(രചന: സൂര്യ ഗായത്രി)
ഒരു ടേബിളിന്റെ ഇരുവശവും ആയി അവർ ഇരിക്കാൻ തുടങ്ങിയിട്ട് സമയം ഏറെയായി.
രണ്ടുപേർക്കും സംസാരിക്കാൻ കഴിയുന്നില്ല. ഒടുവിൽ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് രേവതി തന്നെ സംസാരത്തിന് തുടക്കമിട്ടു.
നമ്മൾ തമ്മിൽ കണ്ടിട്ട് എത്ര നാളായി എന്നറിയുമോ അജയ്..
കരച്ചിൽ ചീളുകൾ പോലെയുള്ള അവളുടെ ആ ഒച്ചകേട്ട് അജയ് മുഖമുയർത്തി രേവതിയെ തന്നെ നോക്കി…
അവന്റെ പീലികൾ തിങ്ങിനിറഞ്ഞ കണ്ണുകളിലേക്ക് അവൾ സ്വയം മറന്നു നോക്കിയിരുന്നു.
ആ കണ്ണുകൾ കലങ്ങി മറിഞ്ഞിരിക്കുന്നു….. ഒരിക്കൽ മാത്രമേ അവൾക്ക് നോക്കാൻ കഴിഞ്ഞുള്ളൂ. രേവതി വേഗം മുഖം തിരിച്ചു.
നമ്മൾ തമ്മിൽ കാണാതിരുന്നിട്ട് ഇപ്പോൾ മൂന്നു മാസത്തിലേറെയായി. അതിനു മുൻപ് ഒരു ദിവസം പോലും നമ്മൾ തമ്മിൽ കാണാതെയോ സംസാരിക്കാതെയോ ഇരുന്നിട്ടില്ല. ഇത്രമാത്രം നമ്മൾ അകന്നുപോയോ അജയ്.
നിറഞ്ഞു തുളുമ്പിയ കണ്ണുകളെ അവൾ ചുരിദാറിന്റെ ഷോൾ കൊണ്ട് തൂത്തുവിട്ടു. അജയുടെ മുന്നിൽ ഇനി ഒരിക്കലും കരയില്ലെന്ന് തീരുമാനിച്ചിരുന്നതാണ്.. വിങ്ങി പൊട്ടുകയാണ് അജയ്…..നെഞ്ചു…
അജയുടെ അമ്മ പറഞ്ഞതെല്ലാം ശരിയാണ്. ഒരു അനാഥയായ എന്നെ അജയുടെ ജീവിതത്തോട് ചേർത്തുവയ്ക്കാൻ നിങ്ങളുടെ വീട്ടിലുള്ള ആർക്കും സമ്മതമല്ല. ഞാൻ എന്നെ കുറിച്ച് ചിന്തിക്കണം ആയിരുന്നു.
ഇതുവരെയും കിട്ടാതിരുന്ന സ്നേഹം ഒരാളിൽ നിന്നും കിട്ടിയപ്പോൾ ഞാൻ എന്നെ തന്നെ മറന്നു പോയി. എന്റെ നിലയും വിലയും മറന്നു പോയി. ഞാനൊരു അനാഥയാണ് എന്നതുപോലും…. ഞാൻ ഓർക്കേണ്ടതായിരുന്നു അല്ലേ.. അജയ്.
ഓരോ വാക്കുകൾ പറയുമ്പോഴും അവളുടെ തൊണ്ടയിടറി കൊണ്ടിരുന്നു.
അജയ്ക്ക് അവളുടെ മുഖത്തേക്ക് പോലും നോക്കാൻ കഴിഞ്ഞില്ല.
എന്നോട് ക്ഷമിക്കൂ രേവതി….. ഞാൻ എനിക്ക് വേറെ വഴിയില്ലാതെ ആയിപ്പോയി…
അജയ് എന്തിനാണ് എന്നോട് ക്ഷമ ചോദിക്കുന്നത്. ഞാനല്ലേ തെറ്റ് ചെയ്തത്. അച്ഛന്റെയും അമ്മയുടെയും ഒറ്റ മകനായ അജയ്…
അവരുടെ സ്വപ്നവും പ്രതീക്ഷയും എല്ലാം നീയാണ്… അങ്ങനെയുള്ള നിന്നെ ഞാൻ ഒരിക്കലും സ്നേഹിക്കരുതയിരുന്നു ആഗ്രഹിക്കരുത് ആയിരുന്നു.
ഒരായുസ്സിന്റെ സ്നേഹം മുഴുവനും നമ്മൾ തമ്മിൽ പരസ്പരം സ്നേഹിക്കാൻ തുടങ്ങി രണ്ടു വർഷം കൊണ്ട് നീ എനിക്ക് തന്നു.
അതുമാത്രം മതി നിന്റെ ആ ഓർമ്മകളിൽ ഞാൻ ജീവിച്ചു കൊള്ളാം. നിന്റെ അമ്മയ്ക്ക് ഞാനൊരു വാക്ക് കൊടുത്തിട്ടുണ്ട് നിന്റെ ജീവിതത്തിൽ ഒരിക്കലും ഞാനൊരു തടസ്സമായി വരില്ലെന്ന്.
പക്ഷേ ഇന്ന് നിന്നെ കാണണമെന്ന് തോന്നി അവസാനമായി നിന്നോട് സംസാരിക്കണം എന്ന് തോന്നി. അതുകൊണ്ടാണ് നീ വിളിച്ചപ്പോൾ ഞാൻ വരാമെന്ന് സമ്മതിച്ചതു.
എന്തിനാണ് അജയ് നീ എന്നെ വിളിച്ചത്.
നിന്നോട് ഞാൻ തെറ്റ് ചെയ്യുന്നതുപോലെ എനിക്ക് തോന്നുന്നത് രേവതി. എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ട് നിൽക്കുകയാണ്.
പക്ഷേ അച്ഛന്റെയും അമ്മയുടെയും ശാഠ്യത്തിന്റെ മുന്നിൽ എനിക്ക് വേറെ വഴികളില്ല. അമ്മയുടെ ആരോഗ്യം വളരെ മോശാവസ്ഥയിലാണ് ഞാൻ ഈ വിവാഹത്തിൽ നിന്ന് പിന്മാറുകയാണെങ്കിൽ അമ്മ ഹൃദയം പൊട്ടി മരിക്കും.
അതിനു കാരണക്കാരൻ ആകാൻ എനിക്ക് കഴിയില്ല. അതുകൊണ്ട് അവർക്ക് വേണ്ടി കൊടുക്കാൻ എനിക്ക് എന്റെ ജീവിതം മാത്രമേയുള്ളൂ.
പക്ഷേ എന്റെ മനസ്സാക്ഷിയുടെ മുമ്പിൽ ഞാൻ തെറ്റുകാരനാണ്. ഒഴിഞ്ഞുമാറി നടന്ന നിന്നെ ഞാനാണ് ഇതിലേക്ക് വലിച്ചിഴച്ചത്. എന്നിട്ട് ഇപ്പോൾ നിനക്ക് ഇത്രയും വലിയൊരു വേദന തരാൻ…..
അജയ് കണ്ണുകൾ ഇറുക്കി അടച്ചു.
അവന്റെ ഓർമ്മകൾ ഏകദേശം രണ്ടു വർഷം പിന്നിലേക്ക് പോയി.
അജയുടെ കമ്പനിയിലെ അക്കൗണ്ടിംഗ് സെക്ഷനിലേക്ക് ആയിരുന്നു രേവതിക്ക് ജോലിക്കു സെലക്ഷൻ കിട്ടിയത്.
ജോലിക്ക് കയറി കുറച്ചു ദിവസം ആകുന്നതിനു മുൻപേ തന്നെ അവിടെയുള്ളവർക്കെല്ലാം രേവതിയോട് വല്ലാത്ത സ്നേഹമായി.
എപ്പോഴും സംസാരിച്ചു ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു പെൺകുട്ടി. ആരോടും അവൾക്ക് പിണക്കമോ പരിഭവമോ ഒന്നുമില്ല. ചെയ്യുന്ന ജോലി വളരെ കൃത്യതാ. അങ്ങനെയാണ് അജയ് പെൺകുട്ടിയെ ശ്രദ്ധിച്ചു തുടങ്ങിയത്.
ഇടയ്ക്കൊക്കെ എന്തെങ്കിലും കാരണം ഉണ്ടാക്കി അവളെ ക്യാബിനിലേക്ക് വിളിപ്പിച്ചു കൊണ്ടിരുന്നു. ചോദിക്കുന്ന കാര്യങ്ങൾക്കൊക്കെ വ്യക്തമായ മറുപടി.
ഏത് സെക്ഷനിലുള്ള പെൻഡിങ് വർക്കുകൾ കൊടുത്താലും അതെല്ലാം ചെയ്തു തീർക്കുന്നത് അവൾക്ക് വളരെ സന്തോഷമുള്ള കാര്യമായിരുന്നു.
ഒരിക്കൽ ഓഡിറ്റിംഗ് നടക്കുന്ന സമയത്ത് അക്കൗണ്ട് സെക്ഷനിലെ ചില തിരിമറികൾ രേവതി കണ്ടുപിടിച്ച അത് കയ്യോടെ അജയ്യെ അറിയിച്ചു.
അജയ് പരിശോധിച്ചതിൽ നിന്ന് ഏകദേശം 5 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്.
അയാൾക്കെതിരെ ശക്തമായ നടപടിയായിരുന്നു അജയ് എടുത്തത്. ഇത്രയും നാൾ മറ്റാർക്കും കണ്ടുപിടിക്കാൻ കഴിയാത്ത ഒരു മിസ്റ്റേക്ക് രേവതി കണ്ടുപിടിച്ചത് കൊണ്ട് തന്നെ എല്ലാവർക്കും അവളോട് സ്നേഹവും ബഹുമാനവും കൂടി.
അക്കൗണ്ട് സെക്ഷനിൽ നിന്നും നേരെ അജയുടെ പി എ എന്ന പോസ്റ്റിലേക്ക് ആയി രേവതിയുടെ സ്ഥാനം.
മീറ്റിങ്ങുകൾക്കും മറ്റും കൂടെ പോകുന്നത് രേവതിയുടെ ജോലിയായി. ഏതോ ഒരു നിമിഷത്തിൽ അജയുടെ മനസ്സിൽ രേവതിക്കു ഒരു സ്ഥാനം ഉണ്ടായി.
പക്ഷേ അവൻ അത് അവളോട് തുറന്നു പറഞ്ഞിരുന്നില്ല.
ഇടയ്ക്ക് ഒന്ന് രണ്ട് ദിവസം രേവതി ലീവ് ആയിരുന്നു. രേവതിയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയോട് അന്വേഷിച്ചപ്പോഴാണ് അറിയാൻ കഴിഞ്ഞത്…
രേവതിയുടെ അഡ്രസ്സ് ആയിരുന്നു ആദ്യം ചോദിച്ചത് അവളിൽ നിന്നാണ് അജയ് അറിയുന്നത് രേവതി ഒരു ഓർഫൻ ആയിരുന്നു എന്ന്. അവൾ ഒരു അനാഥാലയത്തിലാണ് വളർന്നത് എന്നും ഇപ്പോൾ പെയിങ് ഗസ്റ്റ് ആയിട്ടാണ് താമസിക്കുന്നതെന്നും.
രേവതി ഓർഫൻ ആയിരുന്നു എന്ന വാർത്ത അജയ് ശരിക്കും സങ്കടത്തോടുകൂടിയാണ് കേട്ടത്.
അസുഖം ഭേദമായി തിരികെ ജോലിയിലേക്ക് വന്നപ്പോൾ രേവതിയോടുള്ള അജയുടെ സമീപനത്തിൽ കാര്യമായ മാറ്റം വന്നു. അവന്റെ ഉള്ളിൽ അവളോട് സ്നേഹവും വാത്സല്യവും ബഹുമാനവും ആയിരുന്നു.
നോക്കിലൂടെയും വാക്കിലൂടെയും എല്ലാം അജയ് അവന്റെ സ്നേഹം അവളെ അറിയിക്കാൻ ശ്രമിച്ചു. ആദ്യമൊക്കെ രേവതി ഒന്നും മനസ്സിലാകാത്തതുപോലെ ഒഴിഞ്ഞുമാറി.
പക്ഷേ അജയുടെ സ്നേഹവും കെയറിങ്ങ് കണ്ടപ്പോൾ അവൾ അതെല്ലാം ആഗ്രഹിച്ചു തുടങ്ങി.
ഇതുവരെയും കിട്ടാതിരുന്ന സ്നേഹം മുഴുവൻ അജയ്നിന്നും കിട്ടിയപ്പോൾ ആ തണൽ ആഗ്രഹിച്ചുപോയി. ഒരിക്കലും വേർപിരിയാൻ ആകാത്ത വിധം അടുത്തുപോയി.
അവനില്ലാത്ത ഒരു ദിവസം പോലും ജീവിതത്തിൽ ഉണ്ടാകരുതെന്നു അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ചു പ്രാർഥിച്ചു…
പക്ഷെ ഒരു ദൈവവും അവളുടെ പ്രാർഥന കേട്ടില്ല….
അവർ തമ്മിലുള്ള ബന്ധം അജയ്യുടെ വീട്ടിൽ അറിഞ്ഞു… പ്രതാപവും പ്രൗഡിയും മുറുകെ പിടിച്ചു ജീവിക്കുന്ന അജയ്യുടെ വീട്ടുകാർക്ക് മുന്നിൽ അനാഥയായവൾക്ക് അയിത്തം കല്പിച്ചു..
അമ്മയുടെ വാശിക്കും നിരാഹാരസമരത്തിന് മുന്നിൽ അവൻ പതറിപ്പോയി…… ഈ അനാഥയെ ഉപേക്ഷിക്കുക മാത്രമേ നിവർത്തിയുണ്ടായിരുന്നുള്ളൂ…..
അത് തന്നോട് പറയാനുള്ള അവന്റെ വിഷമം മനസ്സിലാക്കിയിട്ട് ആയിരിക്കും അജയുടെ അമ്മ തന്നെ അന്വേഷിച്ചു വന്നത്.
അവരുടെ മുന്നിൽ താനൊരു പുൽക്കൊടിയോളം ചെറുതാകുന്നതായി തോന്നി
ഞങ്ങളുടെ ഒരേ ഒരു മകനാണ് അജയ്. ഒരുപാട് പ്രതീക്ഷകളോട് കൂടിയാണ് അവനെ വളർത്തിയത് പഠിപ്പിച്ചതും ഒക്കെ. അവന്റെ കൈപിടിച്ച് ഞങ്ങടെ കുടുംബത്തിലേക്ക് വരുന്ന മരുമകളെ പറ്റിയും ഞങ്ങൾക്ക് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട്.
അതെല്ലാം തച്ചുടയ്ക്കാൻ ഞാൻ ആരെയും അനുവദിക്കില്ല. അവനോട് കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. അവനായിട്ട് ഒന്നിനും വരികയില്ല.
നീയായിട്ട് അവന്റെ പിന്നാലെയും വരരുത്. ഒരു ബ്ലാങ്ക് ചെക്ക് അവർ അവൾക്ക് നേരെ നീട്ടി. ഇതിൽ ഞാൻ എമൗണ്ട് എഴുതിയിട്ടില്ല. ആവശ്യമുള്ളത് എഴുതിയെടുത്ത് അവന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോയേക്കണം.
അവൾ ആ ചെക്ക് കയ്യിൽ പോലും വാങ്ങാതെ നിന്നു.
നിങ്ങളുടെ മകനെ സ്നേഹിച്ചു എന്ന് ഒരു തെറ്റു മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. അതിനെ എനിക്ക് വിലയിടാൻ നിങ്ങൾക്കാവില്ല.
നിങ്ങൾ തരുന്ന ബ്ലാങ്ക് ചെക്കിനേക്കാൾ എന്റെ സ്നേഹത്തിന് വിലയുണ്ട്. ഇനി ഞാൻ ആ ജീവിതത്തിലേക്ക് കടിച്ചു തൂങ്ങി നിൽക്കില്ല. ഞാൻ കാരണം ആരുടെയും അഭിമാനത്തിന് ക്ഷതം സംഭവിക്കില്ല.
അവരുടെ മുന്നിൽ ഇരു കൈകളും കൂപ്പി നിന്നു. ഇതുവരെ വന്നു ബുദ്ധിമുട്ടിയതിന് ഞാൻ ക്ഷമ ചോദിക്കുന്നു.
ആ സംഭവത്തിനുശേഷം അജയ്യെ പിന്നെ കണ്ടിട്ടില്ല. ഒരുപാട് തവണ തന്നെ വിളിക്കാനും കാണാനും ശ്രമിച്ചു എങ്കിലും താൻ അതിൽ നിന്നൊക്കെ ഒഴിഞ്ഞുമാറി. നിവർത്തിയില്ലാതെ ആയപ്പോഴാണ് ഈ കൂടിക്കാഴ്ചയ്ക്ക് സമ്മതം നൽകിയത്.
തന്റെ മുന്നിൽ വന്ന് കുനിഞ്ഞ് ശിരസ്സോടുകൂടി ഇരിക്കുന്നവരെ കണ്ടപ്പോൾ ഒരുവേള നെഞ്ച് പിടഞ്ഞു പോയി.
പക്ഷേ തന്റെ മുന്നിൽ ഇരിക്കുന്നവൻ ഇന്ന് മറ്റൊരു പെണ്ണിന്റെ സ്വന്തമാണ് എന്ന് ഓർമ്മ ഉള്ളിൽ തിങ്ങിനിറഞ്ഞതും അവൾ അവനിൽ നിന്നുള്ള കാഴ്ച തിരിച്ചു.
ഒരു ഇൻവിറ്റേഷൻ കാർഡ് അജയ് അവളുടെ നേർക്ക് നീട്ടി.. വിവാഹമാണ് മറ്റന്നാൾ…. എന്തുകൊണ്ടോ നിന്നോട് പറയണമെന്ന് തോന്നി.
അവളാ കാർഡ് വാങ്ങി പുച്ഛത്തോടെ കൂടി അവനെ നോക്കി.
തീർച്ചയായും ഞാൻ ആ വിവാഹത്തിന് വരും. അതിൽ പങ്കുചേരുകയും ചെയ്യും. എന്നെ വേണ്ടെന്നു വച്ചതുകൊണ്ട് ഞാൻ മരിക്കുകയൊന്നുമില്ല.
അന്തസ്സായി ജീവിച്ചു കാണിക്കും. അമ്മയുടെ വാക്ക് അക്ഷരംപ്രതിപാലിച്ച് അവർക്ക് സന്തോഷം നൽകൂ..
രണ്ടുവർഷത്തെ പ്രണയത്തിനിടയ്ക്ക് പലതവണ രജിസ്റ്റർ മാരേജ് എന്നൊരു ഓപ്ഷൻ നിങ്ങൾ പറഞ്ഞുവെങ്കിലും… ഞാനാണ് അതിന് സമ്മതിക്കാതിരുന്നത് അത് നന്നായി എന്ന് എനിക്കിപ്പോൾ തോന്നുന്നു.
കാരണം വിവാഹത്തിനുശേഷമാണ് നിങ്ങളുടെ അമ്മ എന്നെ ഉപേക്ഷിക്കാൻ പറഞ്ഞിരുന്നതെങ്കിൽ പോലും നിങ്ങൾ അനുസരിക്കും ആയിരുന്നു..തന്നെപോലെ ഒരുത്തനെ വിശ്വസിച്ചു ഇറങ്ങി വരാതിരുന്നത് നന്നായി….
വളരെ വൈകിയാണെങ്കിലും എല്ലാം അറിയാൻ കഴിഞ്ഞതിൽ സന്തോഷം.
കാമുകൻ വേണ്ടെന്നു വെച്ചാൽ ഉടനെ ആത്മഹത്യ ചെയ്യുന്ന ഒരു പൊട്ടി പെണ്ണായി നിങ്ങളെന്നെ കണക്കാക്കേണ്ട. എന്റെ മുന്നിൽ കുനിഞ്ഞ ശിരസ്സുമായി ഇരിക്കുന്ന നിങ്ങളുടെ മുഖം അതാണ് എന്റെ വിജയം.
ഇൻവിറ്റേഷൻ കാർഡ് കയ്യിലെടുത്തുകൊണ്ട് അവനെ ഒന്ന് വിഷ് ചെയ്ത് അവൾ നടന്നകന്നു…. തല ഉയർത്തിപിടിച്ചു.