“നീ എന്നെ ശരിക്കും പ്രണയിക്കുന്നുണ്ടോ, അതോ നമ്മൾ വെറും സിറ്റുവേഷൻഷിപ്പിൽ മാത്രമാണോ ?”
അർദ്ധരാത്രിയുടെ നിശബ്ദതയിൽ, കാറിനുള്ളിലെ എസിയിൽ നിന്നും പുറപ്പെടുന്ന നേർത്ത മൂളലിൽ ആ ചോദ്യം പതിഞ്ഞുകിടന്നു. രാഹുൽ സിഗരറ്റ് പുറത്തേക്ക് എറിഞ്ഞു. ഗ്ലാസ് പകുതി താഴ്ത്തി അവൻ മീരയെ നോക്കി. അവളുടെ കണ്ണുകളിൽ തെളിഞ്ഞുനിന്ന ആ ഭാവം അത് കൗതുകമായിരുന്നോ അതോ ഭയമായിരുന്നോ എന്ന് അവന് തിരിച്ചറിയാനായില്ല.
“മീര, നമ്മൾ ഇതിനെക്കുറിച്ച് സംസാരിച്ചതല്ലേ? നമ്മൾ തമ്മിൽ ഒരു ബാധ്യതയുമില്ല. വി ആർ ഫ്രീ ബേർഡ്‌സ്. ഇതിലപ്പുറം ചിന്തിച്ചാൽ സമാധാനം പോകും,” അവൻ അവളുടെ മുടിയിഴകളിൽ വിരലോടിച്ചുകൊണ്ട് പറഞ്ഞു.
മീര ചിരിച്ചു. പക്ഷേ ആ ചിരി അവളുടെ കണ്ണുകളിൽ എത്തിയില്ല. “അതെ, നീ പറഞ്ഞത് ശരിയാണ്. നമ്മൾ തമ്മിൽ ഒരു ബാധ്യതയുമില്ല.”
അന്ന് രാത്രിയും അവർക്കിടയിൽ ദൂരമുണ്ടായിരുന്നില്ല. ശരീരം കൊണ്ട് അവർ ഒന്നായിരിക്കുമ്പോഴും, മീരയുടെ മനസ്സ് ഒരു വലിയ ചുഴിയിൽ അകപ്പെട്ടതുപോലെയായിരുന്നു.
‘സിറ്റുവേഷൻഷിപ്പ്’ എന്ന ആധുനിക പേരിനു പിന്നിൽ താൻ സ്വയം ഹോമിക്കുകയാണോ എന്ന് അവൾ ഭയപ്പെട്ടു. പക്ഷേ രാഹുലിനെ നഷ്ടപ്പെടുക എന്നത് അവൾക്ക് ചിന്തിക്കാൻ പോലുമാകില്ലായിരുന്നു.
മൂന്ന് വർഷം മുൻപാണ് രാഹുലും മീരയും ഒരു ഐടി കമ്പനിയിൽ വെച്ച് പരിചയപ്പെടുന്നത്. ഒരേ പ്രൊജക്റ്റ്, ഒരേ താല്പര്യങ്ങൾ. പെട്ടെന്നുതന്നെ അവർ ഉറ്റ സുഹൃത്തുക്കളായി. രാഹുൽ തന്റെ ഓരോ പ്രണയപരാജയങ്ങളും മീരയോട് പറയുമായിരുന്നു. അവൾ അത് കേട്ടിരുന്ന് അവനെ ആശ്വസിപ്പിച്ചു.
“എടാ, നിനക്ക് പറ്റിയ പെണ്ണിനെ നീ കണ്ടുപിടിക്കും,” അവൾ പറയും.
“നീ ഉള്ളപ്പോൾ എനിക്ക് എന്തിനാ വേറെ ആരെങ്കിലും?” അവൻ തമാശയായി ചോദിക്കുമ്പോൾ മീരയുടെ ഉള്ളിൽ ഒരു മിന്നൽ പിണർ പായും. പക്ഷേ അപ്പോഴൊക്കെ അത് ഒരു തമാശ മാത്രമാണെന്ന് അവൾ സ്വയം വിശ്വസിപ്പിച്ചു.
ഒരിക്കൽ ഒരു മഴയുള്ള വൈകുന്നേരം, ഒരു ചെറിയ ട്രിപ്പിനിടയിൽ സംഭവിച്ച ചുംബനം അവരുടെ സൗഹൃദത്തിന്റെ അതിർവരമ്പുകൾ മായ്ച്ചുകളഞ്ഞു. അന്ന് മുതൽ അവർ സുഹൃത്തുക്കളായിരുന്നില്ല, എന്നാൽ കാമുകീ-കാമുകന്മാരുമായിരുന്നില്ല. അവർക്കിടയിൽ പ്രണയമെന്ന വാക്ക് നിഷിദ്ധമായിരുന്നു. പകരം ശാരീരികമായ അടുപ്പവും ഒരുതരം വൈകാരികമായ ഒഴിഞ്ഞുമാറലും മാത്രമായി.
രാഹുലിന് ഇതൊരു താൽക്കാലിക ആശ്വാസമായിരുന്നു. ജീവിതത്തിലെ സമ്മർദ്ദങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം. എന്നാൽ മീരയ്ക്ക് അത് അവളുടെ ജീവിതമായിരുന്നു. ഓരോ തവണയും അവൻ അവളെ ചേർത്തുപിടിക്കുമ്പോൾ, അവൾ അവനിൽ ഒരു ഭാവിയെ സ്വപ്നം കണ്ടു. പക്ഷേ, പുറമെ അവൾ അവനെപ്പോലെ തന്നെ ‘കൂൾ’ ആയി അഭിനയിച്ചു.
മാസങ്ങൾ കടന്നുപോയപ്പോൾ മീരയുടെ ഉള്ളിലെ പ്രണയം ഒരു കാട്ടുതീ പോലെ പടരാൻ തുടങ്ങി. ഒരിക്കൽ ഒരു കഫേയിൽ ഇരിക്കുമ്പോൾ രാഹുൽ മറ്റൊരു പെൺകുട്ടിയോട് ഫോണിൽ സംസാരിക്കുന്നത് കണ്ടപ്പോൾ അവൾക്ക് നിയന്ത്രിക്കാനായില്ല.
“ആരായിരുന്നു അത്?” മീര ചോദിച്ചു.
“അത് ലത. എന്റെ പഴയ കോളേജ് ഫ്രണ്ട്. എന്തിനാ മീര നീ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്?” അവൻ നിസ്സാരമായി ചോദിച്ചു.
“എനിക്ക് ഇഷ്ടപ്പെട്ടില്ല രാഹുൽ. നീ അവളോട് സംസാരിക്കുന്ന രീതി ശരിയല്ല.”
രാഹുൽ തന്റെ കോഫി കപ്പ് താഴെ വെച്ചു. അവന്റെ മുഖം ഗൗരവമായി. “നോക്കൂ മീര, നമ്മൾ തമ്മിൽ ഒരു കണ്ടീഷൻ ഉണ്ടായിരുന്നു. വി ഡോണ്ട് ഓൺ ഈച്ച് അദർ. എനിക്ക് ആരോട് വേണമെങ്കിലും സംസാരിക്കാം, നിനക്കും അങ്ങനെ തന്നെ. ഇതിൽ ജലസി വന്നാൽ ഈ ബന്ധം ഇവിടെ വെച്ച് നിർത്തേണ്ടി വരും.”
ആ ഭീഷണിക്ക് മുന്നിൽ മീര തകർന്നുപോയി. അവനെ നഷ്ടപ്പെടുന്നതിനേക്കാൾ വലിയ വേദന മറ്റൊന്നുമില്ലെന്ന് അവൾക്ക് അറിയാമായിരുന്നു. “സോറി രാഹുൽ, ഞാൻ… ഞാൻ വെറുതെ ചോദിച്ചതാണ്.” അവൾ മാപ്പ് പറഞ്ഞു. ആ നിമിഷം മുതൽ അവൾ തന്റെ വികാരങ്ങളെ ഒരു കുപ്പിക്കുള്ളിലിട്ട് മൂടിക്കെട്ടി.
മാസങ്ങൾ കടന്നുപോയി. രാഹുലിന്റെ വീട്ടിൽ കല്യാണാലോചനകൾ സജീവമായി. മീരയോട് അവൻ അതെല്ലാം പങ്കുവെക്കുമായിരുന്നു.
“മീര, വീട്ടുകാർ ഒരു ആലോചന കൊണ്ടുവന്നിട്ടുണ്ട്. പെണ്ണ് കാണാൻ പോകണം. എന്ത് പറയുന്നു?”
മീരയുടെ കയ്യിലുണ്ടായിരുന്ന ചായക്കപ്പ് താഴെ വീണില്ലെന്നേയുള്ളൂ. ലോകം കറങ്ങുന്നതുപോലെ അവൾക്ക് തോന്നി. “അപ്പോ… അപ്പോ നമ്മളോ?” അവളുടെ നാവു കുഴഞ്ഞു.
“നമ്മൾ? നമ്മൾ എപ്പോഴും ബെസ്റ്റ് ഫ്രണ്ട്‌സ് ആയിരിക്കില്ലേ? ഇത് പണ്ടേ തീരുമാനിച്ചതല്ലേ മീര, വീട്ടുകാർ പറയുന്ന ആളെ കല്യാണം കഴിക്കുമെന്ന്? നീ എന്തിനാ ഇപ്പോൾ ഇങ്ങനെ നോക്കുന്നത്?”
“അല്ല… പെട്ടെന്നായതുകൊണ്ട് ഒരു വിഷമം,” അവൾ പണിപ്പെട്ട ചിരിച്ചു.
“വിഷമിക്കാൻ എന്തിരിക്കുന്നു? കല്യാണം കഴിഞ്ഞാലും നമ്മൾ കാണും. നമ്മൾ തമ്മിലുള്ള ആ പഴയ അടുപ്പം എനിക്ക് മിസ്സ് ചെയ്യും. പക്ഷേ ലൈഫ് മൂവ് ഓൺ ചെയ്യണമല്ലോ,” അവൻ അവളെ കെട്ടിപ്പിടിച്ചു.
അവന്റെ ആലിംഗനത്തിൽ അവൾക്ക് ശ്വാസം മുട്ടി. ഈ കെട്ടിപ്പിടുത്തത്തിൽ അവൾക്ക് പ്രണയമാണ് അനുഭവപ്പെടുന്നതെങ്കിൽ, അവന് അത് വെറുമൊരു ‘ഗുഡ്ബൈ’ മാത്രമായിരുന്നു.
ഹൃദയത്തിൽ ഒരു സൂചിമുന തറച്ചതുപോലെ അവൾക്ക് തോന്നി. എങ്കിലും മുഖത്ത് പുഞ്ചിരി വരുത്തി അവൾ പറഞ്ഞു, “കൊള്ളാമല്ലോ, ഫോട്ടോ ഉണ്ടോ?”
അവൻ കാണിച്ചു കൊടുത്ത ഫോട്ടോയിലെ പെൺകുട്ടിയുടെ ചിരി മീരയെ വേദനിപ്പിച്ചു. അവൾ സുന്ദരിയാണ്, രാഹുലിന് യോജിച്ചവൾ. പക്ഷേ, ആ പെൺകുട്ടിക്ക് രാഹുലിന്റെ ഇഷ്ടാനിഷ്ടങ്ങൾ അറിയുമോ? അവന് ഉറക്കത്തിൽ പിറുപിറുക്കുന്ന സ്വഭാവമുണ്ടെന്ന് അവൾക്കറിയാമോ? മീരയ്ക്ക് മാത്രം അറിയാവുന്ന രാഹുലിന്റെ രഹസ്യങ്ങൾ ഇനി മറ്റൊരാൾക്ക് പങ്കുവെക്കേണ്ടി വരുമെന്ന ചിന്ത അവളിൽ ശ്വാസം മുട്ടിച്ചു.
രാഹുലിന്റെ വിവാഹനിശ്ചയത്തിന് ഒരാഴ്ച ബാക്കിനിൽക്കെ, അവർ അവസാനമായി ഒരു രാത്രി ഒന്നിച്ചു ചെലവഴിച്ചു. പതിവിലും കൂടുതൽ അവൻ അവളെ ചേർത്തുപിടിച്ചു.
“നീ എന്താ മീര ഒന്നും മിണ്ടാത്തത്?”
“രാഹുൽ, നിനക്ക് അഞ്ജലിയെ പ്രണയിക്കാൻ കഴിയുമോ? നമ്മൾ ചെയ്തതുപോലെ അവളോടും നീ പെരുമാറുമോ?”
“മീര, അഞ്ജലി എന്റെ ഭാര്യയാകാൻ പോകുന്നവളാണ്. അവളോടുള്ള ബന്ധം വേറെയാണ്. അത് ഉത്തരവാദിത്തമാണ്. നിന്റെ കൂടെ എനിക്ക് ആ ഉത്തരവാദിത്തം ഇല്ലായിരുന്നു. അതുകൊണ്ടാണ് ഞാൻ ഇത് ഇത്രയും എൻജോയ് ചെയ്തത്.”
അവന്റെ വാക്കുകൾ ഒരു വാൾ പോലെ അവളുടെ ഹൃദയത്തെ കീറിമുറിച്ചു. താൻ അവന് വെറുമൊരു ‘ഉത്തരവാദിത്തമില്ലാത്ത സുഖം’ മാത്രമായിരുന്നു എന്ന് അവൾ അന്ന് തിരിച്ചറിഞ്ഞു. എങ്കിലും അവൾ അവനെ തടഞ്ഞില്ല. ‘എന്നെ പ്രണയിക്കാമോ’ എന്ന് അവൾ ചോദിച്ചില്ല.
“നീ എന്നെ മിസ്സ് ചെയ്യുമോ മീര?” അവൻ അവളുടെ കഴുത്തിൽ മുഖമമർത്തി ചോദിച്ചു.
മീര ഒന്നും പറഞ്ഞില്ല. അവളുടെ കണ്ണുകളിൽ നിന്നും അടർന്നുവീണ ഒരു തുള്ളി കണ്ണീർ അവന്റെ തോളിൽ പതിച്ചു. പക്ഷേ അവൻ അത് അറിഞ്ഞില്ല, അല്ലെങ്കിൽ അറിഞ്ഞതായി ഭാവിക്കാതെ അവൻ അവളെ പുണർന്നു. പ്രണയമില്ലാതെ ശരീരം പങ്കിടുന്നതിന്റെ പൊള്ളൽ മീര ആദ്യമായി അനുഭവിച്ചു.
“നിനക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ?” അവൻ വീണ്ടും ചോദിച്ചു.
അവളുടെ തൊണ്ടയിൽ ഒരു വലിയ ഗോളം തടഞ്ഞുനിന്നു. ‘എനിക്ക് നിന്നോട് പ്രണയമാണ് രാഹുൽ, നീ പോകരുത്’ എന്ന് വിളിച്ചുപറയാൻ അവളുടെ മനസ്സ് വെമ്പി. പക്ഷേ, ‘സിറ്റുവേഷൻഷിപ്പിന്റെ’ അലിഖിത നിയമങ്ങൾ അവളെ തടഞ്ഞു. “ഒന്നുമില്ല രാഹുൽ, നീ സന്തോഷമായിരിക്കുക,” അവൾ മന്ത്രിച്ചു.
നിശ്ചയത്തിന്റെ ദിവസം. രാഹുൽ പട്ടുസാരിയുടുത്ത ആ പെൺകുട്ടിയുടെ കൈകളിൽ മോതിരം അണിയിച്ചു. ആൾക്കൂട്ടത്തിനിടയിൽ മീര ഒരു അപ്രസക്തമായ മുഖമായി നിന്നു. എല്ലാവരും ചിരിക്കുന്നു, സന്തോഷിക്കുന്നു. രാഹുൽ ഇടയ്ക്കിടെ മീരയെ നോക്കുന്നുണ്ടായിരുന്നു. അവന്റെ കണ്ണുകളിൽ ഒരുതരം സങ്കടമുണ്ടോ എന്ന് അവൾ സംശയിച്ചു. പക്ഷേ അത് വെറും തോന്നലായിരിക്കാം.
ചടങ്ങുകൾക്ക് ശേഷം അവൻ അവളുടെ അരികിലെത്തി. “നീ വരാതിരുന്നാൽ എനിക്ക് വിഷമമാകുമായിരുന്നു.”
“നിന്റെ ജീവിതത്തിലെ വലിയൊരു കാര്യമല്ലേ, എങ്ങനെയുണ്ടാകും ഞാൻ വരാതിരിക്കുക?” അവൾ ഒരു സുഹൃത്തിന്റെ മാന്യതയോടെ മറുപടി നൽകി.
പിന്നീടുള്ള ദിവസങ്ങൾ മീരയ്ക്ക് നരകതുല്യമായിരുന്നു. ഓരോ തവണ ഫോൺ ബെല്ലടിക്കുമ്പോഴും അത് അവനാണെന്ന് കരുതി അവൾ ഓടി ചെല്ലും. പക്ഷേ രാഹുൽ തന്റെ പുതിയ ജീവിതത്തിന്റെ തിരക്കിലായിരുന്നു. ഇടയ്ക്ക് അയക്കുന്ന ‘ഹായ്’ മെസ്സേജുകളിൽ ഒതുങ്ങി ആ ബന്ധം.
വിവാഹം കഴിഞ്ഞു രാഹുൽ തന്റെ പുതിയ ജീവിതത്തിലേക്ക് ചേക്കേറി. സോഷ്യൽ മീഡിയയിൽ അവൻ അഞ്ജലിയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചു. “My World”, “Better Half” എന്നൊക്കെ അവൻ ക്യാപ്ഷൻ നൽകി.
മീര ഇന്നും ആ നഗരത്തിൽ തനിച്ചാണ്. അവൾ പ്രണയിച്ച രാഹുൽ ഇപ്പോഴും അവളുടെ ഹൃദയത്തിലുണ്ട്. പക്ഷേ, ആ പഴയ മെസ്സേജുകളും ഫോട്ടോകളും അവൾ ഡിലീറ്റ് ചെയ്തു.
സൗഹൃദത്തിന്റെ മറവിൽ തുടങ്ങിയ ആ ബന്ധം, പ്രണയമെന്ന പേരിന് അർഹമാകാതെ പോയ ഒരു വേദനയായി അവളിൽ അവശേഷിച്ചു. അവൻ എല്ലാം മറന്ന് പുതിയൊരു ജീവിതം തുടങ്ങിയപ്പോൾ, മീര മാത്രം പഴയ ആ ‘സിറ്റുവേഷനിൽ’ തന്നെ തടവിലാക്കപ്പെട്ടു.
ഒരിക്കലും തുറന്നു പറയാത്ത പ്രണയത്തിന് മരണമില്ലെന്ന് അവൾ തിരിച്ചറിഞ്ഞു. പക്ഷേ ആ പ്രണയം ഓരോ ദിവസവും അവളെ കാർന്നുതിന്നുകയായിരുന്നു. അവൾക്ക് അവനോട് പരാതികളില്ലായിരുന്നു, കാരണം അവൾ തന്നെയായിരുന്നു ഈ ബന്ധത്തിന് സമ്മതം മൂളിയത്. അവൾ ഇന്നും അവനെ പ്രണയിക്കുന്നു ഒരിക്കലും തിരിച്ചുകിട്ടില്ലെന്നറിഞ്ഞിട്ടും, ഒരിക്കലും ആരോടും പങ്കുവെക്കാൻ കഴിയാത്ത ഒരു വലിയ രഹസ്യമായി.
✍️ആമി
