പാതിരാത്രിയിലാണ്
ചിറ്റേ…. എനിക്കൊരു കാര്യം പറയണമെന്ന് പറഞ്ഞ് ചേച്ചിയുടെ മകൾ എന്നെ വിളിച്ചത്..
അവളെ പെറ്റത് ചേച്ചിയാണെങ്കിലും,
എന്റെ നെഞ്ചിലിട്ടാണ് ഞാനവളെ വളർത്തിയത്.
ചേച്ചിയുടെ ഹസ്ബൻഡ് നാട്ടിൽ ഇല്ലായിരുന്നു, അതുകൊണ്ട് ചേച്ചി ഭർത്താവിന്റെ വീട്ടിൽ അക്കാലത്തധികം നിന്നിട്ടില്ല.
കൂടുതലും ഇവിടെത്തന്നെയായിരുന്നു.
അതുകൊണ്ട് കിങ്ങിണി മോൾ ഞാനുമായി നല്ല കൂട്ടാണ്..
എന്താ മോളെ….എന്താ ഈ സമയത്ത് വിളിച്ചത്?? ഞാൻ വെപ്രാളത്തോടെ ചോദിച്ചു.
അവൾ മിണ്ടുന്നില്ല…
മോളെ….എന്താ …??
പെട്ടന്ന് ഒരേങ്ങലടി കേട്ടു.
അയ്യേ… ചിറ്റയുടെ മോൾ കരയുവാണോ??
നോക്ക്, മോൾക്ക് എന്ത് വിഷമമുണ്ടെങ്കിലും ചിറ്റ കൂടെയല്ലേ…
എനിക്ക് ഭയമാണ് ചിറ്റേ… അവൾ വിതുമ്പി.
എന്തിന്?? ആദ്യം മോള് കാര്യം പറ..
ചിറ്റ എന്നെ വഴക്ക് പറയും.
അമ്മയും അച്ഛനും അറിഞ്ഞാൽ എന്നെ
കൊ.. * ല്ലും.
ഒന്നുമില്ല… ആരൊക്കെ മോളെയെന്തൊക്കെ പറഞ്ഞാലും, ചിറ്റ കട്ടക്ക് കൂടെ നിൽക്കും. അത് പോരേ…??
അവൾ മറുപടിയൊന്നും പറയുന്നില്ല…
ചിറ്റക്ക് മോളെ എന്തിഷ്ട്ടമാണെന്നറിയോ…
അമ്പാടിയുടെ അത്രയും ചിറ്റ എന്നെ സ്നേഹിക്കുന്നുണ്ടോ??
ഉണ്ടല്ലോ…
അമ്പാടി സ്വന്തം മോനല്ലേ, അത്രേം എന്നേം ഇഷ്ട്ടാണോ??
പിന്നല്ലാതെ… എനിക്ക് ആദ്യം കിട്ടിയത് നിന്നെയല്ലേ… നീയെന്റെ ജീവനാ…
ഞാൻ… ഞാൻ മ.രിച്ചാൽ,ചിറ്റ എന്നെ ഓർക്കുമോ??
അത് കേട്ടതും ഞാൻ ഞെട്ടിപ്പോയി…
എന്നെ ഭയം വരിഞ്ഞു മുറുക്കി..
ഒരു പതിനഞ്ചുകാരി പെൺകൊച്ച് ചോദിക്കുന്നത് കേട്ടില്ലേ…
മോളെ…. ഈ ലോകത്തിൽ മോള് കഴിഞ്ഞേ ചിറ്റക്ക് ആരുമുള്ളൂ……എന്റെ കുഞ്ഞിന് എന്താ ഇത്ര വിഷമം…??
ഒന്നൂല്ല ചിറ്റേ…
അപ്പോൾ ആദ്യം എന്നോടെന്തോ പറയണമെന്ന് പറഞ്ഞതോ??
അത് ഞാൻ വെറുതെ പറഞ്ഞതാ….
അമ്മ എവിടെ??
മുറിയിലുണ്ട്.
മോൾ അമ്മയുടെ കൈയിൽ ഫോൺ കൊടുത്തേ…
ഉം… കിങ്ങിണി അമ്മയുടെ മുറിയുടെ മുന്നിലെത്തി.
വാതിൽ അടഞ്ഞാണ് കിടക്കുന്നത്.
അവർ ഉറങ്ങിയെന്ന് തോന്നുന്നു ചിറ്റേ…
മോളെ…. ഫോൺ മാറ്റി വച്ചിട്ട് മോൾ പോയി കിടന്നേ…. ചിറ്റ രാവിലെ അങ്ങോട്ട് വരാം.
എന്ത് വലിയ മല മറിക്കുന്ന പ്രശ്നങ്ങളായാലും,എന്റെ കിങ്ങിണിയുടെ കൂടെ ഈ ചിറ്റ കൂടെ ഉണ്ടാകും കേട്ടോ…
ഉം…
ചിറ്റേ…
എന്താടാ…
ഉമ്മ…….
അവളുടെ നനഞ്ഞ ശബ്ദം.
എനിക്ക് പെട്ടന്ന് നെഞ്ഞുകനത്തു..
അകാരണമായ ഒരുതരം ഭീതി എന്നെ വന്ന് പൊതിഞ്ഞു.
കാൾ കട്ട് ചെയ്തതും, ഞാനെന്റെ ഭർത്താവിനോട് കാര്യം പറഞ്ഞു.
കുഞ്ഞിനെ അമ്മയെ ഏൽപ്പിച്ചിട്ട് അപ്പോൾ തന്നെ ഞാനും അദ്ദേഹവും കൂടെ ചേച്ചിയുടെ വീട്ടിലേക്ക് ചെന്നു.
ഞങ്ങൾ ചെല്ലുമ്പോൾ ചേച്ചിയും ചേട്ടനും മോളുടെ വാതിലിൽ തട്ടി കരയുകയാണ്..
മോളെ വാതിൽ തുറക്ക്….
ഞാൻ ഒരു നിമിഷം സ്തംഭിച്ചു നിന്നു.
പിന്നെ വാതിലിന് നേർക്ക് കുതിച്ചു…
മോളെ…. ചിറ്റയാ… എന്റെ മോള് വാതിൽ തുറക്ക്….. മോളെ… തുറക്ക്..
പെട്ടന്നവൾ വാതിൽ തുറന്നു.
ഓടിവന്നെന്റെ മാറിൽ ചേർന്നു.
അവളുടെ ആകെയുലഞ്ഞ രൂപവും, കണ്ണുനീർ പടർന്ന മുഖവും, ഫാ.നിൽ തൂങ്ങികിടക്കുന്ന സാ.രിയും കണ്ടപ്പോൾ എനിക്കെന്റെ ഉള്ളം തകർന്നു..
എല്ലാ കുഞ്ഞുങ്ങളും ആദ്യം അമ്മേയെന്നോ അച്ഛാ എന്നോ വിളിക്കും, പക്ഷെ കിങ്ങിണി ആദ്യം വിളിച്ചത് ചിറ്റേ എന്നാണ്…
എനിക്ക് പിറന്നില്ലെന്നേയുള്ളൂ…. എന്റെ കുഞ്ഞാണിത്…
ആദ്യം രണ്ടെണ്ണം കൊടുക്കാനാണ് കൈ തരിച്ചത്.
പക്ഷെ, പാടില്ല. കുട്ടിയാണ്…
പാകമെത്താത്ത ഇളം മനസ്സാണ്…
ഞാനവളെ കെട്ടിപ്പിടിച്ചു…
നീയെന്തൊക്കെയാടീ ഈ കാണിക്കുന്നത് ഇതിനാണോ നിന്നെ ഞങ്ങൾ വളർത്തുന്നത്?? അവളുടെ അമ്മ കണ്ണുനീരോടെ ചോദിച്ചു.
മിണ്ടരുത്…. കുട്ടികളുടെ മാറ്റം പോലും നിങ്ങളറിയുന്നില്ലെങ്കിൽ, ഈ പ്രായത്തിൽ അവൾക്ക് നിങ്ങളോട് മറയ്ക്കാൻ എന്തെങ്കിലുമുണ്ടെങ്കിൽ അതിനർത്ഥം നിങ്ങൾ ഇവളെ ശ്രദ്ദികുന്നുപോലുമില്ല എന്നാണ്…
ഞാനവളെ ചേർത്തു പിടിച്ച്,മുറിയിൽ കയറി വാതിൽ അടച്ചു.
എന്താ…. എന്റെ കുഞ്ഞിന്റെ വിഷമം?? പറ..
ഞാനൊരു തെറ്റ് ചെയ്തു…. അവളുടെ സ്വരമിടറി..
എന്താ…..??
അവൾ മിണ്ടുന്നില്ല…
എക്സാമിന് വല്ലതും തോറ്റോ??
ഇല്ല..
പിന്നെന്താ വല്ല പ്രണയവും…??
ചിറ്റക്കറിയോ, അച്ഛനും അമ്മയ്ക്കും എന്നോട് ഒരു സ്നേഹവുമില്ല….
വീട് പണിയണം, കാശുണ്ടാക്കണം, ആഡംബരമായി ജീവിക്കണം എന്നുള്ള ചിന്ത മാത്രേ അവർക്കുള്ളൂ…
എന്റെ സ്കൂളിനടുത്തുള്ള ലിയോ എന്ന ചേട്ടൻ എന്നോട് ഇഷ്ട്ടാന്ന് പറഞ്ഞപ്പോൾ ഞാൻ വീണ് പോയി ചിറ്റേ…
എന്നോട് ആ ചേട്ടൻ ഒത്തിരി സ്നേഹം കാണിച്ചു.പക്ഷെ…
പക്ഷെ..??
ഒരൂസം എന്റെ കൈയിൽ ഒരു പൊതി തന്നു..
അത് വേറെ ഒരു ചേട്ടന്റെ കൈയിൽ കൊണ്ട് കൊടുക്കാൻ പറഞ്ഞു.
ഞാനതു നോക്കി..
അത് എന്തോ ല. * ഹ. രിയാണ് ചിറ്റേ…
ഞാൻ നടുങ്ങിപ്പോയി.
ഇപ്പോൾ പറയുവാ… അവൻ തരുന്ന സാധനങ്ങൾ, പറയുന്നവർക്ക് കൊണ്ട് കൊടുക്കണം ഇല്ലെങ്കിൽ…
ഇല്ലെങ്കിൽ…??
ഞാനാണ് ഇതൊക്കെ കൊണ്ടുവരുന്നതെന്നു സ്കൂളിൽ വന്ന് പറയുമെന്ന്… എന്റെ ഫോട്ടോയൊക്കെ അവന്റെ കൈയിൽ ഉണ്ട് അത് തെളിവായിട്ട് കാണിക്കും, പോലീസ് എന്നെ പിടിക്കുമെന്ന്…
എന്നിട്ട് മോൾ എന്ത് പറഞ്ഞു…??
ഞാൻ കൊണ്ട് കൊടുക്കാമെന്നു സമ്മതിച്ചു..
എനിക്ക് പേടിയാ ചിറ്റേ… എന്നെ പോലീസ് പിടിക്കുമോ?? …. ഞാൻ എന്ത് ചെയ്യും ചിറ്റേ…??
ഞാനവളെ കെട്ടിപ്പിടിച്ചു…
ചിറ്റ പറഞ്ഞില്ലേ…. മോൾ ഒന്നുകൊണ്ടും പേടിക്കണ്ട… ധൈര്യമായിട്ടിരിക്ക്.
ഈ കാര്യത്തിന് വേണ്ടി സ്വന്തം ജീ.വൻ കളയുന്നത് മണ്ടത്തരമല്ലേ മോളെ..
പരിഹാരമില്ലാത്ത ഒരു പ്രശ്നവും ഭൂമിയിൽ ഇല്ല . ചിറ്റയെ മോൾക്ക് വിശ്വാസമില്ലേ..??
ഉം…
എന്നാൽ കിടന്നുറങ്ങ്… എന്നിട്ട് നാളെ സ്കൂളിൽ പോ..
ബാക്കിയൊക്കെ ചിറ്റ നോക്കിക്കോളാം…
ഉം…
ഞാൻ പുറത്തേക്കിറങ്ങി.
എന്താ.. എന്താ അവളുടെ പ്രശ്നം…?? കിങ്ങിണിയുടെ അച്ഛനും അമ്മയും കണ്ണുനീരോടെ ചോദിച്ചു.
നിങ്ങൾ തന്നെ പ്രശ്നം… സ്വന്തം കുട്ടിക്ക് പരിഗണന കൊടുക്കാൻ നിങ്ങൾ മറന്നു.
അതുകൊണ്ട് അൽപ്പം പരിഗണനയും സ്നേഹവും കിട്ടിയപ്പോൾ അവൾ ആ വഴിക്ക് പോയി..
ഞാൻ കാര്യങ്ങൾ അവരോടു തുറന്ന് പറഞ്ഞു.
അവർ ഞെട്ടിപ്പോയി…
നമ്മുടെ കിഴക്കേലെ സഹദേവൻ ചേട്ടന്റെ മകനാണ് സ്ഥലം എസ്. ഐ.
നമുക്ക് അവനോട് കാര്യം പറയാം…കിങ്ങിണിയുടെ അച്ഛൻ പറഞ്ഞു.
ഇപ്പോൾ തന്നെ പോണം ഈ രാത്രിയിൽ..
കിങ്ങിണിയുടെ അച്ഛനും എന്റെ ഭർത്താവും കൂടെ അപ്പോൾ തന്നെ പുറപ്പെട്ടു.
കാര്യങ്ങൾ ധരിപ്പിച്ചു.
ഈ ചെറിയ കുട്ടികളെ ഭീഷണിപ്പെടുത്തി
ല. ഹ.രി കൈമാറ്റം ചെയ്യുന്നവരെ ആദ്യം പിടിക്കണം അവരെ കിട്ടിയാൽ, അതിന് പിന്നിലുള്ളവരെയും പിടികിട്ടും..
പിറ്റേന്ന് പതിവ് പോലെ കിങ്ങിണി സ്കൂളിൽ പോയി.
അവളുടെ അടുത്തേക്ക് ഒരു പയ്യൻ വരുന്നതും, സംസാരിക്കുന്നതും പോലീസ് വീക്ഷിക്കുന്നുണ്ടായിരുന്നു..
ഒറ്റ നോട്ടത്തിൽ തന്നെ അവനെ കണ്ടാൽ ത.ല്ലിപ്പൊളിയാണെന്നറിയാം..
പോലീസ് അവനെ പിടികൂടി…..
അവന്റെ പിന്നിലുള്ളവരെയും പിടികൂടി..
നഗരത്തിൽ ല.* ഹ.രിവേ.ട്ട എന്ന തലക്കെട്ടോടെ
പിറ്റേന്നത്തെ പത്രത്തിൽ അവരുടെ ഫോട്ടോയടക്കം കൊടുത്തിട്ടുണ്ടായിരുന്നു.
.
ഞാൻ കിങ്ങിണിയുടെ അടുത്തേക്ക് ചെന്നു.
ദാ… അവർ പറഞ്ഞത് പോലെ ചെയ്തിരുന്നെങ്കിൽ,
ഇതുപോലെ മോളുടെ ചിത്രവും പത്രത്തിൽ വന്നേനെ…..
ഇപ്പോൾ മോൾ പഠിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചാൽ മതി. പഠിച്ചു ജോലി ആകുമ്പോൾ, പറ്റിയ ഒരുത്തനെ കണ്ടാൽ പ്രേമിച്ചോ…. അന്ന് ചിറ്റകൂടെയുണ്ടാകും…
ഉം….
കിങ്ങിണിയുടെ തലകുനിഞ്ഞിരുന്നു.
എന്തായാലും വലിയ തെറ്റിലേക്ക് ചെന്ന് ചാടും മുൻപ് എന്റെ കിങ്ങിണിയെ രക്ഷിക്കാൻ കഴിഞ്ഞു..
ചുറ്റും കഴുകൻ കണ്ണുമായ് ചിലർ കാത്തിരിക്കുന്നുണ്ട്. കു.ട്ടികളാണ് അവരുടെ ഇര…..
പ്രണയത്തിന്റെ മുഖം മൂടിയണിഞ്ഞവർ നമ്മുടെ കു.ഞ്ഞുങ്ങളെ പാട്ടിലാക്കും….
കുട്ടികളെ സ്നേഹിക്കാൻ, അവരോടൊപ്പം സമയം ചിലവഴിക്കാൻ മാതാപിതാക്കൾ മറന്ന് പോകരുത്…. നിശ്ചിത സമയം മാത്രമേ കുട്ടികൾക്ക് ഫോൺ ഉപയോഗിക്കാൻ കൊടുക്കേണ്ടതുള്ളൂ
അല്ലെങ്കിൽ തന്നെ എന്തും തുറന്ന് പറയാനുള്ള സാഹചര്യമല്ലേ കുഞ്ഞുങ്ങൾക്ക് നാം ഒരുക്കേണ്ടത്…??
✍️Anju Thankachan
