രാത്രിയുടെ നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ട് വീണ്ടും ആ കരച്ചിൽ ഉയർന്നു. ഇരുപത്തിയൊന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കരച്ചിൽ.
അഞ്ജന കണ്ണ് തുറക്കാൻ ശ്രമിച്ചു. കൺപോളകൾക്ക് മുകളിൽ കരിങ്കല്ല് വെച്ചതുപോലെ ഭാരം തോന്നി. കഴിഞ്ഞ കുറേ ദിവസങ്ങളായി അവൾ കൃത്യമായി ഉറങ്ങിയിട്ട്. പ്രസവത്തിന്റെ ശാരീരിക വേദനകൾ പൂർണ്ണമായി മാറുന്നതിന് മുൻപ് തന്നെ ഉറക്കമില്ലായ്മയും മാനസികമായ തളർച്ചയും അവളെ ഒരു ജീവച്ഛവമാക്കി മാറ്റിയിരുന്നു.
അവൾ പതുക്കെ എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു. ജനാലയിലൂടെ അരിച്ചെത്തുന്ന നിലാവിളിച്ചത്തിൽ കുഞ്ഞ് കൈകാലുകൾ ഇട്ടടിച്ച് കരയുകയാണ്. അവൾ തൊട്ടടുത്തേക്ക് നോക്കി. ഭർത്താവ് ഹരി നല്ല ഉറക്കത്തിലാണ്. കുഞ്ഞിന്റെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടിട്ടും അയാൾ തിരിഞ്ഞു കിടന്നതേയുള്ളൂ. ഒരു വശത്തേക്ക് ചരിഞ്ഞു കിടന്ന്, പുതപ്പ് തലവഴി മൂടി അയാൾ തന്റെ ഉറക്കം തുടർന്നു.
“ഹരിയേട്ടാ…” അഞ്ജന പതുക്കെ വിളിച്ചു. ശബ്ദം തൊണ്ടയിൽ കുടുങ്ങിപ്പോയിരുന്നു. “ഹരിയേട്ടാ, കുഞ്ഞ് കരയുന്നു. ഒന്ന് എടുത്തു തരാമോ? എനിക്ക് നടുവ് നിവർത്താൻ വയ്യ…”
ഹരി കേട്ടതായി ഭാവച്ചില്ല. അവൾ വീണ്ടും വിളിച്ചപ്പോൾ അയാൾ ദേഷ്യത്തോടെ പുതപ്പ് മാറ്റി.
“എന്താ അഞ്ജനാ ഇത്? രാത്രിയായാൽ മനുഷ്യനെ ഉറക്കില്ലേ? നിനക്ക് ആ കൊച്ചിനെയൊന്ന് എടുത്ത് വായ മൂടിക്കൂടേ? പകൽ മുഴുവൻ ഓഫീസിൽ കിടന്ന് പണിയെടുത്ത് വരുന്നതാ ഞാൻ. രാത്രിയെങ്കിലും സമാധാനമായിട്ട് ഒന്ന് ഉറങ്ങണ്ടേ?” ഹരിയുടെ ശബ്ദത്തിൽ അമർഷം ഇരമ്പി.
“അതല്ല ഹരിയേട്ടാ, വൈകുന്നേരം മുതൽ എനിക്ക് നല്ല പനിയുണ്ട്. തല ചുറ്റുന്നു…” അഞ്ജന വാക്കുകൾക്കായി തപ്പിത്തടഞ്ഞു.
“പിന്നെ, നിനക്ക് എപ്പോഴാ പനിയില്ലാത്തത്? പ്രസവം കഴിഞ്ഞ നാൾ മുതൽ തുടങ്ങുന്നതാ ഈ പരാതിയും പരിഭവവും. നാട്ടിലെ പെണ്ണുങ്ങളൊക്കെ പ്രസവിക്കുന്നതല്ലേ? നീ മാത്രമെന്താ ഇങ്ങനെ ഒരു പ്രത്യേക ജന്മം?” ഹരി തിരിഞ്ഞുകിടന്ന് വീണ്ടും പുതപ്പ് തലവഴി മൂടി.
അഞ്ജനയുടെ കണ്ണുകളിൽ നിന്ന് കണ്ണീർ തുള്ളികൾ കുഞ്ഞിന്റെ വിരിപ്പിലേക്ക് ഇറ്റുവീണു. ഹരിയുടെ വാക്കുകൾ ഒരു മൂർച്ചയുള്ള കത്തിപോലെ അവളുടെ നെഞ്ചിൽ തറച്ചു. അവൾ പതുക്കെ കുഞ്ഞിനെയെടുത്ത് മാറോട് ചേർത്തു. മുലപ്പാൽ കൊടുക്കാൻ ശ്രമിച്ചെങ്കിലും നെഞ്ചിൽ നിന്ന് പാൽ വരുന്നുണ്ടായിരുന്നില്ല. കുഞ്ഞ് വിശപ്പ് സഹിക്കാനാവാതെ വീണ്ടും ഉച്ചത്തിൽ കരഞ്ഞു.
രാവിലെ ആറരയായപ്പോൾ താഴത്തെ നിലയിൽ നിന്ന് പാത്രങ്ങൾ കൂട്ടിയിടിക്കുന്ന ശബ്ദവും സംസാരവും കേൾക്കാമായിരുന്നു. ഹരിയുടെ അമ്മ ഭാരതിയമ്മയുടെ ശബ്ദമാണ് ഉയർന്നു കേൾക്കുന്നത്.
“ഇതിപ്പോ എന്തൊരു പ്രസവമാണാവോ? പണ്ടൊക്കെ ഞങ്ങളും പ്രസവിച്ചിട്ടുണ്ട്. പിറ്റേ ദിവസം എഴുന്നേറ്റ് കിണറ്റീന്ന് വെള്ളം കോരി തുണി നനച്ചതാ ഞാൻ. ഇതിപ്പോ കൊച്ചിന് ഇരുപത്തിയൊന്ന് ദിവസമായി. എന്നിട്ടും മഹാറാണിക്ക് എഴുന്നേറ്റ് വരാൻ നേരമില്ല. എന്റെ മോൻ രാത്രി മുഴുവൻ ഉറക്കമില്ലാതെ കഷ്ടപ്പെടുകയാ.” ഭാരതിയമ്മ ഉമ്മറത്തിരുന്ന് ചായ കുടിക്കുന്ന ഭർത്താവ് വേണുഗോപാലനോട് പരാതി പറയുകയായിരുന്നു.
വേണുഗോപാലൻ പത്രം വായിക്കുന്നതിനിടയിൽ ഒന്ന് മൂളി. “അവൾക്ക് വയ്യായിരിക്കും ഭാരതീ, നീ വെറുതെ ബഹളം വെക്കാതെ.”
“അതേ, നിങ്ങൾക്ക് എപ്പോഴും മറ്റുള്ളവരെ ന്യായീകരിക്കാനേ സമയമുള്ളൂ. എന്റെ മോന്റെ കഷ്ടപ്പാട് എനിക്കല്ലേ അറിയൂ,” ഭാരതിയമ്മ അടുക്കളയിലേക്ക് നടന്നു.
ഈ സമയം അഞ്ജന കുഞ്ഞെയുമായി പടികൾ ഇറങ്ങി താഴേക്ക് വന്നു. അവളുടെ കണ്ണുകൾക്ക് താഴെ കറുത്ത പാടുകൾ വീണിരുന്നു. മുടി ഒതുക്കി കെട്ടാൻ പോലും അവൾക്ക് കഴിഞ്ഞിരുന്നില്ല. ശരീരം വിളറി വെളുത്തിരുന്നു.
“ആഹാ, എഴുന്നള്ളിയോ? ഞാൻ വിചാരിച്ചു ഇന്ന് ഉച്ചയാകുമെന്ന്,” ഭാരതിയമ്മ പരിഹാസത്തോടെ പറഞ്ഞു. “കൊച്ചിന് കൊടുക്കാൻ കുറച്ച് തിളപ്പിച്ചാറ്റിയ വെള്ളം എടുത്തു വെച്ചിട്ടുണ്ട്. അതൊന്ന് കൊടുക്ക്. പിന്നെ, ഹരിക്ക് ഓഫീസിൽ പോകാൻ ഒമ്പത് മണിയാകുമ്പോൾ ചോറും കറിയും വേണം. എനിക്ക് വയ്യാത്തതുകൊണ്ട് ഞാൻ കറിയൊക്കെ വെച്ചു. മീൻ കഴുകി വെച്ചിട്ടുണ്ട്, അതൊന്ന് വറുത്തെടുക്ക്.”
“അമ്മേ… എനിക്ക് തല കറങ്ങുന്നു. ഒരു ചായ…” അഞ്ജന പതുക്കെ പറഞ്ഞു.
“ചായ അവിടെ ഇരിപ്പുണ്ട്, എടുത്ത് കുടിക്ക്. അതും ഞാൻ എടുത്തു തരണോ? ഒരു കൊച്ചുണ്ടായതോടെ അങ്ങ് അലസത കൂടിയല്ലോ,” ഭാരതിയമ്മ മുഖം തിരിച്ചു.
അഞ്ജന കുഞ്ഞിനെ ഹാളിലെ കട്ടിലിൽ കിടത്തി അടുക്കളയിലേക്ക് നടന്നു. തിളച്ചുകൊണ്ടിരിക്കുന്ന മീൻ വറുക്കുന്ന ചട്ടിയുടെ മുന്നിൽ നിൽക്കുമ്പോൾ അവളുടെ തല കറങ്ങുന്നത് പോലെ തോന്നി. ചുറ്റുമുള്ള ചുവരുകൾ കറങ്ങുന്നതായി അവൾക്ക് തോന്നി. പെട്ടെന്ന് ഒരു നിമിഷം, അവൾക്ക് ആ തിളച്ച എണ്ണയിലേക്ക് കൈ ഒന്നു മുക്കിയാലോ എന്ന് തോന്നിപ്പോയി. എന്തോ ഒരു ഭയം അവളെ പിടികൂടി. അവൾ വേഗം പിന്നോട്ട് മാറി.
“എന്താ അഞ്ജനാ, മീൻ കരിഞ്ഞു പോകും!” ഹരി ഡൈനിംഗ് ടേബിളിൽ വന്നിരുന്ന് അലറി. “എനിക്ക് സമയമായി, വേഗം കാപ്പി എടുക്ക്.”
അഞ്ജന വിറയ്ക്കുന്ന കൈകളോടെ ഹരിക്ക് കാപ്പി കൊടുത്തു. അയാൾ ഒരു വാക്ക് പോലും അവളോട് സംസാരിച്ചില്ല. അവളുടെ മുഖത്തെ വിളർച്ചയോ കൺകോണുകളിലെ കണ്ണീരോ അയാൾ കണ്ടില്ല. അല്ലെങ്കിൽ കാണാൻ ശ്രമിച്ചില്ല.
“ഹരിയേട്ടാ… ഇന്ന് കൊച്ചിനെ ഡോക്ടറെ കാണിക്കാൻ പോകേണ്ട ദിവസമാണ്. ഇരുപത്തിയൊന്നിലെ ചെക്കപ്പ് ഉണ്ട്. അമ്മയോട് ചോദിച്ചപ്പോൾ വരാൻ വയ്യെന്ന് പറഞ്ഞു. ഹരിയേട്ടൻ ഇന്ന് കുറച്ച് നേരത്തെ വരുമോ?” അഞ്ജന പ്രതീക്ഷയോടെ ചോദിച്ചു.
“എനിക്ക് ഇന്ന് ഓഫീസിൽ പ്രധാനപ്പെട്ട ഒരു മീറ്റിംഗ് ഉണ്ട്. വരാൻ ലേറ്റാകും. നീ നിന്റെ അമ്മയെ ആരെെയെങ്കിലും വിളിക്ക്. അല്ലെങ്കിൽ ഒരു ഓട്ടോ പിടിച്ച് പൊയ്ക്കൂടെ? എല്ലാത്തിനും എന്നെത്തന്നെ ആശ്രയിച്ചാൽ എങ്ങനാ?” ഹരി വേഗത്തിൽ കാപ്പി കുടിച്ച് കൈ കഴുകി എഴുന്നേറ്റു.
“എന്റെ അമ്മയ്ക്ക് വയ്യാത്തതല്ലേ ഹരിയേട്ടാ… ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലല്ലേ. അതുകൊണ്ടല്ലേ ഞാൻ വിളിക്കാത്തത്,” അഞ്ജനയുടെ ശബ്ദം ഇടറി.
“എന്നാ പിന്നെ നീ ഒറ്റയ്ക്ക് പൊക്കോ. വലിയ കാര്യമായിട്ട് ചോദിക്കാൻ വന്നിരിക്കുന്നു,” ഹരി ബാഗുമെടുത്ത് ഇറങ്ങിപ്പോയി.
പകൽ സമയം ആ വലിയ വീട്ടിൽ അഞ്ജന പൂർണ്ണമായും ഒറ്റപ്പെട്ടു. ഭാരതിയമ്മ സീരിയൽ കാണുന്ന തിരക്കിലായിരുന്നു. വേണുഗോപാലൻ ക്ലബ്ബിൽ പോകാൻ ഇറങ്ങി. കുഞ്ഞ് വീണ്ടും കരയാൻ തുടങ്ങി. അഞ്ജന കുഞ്ഞിനെയുമെടുത്ത് ജനാലയ്ക്കൽ നിന്നു. പുറത്ത് മഴ പെയ്യാൻ തുടങ്ങിയിരുന്നു.
മഴത്തുള്ളികൾ മണ്ണിൽ വീണ് ചിതറുന്നത് നോക്കി നിൽക്കുമ്പോൾ അഞ്ജനയുടെ ഉള്ളിൽ ഇരുട്ട് പടരുകയായിരുന്നു. അവൾക്ക് കുഞ്ഞിനോട് ഒരു തരത്തിലുള്ള മടുപ്പ് തോന്നാൻ തുടങ്ങി. ഈ കുഞ്ഞാണ് തന്റെ എല്ലാ ദുരിതങ്ങൾക്കും കാരണം എന്ന് അവളുടെ മനസ്സ് പറഞ്ഞു തുടങ്ങി.
“നീയെന്തിനാ ഇങ്ങനെ കരയുന്നത്? നിനക്ക് എന്നെ കൊന്നിട്ട് മതിയോ?” അഞ്ജന കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി പതുക്കെ ചോദിച്ചു. അവളുടെ ശബ്ദത്തിൽ സ്നേഹമായിരുന്നില്ല, ഭയപ്പെടുത്തുന്ന ഒരു ശാന്തതയായിരുന്നു.
കുഞ്ഞിന്റെ കരച്ചിൽ കൂടിയപ്പോൾ അഞ്ജനയ്ക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. അവൾ കുഞ്ഞിനെ കട്ടിലിലേക്ക് പരുഷമായി കിടത്തി. കാതുകൾ രണ്ട് കൈകൾ കൊണ്ടും പൊത്തിപ്പിടിച്ച് അവൾ നിലവിളിക്കാൻ ശ്രമിച്ചു, പക്ഷേ ശബ്ദം പുറത്തേക്ക് വന്നില്ല.
“എനിക്ക് ഒന്നിനും കഴിയുന്നില്ല… ഞാൻ ഒരു നല്ല അമ്മയല്ല. ഞാൻ ഒരു പരാജയമാണ്,” അവൾ സ്വയം മന്ത്രിച്ചു.
ഈ സമയം ഭാരതിയമ്മ മുറിയിലേക്ക് വന്നു. കുഞ്ഞ് കട്ടിലിൽ കിടന്ന് കരയുന്നതും അഞ്ജന മാറി നിൽക്കുന്നതും അവർ കണ്ടു.
“എടി ദുഷ്ടേ! നീ എന്താ ഈ കാണിക്കുന്നത്? കൊച്ചിവിടെ കിടന്ന് കരഞ്ഞു തൊണ്ട പൊട്ടുന്നു. നീയിവിടെ കൈയും കെട്ടി നോക്കി നിൽക്കുകയാണോ? എന്ത് അമ്മയാടി നീ? നിനക്കൊക്കെ എന്തിനാ ഭഗവാൻ കൊച്ചിനെ തന്നത്?” ഭാരതിയമ്മ ഓടിവന്ന് കുഞ്ഞിനെയെടുത്തു.
“അമ്മേ… എനിക്ക്… എനിക്ക് എന്തോ പോലെ തോന്നുന്നു. എനിക്ക് ഈ കരച്ചിൽ കേൾക്കുമ്പോൾ…” അഞ്ജന വിറച്ചു.
“നിനക്ക് ഒരഹങ്കാരവുമില്ല. പ്രസവിച്ചു കിടക്കുന്ന പെണ്ണുങ്ങൾക്ക് ഒരു അടക്കവും ഒതുക്കവും വേണം. ഇതിപ്പോ മൂന്നാം നാൾ മുതൽ മുഖം കറുപ്പിച്ചു നടക്കുകയാ. എന്റെ മോന്റെ കഷ്ടകാലം, നിന്നെപ്പോലൊരുത്തിയെ കെട്ടേണ്ടി വന്നല്ലോ,” ഭാരതിയമ്മ കുഞ്ഞെയുമായി താഴേക്ക് പോയി.
അഞ്ജന ആ മുറിയിലെ തറയിലിരുന്ന് കരഞ്ഞു. കരഞ്ഞു കരഞ്ഞ് അവളുടെ കണ്ണീർ വറ്റി. ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ഹരിയുടെയും അവളുടെയും വിവാഹ ഫോട്ടോയിലേക്ക് അവൾ നോക്കി. രണ്ട് വർഷം മുൻപ് എത്ര സന്തോഷത്തോടെയാണ് അവർ ജീവിച്ചിരുന്നത്. ഹരി തന്നെ എത്രമാത്രം സ്നേഹിച്ചിരുന്നു. പ്രസവത്തിന് മുൻപ് വരെ അയാൾ തന്റെ വയറ്റിൽ തലവെച്ച് കുഞ്ഞിന്റെ ചലനങ്ങൾ കേൾക്കുമായിരുന്നു. എന്നാൽ കുഞ്ഞ് ജനിച്ചതിന് ശേഷം എല്ലാം മാറിമറിഞ്ഞു.
അയാൾക്ക് പ്രസവാനന്തരമുള്ള സ്ത്രീയുടെ ശരീരമാറ്റങ്ങളോ, മാനസികാവസ്ഥയോ മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഒരു കുഞ്ഞുണ്ടായാൽ സ്ത്രീയുടെ ജീവിതം എത്രമാത്രം മാറുമെന്ന് അയാൾ ചിന്തിച്ചതേയില്ല. അയാൾക്ക് അയാളുടെ ഉറക്കവും ജോലിയും സമാധാനവും മാത്രമായിരുന്നു പ്രധാനം.
വൈകുന്നേരമായിട്ടും ഹരി വന്നിരുന്നില്ല. അഞ്ജന കുഞ്ഞിനെ വാങ്ങി മുറിയിലേക്ക് പോന്നു. കുഞ്ഞിന് പാലൂട്ടാൻ ശ്രമിക്കുമ്പോഴൊക്കെ അവൾക്ക് കടുത്ത നിരാശയാണ് തോന്നിയത്. അവളുടെ മനസ്സ് പൂർണ്ണമായും കൺട്രോൾ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. പോസ്റ്റ്‌പാർട്ടം ഡിപ്രഷൻ അതിന്റെ ഭയാനകമായ ഘട്ടത്തിലേക്ക് അവളെ എത്തിച്ചിരുന്നു.
രാത്രി ഒമ്പത് മണിയായപ്പോൾ ഹരി വന്നു. അയാൾ നല്ല ക്ഷീണിതനായിരുന്നു. മുറിയിലേക്ക് വന്നയുടൻ അയാൾ ഷർട്ട് ഊരി കട്ടിലിലേക്ക് എറിഞ്ഞു.
“അഞ്ജനാ, എനിക്ക് നല്ല തലവേദന. ഒരു കപ്പ് ചായ എടുക്ക്,” ഹരി കട്ടിലിൽ കിടന്നുകൊണ്ട് പറഞ്ഞു.
അഞ്ജന കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയിട്ട് താഴേക്ക് പോയി ചായയുമായി വന്നു. ചായ ഹരിയുടെ കൈകളിൽ കൊടുക്കുമ്പോൾ അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ചായ അല്പം ഹരിയുടെ കൈയിലേക്ക് മറിഞ്ഞു.
“ഛെ! നിനക്ക് കണ്ണുകണ്ടൂടെ അഞ്ജനാ?” ഹരി ദേഷ്യത്തോടെ എഴുന്നേറ്റു. “നീ മനപ്പൂർവ്വം ചെയ്യുന്നതാണോ ഇത്? കഴിഞ്ഞ കുറേ ദിവസങ്ങളായി ഞാൻ സഹിക്കുകയാ. നിന്റെ ഈ വട്ടായ ഭാവവും, എപ്പോഴും ഉള്ള കരച്ചിലും. എനിക്ക് മടുത്തു.”
അഞ്ജന ഹരിയുടെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകളിൽ ഭയമായിരുന്നില്ല, ശൂന്യതയായിരുന്നു.
“ഹരിയേട്ടാ… എനിക്ക് ജീവിക്കാൻ തോന്നുന്നില്ല. എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുന്നത് പോലെ തോന്നുന്നു. ദയവുചെയ്ത് എന്നെ ഒന്ന് കെട്ടിപ്പിടിക്കാമോ? എനിക്ക് പേടിയാകുന്നു…” അഞ്ജന ഹരിയുടെ കൈകളിൽ പിടിച്ചു.
“മാറി നിൽക്ക് അഞ്ജനാ! നിന്റെ ഈ സെന്റിമെന്റ്സ് നാടകം കാണാൻ എനിക്ക് സമയമില്ല. വട്ടാണെങ്കിൽ പോയി ഭ്രാന്താശുപത്രിയിൽ കാണിക്കണം. അല്ലാതെ എന്റെ അടുത്തു വന്ന് അഭിനയിക്കരുത്,” ഹരി അവളെ തള്ളിമാറ്റി ബാത്റൂമിലേക്ക് കയറിപ്പോയി.
ആ തള്ളലിൽ അഞ്ജന തറയിലേക്ക് വീണു. അവളുടെ ഉള്ളിൽ എന്തോ ഒന്ന് തകർന്നുപോയി. അവസാനത്തെ പ്രതീക്ഷയുടെ തിരിനാളവും അണഞ്ഞു. അവൾ പതുക്കെ എഴുന്നേറ്റു. തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനെ നോക്കി. കുഞ്ഞ് ശാന്തമായി ഉറങ്ങുകയായിരുന്നു.
അവൾ ജനാലയ്ക്കൽ ചെന്ന് പുറത്തേക്ക് നോക്കി. ഇരുണ്ട രാത്രി. ആകാശത്ത് നക്ഷത്രങ്ങളൊന്നുമില്ലായിരുന്നു. അവൾ മുറിയുടെ ഒരു കോണിലേക്ക് നടന്നു. അവിടെ പ്രസവസമയത്ത് വയർ കെട്ടാൻ വാങ്ങിയ നീളമുള്ള തുണിയുണ്ടായിരുന്നു. അവൾ അതെയെടുത്തു.
ബാത്റൂമിൽ നിന്ന് ഷവറിന്റെ ശബ്ദം കേൾക്കാമായിരുന്നു. ഹരി കുളിക്കുകയാണ്.
അഞ്ജന ആ തുണിയുമായി ഫാനിന്റെ ചുവട്ടിലേക്ക് നടന്നു. അവളുടെ മനസ്സിൽ ഇപ്പോൾ യാതൊരു വികാരവുമില്ലായിരുന്നു. കരച്ചിലില്ല, സങ്കടമില്ല. ഒരു തരത്തിലുള്ള ശൂന്യത മാത്രം. അവൾ സ്റ്റൂൾ എടുത്ത് ഫാനിന് താഴെ ഇട്ടു. അതിൽ കയറി നിന്ന് തുണി ഫാനിൽ കെട്ടി.
തന്റെ കഴുത്തിലേക്ക് ആ തുരുമ്പ് കയർ മുറുകുമ്പോൾ അവൾ അവസാനമായി ആ കുഞ്ഞിനെ നോക്കി. “അമ്മയ്ക്ക് മാപ്പ് തരിക…” അവൾ മനസ്സിൽ മന്ത്രിച്ചു.
പെട്ടെന്ന് സ്റ്റൂൾ മറിഞ്ഞു വീഴുന്ന ശബ്ദം കേട്ടാണ് ഹരി ബാത്റൂമിൽ നിന്ന് ഓടിവന്നത്.
കണ്ട കാഴ്ച അയാളുടെ ചോര മരവിപ്പിച്ചു കളഞ്ഞു. അഞ്ജന ഫാനിൽ തൂങ്ങി ആടുകയായിരുന്നു. അവളുടെ മുഖം നീല നിറമായി മാറിയിരുന്നു.
“അഞ്ജനാ…!!!” ഹരി ഭ്രാന്തമായി നിലവിളിച്ചു. അയാൾ ഓടിച്ചെന്ന് അവളെ താങ്ങിപ്പിടിച്ച് തുണി അറുത്തു മാറ്റി. അവളെ കട്ടിലിലേക്ക് കിടത്തി.
“അഞ്ജനാ… കണ്ണ് തുറക്കൂ… അഞ്ജനാ…” ഹരി അവളുടെ നെഞ്ചിൽ അമർത്തി. അവളുടെ ശ്വാസം നിലച്ചിരുന്നില്ല, പക്ഷേ വളരെ ദുർബലമായിരുന്നു.
ഹരിയുടെ നിലവിളി കേട്ട് ഭാരതിയമ്മയും വേണുഗോപാലനും ഓടിവന്നു.
“എന്റെ ഈശ്വരാ! ഇവൾ ഇത് എന്താ ഈ കാണിച്ചത്?” ഭാരതിയമ്മ നെഞ്ചത്തടിച്ചു.
“വേഗം വണ്ടി എടുക്ക് അച്ഛാ! ഹോസ്പിറ്റലിൽ പോകണം!” ഹരി അഞ്ജനയെ കൈകളിൽ കോരിയെടുത്തു താഴേക്ക് ഓടി.
ആശുപത്രിയിലെ ഐ.സി.യുവിന് മുന്നിൽ ഹരി തലയിൽ കൈവെച്ചിരുന്നു. ഓരോ നിമിഷവും യുഗങ്ങൾ പോലെയാണ് കടന്നുപോയത്. ഡോക്ടർമാർ അകത്ത് അവളുടെ ജീവനായി പോരാടുകയായിരുന്നു.
കുറച്ചു സമയത്തിന് ശേഷം ഡോക്ടർ പുറത്തേക്ക് വന്നു. ഹരി ഓടിച്ചെന്ന് ഡോക്ടറുടെ കൈകളിൽ പിടിച്ചു.
“ഡോക്ടർ… എന്റെ അഞ്ജനയ്ക്ക്…” ഹരിയുടെ ശബ്ദം ഇടറി.
“ലക്കിലി, നിങ്ങൾ കറക്റ്റ് സമയത്ത് എത്തിച്ചു. ശ്വാസം പൂർണ്ണമായി നിലച്ചിരുന്നില്ല. ഇപ്പോൾ അവൾ അപകടാവസ്ഥ തരണം ചെയ്തിട്ടുണ്ട്. പക്ഷേ…” ഡോക്ടർ ഹരിയെ രൂക്ഷമായി നോക്കി.
“പക്ഷേ എന്താ ഡോക്ടർ?”
“നിങ്ങൾ അവളുടെ ഭർത്താവല്ലേ? പ്രസവം കഴിഞ്ഞ ഒരു പെണ്ണിനെ എങ്ങനെയാണ് നോക്കേണ്ടത് എന്ന് നിങ്ങൾക്ക് അറിയില്ലേ? She is suffering from severe Postpartum Depression. ഇത് വെറുമൊരു മാനസികാവസ്ഥയല്ല, ഒരു രോഗമാണ്. പ്രസവശേഷം സ്ത്രീകളുടെ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളും, ഉറക്കമില്ലായ്മയും, ഏകാന്തതയും ഒക്കെയാണ് ഇതിന് കാരണം. ഈ സമയത്ത് അവർക്ക് ഏറ്റവും കൂടുതൽ വേണ്ടത് ഭർത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണയും സ്നേഹവുമാണ്. അത് കിട്ടാതെ വരുമ്പോഴാണ് അവർ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നത്. സ്വന്തം കുഞ്ഞിനെപ്പോലും അവർക്ക് വെറുപ്പായി തോന്നും. നിങ്ങൾ അവളെ ശ്രദ്ധിച്ചതേയില്ലേ?” ഡോക്ടറുടെ വാക്കുകൾ ഹരിയുടെ മുഖത്ത് അടിക്കുന്നത് പോലെയായിരുന്നു.
ഹരിക്ക് മറുപടി ഉണ്ടായിരുന്നില്ല. അയാൾ തലതാഴ്ത്തി നിന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി താൻ അവളോട് പറഞ്ഞ ക്രൂരമായ വാക്കുകൾ അയാളുടെ കാതുകളിൽ മുഴങ്ങി.
‘നീ മാത്രമെന്താ ഇങ്ങനെ ഒരു പ്രത്യേക ജന്മം?’
‘വട്ടാണെങ്കിൽ പോയി ഭ്രാന്താശുപത്രിയിൽ കാണിക്കണം.’
അയാൾ ഒരു നല്ല ഭർത്താവോ പിതാവോ ആയിരുന്നില്ല എന്ന് അയാൾക്ക് മനസ്സിലായി. അവൾ അനുഭവിച്ച മാനസിക വേദനയുടെ നൂറിലൊന്ന് പോലും താൻ മനസ്സിലാക്കിയില്ലല്ലോ എന്ന് ഓർത്ത് അയാൾ സ്വയം ശപിച്ചു.
ഭാരതിയമ്മയും വേണുഗോപാലനും ഡോക്ടറുടെ വാക്കുകൾ കേട്ട് നിശബ്ദരായി നിന്നു. തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ അവരും തിരിച്ചറിയുകയായിരുന്നു.
രണ്ട് ദിവസത്തിന് ശേഷം അഞ്ജനയെ ജനറൽ വാർഡിലേക്ക് മാറ്റി. അവൾ പതുക്കെ കണ്ണ് തുറന്നു. ജനാലയിലൂടെ സൂര്യപ്രകാശം അകത്തേക്ക് അടിച്ചുകയറുന്നുണ്ടായിരുന്നു.
അവൾ ചുറ്റും നോക്കി. കട്ടിലിന്റെ അരികിൽ ഹരി ഇരിപ്പുണ്ടായിരുന്നു. അയാളുടെ കണ്ണുകൾ ചുവന്നിരുന്നു, താടി വളർന്നിരുന്നു. രണ്ട് ദിവസം കൊണ്ട് അയാൾ ഒരുപാട് മാറിയിരുന്നു.
അഞ്ജന കണ്ണ് തുറന്നത് കണ്ട് ഹരി വേഗം അവളുടെ കൈകളിൽ പിടിച്ചു. അയാളുടെ കണ്ണുകളിൽ നിന്ന് കണ്ണീർ അവളുടെ കൈകളിലേക്ക് വീണു.
“അഞ്ജനാ… എന്നോട് ക്ഷമിക്കണം. ഞാൻ ഒരുപാട് തെറ്റ് ചെയ്തു. നിന്റെ സങ്കടങ്ങൾ കാണാൻ എനിക്ക് കഴിഞ്ഞില്ല. എന്നോട് ക്ഷമിക്കൂ…” ഹരി അവളുടെ കൈകളിൽ ചുംബിച്ചു.
അഞ്ജന ഒന്നും സംസാരിച്ചില്ല. അവളുടെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി കണ്ണീർ ഒലിച്ചിറങ്ങി.
ഈ സമയം ഭാരതിയമ്മ വാർഡിലേക്ക് വന്നു. അവരുടെ കൈകളിൽ കുഞ്ഞുണ്ടായിരുന്നു. ഭാരതിയമ്മ അഞ്ജനയുടെ അരികിലേക്ക് വന്ന് കുഞ്ഞിനെ പതുക്കെ അവളുടെ മാറിലേക്ക് വെച്ചുകൊടുത്തു.
“മോളേ… എന്നോടും ക്ഷമിക്കണം. പ്രായമായിട്ടും നിന്റെ മനസ്സ് മനസ്സിലാക്കാൻ ഈ അമ്മയ്ക്ക് കഴിഞ്ഞില്ല. നിന്നെ ഒരുപാട് വിഷമിപ്പിച്ചു,” ഭാരതിയമ്മയുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.
അഞ്ജന കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി. കുഞ്ഞ് അവളെ നോക്കി പതുക്കെ ചിരിക്കുന്നത് പോലെ തോന്നി. ആദ്യമായി അവളുടെ ഉള്ളിൽ കുഞ്ഞിനോട് സ്നേഹം ഇരമ്പിവന്നു. അവൾ കുഞ്ഞിനെ മുറുകെ ചേർത്തുപിടിച്ചു.
“ഹരിയേട്ടാ…” അഞ്ജന പതുക്കെ വിളിച്ചു.
“ഉം… പറ മോളേ,” ഹരി അവളുടെ മുടിയിൽ തലോടി.
“എനിക്ക്… എനിക്ക് ഇനി പേടിയില്ല. നിങ്ങൾ ഒപ്പമുണ്ടാകുമല്ലോ അല്ലേ?”
“ഉണ്ടാകും അഞ്ജനാ. നിന്റെ തണലായി, നിന്റെ കൂട്ടുകാരനായി ഞാൻ എപ്പോഴും ഉണ്ടാകും. ഇനി നിന്നെ ഞാൻ ഒറ്റപ്പെടുത്തില്ല,” ഹരി ഉറച്ച സ്വരത്തിൽ പറഞ്ഞു.
ആശുപത്രി മുറിയിലെ ആ കൊച്ചു ലോകത്ത്, ഒരു പുതിയ പുലരി പിറക്കുകയായിരുന്നു. പരസ്പരമുള്ള തിരിച്ചറിവുകളുടെ, സ്നേഹത്തിന്റെ പുതിയൊരു പുലരി. അഞ്ജനയുടെ മനസ്സിന്റെ ഇരുൾ പതുക്കെ നീങ്ങാൻ തുടങ്ങി, പ്രകാശത്തിന്റെ കിരണങ്ങൾ അവളുടെ ജീവിതത്തിലേക്ക് വീണ്ടും തിരികെ വന്നു.
✍️ആമി
