നാത്തൂനമ്മ
രചന: Vijay Lalitwilloli Sathya
.
ഇളംചൂട് വെള്ളത്തിൽ നനച്ച തുണികൊണ്ട് അവർ അഞ്ചിതയുടെ മേനിയാകെ നനച്ചു.
ഒടുവിൽ തുടയും കാൽ ഇടുക്കും വൃത്തിയാക്കിയശേഷം ഉണങ്ങിയ തുണി കൊണ്ടു ദേഹത്തിൽ നിന്നും വെള്ളമൊക്കെ ഒപ്പിയെടുത്തു. മാക്സി മാറ്റി ഉടുപ്പിച്ചു.
അഞ്ചിതയുടെ മലവും മൂത്രവും ഉള്ള ആ വെസ്ററ് കരീർ ബോവൽ എടുത്തു ടോയ്‌ലറ്റിൽ കൊണ്ടുപോയി കളഞ്ഞ് വൃത്തിയാക്കി അഞ്ചിതയുടെ ബെഡി നടിയിൽ കൊണ്ടു വന്നു വെച്ചു.. അവളെ പൊക്കി അല്പം നീക്കി കിടത്തി,അവളുടെ ബെഡിൽ അലക്കി വെച്ച പുതിയ വിരിപ്പുകൾ വിരിച്ചു.
അവളെ വീണ്ടും നേരെ കിടത്തി.. അപ്പോഴൊക്കെ അഞ്ചിത കണ്ണീരൊഴുക്കുന്ന യാണ്..!.
“എന്തിനാ മോളെ ഞാൻ എപ്പോഴും ഇതൊക്കെ ചെയ്യുമ്പോൾ നീ കരയുന്നത്..?”
“ചേച്ചിയമ്മെ…ഇതൊക്കെ എനിക്ക് തന്നെ സ്വയം പോയി ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന് ഓർത്തിട്ട്…”
“ഒക്കെ പറ്റും…കുറച്ചു ദിവസത്തിനുള്ളിൽ ഒക്കെ ശരിയാവും. ഇപ്പോൾ അനങ്ങാതെ കിടക്കുവാൻ അല്ലേ പറഞ്ഞത്.. ഇടുപ്പെല്ലല്ലേ അന്ന് പടിക്കെട്ടിൽവീണപ്പോൾ പൊട്ടിയത്..? നല്ല വിശ്രമം വേണം അതു ജോയിന്റ് ആവാൻ.. അതുവരെ മോള് ഇതേക്കുറിച്ച് ഒന്നും ചിന്തിക്കാതെ സമാധാനത്തോടെ കിടക്കുക.. ഈ അവസ്ഥ ആർക്ക് വന്നാൽ ഇങ്ങനെ തന്നെ.. ”
അതും പറഞ്ഞ് അവർ അഞ്ചിതയുടെ മകൻ രണ്ടുവയസ്സുകാരൻ ഉണ്ണിക്കുട്ടനെ എടുത്തു പുറത്തേക്ക് പോയി..
അവരുടെ തളർച്ചയില്ലാത്ത ആ ഉത്സാഹവും ഉണർവും… അതാണ് തനിക്ക് ഈ അവസ്ഥയിൽ പോലും ജീവിക്കാൻ ഒരു പ്രചോദനം..
തന്റെ അമ്മയും അച്ഛനും വീട്ടിലാണ്.. അവർ ഇവിടെ വന്ന് നിൽക്കാമെന്ന് പറഞ്ഞതാണ്. എന്നിട്ടും തന്റെ ഈ നാത്തൂൻ ഇതെല്ലാം ഒറ്റയ്ക്ക് ചെയ്യുന്നു.. ഈ വയസുകാലത്തു അവരെയിട്ട് കഷ്ടപ്പെടുത്തേണ്ടെന്നാ അവരുടെ പക്ഷം.അവരെ വിഷമം അറിയിപ്പിക്കാതെ.. എല്ലാം സ്വയം ചെയ്തു…
അഞ്ചിത അങ്ങനെ കിടന്ന് ഓരോന്നും ഓർത്തു. ഹരിയേട്ടൻ പെണ്ണ് അന്വേഷിച്ചു വന്ന കണ്ടു പോയ അവസരത്തിലെ ഒരു ദിനം അവളുടെ വീട്ടിൽ…
“അല്ല ദേവേട്ടാ ഡിവേഴ്സ് ആയിട്ടുള്ള ഒരു ജ്യേഷ്ഠത്തിയുള്ള വീടാണോ ഒടുവിൽ നിങ്ങൾ നമ്മുടെ മക്കൾക്ക് വേണ്ടി കണ്ടെത്തിയത്..?”
കഴിഞ്ഞ ആഴ്ചയാണ് ചെറുക്കൻ അഞ്ചിതയെ പെണ്ണുകാണാൻ വന്നത്.
കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ അവന്റെ വീട്ടിൽ നിന്നും അവന്റെ മൂത്ത സഹോദരിയും വന്നു പെണ്ണിനെ നോക്കി പോയി. അവർക്കും ഇഷ്ടപ്പെട്ടു അതനുസരിച്ച് ദേവേട്ടനും കുറച്ചു ബന്ധുക്കളും പോയി വിവാഹമുറപ്പിച്ചു വന്നപ്പോഴാണ്
പത്മാവതി ഭർത്താവിനോട് അല്പം നീരസത്തോടെ ചോദിച്ചതു..
” ജേഷ്ഠത്തി ആണെങ്കിലും അവന് അവർ അമ്മയെപ്പോലെയാണ്.അമ്മ നേരത്തെ മരിച്ച ചെറുക്കന്റെ ഒരു അമ്മയുടെ സ്ഥാനത്തു നിന്നാണ് അവന്റെ കാര്യങ്ങളൊക്കെ നോക്കുന്നത്.. അവനെ പഠിപ്പിച്ചു ഈ നിലയിൽ എത്തിക്കാൻ അവർ ഒരുപാട് കഷ്ടപ്പെട്ടു. അവന് ഒരു സർക്കാർ ജോലി ലഭിച്ചതു പോലും അവരുടെ കഠിനപ്രയത്നം ഫലമായാണ്. ഞാൻ അന്വേഷിച്ചപ്പോൾ വലിയ കുഴപ്പം ഒന്നും ആ വീട്ടിൽ ഇല്ല.. ഇന്നത്തെക്കാലത്ത് ഒരു സർക്കാർ ഉദ്യോഗസ്ഥനെ ഭർത്താവായി കിട്ടണമെങ്കിൽ ലക്ഷങ്ങൾ സ്ത്രീധനം കൊടുക്കണം. പയ്യനും വീട്ടുകാരും നല്ലവരായതുകൊണ്ടല്ലേ,
‘ഞങ്ങൾക്ക് യാതൊരു ഡിമാൻഡും ഇല്ല നിങ്ങൾ എന്താ കൊടുക്കുവാൻ തീരുമാനിച്ചത് എന്നുവെച്ചാൽ കൊടുത്തോളൂ ‘അതിലും യാതൊരു നിർബന്ധവുമില്ല’
എന്നു പറഞ്ഞത്.. ”
” അതൊക്കെ ശരിതന്നെ..
ഈയൊരു പ്രശ്നം അവിടെ ഉണ്ടല്ലോ..?
അവിടെ എത്തിയാൽ അമ്മായിഅമ്മ പോരും നാത്തൂൻ പോരും ഒരാൾ തന്നെ നടത്തുമോ എന്ന പേടി? ”
“എന്താ അങ്ങനെ പേടിക്കാൻ കാരണം?”
“അന്ന് ഇവിടെ വന്നപ്പോൾ നമ്മുടെ ആകെയുള്ള പറമ്പിലെ രണ്ട് തെങ്ങ് നോക്കി അയ്യോ രണ്ടെണ്ണമേ ഉള്ളൂ അതിൽ ത്തന്നെ ഒന്നിനെ പിടിത്തം ഉള്ളല്ലോ
കഷ്ടം തന്നെ തേങ്ങയുടെ കാര്യം എന്നൊക്കെ പറഞ്ഞപ്പോൾ.. ”
“അത് സത്യമല്ലേ അവർക്ക് ഒരുപാട് പറമ്പ് ഉണ്ട്.തേങ്ങയും.അങ്ങനെയുള്ളവർ ഇതുകണ്ട് സഹതപിച്ചാൽ എന്ത് തെറ്റാണുള്ളത്.. ”
” ഇപ്പോഴത്തെ കാലമല്ലേ നമ്മുടെ മോളെ ഇതിനൊക്കെ പേരിൽ….?”
“ഛേ.. ഛെ… വിട് പത്മാവതി ആസ്ഥാനത്തുള്ള നിന്റെയീ ദു:സംശയം..”
ദേവേട്ടൻ അത് അവഗണിച്ചപ്പോൾ പിന്നെ പത്മാവതി ഒന്നും മിണ്ടിയില്ല.
ഭർത്താവിനെ വിട്ടു നിൽക്കുന്ന മൂത്ത സഹോദരി കൂടി താമസമുള്ള വീട്ടിലേക്ക് തനിക്ക് പോകേണ്ടതും ഓർത്തപ്പോൾ അഞ്ചിതയ്ക്കും ഒരു വല്ലായ്ക ഇല്ലാതില്ല.
വിവാഹം ഭംഗിയിൽ കഴിഞ്ഞു.
നിലവിളക്ക് കത്തിച്ചു കൊണ്ടുവന്നു അഞ്ചിത യുടെ കയ്യിൽ കൊടുത്തു പുഞ്ചിരിച്ചു അകത്തേക്ക് കയറാൻ പറഞ്ഞപ്പോൾ അവളുടെ ഉള്ളിൽ ‘അയ്യോ ഇവരോ’ എന്ന ഒരു ചിന്തയായിരുന്നു.ആരെങ്കിലും എതിര് പറയുന്നുണ്ടോ എന്നും അവൾ ശ്രദ്ധിച്ചു
.
പക്ഷേ അവിടെ കൂടിയവർ ആരും അതിനെക്കുറിച്ച് ഒരു എതിരഭിപ്രായം പറയുന്നത് കണ്ടില്ല..
വീട്ടിലെ നന്മ അവിടുത്തെ ഗൃഹനാഥ. അവർ തന്നെ അവിടുത്തെ ഐശ്വര്യം..
കുറച്ചുനാൾ കൊണ്ട് അവരെ അടുത്തറിയുകയായിരുന്നു.. ഒന്നും അറിയാതെ ഒരാളെ കുറിച്ച് മുൻവിധിയോടെ വല്ലതും ചിന്തിക്കുന്നതും പറയുന്നതും ഒക്കെ തെറ്റാണ് എന്നു മനസിലായി…!
ഒരമ്മയുടെ സ്നേഹം എന്തെന്ന് അഞ്ചിത അറിയുന്നത് അവിടെവച്ചാണ്..
ആദ്യരാത്രിയിൽ പാൽ ക്ലാസ് തന്നു തന്നെ മണിയറയിലേക്ക് അയക്കുന്നത് തൊട്ട് ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഭർത്താവ് ഹരിയേട്ടനെക്കാളും സന്തോഷം ആ കണ്ണുകളിൽ ഉണ്ടായതും,
ആചാരങ്ങളും അനുഷ്ഠാനങ്ങളും ഒന്നും നോക്കേണ്ടെന്നും ഇവിടെ നിന്ന് തന്നെ പ്രസവിച്ചാൽ മതിയെന്നും പറഞ്ഞു പത്തുമാസം വരെ,ലേബർ റൂമിൽ പോകുന്ന നിമിഷംവരെ നിരന്തരം ധൈര്യം പകർന്നു തന്നതും;
ഹോസ്പിറ്റലിൽ മോനെ പ്രസവിച്ചു കിടക്കുമ്പോൾ തന്റെ ബെഡിൽ താഴെ വെറും നിലത്ത് തുണി വിരിച്ച് കിടന്നതും, കുഞ്ഞിനെ കുളിപ്പിച്ചതും, തുടർന്ന് കുഞ്ഞിനെ ഒറ്റയ്ക്ക് കുളിപ്പിക്കാൻ അതു തനിക്ക് പഠിപ്പിച്ചതും
ഒക്കെ ആ നിഷ്കളങ്ക സ്നേഹത്തിന്റെ അതിർവരമ്പ് ഇല്ലാത്ത ഉത്സാഹത്തിന്റെ പുറത്തായിരുന്നു…!! താൻ അതു കണ്ടു കണ്ണീർ തൂകിയിട്ടുണ്ട്..
പ്രസവത്തിനു മുമ്പ് ഹരിയേട്ടന് ലീവ് ഉള്ളപ്പോഴൊക്കെ അച്ഛനുമമ്മയെയും കാണാൻ താൻ വീട്ടിൽ പോകുമ്പോൾ ഒരു ചാക്ക് നിറയെ പൊതിച്ച തേങ്ങ പൊക്കിയെടുത്തു വണ്ടിയുടെ ഡിക്കിയിൽ വെക്കുന്നത്..,അന്ന് വീട്ടിൽ വന്നു തെങ്ങ് നോക്കി നെടുവീർപ്പിട്ടതു കൊണ്ടാണെന്നു അമ്മയ്ക്ക് മനസ്സിലാക്കി കൊടുത്ത കാരുണ്യകടലാണ് എന്റെയീ നാത്തൂനമ്മ…!
രണ്ടാഴ്ച മുമ്പാണ് തന്നെ കിടപ്പിലാക്കിയ ആ ദുരന്തം ഒരു തമാശ രൂപത്തിൽ കടന്നു വന്നത്.. ഉണ്ണിക്കുട്ടൻ മുറ്റത്തു കളിക്കുകയായിരുന്നു. കുഞ്ഞു ചാറ്റൽ മഴ കണ്ടു കൈവെള്ള പൊക്കി അതിനെ പിടിക്കാൻ ഓടുന്നു.
മഴ പെട്ടെന്ന് പെരുമഴയായി ചൊരിയാൻ തുടങ്ങവേ ഓടിക്കളിച്ച കൊണ്ടിരിക്കുന്ന ഉണ്ണിക്കുട്ടനെ എടുത്തു മാറോടുചേർത്ത് ഓടി വരുമ്പോൾ മുറ്റത്തെ പടിക്കെട്ടിൽ നടുതല്ലി വീണ തന്റെ ഇടുപ്പെല്ല് തകർന്നു പോയി.മോനെ ചേർത്ത് പിടിച്ചത് കാരണം വീഴുമ്പോൾ എവിടെയും കൈ കുത്താനായില്ല.. വീഴുമ്പോഴും അവനെ സുരക്ഷിതനാക്കി.അതിനാൽ അവനു ഒരു പോറൽ പോലും ഏറ്റില്ല..
ഒന്നു എഴുന്നേൽക്കാൻ പോലും പറ്റാത്ത വേദനയിൽ പിടഞ്ഞ തന്നെ അപ്പോൾ വണ്ടി വിളിച്ചുവരുത്തി ഒറ്റയ്ക്ക് പൊക്കിയെടുത്ത് മോനെയും കൂട്ടി ഹോസ്പിറ്റൽ കൊണ്ടുപോയതും,. ആഴ്ചകളോളം അവിടുത്തെ ഹോസ്പിറ്റൽ വാസത്തിനുശേഷം അരയിടുക്ക് മൊത്തം
ബാൻഡേജിട്ട തന്നെ അതേപോലെ പൊക്കിയെടുത്ത് കൊണ്ടുവന്നു വീട്ടിൽ കിടത്തിയതും ആരോഗ്യമുള്ള നാത്തൂൻ തനിക്ക് ഉണ്ടായതുകൊണ്ട് ത്തന്നെ.. താൻ കഴിഞ്ഞ ജന്മത്തിൽ ചെയ്ത എന്തോ പുണ്യം ആവാം ഇതുപോലൊരു നാത്തൂൻ അമ്മയെ തനിക്ക് കിട്ടിയത്..
“മോനെ ഉണ്ണിക്കുട്ടാ വാ…പാല് കുറുക്ക് കുടിക്കാലോ നമുക്ക്… ”
അടുക്കളയിൽ മോനെ ഇങ്കമൂട്ടാനുള്ള ഉത്സാഹത്തിലാണ് അവർ…
❤❤
രചന :വിജയ് സത്യ
ലൈക്കും കമന്റ് ചെയ്യണേ….
.