“” ജോലിക്കാരി ജോലിക്കാരിയുടെ സ്ഥാനത്ത് നിന്നാൽ മതി, അല്ലെങ്കിലും നീയൊക്കെ എന്തിനും മടിക്കാത്ത കൂട്ടം ആണെന്ന് എനിക്ക് അറിയാമെടി!””
ലേഖയോട് ആനന്ദ് അത് പറഞ്ഞതും അവളുടെ മുഖം ആകെ മാറി…
ആനന്ദിന്റെ ജീവിതം പെട്ടെന്നാണ് ഇരുണ്ടതായത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ഭാമ, വെറും ഒരു വയസ്സു മാത്രം പ്രായമുള്ള മകളെയും അവനെയും ഉപേക്ഷിച്ച് മറ്റൊരുത്തന്റെ കൂടെ ഇറങ്ങിപ്പോയി.
അത് ആനന്ദിന് ഉണ്ടാക്കിയ ആഘാതം ചെറുതായിരുന്നില്ല. സ്നേഹിച്ച ഭാര്യയിൽ നിന്ന് കിട്ടിയ വഞ്ചന അവനെ പാടെ മാറ്റിമറിച്ചു.
പെണ്ണുങ്ങളോടൊക്കെയുള്ള അവന്റെ കാഴ്ചപ്പാട് തന്നെ മാറി. ലോകത്തുള്ള എല്ലാ പെണ്ണുങ്ങളും വഞ്ചകികളാണ്, സ്വാർത്ഥരാണ് എന്ന ചിന്ത അവന്റെ മനസ്സിൽ ഉറച്ചുപോയി.
ആ ദേഷ്യവും വിഷമവും കൊണ്ട് അവൻ സ്വന്തം വീട്ടുകാരെപ്പോലും അകറ്റി നിർത്തി.
ആരും അവന്റെ അടുത്തേക്ക് വരുന്നത് അവന് ഇഷ്ടമല്ലായിരുന്നു. ആരുടെയും സഹതാപമോ സഹായമോ അവന് വേണ്ടായിരുന്നു.
മറ്റൊരു വിവാഹം കഴിക്കാനും മറ്റും പറഞ്ഞ് ഉപദേശിച്ച സ്വന്തം അമ്മയെപ്പോലും അവൻ വീട്ടിലേക്ക് അടുപ്പിച്ചില്ല.
പെണ്ണുങ്ങളുടെ മുഖം കാണുന്നത് തന്നെ അവന് ദേഷ്യമുണ്ടാക്കി. വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ അവൻ ഒതുങ്ങിക്കൂടി.
പക്ഷേ, ജീവിതം അത്ര എളുപ്പമായിരുന്നില്ല. ഒപ്പമുള്ളത് ഒരു വയസ്സുമാത്രം പ്രായമുള്ള കുഞ്ഞാണ്, മണിക്കുട്ടി.
അതിരാവിലെ എഴുന്നേറ്റ് കുഞ്ഞിന് പാൽ കൊടുക്കണം, കുളിപ്പിക്കണം, അവൾ കരയുമ്പോൾ താലോലിക്കണം, ഒപ്പം ജോലിക്കും പോകണം.
ഒറ്റയ്ക്ക് ഇതെല്ലാം ചെയ്തുതീർക്കാൻ അവൻ വല്ലാതെ കഷ്ടപ്പെട്ടു.
മണിക്കുട്ടിക്ക് വിശന്ന് കരയുമ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ അവൻ തളർന്നുപോയി.
കുഞ്ഞിനു വേണ്ടി കുറെ ലീവ് എടുത്തു.. ഇനിയും ലീവ് എടുത്തിരുന്നാൽ സ്വന്തം ജോലി പോലും നഷ്ടപ്പെടും എന്ന അവസ്ഥയായി.
ഒടുവിൽ, വേറെ വഴിയില്ലാതെ കുഞ്ഞിനെ നോക്കാൻ ഒരു ജോലിക്കാരിയെ വെക്കാൻ അവൻ നിർബന്ധിതനായി.
അങ്ങനെയാണ് ലേഖ ആ വീട്ടിലേക്ക് വരുന്നത്. പാവപ്പെട്ട ഒരു കുടുംബത്തിലെ പെൺകുട്ടിയായിരുന്നു ലേഖ.
കാര്യങ്ങളെല്ലാം വൃത്തിയായി ചെയ്യുന്ന, ശാന്തസ്വഭാവക്കാരി. എന്നാൽ ആദ്യ ദിവസങ്ങളിൽ ആനന്ദ് അവളോട് വളരെ മോശമായാണ് പെരുമാറിയത്.
പെണ്ണുങ്ങളോടുള്ള അവന്റെ ദേഷ്യം മുഴുവൻ അവൻ ലേഖയോട് കാണിച്ചു.
കുഞ്ഞിന്റെ കാര്യത്തിൽ ലേഖ എന്തോ ഒരു സജഷൻ പറഞ്ഞത് അവന് ഒട്ടും ഇഷ്ടപ്പെട്ടില്ല
അതുകൊണ്ട് ആനന്ദ് അവളോട് കർശനമായി പറഞ്ഞു.
”നിനക്ക് ഈ വീട്ടിൽ കുഞ്ഞിനെ നോക്കുന്ന ജോലി മാത്രമാണ്. എന്നോട് കൂടുതൽ സംസാരമൊന്നും വേണ്ട. കുഞ്ഞിന് ഒരു കുറവും വരരുത്. അത്ര മാത്രം എനിക്ക് മതി.”
ലേഖ ഒന്നും മിണ്ടിയില്ല. അവൻ പറഞ്ഞതെല്ലാം നിശബ്ദമായി തലയാട്ടി സമ്മതിച്ചു.
അവൾക്ക് അവന്റെ അവസ്ഥ മനസ്സിലാകുന്നുണ്ടായിരുന്നു.
അവിടെ നിന്നും ഇവിടെ നിന്നും ഒക്കെ ആയി അവൾ ആനന്ദിന്റെ ജീവിതത്തിൽ സംഭവിച്ചത് എന്താണെന്ന് അറിഞ്ഞിരുന്നു.
അവൾക്ക് ആനന്ദിനോട് സഹതാപം മാത്രമായിരുന്നു..
ഇങ്ങനെയൊക്കെ അവൻ പെരുമാറുന്നതിന്റെ പിന്നിലെ കാരണം അവൾക്ക് ഊഹിക്കാമായിരുന്നു..
മണിക്കുട്ടിയെ ലേഖ സ്വന്തം കുഞ്ഞിനെപ്പോലെ നോക്കാൻ തുടങ്ങി.
കുഞ്ഞിന് കൃത്യസമയത്ത് ആഹാരം കൊടുക്കാനും അവളെ കളിപ്പിക്കാനും ഉറക്കാനും ലേഖ പ്രത്യേകം ശ്രദ്ധിച്ചു.
കുഞ്ഞിന്റെ ചിരി ആ വീട്ടിൽ വീണ്ടും കേട്ടുതുടങ്ങി. ആനന്ദ് ജോലി കഴിഞ്ഞു വരുമ്പോൾ കുഞ്ഞ് വൃത്തിയായി ഉറങ്ങുന്നുണ്ടാകും,
അല്ലെങ്കിൽ സമാധാനത്തോടെ കളിക്കുന്നുണ്ടാകും. അത് കാണുമ്പോൾ തന്നെ ആനന്ദിന് വലിയ ആശ്വാസം തോന്നി..
എങ്കിലും ആനന്ദ് ലേഖയോട് നന്ദിയോടെ ഒരു വാക്ക് പോലും പറഞ്ഞില്ല. അവൻ അവളോട് എപ്പോഴും ദേഷ്യത്തോടെയും സംശയത്തോടെയുമാണ് സംസാരിച്ചത്.
ഒരു ദിവസം ആനന്ദ് ഓഫീസിൽ നിന്ന് നേരത്തെ വന്നപ്പോൾ കണ്ടത് ലേഖ മണിക്കുട്ടിയെ മടിയിൽ വെച്ച് ഉറക്കാൻ പാട്ടുപാടുന്നതാണ്.
ഒരു അമ്മയെ പോലെ അവൾ തന്റെ കുഞ്ഞിനെ ലാളിക്കുന്നത് ആനന്ദ് കണ്ടു
അവൻ വാതിലിനു അടുത്ത് നിന്ന് അത് കുറച്ചുനേരം നോക്കിനിന്നു.
ആ കാഴ്ചയിൽ അവന്റെ ഹൃദയം ആർദ്രമായി..
പക്ഷെ, അവൻ പെട്ടെന്ന് തന്നെ അവന്റെ മനസ്സിനെ കടുപ്പിച്ചു.
‘ഇതെല്ലാം കാപട്യമാണ്, എല്ലാ പെണ്ണുങ്ങളും അഭിനയിക്കുകയാണ്’ എന്ന് അവൻ സ്വയം പറഞ്ഞു.
ആനന്ദ് അവളോട് ദേഷ്യപ്പെട്ടു, “അവളെ ഉറക്കി താഴെ കിടത്ത്. അധികം ലാളിച്ചു വശത്താക്കേണ്ട…
നിന്റെ ടൈം കഴിയുമ്പോൾ ഇവിടെ നിന്ന് ഇറങ്ങാൻ ഉള്ളതാണ്.” അത് കേട്ടതും.
ലേഖ വിഷമത്തോടെ കുഞ്ഞിനെ തൊട്ടിലിൽ കിടത്തി പുറത്തുപോയി.
എങ്കിലും അവൾക്ക് അവനോട് ദേഷ്യം തോന്നിയില്ല. മുറിവേറ്റ ഒരു മനസ്സിന്റെ പ്രവർത്തികൾ ആണ് ഇതെല്ലാം എന്ന് അവൾക്ക് അറിയാമായിരുന്നു.
ദിവസങ്ങൾ കടന്നുപോയി. ലേഖയുടെ സാന്നിധ്യം ആ വീട്ടിൽ ഒരു വലിയ ആശ്വാസമായി മാറി.
ആനന്ദ് എത്ര ദേഷ്യപ്പെട്ടാലും അവൾ ശാന്തമായി മറുപടി നൽകി. അവന്റെ ദേഷ്യത്തിന് മുന്നിൽ അവൾ ഒരിക്കലും തിരിച്ചു തർക്കിച്ചില്ല.
ആ വീട്ടിലെ ഓരോ കാര്യങ്ങളും അവൾ കൃത്യമായി നോക്കിനടത്തി. അവൻ ചോദിക്കാതെ തന്നെ അവന് കുടിക്കാൻ ചൂടുവെള്ളവും ഭക്ഷണവും എടുത്തുവെച്ചു.
ആദ്യമൊക്കെ എതിർത്തെങ്കിലും പിന്നീട് ആനന്ദ് അതിനെല്ലാം നേരെ കണ്ണടച്ചു.
പതിയെ പതിയെ ആനന്ദിന്റെ മനസ്സിലെ ദേഷ്യത്തിന്റെ കനം കുറയാൻ തുടങ്ങി.
അവൻ അത് പുറത്തു കാണിച്ചില്ലെങ്കിലും, ലേഖ ഒരു നല്ല പെൺകുട്ടിയാണെന്ന് അവന്റെ മനസ്സ് അംഗീകരിച്ചു തുടങ്ങി.
അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി പെട്ടെന്നാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ആനന്ദിന് കടുത്ത പനി വന്നു. അവൻ റൂമിൽ ബോധമില്ലാതെ കിടക്കുകയായിരുന്നു.
മണിക്കുട്ടി കരയുന്ന ശബ്ദം കേട്ടാണ് താഴെ ഉറങ്ങുകയായിരുന്ന ലേഖ മുകളിലേക്ക് വന്നത്.
നോക്കുമ്പോൾ ആനന്ദ് കടുത്ത പനി കാരണം വിറച്ചു കിടക്കുന്നു. മേലാസകലം ചൂടാണ്.
ആനന്ദ് എഴുന്നേൽക്കാൻ പോലും വയ്യാതെ കിടക്കുകയായിരുന്നു.
ലേഖ ഒട്ടും ഭയന്നില്ല.
അവൾ പെട്ടെന്ന് തന്നെ മണിക്കുട്ടിയെ എടുത്ത് ഉറക്കി കിടത്തി. ശേഷം തണുത്ത വെള്ളത്തിൽ തുണി മുക്കി ആനന്ദിന്റെ നെറ്റിയിൽ ഇട്ടുകൊടുത്തു.
അവൻ ഇടയ്ക്ക് ബോധമില്ലാതെ വെള്ളം ചോദിച്ചപ്പോൾ അവൾ അവന് വെള്ളം കൊടുത്തു.
രാത്രി മുഴുവൻ ഉറങ്ങാതെ അവൾ അവൻറെ അടുത്തിരുന്ന് പരിചരിച്ചു. ഇടയ്ക്കിടെ നെറ്റിയിലെ തുണി മാറ്റി നനച്ചിട്ടു.
രാവിലെ സൂര്യൻ ഉയർന്നപ്പോഴാണ് ആനന്ദിന് കുറച്ച് ബോധം വന്നത്.
അവൻ കണ്ണ് തുറന്നു നോക്കുമ്പോൾ കണ്ടത് തന്റെ കട്ടിലിനടുത്ത് തറയിലിരുന്ന് ഉറക്കം തൂങ്ങുന്ന ലേഖയെയാണ്.
അവന്റെ നെറ്റിയിൽ നനഞ്ഞ തുണിയുണ്ടായിരുന്നു. അടുത്ത് ചുക്ക് കാപ്പിയും വെള്ളവും ഇരിപ്പുണ്ടായിരുന്നു.
അവൻ ജനലിലൂടെ പുറത്തേക്ക് നോക്കി, രാത്രി മുഴുവൻ അവൾ തന്നെ നോക്കിയിരിക്കുകയായിരുന്നു എന്ന് അവന് മനസ്സിലായി.
അവൻ പതിയെ വിളിച്ചു, “ലേഖ…”
ലേഖ പെട്ടെന്ന് ഞെട്ടിയുണർന്നു.
“അയ്യോ, സാറ് ഉണർന്നോ??ഇപ്പോഴെങ്ങനെയുണ്ട്? പനി കുറവുണ്ടോ? ഞാൻ ചൂടുവെള്ളം എടുക്കാം.” അവൾ വ്യാകുലതയോടെ ചോദിച്ചു.
ആനന്ദ് അവളെത്തന്നെ നോക്കിനിന്നു. യാതൊരു സ്വാർത്ഥതയുമില്ലാതെ, രാത്രി മുഴുവൻ ഉറങ്ങാതെ തന്നെ നോക്കിയ ആ പെൺകുട്ടിയെ അവൻ പുതിയൊരു കണ്ണുകളോടെ കണ്ടു.
”നീ രാത്രി മുഴുവൻ ഉറങ്ങിയില്ലേ?” അവൻ പതുക്കെ ചോദിച്ചു.
”ഏയ്, അതൊന്നും സാരമില്ല. സാറിന് പനി കടുത്തിരുന്നു. എന്നെക്കൊണ്ട് എന്താ ചെയ്യാൻ പറ്റുക എനിക്ക് എനിക്ക് ആകെ പേടിയായി.
ആകെക്കൂടി എനിക്ക് ചെയ്യാൻ അറിയുന്ന കാര്യങ്ങൾ ഒക്കെ ചെയ്തു ഇടയ്ക്ക് സാറിന്റെ ദേഹം വെള്ളം മുക്കി തുടക്കുന്നുണ്ടായിരുന്നു
അതിനാണ് ഞാൻ ഇവിടെ ഇരുന്നത്,”
അവൾ വളരെ ലളിതമായി പറഞ്ഞു..
താൻ ചെയ്തത് അവന് ഇഷ്ടപ്പെടില്ലേ എന്നൊരു ഭയം അവൾക്ക് ഉണ്ടായിരുന്നു.
എന്നാൽ ആനന്ദ് ഒന്നും മിണ്ടിയില്ല.
അന്ന് ആനന്ദിന്റെ മനസ്സിൽ വലിയൊരു മാറ്റം തുടങ്ങി.
‘എല്ലാ പെണ്ണുങ്ങളും ഒരുപോലെയല്ല’ എന്ന ചിന്ത അവന്റെ മനസ്സിൽ ആദ്യമായി വന്നു. എങ്കിലും തന്റെ പഴയ അനുഭവങ്ങൾ കാരണം അവൻ പൂർണ്ണമായും അവളെ വിശ്വസിക്കാൻ തയ്യാറായിരുന്നില്ല.
കുറച്ചു ദിവസങ്ങൾക്ക് ശേഷം അതിനേക്കാൾ വലിയൊരു സംഭവം നടന്നു.
മണിക്കുട്ടിയുടെ പിറന്നാൾ ദിവസം അവളെയും കൊണ്ട് ആനന്ദ് അമ്പലത്തിലേക്ക് പോയി.. കൂടെ ലേഖയെയും കൂട്ടി..
ആനന്ദിനെയും മണിക്കുട്ടിയെയും അവിടെ നിർത്തി അവൾ എന്തൊക്കെയോ വഴിപാടുകൾ കഴിക്കാനായി പോയി.
അന്നേരം ആണ് ആനന്ദിന് ഒരു ഫോൺ വന്നത് മണിക്കുട്ടി നിലത്ത് ഓടി കളിക്കുകയായിരുന്നു.
ആനന്ദ് ഫോണിൽ സംസാരിച്ചപ്പോൾ ശ്രദ്ധ മുഴുവൻ അതിലേക്ക് ആയിരുന്നു.. കുഞ്ഞ് ഗേറ്റിന് വെളിയിലേക്ക് കടക്കുന്നതും റോഡിന് അരികിൽ എത്തിയതും ഒന്നും ആനന്ദ് ശ്രദ്ധിച്ചില്ല.
എന്നാൽ വഴിപാട് കഴിച്ച് വന്ന ലേഖ കുഞ്ഞിനെ അവിടെ കാണാത്തതു കാരണം അവിടെയെല്ലാം അന്വേഷിച്ചു പെട്ടെന്നാണ് റോഡിലേക്ക് പോകുന്ന കുഞ്ഞിനെ അവൾ കണ്ടത്..
ഒരു ലോറി ചീറിപ്പാഞ്ഞ് വരുന്നുണ്ടായിരുന്നു അത് കണ്ടതും സ്വന്തം ജീവൻ വകവയ്ക്കാതെ അവൾ ഓടി കുഞ്ഞിനെ പിടിച്ചു മാറ്റി
ഇത് കണ്ടിട്ടാണ് ആനന്ദ് അവിടേക്ക് നോക്കിയത്..
”ലേഖാ… എന്റെ കുഞ്ഞ് !” ആനന്ദ് നിലവിളിച്ചു.
കുഞ്ഞിനെ വലിച്ചു മാറ്റിയപ്പോഴേക്ക് അവളെ ലോറി ഇടിച്ചു തെറിപ്പിച്ചിരുന്നു.
അടുത്തുള്ള പുല്ലൻ കൂട്ടത്തിലേക്ക് വീണതുകൊണ്ട് വലിയ പരിക്കുകൾ ഇല്ലാതെ അവളും രക്ഷപ്പെട്ടു..
ആനന്ദ് തരിച്ചുനിന്നുപോയി. സ്വന്തം ജീവൻ പോലും നോക്കാതെ, തനിക്ക് വേണ്ടി, തന്റെ കുഞ്ഞിന് വേണ്ടി ജീവൻ പോലും കളയാൻ മടിക്കാത്ത ഈ പെൺകുട്ടിയെ അവൻ അത്ഭുതത്തോടെ നോക്കി.
അവന്റെ കണ്ണുകളിൽ നിന്ന് വെള്ളം ചാടി.
അവൻ അവളെ ആശുപത്രിയിൽ എത്തിച്ചു. മുറിവുകൾ വെച്ചുകെട്ടി വീട്ടിൽ തിരിച്ചെത്തിച്ചപ്പോൾ അവൻ അവളുടെ മുന്നിൽ കൈകൂപ്പി നിന്നു.
”ലേഖേ… എന്നോട് ക്ഷമിക്കണം. ഞാൻ നിന്നെ ഒരുപാട് തെറ്റിദ്ധരിച്ചു. പെണ്ണുങ്ങളെയെല്ലാം ഞാൻ വെറുത്തു.
എല്ലാവരും വഞ്ചകികളാണെന്ന് കരുതി. എന്നാൽ സ്നേഹിക്കാൻ മാത്രം അറിയുന്ന, മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ജീവൻ പോലും കൊടുക്കാൻ മടിക്കാത്ത സ്ത്രീകളും ഉണ്ടെന്ന് നീ എനിക്ക് കാണിച്ചുതന്നു.
എന്റെ കണ്ണുകൾ തുറപ്പിച്ചത് നീയാണ്.” ആനന്ദിന്റെ ശബ്ദം ഇടറി.
ലേഖ കണ്ണുനീരോടെ പുഞ്ചിരിച്ചു. “സാർ ഒരാൾ ചെയ്ത തെറ്റിന് ലോകത്തുള്ള എല്ലാവരെയും കുറ്റം പറയരുത്.
സ്നേഹം സത്യമുള്ളതാണ്.”
അന്ന് ആനന്ദിന്റെ മനസ്സിലെ ഇരുട്ട് പൂർണ്ണമായും മാഞ്ഞുപോയി. അവൻ വീണ്ടും പഴയ ആനന്ദായി മാറി.
സ്വന്തം വീട്ടുകാരെ അവൻ തിരികെ വിളിച്ചു, അവരോട് സംസാരിച്ചു. വീട്ടിൽ വീണ്ടും സന്തോഷം തിരികെ വന്നു. മണിക്കുട്ടിക്ക് ലേഖ വെറുമൊരു ജോലിക്കാരിയായിരുന്നില്ല, അമ്മയെക്കാൾ വലിയ സ്നേഹം നൽകുന്ന ഒരാളായിരുന്നു.
ആനന്ദിന്റെ മനസ്സിൽ ലേഖയോട് ബഹുമാനവും അതിനേക്കാളേറെ ആഴമുള്ള സ്നേഹവും വളർന്നു.
വഞ്ചനയുടെ മുറിവുകൾ ഉണക്കാൻ സത്യമുള്ള സ്നേഹത്തിന് മാത്രമേ കഴിയൂ എന്ന് അവൻ തിരിച്ചറിഞ്ഞു.
ലേഖയുടെ സ്നേഹവും കരുതലുമാണ് തന്റെയും മകളുടെയും ജീവിതത്തിന് പുതിയൊരു വെളിച്ചം നൽകിയതെന്ന് അവൻ ഉറച്ചു വിശ്വസിച്ചു.
അതിനുശേഷം അവർ ഒരു പുതിയ ജീവിതം സന്തോഷത്തോടെ ജീവിച്ചു തുടങ്ങി.
✍️സ്റ്റോറി ബൈ JK
