“അവിഹിതം വലതുമാണോ…”
“ഏയ്.. ഇത് തല്ല് കേസ്.. ആ നിൽക്കുന്നവൻ കള്ളും കുടിച്ചു ചെന്നിട്ട് വഴക്കുണ്ടാക്കി അയല്പക്കത്തുള്ള ചെക്കന്റെ കാല് തല്ലിയൊടിച്ചു. ”
” അടിപൊളി.. എസ് ഐ സാറിന്റെ മുന്നിൽ തന്നെ ചെന്ന് പെട്ടു അങ്ങേരുടെ കഥ കഴിയും ഇന്ന് ”
പോലീസ് സ്റ്റേഷനുള്ളിൽ പോലീസുകാർ പരസ്പരം അടക്കം പറഞ്ഞു.
“ആ ചെക്കന്റെ കാല് തല്ലിയൊടിച്ചിട്ട് തനിക്ക് ഒരു കുറ്റബോധവും ഇല്ലേടോ… പറഞ്ഞു കേട്ടത് വച്ച് കുഞ്ഞിലെ നീ കുറെ എടുത്തോണ്ട് നടന്നതല്ലേ ആ അവനെ… ”
എസ് ഐ സാജൻ രോഷത്തോടെ ചോദിക്കുമ്പോൾ മറുപടി പറയാതെ തല കുമ്പിട്ടു സുരേഷ്. അത് കണ്ടിട്ട് അരിശം കയറിയെങ്കിലും ശാന്തനായി സാജൻ.
” അടിച്ച് തന്റെ കരണം പുകയ്ക്കുകയാ വേണ്ടത് പക്ഷെ തന്റെ പ്രായം വച്ച് അത് ചെയ്യാൻ എനിക്ക് തോന്നുന്നില്ല ”
പല്ലിറുമ്മി മീശയൊന്ന് പിരിച്ചു അവൻ.
” സാറേ.. ഇത് എന്താ കേസ്… ”
ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ കോൺസ്റ്റബിൾ അശോകനും സുരേഷിനെ കണ്ട് സംശയത്തിൽ നോക്കി
” കേസ് വധ ശ്രമം ആണ്.. ഇയാളെ തൂക്കി അകത്തിടാൻ ലോക്കൽ സെക്രട്ടറിയുടെ വിളി വന്നിട്ടുണ്ട്. ഇരുപത്തഞ്ചു വയസ്സ് മാത്രം പ്രായമുള്ള അയൽവാസിയായ സന്ദീപ് എന്ന ചെക്കന്റെ കാല് തല്ലിയൊടിച്ചു… അതും കള്ളും കുടിച്ചു ചെന്ന് വഴക്ക് ഉണ്ടാക്കീട്ട്…. ”
സാജൻ പറഞ്ഞത് കേൾക്കെ അശോകന്റെ നെറ്റി ചുളിഞ്ഞു.
” എന്തോന്നാ സുരേഷേ ഇത്… നിനക്കിത് എന്തിന്റെ കേടാണ്.. പെങ്കൊച്ചു ഒന്ന് വലുതായി വരുവല്ലേ അതും തള്ളയില്ലാത്ത കൊച്ച്. നീ ഇമ്മാതിരി പരിപാടികൾ ഒപ്പിച്ചു അകത്ത് പോയാൽ അതിന്റെ കാര്യം ആര് നോക്കും.”
ആ ചോദ്യത്തിന് മുന്നിലും സുരേഷ് മൗനമായി നിന്നു.
” ആഹാ. നിങ്ങൾക്ക് അറിയോ ഇയാളെ .. ”
സാജൻ അതിശയത്തിൽ നോക്കുമ്പോൾ പതിയെ അവന് നേരെ തിരിഞ്ഞു അശോകൻ
” സാറേ ഞാനീ നാട്ടുകാരൻ അല്ലെ.. ഇവനെ പണ്ട് തൊട്ടേ അറിയാം.. പ്രശ്നക്കാരൻ അല്ല പക്ഷെ ഇപ്പൊ എന്ത് പറ്റിയതാണെന്ന് അറിയില്ല. ”
ആ മറുപടി കേൾക്കെ സംശയത്തിൽ സുരേഷിനെ ഒന്ന് നോക്കി സാജൻ.
” എന്ത് പറ്റാൻ… കള്ള് തലയ്ക്ക് കേറി.. അത് തന്നെ കാരണം… ആ ചെക്കന് ഇങ്ങേരുടെ മോളുടെ പ്രായമേ ഉള്ളു. അവനെയാണ്….. അകത്ത് കിടക്കട്ടെ അപ്പോ പഠിച്ചോളും.. ”
ആ മറുപടി കേട്ട് വീണ്ടും തല കുമ്പിട്ടു സുരേഷ്. അല്പസമയം അങ്ങിനെ നിന്ന ശേഷം പതിയെ സാജനെ നോക്കി അയാൾ
” വെറുതെ കള്ള് മൂത്ത് ചെയ്തതല്ല… അവൻ എന്റെ കൊച്ചിനെ കേറി പിടിച്ചു സാറേ..”
അത് പറയുമ്പോൾ അയാളുടെ ശബ്ദമിടറി. കേട്ടു നിന്ന സാജനും അശോകനും ഒരുപോലെ നെറ്റി ചുളിച്ചു.
” എന്താ സുരേഷേ.. കൊച്ചിനെ എന്ന് വച്ചാൽ.. നിന്റെ മോളെയോ.. ”
അശോകനാണ് ചോദിച്ചത്.
” അതേ… സാറേ.. കൊച്ചിലെ മുതലേ ഒരുമിച്ചു കളിച്ചു വളർന്നവരാ അവര്.. എന്നിട്ട് അവൻ എന്റെ കൊച്ചിനോട് പിറപ്പ് കേട് കാണിച്ചു.. മോള് കുളിക്കുന്ന വീഡിയോ ഒളിച്ചു നിന്ന് ഫോണിൽ ഷൂട്ട് ചെയ്ത് ഞാൻ ഇല്ലാത്ത നേരം നോക്കി വീട്ടിൽ കേറി മോളെ അത് കാണിച്ചു പേടിപ്പിച്ചു കേറി പിടിക്കാൻ നോക്കി… നോക്കി എന്നല്ല.. ബലമായി അവൻ…. ”
ബാക്കി മുഴുവിപ്പിച്ചില്ല സുരേഷ്. അറിയാതെ അയാളുടെ മിഴികൾ തുളുമ്പിപ്പോയി. സാജനും അശോകനും ഒരുപോലെ നടുക്കത്തിൽ മുഖാമുഖം നോക്കി.
” എടോ എന്നിട്ട് താൻ ഇതെന്താ ആദ്യം പറയാത്തെ.. ഇങ്ങനൊരു ക്രൂരത ആ ചെക്കൻ ചെയ്തെങ്കിൽ അവന്റെ പേരിൽ താൻ എന്താ കംപ്ലയിന്റ് ചെയ്യാത്തത്.. ”
സാജനാണ് ചോദിച്ചത്.
” വേണ്ട സാറേ.. ഈ കാര്യം ആരും അറിയേണ്ട.. എന്റെ കൊച്ചിന്റെ ഭാവി… ഒന്നാമതെ അമ്മ ഇല്ലാത്ത കുഞ്ഞാ അവള്. ഇനി ഇങ്ങനെ ഒരു കഥ കൂടി നാട്ടിൽ പാട്ടായാൽ പിന്നേ അതിന്റെ ഭാവി പോകും.. ആരും ഒന്നും അറിയണ്ടാ ന്ന് വച്ച് പറയാത്തതാ..”
സുരേഷ് മിഴികൾ തുടച്ചു.
” എന്റെ സുരേഷേ എന്നിട്ടിപ്പോ നീ ആ ചെക്കന്റെ കാലും തല്ലിയൊടിച്ചു പ്രശ്നം ആക്കിയ സ്ഥിതിക്ക് എല്ലാം ഇനി എല്ലാരും അറിയില്ലേ.. ഇതിപ്പോ കൊച്ചിന് നാണക്കേടും ആകും അതിനെ ആശ്വസിപ്പിക്കാൻ നീ ഒപ്പം ഇല്ലാതെയും ആകും.. മണ്ടത്തരം അല്ലെ നീ ചെയ്തത് ”
അശോകൻ ചോദിച്ചത് കേൾക്കെ ദയനീയമായി ഒന്ന് നോക്കി സുരേഷ്.
” സാറേ… ഒന്നും ആരും അറിയരുത്.. നിങ്ങളും ആരോടും പറയരുത്… ഇപ്പോൾ വരേയ്ക്കും ഞാൻ കള്ളുകുടിച്ചു അവനെ ഉപദ്രവിച്ചു എന്നാണ് കേസ്.. അതങ്ങിനെ മതി… കൂടുതൽ നാണക്കേട് ഭയന്ന് അവനോ അവന്റെ വീട്ടുകാരോ ഒന്നും ആരോടും പറയില്ല..”
കൈകൂപ്പിക്കൊണ്ടാണ് അയാൾ അത് പറഞ്ഞു നിർത്തിയത്. ഒക്കെയും കേട്ട് ഒരു നിമിഷം മൗനമായി സാജൻ. ശേഷം സുരേഷിന് നേരെ തിരിഞ്ഞു.
” ഞങ്ങൾ ഒന്ന് അന്വേഷിക്കും താൻ ഈ പറഞ്ഞതൊക്കെ സത്യമാണോ എന്ന്. സത്യമാണെങ്കിൽ താൻ അകത്ത് പോകില്ല ഈ കേസും ഒതുങ്ങും.. അല്ലേൽ ഞാൻ ഒതുക്കും… കാരണം ഞാനും ഒരു അച്ഛനാണ്.. ”
ആ പറഞ്ഞത് കേട്ട് സംശയത്തിൽ സാജനെ നോക്കി അശോകൻ.
“സാറേ.. നാട്ടുകാരൊക്കെ അറിഞ്ഞ കേസല്ലേ.. വെറുതേ ഒഴിവാക്കാൻ പറ്റോ നമുക്ക്.. ”
“ഹാ.. നമ്മൾ ഒഴിവാക്കേണ്ട.. ഇയാൾ ഈ പറഞ്ഞതൊക്കെ സത്യമാണേൽ ആ ചെക്കന്റെ വീട്ടുകാരെ കൊണ്ട് തന്നെ കേസ് നമുക്ക് പിൻവലിപ്പിക്കാം. അങ്ങിനെ ചെയ്തില്ലേ ചെക്കന്റെ തൂക്കി അകത്തിടും ന്ന് പറഞ്ഞാൽ അവരത് ചെയ്യും പക്ഷെ ആദ്യം ഈ പറഞ്ഞതൊക്കെ ഉള്ളതാണോ എന്ന് അറിയണം.. അതിനു നമുക്ക് ഇയാളുടെ മോളെ കണ്ടേ പറ്റു… ”
അശോകനുള്ള മറുപടി നൽകി സുരേഷിന് നേരെ തിരിഞ്ഞു സാജൻ ..
” നിങ്ങൾ ഈ പറഞ്ഞത് സത്യമാണോ എന്ന് മോളോട് തന്നെ തിരക്കണം.. പിന്നേ ആ ചെക്കനോടും.. സത്യമാണേൽ വേറെ ആരും ഒന്നും അറിയാതെ ഞങ്ങൾ നോക്കാം.. ആദ്യം നിങ്ങടെ വീട്ടിലേക്ക് പോകണം.. ”
” പോകാം സാറേ… ഞങ്ങളെ സഹായിച്ചാൽ നിങ്ങൾക്ക് കോടി പുണ്യം കിട്ടും.. ”
കൈ കൂപ്പി തൊഴുതു സുരേഷ്
“സാറേ എന്നാ പിന്നെ ഞാനും വരാം.. തത്കാലം വേറെ ആരും ഒന്നും അറിയേണ്ട…”
അശോകനും വിവരങ്ങൾ അറിയാൻ ആകാംഷയായിരുന്നു.
വൈകാതെ അവർ സുരേഷിന്റെ വീട്ടിലേക്ക് തിരിച്ചു. അയാളുടെ മകളെ കണ്ട് കാര്യങ്ങൾ തിരക്കി. കരഞ്ഞു തളർന്നിരുന്ന മകളെ ചേർത്തു പിടിച്ചു സുരേഷ്. അയാൾ പറഞ്ഞത് ഒക്കെയും സത്യമായിരുന്നു. അവിടെ നിന്നും സാജൻ നേരെ പോയത് സന്ദീപിന്റെ വീട്ടിലേക്ക് ആണ്. ഒപ്പം അശോകനും. ഒന്ന് വിരട്ടിയ പാടെ എല്ലാം സമ്മതിച്ചു സന്ദീപ്. അവന്റെ അച്ഛനുമമ്മയും അപ്പോഴാണ് ആ കാര്യങ്ങൾ അറിയുന്നത്. ചെക്കിടടക്കം ഒരടിയായിരുന്നു അമ്മയുടെ വക സന്ദീപിന് സമ്മാനമായി കിട്ടിയത്.
” സാറേ.. രക്ഷിക്കണം.. ഇതൊന്നും ആരും അറിയരുത്.. ഇവൻ അടുത്ത മാസം ദുബായ്ക്ക് പോകാൻ നിൽക്കുവാ.. വിസ വന്നു. കേസ് ഒക്കെ ആയാൽ ആ പോക്ക് മുടങ്ങും… അവന്റെ ഫോണിലെ വീഡിയോസ് എല്ലാം ഇപ്പോ തന്നെ നശിപ്പിക്കാം സുരേഷിന്റെ കാല് പിടിക്കാം ഞാൻ.. കേസ് ആക്കരുത്…”
സന്ദീപിന്റെ അച്ഛൻ ദയനീയമായി പറയുമ്പോൾ പരസ്പരം നോക്കി സാജനും അശോകനും. ‘രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല്.. ‘
” അറിഞ്ഞില്ലേ.. സുരേഷിന്റെ കേസ് ഒത്തുതീർപ്പ് ആയി.. ചെക്കന്റെ വീട്ടുകാർക്ക് അയാള് കാശ് കൊടുത്ത് ഒതുക്കി.. ”
” അത് കൊള്ളാം നല്ല തന്തയും തള്ളയും… കാശ് കണ്ടപ്പോ എല്ലാം ഒതുക്കി ”
അന്ന് വൈകിട്ടോടെ നാട്ടിലെ സംസാര വിഷയം അതായിരുന്നു.
സാജനും അശോകനും മുന്നിൽ കൈ കൂപ്പി തൊഴുതു സുരേഷ്.
” ഈ യൂണിഫോം ഇട്ട് ഇത്തരമൊരു ഒത്തുതീർപ്പ് ചെയ്യാൻ പാടുള്ളതല്ല.. ഒരു പെൺകുട്ടിക്ക് നേരിട്ട ഈ ദുരനുഭവവും മറയ്ക്കാൻ പാടില്ല പക്ഷെ ഇതിപ്പോ ഒരു സ്പെഷ്യൽ കേസായി കണ്ടിട്ടാ ഞങ്ങൾ ഇങ്ങനെ ചെയ്തത്.. ഇനി മേലിൽ ഇതുപോലുള്ള പരിപാടികൾ ഒപ്പിച്ചു വയ്ക്കരുത് കേട്ടോ… എന്തായാലും മോൾക്കൊപ്പം നിൽക്ക് നിങ്ങൾ.. എന്തേലും ആവശ്യം ഉണ്ടേൽ വിളിക്കാൻ മറക്കേണ്ട..”
പുഞ്ചിരിയോടെയാണ് സാജൻ അത് പറഞ്ഞത്.
” ചെല്ല് സുരേഷേ. മോളെ നോക്ക് നീ… എന്തുണ്ടേലും വിളിക്ക് കേട്ടോ ”
അശോകനും പുഞ്ചിരിയോടെ സുരേഷിന്റെ ചുമലിൽ തട്ടി..
നിറകണ്ണുകളോടെ രണ്ടാളെയും നോക്കി നിന്നു സുരേഷ് അപ്പോൾ..
കാക്കി ഇട്ടവരും മനുഷ്യർ അല്ലെ.. ചില സമയങ്ങളിൽ നിയമത്തിനു മുകളിൽ അവർ മനുഷ്യത്വത്തിനു മൂല്യം നൽകിയാലും കുറ്റം പറയാൻ പറ്റില്ല….
(ശുഭം )
✍️പ്രജിത്ത് സുരേന്ദ്രബാബു
