എന്തിനാ മോളെ ഇങ്ങനെ വാശി കാണിക്കുന്നത്..? മറ്റാരുമല്ലല്ലോ.. ഉണ്ണിയല്ലേ..? നിങ്ങൾ തമ്മിൽ ഇഷ്ടത്തിലായിരുന്നില്ലേ..? പിന്നെന്താ ഇപ്പോ ഇങ്ങനെ പറയുന്നത്..?”

(രചന: ശ്രുതി)

” ഇല്ല.. ഈ വിവാഹത്തിന് എനിക്ക് സമ്മതമല്ല..”

മുന്നിൽ നിൽക്കുന്ന ആരെയും ശ്രദ്ധിക്കാതെ അവൾ അലറുകയായിരുന്നു.

“നീ എന്തിനാ മോളെ ഇങ്ങനെ വാശി കാണിക്കുന്നത്..? മറ്റാരുമല്ലല്ലോ.. ഉണ്ണിയല്ലേ..? നിങ്ങൾ തമ്മിൽ ഇഷ്ടത്തിലായിരുന്നില്ലേ..? പിന്നെന്താ ഇപ്പോ ഇങ്ങനെ പറയുന്നത്..?”

വല്യച്ഛൻ ആണ്.. ആ ചോദ്യം കേട്ടപ്പോൾ വിദ്യ പുച്ഛത്തോടെ വല്യച്ഛനെ നോക്കി. അതിന്റെ അർഥം മനസ്സിലായത് പോലെ അയാൾ തല താഴ്ത്തി.

” ഈ പറയുന്ന വലിയച്ഛൻ എന്റെ പ്രണയത്തെക്കുറിച്ച് ഞാൻ തുറന്നു പറഞ്ഞ നിമിഷം ഇവിടെ പറഞ്ഞത് എന്തൊക്കെയാണെന്ന് ഞാൻ മറന്നിട്ടില്ല. ഒരിക്കലും ഞാൻ അത് മറക്കാനും പോകുന്നില്ല.

ഇപ്പോൾ നിങ്ങളൊക്കെ കൂടി ഉണ്ണിയേട്ടനെ കൊണ്ട് എന്നെ വിവാഹം കഴിപ്പിക്കാൻ ശ്രമിക്കുന്നത് ഞങ്ങളോടുള്ള ഇഷ്ടം കൊണ്ടൊന്നുമല്ല എന്ന് തിരിച്ചറിയാനുള്ള ബോധം എനിക്കുണ്ട്. ഇപ്പോൾ എല്ലാവരുടെയും കണ്ണിൽ എനിക്കൊരു കുറ്റം ഉണ്ടല്ലോ..

അതുകൊണ്ട് ഉണ്ണിയേട്ടന്റെ തലയിൽ എന്നെ കെട്ടിവെച്ച് ഭാരം ഒഴിപ്പിക്കാം എന്നായിരിക്കും എല്ലാവരുടെയും ചിന്ത.എന്നാൽ അത് നടക്കില്ല. ഉണ്ണിയേട്ടന് എന്നെക്കാൾ നല്ല ഒരു പെൺകുട്ടിയെ കിട്ടും. ”

വാശിയോടെ അതും വിളിച്ചു പറഞ്ഞു കൊണ്ട് മുറിയിലേക്ക് കയറി പോകുമ്പോൾ, തന്റെ കണ്ണുനീർ അവരാരും കണ്ടിരിക്കല്ലേ എന്നൊരു പ്രാർത്ഥനയായിരുന്നു അവൾക്ക്..!

മുറിയിലേക്ക് ചെന്നതും അത്രയും നേരം പിടിച്ചു നിർത്തിയ കണ്ണീർ ധാരയായി ഒഴുകി തുടങ്ങി. ആർത്തലച്ചു കരഞ്ഞു കൊണ്ട് അവൾ ബെഡിലേക്ക് കിടന്നു..

‘ എന്റെ തീരുമാനം ഉണ്ണിയേട്ടനെ വേദനിപ്പിക്കും എന്ന് എനിക്കറിയാം.. പക്ഷെ. ഇതാണ് ശരി.. ഇത് മാത്രമാണ് ശരി..’

അവൾ അപ്പോഴും സ്വയം പറയുന്നുണ്ടായിരുന്നു.

അവളുടെ ഓർമകൾ പതിയെ പതിയെ പിന്നിലേക്ക് സഞ്ചരിച്ചു തുടങ്ങി.

ഉണ്ണിയേട്ടനോട് എന്നാണ് ഇഷ്ടം തോന്നിയത് എന്ന് ഇപ്പോഴും അറിയില്ല. കോളേജിലെ സീനിയറായി പഠിച്ച ഒരു ആൺകുട്ടിയോട് തോന്നിയ ക്രഷ് മാത്രമാണ് ആ താല്പര്യം എന്നാണ് ആദ്യനാളുകളിൽ തോന്നിയിരുന്നത്.

പക്ഷേ അത് അങ്ങനെയല്ല എന്ന് മനസ്സിലായത് ഉണ്ണിയേട്ടനെ കാണാതെ ഒരിക്കലും തനിക്ക് മുന്നോട്ടു പോകാൻ കഴിയില്ല എന്ന് മനസ്സിലായപ്പോഴാണ്.

ഒരിക്കൽ ഒരു പനി വന്നു രണ്ടുദിവസം ക്ലാസിൽ പോയില്ല. അന്നാണ് തനിക്ക് ഉണ്ണിയേട്ടൻ എത്രത്തോളം ആത്മാവിൽ ഇടകലർന്നതാണ് എന്ന് മനസ്സിലായത്.

കോളേജിലെ ആദ്യദിവസം തന്നെ ഒരു പാട്ടുപാടി തങ്ങളെ സ്വാഗതം ചെയ്ത ആളായിരുന്നു ഉണ്ണികൃഷ്ണൻ എന്ന ഉണ്ണിയേട്ടൻ. ആദ്യമൊക്കെ ആ പാട്ടിന്റെ ആരാധകയായിരുന്നു അവൾ.

അവനെ പലയിടത്തും വെച്ച് കാണുമ്പോൾ നോക്കിനിൽക്കും എന്നല്ലാതെ പോയി സംസാരിക്കാനോ പരിചയപ്പെടാനോ അവൾ തയ്യാറായിരുന്നില്ല.

പിന്നെപ്പിന്നെ അവനെ കാണാൻ വേണ്ടി മാത്രം അവന്റെ ക്ലാസിന് ചുറ്റും നടക്കുന്നത് അവളുടെ ശീലമായി.

അതിനിടയിലാണ് പനി വന്ന് ലീവ് എടുക്കുന്നത്. ആദ്യമൊക്കെ അവൾ കരുതിയിരുന്നത് കാണാൻ കൊള്ളാവുന്ന അത്യാവശ്യം നന്നായി പാട്ടുപാടുന്ന ഒരു ചെറുപ്പക്കാരനോട് തോന്നുന്ന ഒരു ഇഷ്ടം മാത്രമാണ് അവളുടെ ഉള്ളിൽ എന്നായിരുന്നു.

പക്ഷേ പനി കാരണം ലീവെടുത്ത് ആ ദിവസങ്ങളിലാണ് ഉണ്ണി എന്നത് അവൾക്ക് എത്രത്തോളം ഇമ്പോർട്ടന്റ് ആണ് എന്ന് അവൾക്ക് മനസ്സിലായത്.

എങ്ങനെയെങ്കിലും അവളുടെ പ്രണയം അവനോടു തുറന്നു പറയണം എന്നുള്ള ചിന്ത മാത്രമായിരുന്നു പിന്നീട് അവൾക്കുണ്ടായിരുന്നത്.

പനിയൊക്കെ മാറി കോളേജിലേക്ക് വന്നപ്പോൾ തന്നെ അവൾ അന്വേഷിച്ചത് അവനെയായിരുന്നു.

കാരണം അവനെ കാണാതെ തനിക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് അവൾ വിശ്വസിച്ചു.അന്ന് തേടിപ്പിടിച്ച് അവനെ കണ്ടതിനു ശേഷം ആണ് അവൾക്ക് ആശ്വാസം തോന്നിയത്.

പിന്നീടുള്ള ഓരോ ദിവസങ്ങളിലും അവന്റെ കൺവെട്ടത്ത് തന്നെ അവൾ ഉണ്ടായിരുന്നു.

എങ്ങനെയെങ്കിലും അവൻ തന്നെ ശ്രദ്ധിച്ചാൽ മതി എന്നൊരു തോന്നൽ മാത്രമായിരുന്നു അവൾക്കുണ്ടായിരുന്നത്. പക്ഷേ പഠനം അവസാന വർഷത്തിലേക്ക് കടന്നിട്ടും ആ കാര്യത്തിൽ ഒരു പുരോഗമനവും ഉണ്ടായില്ല.

അതോടെ അവൾക്ക് വല്ലാത്ത നിരാശയായി. സ്വന്തം പ്രണയം തുറന്നു പറയാം എന്ന് കരുതിയാൽ അതിനുള്ള ധൈര്യം ഒട്ടുമില്ല താനും.

ഉണ്ണി കോളേജിൽ നിന്ന് പോകുന്ന അവസാന നിമിഷമെങ്കിലും അവനോട് ഇഷ്ടം പറയണം എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു. അതിനു വേണ്ടി അവരുടെ ഫെയർവെൽ ദിവസം തന്നെ അവൾ തെരഞ്ഞെടുക്കുകയും ചെയ്തു.

അവനോട് വിവരം പറയാൻ ചെന്നപ്പോൾ അവൻ കൂട്ടുകാരോടൊപ്പം തിരക്കിലായിരുന്നു. എല്ലാവരോടും ഒപ്പം ചെലവഴിക്കാൻ കിട്ടുന്ന അവസാന നിമിഷങ്ങൾ ആയതുകൊണ്ട് തന്നെ അവൾ അവനെ തടസ്സപ്പെടുത്തിയില്ല.

എങ്കിലും തന്റെ ആവശ്യം അവനെ അറിയിക്കണം എന്നുള്ളതു കൊണ്ട് പലതവണ അവൾ അവനെ കാണാൻ ചെന്നു. എത്രയൊക്കെ ധൈര്യത്തിൽ ചെന്നിട്ടും അവനോട് വിവരം പറയാൻ മാത്രം അവൾക്ക് കഴിഞ്ഞില്ല.

നിരാശയോടെ കോളേജ് വരാന്തയിൽ നിൽക്കുമ്പോഴാണ് തന്റെ അടുത്ത് ആരോ ഉള്ളതുപോലെ അവൾക്ക് തോന്നിയത്. തൊട്ടടുത്ത് നിൽക്കുന്ന ഉണ്ണിയെ കണ്ടപ്പോൾ അവൾക്ക് ആശ്ചര്യം തോന്നി.

” താൻ കുറെ നാളായില്ലേ എന്നോട് എന്തോ പറയാൻ വേണ്ടി പിന്നാലെ നടക്കുന്നു..? ഇന്ന് ഈ കോളേജിലെ എന്റെ അവസാന ദിവസമാണ്. ഇന്നെങ്കിലും പറയാനുള്ളത് പറയുമോ..? ”

കുസൃതിയോടെ അവൻ ചോദിച്ചപ്പോൾ അവൾക്ക് നെഞ്ച് പിടച്ചു. അവനോട് ഒന്നും പറയാനാവാതെ അവൾ തലതാഴ്ത്തി.

” നീ എന്നോട് ഇഷ്ടം പറഞ്ഞിട്ട് കല്യാണം കഴിക്കാം എന്നുള്ളതൊക്കെ എന്റെ വ്യാമോഹം മാത്രമാണ് എന്ന് എനിക്ക് മനസ്സിലായി.

അതുകൊണ്ട് എന്റെ ഇഷ്ടം ഞാൻ പറയാം. എനിക്ക് തന്നെ ഇഷ്ടമാണ്. ചുമ്മാ തോന്നിയ ഒരു ഇഷ്ടം ഒന്നുമല്ല. വിവാഹം കഴിക്കാൻ തന്നെയാണ് എനിക്കിഷ്ടം.

തന്റെ അഭിപ്രായം പ്രത്യേകിച്ച് ചോദിക്കേണ്ട കാര്യമൊന്നുമില്ല എന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഇത് പറയാൻ വേണ്ടി മാത്രമാണല്ലോ താൻ കഴിഞ്ഞ രണ്ടു വർഷമായി എന്റെ പിന്നാലെ നടക്കുന്നത്..”

ചിരിച്ചു കൊണ്ട് അവൻ പറഞ്ഞപ്പോൾ അവളുടെ ശ്വാസം വിലങ്ങി. അവൻ പറഞ്ഞത് വിശ്വസിക്കാൻ കഴിയാത്തതു പോലെയാണ് അവൾ അവനെ നോക്കിയത്. അത് കണ്ടപ്പോൾ അവൻ അവളെ നോക്കി പൊട്ടിച്ചിരിച്ചു.

അന്ന് അവരുടെ പ്രണയ നിമിഷത്തിന്റെ തുടക്കം മാത്രമായിരുന്നു. കോളേജിൽ നിന്ന് പോയെങ്കിലും സമയം കിട്ടുമ്പോഴൊക്കെ ഉണ്ണി അവളെ കാണാൻ വരാറുണ്ടായിരുന്നു.

അല്ലാത്തപ്പോഴൊക്കെ ഫോണിലൂടെ സംസാരിച്ചു ചാറ്റിങ്ങിലൂടെയും ഒക്കെ അവരുടെ ബന്ധം നല്ല രീതിയിൽ തന്നെ മുന്നോട്ടു പോയി.

അവൾ ഡിഗ്രി അവസാന വർഷം പൂർത്തിയാക്കിയപ്പോഴാണ് വീട്ടിൽ വിവാഹ ആലോചനകൾ തുടങ്ങിയത്. ആ വിവരം അവൾ ഉണ്ണിയോട് പറയുകയും ചെയ്തു.

ആ സമയത്ത് അവന് അത്യാവശ്യം നല്ലൊരു ശമ്പളത്തിൽ ജോലിയുണ്ടായിരുന്നത് കൊണ്ട് തന്നെ വീട്ടിൽ വന്ന് ആലോചിക്കാം എന്ന് അവൻ അവൾക്ക് വാക്ക് കൊടുത്തു.

അവൻ പറഞ്ഞത് പ്രകാരം അവളുടെ വീട്ടിലേക്ക് അവൻ വരികയും ചെയ്തു. പക്ഷേ അവിടെ നിന്നും അവർക്ക് ലഭിച്ച പ്രതികരണം നല്ലതായിരുന്നില്ല.

” ഞങ്ങളെക്കാൾ ജാതിയിൽ താഴ്ന്ന ഒരുത്തന്റെ കൂടെ ഞങ്ങളുടെ പെൺകുട്ടിയെ പറഞ്ഞയക്കാനും മാത്രം ഗതികേട് ഒന്നും ഈ തറവാടിന് വന്നിട്ടില്ല.

ഇഷ്ടവും പ്രേമവും ഒക്കെ ആർക്കും ആരോടും തോന്നാവുന്നതാണ്. പക്ഷേ അതിനുള്ള അർഹത കൂടിയുണ്ടോ എന്ന് സ്വയം ആലോചിക്കണം. ഈ തറവാട്ടിലേക്ക് പെണ്ണ് ചോദിച്ചു വരാനുള്ള എന്ത് യോഗ്യതയാണ് നിങ്ങൾക്കുള്ളത്..? ”

അമ്മാവന്മാരും ചെറിയച്ഛനും വല്യച്ഛനും ഒക്കെ കൂടി അന്ന് ഉണ്ണിയേട്ടനെ കണക്കിന് പരിഹസിച്ചിരുന്നു.

അതിന്റെ പേരിൽ തനിക്ക് കുറെ തല്ലു കിട്ടുകയും ഇനി ഒരിക്കലും തമ്മിൽ കാണുക പോലും ചെയ്യരുത് എന്ന് താക്കീത് തരികയും ചെയ്തിരുന്നു.

ജീവിതം യാന്ത്രികമായി മുന്നോട്ടു പോകുന്നതിനിടയ്ക്കാണ് അവൾക്ക് ഒരു അപകടം സംഭവിച്ചത്.

ഒരിക്കൽ ബാങ്കിൽ ഒരാവശ്യത്തിന് പോയി മടങ്ങി വരുമ്പോൾ, ആളൊഴിഞ്ഞ ഒരു പറമ്പിൽ വച്ച് ആരുടെയൊക്കെയോ കാമദാഹത്തിന് അവൾ ഇരയാവേണ്ടി വന്നു..

അതോടെ ആരെയും കാണുന്നതു പോലും ഇഷ്ടമല്ലാതെ അവൾ വീട്ടിൽ അടച്ചിരിക്കാൻ തുടങ്ങി.

അവൾക്ക് പല വിവാഹ ആലോചനകളും നോക്കിയെങ്കിലും അവളുടെ അപകടം കാരണം അതൊക്കെയും മുടങ്ങി പോയി.

അപ്പോഴാണ് ഉണ്ണി വീണ്ടും വിവാഹാലോചനയുമായി തറവാട്ടിലേക്ക് വരുന്നത്. അന്ന് ഉണ്ണിയെ അപമാനിച്ചു വിട്ട ബന്ധുക്കൾക്കൊക്കെയും ഇപ്പോൾ ഉണ്ണിയെ വലിയ കാര്യമാണ്.

അത് ഓർക്കവേ അവൾക്ക് കണ്ണുകൾ നിറഞ്ഞൊഴുകി.

അടുത്ത ആരോ ഇരിക്കുന്നതു പോലെ തോന്നിയപ്പോഴാണ് അവൾ തലയുയർത്തി നോക്കിയത്. തൊട്ടടുത്തിരിക്കുന്ന ഉണ്ണിയെ കണ്ടപ്പോൾ അവൾ തലതാഴ്ത്തി.

” എന്റെ ഈ ജീവിതത്തിൽ നീയെന്ന ഒരു പെണ്ണിനെ മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ.

ആദ്യം നമ്മുടെ വിവാഹാലോചന മുടങ്ങി പോയെങ്കിലും ഇപ്പോൾ ഇങ്ങനെയൊക്കെ സംഭവിച്ചത് എനിക്ക് നിന്നെ കിട്ടാൻ വേണ്ടി മാത്രമാണ് എന്ന് ചിന്തിക്കാനാണ് എനിക്കിഷ്ടം.

നിനക്ക് ഒരു കുറ്റവും കുറവും ഇല്ല. ഞാൻ സ്നേഹിച്ചത് നിന്റെ മനസ്സിനെയാണ്. ഇന്നും ഒരു കളങ്കവും ഏൽക്കാതെ അത് എന്നോടൊപ്പം ഉണ്ട്.

അതുകൊണ്ട് ചേട്ടന് എന്നെക്കാൾ നല്ല പെൺകുട്ടിയെ കിട്ടും എന്നുള്ള ഡയലോഗും പറഞ്ഞു എന്നെ ഒഴിവാക്കി പോകാനാണ് മോളുടെ ഉദ്ദേശം എങ്കിൽ അത് നടക്കില്ല. എനിക്ക് നിന്നെക്കാൾ നല്ല വേറൊരു പെൺകുട്ടിയെയും വേണ്ട. നിന്നെ മാത്രം മതി.. ”

അവൾക്ക് എന്തെങ്കിലും പറയാൻ ഒരു അവസരം പോലും കൊടുക്കുന്നതിനു മുൻപ് അവൻ അവളെ തന്നിലേക്ക് ചേർത്തിരുന്നു. അത് ആഗ്രഹിച്ചത് പോലെ അവനിലേക്ക് ഒതുങ്ങി കൂടാൻ അവളും ശ്രമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *