പകൽ മാന്യനായ ഒരുത്തന്റെ രതി വൈകൃതത്തിന് ഇരയാകേണ്ടി വന്നയൊരു പാവമായിരുന്നു എന്റെ അമ്മ. തന്റെ ജീവിതത്തിൽ നിന്ന്

(രചന: ശ്രീജിത്ത് ഇരവിൽ)

പകൽ മാന്യനായ ഒരുത്തന്റെ രതി വൈകൃതത്തിന് ഇരയാകേണ്ടി വന്നയൊരു പാവമായിരുന്നു എന്റെ അമ്മ.

തന്റെ ജീവിതത്തിൽ നിന്ന് മറക്കാൻ ശ്രമിക്കുന്ന മുറിഞ്ഞ മുഹൂർത്തങ്ങളെ അമ്മ എനിക്ക് പരിചയപ്പെടുത്തുമ്പോൾ ഞാൻ എന്റെ പതിനെട്ടാമത്തെ പിറന്നാളിന്റെ രാത്രിയിലായിരുന്നു.

എല്ലാം കേട്ട് മകളൊരു തികഞ്ഞ പുരുഷവിരോധി ആകാതിരിക്കാനായിരിക്കണം എല്ലാവരും അങ്ങനെയല്ലായെന്നും കൂടി അമ്മയന്ന് കൂട്ടിച്ചേർത്തത്.

ആദ്യ രാത്രിയിൽ തന്നെ ബലമായി ഭോഗിക്കപ്പെട്ട അമ്മയന്ന് കരുതിയത് ഇതൊക്കെ തന്നെയാണ് വിവാഹ ജീവിതമെന്നായിരുന്നു.

പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ഒരു അന്യമതക്കാരനുമായി പ്രേമബന്ധത്തിലായ അമ്മയെ പരീക്ഷാഫലം വരുന്നതിന് മുമ്പ് തന്നെ കെട്ടിച്ച് വിടാനുള്ള തീരുമാനത്തിലേക്ക് കുടുംബക്കാർ എത്തുകയായിരുന്നു.

പ്രേമത്തിൽ പെട്ടത് മോനാണെങ്കിലും മോളാണെങ്കിലും അന്നത്തെ ബഹുഭൂരിഭാഗം രക്ഷിതാക്കാളും വിലക്കുമായിരുന്നുവെത്രെ. മോനോട് മര്യാദക്ക് പഠിച്ച് വല്ല ജോലി നേടാനും മോളോട് കൂടുതലൊന്നും പറയാതെ അവർ തീരുമാനിക്കുന്ന വിവാഹത്തിന് സമ്മതിക്കാനും പറയുമെന്ന ഒറ്റ വിത്യാസം മാത്രമേയുണ്ടായിരുന്നുള്ളൂ..

വീട്ടുകാർ സൽഗുണ സമ്പന്നനാണെന്ന് പറഞ്ഞ് കെട്ടിച്ച് കൊടുത്ത തന്റെ ഭർത്താവിൽ നിന്നും കൊടും ലൈംഗീക പീഡനങ്ങൾ നേരിട്ട അമ്മ എത്രയോ രാത്രികളിൽ തന്റെ രഹസ്യാവയവങ്ങളിലെ മുറിവിൽ നീറി നൊന്തിരുന്നു. അത് പറയുമ്പോൾ അമ്മയും കേട്ടിരുന്ന ഞാനും ഒരുപോലെ കരഞ്ഞു..

സ്വയം പര്യാപ്തമാകാൻ പറ്റുന്നയെന്ത് വേണമെങ്കിലും ഇഷ്ട്ടാനുസരണം നിനക്ക് പഠിക്കാമെന്ന അമ്മയുടെ വാക്കാണ് അന്നെനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്തയൊരു ബലം തന്നത്.

അങ്ങനെയാണ് ഞാൻ ഇംഗ്ലീഷ് ഭാഷയിൽ ബിരുദവും ബിരുദാനന്ദ ബിരുദവുമെടുത്ത് തുടർന്ന് അധ്യാപികയായത്. അതിനുശേഷമാണ് തുന്നൽ യന്ത്രത്തിൽ നിന്ന് എന്റെ അമ്മയുടെ കാലുകൾ മോചിക്കപ്പെട്ടത്.

പണ്ട് കോളേജ് പഠനകാലത്തെ ഒരുരാത്രിയിൽ അച്ഛൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോയെന്ന് വെറുതേയൊരു കൗതുകത്തിനായി ഞാൻ അമ്മയോട് ചോദിച്ചു. ബന്ധങ്ങളുടെ കാര്യമെടുത്താൽ മിക്കവരുടെ ജീവിതത്തിലും ജീവിച്ചിരിക്കെ മരിച്ചവരാണ് കൂടുതലെന്നും പറഞ്ഞ് അമ്മയന്ന് തിരിഞ്ഞ് കിടന്നു.

ചോദിക്കാൻ പാടില്ലായിരുന്നുവെന്ന കുറ്റബോധം കൊണ്ടായിരിക്കണം പിറകിലൂടെ കെട്ടിപ്പിടിച്ചതും കാലെടുത്ത് അമ്മയുടെ ദേഹത്തിലേക്ക് കയറ്റിവെച്ച് ഏറെ നേരമങ്ങനെ ഞാൻ ഉറങ്ങാതെ കിടന്നതും….

പിറ്റേന്ന് തിരിച്ച് കോളേജ് ഹോസ്റ്റലിലേക്ക് പോകാനൊരുങ്ങിയ എന്നോട് അച്ഛനില്ലാത്ത വിഷമം മോൾക്കുണ്ടോയെന്നും ചോദിച്ച് അമ്മയെന്റെ തലയിലാകെ തലോടി. കഷ്ട്ടപ്പെട്ട് ചീകിയൊതുക്കിയ മുടിയാകെ അലങ്കോലമാക്കിയതിൽ വിഷമമുണ്ടെന്ന്‌ ഞാൻ അമ്മയെ തുറിച്ച് നോക്കികൊണ്ട് പറഞ്ഞു. അതുമതിയായിരുന്നു അമ്മയ്ക്ക് ചിരിക്കാൻ…

പൊന്നിൻ കുടത്തിന് എന്തിനാണ് പൊട്ടെന്നും പറഞ്ഞ് അമ്മ കൈകൾകൊണ്ടെന്റെ മുടിയൊക്കെ ശരിയാക്കി നെറ്റിയിൽ ഒരുമ്മ തന്നു. ഞാൻ ആ ഉമ്മയും മുറുക്കെ പിടിച്ചാണ് അന്ന് ഹോസ്റ്റലിലേക്ക് തിരിച്ചുപോയത്…

അങ്ങനെ ഇരിക്കുമ്പോഴാണ് പ്രകൃതി വളരെ സ്വഭാവികമായി എന്റെ ജീവനിലുമൊരു പ്രേമം പാകിയത്. തോന്നിയ ആളോട് പറയും മുമ്പേ ഞാൻ അമ്മയോട് തുറന്ന് പറഞ്ഞു. കോളേജ് കാന്റീനിലെ ജീവനക്കാരനായ ചെറുപ്പക്കാരനോടാണ് മകൾക്ക് പ്രേമമെന്ന് അറിയുമ്പോൾ അമ്മ എതിർക്കുമെന്നാണ് ഞാൻ ആദ്യം കരുതിയത്…

പക്ഷേ, പരാശ്രയമില്ലാതെ ജീവിക്കാനുള്ള മാർഗ്ഗമുണ്ടെങ്കിൽ ആരെ വേണമെങ്കിലും പ്രേമിച്ച് കെട്ടിക്കോയെന്ന അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ട് അമ്മ എന്നെയന്ന് ഞെട്ടിച്ച് കളഞ്ഞു.

ആ ഞെട്ടല് മാറും മുമ്പേ ഞാൻ കാന്റീനിലേക്ക് പോയി എന്റെ പ്രേമം വെട്ടിത്തുറന്ന് പറയുകയും ചെയ്തു. മറുപടിയൊന്നും പറയാതെ തൊണ്ടയിലൊരു മീൻമുള്ള് കുരുങ്ങിയ പരവേശത്തിൽ കാന്റീനിൽ അങ്ങുമിങ്ങുമായി അവൻ അന്നുമുഴുവൻ ഓടി നടക്കുകയായിരുന്നു…

എന്റെ അവസാന വർഷ പരീക്ഷ കഴിയുന്നതിന്റെ അന്നാണ് അവന്റെ തൊണ്ടയിൽ നിന്ന് ആ മുള്ളൊഴിഞ്ഞത്. എന്നെ സ്വീകരിക്കാൻ ഇഷ്ട്ടമാണെന്ന് പറയുമ്പോൾ അവന്റെ ചുണ്ടുകൾ തമ്മിൽ വെപ്രാളത്തിൽ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു…

വർഷങ്ങളൊരു മാന മിന്നൽ പോലെ മിന്നി മറഞ്ഞു. ഞാനൊരു അധ്യാപികയും ഭാര്യയുമായി. കാന്റീൻ ജീവനക്കാരൻ എന്റെ കുഞ്ഞിന്റെ അച്ഛനും അമ്മയുടെ ഉത്തമ മകനുമായി പരിണാമപ്പെട്ടു.

ഞങ്ങൾ നാല് പേർ ചേർന്ന് സന്തോഷത്തിന്റെയൊരു പുതപ്പ് തുന്നി താമസിക്കുന്ന വീട് മുഴുവൻ മറയാൻ പാകം പുതച്ചു. അല്ലെങ്കിലും കെട്ടിടങ്ങൾ വീടാകുന്നതും ഇത്തരം സന്തോഷ മുഹൂർത്തങ്ങൾ വന്ന് വീടാകെ പൊതിയുമ്പോഴാണല്ലോ…

അന്ന് മാതൃകാ അധ്യാപികയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാരം ഏറ്റുവാങ്ങുന്ന വേളയിൽ അമ്മയെക്കുറിച്ച് ഞാൻ വാതോരാതെ സംസാരിച്ചു.

അച്ഛനെന്ന വികാരമില്ലാതെ വളരേണ്ടി വരുന്ന കുട്ടികൾക്കും വളർത്തേണ്ടി വരുന്ന മാതാക്കൾക്കും മുന്നിൽ എന്റെ അമ്മയെ ഞാൻ തുറന്ന് കാട്ടി… ആയിരം അച്ഛന് സമമായ എന്റെ അമ്മയ്ക്കാണ് വേദിയിൽ നിന്ന് ഞാൻ ആ പുരസ്‌ക്കാരം സമർപ്പിച്ചത്.

സംഘാടകരോടുള്ള എന്റെ അഭ്യർത്ഥന പ്രകാരം സദസ്സിലേക്ക് ക്ഷണിക്കപ്പെടുമ്പോൾ അമ്മയുടെ കണ്ണുകൾ നനഞ്ഞ് തിളങ്ങുന്നുണ്ടായിരുന്നു. ഇരുന്നയിടത്ത് നിന്ന് ഇമവെട്ടാതെ എന്നെയുറ്റ് നോക്കുന്ന അമ്മയുടെ കണ്ണുകളിൽ ഇതിന് മുമ്പ് അത്രയും നിർവൃതി ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല…

പക്ഷേ, എത്രവിളിച്ചിട്ടും അമ്മയന്ന് അനങ്ങിയില്ല..! പുരസ്‌ക്കാര ചടങ്ങിന് പങ്കെടുക്കാൻ വന്ന സകലരുടെ നോട്ടം തട്ടിയിട്ടും അമ്മ എഴുന്നേറ്റതുമില്ല..! ഒടുവിൽ തൊട്ടടുത്ത്‌ ഇരിക്കുന്ന എന്റെ ഭർത്താവിന്റെ സ്പർശനത്തോടെയുള്ള വിളിയിൽ അമ്മ അദ്ദേഹത്തിലേക്ക് ചെരിഞ്ഞ് വീഴുകയായിരുന്നു…!

അമ്മയുടെ കണ്ണുകളപ്പോഴും സദസ്സിൽ സ്തംഭിച്ച് നിൽക്കുന്ന എന്നോട് മകളേയെന്ന വിളിയോടെ പുഞ്ചിരിക്കുന്നുണ്ടായിരുന്നു…!!!

Leave a Reply

Your email address will not be published. Required fields are marked *