നിനക്ക് കിടക്കാൻ വരുമ്പോഴെങ്കിലും ഒന്നു ദേഹം കഴുകി ഡ്രസ് മാറ്റി വൃത്തിയായ് വന്നൂടെ ആതിരേ… വിയർപ്പു നാറിയിട്ട് ഇതിപ്പോ….

“നിനക്ക് കിടക്കാൻ വരുമ്പോഴെങ്കിലും ഒന്നു ദേഹം കഴുകി ഡ്രസ് മാറ്റി വൃത്തിയായ് വന്നൂടെ ആതിരേ… വിയർപ്പു നാറിയിട്ട് ഇതിപ്പോ ഈ റൂമിൽ ഇരിയ്ക്കാൻ പോലും വയ്യല്ലോ ടീ….. ”

വിയർപ്പിൽ മുങ്ങിയ ശരീരവും രാവിലെ മുതൽ ഇട്ടു മുഷിഞ്ഞ അതേ വസ്ത്രങ്ങളുമായ് തനിയ്ക്ക് അരികിലേക്ക് ചെരിഞ്ഞു കിടക്കാനൊരുങ്ങുന്ന ആതിരയെ നോക്കി ശബ്ദം കനപ്പിച്ചു തന്നെ പറഞ്ഞു വിവിയെന്ന വിവേക്‌….

അവൻ പറഞ്ഞതൊന്നു കേൾക്കുക കൂടി ചെയ്യാത്ത ഭാവത്തിൽ തന്റെ കണ്ണുകൾ മുറുക്കിയടച്ചു ഉറക്കത്തിലെന്ന പോലെ കിടന്നു ആതിര….

തന്റെ വാക്കുകൾ പറ്റെ അവഗണിച്ച് ഉറക്കം നടിച്ച് കിടക്കുന്നവളെ ദേഷ്യത്തിലൊന്ന് നോക്കി അവളിൽ നിന്ന് വിട്ടുമാറി ബെഡിന്റെ അരികുപറ്റി ചുമരോളം ചെരിഞ്ഞു കിടന്നു വിവേകും….

ആ കിടപ്പൊരു പുച്ഛത്തോടെ കണ്ണു തുറന്ന് നോക്കിയ ആതിര പക്ഷെ അവന്റെ നിറഞ്ഞ കണ്ണുകളെ കണ്ടതേയില്ല…..

വിവേകിന്റെ മുറപ്പെണ്ണാണ് ആതിര…. വിവേക് മനസ്സിൽ സൂക്ഷിച്ച അവന്റെ സ്വപ്നം കൂടി ആയിരുന്നു ആതിര….
ആതിര പക്ഷെ സ്നേഹിച്ചതും ഇഷ്ടപ്പെട്ടതും അവൾക്കൊപ്പം പഠിച്ച നവീനെ ആയിരുന്നെങ്കിലും വിവാഹമെന്ന കാര്യത്തിലേക്ക് കാര്യങ്ങൾ അടുത്തപ്പോൾ യാതൊരു മുന്നറിയിപ്പുമില്ലാതെ ആതിരയിൽ നിന്ന് പിൻവാങ്ങി നവീൻ… നീയുമൊന്നിച്ചൊരു വിവാഹ ജീവിതത്തിന് എനിയ്ക്ക് താല്പര്യമില്ലെന്ന് നവീൻ ആതിരയുടെ മുഖത്തു നോക്കി പറയുമ്പോൾ അവൻ പറഞ്ഞതുൾക്കൊള്ളാനാവാതെ അവനെ തുറിച്ചു നോക്കി നിന്നു പോയ് ആതിര….

നവീനിന്റെ പിന്മാറ്റം ആതിര ഉൾക്കൊണ്ടു തുടങ്ങിയ സമയത്തു തന്നെയാണ് വിവേക് ആതിരയോടുള്ള തന്റെയിഷ്ടം ഇരു വീട്ടിലും അറിയിച്ചതും അതൊരു വിവാഹത്തിലെത്തിച്ചതും…..

ആഗ്രഹിച്ചതു നേടിയ വിവേകിന്റെ സന്തോഷം അത് ആതിരയുടെ സ്വഭാവം അടുത്ത് നിന്നറിഞ്ഞതോടെ അവസാനിച്ചിരുന്നു…

സ്വന്തം ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും മാത്രം പ്രാധാന്യം കല്പിച്ച് ജീവിയ്ക്കുന്നൊരുവൾ…. വിവേകിനെ ഉൾക്കൊള്ളാനോ അവനെ സ്വന്തമായ് കാണാനോ ആതിര ഇഷ്ടപ്പെട്ടിരുന്നില്ല… വിവേകിനോടും അവന്റെ സ്വന്തമായ എന്തിനോടും വല്ലാത്തൊരു ദേഷ്യവും വെറുപ്പും ആണവൾക്ക്… അതിനൊപ്പം തന്നെ നല്ല വൃത്തിയും ആരോഗ്യ ശീലവുമുള്ള വിവേകിനെ വെറുപ്പിക്കാനെന്ന പോലെവൃത്തിയും വെടിപ്പും ഒട്ടുമില്ലാതെ ആർക്കോ വേണ്ടിയെന്നതുപോലൊരു ജീവിതവും ജീവിച്ചു തുടങ്ങി ആതിര….

മടുത്തു പോയിരുന്നു വിവേകും ഈ കുറഞ്ഞക്കാലം കൊണ്ടു തന്നെ അവളെയും… ആഗ്രഹിച്ചു നേടിയ ജീവിതം ആസ്വദിയ്ക്കാൻ പറ്റാത്തത്രയും അവനിൽ വെറുപ്പു നിറച്ചിരുന്നു ആ കുറഞ്ഞ സമയം കൊണ്ടവൾ….

ഇനിയെന്തെന്ന ചോദ്യം വിവേകിന്റെ മനസ്സിലുയർന്നു വന്ന നിമിഷം അവന്റെ മനസ്സിൽ തെളിഞ്ഞത് ഏട്ടൻ വിനോദിന്റെ മുഖമാണ്… തന്നെ താനായ് മനസ്സിലാക്കുന്ന ഏട്ടനും ഏടത്തി അമ്മയും തന്റെ ജീവിതത്തിൽ എന്തെങ്കിലും മാറ്റങ്ങൾ കൊണ്ടു വന്നിരുന്നുവെങ്കിലെന്ന് അത്രയും മോഹിച്ചു പോയ് വിവേക്‌…..

“വിവിയേട്ടാ…. ഇന്ന് വിനുവേട്ടനും ഏടത്തിഅമ്മയും ഉച്ചയാവുമ്പോഴേയ്ക്കും ഇങ്ങോട്ടു വരുന്നുണ്ടെന്ന് വിളിച്ചു പറഞ്ഞിപ്പോൾ…വിവിയേട്ടനും വരുമോ ആ സമയം ആവുമ്പോൾ….. ?

വിവേകിനെ വിളിച്ചു ചോദിയ്ക്കുമ്പോൾ ആതിരയിൽ നിറഞ്ഞു നിന്നത് ആരോടെല്ലാമോ ഉളള ദേഷ്യവും പകയുമാണ്…

“ഞാൻ വരാം…. ഇപ്പോ തന്നെ വരാം… നീ എന്താ ഇന്നവിടെ കറി വെച്ചിരിയ്ക്കുന്നത് …
മോരു കറിയാണോ….?

വേഗത്തിലും ധൃതിയിലും അന്വേഷിയ്ക്കുന്ന വിവേകിനെ അറിയെ മറുപടി ഒന്നും പറയാതെ നിന്നു ആതിര….

“ഇന്നും ചീര താളിപ്പ് തന്നെയാവും ല്ലേ….?

ആതിരയുടെ മൗനത്തിന്റെ കാരണമറിഞ്ഞു ചോദിയ്ക്കുമ്പോൾ കനത്തിരുന്നു വിവേകിന്റെ ശബ്ദം….
നേർത്തൊരു മൂളലിൽ അവനുള്ള മറുപടി ആതിര നൽകുമ്പോഴേയ്ക്കും മറുപുറം വിവേക് ഉള്ളിലുയർന്ന ദേഷ്യത്തോടെ തന്നെ ഫോൺ വെച്ചു കഴിഞ്ഞിരുന്നു…..

വീടൊന്ന് ഒതുക്കി പെറുക്കി ആതിര മുറ്റത്തേയ്ക്കിറങ്ങിയതും അവൾക്കു മുമ്പിലായ് കാറിൽ വന്നിറങ്ങി വിവേകിന്റെ എട്ടനായ വിനോദും ഭാര്യ മീനുവും….

ആതിരയുടെ നോട്ടം വേഗത്തിൽ ചെന്നെത്തിയത് മീനുവിന്റെ തോളിലായ് ഉറങ്ങിക്കിടക്കൂന്ന അവരുടെ നാലു വയസ്സുക്കാരി മകൾ വേദയിലാണ്…..

ഓമനത്തം നിറഞ്ഞ ആ കുഞ്ഞു മുഖത്തേയ്ക്ക് നോക്കുമ്പോൾ വല്ലാത്തൊരു ദേഷ്യമുണർന്നു ആ കുഞ്ഞിനോട് പോലും ആതിരയിൽ..

ഈ പെണ്ണുറങ്ങി പോയല്ലോ ഏടത്തിയമ്മേ….?

മീനുവിനോട് ചോദിയ്ക്കുന്നതിനൊപ്പം തന്നെ വേദമോളുടെ കാലിൽ അല്പം മുറുക്കെ പിടിച്ചൊന്ന് വലിയ്ക്കുക കൂടി ചെയ്തു ആതിര… കുഞ്ഞിന് വേദനിയ്ക്കണമെന്നു കരുതിയുറപ്പിച്ചു തന്നെ…

ആതിരയുടെ ഉദ്ദേശം നടന്നതു പോലെ ഉറക്കത്തിൽ വേദമോൾ കാലൊന്നനക്കി ചിണുങ്ങിയതും അവളെ ഒന്നുകൂടി തന്നിലേക്ക് പൊതിഞ്ഞു പിടിച്ച മീനുവിന്റെ കൂർത്തനോട്ടമൊന്ന് ആതിരയെ തേടി ചെന്നതും ഒന്നു പരുങ്ങിയവൾ….

വിവി എത്തിയില്ലേ ആതിരേ…..?

മീനുവിന്റെ കയ്യിൽ നിന്ന് കുഞ്ഞിനെ ശ്രദ്ധയോടെ കയ്യിലേക്ക് വാങ്ങി വിനോദ് തിരക്കും നേരത്തു തന്നെയാണ് വിവേകിന്റെ ബുള്ളറ്റവരുടെ അടുത്തെത്തിയത്…..

ഏട്ടാ…..

ബുള്ളറ്റിൽ നിന്നിറങ്ങിയവൻ ഏട്ടനെ ഒന്നു വിളിയ്ക്കുന്നതിനൊപ്പം തന്നെ ഏട്ടന്റെ കയ്യിൽ പാതിയുറക്കത്തിൽ മയങ്ങി കിടക്കുന്ന വേദമോളെ വലിച്ചെടുത്തു നെഞ്ചോടു ചേർത്തു പിടിച്ചിരുന്നു

ചെറിയച്ഛന്റെ സ്വത്തേ…..

ആ കുഞ്ഞു മുഖത്ത് നോവാതെയൊരു മുത്തം കൊടുത്ത് വിവേക് വിളിയ്ക്കുമ്പോൾ ആ കാഴ്ച കാണാൻ വയ്യെന്നതു പോലെ അവിടെ നിന്നകത്തേയ്ക്ക് വെട്ടിത്തിരിഞ്ഞു നടന്നു ആതിര….

“അകത്തേയ്ക്കാണെങ്കിൽ ഈ കവറുകൾ കൂടി കൊണ്ടു പോ ആതിരേ….

അവളുടെ തിരിഞ്ഞുപോക്ക് ഇടം കണ്ണാൽ കണ്ട വിവേക് അവളോട് പറഞ്ഞു കൊണ്ട് ഏട്ടനും ഏടത്തി അമ്മയ്ക്കും ഒപ്പം ചിരിയോടെ അകത്തേയ്ക്ക് നടന്നു….

“ഇന്നും ചീര താളിപ്പ് തന്നെയാണല്ലേടാ…..?

ആതിര കവറുകൾ പെറുക്കിയെടുത്ത് അകത്തേയ്ക്ക് നടന്നതും ആ കവറുകളിലുള്ളത് തങ്ങൾക്കുള്ള ഭക്ഷണമാണെന്ന അറിവോടെ അവനരികിലേക്ക് ചേർന്നു നിന്ന് തിരക്കി മീനു….

ചമ്മി വിളറിയ ഒരു ചിരി മറുപടിയായ് അവർക്ക് വിവേക് നൽകുമ്പോൾ തങ്ങൾക്കു മുമ്പിലവൻ മറച്ചു പിടിയ്ക്കാൻ ശ്രമിയ്ക്കുന്ന അവന്റെ ഒട്ടനേകം വേദനകളിലാണ് വിനോദിന്റെയും മീനുവിന്റെയും നോട്ടം തങ്ങി നിന്നത്….

വിവേകിനിഷ്ടമില്ലാത്ത കാര്യങ്ങൾ മാത്രം ആ വിട്ടിൽ ചെയ്യുന്ന ആതിരയുടെ മറ്റൊരു സ്വഭാവമാണ് വീട്ടിൽ വിവേകിനിഷ്ടമില്ലാത്ത ഭക്ഷണ സാധനങ്ങൾ മാത്രം ഉണ്ടാക്കുക എന്നത്….

മേശയിൽ നിരന്നിരിയ്ക്കുന്ന തനിയ്ക്കിഷ്ടമില്ലാത്ത ഭക്ഷണ സാധനങ്ങൾ കണ്ട് ആദ്യമെല്ലാം ഭക്ഷണമുപേക്ഷിച്ച് എഴുന്നേറ്റു പോയിരുന്ന വിവേക് പിന്നെ പിന്നെ എത്ര ഇഷ്ടമില്ലെങ്കിലും അതൊക്കെ കഴിച്ചു തുടങ്ങി….

തന്റെ ജീവിതം കൈയ്യിൽ ഒതുക്കാൻ അവനത്രയും ആഗ്രഹിയ്ക്കുന്നുണ്ട്….എന്തും ചെയ്യാം അതിനു വേണ്ടി എന്നൊരു ഭാവമാണവന്

“ഒന്നും വേണ്ടായിരുന്നു ഏട്ടാ… ഒന്നും….പഴയതുപോലെ തന്നെയങ്ങ് തനിച്ച് ജീവിച്ചാൽ മതിയായിരുന്നു….. ”

ഏട്ടന്റെ തോളിലേക്ക് ചാരിയിരുന്ന് വിവേക് പറയുമ്പോൾ അവനെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ ഉഴറി വിനോദും….

അവന്റെ ഇഷ്ടത്തിന് അവനായ് തിരഞ്ഞെടുത്ത ജീവിതമാണ് മാത്രമല്ല ആതിര മാമന്റെ മകൾ കൂടിയാണ്‌… എടുക്കുന്ന ഏതു തീരുമാനവും തങ്ങളുടെ കുടുംബ ബന്ധങ്ങളെ കൂടി ബാധിയ്ക്കും എന്നതുമൊരു പ്രശ്നമാണ്…

ആതിരയ്ക്ക് വിവേകിനെ ഇഷ്ടമല്ലേ….?

മുഖവുരയൊന്നുമില്ലാതെ മീനു ആതിരയോട് തിരക്കിയതും മറുപടിയൊന്നുമില്ലാതെ മീനുവിനേയും മറ്റുള്ളവരെയും നോക്കി ആതിര…. ചുറ്റും ഇരിയ്ക്കുന്നത് രണ്ടു പേരുടെയും കുടുംബങ്ങളാണ്…

അവർക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കേണ്ടത് കുടുംബങ്ങൾ അറിഞ്ഞാവണമെന്നത് മീനുവിന്റെ തീരുമാനമായിരുന്നു…

“നീ ഒരുവനെ സ്നേഹിച്ചിരുന്നെന്നും അവൻ നിന്നെ വേണ്ടെന്നു വെച്ചു പോയെന്നതും അറിഞ്ഞുതന്നെയാണ് വിവേക് നിന്നെ വിവാഹം കഴിച്ചത്… അതും നിന്റെ പൂർണ്ണ സമ്മതത്തോടെ… എന്നിട്ടും പിന്നെ നീ ഞങ്ങളുടെ ചെക്കനോട് കാണിയ്ക്കുന്ന ഈ ദേഷ്യത്തിന്റെ അർത്ഥമെന്താണ്…?

വെട്ടിതുറന്ന മീനുവിന്റെ ചോദ്യത്തിൽ ഇത്തവണ പകച്ചത് ആതിരയുടെ വീട്ടുക്കാരാണ്…

“ആതിരയ്ക്ക് എന്തിനാണ് വിവിമോനോട് ദേഷ്യം….?

അവളുടെ അമ്മ തിരക്കിയതും ആതിരയെ തറപ്പിച്ചൊന്ന് നോക്കി മീനു…

“ആതിരയ്ക്ക് ദേഷ്യം വിവിയോട് മാത്രമല്ല വിവി സ്നേഹിക്കുന്നവരോടും വിവിയെ സ്നേഹിക്കുന്നവരോടുമെല്ലാം ആണ്… അതിൽ ഞങ്ങളും ഞങ്ങളുടെ നാലു വയസുക്കാരി മകളുമെല്ലാം ഉൾപ്പെടും… ആരും വെറുക്കുന്ന ആരെയും വെറുപ്പിയ്ക്കുന്ന വൃത്തിക്കെട്ട സ്വഭാവമാണ് ഇവൾക്ക്… ഇവളുടെ ആ സ്വഭാവം കൊണ്ടു തന്നെയാണ് ഇവളുടെ കാമുക ചെക്കൻ ഇവളെ കളഞ്ഞിട്ടു പോയതും… ”

മീനുവിന് പുറകെ വിനോദ് കൂടി പറഞ്ഞതും അവർക്കടുത്തേയ്ക്ക് ചീറിയെത്തി ആതിര….

“എനിയ്ക്ക് നിങ്ങളുടെ അനിയനെ ഇഷ്ടമില്ല… ഇയാളുടെ കൂടെ ജീവിയ്ക്കാനും ഇഷ്ടമില്ല… എന്നു കരുതി ഇല്ലാത്തത് പറയരുത്… നവീന് എന്നെ ഭയങ്കര ഇഷ്ടം തന്നെയായിരുന്നു … എനിയ്ക്കറിയാം അത്…

വീറോടെ പറയുന്നവളെ പരിഹാസത്തോടെ നോക്കി മീനുവും വിനോദും…

“അവന് നിന്നെ ഇഷ്ടമായിരുന്നു ആദ്യമൊക്കെ… പക്ഷെ നിന്റെ തന്നിഷ്ടവും വാശിയും പിന്നെ ആർക്കും ഉൾക്കൊള്ളാൻ കഴിയാത്ത നിന്റെ വ്യക്തിയില്ലായ്മയും കാരണം കൊണ്ടു തന്നെയാണ് അവൻ നിന്നെ വേണ്ടാന്ന് വെച്ചത്…. അവനത് ഞങ്ങളോട് തുറന്നു പറയുന്നതിന്റെ തെളിവുണ്ട് ഞങ്ങളുടെ കയ്യിൽ… എന്താ കാണണോ അത്…?
നിനക്ക് നാണമില്ലല്ലോ ആതിരേ ഇത്രമാത്രം തരം താഴ്ന്ന് ജീവിയ്ക്കാൻ…. കൂടെ ആണൊരുത്തൻ കിടപ്പുണ്ട് എന്നോർത്തെങ്കിലും നിനക്ക് ദിവസത്തിലൊരിക്കലെങ്കിലും കുളിയ്ക്കുകയോ ഇട്ട വസ്ത്രമൊന്നു മാറുയോ ചെയ്തൂടെ…?

ചുറ്റുമുള്ള ആരെയും നോക്കാതെ മീനു ചോദിച്ചതും നാണം കെട്ടുനിന്നത് ആതിരയുടെ വീട്ടുക്കാരാണ്…മകളുടെ സ്വഭാവം അവരോളം മറ്റാർക്കറിയാം….

അന്നാ വീട്ടിൽ നിന്ന് അവരിറങ്ങി പോവുമ്പോൾ അവരുടെ കൂടെ ആതിരയും ഉണ്ടായിരുന്നു…

“മാറാനുള്ള മനസ്സോടെ, മാറ്റങ്ങളോടെ നല്ലൊരു ജീവിതം വിവേകിനൊപ്പം നീ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മാത്രം നിനക്ക് തിരിച്ചു വരാം ആതിരേ… അതല്ല അങ്ങനൊന്ന് നീ ആഗ്രഹിയ്ക്കുന്നില്ലെങ്കിൽ എത്രയും വേഗം ഞങ്ങളടെ ചെക്കനെ നീ സ്വതന്ത്ര്യനാക്കണം…. ”

ഉറപ്പിച്ചൊരു തീരുമാനത്തോടെ വിനോദ് ആതിരയോട് പറയുന്നത് കേട്ടുകൊണ്ടവനൊപ്പം നിന്നിരുന്നു വിവിയും… എത്ര പ്രിയപ്പെട്ടതാണെങ്കിലും കൂട്ടത്തിൽ ചേരില്ലെങ്കിൽ അതിനെ അതിന്റെ വഴിയ്ക്ക് വിട്ടയക്കണമെന്ന തിരിച്ചറിവോടെ…. എങ്കിലും അവനുള്ളിലുറപ്പുണ്ട് തന്നെ മനസ്സിലാക്കി മാറ്റങ്ങളോടെ ആതിര തിരിച്ചെത്തുമെന്ന ഉറപ്പ്… അവന്റെ പ്രണയത്തിൽ അവനുള്ള ഉറപ്പ്….

ശുഭം….

✍️രജിത ജയൻ

Leave a Reply

Your email address will not be published. Required fields are marked *