ് എനിക്ക് ആഗ്രഹം. ഇഷ്ടമില്ലാതെ എന്നെ വിവാഹത്തിന് നിർബന്ധിച്ചാൽ ഞാൻ കേസ് കൊടുക്കും.” കൈകൾ മാറിൽ പിണച്ചു കെട്ടി അവൾ എല്ലാവരെയും നോക്കി.
“വിളിച്ചു വരുത്തി നിങ്ങൾ ഞങ്ങളെ അപമാനിക്കുകയാണോ?” ദേഷ്യത്തോടെ ഗോവിന്ദൻ എഴുന്നേറ്റു. പിന്നാലെ മറ്റുള്ളവരും.
ഉത്തമന് ആകെ വിറഞ്ഞു കയറി. അത് കണ്ട് പേടിയോടെ രേണു മകളുടെ കൈയ്യിൽ മുറുകെ പിടിച്ചു.
“എന്ത് പറഞ്ഞടി അസത്തെ നീ. എനിക്ക് ജീവനുണ്ടെങ്കിൽ ഞാനീ കല്യാണം നടത്തും. നിങ്ങൾ ക്ഷമിക്കണം. അവൾ കാണിച്ച വിവരമില്ലായ്മക്ക് ഞാൻ ക്ഷമ ചോദിക്കുന്നു. വേണമെങ്കിൽ ഒരു പത്തു പവൻ സ്വർണം ഞാൻ കൂടുതൽ തരാം.”
ഉത്തമൻ താഴ്മയോടെ പറഞ്ഞു. അത് കേട്ടപ്പോൾ അവരുടെ മുഖത്ത് സന്തോഷം പടരുന്നത് അവജ്ഞയോടെ ആര്യ നോക്കി നിന്നു.
“അച്ഛന് നാണമില്ലേ… ഒരു കാര്യം ഞാൻ എല്ലാവരോടുമായി പറയാം. ഇവിടെ നടന്ന സംഭാഷണങ്ങളൊക്കെ ഞാൻ റെക്കോർഡ് ചെയ്ത് വച്ചിട്ടുണ്ട്. എനിക്ക് ഇഷ്ടമില്ലാത്ത ഈ വിവാഹത്തിന് ചുക്കാൻ പിടിക്കാൻ നിന്നാൽ അച്ഛനെ ഉൾപ്പെടെ ഞാൻ പോലിസ് സ്റ്റേഷനിൽ കയറ്റും.” ആര്യ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
അത് കേട്ടതും എല്ലാവരുമൊന്ന് വിരണ്ടു. വിരുന്നുകാർ വന്ന പോലെ തന്നെ പോയി.
“ഇനി നിന്റെ ഒരു കാര്യത്തിൽ ഞാൻ ഇടപെടില്ല. നിന്റെ ആവശ്യങ്ങൾക്ക് പത്തു പൈസ ചിലവാക്കില്ല ഞാൻ. ഇനി എനിക്ക് ഇങ്ങനെയൊരു മോളില്ല. നശിച്ചു പോകും നീ.”
പിന്നെയും കുറേ ചീത്ത പറഞ്ഞു അയാൾ അവളെ. വായിൽ വന്ന പുളിച്ച തെറിയൊക്കെ വിളിച്ചു. അടിക്കാൻ കയ്യൊങ്ങി ആര്യയുടെ അടുത്തേക്ക് ചെന്നപ്പോൾ എല്ലാവരും കൂടി അയാളെ പിടിച്ചു മാറ്റി. അവളെ നോക്കി കലിതുള്ളി കൊണ്ട് ഉത്തമൻ പുറത്തേക്ക് പോയി.
അതൊന്നും കണ്ട് വിരണ്ട് പോകാതെ അവൾ ധൈര്യപൂർവ്വം നിന്നു. ഇനിയെന്ത് വന്നാലും നേരിടാൻ ഉറച്ച മനസായിരുന്നു അവളുടേത്. ഇത് തന്റെ ജീവിതമാണ്.
അത് എങ്ങനെ വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്കാണ്. നേർവഴി ചൂണ്ടി കാണിക്കാത്ത മാതാപിതാക്കൾ ആണ് കൂടെ ഉള്ളതെങ്കിൽ അവരുടെ ഇമോഷണൽ ഡ്രാമയ്ക്ക് മുന്നിൽ കീഴടങ്ങി സ്വന്തം ജീവിതം നശിപ്പിക്കേണ്ട യാതൊരു ആവശ്യവുമില്ല.