“സാറേ പരസ്യമായി ഒരു പെൺകുട്ടിയെ കേറി പിടിച്ചവനെ പരാതി കിട്ടിയിട്ടും അറസ്റ്റു ചെയ്യാൻ പേടി ആണോ… പോയി ചത്തൂടെ സാറന്മാരെ ”
“നട്ടെല്ലില്ലാത്ത സി ഐ അലക്സ്…. കിട്ടിക്കാണും കൈ നിറയെ. അതാ ഇവനൊക്കെ അനങ്ങാതെ ഇരിക്കുന്നത് ”
പരിഹാസങ്ങൾ അനേകം കേട്ടു പോലീസ് സ്റ്റേഷനിനെ അടഞ്ഞ ഗേറ്റിനു വെളിയിൽ.
പോലീസിനെതിരെ വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധം നടക്കുകയാണ്. രാവിലേ കോളേജിൽ വച്ച് ജൂനിയർ പെൺകുട്ടിയെ കയറി പിടിക്കുകയും പരസ്യമായി വിവസ്ത്രയാക്കുവാൻ ശ്രമിക്കുകയും ചെയ്ത സീനിയർ സ്റ്റുഡന്റ് നിവിനെതിരെ പരാതി കിട്ടിയിട്ടും പോലീസ് അറസ്റ്റ് ചെയ്യാത്തതിന്റെ പ്രതിക്ഷേധമാണ് അത്. കുറ്റക്കാരനായ നിവിൻ സ്ഥലം എം എൽ എ അനിരുദ്ധിന്റെ അനിയൻ ആണെന്നുള്ളതാണ് ഏറെ ശ്രദ്ധേയമായ കാര്യം. ഈ ഒരു കാരണത്താലാണ് പോലീസ് മൗനം പാലിക്കുന്നത് എന്ന ആരോപണവുമായി പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ ആണ് പ്രതിക്ഷേധിക്കുന്നത്.
“പിള്ളേര് ഗേറ്റ് പൊളിച്ചു കേറോ.. ഈ അലക്സ് സാറിന് എന്ത് പറ്റി ഇങ്ങനല്ലാരുന്നല്ലോ ആള്.. ആളുടെ സ്വഭാവം വച്ച് എം എൽ എ യുടെ അനിയൻ എപ്പോഴേ അകത്ത് കിടക്കേണ്ട സമയം കഴിഞ്ഞു..”
” ഹാ.. ചിലപ്പോ പിള്ളേര് പറയുന്ന പോലെ നല്ല ഓഫർ എന്തേലും കിട്ടിക്കാണും.. കാശ് കണ്ടാൽ ആരായാലും ആദർശം ഒക്കെ മറക്കും ”
പോലീസുകാർക്കിടയിലെ ചർച്ചകളും അപ്രകാരമായിരുന്നു.
” സാറേ.. നമ്മൾ ഇനീം ഇങ്ങനെ ഇരുന്നാൽ പ്രശ്നമാണ്.. പിള്ളേര് ആകെ ഇടഞ്ഞു നിൽക്കുവാ മാത്രമല്ല മീഡിയാസും ഇടപെട്ട് തുടങ്ങി.. ”
എസ് ഐ ഷാനവാസ് വേവലാതിയിലായിരുന്നു.
മറുപടി പറയാതെ തന്റെ ചെയറിലേക്ക് ചാരി ഇരുന്നു അലക്സ് അപ്പോൾ. ശേഷം പതിയെ ടേബിളിൽ നിന്നും റിമോട്ട് എടുത്ത് ടീവി ഓൺ ചെയ്തു.
‘ സംഭവം നടന്നിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും പോലീസിന്റെ മൗനമാണ് വിദ്യാർത്ഥികളെ ചൊടിപ്പിക്കുന്നത്… ഇതിനിടയിൽ സ്റ്റേഷൻ സി ഐ യ്ക്ക് പ്രശ്നം ഒതുക്കി തീർക്കുവാൻ കൈകൂലി കിട്ടിയിട്ടുണ്ട് എന്നും പ്രതിപക്ഷ പാർട്ടികളുടെ ആരോപണം ഉയരുന്നുണ്ട്..’
വാർത്തകളിൽ പ്രശ്നം വലിയ ചർച്ചയായിരുന്നു. എന്നാൽ ആ ന്യൂസ് കേട്ട് ഉറക്കെ ചിരിച്ചു പോയി അലക്സ്.
” കൈക്കൂലിയൊ.. അത് കലക്കി.. നീ കണ്ടോടാ ഷാനവാസേ ആരേലും കൈക്കൂലിയുമായി വരുന്നത് അല്ലേൽ ഒരു കോൾ എങ്കിലും എനിക്ക് വന്നതായി ശ്രദ്ധിച്ചോ നീ.. സംഭവം നടന്നിട്ട് ഇപ്പോ ഏകദേശം രണ്ട് മണിക്കൂറുകളെ ആകുന്നു അതിനിടക്ക് ദേ കൈകൂലി വാർത്തയും.. കൊള്ളാം കൊള്ളാം.. ”
ആ കമന്റ് കേൾക്കെ സംശയത്തിൽ നോക്കി നിന്നു പോയി ഷാനവാസ്.
” സാർ പിന്നെ എന്താണ് ആക്ഷൻ എടുക്കാതെ ഇങ്ങനെ… സാറ് വരുന്നില്ലേൽ പറയ് ഞങ്ങൾ ഒരു ടീം ഇറങ്ങാം… ഇപ്പോ തന്നെ എം എൽ എ അവനെ എവിടേക്കേലും മാറ്റിക്കാണും.. ഇനിയും ലേറ്റ് ആയാൽ അത് മൊത്തം ഫോഴ്‌സിന് തന്നെ നാണക്കേട് ആകും… ”
അവന്റെ വാക്കുകൾ കേട്ടിട്ടും അലക്സിൽ പ്രത്യേകിച്ച് ചലനങ്ങൾ ഒന്നും ഉണ്ടായില്ല.
ആ സമയം പുറത്ത് പ്രശ്നങ്ങൾ കൂടി വന്നിരുന്നു. കൂടുതൽ വിദ്യാർത്ഥികൾ സ്റ്റേഷനിലേക്ക് എത്തവേ ബഹളം കൂടി വന്നു.
” അലക്സ്.. ഇതെന്താണ് നിന്റെ ഭാഗത്തു നിന്നും ഇതുവരെ ഒരു ആക്ഷനും ഉണ്ടാകാത്തത്.. മീഡിയാസ് വരെ റിപ്പോർട്ട് ചെയ്ത് തുടങ്ങി.. ഇമ്മീടിയെറ്റ് ആയി പ്രതിയെ കസ്റ്റഡിയിൽ എടുക്കണം.. ”
ഡി വൈ എസ് പി ഓഫീസിൽ നിന്ന് കൂടി കോൾ എത്തവേ പതിയെ എഴുന്നേറ്റു അലക്സ്.
” ഷാനവാസേ… പിള്ളേര് അകത്തേക്ക് കേറാതെ നോക്കണം.. പിന്നേ അലമ്പിനൊന്നും പോണ്ടാ ന്ന് നമ്മടെ പിള്ളേരോടും പറഞ്ഞേക്ക്….. ”
അത്രയും പറഞ്ഞവൻ മുറി വിട്ട് പുറത്തേക്ക് ഇറങ്ങുമ്പോൾ വിദ്യാർത്ഥികൾ രോക്ഷാകുലരായി മുദ്രാവാക്യം വിളിച്ചു.
സമയം പിന്നെയും നീങ്ങി. ആ വാർത്ത വൈകാതെ തന്നെ വൈറൽ ആയി. പ്രതിപക്ഷം അതൊരു തുറുപ്പു ചീട്ടാക്കി. അതിനിടയിൽ എം എൽ എ അനിരുദ്ധൻ രാജീ വയ്ക്കണം എന്ന് അവരെ ആവശ്യങ്ങൾ ഉയർന്നു. സർക്കാരിനെ പോലും പ്രതിസന്ധിയിലേക്ക് ആക്കുന്ന വിധം പ്രശ്നം വളർന്നത്തോടെ മുഖ്യമന്ത്രി ഇടപെട്ടു.
കുറ്റവാളിയെ ഉടനെ തന്നെ അറസ്റ്റ് ചെയ്യണമെന്നും എം എൽ എ അനിരുദ്ധൻ ഏതെങ്കിലും തരത്തിൽ പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന് അന്വേഷണം വേണമെന്നും പോലീസുകാരിൽ ആരെങ്കിലും അവർക്ക് സഹായിയായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും എന്നും മീഡിയാസിന് മുന്നിൽ വച്ച് തന്നെ ഡി ജി പി യോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു.. വൈകാതെ ആ വാർത്തകളും ചാനൽ ന്യൂസിലൂടെ പുറത്ത് വന്നു .
” ഇതിപ്പോ നമുക്കും പണിയാകുമല്ലോ കോളേജ് നമ്മുടെ പരിധിയിൽ ആയത് കൊണ്ട് അന്വേഷണ ചുമതല നമുക്ക് അല്ലെ.. ഇതുവരെയും ഒന്നുമായില്ല..ഇനീപ്പോ അന്വേഷിച്ചാലും എപ്പോഴേ എം എൽ എ അവനെ സേഫ് ആയി മാറ്റിക്കാണും. മൊത്തത്തിൽ നാറാൻ തയ്യാറായിക്കോ എല്ലാരും..”
ടെൻഷനിൽ ആരോടെന്നില്ലാതെ പറഞ്ഞു ഷാനവാസ് അത് കേട്ടിട്ടും ഒരു നിമിഷം മൗനമായി അലക്സ് ശേഷം അവന് നേരെ തിരിഞ്ഞു.
” ഷാനവാസേ.. ഇനി വണ്ടി ഇറക്ക്… കൂട്ടിനു നമ്മടെ പിള്ളേരെയും കൂട്ടിക്കോ ”
ഒരു നിമിഷം സംശയത്തിൽ നോക്കി നിന്നു ഷാനവാസ്.
” സാറേ.. ഇനിയിപ്പോ ഈ വൈകിയ സമയത്ത് എവിടേ പോയി തപ്പാനാണ്… അവനൊക്കെ ഇപ്പോ എപ്പോഴേ സംസ്ഥാനം കടന്ന് കാണും.. ”
ചെറിയൊരു അതൃപ്തി ആ വാക്കുകളിൽ നിഴലിച്ചു.
” ഇല്ലെന്നേ.. എവിടെയും പോയിട്ടില്ല… അവൻ ഇപ്പോഴും ആ തടി മില്ലിൽ ഉണ്ട്… കിഴക്കും പാലത്തിനു സൈഡിൽ ഉള്ള അനിരുദ്ധിന്റെ അനിയന്റെ തടി മില്ലിൽ. ”
ആ മറുപടി കേൾക്കെ അതിശയത്തിൽ നോക്കി ഷാനവാസ്. അവൻ മാത്രമല്ല മറ്റു പോലീസുകാരും… പുറത്ത് അപ്പോഴും വലിയ ബഹളങ്ങൾ നടക്കുന്നുണ്ടായിരുന്നു.
“സാറേ.. ഇതെങ്ങിനെ ഇത്ര കൃത്യമായി പറഞ്ഞ്.. സാർ ഇതെങ്ങിനെ അറിഞ്ഞു..”
സംശയം അപ്പോഴും തീർന്നിരുന്നില്ല.. മറുപടി പറയുന്നതിന് മുന്നേ തന്റെ മീശയൊന്ന് പിരിച്ചു അലക്സ്.
” നിങ്ങൾ എന്താ കരുതിയെ.. ഞാൻ കൈക്കൂലി വാങ്ങി ഈ കേസ് വിട്ടെന്നോ.. പ്രശ്നം നടന്നു പരാതി കിട്ടിയപ്പോൾ മുതൽ ഇപ്പോ വരെയും നിവിൻ എന്റെ നിരീക്ഷണത്തിലാണ്. നമ്മടെ മരട് രഘുവും ടീമും ഞാൻ പറഞ്ഞത് അനുസരിച്ചു അവനെ വാച്ച് ചെയ്ത് ആ ലൊക്കേഷനിൽ തന്നെയുണ്ട്. ”
ആ മറുപടി കേൾക്കെ അതിശയത്തിൽ നോക്കി ഷാനവാസ്.
” സാർ അവനെ വാച്ച് ചെയ്യാൻ ആളെ നിർത്തിയെന്നോ… ഒന്നും മനസിലാകുന്നില്ല. ഇതുവരെയും ഒരു ആക്ഷനും എടുക്കാതെ ഇരുന്നിട്ട് ഇപ്പോ ഇത്….. ”
ആകെ സംശയത്തിലായി അവൻ.
” ഷാനവാസേ… മുന്നേ ഇതുപോലെ എത്രയോ കേസുകളിൽ ചാടിക്കയറി ആക്ഷൻ എടുത്തിട്ടുണ്ട് നമ്മൾ.. കയ്യടിയും വാങ്ങീട്ടുണ്ട്.. പക്ഷെ പിന്നീട് എന്ത് സംഭവിച്ചു… പ്രതിയെ പിടിക്കുന്നതോടെ പ്രതിഷേധക്കാര് അവരുടെ വഴിക്ക് പോകും… അതോടെ പിടിക്കപെട്ടവൻ മുകളിൽ ആരെയെങ്കിലും പിടിച്ചു പതിയെ ഊരി പോകേം ചെയ്യും.. ഇവിടിപ്പോ കാര്യം അറിഞ്ഞ ഉടനെ ആളെ അറസ്റ്റ് ചെയ്തെങ്കിൽ അത് പോലെ തന്നെ സംഭവിച്ചേനെ.. ഇവര് മുദ്രാവാക്യങ്ങളും നിർത്തി പൊടീം തട്ടി പോവേം ചെയ്യും അവൻ ചാടേം ചെയ്യും. കഷ്ടപെട്ട നമ്മള് വെറും.. മറ്റവന്മാരാകും”
പല്ല് ഞെരിച്ചു കൊണ്ട് അലക്സ് പറഞ്ഞ് നിർത്തുമ്പോൾ ആ പറഞ്ഞതിൽ കാര്യമുണ്ട് എന്ന് മനസിലാക്കി ഷാനവാസ്.
” ബട്ട്.. സർ.. ഇപ്പോ ഇപ്പോ ഇത് വല്യ ഇഷ്യൂ ആയില്ലേ.. എം എൽ എ യുടെ സ്വാധീനത്തിൽ പോലീസ് പോലും മൗനമായി എന്ന് വാർത്ത വരുന്നു.. നമുക്ക് ആകെ നാണക്കേട് അല്ലെ ഇതൊക്കെ… ”
” എന്ത് നാണക്കേട്… എടാ ഇപ്പോ ഇത് ഇഷ്യൂ ആയപ്പോ സി എം ഇടപെട്ടു.. മുഖളീന്ന് അവനെ തൂക്കാൻ പബ്ലിക് ആയി മീഡിയാസിന് മുന്നിൽ വച്ച് ഓർഡർ വന്നു.. ഇപ്പോ കാര്യങ്ങൾ സ്ട്രോങ്ങ് ആണ്.. ഞാൻ വെയിറ്റ് ചെയ്തതും ഇതിനു വേണ്ടിയാണ്.. ഇനി പിടിപാടുകൾ വില പോവില്ല… പിടിക്കപ്പെട്ടവൻ നൈസിനു ഊരിപ്പോവില്ല അവനെ ഊരാൻ ആരും നോക്കേം ഇല്ല. ”
ഒന്ന് നിർത്തി കൂടെ ഉണ്ടായിരുന്ന മറ്റു പോലീസുകാർക്ക് നേരെ തിരിഞ്ഞു അലക്സ്…
” അവനെ തൂക്കി എടുത്ത് കൊണ്ട് വരുന്ന ഒന്ന് രണ്ട് ഫോട്ടോസൊ വീഡിയോസോ വന്നാൽ തീരാവുന്നതേ ഉള്ളു ഈ നാണക്കേട് ഒക്കെ.. നിങ്ങൾ ചെന്ന് ആ പിള്ളേരെ സൈഡ് ആക്കി ഗേറ്റ് തുറക്ക്.. നമുക്ക് ഇറങ്ങാം ”
അതോടെ എല്ലാവരും ആവേശത്തിലായി..
” പൊന്ന് സാറേ.. നിങ്ങൾ ഒരു വല്ലാത്ത ജാതി തന്നെ കേട്ടോ… ഒരു വാക്ക് മുന്നേ പറയാരുന്നു… ”
ഷാനവാസ് പുഞ്ചിരിയോടെ പറയുമ്പോൾ അവന്റെ ചുമലിൽ തട്ടി അലക്സ്.
” മുന്നേ പറഞ്ഞാൽ ഒരു ത്രില്ല് ഇല്ലടാ… ചെക്കനെ സ്കെച്ചിട്ട് വച്ചേക്കുവാ ഞാൻ .. ഇപ്പൊ പോയാൽ തൂക്കാം നമുക്ക്.. കയ്യിൽ കിട്ടിയാൽ വേണേൽ രണ്ട് പൊട്ടിച്ചോ… മീഡിയാസിന് മുന്നിൽ വന്നാൽ പിന്നെ ഒന്നും നടക്കില്ല.. ”
” പൊട്ടിക്കണം സാറേ… അത് ഞാൻ തീരുമാനിച്ച കാര്യം ആണ്.. ഇമ്മാതിരി തോന്ന്യവാസം കാണിച്ചവൻ ഇനി ഇങ്ങനൊക്കെ ചെയ്യാൻ ചിന്തിക്കാൻ പോലും പാടില്ല അമ്മാതിരി അടി കൊടുക്കണം… ”
ഷാനവാസും ആവേശത്തിലായി.
വൈകാതെ അവർ സ്റ്റേഷനിൽ നിന്നും പുറപ്പെട്ടു. പ്രതീക്ഷിച്ച പോലെ തന്നെ എല്ലാം നടന്നു. നിവിനെ അറസ്റ്റ് ചെയ്ത് പോലീസ് തിരികെ എത്തുമ്പോൾ കൂകി വിളികൾ കയ്യടികൾ ആയി മാറി. കുറ്റം പറഞ്ഞ മീഡിയാസ് തന്നെ പോലീസിന്റെ ക്രിയാത്മകതയെ വാഴ്ത്തി. അറസ്റ്റു ചെയ്ത സമയം തന്നെ ഷാനവാസ് അരിശം തീരുവോളം പൊട്ടിച്ചു അവനിട്ട്. മുഖ്യമന്ത്രി വരെ ഇടപെട്ട കേസ് ആയത് കൊണ്ട് പിന്നേ മറ്റു കൈ കടത്തലുകൾ ഉണ്ടായില്ല.. നിവിൻ റിമാൻഡിൽ പോയി… അല്പം വൈകി പോയെങ്കിലും ഒടുവിൽ കയ്യടി കേരളാ പോലീസ് വാങ്ങി..
” സാറേ.. സംഗതി ക്ളീൻ ആയില്ലേ.. ഇനീം ഇമ്മാതിരി കേസ് എന്തേലും ഉണ്ടേൽ ധൈര്യായിട്ട് വിളിക്ക് കേട്ടോ… ”
രഘു ഫോണിലൂടെ പറയുന്നത് കേട്ട് ഒന്ന് പുഞ്ചിരിച്ചു അലക്സ്.
” രഘുവേ.. സംഗതി സൂപ്പർ… പക്ഷെ എനിക്ക് വേണ്ടി ഇങ്ങനെ ഹെല്പ് ചെയ്ത് ഹെല്പ് ചെയ്ത് ത്രില്ല് കേറി ഇനി വീണ്ടും ആ പഴേ ഗുണ്ടാപ്പണിക്ക് പോവോ നീ… എനിക്ക് അങ്ങനൊരു പേടി ഇല്ലാതില്ല… ”
” ഇല്ല സാറേ… ഇനി ഇല്ല.. ഞാനിനി ആ വഴിക്ക് ഇല്ല.. സാറിന്റെ പണ്ടത്തെ ഇടി… അത് എന്നെ നന്നാക്കി… ”
ആ മറുപടി കേൾക്കെ പൊട്ടിച്ചിരിച്ചു പോയി അലക്സ്.. മറു തലയ്ക്കൽ രഘുവും ചിരിച്ചു.
അപമാനിക്കപ്പെട്ട പെൺകുട്ടിക്ക് ഒടുവിൽ അർഹിച്ച നീതി ലഭിച്ചു.
(ശുഭം )
✍️പ്രജിത്ത് സുരേന്ദ്രബാബു.
