കയറി വന്നത്.. അതിനാണെങ്കിൽ അയാളുടെ അതേ മുഖമാണ്. അതിനേം കൂടെ എടുത്താൽ പിന്നെ എപ്പോളും അയാളെ ഓർമ്മ

ഈയാംപാറ്റകൾ
(രചന: സൃഷ്ടി)

” നീയെന്തിനാണ് ഭയക്കുന്നത്? നിനക്ക് ഇനിയും എന്നേ വിശ്വാസമില്ല എന്നാണോ? ”

ഫോണിലൂടെ കേൾക്കുന്ന അവന്റെ സ്വരത്തിൽ പരിഭവം കലർന്നത് നിമിഷയ്ക്ക് സഹിച്ചില്ല.

” എന്നാണോ ഞാൻ പറഞ്ഞത്..? നമ്മൾ രാത്രിയിൽ പോയാൽ പിന്നെ പിറ്റേന്ന് മാത്രമല്ലെ വിവാഹം കഴിക്കാൻ പറ്റുള്ളൂ? രാത്രി എന്നേ കാണാനില്ല എന്ന് ആരെങ്കിലും അറിഞ്ഞാൽ പിന്നെ അന്വേഷണം ഒക്കെ ആവില്ലേ? പോലീസിൽ പരാതിപ്പെട്ടാലോ.. അപ്പൊ ആകെ കുഴപ്പം ആവില്ലേ.. രാവിലെ പോയാൽ കുറച്ചുകൂടി സേഫ് അല്ലേ ”

അനുനയത്തിന്റെ സ്വരത്തിൽ അവൾ കൊഞ്ചി..

” നീ ഞാൻ പറഞ്ഞതുപോലെ ഇറങ്ങി വന്നാൽ മാത്രം മതി.. ബാക്കി ഒന്നും അറിയണ്ട. അല്ലാ.. എന്നേ വിശ്വാസമില്ല എങ്കിൽ. ഇനി എന്നേ വിളിക്കുകയും വേണ്ട ”

” ശ്ശോ.. ഇങ്ങനെ പിണങ്ങല്ലേ മഹീ.. എല്ലാം നീ പറഞ്ഞത് പോലെ തന്നെ.. പോരെ? ”

മറുവശത്തു സ്വരം ശാന്തമായപ്പോൾ നിമിഷയ്ക്ക് ആശ്വാസമായി. നിമിഷനേരം കൊണ്ട് അവന്റെ പിണക്കം തീർത്ത തങ്ങളുടെ പ്രണയം ഓർത്തു അവൾ പുളകിതയായി..

” നീ വരുമ്പോൾ കൊച്ചിനെ എടുക്കുന്നില്ല എന്ന് തീരുമാനിച്ചോ? ”

” പിന്നല്ലാതെ.. കൊച്ചിനേം കൊണ്ടല്ല ഞാൻ ഇങ്ങോട്ട് കയറി വന്നത്.. അതിനാണെങ്കിൽ അയാളുടെ അതേ മുഖമാണ്. അതിനേം കൂടെ എടുത്താൽ പിന്നെ എപ്പോളും അയാളെ ഓർമ്മ വരും.. പോരാത്തതിന് കൊച്ചിന് തന്തയോടാ കൂറ് ”

” അത്പിന്നെ നീ അതിനെ സ്നേഹത്തോടെ ഒന്ന് പരിഗണിച്ചെങ്കിലല്ലേ അതിനു നിന്നോട് കൂറ് കാണൂ ”

” ഓ.. എനിക്ക് ആ കൂറ് വേണ്ട.. ഇനിയെന്റെ മഹിയുടെ കുഞ്ഞിനെ ഞാൻ പെറ്റു വളർത്തുമ്പോൾ കിട്ടുന്ന കൂറ് മതി ”

അല്പസമയം കൂടി നീണ്ടു നിന്ന ഫോൺവിളി മെല്ലെ നേർത്ത മൂളലുകളിലും നിശ്വാസങ്ങളിലും കിതപ്പുകളിലും അവസാനിച്ചപ്പോൾ നിമിഷ ഉറക്കമില്ലാതെ കിടന്നു.. അവളുടെ മനസ്സിൽ നിറയേ പുതിയ പ്രകാശമായിരുന്നു..

കൂലിപ്പണിക്കാരനായ രാജന്റെയും വിലാസിനിയുടേയും മകളായിരുന്നു നിമിഷ. ഒരുപാട് കഷ്ടപ്പെട്ട് യാതൊരു അല്ലലും അറിയിക്കാതെയാണ് അവർ നിമിഷയെ വളർത്തിയത്.

എന്നാൽ ഉള്ളതിൽ തൃപ്തിപ്പെടാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല. പണക്കാരായ കൂട്ടുകാരികളുടെ വില കൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും മറ്റും അവളെ സദാ ഭ്രമിപ്പിച്ചു. മകളെ നന്നായി പഠിപ്പിച്ചു നല്ല നിലയിൽ എത്തിക്കണം എന്നായിരുന്നു രാജന്റെ ആഗ്രഹം. എന്നാൽ പഠിത്തത്തിലൊന്നും നിമിഷയ്ക്ക് ഒട്ടും താല്പര്യം ഇല്ലായിരുന്നു.

എങ്ങനെയൊക്കെയോ പ്ലസ് ടു പാസായ ശേഷം അവളുടെ ഇഷ്ടപ്രകാരം രാജൻ അവളെ ബ്യൂട്ടിഷൻ കോഴ്സ് പഠിപ്പിച്ചു. ടൗണിലെ ചെറിയ ഒരു ബ്യൂട്ടി പാർലറിൽ ജോലി ചെയ്തു വരുമ്പോളാണ് അവൾക്ക് ടൗണിൽ തന്നെ മെക്കാനിക്ക് ആയ പ്രദീപിന്റെ വിവാഹലോചന വരുന്നത്. പ്രദീപിന് ഒരമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കാഴ്ചയ്ക്ക് സുന്ദരിയായ നിമിഷയ്ക്ക് അത്രയൊന്നും സുന്ദരൻ അല്ലാത്ത പ്രദീപിനെ ഒട്ടും ഇഷ്ടപ്പെട്ടില്ല. എന്നിട്ടും രാജന്റെ നിർബന്ധത്തിന് വഴങ്ങി അവൾക്ക് വിവാഹത്തിനു വഴങ്ങേണ്ടി വന്നു. വിവാഹശേഷം അവളുമായി പൊരുത്തപ്പെട്ടു പോകാൻ പ്രദീപും അമ്മയും ‌ ഒരുപാട് ശ്രമിച്ചു.

അവൻ എത്രയൊക്കെ അടുക്കാൻ ശ്രമിച്ചിട്ടും സ്നേഹിക്കാൻ ശ്രമിച്ചിട്ടും നിമിഷയ്ക്ക് പ്രദീപിനെ പൂർണ്ണമായി അംഗീകരിക്കാൻ കഴിഞ്ഞില്ല. അതിനിടയിൽ ഒരു മകൾ കൂടി ജനിച്ചു. മകൾക്കും പ്രദീപിനെ പോലെ ഇരുണ്ട നിറവും മുഖവും ആയത് നിമിഷയെ ചൊടിപ്പിച്ചു. അവൾ കുഞ്ഞിനെ പോലും ശരിക്കും ശ്രദ്ധിക്കാറില്ലായിരുന്നു.

പ്രദീപിന്റെ അമ്മയാണ് കുഞ്ഞിനെ വളർത്തിയത്. പ്രദീപ്‌ പല തവണ അവളോടും അവളുടെ മാതാപിതാക്കളോടും ഒക്കെ സംസാരിച്ചിട്ടും അവരെല്ലാം ഉപദേശിച്ചിട്ടും അവളിൽ മാറ്റമുണ്ടായില്ല. ഒടുവിൽ പ്രദീപും അവളിൽ നിന്നകന്നു. മകൾ മാത്രമായി അയാളുടെ ലോകം.

ആയിടയ്ക്കാണ് അവൾ ജോലി ചെയ്യുന്ന ബ്യൂട്ടി പാർലറിന്റെ തൊട്ടടുത്തുള്ള മൊബൈൽ ഷോപ്പിൽ വെച്ച് മഹേഷിനെ കണ്ടുമുട്ടുന്നത്. ഫോണിന് കവർ മാറ്റാനായി ചെന്നപ്പോൾ അവിചാരിതമായി മഹേഷിനെ കാണുകയായിരുന്നു. നേർത്തൊരു ചിരിയിൽ തുടങ്ങിയ ബന്ധം പതിയെ വളർന്നു. നിമിഷ സ്വപ്നം കാണാറുള്ള പോലെ ഒരു സുന്ദരനായിരുന്നു മഹേഷ്‌.

പലപ്പോളും ബ്യൂട്ടി പാർലറിൽ അവളെ കാണാനായി മഹേഷ്‌ ചെല്ലാറുണ്ടായിരുന്നു. മഹേഷിന്റെ സൗന്ദര്യവും സരസമായ സംഭാഷണവും ഒക്കെ നിമിഷയിൽ അവനോട് ഇഷ്ടമുണ്ടാക്കി. എന്നാൽ താൻ വിവാഹിതയാണെന്നും ഒരു കുഞ്ഞിന്റെ അമ്മയാണെന്നുമുള്ള ബോധം അവളിൽ അപകർഷതാ ബോധം വളർത്തി.

അത് പ്രദീപിനോടും കുഞ്ഞിനോടുമുള്ള വെറുപ്പായി വളർന്നു. ഒടുവിൽ രണ്ടും കൽപ്പിച്ചു ഒരു ദിവസം നിമിഷ എല്ലാം മഹേഷിനോട് തുറന്നു പറഞ്ഞു. പക്ഷേ അവളെ അതിശയിപ്പിച്ചു കൊണ്ടാണ് മഹേഷ്‌ പെരുമാറിയത്. നിമിഷയോടുള്ള പ്രണയത്തിന് മുന്നിൽ മറ്റൊന്നും അവന് തടസ്സമല്ല എന്ന് ആണയിട്ട് പറഞ്ഞതോടെ നിമിഷ പൂർണ്ണമായും മഹേഷിൽ അടിമപ്പെട്ടു.

അതിനോടകം തന്നെ അവരുടെ ബന്ധം ഫോൺ സന്ദേശങ്ങളിലേക്കും കാളുകളിലേയ്ക്കും മാറിയിരുന്നു. ദിവസങ്ങൾ കഴിഞ്ഞതോടെ വീട്‌ വിട്ട് ഇറങ്ങി വരാനും ഒരുമിച്ച് ജീവിച്ചു തുടങ്ങാനും ഒക്കെ മഹേഷ്‌ അവളെ നിർബന്ധിക്കാൻ തുടങ്ങി.

കുഞ്ഞുമായി വരാനാണ് അവൻ പറഞ്ഞതെങ്കിലും അതിനു നിമിഷ തയ്യാറായിരുന്നില്ല. എന്തായാലും പ്രദീപിനെയും കുഞ്ഞിനേയും മറ്റെല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചു മഹേഷുമായി നാട് വിടാൻ നിമിഷ തയ്യാറെടുത്തു. ഇനി അതിനു രണ്ടു ദിവസങ്ങൾ കൂടിയേ ബാക്കിയുള്ളൂ. അത് കഴിഞ്ഞുള്ള തന്റെ സ്വർഗ്ഗ തുല്യമായ ജീവിതമോർത്ത് നിമിഷ മനോരാജ്യം കണ്ടുറങ്ങി.

” നിമിഷേ… ഇന്ന് നീ പാർലറിൽ പോകണ്ട ”

രാവിലെ പോകാനിറങ്ങിയ നിമിഷയേ പ്രദീപിന്റെ വാക്കുകൾ തടഞ്ഞു.

” എന്ന് നിങ്ങൾ പറഞ്ഞാൽ മതിയോ? എനിക്ക് പോണം. അങ്ങനെ ലീവ് ആകാനൊന്നും പറ്റില്ല. മാഡം വഴക്ക് പറയും ”

” മാഡം ഒന്നും പറയില്ല. നീയിന്നു വരില്ല എന്ന് ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്. ഇന്നിവിടെ പ്രധാനപ്പെട്ട ചിലർ വരുന്നുണ്ട് ”

തിരിച്ചെന്തോ പറഞ്ഞു കയർക്കാൻ തുടങ്ങുമ്പോളേക്കും വീട്ടിലേയ്ക്ക് കയറി വരുന്ന തന്റെ അച്ഛനമ്മമാരെയും അനിയനെയും അവൾ കണ്ടു. നിമിഷയ്ക്ക് എന്തോ ഒരു അപായ സൂചന തോന്നി.

” വരണം അമ്മേ.. അച്ഛാ.. വാടാ ”

പ്രദീപ്‌ അവരേ വിളിച്ചിരുത്തി.

” എന്താ മോനെ പെട്ടെന്നു വരാൻ പറഞ്ഞത്? ”

രാജൻ പരവശത്തോടെ ചോദിച്ചു.

” പറയാം അച്ഛാ.. ചിലർ കൂടി വരാനുണ്ട്.. ആ വന്നല്ലോ ”

എല്ലാവരുടെയും ശ്രദ്ധ അവിടെക്ക് വന്ന മെമ്പർ സതീശനിലേയ്ക്കും പ്രദീപിന്റെ സുഹൃത്തായ വിനോദിലേയ്ക്കും തിരിഞ്ഞു.

” അമ്മേ.. മോളുമായി അകത്തേയ്ക്ക് ചെല്ല്. ”

പ്രദീപ്‌ പറഞ്ഞപ്പോൾ പ്രദീപിന്റെ അമ്മ കണ്ണ് തുടച്ചുകൊണ്ട് കുഞ്ഞുമായി അകത്തേയ്ക്ക് പോയി. എല്ലാം കണ്ട് നിമിഷ ആകെ ഭയന്നുപോയി.

” എല്ലാവരെയും ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം. എനിക്ക് ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നതിൽ വിഷമമുണ്ട്. എന്നാലും വേറെ വഴിയില്ല ”

” നീ കാര്യം പറ പ്രദീപേ.. എല്ലാവരെയും ടെൻഷൻ ആക്കല്ലേ ”

നിമിഷയെ തറപ്പിച്ചു നോക്കി വിനോദ് പറഞ്ഞു.

” കാര്യം മറ്റൊന്നുമല്ല.. ഞാനും നിമിഷയും തമ്മിൽ വിവാഹിതരായിട്ട് ഇപ്പൊ അഞ്ചു വർഷങ്ങൾ കഴിഞ്ഞു. ഞങ്ങളുടെ മകൾക്ക് മൂന്ന് വയസ്സായി. ഇത്രയും നാളായിട്ടും നിമിഷയ്ക്ക് ഞാനുമായിട്ടോ ഈ വീടുമായിട്ടോ പൊരുത്തപ്പെടാൻ സാധിച്ചിട്ടില്ല. നല്ല ദമ്പതികൾ പോയിട്ട് ഞങ്ങൾ നല്ല സുഹൃത്തുക്കൾ പോലുമല്ല ”

പ്രദീപിന്റെ തുറന്നു പറച്ചിൽ കേട്ട് എല്ലാവരും ഞെട്ടലോടെ അവരേ നോക്കി. നിമിഷയും ആകെ വല്ലാതായി

” നിമിഷയ്ക്ക് വേണ്ടി പല തരത്തിലും ഞാൻ അഡ്ജസ്റ്റ് ചെയ്തു. പലതും ക്ഷമിച്ചു. എന്നിട്ടും അവൾ ഞാനുമായി പൊരുത്തപ്പെടാൻ ശ്രമിച്ചിട്ടു പോലുമില്ല. ഞാൻ അവളെ കുറ്റം പറയുന്നില്ല. സ്നേഹം ഉണ്ടാക്കി എടുക്കേണ്ടതല്ലല്ലോ.. പക്ഷേ ഞങ്ങളുടെ കുഞ്ഞിനോട് പോലും അവളിപ്പോൾ കാണിക്കുന്ന അവഗണന ഒരു അച്ഛൻ എന്ന നിലയിൽ എനിക്ക് കണ്ടു നിൽക്കാൻ സാധിക്കില്ല ”

പ്രദീപ്‌ ഒന്ന് നിർത്തി നിമിഷയെ നോക്കി. പിന്നെ ദീർഘമായി നിശ്വസിച്ചു കൊണ്ട് തുടർന്നു.

” ഈയിടെയായി അവളുടെ ചില പെരുമാറ്റങ്ങളൊക്കെ കണ്ടപ്പോൾ സംശയം തോന്നിയാണ് അവളെ ഞാൻ ഒന്ന് ശ്രദ്ധിച്ചത്. അപ്പോളാണ് അറിഞ്ഞത് ഇപ്പൊ അവൾക്ക് മറ്റൊരാളുമായി അടുപ്പമുണ്ട് എന്ന്. ഇവളെയും അവനെയും കൂടി പലയിടത്തും വെച്ച് കണ്ടു. ഏത് വരേ പോകുമെന്നോർത്ത് കാത്തിരുന്നതാണ്. അപ്പോളാണ് നാളെ ഇവർ നാട് വിടാൻ തീരുമാനിച്ച കാര്യം അറിഞ്ഞത്”

ഭാവഭേദമില്ലാതെ പ്രദീപ്‌ പറഞ്ഞതും നിമിഷയുടെ മുഖം വിവർണ്ണമായി. തങ്ങൾ കേട്ടത് എന്താണെന്ന പകപ്പിലായിരുന്നു ചുറ്റുമുള്ളവർ.

” അപ്പൊ എനിക്ക് തോന്നി എല്ലാവരെയും അത് ഒന്ന് അറിയിക്കണം എന്ന്. എന്റെ വീട്ടിൽ നിന്നു എന്റെ ചിലവിൽ കഴിഞ്ഞ് എന്നേ വിഡ്ഢിയാക്കി അവളങ്ങനെ ജയിക്കണ്ട എന്ന് തോന്നി.

നിങ്ങളൊക്കെ ചേർന്നല്ലേ വിവാഹം നടത്തിയത്.! അപ്പൊ നിങ്ങളെയൊക്കെ സാക്ഷി ആക്കി ഇവളെ ഞാൻ ഉപേക്ഷിക്കുന്നു. ദാ ഈ പേപ്പറിൽ ഒപ്പിട്ട് ഇവൾക്ക് ഇപ്പൊ ഇവിടെ നിന്നിറങ്ങാം. ഇവർ തീരുമാനിച്ചതിലും ഒരു ദിവസം നേരത്തെ ”

പ്രദീപ്‌ ശാന്തമായി പറഞ്ഞെങ്കിലും ശബ്ദം ഇടറിയിരുന്നു.

” എന്തൊക്കെയാടീ ഈ കേൾക്കുന്നത്? ”

നിമിഷയുടെ അമ്മ വിലാസിനി ഉറക്കെ കരഞ്ഞു കൊണ്ട് എണീറ്റു. രാജനും മറ്റുള്ളവരും ഒക്കെ മൗനമായിരുന്നു. അവർ ഓരോന്ന് പതം പറഞ്ഞു കരയാൻ തുടങ്ങി.

” വേണ്ട. ഇവിടെ വെച്ചൊരു ബഹളവും വേണ്ട ”

പ്രദീപ്‌ തന്റെ മുഖത്തുപോലും നോക്കാതെ പറഞ്ഞത് കേട്ടപ്പോൾ നിമിഷയ്ക്ക് അരിശമാണ് വന്നത്. കൂടെ അവളെ തല്ലുന്ന അമ്മയെ കൂടി കണ്ടപ്പോൾ നിമിഷയ്ക്ക് ആകെ കലിയിളകി.

” അതേ.. സത്യമാണ്. നിങ്ങളും കൂടിയാണ് കാരണം. ഇഷ്ടമുള്ളത് പോലെയൊക്കെ ജീവിക്കാൻ സമ്മതിച്ചില്ല. പോരാത്തതിന് ഒട്ടും ഇഷ്ടമില്ലാതെ ഒരു കല്യാണവും കഴിപ്പിച്ചു. നിങ്ങളുടെ ഭാരം ഒഴിഞ്ഞല്ലോ.. ഇനിയിപ്പോ ഇത്രയും ആയ സ്ഥിതിയ്ക്ക് ഞാനിപ്പോ തന്നെ ഇറങ്ങുന്നു. ഇനിയാരും എന്നേ അന്വേഷിച്ചു വരേണ്ട ”

നിമിഷ വാശിയോടെ ആ പേപ്പറുകൾ ഒപ്പിട്ട് മുറിയിലേയ്ക്ക് പോയി. അവളുടേതായ വസ്ത്രങ്ങൾ ഒക്കെയും നിറച്ച ബാഗുമായി കുഞ്ഞിനെ ഒരിക്കൽ കൂടിയൊന്ന് നോക്കാതെ ഇറങ്ങിപോകുന്നവളെ നോക്കി പ്രദീപ്‌ നിർവികാരനായി നിന്നു.

” വേഗം റെഡിയാവ്.. കസ്റ്റമർ ഉണ്ട് ”

അറിയിപ്പ് കിട്ടിയപ്പോൾ നിമിഷ നിർവികാരയായി എഴുന്നേറ്റു. പ്രണയത്തിൽ മയങ്ങി പുതിയ ജീവിതം തേടി ഇറങ്ങിതിരിച്ച യാത്ര അവസാനിച്ചത് ഈ വേശ്യാലയത്തിന്റെ കുടുസ്സ് മുറിയിലാണ്.

വീട്ടിൽ നിന്നിറങ്ങി മഹിയോടൊപ്പം പോകുമ്പോൾ ജയിച്ചു എന്നുള്ള തോന്നലായിരുന്നു. ദിവസങ്ങൾ മാത്രം നീണ്ട മധുവിധുവിനോടുവിൽ
ഇവിടെയെത്തി.

തനിയ്ക്ക് മഹി ഇട്ട വില എത്രയാണ് എന്നറിയില്ല . അതിൽ പിന്നെ അവനെ കണ്ടിട്ടുമില്ല. അവൻ പിന്നെയും തന്നെപ്പോലെയുള്ള വിഡ്ഢികൾക്ക് വേണ്ടി വലകൾ നെയ്തിരിക്കാം. താനോ ദിനംപ്രതി മാറി മാറി വരുന്ന കാമം തേടുന്ന പലരുടെയും കളിപ്പാവയായി..

ഇടയ്ക്ക് തനിച്ചാവുന്ന സമയങ്ങളിൽ വേദനയോടെ നഷ്ടബോധത്തോടെ പ്രദീപിനെയും കുഞ്ഞിനേയും ഓർക്കും.. അവർക്ക് വേണ്ടി പ്രാർഥിക്കും.. വെറുതെ എന്നറിയാം.. എങ്കിലും..

” പെട്ടെന്ന് വാ ”

വീണ്ടും അവർ വന്നു വിളിച്ചതും നിമിഷ യാന്ത്രികമായി എണീറ്റു നടന്നു.. നിർവികാരതയോടെ..

Leave a Reply

Your email address will not be published. Required fields are marked *