“ഇരുപത്തിയേഴ് വയസ്സുവരെ ആരും കെട്ടാതെ വെച്ചേക്കുവാണെന്ന് പറയുമ്പോൾ ചിന്തിക്കേണ്ടതായിരുന്നു”
“നിനക്ക് പ്രസവിക്കാൻ വയ്യെങ്കിൽ എൻറെ മോന്റെ ജീവിതം നശിപ്പിക്കാതെ
ഈ പടിയൊന്ന് ഇറങ്ങി താ ”
കോലായിലെ ചാരുബെഞ്ചിൽ വടിപോലെ നിവർന്നിരുന്ന് സുഭദ്രയമ്മ അലറിയപ്പോൾ വീടിൻറെ ആകെ അന്തരീക്ഷം ഒന്ന് വിറച്ചു. ഉച്ചവെയിലിൽ തിളച്ചുമറിഞ്ഞ മുറ്റത്തെ മണൽത്തരികൾ പോലെ മനസ്സ് പുകയുകയായിരുന്നു പൂർണ്ണിമയ്ക്ക്. കയ്യിലിരുന്ന ചൂടുചായ ഗ്ലാസ്സിലെ പുക അവളുടെ കണ്ണുകളിലേക്ക് അടിച്ചുകയറി. കണ്ണീർ തുള്ളികൾ കൺപോളകളുടെ അതിര് ഭേദിച്ച് താഴേക്ക് വീഴാൻ വെമ്പി നിൽക്കുകയാണ്.
കേവലം നാല് വർഷം… സുഭദ്രയമ്മയുടെ മകൻ ഗൗതമന്റെ ഭാര്യയായി ഈ ‘ശ്രീശൈലം’ തറവാടിന്റെ പടി ചവിട്ടിയിട്ട് നാലേ നാല് വർഷമേ ആയിട്ടുള്ളൂ. ആദ്യത്തെ ഒരു വർഷം സ്നേഹത്തിന്റെ പൂമഴയായിരുന്നു. എന്നാൽ രണ്ടാം വർഷത്തിന്റെ പകുതിയായതോടെ, ആ വീട്ടിലെ കാറ്റിന്റെ ഗതി മാറി. കുഞ്ഞുങ്ങളുണ്ടാകാത്തതിന്റെ പേരിലുള്ള കുത്തുവാക്കുകൾ പൂമഴയ്ക്ക് പകരം മുള്ളുകളായി മാറാൻ തുടങ്ങി.
“എന്താടീ മിണ്ടാതിരിക്കുന്നത്? നിനക്ക് നാവും വായുമൊന്നുമില്ലേ?”
സുഭദ്രയമ്മയുടെ ശബ്ദത്തിന് വീണ്ടും വീര്യം കൂടി. അടുത്തുതന്നെ ഉമ്മറപ്പടിയിൽ കാലും നീട്ടിയിരുന്ന് കടല കൊറിക്കുന്ന ഗൗതമന്റെ മൂത്ത സഹോദരി ശ്യാമളയും ഒട്ടും മോശമായിരുന്നില്ല.
“അല്ല അമ്മേ, ഇവളോട് ചോദിച്ചിട്ട് എന്താ കാര്യം? എനിക്കന്ന് പൂർണ്ണിമയെ ഗൗതമന് ആലോചിക്കുമ്പോഴേ തോന്നുമായിരുന്നു ഇതിൽ എന്തോ പന്തികേടുണ്ടെന്ന്. അതിസുന്ദരിയായ പെണ്ണാണ്, അത്യാവശ്യം നല്ല തറവാട്ടു മഹിമയുമുണ്ട്, എന്നിട്ടും ഇരുപത്തിയേഴ് വയസ്സുവരെ ആരും കെട്ടാതെ വെച്ചേക്കുവാണെന്ന് പറയുമ്പോൾ ചിന്തിക്കേണ്ടതായിരുന്നു! നമ്മൾ മണ്ടന്മാരായതുകൊണ്ട് ചെന്നു ചാടി. ഇതിപ്പോ എന്റെ അനിയന്റെ ആയുസ്സും ആഗ്രഹങ്ങളുമാണ് ഈ വീട്ടുതടങ്കലിൽ കിടന്നു നശിക്കുന്നത്.”
ശ്യാമളയുടെ വാക്കുകളിലെ വിഷം പൂർണ്ണിമയുടെ നെഞ്ചിലേക്ക് നേരിട്ട് തുളച്ചുകയറി. ആ കൈകളിലെ ചായക്കപ്പ് വിറയ്ക്കാൻ തുടങ്ങി.
“ചേച്ചി… എന്നെ അറിയാത്ത ആളൊന്നുമല്ലല്ലോ. എനിക്ക് എന്തെങ്കിലും കുഴപ്പമുണ്ടെന്ന് അറിഞ്ഞുകൊണ്ട് വന്നതല്ല ഞാൻ. അങ്ങനെയൊരു പ്രശ്നം ഇതിനുമുമ്പ് എനിക്കും അറിയുമായിരുന്നില്ല…” പൂർണ്ണിമ വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു.
“അറിയുമായിരുന്നില്ല!” സുഭദ്രയമ്മ ഉറക്കെ ചിരിച്ചു. “അതെങ്ങനെയാ, വലിയ ഡോക്ടർമാരെ കാണിച്ചപ്പോൾ അവർ മലയാളത്തിൽ തന്നെയാണല്ലോ പറഞ്ഞത്… നിന്റെ ഗർഭപാത്രത്തിൽ എന്തോ കുഴപ്പമുണ്ടെന്ന്! അമ്മയാകാൻ യോഗമില്ലാത്ത ഒരു പെണ്ണിനെ ഞങ്ങൾക്ക് എന്തിനാടീ ഇവിടെ? എൻറെ ഗൗതമന് മുപ്പത്തിരണ്ട് വയസ്സേ ആയിട്ടുള്ളൂ. അവനൊരു കുഞ്ഞുവേണം, അവന്റെ കുഞ്ഞിനെ കൊഞ്ചിക്കാൻ എനിക്ക് കൊതിയുണ്ട്. അതിന് തടസ്സമായി നിൽക്കുന്ന നിന്നെ ഞങ്ങൾ ഇനി ചുമക്കില്ല.”
പൂർണ്ണിമ ചായക്കപ്പ് വരാന്തയിലെ മേശപ്പുറത്ത് വെച്ച് പതുക്കെ ഉള്ളിലേക്ക് നടന്നു. ഓരോ അടിയും വെയ്ക്കുമ്പോൾ അവളുടെ കാൽമുട്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. അടുക്കളയിൽ പാത്രങ്ങൾ കഴുകിക്കൊണ്ടിരുന്ന വേലക്കാരി കാർത്യായനിയമ്മ ദയനീയമായി അവളെ നോക്കി. ആ വീട്ടിൽ പൂർണ്ണിമയോട് അല്പമെങ്കിലും അനുകമ്പ കാണിച്ചിരുന്നത് ആ വൃദ്ധ മാത്രമായിരുന്നു.
“മോളേ… സാരമില്ലാട്ടോ,” കാർത്യായനിയമ്മ പതുക്കെ പറഞ്ഞു. “അമ്മയും ശ്യാമളമ്മയും പറയുന്നതൊന്നും മനസ്സിൽ വയ്ക്കരുത്. ദൈവം തരാനുള്ളത് തരാതിരിക്കില്ല.”
“എന്ത് തരാൻ കാർത്യായനിയമ്മേ…” പൂർണ്ണിമയുടെ ശബ്ദം ഇടറി. “എന്റെ ഉള്ളിൽ ജീവന്റെ ഒരു തുടിപ്പ് പോലുമുണ്ടാകില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയതല്ലേ? അങ്ങനെയുള്ളപ്പോൾ ഞാൻ എന്തിന് ഇനിയും ഇവിടെ കിടന്ന് എല്ലാവരുടെയും ശാപം വാങ്ങണം?”
അന്ന് വൈകുന്നേരം ഗൗതമൻ ഓഫീസിൽ നിന്നെത്തുമ്പോൾ അന്തരീക്ഷം തീർത്തും കലുഷിതമായിരുന്നു. കാർ പാർക്ക് ചെയ്ത് ഉമ്മറത്തേക്ക് കയറിയ ഗൗതമനെ സ്വാഗതം ചെയ്തത് അമ്മയുടെയും സഹോദരിയുടെയും കരച്ചിലും ആവലാതികളുമായിരുന്നു.
“ഗൗതമാ…” സുഭദ്രയമ്മ അല്പം വിതുമ്പലോടെ അടുത്തു വന്നു. “നിന്നോട് ഒരു കാര്യം പറയാൻ ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. ഇനിയിപ്പോൾ ഇത് നീട്ടിക്കൊണ്ടു പോകാൻ പറ്റില്ല.”
ഗൗതമൻ ഷർട്ടിന്റെ ബട്ടണുകൾ അയച്ചുകൊണ്ട് ഹാൾ മുറിയിലെ സോഫയിലേക്ക് ഇരുന്നു. അവന്റെ മുഖത്ത് ആകെ ക്ഷീണമായിരുന്നു. “എന്താ അമ്മേ? രാവിലെ തുടങ്ങിയതാണോ ഈ വിചാരണ? എനിക്ക് ആകെ തലവേദനിക്കുന്നു.”
“തലവേദന കേവലം ഒരു ദിവസത്തേക്കുള്ളതാണ് ഗൗതമാ,” ശ്യാമള അടുത്തു വന്നിരുന്നു. “പക്ഷേ ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ട തലവേദനയെക്കുറിച്ചാണ് അമ്മ പറയുന്നത്. നീ ഇനിയും ഇവളെയും ചുമന്നുകൊണ്ട് നടക്കാൻ ഉദ്ദേശിക്കുന്നുണ്ടോ? ഗൈനക്കോളജിസ്റ്റ് പൂർണ്ണമായും കൈയൊഴിഞ്ഞതാണ്. ഇനി വിദേശത്തു കൊണ്ടുപോയാലും ഇവൾക്കൊരു കുട്ടിയുണ്ടാകില്ല. നീ ഇവളെ വിവാഹമോചനം ചെയ്യണം. ഞങ്ങൾക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ട്. കളത്തിൽ തറവാട്ടിലെ മാധവമേനോന്റെ മകൾ മാളവിക. അവളുടെ ജാതകത്തിൽ ഒന്നിലധികം സന്താനയോഗമുണ്ട്! നീ സമ്മതിച്ചാൽ ഉടൻ തന്നെ കാര്യങ്ങൾ നീക്കാം.”
ഗൗതമൻ കുറച്ചുനേരം നിശബ്ദനായിരുന്നു. അവൻ ആഴത്തിൽ ഒരു ശ്വാസമെടുത്ത് വരാന്തയിലേക്ക് നോക്കി. അവിടെ വാതിലിന്റെ മറവിൽ പൂർണ്ണിമ നിൽപ്പുണ്ടായിരുന്നു. അവളുടെ കണ്ണുകൾ നീറിപ്പുകയുന്നത് അവൻ കണ്ടു.
ഗൗതമൻ പതുക്കെ എഴുന്നേറ്റു. “അമ്മേ, ചേച്ചീ… നിങ്ങൾ രണ്ടുപേരും ഒന്ന് ഇരിക്ക്.”
“എന്തിനാ ഗൗതമാ ഇരിക്കുന്നത്? തീരുമാനം പറയൂ. ഇവളെ നിന്റെ വീട്ടിന്ന് ഇറക്കിവിടാൻ നീ തയ്യാറാണോ ഇല്ലയോ?” സുഭദ്രയമ്മ കർശനമായി ചോദിച്ചു.
ഗൗതമൻ പൂർണ്ണിമയുടെ അടുത്തേക്ക് നടന്നു. അവളുടെ തണുത്തുറഞ്ഞ കൈകൾ അവൻ തന്റെ കൈകളിൽ ചേർത്തുപിടിച്ചു. പൂർണ്ണിമ ഭയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി. അവനും തന്നോട് ഇറങ്ങിപ്പോകാൻ പറയും എന്ന ഭയം അവളുടെ കണ്ണുകളിലുണ്ടായിരുന്നു.
“അമ്മേ…” ഗൗതമൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. “പൂർണ്ണിമ ഈ വീടിന്റെ ഇറയത്ത് നിന്ന് ഇറങ്ങിപ്പോകുന്ന ദിവസം… ആ ദിവസം ഇവൾ ഒറ്റയ്ക്കായിരിക്കില്ല ഇറങ്ങുന്നത്. ഇവളുടെ കൂടെ ഞാനും കാണും. ഈ ഗൗതമനും ഈ വീടിന്റെ പടിയിറങ്ങും!”
ഒരു നിമിഷത്തേക്ക് ആ മുറിയിൽ ശ്വാസം അടക്കിപ്പിടിച്ച നിശബ്ദത പടർന്നു. സുഭദ്രയമ്മ അമ്പരപ്പോടെ മകനെ നോക്കി. ശ്യാമളയുടെ മുഖം കറുത്തു ഇരുണ്ടു.
“നീ… നീ എന്താ ഈ പറയുന്നത് ഗൗതമാ?” സുഭദ്രയമ്മ ആടിയുലഞ്ഞു. “ഒരു പെണ്ണിനുവേണ്ടി, പ്രസവിക്കാൻ വയ്യാത്ത ഒരു പെണ്ണിനുവേണ്ടി നീ ജന്മം തന്ന അമ്മയെയും നിന്റെ കൂടെപ്പിറപ്പിനെയും ഉപേക്ഷിക്കാൻ തയ്യാറാവുകയാണോ? നിനക്ക് തലയ്ക്കു വട്ടായോ?”
“അമ്മേ!” ഗൗതമന്റെ ശബ്ദം അല്പം ഉയർന്നു. “ആരാണ് ആരോടാണ് അനീതി കാണിക്കുന്നത്? നാല് കൊല്ലം മുമ്പ് ഞാൻ ഈ പെണ്ണിന്റെ കഴുത്തിൽ താലി കെട്ടുമ്പോൾ, കുഞ്ഞുങ്ങളെ പ്രസവിക്കാനുള്ള ഒരു മെഷീൻ ആയിട്ടല്ല ഇവളെ എന്റെ ജീവിതത്തിലേക്ക് കൂട്ടിയത്. എന്റെ സുഖത്തിലും ദുഃഖത്തിലും കൂടെ നിൽക്കുന്ന കൂട്ടുകാരിയായിട്ടാണ്. ഇന്ന് ഇവൾക്കൊരു കുറവുണ്ടെന്ന് കണ്ടപ്പോൾ, ഇവളെ ഉപേക്ഷിച്ച് വേറെ കല്യാണം കഴിക്കാൻ എന്നോട് പറയാൻ നിങ്ങൾക്ക് എങ്ങനെ മനസ്സ് വന്നു?”
“എടാ, ആണുങ്ങൾക്ക് ഒരു കുഞ്ഞു വേണമെന്ന് ആഗ്രഹിക്കുന്നത് തെറ്റാണോ?” ശ്യാമള ഇടയിൽ കയറി ചോദിച്ചു. “വംശം നിലനിർത്തണ്ടേ?”
“ചേച്ചീ, വംശം നിലനിർത്താൻ പൂർണ്ണിമയെ എറിഞ്ഞുകൊടുത്തിട്ട് വേറൊരു കല്യാണം കഴിച്ചാൽ ആ വംശത്തിന് എന്ത് മഹിമയാ ഉള്ളത്?” ഗൗതമൻ തിരിച്ചു ചോദിച്ചു. “അഥവാ പ്രശ്നം എനിക്കായിരുന്നുവെങ്കിലോ? എനിക്ക് കുഞ്ഞുങ്ങളുണ്ടാകില്ല എന്ന് ഡോക്ടർ പറഞ്ഞിരുന്നതെങ്കിൽ, നിങ്ങൾ പൂർണ്ണിമയോട് എന്നെ ഉപേക്ഷിച്ച് വേറെ കല്യാണം കഴിക്കാൻ പറയുമായിരുന്നോ? പറ ചേച്ചീ… പറ അമ്മേ…?”
സുഭദ്രയമ്മയ്ക്ക് ഉത്തരം ഇല്ലായിരുന്നു. അവർ മുഖം തിരിച്ചുകളഞ്ഞു.
“ഇല്ല… നിങ്ങൾ പറയില്ല,” ഗൗതമൻ വിഷാദത്തോടെ ചിരിച്ചു. “അപ്പോൾ നിങ്ങൾ പറയും, പെണ്ണായാൽ സഹിച്ച് ജീവിക്കണം എന്ന്. ആൺകോയ്മയുടെ ഈ ഇരട്ടത്താപ്പ് എന്റെ അടുത്ത് ചെലവാകില്ല. പൂർണ്ണിമയ്ക്ക് കുഞ്ഞുങ്ങളുണ്ടാകില്ല എന്നത് അവളുടെ കുറ്റമല്ല. അത് ദൈവത്തിന്റെ വിധി മാത്രമാണ്. അതിന് ഞാൻ അവളെ ഉപേക്ഷിക്കില്ല. മാത്രമല്ല, ഇനിയൊരിക്കൽ കൂടി ഈ വിഷയത്തിൽ അവളെ വിഷമിപ്പിച്ചാൽ, ശ്രീശൈലം തറവാട്ടിലെ സകല സ്വത്തുക്കളും ഉപേക്ഷിച്ച് ഞാൻ ഇവളെയും കൊണ്ട്
വാടകവീട്ടിലേക്ക് മാറും. ഇത് എന്റെ അവസാനത്തെ തീരുമാനമാണ്!”
ഗൗതമൻ പൂർണ്ണിമയുടെ കൈപിടിച്ച് മുകളിലത്തെ നിലയിലെ തങ്ങളുടെ മുറിയിലേക്ക് നടന്നു.
മുറിയിലെത്തിയതും പൂർണ്ണിമ ഗൗതമന്റെ നെഞ്ചിലേക്ക് ചരിഞ്ഞ് പൊട്ടിക്കരഞ്ഞു. അവളുടെ കണ്ണ് നീർ അവന്റെ ഷർട്ടിൽ പടർന്നു പിടിച്ചു.
“ഗൗതമേട്ടാ… എന്തിനാ എന്നെ ഓർത്ത് അമ്മയോടും ചേച്ചിയോടും വഴക്കിടുന്നത്? അവര് പറയുന്നത് സത്യമല്ലേ? എനിക്ക് നിങ്ങൾക്ക് ഒരു കുഞ്ഞിനെ തരാൻ കഴിയില്ല. നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം ഞാൻ കാരണം ഇല്ലാതാവുകയാണ്. എന്നെ ഉപേക്ഷിച്ചേക്ക് ഗൗതമേട്ടാ… ഞാൻ എൻറെ വീട്ടിലേക്ക് പൊയ്ക്കോളാം. നിങ്ങൾ വേറൊരു കല്യാണം കഴിക്കൂ…”
ഗൗതമൻ അവളുടെ മുഖം പതുക്കെ ഉയർത്തിപ്പിടിച്ചു. അവളുടെ കണ്ണീർ തുള്ളികൾ തൻറെ വിരലുകളാൽ തുടച്ചുമാറ്റി.
“പൂർണ്ണിമേ… നീ എന്തിനാ ഇങ്ങനെ സംസാരിക്കുന്നത്?” ഗൗതമൻ സ്നേഹത്തോടെ അവളെ നോക്കി. “ഒരു കുഞ്ഞുണ്ടായാൽ മാത്രമേ ദാമ്പത്യം പൂർണ്ണമാകൂ എന്ന് ആരാ പറഞ്ഞത്? സ്നേഹവും പരസ്പരവിശ്വാസവുമാണ് ഒരു ജീവിതത്തിന്റെ അടിത്തറ. എന്റെ ജീവിതത്തിൽ നീ തന്ന സന്തോഷം വേറാർക്കും തരാൻ കഴിയില്ല. നിന്നെ ഉപേക്ഷിച്ച് കിട്ടുന്ന ഒരു കുഞ്ഞും എനിക്ക് വേണ്ട പൂർണ്ണിമേ. ഇനി മേലിൽ ഡിവോഴ്സിനെക്കുറിച്ച് പറയരുത്.”
“പക്ഷേ അമ്മയും ചേച്ചിയും…”
“അമ്മയും ചേച്ചിയും പറയുന്നതൊന്നും നീ കേൾക്കേണ്ട. ഞാൻ നിന്നോടൊപ്പമുണ്ട്. ഈ ലോകം മുഴുവൻ നിനക്കെതിരായി നിന്നാലും ഞാൻ നിന്റെ കൂടെയുണ്ടാകും.”
പക്ഷേ, ഗൗതമന്റെ പ്രഖ്യാപനം സുഭദ്രയമ്മയെയും ശ്യാമളയെയും തണുപ്പിച്ചില്ല. പകരം, അവരുടെ ഉള്ളിലെ പക ജ്വലിക്കുകയാണ് ചെയ്തത്. ഗൗതമൻ ജോലിക്ക് പോകുന്ന സമയത്ത് പൂർണ്ണിമയെ മാനസികമായി തകർക്കുക എന്നതായിരുന്നു അവരുടെ അടുത്ത തന്ത്രം.
അടുത്ത ഏതാനും മാസങ്ങൾ പൂർണ്ണിമയ്ക്ക് നരകതുല്യമായിരുന്നു.
രാവിലെ ഗൗതമൻ ഓഫീസിലേക്ക് ഇറങ്ങിക്കഴിഞ്ഞാൽ വീട്ടിലെ അന്തരീക്ഷം മാറും. പൂർണ്ണിമ പാചകം ചെയ്യുന്ന ഭക്ഷണത്തിൽ കുറ്റം കണ്ടുപിടിക്കുക, അവൾ തൊടുന്നതെല്ലാം അശുദ്ധമാണെന്ന് വരുത്തിത്തീർക്കുക എന്നിവ ശ്യാമളയുടെ സ്ഥിരം പണിയായി മാറി.
ഒരു ദിവസം രാവിലെ, തറവാട്ടിലെ കുടുംബക്ഷേത്രത്തിൽ വിശേഷാൽ പൂജയുണ്ടായിരുന്നു. വീട്ടിലെ എല്ലാവരും പൂജയിൽ പങ്കെടുക്കാൻ ഒരുങ്ങി. പൂർണ്ണിമയും നല്ലൊരു സെറ്റ് സാറിയൊക്കെ ഉടുത്ത് താഴേക്ക് വന്നു.
അവളെ കണ്ടതും സുഭദ്രയമ്മ തടഞ്ഞു. “നീ എങ്ങോട്ടാ ഈ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്?”
“അമ്മേ, അമ്പലത്തിൽ പൂജയല്ലേ… ഞാനും വരാൻ…” പൂർണ്ണിമ പതുക്കെ പറഞ്ഞു.
“വേണ്ട!” സുഭദ്രയമ്മ കർശനമായി പറഞ്ഞു. “സന്താനഗോപാല പൂജയാണ് ഇന്ന് അമ്പലത്തിൽ. വന്ധ്യയായ ഒരു പെണ്ണ് അവിടെ വന്ന് തൊഴുതാൽ പൂജയുടെ ഫലം പോകും. വീട്ടുദേവതയ്ക്ക് കോപമുണ്ടാകും. നീ ഇവിടെത്തന്നെ ഇരുന്നാൽ മതി. അമ്പലത്തിന്റെ പടി കടക്കാൻ ശ്രമിക്കരുത്.”
ആ വാക്കുകൾ പൂർണ്ണിമയുടെ മനസ്സിൽ ആഴത്തിൽ മുറിവേൽപ്പിച്ചു.
ശ്യാമള പരിഹാസത്തോടെ ചിരിച്ചു. “അതെ, അമ്മ പറയുന്നത് സത്യമാ. അവിടെ മറ്റു തറവാട്ടുകാരൊക്കെ കാണും. എല്ലാവരും ചോദിക്കും ‘നിങ്ങളുടെ മരുമകൾക്ക് ഇത്രയും നാളായിട്ടും കുട്ടികളൊന്നുമില്ലേ’ എന്ന്. ആൾക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് ഞങ്ങൾക്ക് മടുത്തു. നീ വീട്ടിലിരുന്ന് എന്തെങ്കിലും പണി ചെയ്യ്.”
അവർ രണ്ടുപേരും അമ്പലത്തിലേക്ക് പോയി. പൂർണ്ണിമ പൂമുഖത്തെ പടിയിൽ ഇരുന്ന് ഒരുപാട് കരഞ്ഞു. താൻ എന്തൊരു പാപമാണ് ചെയ്തത്? ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിയാത്തത് ഇത്ര വലിയ കുറ്റമാണോ?
ഉച്ചയ്ക്ക് ഗൗതമൻ ഓഫീസിൽ നിന്ന് നേരത്തെ എത്തിയപ്പോൾ പൂർണ്ണിമ മുറിയിൽ കരഞ്ഞു തളർന്നു കിടക്കുകയായിരുന്നു. കാര്യമറിഞ്ഞ ഗൗതമന് കലിയിളകി. അവൻ നേരെ അമ്മയുടെ അടുത്തേക്ക് ചെന്നു.
“അമ്മേ, ഇതാണോ നിങ്ങളുടെ ധർമ്മം?” ഗൗതമൻ അലറി. “പൂജയ്ക്ക് പോകുമ്പോൾ പൂർണ്ണിമയെ വീട്ടിലിരുത്തിയത് എന്തിനാ? അവൾ മനുഷ്യനല്ലേ? അവൾക്ക് ദൈവത്തെ തൊഴാൻ അവകാശമില്ലേ?”
സുഭദ്രയമ്മ അല്പം ഭയന്നെങ്കിലും വീണ്ടും ന്യായീകരിച്ചു. “ടാ, അമ്പലത്തിലെ പൂജാരി തന്നെയല്ലേ പറഞ്ഞത്, മക്കളില്ലാത്തവർ ആ പൂജയിൽ മുന്നിൽ നിൽക്കരുതെന്ന്. തറവാടിന്റെ നന്മയ്ക്ക വേണ്ടിയാ ഞാൻ ചെയ്തത്.”
“തറവാടിന്റെ നന്മയല്ല അമ്മേ, നിങ്ങളുടെ ഉള്ളിലെ അഹങ്കാരവും അസൂയയുമാണ് ഇത്!” ഗൗതമൻ തീർത്തുപറഞ്ഞു. “ഇനി ഈ വീട്ടിൽ പൂർണ്ണിമയ്ക്ക് ബഹുമാനം കിട്ടില്ലെന്ന് എനിക്ക് ഉറപ്പായി. എനിക്ക് ഇനി ഇവിടെ നിൽക്കാൻ താല്പര്യമില്ല.”
അന്നുതന്നെ ഗൗതമൻ ബാഗുകൾ പാക്ക് ചെയ്യാൻ തുടങ്ങി. പൂർണ്ണിമ അവനെ തടയാൻ ശ്രമിച്ചു.
“ഗൗതമേട്ടാ… വേണ്ട. എന്റെ പേരിൽ നിങ്ങൾ സ്വന്തം അമ്മയെ ഉപേക്ഷിച്ച് പോകരുത്. അത് നാളെ നിങ്ങൾക്ക് വലിയൊരു വിഷമമായി മാറും. ഞാൻ സഹിച്ച് ജീവിച്ചോളാം.”
“ഇല്ല പൂർണ്ണിമേ,” ഗൗതമൻ ആർദ്രമായി അവളുടെ തോളിൽ പിടിച്ചു. “ഇത് സഹിക്കേണ്ട കാര്യമല്ല. ആത്മാഭിമാനം പണയം വെച്ച് ഒരു പെണ്ണും ഭർതൃവീട്ടിൽ കഴിയേണ്ടതില്ല. എന്റെ അമ്മയെ ഞാൻ സ്നേഹിക്കുന്നുണ്ട്, പക്ഷേ അതിനർത്ഥം അവർ കാണിക്കുന്ന അക്രമത്തിന് ഞാൻ കൂട്ടുനിൽക്കും എന്നല്ല. നിന്റെ കണ്ണീരിന് മറുപടി പറയാൻ എനിക്ക് ബാധ്യതയുണ്ട്. നമ്മൾ പോകുന്നു.”
അന്ന് രാത്രി തന്നെ ഗൗതമനും പൂർണ്ണിമയും ശ്രീശൈലം തറവാടിന്റെ പടിയിറങ്ങി. സുഭദ്രയമ്മയും ശ്യാമളയും വിചാരിച്ചത് ഗൗതമൻ രണ്ട് ദിവസം കഴിയുമ്പോൾ തിരിച്ചുവരുമെന്നാണ്. എന്നാൽ ഗൗതമൻ ടൗണിൽ ഒരു ചെറിയ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് പൂർണ്ണിമയുമൊത്ത് പുതിയൊരു ജീവിതം ആരംഭിച്ചു.
ആ ചെറിയ ഫ്ലാറ്റിൽ അവർക്ക് ശാന്തിയുണ്ടായിരുന്നു. കുത്തുവാക്കുകളോ അപമാനങ്ങളോ ഇല്ലായിരുന്നു. പൂർണ്ണിമ വീണ്ടും ചിരിച്ചു തുടങ്ങി. ഗൗതമൻ അവൾക്ക് പൂർണ്ണ പിന്തുണ നൽകി.
✍️ആമി
