കല്യാണ സാരി ബ്ലേഡിന് പലയിടങ്ങളിലായി കീറി വച്ചിരിക്കുന്നത് കണ്ട് ഞാൻ ആകെ സ്തംഭിച്ചു പോയി. ഏഴായിരം രൂപ വില വരുന്ന സോഫ്റ്റ്‌സിൽക്കിന്റെ….

കല്യാണ സാരി ബ്ലേഡിന് പലയിടങ്ങളിലായി കീറി വച്ചിരിക്കുന്നത് കണ്ട് ഞാൻ ആകെ സ്തംഭിച്ചു പോയി.

ഏഴായിരം രൂപ വില വരുന്ന സോഫ്റ്റ്‌സിൽക്കിന്റെ വിവാഹപുടവയായിരുന്നു ഞാൻ ഉടുത്തിരുന്നത്.

കൂവപ്പൂക്കളുടെ നിറത്തിനോടും ഗന്ധത്തിനോടുമുള്ള ഇഷ്ടം പണ്ടേ ഉള്ളതാണ്. അതുകൊണ്ട് കൂവപ്പൂവിന്റെ നിറമുള്ള സാരിയാണ് വാങ്ങിയത്…

എന്റേതായിട്ടുള്ള എല്ലാത്തിനോടും അടങ്ങാത്ത ഇഷ്ട്ടം സൂക്ഷിക്കുന്ന എനിക്ക്,
എന്റെ സാരി കീറിയത് സഹിക്കാനായില്ല.

വിവാഹം കഴിഞ്ഞിട്ട് വെറും രണ്ടു മാസമേ ആയിട്ടുള്ളൂ….

മാത്രമല്ല.. എന്റെ മാതാപിതാക്കൾ
എന്റെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിൽ ഉടുക്കാനായി, അവരുടെ കഷ്ടപ്പാടിന്റെ പങ്ക് കൊണ്ട് വാങ്ങിയ സാരിയാണത്.

അവരവരുടെ ഇഷ്ടങ്ങളെയൊക്കെ മറന്നിട്ട് മക്കളുടെ ഇഷ്ടങ്ങൾക്കായി ജീവിക്കുന്ന സാധാരണക്കാരായിരുന്നു എന്റെ മാതാപിതാക്കൾ.

ഏഴായിരം രൂപ ഉണ്ടാക്കാൻ അവർ എത്ര കഷ്ടപ്പെടണമെന്നോ.
അതാണ് ഇങ്ങനെ കീറിപ്പറിച്ചു വച്ചിരിക്കുന്നത്.

ഈ പുതിയ കാലത്തിൽ ഇങ്ങനൊക്കെ ചെയ്യുന്നവരാണ് ഭർത്താവ് കിരണിന്റെ വീട്ടുകാർ എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല..

ഞാനതുമായി കിരണിന്റെ അടുത്ത് ചെന്നു.

ഇത് കണ്ടോ, കീറി വച്ചിരിക്കുന്നത്??

ആര്…??

നിങ്ങളുടെ വീട്ടുകാർ തന്നെ…

എന്തിന്.??

അതെനിക്കെങ്ങനെയറിയാം??
ഒരു കാര്യം മാത്രം ഞാൻ പറയാം.
ആരെന്ത് ചെയ്താലും മിണ്ടാതെ കേട്ട് നിന്ന്, പുണ്യവതിയായ മരുമകളാകാനൊന്നും
എന്നെ കിട്ടില്ല.

അതേ…. ഇങ്ങനൊരു ചടങ്ങുണ്ട്.
എന്റെ വിവാഹസാരിയുംഎന്റെ അമ്മായിയമ്മ ഇങ്ങനെ കീറിയിരുന്നു.
അമ്മ അങ്ങോട്ട് കടന്ന് വന്നു.

എന്തിന്??

ഇനി മറ്റൊരു വിവാഹം നടക്കാതിരിക്കാനായി ചെയ്യുന്നതാണിങ്ങനെ..അതുകൊണ്ടാണ് ഞാനും നിന്റെ സാരി കീറിയത്.

നിങ്ങൾക്കൊക്കെ ഭ്രാ.ന്തുണ്ടോ??
നിങ്ങളൊക്കെ പിന്നോട്ടാണോ നടക്കുന്നത്??

വിവാഹബന്ധം നല്ല രീതിയിൽ മുന്നോട്ടു പോകുന്നില്ലെങ്കിൽ അത് അവസാനിപ്പിക്കുന്നത് തന്നെയല്ലേ നല്ലത്.
അല്ലാതെ കടിച്ചു തൂങ്ങിക്കിടന്നവസാനം വരെ വേദനിക്കാനുള്ളതാണോ
മനുഷ്യന്റെ ജീവിതം?? സാരി കീറിയാൽ വേറെ വിവാഹം കഴിക്കില്ല പോലും.

പറ്റില്ലാത്ത ബന്ധങ്ങളിൽ നിന്നും ഇറങ്ങിനടക്കാൻ ഏവർക്കും സ്വാതന്ത്രമുണ്ട്…
ഞാൻ ആദ്യമായി കേൾക്കുകയാണ് ഇതൊക്കെ. എന്റെ അമ്മയുടെ വിവാഹ സാരിയൊക്കെ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ടല്ലോ…

ആഹ്….ഇനി അതിനെചൊല്ലി ഒരു വഴക്കിവിടെ വേണ്ടാ. കിരൺ പറഞ്ഞു.

അതിനാര് വഴക്കുണ്ടാക്കി??
എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു.
ഈ സാരിയുടെ വില ഏഴായിരം രൂപയാണ്.
എനിക്കിപ്പോൾ തന്നെ അമ്മയാ പണം തരണം.

എന്റെ കൈയിൽ എവിടെയാ അത്രയും പണം?? അമ്മ കൈ മലർത്തി..

അതൊന്നും എനിക്കറിയണ്ട… എനിക്കിപ്പോൾ തന്നെ പണം കിട്ടണം.

ഓഹ്… ഇതിനെ എവിടെനിന്നു കിട്ടിയെടാ…?? ഇതീ കുടുംബം മുടിക്കാൻ കയറി വന്നതാ…
അമ്മ കിരണിനോട് ദേഷ്യപ്പെട്ടു..

നിങ്ങളുടെ അന്തവി.ശ്വാ.സങ്ങൾക്ക് കൂട്ട് നിൽക്കാൻ എനിക്കാവില്ല. എനിക്ക് പണം ഇപ്പോൾ തന്നെ കിട്ടണം…

അമ്മ ദേഷ്യത്തോടെ അകത്തേക്ക് പോയി.
പണം എടുത്തു കൊണ്ട് വന്നു.

ഞാനതു വാങ്ങി.

അമ്മേ… ഒരു കുടുംബം ആകുമ്പോൾ ഒത്തൊരുമയോടെ മുന്നോട്ട് പോകണം. എന്ന് വച്ച് എന്റെ കാര്യങ്ങളിൽ എന്നേക്കാൾ കൂടുതലായി ആരും ഉത്തരവാദിത്തം കാണിക്കണ്ട.
മറ്റൊരാളുടെ കാര്യങ്ങളിൽ എന്തിന് വെറുതെ തലയിടണം…??

നിനക്ക് അ.ടിയൊന്നും ആയിട്ടില്ലെടാ, വടി എടുക്കാൻ പോയിട്ടേയുള്ളൂ… ഇത്രേം തന്റേടം പിടിച്ച പെണ്ണിനെ മാത്രേ നിനക്ക് കിട്ടിയുള്ളല്ലോ, അനുഭവിച്ചോ.
അമ്മ കിരണിനെ നോക്കി ദേഷ്യപ്പെട്ടുകൊണ്ട് മുറിയിലേക്ക് പോയി.

എന്തായാലും എന്റെ കാര്യങ്ങളിൽ അനാവശ്യമായ കൈകടത്തലുകൾ ഞാൻ അനുവദിക്കില്ല. ഇനി എന്തായാലും ഇത്തരം കാര്യങ്ങൾ എന്നോട് ചെയ്യും മുൻപ് ഒന്ന് ആലോചിക്കും അതുമതി.

കിരൺ എന്നെ നോക്കി ചിരിച്ചു.
അമ്മ പറഞ്ഞത് നേരാണോ ??

അതേയല്ലോ ഞാനിത്തിരി തന്റേടിയാ… ഞാനും ചിരിച്ചു.

അമ്മയോട് തനിക്ക് ദേഷ്യമുണ്ടോ??

ഒട്ടുമില്ല… പഴയ മനുഷ്യർ ഒരുപാട് വിശ്വാസങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരാണ്, ആ വിശ്വാസങ്ങളെ പൂർണ്ണമായും മാറ്റാനൊന്നും പറ്റില്ല…

ഞാൻ വേറെ ഒരിടത്തും ഇങ്ങനെ കേട്ടിട്ടില്ല…

ഇത് എന്നെ ഒന്ന് വേദനിപ്പിക്കാൻ വേണ്ടി ചെയ്തതാകും. കാലമെത്ര മാറിയാലും ചിലർക്ക് മാറാൻ പറ്റില്ല എന്ന് ഇപ്പോൾ മനസ്സിലായില്ലേ…ഇത്രനാൾ അവരുടേത് മാത്രമായിരുന്ന ഒരു വീട്ടിലേക്ക് പുതിയൊരാൾ വരുമ്പോൾ മനസ്സ് കൊണ്ട് അംഗീകരിക്കാൻ കുറച്ചു താമസം വരും.
ഇവിടുത്തെ അമ്മയുടെ അമ്മായിയമ്മ,മരുമകളെ ഇഷ്ടമില്ലാത്തതിനാൽ അവരെ വേദനിപ്പിക്കാനായി ഇങ്ങനെ സാരി കീറിയിരിക്കാം. പിടിക്കപ്പെട്ടപ്പോൾ ഇങ്ങനൊരു കള്ളവും പറഞ്ഞിരിക്കാം… അതിന്റെ ബാക്കിയാണ് ഇപ്പോഴും ഈ കാണുന്നത്.
വിശ്വാസങ്ങളെല്ലാം അങ്ങനെതന്നെയാണ്…

ഓഹോ… താൻ അവിശ്വാസിയാണല്ലെ…??

വിശ്വാസങ്ങൾ അവനവന്റെ മാത്രം സ്വകാര്യതയാണ്. അതൊന്നും മറ്റൊരാളിൽ അടിച്ചേൽപ്പിക്കാൻ നോക്കരുത് കിരൺ.

ഞാൻ വെറും മനുഷ്യ സ്ത്രീ മാത്രം.
സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും, ചോദ്യം ചെയ്യാനും,
ദാ… ഇതുപോലെ കാര്യമില്ലാത്ത കാര്യങ്ങൾക്ക് ചുട്ട മറുപടി കൊടുക്കാനും പ്രാപ്തയായ സ്ത്രീ…

കിരണിന്റെ മുഖത്തൊരു ചിരി വിരിഞ്ഞു.

അല്ലെങ്കിലും… പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കാതെ, മൗനമായി നിന്ന് കണ്ണുനീരൊഴുക്കി സ്വയം വേദനിക്കുന്ന സ്ത്രീകൾ തോറ്റ ചരിത്രമേയുള്ളൂ…
അവനവന് വേണ്ടി സംസാരിക്കാൻ അവനവൻ മാത്രമേയുള്ളൂ….

സ്വാതന്ത്രത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ കഴിയുകയെന്നത് തന്നെയാണ് ഏറ്റം മികച്ച കാര്യം…

✍️Anju Thankachan

Leave a Reply

Your email address will not be published. Required fields are marked *