“” മതി നീയൊക്കെ പഠിച്ചത്!! കൂടുതൽ പഠിച്ചിട്ട് എന്തിനാ തന്തയെയും തള്ളയെയും പറ്റിച്ച് കണ്ടവന്മാരുടെ കൂടെ ഇറങ്ങിപ്പോകാനോ?? ഒരുത്തി കുടുംബത്തിന് പേര് ദേശം വരുത്തി ഇനി അത് അനുവദിച്ചു തരാൻ പറ്റില്ല!!
ഒന്നുകിൽ ഈ കല്യാണത്തിന് സമ്മതിച്ചോ!!! അല്ലെങ്കിൽ ജനിപ്പിച്ച തന്തയുടെയും തള്ളയുടെയും ശവം കാണാൻ തയ്യാറായിക്കോ!””
അച്ഛൻ ഗൗരിയുടെ മുഖത്തുനോക്കി അത് വിളിച്ചു പറയുമ്പോൾ എന്തുവേണം എന്നറിയാതെ അവൾ നിന്നു.
രണ്ട് പെൺകുട്ടികളായിരുന്നു ആ വീട്ടിൽ ഉണ്ടായിരുന്നത്. അച്ഛനും അമ്മയും അവരെ സ്വന്തം ജീവനേക്കാൾ സ്നേഹത്തോടെയും പൊന്നുപോലെയും തന്നെയാണ് വളർത്തിയത്.
അവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സന്തോഷങ്ങളും കൊടുക്കാൻ ആ അച്ഛനും അമ്മയും എപ്പോഴും ശ്രദ്ധിച്ചിരുന്നു.
രണ്ടുപേരെയും നല്ല നിലയിൽ എത്തിക്കണം എന്നതായിരുന്നു ആ അച്ഛന്റെയും അമ്മയുടെയും വലിയ ആഗ്രഹം.
മൂത്ത മകൾ ഗൗതമി നഴ്സിങ്ങിന് പഠിക്കുകയായിരുന്നു. പഠിച്ച് നല്ലൊരു ജോലിയൊക്കെ വാങ്ങി സ്വന്തം കാലിൽ നിൽക്കുന്ന മക്കളെക്കുറിച്ചാണ് അവർ എന്നും സ്വപ്നം കണ്ടത്.
അതിനിടയിലാണ് ഗൗതമിക്ക് വളരെ നല്ലൊരു വിവാഹാലോചന വരുന്നത്. ചെറുപ്പക്കാരനും സാമ്പത്തികമായും കുടുംബപരമായും മികച്ച നിലയിലുള്ള ആളുമായിരുന്നു അത്.
വീട്ടുകാർ കാര്യം പറഞ്ഞപ്പോൾ തനിക്ക് ഈ വിവാഹത്തിന് പൂർണ്ണ സമ്മതമാണെന്ന് ഗൗതമി അവരെ വിശ്വസിപ്പിച്ചു.
വീട്ടുകാരും ബന്ധുക്കളുമെല്ലാം വലിയ സന്തോഷത്തിലായി. കല്യാണത്തിനുള്ള ഒരുക്കങ്ങൾ ഓരോന്നായി തുടങ്ങി.
എന്നാൽ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു ദിവസം അവരുടെ ആ സന്തോഷം മുഴുവൻ തകർന്നുപോയി.
താൻ പഠിച്ചിരുന്ന പഠിപ്പ് പകുതി വഴിയിൽ ഉപേക്ഷിച്ച്, അച്ഛനെയും അമ്മയെയും ചതിച്ച് ഗൗതമി ആരുമറിയാതെ ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയി.
, സ്ഥിരം അവൾ പോയിരുന്ന ബസ്സിലെ മദ്യപാനിയായ ഒരു ഡ്രൈവറുടെ കൂടെയായിരുന്നു.
നഴ്സിംഗ് പഠിച്ച് നല്ലൊരു ഭാവി മുന്നിലുണ്ടായിരുന്ന ഒരു പെൺകുട്ടി, സ്വന്തം വീട്ടുകാരുടെ മാനവും അന്തസ്സും ചവിട്ടിമെതിച്ചാണ് അങ്ങനെയൊരു തീരുമാനമെടുത്തത്.
ആ ഇറങ്ങിപ്പോക്ക് ആ കുടുംബത്തെ വലിയ രീതിയിൽ തളർത്തിക്കളഞ്ഞു.
നാട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നിൽ തലയുയർത്തിപ്പിടിച്ച് ജീവിച്ചിരുന്ന ആ അച്ഛനും അമ്മയ്ക്കും അത് വലിയ നാണക്കേടായി മാറി.
ആളുകളുടെ ചോദ്യങ്ങളും കളിയാക്കലുകളും താങ്ങാൻ പറ്റാത്ത അവസ്ഥയിലായി അവർ.
ഈ സംഭവത്തോടെ അച്ഛനും അമ്മയ്ക്കും ആളുകളോടുള്ള വിശ്വാസം പൂർണ്ണമായി നഷ്ടപ്പെട്ടു.
ആ ഭയവും വിഷമവും ചെന്നെത്തിയത് രണ്ടാമത്തെ മകളായ ഗൗരിയിലാണ്.
ഇനി ഇളയ മകൾ കൂടി ഇതുപോലെ എന്തെങ്കിലും ചെയ്താൽ നാട്ടിൽ ജീവിക്കാൻ കഴിയില്ലെന്ന് അച്ഛനും അമ്മയും ഉറപ്പിച്ചു.
അതുകൊണ്ടുതന്നെ ഗൗരിക്ക് വീട്ടിൽ പിന്നീട് യാതൊരു സ്വാതന്ത്ര്യവും ലഭിച്ചില്ല.
അവളുടെ ഓരോ ചലനങ്ങളും വീട്ടുകാർ സംശയത്തോടെയും ഭയത്തോടെയും നിരീക്ഷിക്കാൻ തുടങ്ങി.
എങ്ങോട്ടും ഒറ്റയ്ക്ക് പോകാനോ ആരോടും സംസാരിക്കാനോ അവൾക്ക് അനുവാദമുണ്ടായിരുന്നില്ല.
സ്വന്തം വീട്ടിൽ തന്നെ ഒരു തടവുകാരിയെപ്പോലെ അവൾ ജീവിക്കേണ്ടി വന്നു.
ചേച്ചി ചെയ്ത തെറ്റിന്റെ ശിക്ഷ മുഴുവൻ അനുഭവിക്കേണ്ടി വന്നത് പാവം ഗൗരിയായിരുന്നു.
തന്നെ ഇങ്ങനെ ഒരു അവസ്ഥയിൽ ആകെ ചേച്ചിയോട് അവൾക്ക് ദേഷ്യം തോന്നി..
അടുത്തിടെയാണ് അവൾക്ക് 18 വയസ്സ് തികഞ്ഞത്. അപ്പോഴേക്കും അവളെ ഉടൻ തന്നെ പിടിച്ച് കല്യാണം കഴിപ്പിക്കാൻ അച്ഛനും അമ്മയും തീരുമാനിച്ചു.
ഒട്ടും വൈകാതെ നല്ലൊരു ആലോചന കണ്ടുപിടിച്ച് അവളെ മറ്റൊരു വീട്ടിലേക്ക് പറഞ്ഞയച്ചാൽ മാത്രമേ തങ്ങൾക്ക് സമാധാനം ലഭിക്കൂ എന്ന് അവർ കരുതി.
പെട്ടെന്നുള്ള ഈ തീരുമാനം കേട്ട് ഗൗരി ആകെ തകർന്നുപോയി. തന്റെ ജീവിതം ഇവിടെ അവസാനിക്കാൻ പോകുകയാണെന്ന് അവൾക്ക് തോന്നി.
പഠിക്കണമെന്നും സ്വന്തമായി എന്തെങ്കിലും ആകണമെന്നുമുള്ള ആഗ്രഹങ്ങളെല്ലാം ഒറ്റ രാത്രി കൊണ്ട് ഇല്ലാതാകുന്നത് അവൾ കണ്ടു.
അവൾ അച്ഛന്റെയും അമ്മയുടെയും കാലുപിടിച്ച് കരഞ്ഞു. താൻ ചേച്ചിയെപ്പോലെ ആയിരിക്കില്ലെന്നും, തനിക്ക് കുറച്ചുകൂടി സമയം വേണമെന്നും, തന്നെ വിശ്വസിക്കണമെന്നും അവൾ കരഞ്ഞു പറഞ്ഞു നോക്കി.
എന്നാൽ, മുറിവേറ്റ ആ മാതാപിതാക്കളുടെ മനസ്സിൽ മകളുടെ കണ്ണീരിനേക്കാൾ വലുതായിരുന്നു ഭയവും നാണക്കേടും.
അഭിഷേക് എന്ന ചെറുപ്പക്കാരന്റെ ആലോചന അവൾക്ക് വന്നു.. കെഎസ്ഇബിയിൽ ആയിരുന്നു അവനു ജോലി..
കാണാൻ സുന്ദരൻ എന്നാലും ഗൗരി അവനെ ഒന്ന് നോക്കുക പോലും ചെയ്തില്ല..
ഒരു വിവാഹം ഇപ്പോഴും അവൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല..
അവളെയവർ അവരുടെ തീരുമാനങ്ങളുമായി പൊരുത്തപ്പെടാൻ നിർബന്ധിച്ചു.
അവളുടെ വാക്കുകൾ കേൾക്കാൻ ആരും തയ്യാറായില്ല.
അങ്ങനെ യാതൊരു ആഗ്രഹവുമില്ലാതെ, കണ്ണീരോടെ ഗൗരി വിവാഹമണ്ഡപത്തിലേക്ക് നടന്നു.
തന്റെ ഭാവി എന്താകുമെന്ന ഭയമായിരുന്നു അവളുടെ മനസ്സിൽ.
എന്നാൽ, വിധിക്കപ്പെട്ട ആ വിവാഹം ഗൗരിയുടെ ജീവിതത്തിൽ കൊണ്ടുവന്നത് വലിയൊരു മാറ്റമായിരുന്നു.
അവൾക്ക് ലഭിച്ചത് അഭിഷേക് എന്ന വളരെ നല്ലൊരു ചെറുപ്പക്കാരനെയായിരുന്നു.
വിവാഹം കഴിഞ്ഞതോടെ ഗൗരിയുടെ പേടിയെല്ലാം മാറി. അഭിഷേക് ഒരു ഭർത്താവ് എന്നതിലുപരി അവൾക്ക് വളരെ നല്ലൊരു കൂട്ടുകാരനായി മാറി.
അവളുടെ അവസ്ഥയും വീട്ടിലെ സാഹചര്യങ്ങളും മനസ്സിലാക്കിയ അഭിഷേക് അവളെ സമാധാനിപ്പിച്ചു.
സ്വന്തം ആഗ്രഹങ്ങളും വിഷമങ്ങളും പേടികളും തുറന്നു പറയാവുന്ന ഒരു നല്ല സുഹൃത്തായി അവൻ അവളുടെ കൂടെ നിന്നു.
അവൾക്ക് ചെയ്യാൻ കഴിയാതെ പോയ ആഗ്രഹങ്ങൾക്കെല്ലാം അവൻ കൂട്ടുനിന്നു.
അവളോട് എപ്പോഴും സ്നേഹത്തോടെയും ആദരവോടെയും പെരുമാറി. താൻ പേടിച്ചതുപോലെയല്ല ജീവിതമെന്നും, ദൈവം തനിക്ക് നൽകിയ വലിയൊരു ഭാഗ്യമാണ് അഭിഷേക് എന്നും ഗൗരി തിരിച്ചറിഞ്ഞു.
അതേസമയം, വിവാഹം കഴിഞ്ഞ് കൂട്ടിലിട്ട കിളിയെപ്പോലെ എത്രയോ ആളുകൾ നരകിച്ച് ജീവിക്കുന്നുണ്ടെന്ന് ഗൗരിക്ക് അറിയാമായിരുന്നു.
പ്രത്യേകിച്ച് അവളുടെ ചേച്ചി ഗൗതമി. ഇറങ്ങിപ്പോകുമ്പോൾ മനസ്സിൽ കണ്ട സ്വപ്നലോകമൊന്നും ഗൗതമിയെ കാത്തിരിപ്പുണ്ടായിരുന്നില്ല.
കല്യാണം കഴിഞ്ഞ് കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും അവരുടെ ഇടയിൽ ഉണ്ടായിരുന്ന സ്നേഹവും സന്തോഷവും എല്ലാം അപ്രത്യക്ഷമായി.
സന്തോഷ് എന്ന ആ ബസ് ഡ്രൈവർ വീണ്ടും പഴയപടി കടുത്ത മദ്യപാനിയായി മാറി.
ദിവസവും മദ്യപിച്ചുവന്ന് വീട്ടിൽ ബഹളമുണ്ടാക്കാനും ഗൗതമിയെ ഉപദ്രവിക്കാനും തുടങ്ങി.
അയാളുടെ വീട് ഒരു ലക്ഷംവീട് കോളനിയിലായിരുന്നു. വളരെ ബുദ്ധിമുട്ടുകൾ നിറഞ്ഞ ഒരു ചുറ്റുപാടായിരുന്നു അത്.
സന്തോഷിന്റെ അമ്മ കൂലിപ്പണി ചെയ്താണ് ജീവിച്ചിരുന്നത്. അയാൾക്ക് പെങ്ങന്മാരുണ്ടായിരുന്നു.
അവർ മറ്റു വീടുകളിൽ ജോലിക്ക് പോയാണ് ചെറിയ തുക സമ്പാദിച്ചിരുന്നത്.
വീട്ടിലെ ദാരിദ്ര്യം കാരണം ആ പെങ്ങന്മാരെ ഒന്നും കെട്ടിച്ചുവിടാൻ സന്തോഷിന്റെ കുടുംബത്തിന് കാശുണ്ടായിരുന്നില്ല.
അതിനാൽ അവർ ആ ചെറിയ വീട്ടിൽ തന്നെ കഴിയുകയായിരുന്നു. സന്തോഷിനെ നല്ലൊരു സ്ഥലത്തുനിന്ന് കല്യാണം കഴിപ്പിച്ച്, അതിലൂടെ കിട്ടുന്ന വലിയ തുക സ്ത്രീധനമായി വാങ്ങി , ആ പണം കൊണ്ട് പെങ്ങന്മാരെ കെട്ടിച്ചുവിടാം എന്നായിരുന്നു സന്തോഷിന്റെ അമ്മയുടെ പ്ലാൻ.
അങ്ങനെ കുടുംബത്തിലെ ബുദ്ധിമുട്ടുകൾ മാറും എന്ന് അവർ കരുതിയിരുന്നു.
എന്നാൽ, ഗൗതമി വീട്ടുകാരെ ചതിച്ച് സന്തോഷിന്റെ കൂടെ ഇറങ്ങി വന്നതോടെ ആ വലിയ പ്രതീക്ഷകളെല്ലാം ഒറ്റയടിക്ക് അസ്തമിച്ചു.
ഒരണ പൈസ പോലും സ്ത്രീധനമായി കിട്ടിയില്ലെന്ന് മാത്രമല്ല, വീണ്ടുമൊരു വയറു കൂടി പോറ്റേണ്ട അവസ്ഥയായി.
ഇതിന്റെ എല്ലാ ദേഷ്യവും നിരാശയും സന്തോഷിന്റെ അമ്മയും പെങ്ങന്മാരും തീർത്തത് ഗൗതമിയോടായിരുന്നു.
ദിവസവും രാവിലെയെഴുന്നേറ്റ് ആ വീട്ടിലെ പണികളെല്ലാം ഗൗതമി ചെയ്യണമായിരുന്നു.
പട്ടിണിയും ചീത്തവിളിയും ശാരീരിക ഉപദ്രവവും അവളുടെ ദിവസേനയുള്ള ജീവിതത്തിന്റെ ഭാഗമായി മാറി.
നല്ലൊരു ഭാവി ഉപേക്ഷിച്ച്, സ്നേഹിച്ച അച്ഛനെയും അമ്മയെയും തള്ളിപ്പറഞ്ഞ് ഇറങ്ങിപ്പോയവളായതുകൊണ്ട് അവൾക്ക് അത് സഹിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.
ആർക്കും അവളെ ആ നരകത്തിൽ നിന്ന് രക്ഷിക്കാൻ കഴിയില്ലായിരുന്നു. കാരണം അത് അവൾ സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുത്ത ജീവിതമായിരുന്നു.
ഇത്രയും നാൾ പൊന്നുപോലെ വളർത്തി വലുതാക്കിയ അച്ഛനെയും അമ്മയെയും ചതിച്ച്, അവരുടെ നെഞ്ചിൽ തീ കോരിയിട്ട് പോയതിന് ദൈവത്തിൽ നിന്ന് കിട്ടിയ ശിക്ഷ തന്നെയായിരിക്കും ഇതൊക്കെയെന്ന് ഗൗരിയും വിശ്വസിച്ചു.
സ്വന്തം ചോരയെക്കാൾ വിശ്വസിച്ച് ഇറങ്ങിപ്പുറപ്പെട്ട തെറ്റായ ആൾക്ക് കൂട്ടുനിന്നതിന്റെ പ്രത്യാഘാതമായിരുന്നു ഗൗതമി അനുഭവിച്ചത്.
ഇന്ന് ഗൗരി തന്റെ ജീവിതത്തിൽ വളരെ സന്തോഷവതിയാണ്. അഭിഷേകിന്റെ സ്നേഹവും കരുതലും അവളെ പൂർണ്ണമായി മാറ്റിമറിച്ചു.
പഴയ പേടിയോ വിഷമങ്ങളോ ഒന്നും ഇന്ന് അവൾക്കില്ല. അതിനെല്ലാം പുറമേ, തന്നോട് അകന്നുനിന്നിരുന്ന, എന്തിനും സംശയിച്ചിരുന്ന അച്ഛനും അമ്മയും ഇപ്പോൾ പഴയതിനേക്കാൾ സ്നേഹത്തോടെ അവളുടെ കൂടെയുണ്ട്.
തെറ്റ് ചെയ്തത് താനല്ലെന്ന് അവർ തിരിച്ചറിഞ്ഞു. ഗൗരിയുടെ കുറ്റമല്ലായിരുന്നു അതെന്നും, തങ്ങൾ വെറുതെ അവളെ സംശയിക്കുകയായിരുന്നു എന്നും അച്ഛനും അമ്മയ്ക്കും ബോധ്യപ്പെട്ടു.
ഇപ്പോൾ എന്തിനും ഏതിനും അമ്മയും അച്ഛനും തന്റെ കൂടെ തണലായി നിൽക്കുന്നുണ്ട്.
താൻ ആഗ്രഹിച്ച സ്വാതന്ത്ര്യവും സ്നേഹവും സമാധാനവും ഇന്ന് അവൾക്കുണ്ട്.
തന്റെ ചേച്ചിയുടെ ജീവിതം നൽകിയ പാഠവും, ഒടുവിൽ ദൈവം തനിക്ക് നൽകിയ നല്ലൊരു ജീവിത പങ്കാളിയും കുടുംബവും തന്നെയാണ് തന്റെ ഏറ്റവും വലിയ ശക്തി എന്ന് ഗൗരി തിരിച്ചറിയുന്നു.
ആ തിരിച്ചറിവോടെ, അച്ഛന്റെയും അമ്മയുടെയും സ്നേഹ തണലിലും അഭിഷേകിന്റെ കൂട്ടിലും അവൾ സന്തോഷത്തോടെ മുന്നോട്ട് ജീവിക്കുന്നു.
✍️സ്റ്റോറി ബൈ JK
