“” നീ ആരോടാടി ഇങ്ങനെ പറയുന്നത്?? ആ കാലിൽ വീണ് മാപ്പ് പറയടി!!”
വന്ദന ഉണ്ണിമായയുടെ മുഖത്തേക്ക് അടിച്ചു കൊണ്ട് പറഞ്ഞു… ഉടനെ ഉണ്ണികൃഷ്ണൻ വന്ദനയെ തടഞ്ഞു..
അതോടെ വന്ദനയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി..
“” എന്തിനാ ഉണ്ണിയേട്ടാ നിങ്ങൾ ഇവളെ വളർത്തിയത്?? പാല് തന്ന കൈക്ക് തന്നെ ഇവൾ തിരിഞ്ഞു കൊത്തും!””
വന്ദന സങ്കടത്തോടെ പറഞ്ഞു.. എന്നാൽ അപ്പോഴേക്ക് ഉണ്ണികൃഷ്ണൻ അവളെ സമാധാനിപ്പിച്ചു..
വന്ദനയുടെ ഓർമ്മകൾ ഒരുപാട് വർഷങ്ങൾ പുറകിലേക്ക് പോയി..
ഒരു പാവപ്പെട്ട കുടുംബത്തിലെ മൂന്ന് പെൺമക്കളിൽ മൂത്തവളായിരുന്നു വന്ദന.
കൂലിപ്പണിക്കാരായ അച്ഛനും അമ്മയ്ക്കും താഴെയുള്ള രണ്ട് പെൺകുട്ടികളെ വളർത്താനും പഠിപ്പിക്കാനും വേണ്ടത്ര വരുമാനം ഉണ്ടായിരുന്നില്ല.
വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു അവരുടെ കുടുംബം.
ആ സമയത്താണ് അടുത്തു തന്നെയുള്ള വലിയൊരു തറവാട്ടിൽ നിന്ന് വന്ദനയ്ക്ക് ഒരു വിവാഹാലോചന വരുന്നത്.
വരൻ ഉണ്ണികൃഷ്ണൻ ജന്മനാ രോഗിയായിരുന്നു. കട്ടിലിൽ നിന്നും അധികമൊന്നും എഴുനേറ്റ് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അയാൾ.
എന്നാൽ ആ വീട്ടുകാർക്ക് പണത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.
വന്ദനയ്ക്ക് ഈ വിവാഹം വേണ്ട എന്ന് പറഞ്ഞെങ്കിലും അവളുടെ അച്ഛനും അമ്മയും അവരോട് പെണ്ണ് കാണാൻ വന്നോളാൻ പറഞ്ഞു.
വന്ദന അതിനെ എതിർത്തെങ്കിലും വെറുതെ വന്ന് പെണ്ണ് കണ്ടിട്ട് പൊയ്ക്കോട്ടെ എന്ന് പറഞ്ഞ് അവർ അവളെ ആശ്വസിപ്പിച്ചു..
പെണ്ണുകാണൽ ചടങ്ങിനിടെ അവർ വന്ദനയുടെ അച്ഛനോടും അമ്മയോടും ഒരു കാര്യം പറഞ്ഞു.
അവർക്ക് സ്ത്രീധനമായി ഒന്നും വേണ്ട, പകരം വന്ദനയുടെ കുടുംബത്തിന്റെ എല്ലാ ബാധ്യതകളും അവർ ഏറ്റെടുത്തുകൊള്ളാം, വന്ദനയുടെ താഴെയുള്ള രണ്ടു അനിയത്തിമാരുടെയും പഠിപ്പും കല്യാണവും എല്ലാം തങ്ങൾ ഭംഗിയായി നടത്തിക്കൊടുക്കാം എന്ന് അവർ വാക്കു നൽകി.
സ്വന്തം കുടുംബത്തിന്റെ ദാരിദ്ര്യം മാറും എന്നോർത്തപ്പോൾ വന്ദനയുടെ അച്ഛനും അമ്മയ്ക്കും ആ ആലോചന ഉപേക്ഷിക്കാൻ കഴിഞ്ഞില്ല.
അവർ വന്ദനയോട് ആ വിവാഹത്തിന് സമ്മതിക്കാൻ നിർബന്ധിച്ചു. എന്നാൽ വന്ദനയുടെ മനസ്സിൽ വലിയ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉണ്ടായിരുന്നു.
നാട്ടിലെ സുന്ദരനായ മഹേഷ് എന്ന ചെറുപ്പക്കാരനുമായി അവൾ പ്രണയത്തിലായിരുന്നു.
ഭാവി ജീവിതത്തെക്കുറിച്ച് അവർ രണ്ടുപേരും ഒരുപാട് കാര്യങ്ങൾ സ്വപ്നം കണ്ടിരുന്നു.
എന്നാൽ സ്വന്തം കുടുംബത്തിന്റെ അവസ്ഥയും അച്ഛന്റെയും അമ്മയുടെയും നിർബന്ധവും കണ്ടപ്പോൾ വന്ദനയ്ക്ക് സ്വന്തം പ്രണയവും സ്വപ്നങ്ങളും മനസ്സിൽ അടക്കിവെക്കേണ്ടി വന്നു.
ഒടുവിൽ വന്ദനയും ഉണ്ണികൃഷ്ണനും തമ്മിലുള്ള വിവാഹം നടന്നു.
വിവാഹം കഴിഞ്ഞ് വന്ദന ഉണ്ണികൃഷ്ണന്റെ വീട്ടിലെത്തി. വലിയ വീടും എല്ലാവിധ സൗകര്യങ്ങളും അവിടെയുണ്ടായിരുന്നു.
പണത്തിനോ ഭക്ഷണത്തിനോ വസ്ത്രങ്ങൾക്കോ അവിടെ യാതൊരു കുറവും ഉണ്ടായിരുന്നില്ല.
തന്നെയുമല്ല അവൾക്ക് ഒരു ഇല എടുത്ത് മറിച്ചിടുക പോലും വേണ്ടായിരുന്നു എന്തിനും ഏതിനും ജോലിക്കാർ കൺമുന്നിൽ തന്നെ ഉണ്ടായിരുന്നു..
എന്നാൽ ഒരു ഭാര്യ എന്ന നിലയിൽ അവൾ ആഗ്രഹിച്ച സ്നേഹമോ സന്തുഷ്ടമായ ഒരു ദാമ്പത്യ ജീവിതമോ നൽകാൻ രോഗിയായ ഉണ്ണികൃഷ്ണന് കഴിയുമായിരുന്നില്ല.
ഭർത്താവിനോടൊപ്പം കഴിയുന്തോറും വന്ദനയുടെ മനസ്സ് മടുക്കാൻ തുടങ്ങി.
എന്നും രാത്രി സുഖമില്ലാതെ ആവുകയും, അതിന് കാറിലിരിക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥ അവളെ മടുപ്പിച്ചു..
ആ വലിയ വീട്ടിൽ അവൾ ഒറ്റപ്പെട്ടതുപോലെ ജീവിച്ചു.
അങ്ങനെയിരിക്കെയാണ് അവൾ ഇടയ്ക്ക് സ്വന്തം വീട്ടിലേക്ക് പോയപ്പോൾ പഴയ കാമുകനായ മഹേഷിനെ കാണുന്നത്.
വന്ദനയുടെ വീടിന്റെ തൊട്ടടുത്തായിരുന്നു മഹേഷിന്റെ വീട്..
മഹേഷിനെ കണ്ടതും അവൾ കരഞ്ഞു തന്നെ സങ്കടങ്ങൾ മുഴുവൻ പറഞ്ഞു… മഹേഷ് അവളെ സമാധാനിപ്പിച്ചു അത് അവൾക്ക് വളരെയധികം ആശ്വാസം നൽകി..
പിന്നീട് ഇടയ്ക്കിടയ്ക്ക് സ്വന്തം വീട്ടിലേക്ക് പോകണം എന്ന് പറഞ്ഞ് അവൾ അങ്ങോട്ട് വന്നു..
അതൊന്നും സ്വന്തം വീട്ടുകാരെ കാണാൻ വേണ്ടി ആയിരുന്നില്ല പകരം ദൂരെ നിന്ന് എങ്കിലും മഹേഷിനെ ഒന്ന് കാണാൻ വേണ്ടി ആയിരുന്നു.
മഹേഷിന്റെ വീട്ടിൽ അവനും അവന്റെ അമ്മയും ഒരു അനിയത്തിയും മാത്രമാണ് ഉണ്ടായിരുന്നത്.
അനിയത്തിയുടെ വിവാഹം കഴിഞ്ഞിരുന്നു അവൾ ഭർത്താവിനോടൊപ്പം ബാംഗ്ലൂർ ആണ് താമസിക്കുന്നത്.
ഒരിക്കൽ വന്ദന അവിടേക്ക് വന്ന സമയത്താണ് ബാംഗ്ലൂരിൽ ഉള്ള അനിയത്തിയുടെ പ്രസവത്തിനായി മഹേഷിന്റെ അമ്മയ്ക്ക് അങ്ങോട്ട് പോകേണ്ടി വന്നത്.
വീട്ടിൽ മഹേഷ് തനിച്ചായി. ഈ അവസരം മുതലാക്കി വന്ദന ഇടയ്ക്കിടെ മഹേഷിന്റെ വീട്ടിൽ ചെല്ലാൻ തുടങ്ങി.
പഴയ പ്രണയം വീണ്ടും ഉണരുകയും അവർ തമ്മിൽ കൂടുതൽ അടുക്കുകയും ചെയ്തു.
ഒടുവിൽ താൻ മറ്റൊരാളുടെ ഭാര്യ ആണ് എന്നുള്ളത് പൂർണമായും മറന്നുകൊണ്ട് അവർ തമ്മിൽ എല്ലാ രീതിയിലും ഒന്നായി മാറി.
കുറച്ചു ദിവസങ്ങൾക്ക് ശേഷം വന്ദന തിരികെ ഭർത്താവിന്റെ വീട്ടിലേക്ക് എത്തി.
അവിടെ വെച്ചാണ് അന്ന് തങ്ങൾ ചെയ്ത തെറ്റിന്റെ ഫലമായി താൻ ഗർഭിണിയാണ് എന്ന കാര്യം അവൾ അറിയുന്നത്.
ആ വാർത്ത കേട്ടപ്പോൾ അവളുടെ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോയതുപോലെ തോന്നി.
കാരണം ഭർത്താവായ ഉണ്ണികൃഷ്ണന്റെ ശാരീരിക അവസ്ഥ കാരണം അയാൾക്ക് അതിനുള്ള കഴിവില്ലായിരുന്നു.
ഈ കുഞ്ഞ് മഹേഷിന്റേതാണെന്ന് അവൾക്ക് ഉറപ്പായിരുന്നു. തനിക്ക് വലിയൊരു അബദ്ധം പറ്റിപ്പോയി എന്നും സ്വന്തം ജീവിതവും കുടുംബത്തിന്റെ മാനവും ആകെ തകരാൻ പോവുകയാണെന്നും അവൾ തിരിച്ചറിഞ്ഞു.
ഈ സമയത്ത് മഹേഷിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ അവൻ പെങ്ങളുടെ അടുത്തേക്ക് ബാംഗ്ലൂരിലേക്ക് പോയി എന്നും..
പെങ്ങളുടെ ഭർത്താവിന്റെ പെങ്ങളെ അവൻ വിവാഹം കഴിച്ചു എന്നും അവൾ അറിഞ്ഞു..
ആദ്യം തന്നെ അതെല്ലാം നിശ്ചയിച്ച് വച്ചിരുന്നത്രെ.. അവളോട് പറയാതെ മഹേഷ് ചതിക്കുകയായിരുന്നു..
ഇനി ആരോടും ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിലായി അവൾ.
എന്നാൽ വന്ദന അറിയാതെ തന്നെ ഉണ്ണികൃഷ്ണൻ സത്യങ്ങളെല്ലാം മനസ്സിലാക്കിയിരുന്നു.
അയാൾ വന്ദനയെ വിളിച്ചു കാര്യം സംസാരിച്ചു. തെറ്റ് പറ്റിപ്പോയതിൽ വന്ദന കരഞ്ഞു മാപ്പ് അപേക്ഷിച്ചു.
എന്നാൽ ഉണ്ണികൃഷ്ണൻ അവളെ വഴക്കുപറയുകയോ വീട്ടിൽ നിന്നും ഇറക്കി വിടുകയോ ചെയ്തില്ല.
അയാൾ വളരെ ശാന്തനായി അവളോട് പറഞ്ഞു, “ഈ കാര്യം നമ്മൾ രണ്ടുപേരല്ലാതെ മൂന്നാമതൊരാളും അറിയരുത്. ഈ വയറ്റിൽ വളരുന്ന കുഞ്ഞ് എന്റേതാണെന്ന് എല്ലാവരും അറിയട്ടെ.
ഞാൻ ആ കുഞ്ഞിന് അച്ഛനാകും.” ഉണ്ണികൃഷ്ണന്റെ ഈ വലിയ മനസ്സ് കണ്ടപ്പോൾ വന്ദനയ്ക്ക് താൻ ചെയ്ത തെറ്റിൽ വലിയ കുറ്റബോധം തോന്നി.
അയാൾക്ക് മുന്നിൽ തലയുയർത്തി നിൽക്കാൻ പോലും അവൾക്ക് കഴിഞ്ഞില്ല.
മാസങ്ങൾക്ക് ശേഷം വന്ദന ഒരു പെൺകുഞ്ഞിന് ജന്മം നൽകി.
കുഞ്ഞ് ജനിച്ച നാൾ മുതൽ ഉണ്ണികൃഷ്ണൻ ആ കുട്ടിയെ സ്വന്തം മകളെപ്പോലെയാണ് നോക്കിവളർത്തിയത്.
അവളുടെ എല്ലാ കാര്യങ്ങളും അയാൾ അന്വേഷിച്ചറിഞ്ഞു ചെയ്തു കൊടുത്തു. തന്റെ സ്വന്തം പേരിനോട് ചേർത്ത് അയാൾ ആ കുട്ടിക്ക് ഉണ്ണിമായ എന്ന് പേരിട്ടു.
ഉണ്ണിമായ വളരുന്നതിനനുസരിച്ച് അവൾ ചോദിക്കുന്നതെന്തും ഉണ്ണികൃഷ്ണൻ വാങ്ങി നൽകി.
സ്വന്തം രോഗവും വേദനകളും മറന്ന് അയാൾ ആ കുട്ടിക്ക് വേണ്ടിയാണ് ജീവിച്ചത്.
വലിയ സമ്പത്തിലും സകല സൗഭാഗ്യങ്ങളിലും വളർന്ന ഉണ്ണിമായക്ക് പ്രായമാകുന്തോറും അഹങ്കാരം കൂടാൻ തുടങ്ങി.
രോഗിയായ അച്ഛന്റെ അവസ്ഥയെ അവൾ കളിയാക്കാനും വകവെക്കാതിരിക്കാനും തുടങ്ങി.
അയാൾ തനിക്ക് പറ്റിയ ആളല്ലെന്നും ഒരു രോഗിയായ അച്ഛൻ തനിക്ക് ചേർന്നവനല്ലെന്നും അവൾ പരസ്യമായി പറയാൻ തുടങ്ങി.
അച്ഛൻ സ്നേഹത്തോടെ എന്തെങ്കിലും ചോദിച്ചാൽ പോലും അവൾ ദേഷ്യപ്പെടുകയും അയാളെ അപമാനിക്കുകയും ചെയ്യുമായിരുന്നു.
ഉണ്ണികൃഷ്ണനോട് മകൾ കാണിക്കുന്ന ഈ ക്രൂരത വന്ദനയ്ക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.
അവൾ പലപ്പോഴും ഉണ്ണിമായ ശകാരിച്ചു അപ്പോൾ എല്ലാം ഉണ്ണികൃഷ്ണൻ അവളുടെ ഭാഗം നിന്ന് വന്ദനയെ തടഞ്ഞു..
ഒടുവിൽ വന്ദന ഒരു തീരുമാനമെടുത്തു. അവൾ ഉണ്ണിമായയെ അടുത്തുവിളിച്ച് സത്യങ്ങളെല്ലാം പറയാൻ തുടങ്ങി.
വന്ദന വിങ്ങിപ്പൊട്ടിക്കൊണ്ട് പറഞ്ഞു,
“മോളേ, നീ ഇന്ന് കാണിക്കുന്ന ഈ അഹങ്കാരവും കളിയാക്കുന്നതും ആരെയാണെന്ന് നിനക്കറിയാമോ? നീ കരുതുന്നതുപോലെ ഇദ്ദേഹം നിന്റെ സ്വന്തം അച്ഛനല്ല. അമ്മയ്ക്ക് പറ്റിയ ഒരു വലിയ തെറ്റാണ് നീ!! ചതിക്കപ്പെടുകയാണ് എന്ന് ഞാൻ അറിഞ്ഞപ്പോഴേക്കും നീ എന്റേ വയറ്റിൽ സ്ഥാനം പിടിച്ചിരുന്നു!!
അത് അറിഞ്ഞിട്ടും നിന്നെയും എന്നെയും ഉപേക്ഷിക്കാതെ, ഈ സമൂഹത്തിന് മുന്നിൽ തലയുയർത്തി ജീവിക്കാൻ എനിക്ക് തണലായത് ഇദ്ദേഹമാണ്.
നിന്റെ യഥാർത്ഥ അച്ഛൻ നമ്മളെ ഉപേക്ഷിച്ചു പോയപ്പോൾ, തനിക്ക് ജനിച്ച കുഞ്ഞാണ് നീ എന്ന് ലോകത്തോട് വിളിച്ച് പറഞ്ഞ് നിന്നെ സ്വന്തം മകളായി നോക്കിവളർത്തിയത് ഈ പാവം മനുഷ്യനാണ്.
നീ ചോദിച്ചതെല്ലാം തന്ന് നിന്നെ വളർത്തിയത് ഇദ്ദേഹത്തിന്റെ വലിയ മനസ്സുകൊണ്ടാണ്.
അങ്ങനെയുള്ള ഒരാളെയാണോ നീ ഇന്ന് രോഗിയെന്ന് പറഞ്ഞ് അപമാനിക്കുന്നത്?”
അമ്മയുടെ വാക്കുകൾ കേട്ട് ഉണ്ണിമായ തറഞ്ഞുപോയി.
തന്റെ ജനനത്തിന് പിന്നിലെ ഭീകരമായ സത്യവും, തന്റെ വളർത്തച്ഛൻ തനിക്കായി ചെയ്ത ത്യാഗങ്ങളും അവൾ തിരിച്ചറിഞ്ഞു.
എത്ര വലിയ മനസ്സിന് ഉടമയായ മനുഷ്യനെയാണ് താൻ ഇത്രയും നാൾ മുറിപ്പെടുത്തിയതും അപമാനിച്ചതും എന്ന് ഓർത്തപ്പോൾ അവൾക്ക് താങ്ങാൻ കഴിഞ്ഞില്ല.
വലിയ കുറ്റബോധത്തോടെ അവൾ കരഞ്ഞുപോയി.
ഉണ്ണിമായ ഓടിച്ചെന്ന് കട്ടിലിൽ കിടക്കുകയായിരുന്ന ഉണ്ണികൃഷ്ണന്റെ കാലിൽ വീണു കരഞ്ഞു.
തന്റെ അറിവില്ലായ്മയ്ക്കും അഹങ്കാരത്തിനും മാപ്പ് അപേക്ഷിച്ചു. ഉണ്ണികൃഷ്ണൻ എപ്പോഴും കാണിക്കുന്ന ആ പഴയ സ്നേഹത്തോടെ അവളെ ചേർത്തുപിടിച്ചു.
” എന്നോട് അമ്മ എല്ലാം പറഞ്ഞു പക്ഷേ എനിക്ക് ഈ അച്ഛൻ മതി!! അച്ഛനെ മാത്രമേ ഞാൻ അങ്ങനെ വിളിച്ചിട്ടുള്ളു ആ സ്ഥാനത്ത് കണ്ടിട്ടുള്ളൂ ഇനിയും അങ്ങനെ മതി!”” അതും പറഞ്ഞ് അവൾ ഉണ്ണികൃഷ്ണനെ കെട്ടിപ്പിടിച്ചു.
“” ആണല്ലോ എന്റെ മോളുടെ അച്ഛൻ തന്നെയാണ്!”” അത് പറയുമ്പോൾ സന്തോഷം കൊണ്ട് അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..
തന്റെ അച്ഛന്റെ വലിയ മനസ്സിനെ തിരിച്ചറിഞ്ഞ ഉണ്ണിമായ, അന്നു മുതൽ അയാളെ ജീവനുതുല്യം സ്നേഹിക്കാനും പരിചരിക്കാനും തുടങ്ങി.
അങ്ങനെ ജന്മം നൽകാതെ കർമ്മം കൊണ്ട് ഉണ്ണികൃഷ്ണൻ അവൾക്ക് ശരിക്കും അച്ഛനായി തീർന്നു..
✍️സ്റ്റോറി ബൈ JK
