(രചന: Sivapriya)
“അതേ… എനിക്കൊരു ജോലി ശരിയായിട്ടുണ്ട്. തിങ്കളാഴ്ച മുതൽ ഞാൻ ജോലിക്ക് പോയി തുടങ്ങും. എന്റെ കൂട്ടുകാരി ജോലി ചെയ്യുന്ന കമ്പനിയിൽ റിസപ്ഷനിസ്റ്റിന്റെ ഒരു വേക്കൻസി ഉണ്ട്.
എല്ലാം ശരിയായ ശേഷം നിങ്ങളോട് പറയാമെന്ന് വിചാരിച്ചു.” ജോലി കഴിഞ്ഞു വന്ന് ഡ്രസ്സ് മാറുകയായിരുന്ന മഹേഷിനോട് ഭാര്യ ധന്യ പറഞ്ഞു.
“നിനക്ക് എന്തിനാ ഇപ്പോൾ ജോലി. നിനക്കും മക്കൾക്കും ആവശ്യമുള്ളതൊക്കെ ഞാൻ എത്തിക്കുന്നുണ്ടല്ലോ.” മുഷിച്ചിലോടെ മഹേഷ് അവളെ നോക്കി.
“രാവന്തിയോളം ഞാനിവിടെ കിടന്ന് കഷ്ടപ്പെട്ടിട്ട് നിങ്ങൾക്കും നിങ്ങടെ അമ്മയ്ക്കും ചോദിക്കാനുള്ളത് എനിക്കിവിടെ എന്താ ഇത്ര മല മറിക്കാനുള്ള പണി എന്നല്ലേ. ഞാൻ എങ്ങോട്ടെങ്കിലും പോകുമ്പോൾ അറിയാം ഇവിടുത്തെ പണികൾ എന്തൊക്കെ ആണെന്ന്.
അതുപോലെ തന്നെ ഇനി കുട്ടികളെ സ്കൂളിൽ വിടാനും അവരുടെ യൂണിഫോം അയൺ ചെയ്യാനൊക്കെ നിങ്ങളും പഠിക്കണം. ഞാൻ ജോലിക്ക് പോയി തുടങ്ങിയാൽ പിന്നെ ഒന്നിനും സമയം ഉണ്ടാവില്ല.”
“എനിക്ക് പറ്റില്ല അതൊന്നും ചെയ്യാൻ. നിന്നെ കെട്ടികൊണ്ട് വന്നത് ഇവിടുത്തെ പണികൾ ചെയ്യാനും കുട്ടികളെ നോക്കാനുമൊക്കെ വേണ്ടി തന്നെയാ.
അതുകൊണ്ട് മര്യാദയ്ക്ക് ഇവിടെ അടങ്ങി ഒതുങ്ങി കഴിഞ്ഞാൽ നിനക്ക് കൊള്ളാം. ജോലിക്ക് പോകണോന്ന് ആണെങ്കിൽ നീ പോയി നിന്റെ വീട്ടിൽ നിന്നോ. ഇവിടെ, എന്റെ വീട്ടിൽ നിൽക്കുമ്പോ നിന്റെ തന്നിഷ്ടം നടക്കില്ല.” മഹേഷ് അൽപ്പം ഉച്ചത്തിൽ പറഞ്ഞു.
“നിങ്ങൾ എന്നെ ഇതുപോലെ കുറെ വിരട്ടിയും ഭീഷണിപ്പെടുത്തിയും ഇത്രയും വർഷം ഈ വീടിനുള്ളിൽ തളച്ചിട്ടതല്ലേ. മുൻപ് ഞാൻ പേടിച്ചു നിന്നത് പോലെ ഇനി നിക്കുമെന്ന് വിചാരിക്കണ്ട.
എന്റെ വീട്ടിൽ പോയി നിന്നാലേ ജോലിക്ക് പോകാൻ പറ്റുള്ളൂ എന്നാണെങ്കിൽ ഞാൻ നാളെ തന്നെ എന്റെ വീട്ടിലേക്ക് പോവാ.” ധന്യയും വിട്ടുകൊടുത്തില്ല.
“ആര് പറഞ്ഞു പോവണ്ടന്ന്, പൊയ്ക്കോ. പോകുമ്പോൾ പക്ഷേ എന്റെ മക്കളെ ഇവിടെ നിർത്തിയിട്ടു പോയാൽ മതി. അവരെ കാര്യം നോക്കാൻ എനിക്കറിയാം.” മുണ്ട് മടക്കികുത്തി ദേഷ്യത്തോടെ അയാൾ മുറിക്ക് പുറത്തേക്ക് പോയി.
“ഓഹ്… ഇമോഷണൽ ബ്ലാക്ക് മെയിലിങ്ങ് ആണല്ലേ. എങ്കിൽ ഒരു കാര്യം ചെയ്യ്. നിങ്ങളും അമ്മയും കൂടി പിള്ളേരെ നോക്കിക്കോ. ഞാൻ പോയേക്കാം.” ധന്യ പറഞ്ഞത് കേട്ടുവെങ്കിലും മഹേഷ് ഒന്നും മിണ്ടാതെ പോയി കുട്ടികളുടെ അടുത്തിരുന്നു.
മഹേഷിന്റെയും ധന്യയുടെയും വിവാഹം കഴിഞ്ഞിട്ട് പത്തു വർഷമായി. ധന്യ ഡിഗ്രി കഴിഞ്ഞതാണ്. പഠിച്ചു കഴിഞ്ഞു റിസൾട്ട് കാത്ത് നിൽക്കുമ്പോഴാണ് മഹേഷിന്റെ ആലോചന വരുന്നത്.
മിനിയുടെയും സ്വരാജിന്റെയും ഒരേയൊരു മകനാണ് മഹേഷ്. മഹേഷിന്റെ അച്ഛൻ മഹേഷിന്റെ വിവാഹത്തിന് രണ്ട് വർഷം മുൻപ് ആക്‌സിഡന്റിൽ മരിച്ചതാണ്. മഹേഷ് സ്വകാര്യ ബാങ്കിലെ മാനേജർ ആണ്.
അനേഷിച്ചപ്പോൾ നല്ല കുടുംബം ആണെന്ന് അറിഞ്ഞു. അങ്ങനെ ഉടനെ തന്നെ വീട്ടുകാർ അവരുടെ വിവാഹം നടത്തി. വിവാഹം കഴിഞ്ഞപ്പോൾ ജോലിക്ക് പോകുന്നതിനെ കുറിച്ച് ധന്യ അയാളോട് പറഞ്ഞപ്പോൾ ‘ഇപ്പോൾ കല്യാണം കഴിഞ്ഞതല്ലേയുള്ളൂ അതുകൊണ്ട് പിന്നെ ആവട്ടെ’ എന്നായിരുന്നു മഹേഷിന്റെ മറുപടി.
രണ്ടു മാസം കഴിഞ്ഞപ്പോൾ ധന്യ ആദ്യ കുഞ്ഞിനെ ഗർഭം ധരിച്ചു. മൂത്ത മോൾക്ക് ഒരു വയസ്സ് കഴിഞ്ഞപ്പോൾ ജോലിക്ക് പോയി തുടങ്ങുന്നതിനെ കുറിച്ച് ആലോചിച്ചപ്പോൾ ധന്യ വീണ്ടും ഗർഭിണിയായി.
അതോടെ ഉത്തരവാദിത്വം കൂടി. രണ്ട് കുട്ടികളെയും നോക്കി വീട്ട് ജോലിയും ചെയ്തു അവളുടെ നടു ഒടിഞ്ഞു. മഹേഷിന്റെ അമ്മ ടീവിയും കണ്ട് ഇരിക്കുന്നതല്ലാതെ ഒന്നും സഹായിക്കില്ല. മഹേഷ് ജോലി കഴിഞ്ഞു വരുന്ന സമയം ആകുമ്പോൾ അടുക്കളയിലേക്ക് ഓടും.
എന്നിട്ട് മോൻ വരുമ്പോൾ ജോലിയൊക്കെ ചെയ്തു ക്ഷീണിച്ച ഭാവത്തിൽ മരുമോൾ ഉണ്ടാക്കി വച്ച ചായയും കടിയും എടുത്ത് മോന്റെ മുന്നിലേക്ക് ചെല്ലും. ആ സമയത്ത് പണികളൊക്കെ ഒതുക്കി മേൽ കഴുകി ഇറങ്ങുകയാകും ധന്യ.
അതുകാണുമ്പോൾ മഹേഷ് വിചാരിക്കുന്നത് വീട്ടിലെ പണികളൊക്കെ അമ്മയാണ് ചെയ്യുന്നതെന്നായിരുന്നു. അതിന്റെ പേരിൽ ധന്യ അയാൾ നിരന്തരം വഴക്ക് പറയുമായിരുന്നു.
ധന്യ എത്ര തിരുത്താൻ ശ്രമിച്ചിട്ടും അയാൾ അവളെ വിശ്വസിക്കാൻ കൂട്ടാക്കിയില്ല. ഒടുവിൽ ഒരു ദിവസം തലവേദന കാരണം ബാങ്കിൽ നിന്നും നേരത്തെ എത്തിയ മഹേഷ് കാണുന്നത് ഹൃദയഭേദകമായ കാഴ്ചയായിരുന്നു.
ബാത്‌റൂമിൽ തെണ്ണിവീണു ഒരു കൈയ് ഒടിഞ്ഞ ധന്യ ആ വയ്യാത്ത കൈയും വച്ച് വീടൊക്കെ തുടയ്ക്കുന്നു. തുടച്ചത് വൃത്തിയായില്ല എന്ന് പറഞ്ഞുകൊണ്ട് മഹേഷിന്റെ അമ്മ മിനി ധന്യ പിടിച്ചു നിലത്തേക്ക് തള്ളി.
ഒടിഞ്ഞ കൈയ് നിലത്തേക്ക് ഇടിച്ചു അവൾ താഴെ വീണു. വീണ് നെറ്റി പൊട്ടി ചോര വാർന്നൊലിച്ചു കിടക്കുന്ന ധന്യയെ മഹേഷാണ് തന്റെ കൈകളിൽ കോരിയെടുത്ത് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയത്.
ആ സംഭവത്തിന് ശേഷം അയാൾക്ക് അവളോടുള്ള ദേഷ്യം നിറഞ്ഞ സമീപനം മാറുകയും സ്നേഹത്തോടെ ധന്യയോട് പെരുമാറുകയും ചെയ്തു. ധന്യയോട് ക്രൂരത കാട്ടിയതിനു അമ്മയെ മഹേഷ് നല്ല വഴക്ക് പറയുകയും ചെയ്തിരുന്നു.
അങ്ങനെ മിനിക്ക് ധന്യയോട് കടുത്ത പകയായി. തന്റെ മകനെ അവൾ തന്നിൽ നിന്നും അകറ്റാൻ നോക്കുന്നുവെന്ന് പറഞ്ഞു നിരന്തരം ധന്യയോട് വഴക്കിടുന്നത് മിനിക്ക് പതിവായി.
മഹേഷിന് ധന്യയോട് വെറുപ്പ് തോന്നാൻ അവർ ഓരോ കുത്തിത്തിരുപ്പുകൾ ഉണ്ടാക്കി ഇല്ലാത്ത കാര്യങ്ങൾ മകന്റെ ചെവിയിൽ ഓതി കൊടുത്ത് മഹേഷിന് ധന്യയോട് ഉണ്ടായിരുന്ന സ്നേഹപൂർവ്വമായ സമീപനത്തെ ദേഷ്യമാക്കി മാറ്റി.
നിരന്തരം അമ്മയിൽ നിന്ന് ധന്യയുടെ കുറ്റം കേട്ട് കേട്ട് അതൊക്കെ മഹേഷും വിശ്വസിക്കാൻ തുടങ്ങിയിരുന്നു. അതോടെ അവർ തമ്മിൽ ഇടയ്ക്കിടെ വഴക്ക് പതിവായി.
അങ്ങനെ തനിക്ക് ജോലിക്ക് പോണമെന്നു ധന്യ പറയാൻ തുടങ്ങിയപ്പോൾ മഹേഷ് അവളെ ഓരോന്ന് പറഞ്ഞു വിരട്ടി അതിൽ നിന്നും പിന്തിരിപ്പിച്ചു കൊണ്ടിരുന്നു.
അളമുട്ടിയാൽ ചേരയും കടിക്കും എന്ന അവസ്ഥയായി ധന്യയ്ക്ക്. തന്റെ സ്വകാര്യ ആവശ്യങ്ങൾക്ക് പോലും അമ്മായി അമ്മയുടെ മുന്നിൽ പൈസ ചോദിക്കേണ്ട ഗതികേട് അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല.
ആദ്യമൊക്കെ വീട്ട് ചിലവിനു ധന്യയുടെ
കൈയ്യിൽ ആയിരുന്നു മഹേഷ് പൈസ കൊടുത്തിരുന്നത്. അവൾ അനാവശ്യമായി കാശ് ചിലവാക്കുന്നു എന്ന് ആരോപിച്ചു മഹേഷിന്റെ കയ്യിൽ നിന്നും അമ്മ കാശ് വാങ്ങി വീട്ട് ചിലവ് നടത്താൻ തുടങ്ങി.
ഒരു സാനിട്ടറി പാഡ് വാങ്ങാൻ അവരോടു പൈസ ചോദിച്ചാൽ
“ഓഹ്… വല്യ പരിഷ്കാരി വന്നേക്കുന്നു… ഞങ്ങളൊക്കെ ആർത്തവ സമയത്തു തുണി ആണ് ഉപയോഗിച്ചിരുന്നത്. നീയും അത് തന്നെ ചെയ്താ മതി. വെറുതെ എന്റെ മോന്റെ പൈസ കളയാനായിട്ട് ഓരോ ചിലവേ…” ഇതായിരുന്നു മിനിയുടെ മറുപടി.
മഹേഷിനോട് പൈസ ചോദിച്ചാൽ അമ്മയുടെ കയ്യിൽ കൊടുത്തിട്ടുണ്ട് വാങ്ങിച്ചോ എന്ന മറുപടി ആണ് അവിടുന്ന് കിട്ടുന്നത്. എല്ലാം കൊണ്ടും അവൾക്ക് മടുത്തു തുടങ്ങി.
ഇനി അങ്ങനെ വിട്ടുകൊടുക്കാൻ പറ്റില്ലെന്ന് ധന്യ മനസ്സിൽ ഉറപ്പിച്ചു. കൂട്ടുകാരി വഴി ഒരു ജോലി തരപ്പെടുത്തി. ജോലി ശരിയായ ശേഷം മഹേഷിനോട് പറഞ്ഞപ്പോൾ പതിവ് പല്ലവി തന്നെ കേട്ടു. പിന്മാറാൻ ഒരുക്കമല്ലാത്തത് കൊണ്ട് അവളും ചിലത് തീരുമാനിച്ചിരുന്നു.
രാത്രി കിടക്കുന്നതിനു മുൻപ് മക്കളെ അടുത്ത് വിളിച്ചു നാളെ താൻ വീട്ടിലേക്ക് പോവാണെന്നും അധികം വൈകാതെ തന്നെ മടങ്ങി വരുമെന്നും പറഞ്ഞു. അമ്മയ്ക്ക് ജോലിക്ക് പോകാൻ അമ്മുമ്മയുടെ കൂടെ നിന്നാലേ പറ്റുള്ളൂ..
അച്ഛൻ ഈ വീട്ടിൽ നിന്ന് ജോലിക്ക് പോകാൻ അമ്മയെ സമ്മതിക്കുന്നില്ല എന്നും നിങ്ങൾ വേണം അച്ഛനെക്കൊണ്ട് സമ്മതിപ്പിക്കാൻ എന്നും ധന്യ മക്കളെ പഠിപ്പിച്ചു.
മക്കളും കുറേ നാളായി “അമ്മയെന്താ ജോലിക്ക് പോകാതെ വീട്ടിൽ ഇരിക്കുന്നത്… ഞങ്ങളുടെ ഫ്രണ്ട്സിന്റെ അമ്മമാരൊക്കെ ജോലിക്ക് പോകുമല്ലോ അമ്മയ്ക്കും പൊയ്ക്കൂടേ” എന്ന് ചോദിക്കുന്നുണ്ട്.
ജോലിക്ക് പോകുന്ന അമ്മമാരൊക്കെ കുട്ടികളെ സ്കൂട്ടറിൽ കൊണ്ട് വിടാറുണ്ടെന്നും അമ്മയും ജോലിക്ക് പോയി തങ്ങളെ സ്കൂട്ടറിൽ സ്കൂളിൽ കൊണ്ട് വിടണമെന്നും കുട്ടികൾ പറയുമ്പോൾ ധന്യ വിഷാദം നിറഞ്ഞ പുഞ്ചിരിയോടെ പോകാം എന്ന് മാത്രം പറയുമായിരുന്നു.
രണ്ടിലും നാലിലും പഠിക്കുന്ന റെയയ്ക്കും വിനുവിനും ഇപ്പോൾ അമ്മ ജോലിക്ക് പോകാൻ പോവുകയാണെന്ന് കേട്ടപ്പോൾ സന്തോഷമായി. അമ്മ ഇല്ലെങ്കിലും തനിയെ കുളിക്കാനും ആഹാരം കഴിക്കാനുമൊക്കെ അവർ ശീലിച്ചിരുന്നു.
താനൊന്ന് വീണുപോയാൽ കുട്ടികൾ അവരുടെ പ്രാഥമിക കാര്യങ്ങൾ എങ്കിലും സ്വയം ചെയ്യാൻ പഠിച്ചിരിക്കണമെന്നത് ധന്യയ്ക്ക് നിർബന്ധം ഉണ്ടായിരുന്നു. അതുകൊണ്ട് പകുതി സമാധാനത്തോടെയാണ് അവൾ വീട്ടിലേക്കുള്ള ബാഗ് പാക്ക് ചെയ്തത്.
രാവിലെ കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞു വിട്ട ശേഷം ധന്യ വീട്ടിലേക്ക് പോയി.
“നീയെന്താ ധന്യേ ഒറ്റയ്ക്ക്? മക്കളും മഹിയും എവിടെ?” ഒറ്റയ്ക്ക് വന്ന ധന്യയെ കണ്ട് അമ്മ സരോജ അവളോട് തിരക്കി.
“എനിക്കൊരു ജോലി ശരിയായി. മഹിയേട്ടൻ പോവാൻ സമ്മതിച്ചില്ല. ഞാൻ എതിർത്തു, അപ്പൊ പറഞ്ഞു സ്വന്തം വീട്ടിൽ പോയി നിന്നിട്ട് ജോലിക്ക് പൊയ്ക്കൊന്ന്.
അങ്ങേര് ഉണ്ടാക്കിയ വീട്ടിൽ അങ്ങേരെ ചിലവിന് കഴിയുമ്പോൾ ജോലിക്ക് പോകാൻ പറ്റില്ലെന്ന് പറഞ്ഞു. അവിടുത്തെ പ്രശ്നങ്ങൾ അമ്മയ്ക്കും അറിയാലോ… ഒരു ജോലി ഇല്ലാതെ പറ്റില്ലെന്ന് തോന്നി. അതുകൊണ്ട് ഞാൻ ഇങ്ങോട്ട് പോന്നു.”
“നീ ഇവിടെ നിന്നാൽ കുട്ടികളെ ആര് നോക്കും.? വീട്ടിലെ കാര്യങ്ങളോ?”
“അവരും അറിയട്ടെ ആ വീട്ടിൽ ഞാൻ എന്തൊക്കെ ചെയ്തിരുന്നു എന്ന്. പിന്നെ കുട്ടികൾ അവരെ കാര്യം അവർ തന്നെ നോക്കിക്കോളും.”
“എന്നാലും നീയിവിടെ നിൽക്കുമ്പോ നാട്ടുകാർ എന്ത് കരുതും?” സരോജത്തിന് അതോർത്തായിരുന്നു ആധി.
“അവരെ ചിലവില്ലല്ലോ ഞാൻ കഴിയുന്നത്.”
“അച്ഛൻ വരുമ്പോൾ എന്ത് പറയും? നിന്നെ തിരിച്ചു കൊണ്ട് വിടാന്ന് പറയും അച്ഛൻ. നിന്റെ അനിയത്തി വിളിക്കുമ്പോൾ അവളും വഴക്ക് പറയും നീയിവിടെ വന്ന് നിൽക്കുന്നത് അവളുടെ ഭർത്താവിന്റെ വീട്ടിൽ അറിഞ്ഞാൽ അവൾക്ക് നാണക്കേടാണെന്ന് പറഞ്ഞു.”
“അമ്മയോന്ന് മിണ്ടാതിരിക്കുന്നുണ്ടോ. നിങ്ങളുടെ നാണക്കേട് ഓർത്താ ഞാൻ എല്ലാം സഹിച്ചു അവിടെ നിന്നത്. അച്ഛൻ കൊണ്ട് വിടാന്ന് പറഞ്ഞു ഇങ്ങ് വരട്ടെ.. നല്ല മറുപടി പറയുന്നുണ്ട് ഞാൻ.
കുറച്ചു ദിവസം അവിടെ ഞാൻ ഇല്ലാതാവുമ്പോൾ കാര്യങ്ങൾ കീഴ് മേൽ മറിയും. അപ്പൊ മഹിയേട്ടൻ തന്നെ കോംപ്രമൈസ് പറഞ്ഞു ഇങ്ങോട്ട് വന്നോളും. അതിനുമുൻപ് എന്നെ അങ്ങോട്ട് പറഞ്ഞു വിടാമെന്ന് അച്ഛനും അമ്മയും വിചാരിക്കണ്ട… ഞാൻ പോവില്ല.” ധന്യ തന്റെ നിലപാടിൽ ഉറച്ചുനിന്നു.
അവൾ പറഞ്ഞതൊക്കെ കേട്ടുകൊണ്ട് ധന്യയുടെ അച്ഛൻ മനോഹരൻ വാതിൽക്കൽ നിൽക്കുന്നുണ്ടായിരുന്നു.
“നീ ഇത് എന്ത് ഭാവിച്ചാ മോളെ..?” പകപ്പോടെ അച്ഛൻ ചോദിച്ചു.
“അച്ഛൻ ഇവിടെ നിൽപ്പുണ്ടായിരുന്നോ… ഹാ അപ്പൊ പിന്നെ കാര്യങ്ങൾ ഒന്നുകൂടി വിശദമാക്കണ്ടല്ലോ. ഞാനേതായാലും ഇവിടെ നിന്ന് ജോലിക്ക് പോകാൻ തീരുമാനിച്ചു.
അവിടെ നിന്നുകൊണ്ട് ജോലിക്ക് പോകാൻ പറ്റില്ല. മഹിയേട്ടൻ അതിന് സമ്മതിച്ചു വന്ന് വിളിക്കുന്നത് വരെ ഞാനിവിടെ കാണും. എന്നെ അങ്ങോട്ട് പറഞ്ഞു വിടാമെന്ന ചിന്ത മനസ്സിലുണ്ടെങ്കിൽ അതങ്ങ് കളഞ്ഞേരെ.” അത്രയും പറഞ്ഞിട്ട് ധന്യ ബാഗും എടുത്ത് തന്റെ റൂമിലേക്ക് പോയി.
കുറേ കാലത്തിനു ശേഷം അവളൊന്ന് സ്വസ്ഥമായി ഉറങ്ങി. കുട്ടികളെ മിസ്സ് ചെയ്തപ്പോൾ അവരെ വിളിച്ചു വിവരങ്ങൾ തിരക്കി. കുഞ്ഞുങ്ങളെ കാണാൻ മനസ്സ് ആഗ്രഹിച്ചെങ്കിലും അത് അവൾ ഉള്ളിലൊതുക്കി.
തിങ്കളാഴ്ച മുതൽ ധന്യ പുതിയ ജോലിക്ക് പോയി തുടങ്ങി. ആദ്യം കുറച്ചു ബുദ്ധിമുട്ട് തോന്നിയെങ്കിലും അവളതുമായി പൊരുത്തപ്പെട്ടു. അച്ഛനും അമ്മയ്ക്കും ഭർത്താവിനെയും മക്കളെയും ഒറ്റക്കാക്കി മകൾ വീട്ടിൽ വന്ന് നിൽക്കുന്നതിൽ ഇഷ്ടക്കേട് ഉണ്ടെങ്കിലും ധന്യയുടെ തീരുമാനം എന്താണോ അതിനൊപ്പം നിൽക്കാമെന്ന മാനസികാവസ്ഥയിലേക്ക് അവരെത്തി ചേർന്നു.
തന്റെ വാക്ക് ധിക്കരിച്ചുകൊണ്ട് ധന്യ സ്വന്തം വീട്ടിൽ നിന്ന് ജോലിക്ക് പോകുമെന്ന് മഹേഷ് പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് അവനും അവളോടുള്ള ദേഷ്യവും വാശിയും കാരണം ധന്യയെ തിരികെ വിളിച്ചില്ല.
ധന്യ പോയതോടെ വീട്ടുകാര്യങ്ങൾ അവതാളത്തിലായി. ഒരു കാര്യവും സ്വന്തമായി ചെയ്തു ശീലമില്ലാതിരുന്ന മഹേഷിന് ധന്യയുടെ അഭാവം ബുദ്ധിമുട്ടുകൾ ഉണ്ടാക്കി.
രാവിലെ നേരത്തെ എഴുന്നേറ്റു കുളിച്ചു വസ്ത്രങ്ങൾ അയൺ ചെയ്തു കുട്ടികളുടെ യൂണിഫോമും അയൺ ചെയ്തു അവരെ സ്കൂൾ ബസിൽ കയറ്റി വിട്ട് ജോലിക്ക് പോകാൻ അയാൾ കുറച്ചു കഷ്ടപ്പെട്ടു.
അടുക്കള ഭരണം മിനിയുടെ ചുമലിലായി. വീട് വൃത്തിയാക്കലും തുണി അലക്കലും എല്ലാം അവരെ തളർത്തി തുടങ്ങിയിരുന്നു.
ധന്യയെ കഷ്ടപ്പെടുത്താൻ വേണ്ടി മിക്സി വാങ്ങാനോ വാഷിംഗ് മെഷീൻ വാങ്ങാനോ അവർ സമ്മതിക്കാതിരുന്നത് ഒടുവിൽ അവർക്ക് തന്നെ വിനയായി. കാലിന്റെ കുഴ തെറ്റി അമ്മയ്ക്ക് ഒരാഴ്ച ബെഡ് റസ്റ്റ് എടുക്കേണ്ടി വന്നപ്പോൾ മഹേഷ് ബാങ്കിൽ നിന്ന് ഒരാഴ്ച ലീവ് എടുത്തു.
അന്നാണ് ആ വീട്ടിലെ ജോലികൾ എത്രത്തോളം ഉണ്ടെന്ന് അയാൾ തിരിച്ചറിഞ്ഞത്. വൈകാതെ തന്നെ വാഷിംഗ് മെഷീൻ, മിക്സി അങ്ങനെ അത്യാവശ്യം വേണ്ടുന്ന ഉപകരണങ്ങൾ കൊണ്ട് വീട് നിറഞ്ഞു.
ധന്യയെ മനഃപൂർവം കഷ്ടപ്പെടുത്താൻ വേണ്ടിയാണ് അമ്മ ഇതൊന്നും വാങ്ങിക്കാൻ സമ്മതിക്കാതിരുന്നതെന്ന് അയാൾക്ക് ബോധ്യമായി. കുട്ടികൾ സ്വന്തം കാര്യം നോക്കുന്നത് കൊണ്ട് അയാൾക്ക് അത്രയും ജോലി കുറഞ്ഞു കിട്ടി.
എങ്കിലും പതിയെ പതിയെ അയാളുടെ മനസ്സ് ധന്യയെ ആഗ്രഹിച്ച് തുടങ്ങി. അവൾ ആ വീട്ടിൽ ഇല്ലാതിരുന്നതിന്റെ കുറവുകൾ മഹേഷ് തിരിച്ചറിയുകയായിരുന്നു.
അവളുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കാതെ അവളോട് ചൂടായതും വഴക്ക് ഉണ്ടാക്കിയതും ഓർത്ത് മഹേഷിന് കുറ്റബോധം തോന്നി. ഒപ്പം “അമ്മയെ തിരിച്ചു വിളിക്ക് അച്ഛാ ” എന്നുള്ള മക്കളുടെ പരാതി കൂടെ ആയപ്പോൾ മഹേഷ്, ഒരു ശനിയാഴ്ച ദിവസം ധന്യയുടെ വീട്ടിലേക്ക് ചെന്നു.
“നിങ്ങൾ വരുമെന്ന് എനിക്കറിയാമായിരുന്നു.” മഹേഷിനെ ഒന്ന് നോക്കി ഗൂഢമായ ചിരിയോടെ അവൾ പറഞ്ഞു.
“മക്കൾക്കും എനിക്കും നീയില്ലാതെ പറ്റില്ലെന്ന് നീ പോയപ്പോഴാ ഞാൻ മനസിലാക്കിയത്. നീ തിരിച്ചു വരണം.” താഴ്ന്ന സ്വരത്തിൽ മഹേഷ് അവളോട് പറഞ്ഞു.
“വരാം… പക്ഷേ ഒരു ഡിമാൻഡ് ഉണ്ട്. ഇനി പഴയത് പോലെ ആവില്ല മുന്നോട്ട്. ഞാൻ തുടർന്നും ജോലിക്ക് പോകും.
നിങ്ങളുടെ കാര്യങ്ങൾ നിങ്ങൾ ഒറ്റയ്ക്ക് തന്നെ ചെയ്യണം. രാവിലെ എനിക്കൊപ്പം കിച്ചണിൽ സഹായിക്കണം. വൈകുന്നേരം ഓഫീസിൽ നിന്ന് വന്നാൽ മോനെയോ മോളെയോ പഠിപ്പിക്കണം. ഒരാളെ ഞാനും പഠിപ്പിക്കും.
ഇനി എല്ലാ കാര്യങ്ങളും പങ്കിട്ട് ചെയ്താൽ മതി. അല്ലെങ്കിൽ പിന്നെ ഞാൻ തിരിച്ചു വന്ന് കഴിയുമ്പോൾ നിങ്ങളുടെ മനസ്സ് വീണ്ടും മാറിയാലോ. അമ്മയുടെ വാക്ക് കേട്ട് എന്നെ ശകാരിക്കാൻ വരുന്നതും നിർത്തുക്കിക്കോ.
ഇതൊക്കെ സമ്മതിക്കാമെങ്കിൽ ഞാൻ വരാം. ഭാര്യ എന്നാൽ ഭർത്താവിന്റെ അടിമ അല്ലെന്ന് ഇനിയെങ്കിലും നിങ്ങൾ മനസ്സിലാക്കുന്നത് നല്ലതാ.”
“നിന്റെ ഇഷ്ടം പോലെതന്നെ നടക്കട്ടെ. ഇനി ഞാനായിട്ട് ഒന്നിനും എതിർ നിൽക്കില്ല.” തോൽവി സമ്മതിച്ചത് പോലെ മഹേഷ് പറഞ്ഞു.
“ശരി… നമുക്ക് ഇപ്പൊ തന്നെ പോയേക്കാം.”
‘ഈ തീരുമാനം കുറച്ചു നേരത്തെ എടുക്കേണ്ടതായിരുന്നു. എങ്കിൽ ഇത്രയും നാൾ കഷ്ടപ്പെടേണ്ടി വരുമായിരുന്നില്ല.’
മഹേഷിനൊപ്പം തിരികെ പോകുമ്പോൾ അവൾ മനസ്സിൽ ചിന്തിച്ചു.
‘നീ എല്ലാം ഇട്ടെറിഞ്ഞു പോയപ്പോഴാണ് ആ വീട്ടിൽ നിന്റെ സ്ഥാനം എന്തായിരുന്നുവെന്ന് ഞാൻ മനസ്സിലാക്കിയത്. ഇനി നിന്നെ വേദനിപ്പിക്കാതിരിക്കാൻ ഞാൻ ശ്രമിക്കും. സോറി ധന്യാ.’ മനസ്സ് കൊണ്ട് അവളോട് മാപ്പ് പറഞ്ഞു മഹേഷ്.
മഹേഷിന്റെ മനസ്സ് വായിച്ചത് പോലെ ധന്യ അവന്റെ ഇടതുകരം കവർന്നു. ആശ്വാസം നിറഞ്ഞ ഒരു പുഞ്ചിരി അയാളിൽ നിറഞ്ഞു. അത് കണ്ട് ധന്യയും ചിരിച്ചു.