എന്താടാ ഇവിടെ ഇരുട്ടത്ത് ഒരു ലീലാവിലാസം? പെണ്ണും ചെറുക്കനും കൂടെ ഇരുട്ടത്ത് ഇരുന്നു കൊഞ്ചാൻ ഇത് നിന്റെ തറവാട്ടു സ്വത്തൊന്നും….

“എന്താടാ ഇവിടെ ഇരുട്ടത്ത് ഒരു ലീലാവിലാസം? പെണ്ണും ചെറുക്കനും കൂടെ ഇരുട്ടത്ത് ഇരുന്നു കൊഞ്ചാൻ ഇത് നിന്റെ തറവാട്ടു സ്വത്തൊന്നും അല്ലല്ലോടാ!”

ഇടവഴിയിലെ ഇരുട്ടിൽ നിന്ന് ഉയർന്ന ആ പരുക്കൻ ശബ്ദം കേട്ടാണ് അർജുനും നീതുവും ഞെട്ടിത്തിരിഞ്ഞത്.

പടിഞ്ഞാറേ വെയിൽ ആറിത്തണുത്ത ആ വൈകുന്നേരം, തങ്ങളുടെ കോളേജ് പ്രോജക്ടിന്റെ ഡാറ്റ മുഴുവൻ ലാപ്‌ടോപ്പിൽ ഒത്തുനോക്കി തീർക്കാനാണ് അവർ വില്ലേജ് ഓഫീസിന് അടുത്തുള്ള ആ പഴയ വായനശാലയുടെ വശത്തെ ആളൊഴിഞ്ഞ ബെഞ്ചിൽ വന്നിരുന്നത്. സമയം വൈകുന്നേരം ആറര കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ. അടുത്തുള്ള കവലയിലെ ലൈറ്റുകൾ തെളിഞ്ഞു വരുന്നേ ഉണ്ടായിരുന്നുള്ളൂ.

ശബ്ദം കേട്ട വശത്തേക്ക് നോക്കിയ അർജുൻ കണ്ടത് നാട്ടിലെ അറിയപ്പെടുന്ന ‘സദാചാര സംരക്ഷകരായ’ ഷാജിയെയും സതീശനെയുമാണ്. കഴുത്തിൽ ചുവന്ന തോർത്തിട്ട്, മുറുക്കി ചുവപ്പിച്ച ചുണ്ടുകളോടെ, കൈകൾ പിന്നിൽ കെട്ടി നിൽക്കുന്ന അവരുടെ ഭാവം കണ്ടാൽ ലോകത്തിലെ സകല ധർമ്മങ്ങളും സംരക്ഷിക്കാൻ ഇറങ്ങിത്തിരിച്ചവരാണെന്ന് തോന്നും.

“ചേട്ടാ… ഞങ്ങൾ പ്രോജക്റ്റിന്റെ കാര്യം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. കോളേജിലെ ലാസ്റ്റ് ഡേറ്റ് നാളെയാണ്,” അർജുൻ തികച്ചും ശാന്തനായിത്തന്നെ പറഞ്ഞു. അവൻ സ്വതവേ വഴക്കിന് പോകാത്ത കൂട്ടത്തിലാണ്.

“പ്രോജക്റ്റോ? അതും ഇരുട്ടത്ത് ഹും… ഏതാടാ ആ പ്രോജക്ട്? സന്ധ്യ മയങ്ങിയാൽ ആണും പെണ്ണും കൂടെ ഇരുട്ടത്ത് ഇരിക്കലാണോ നിന്റെയൊക്കെ പ്രോജക്ട്?” സതീശൻ മുന്നോട്ട് വന്ന് , കൈയിലെ തടിയൻ ടോർച്ച് നീതുവിന്റെ മുഖത്തേക്ക് നേരിട്ട് അടിച്ചു.

പെട്ടെന്നുണ്ടായ വെളിച്ചത്തിൽ നീതു കണ്ണുകൾ ചിമ്മി. “ടോർച്ച് മുഖത്തുനിന്ന് മാറ്റൂ ചേട്ടാ,” നീതു ഉറച്ച ശബ്ദത്തിൽ പറഞ്ഞു. “ഞങ്ങൾ ഇരുട്ടത്ത് ഇരിക്കുകയല്ല, ഇതാ വായനശാലയുടെ ലൈറ്റ് ഉണ്ട്. ഞങ്ങൾ രണ്ടുപേരും ഒരേ ക്ലാസിൽ പഠിക്കുന്നവരാണ്. വെറുതെ ഇല്ലാത്ത കാര്യം പറഞ്ഞുണ്ടാക്കരുത്.”

“ആഹാ! പെണ്ണിന്റെ നാക്ക് കണ്ടോ സതീശാ!” ഷാജി ഉറക്കെ ചിരിച്ചു. “കോളേജിൽ പോയി പഠിക്കുന്നത് ഇതൊക്കെയാണോടി? പെറ്റ തള്ളയ്ക്കും തന്തയ്ക്കും മാനക്കേടുണ്ടാക്കാൻ നടക്കുന്നു! ചോദിക്കാനും പറയാനും വീട്ടിൽ ആണുങ്ങളില്ലാത്തതുകൊണ്ടാ ഇത്രയും തുള്ളൽ!”

ആ വാക്ക് കേട്ടതും അർജുന്റെ രക്തം തിളച്ചു. അവൻ സീറ്റിൽ നിന്ന് എഴുന്നേറ്റു. ” സൂക്ഷിച്ചു സംസാരിക്കണം ഷാജിയേട്ടാ. എന്റെയും നീതുവിന്റെയും വീട്ടുകാർക്ക് ഞങ്ങളെ വിശ്വസമുണ്ട്. വഴിയിൽ പോകുന്ന ആരോടും ഞങ്ങൾ മറുപടി പറയേണ്ട കാര്യമില്ല.”

“ഓഹോ! വലിയ ആണത്തം കാണിക്കുന്നോടാ നീ?” സതീശൻ അർജുന്റെ ഷർട്ടിൽ കയറിപ്പിടിച്ചു. “ഇറങ്ങിപ്പോടാ ഇവിടുന്ന്! നാട്ടിലെ പെൺപിള്ളേരുടെ മാന്യത കളയാൻ കുറേ എണ്ണം ഇറങ്ങിക്കോളും. നിന്നെയും ഇവളെയും ഇന്നിവിടെവെച്ച് വെറുതെ വിട്ടാൽ നാളെ നാട്ടുകാർ ഞങ്ങളുടെ നെഞ്ചത്തോട്ട് കയറും.”

“കൈയെടുക്ക് സതീശേട്ടാ!” നീതു അർജുന്റെ വശത്തേക്ക് മാറിനിന്ന് ഉറക്കെ പറഞ്ഞു. “നിങ്ങൾക്ക് എന്ത് അവകാശമാണ് ഞങ്ങളുടെ മേൽ കൈവെയ്ക്കാൻ ഉള്ളത്? ഞങ്ങൾ കുറ്റമൊന്നും ചെയ്തിട്ടില്ല. ഈ വഴിയിലൂടെ പോകുന്ന നാട്ടുകാരെ വിളിച്ചു കൂട്ടണോ ഞങ്ങൾ?”

“വിളിക്കെടി! അവരും കാണട്ടെ നിന്റെയൊക്കെ കഴപ്പ് ,” ഷാജി ഫോൺ പുറത്തെടുത്തു. “നിന്റെയൊക്കെ തന്തമാരെ വിളിക്കെടാ ആദ്യം. അവർ വരട്ടെ. വന്ന് കണ്ട് പഠിക്കട്ടെ മക്കളുടെ കൂത്താട്ടം. സതീശാ, ഇവരുടെ ബാഗും ലാപ്‌ടോപ്പും ഇങ്ങെടുക്ക്. ഇവർ ഇവിടന്ന് അനങ്ങരുത്.”

കുറേനേരം വാക്കേറ്റം തുടർന്നു. ചുറ്റും ചില നാട്ടുകാർ കൂടിത്തുടങ്ങി. എങ്കിലും കാര്യമറിയാതെ ഭൂരിഭാഗം പേരും കാഴ്ചക്കാരായി നിന്നു. ഷാജിയും സതീശനും ചേർന്ന് അർജുന്റെ ഫോൺ പിടിച്ചെടുക്കാൻ ശ്രമിക്കുകയും നീതുവിനെ മാനസികമായി അധിക്ഷേപിക്കുന്ന രീതിയിലുള്ള പദപ്രയോഗങ്ങൾ തുടരുകയും ചെയ്തു.

“നീ കോളേജിൽ പോകുന്നത് പഠിക്കാനാണോ അതോ ഇങ്ങനെ ആണുങ്ങളുടെ കൂടെ കറങ്ങാനാണോ എന്ന് നിന്റെ അച്ഛനോട് ഞാൻ ചോദിക്കുന്നുണ്ട് ഡി!” ഷാജി നീതുവിന് നേരെ വിരൽ ചൂണ്ടി ആക്രോശിച്ചു.

നീതു ഭയന്നില്ല, പകരം അവൾ തന്റെ ബാഗിൽ നിന്ന് ഫോണെടുത്ത് സ്വന്തം അച്ഛനായ രാമചന്ദ്രനെ വിളിച്ചു.

“അച്ഛാ… ഞാനും അർജുനും വായനശാലയുടെ അടുത്ത് പ്രോജക്ട് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഇവിടെ ഷാജിയും സതീശനും വന്ന് ഞങ്ങളെ തടഞ്ഞുവെച്ച് തെറിവിളിക്കുന്നു. അർജുന്റെ ഷർട്ടിൽ കയറിപ്പിടിച്ചു.”

രാമചന്ദ്രൻ ടൗണിലെ വലിയൊരു ഹൈസ്കൂൾ പ്രധാന അധ്യാപകനായിരുന്നു. സമാധാനപ്രിയനെങ്കിലും അനീതി കണ്ടാൽ മിണ്ടാതിരിക്കുന്ന ആളല്ല. “നീ പേടിക്കണ്ട നീതു, അച്ഛൻ ഇപ്പോൾ വരാം. അർജുനോട് അവിടെത്തന്നെ നിൽക്കാൻ പറ.”

ഉടൻ തന്നെ അർജുൻ തന്റെ അച്ഛൻ പ്രഭാകരനെയും വിവരമറിയിച്ചു. പൂർവ്വ സൈനികനായ പ്രഭാകരൻ, നാടിന്റെ നന്മയ്ക്ക് നിൽക്കുന്ന കാര്യങ്ങളിൽ എപ്പോഴും മുന്നിലുണ്ടാകുന്ന വ്യക്തിയാണ്.

പത്തു മിനിറ്റിനുള്ളിൽ രാമചന്ദ്രനും പ്രഭാകരനും സ്ഥലത്തെത്തി. സംഭവം നടക്കുന്നത് വായനശാലയുടെ മുന്നിലാണ്. അപ്പോഴേക്കും ചെറിയൊരു ആൾക്കൂട്ടം അവിടെ രൂപപ്പെട്ടിരുന്നു. ഷാജിയും സതീശനും വിജയശ്രീലാളിതരെപ്പോലെ നെഞ്ചും വിരിച്ച് നിൽക്കുകയാണ്, തങ്ങൾ എന്തോ വലിയ സാമൂഹിക സേവനം ചെയ്തു എന്ന ഭാവത്തിൽ.

“എന്താടാ സതീശാ ഇവിടെ സംഭവം?” പ്രഭാകരൻ ബൈക്ക് ഒതുക്കിവെച്ച് ഗൗരവത്തിൽ ചോദിച്ചു.

“ഓ… പ്രഭാകരേട്ടൻ വന്നോ!” ഷാജി പരിഹാസത്തോടെ ചിരിച്ചു. “നിങ്ങളുടെ മകന്റെ ലീലാവിലാസങ്ങൾ ഒന്ന് വന്ന് കാണണം. സന്ധ്യ കഴിഞ്ഞിട്ടും പെൺപിള്ളേരെയും കൊണ്ട് വിജനമായ സ്ഥലത്ത് ഇരിക്കുകയാ. നാട്ടിൽ വഴിയേ പോകുന്നവർക്ക് കണ്ടുകൂടേ? നാട്ടിലെ പിള്ളേർക്ക് ഇതൊരു തെറ്റായ മാതൃകയല്ലേ? ഞങ്ങൾ ചോദിച്ചതിന് ഈ ചെറുക്കൻ ഞങ്ങളുടെ നേരെ കയർക്കുകയാ.”

രാമചന്ദ്രൻ തന്റെ മകളുടെ അടുത്തേക്ക് ചെന്നു. “നീതു, എന്താ ഉണ്ടായത്?”

നീതു നടന്ന സംഭവങ്ങൾ ഒന്നൊന്നായി വിവരിച്ചു. ലാപ്‌ടോപ്പിൽ അപ്പോഴും തുറന്നുവെച്ചിരുന്ന പ്രോജക്ട് ഫയലുകളും പ്രസന്റേഷൻ സ്ലൈഡുകളും അവൾ അച്ഛനെ കാണിച്ചു. “ഞങ്ങൾ കഴിഞ്ഞ രണ്ടു ദിവസമായി ഈ പ്രോജക്ടിന്റെ പുറകേയാണ് അച്ഛാ. നാളെ രാവിലെ സബ്‌മിറ്റ് ചെയ്യാനുള്ളതാ . വീട്ടിൽ നെറ്റ്‌വർക്ക് റേഞ്ച് ഇല്ലാത്തതുകൊണ്ടാണ് ലൈറ്റുള്ള ഈ വായനശാലയുടെ തിണ്ണയിൽ വന്നിരുന്നത്. ഇവർ വന്ന് നമ്മളെ തെറിവിളിക്കുകയും, എന്നെക്കുറിച്ച് മോശമായി സംസാരിക്കുകയും അർജുനെ തല്ലാൻ ആഞ്ഞു വരികയും ചെയ്തു.”

പ്രഭാകരൻ സതീശന്റെ അടുത്തേക്ക് ചെന്നു. “എടാ സതീശാ, എന്റെ മകൻ എവിടെ നിൽക്കണം, ആരുടെ കൂടെ സംസാരിക്കണം എന്ന് തീരുമാനിക്കാൻ നിന്നെ ആരാടാ ചുമതലപ്പെടുത്തിയത്? ഇവർക്ക് ഇരുപത്തിയൊന്ന് വയസ്സായി. ഭരണഘടന അനുസരിച്ച് ഇവർ പ്രായപൂർത്തിയായ പൗരന്മാരാണ്. പകൽ വെളിച്ചമുള്ള സ്ഥലത്ത്, പൊതുവഴിയിൽ ഇവർ പഠനകാര്യം സംസാരിച്ചിരുന്നാൽ നിന്റെയൊക്കെ കുടുംബ മഹിമയ്ക്ക് എന്ത് കേടാണ് വരുന്നത്?”

“അതല്ല പ്രഭാകരേട്ടാ…” സതീശൻ ഒന്നു പതറി. “ഒരു ആൺകുട്ടിയും പെൺകുട്ടിയും കൂടെ ഇരുട്ടത്ത് ഇരുന്നാൽ നാട്ടുകാർ പലതും പറയും. അത് തടയാൻ നോക്കിയതാ ഞങ്ങൾ.”

“ആര് പറയും?” രാമചന്ദ്രൻ ഇടപെട്ടു. “പറയുന്നവരുടെ മനസ്സിന്റെ നാറ്റമാണ് പ്രശ്നം! എവിടെ ആൺകുട്ടിയെയും പെൺകുട്ടിയെയും കണ്ടാലും അശ്ലീലം മാത്രം കാണുന്ന നിങ്ങളെപ്പോലുള്ളവരുടെ കാഴ്ചപ്പാടിലാണ് കേട്. എന്റെ മകൾ ആരുടെ കൂടെ നടക്കണം, എപ്പോൾ വീട്ടിൽ വരണം എന്ന് തീരുമാനിക്കാൻ അവളുടെ മാതാപിതാക്കളായ ഞങ്ങൾക്കു കഴിവുണ്ട്. നാട്ടിലെ സ്വയം പ്രഖ്യാപിത സംസ്കാര സംരക്ഷകരുടെ സർട്ടിഫിക്കറ്റ് ഞങ്ങൾക്ക് ആവശ്യമില്ല!”

“നിങ്ങൾ മക്കളെ അഴിഞ്ഞാടാൻ വിട്ടിട്ട് ഞങ്ങളുടെ നെഞ്ചത്തോട്ട് കയറിയിട്ട് കാര്യമില്ല രാമചന്ദ്രൻ മാഷെ,” ഷാജി വീണ്ടും ശബ്ദമുയർത്തി. “ഞങ്ങൾ നാട്ടിലെ മുതിർന്നവരാണ്. ഇത് ചോദിക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്.”

“അവകാശമോ?” പ്രഭാകരൻ ഗർജിച്ചു. “നിയമം കയ്യിലെടുക്കാൻ നിനക്ക് ആരാടാ അവകാശം തന്നത്? നീ എന്റെ മകന്റെ ഷർട്ടിൽ പിടിച്ച് വലിച്ചല്ലോടാ. വഴി തടഞ്ഞു വെച്ച് ഭീഷണിപ്പെടുത്തിയല്ലോ. പെൺകുട്ടിയോട് മോശമായി സംസാരിച്ചല്ലോ. ഇതാണോടാ നിന്റെ സംസ്കാരം?”

അപ്പോഴേക്കും നാട്ടുകാരിൽ ചിലർ മാഷിന്റെയും പ്രഭാകരന്റെയും ഭാഗത്ത് ന്യായമുണ്ടെന്ന് മനസ്സിലാക്കി സംസാരിക്കാൻ തുടങ്ങി.

“മാഷ് പറഞ്ഞതാ ശരി. ഈ സതീശനും ഷാജിക്കും ഇതൊരു സ്ഥിരം പണിയാണ്. വഴിയേ പോകുന്ന ആൺകുട്ടികളും പെൺകുട്ടികളും സംസാരിച്ചാൽ ഉടൻ ചെന്ന് ഭീഷണിപ്പെടുത്തും.” ആൾക്കൂട്ടത്തിൽ നിന്ന് ഒരു യുവാവ് പറഞ്ഞു.

“അതെ, കഴിഞ്ഞ ആഴ്ചയും ഇവർ കവലയിൽ വെച്ച് രണ്ടു പിള്ളേരെ വെറുതെ അധിക്ഷേപിച്ചത് ഞാൻ കണ്ടതാണ്.” മറ്റൊരാളും കൂട്ടിച്ചേർത്തു.

ഷാജിയും സതീശനും കാര്യം കൈവിട്ടു പോകുന്നത് കണ്ടു. “ശരി, എന്നാൽ നിങ്ങൾ മക്കളെ എങ്ങനെ വേണമെങ്കിലും വളർത്ത്. ഞങ്ങൾക്ക് ഒരു തേങ്ങയുമില്ല. വാടാ സതീശാ പോകാം,” എന്ന് പറഞ്ഞ് അവർ അവിടെനിന്ന് വഴുതിമാറാൻ ശ്രമിച്ചു.

“നിൽക്കവിടെ!” രാമചന്ദ്രൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. “ഇത്രയും ആക്കി തീർത്തിട്ട് അങ്ങനെ വെറുതെ പോകാൻ പറ്റില്ല. നിങ്ങൾ ചെയ്തത് സദാചാര പോലീസിംഗും, പെൺകുട്ടിയെ പരസ്യമായി അധിക്ഷേപിക്കലും, വഴിതടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തലുമാണ്. ഇതിനൊരു അവസാനമുണ്ടാകണം.”

രാമചന്ദ്രൻ ഉടൻ തന്നെ ലോക്കൽ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറെ ഫോണിൽ ബന്ധപ്പെട്ടു. സംഭവം വിശദീകരിക്കുകയും പെൺകുട്ടിയെ അധിക്ഷേപിച്ചതിനും വഴി തടഞ്ഞതിനും പരാതി നൽകാൻ പോകുകയാണെന്ന് അറിയിക്കുകയും ചെയ്തു.

പോലീസ് ഇൻസ്പെക്ടർ വിജയൻ ശക്തനായ ഒരു ഉദ്യോഗസ്ഥനായിരുന്നു. “മാഷേ, നിങ്ങൾ സ്റ്റേഷനിലേക്ക് പോരൂ. ആൾക്കാരെ അവിടെത്തന്നെ നിർത്ത്, ഞാൻ പട്രോളിങ് വാഹനം അങ്ങോട്ട് അയക്കാം,” ഇൻസ്പെക്ടർ ഉറപ്പുനൽകി.

അഞ്ചു മിനിറ്റിനുള്ളിൽ പോലീസ് ജീപ്പ് വായനശാലയുടെ മുന്നിൽ വന്നു നിന്നു. ജീപ്പിൽ നിന്ന് ഇറങ്ങിയ എസ്.ഐ പ്രസാദ് സംഭവസ്ഥലത്തുണ്ടായിരുന്നവരോട് കാര്യങ്ങൾ തിരക്കി.

നീതുവും അർജുനും നടന്ന കാര്യങ്ങൾ കൃത്യമായി പ്രസാദിനോട് വിശദീകരിച്ചു. അർജുന്റെ ഷർട്ടിലെ വലിഞ്ഞ പാടുകളും, ഷാജി ഫോൺ പിടിച്ചെടുക്കാൻ ശ്രമിച്ചതും നാട്ടുകാർ സാക്ഷ്യപ്പെടുത്തി.

“എന്താടാ ഷാജി ഇത്ര വലിയ സംഭവം?” എസ്.ഐ പ്രസാദ് കടുപ്പത്തിൽ ചോദിച്ചു. “ഇവർ വല്ല കുറ്റകൃത്യവും ചെയ്തോ? വഴിയിൽ ബോംബ് ഉണ്ടാക്കുകയായിരുന്നോ? അതോ കഞ്ചാവ് വിൽക്കുകയായിരുന്നോ?”

“അതല്ല സാർ… ഇവർ സന്ധ്യനേരത്ത് ഒന്നിച്ച് ഇരിക്കുന്നത് കണ്ടപ്പോൾ…” ഷാജി വിയർത്തു തുടങ്ങി.

“ഒന്നിച്ച് ഇരുന്നാൽ നിനക്കെന്താടാ?” എസ്.ഐ ശബ്ദമുയർത്തി. “ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഏത് പൗരനും രാജ്യത്ത് എവിടെയും അന്തസ്സോടെ സഞ്ചരിക്കാനും ജീവിക്കാനും അവകാശമുണ്ട്. ഇരുപത്തിയൊന്ന് വയസ്സുള്ള ആൺകുട്ടിയും പെൺകുട്ടിയും സംസാരിച്ചിരുന്നാൽ അത് കുറ്റകൃത്യമാണെന്ന് ഏത് നിയമപുസ്തകത്തിലാണ് എഴുതിവെച്ചിരിക്കുന്നത്? നിങ്ങൾ ആരാ നിയമം കൈയിലെടുക്കാൻ? ജഡ്ജിയോ അതോ പോലീസോ?”

സതീശൻ ഭയത്തോടെ പറഞ്ഞു, “സാർ… ഞങ്ങൾ നാടിന്റെ നന്മയ്ക്ക്…”

“നിന്റെയൊക്കെ ഈ ‘നാടിന്റെ നന്മ’ എന്ന വ്യാജേനയുള്ള ഗുണ്ടായിസം ഞങ്ങൾ കുറെ കണ്ടിട്ടുള്ളതാണ്,” എസ്.ഐ തുറന്നടിച്ചു. “പെൺകുട്ടികളെ അധിക്ഷേപിക്കുക, ചെറുപ്പക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുക അല്ലെങ്കിൽ സ്വന്തം അപകർഷതാബോധം തീർക്കുക. ഇതാണ് നിങ്ങളുടെ പണി.”

രാമചന്ദ്രൻ പോലീസ് ഉദ്യോഗസ്ഥന് രേഖാമൂലം പരാതി കൈമാറി. നീതുവിനെ അപമാനിച്ചതിനും, വഴി തടഞ്ഞതിനും, ഭീഷണിപ്പെടുത്തിയതിനും സതീശനും ഷാജിക്കുമെതിരെ ശക്തമായ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് പരാതിയിൽ വ്യക്തമായി എഴുതിയിരുന്നു.

“മാഷേ, ഈ പരാതിയിൽ ഞങ്ങൾ കേസെടുക്കുന്നുണ്ട്. ഇവരെ രണ്ടുപേരെയും ഇപ്പോൾത്തന്നെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയാണ്,” എസ്.ഐ പ്രസാദ് പറഞ്ഞു.

പോലീസ് ഷാജിയെയും സതീശനെയും ജീപ്പിലേക്ക് കയറ്റാൻ തുനിഞ്ഞപ്പോൾ, ഷാജിയുടെ വീട്ടുകാരും നാട്ടിലെ ചില പ്രമാണിമാരും സ്ഥലത്തെത്തി.

“മാഷേ… ഇത് നാട്ടുനടപ്പല്ലേ? കേസാക്കി മാറ്റണോ? സംസാരിച്ച് തീർത്തൂടെ? ചെറുപ്പക്കാരുടെ കാര്യമല്ലേ,” പ്രദേശത്തെ ഒരു രാഷ്ട്രീയ പ്രവർത്തകൻ രാമചന്ദ്രനോട് പറഞ്ഞു.

രാമചന്ദ്രൻ വിട്ടുകൊടുക്കാൻ തയ്യാറായില്ല. “ഇല്ല കേശവേട്ടാ. നമ്മൾ മിണ്ടാതിരിക്കുന്നത് കൊണ്ടാണ് ഇത്തരക്കാർക്ക് ഇത്രയും ധൈര്യം വരുന്നത്. ഇന്ന് എന്റെ മകൾക്ക് നേരിട്ട അനുഭവം നാളെ വേറൊരു കുട്ടിക്കും ഉണ്ടാകരുത്. സദാചാര പോലീസിങ് എന്നത് ഒരു കുറ്റകൃത്യമാണ്. അതിന് മാപ്പില്ല. നിയമം അതിൻറെ വഴിക്ക് പോകട്ടെ.”

പ്രഭാകരനും ഉറച്ചുനിന്നു. “മക്കളെ മാന്യമായി വളർത്താൻ മാതാപിതാക്കൾക്ക് അറിയാം. വഴിയിൽ നിൽക്കുന്ന സദാചാര ഗുണ്ടകളുടെ സർട്ടിഫിക്കറ്റ് വാങ്ങിയല്ല ഞങ്ങളുടെ കുട്ടികൾ നടക്കുന്നത്. കേസ് പിൻവലിക്കുന്ന പ്രശ്നമേയില്ല.”

പോലീസ് ഷാജിയെയും സതീശനെയും ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പോകുന്ന വഴിയിൽ അവരുടെ മുഖത്തുണ്ടായിരുന്ന അഹങ്കാരം മുഴുവൻ മാഞ്ഞുപോയിരുന്നു.

പിറ്റേന്ന് രാവിലെ, പോലീസ് സ്റ്റേഷനിൽ വച്ച് സ്ത്രീത്വത്തെ അപമാനിക്കൽ വഴി തടസ്സപ്പെടുത്തൽ ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തി ഷാജിക്കും സതീശനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

വാർത്ത നാട്ടിലൊട്ടാകെ പരന്നു. പലരും രാമചന്ദ്രൻ മാഷിന്റെയും പ്രഭാകരന്റെയും ധീരമായ നിലപാടിനെ പ്രശംസിച്ചു. സദാചാര പോലീസിംഗിനെതിരെ ശബ്ദമുയർത്താൻ മറ്റ് മാതാപിതാക്കൾക്കും അത് പ്രചോദനമായി.

✍️ആമി

Leave a Reply

Your email address will not be published. Required fields are marked *