പാവം അഞ്ജലിയും അമ്മായിയപ്പനെ സ്വന്തം അച്ഛനെപ്പോലെയാണ് കണ്ടത്. എന്നാൽ, ആ സ്നേഹപ്രകടനങ്ങൾക്ക് പിന്നിൽ ഒരു കരിനാഗത്തിന്റെ വക്രബുദ്ധിയായിരുന്നു…

​”എന്താടോ മാധവാ… തന്റെ മുഖത്തൊരു കള്ളച്ചിരി? നഗരത്തിൽ പോയിട്ട് വിചാരിച്ച കാര്യം അങ്ങോട്ട് ഒത്തു വന്നോ?”

​ഉമ്മറത്തെ തിണ്ണയിലിരുന്ന് വലിയൊരു ബാഗ് താഴേക്ക് വെക്കുകയായിരുന്ന ഭർത്താവിനോട് സുമിത്ര ആകാക്ഷയോടെ ചോദിച്ചു.

ദീർഘയാത്ര കഴിഞ്ഞെത്തിയ ക്ഷീണത്തിലും മാധവന്റെ കണ്ണുകളിൽ വലിയൊരു വിജയത്തിന്റെ തിളക്കമുണ്ടായിരുന്നു.

കൈലിമുണ്ടിന്റെ അറ്റം കൊണ്ട് മുഖത്തെ വിയർപ്പ് തുടച്ചുകൊണ്ട് അയാൾ സുമിത്രയെ നോക്കി അർത്ഥഗർഭമായി ഒന്നു ചിരിച്ചു. അതു കണ്ടതും അകത്തുനിന്ന് മകൾ രജനിയും അങ്ങോട്ടേക്ക് ഓടിവന്നു. “അച്ഛാ… വേഗം പറ അച്ഛാ… ആലോചന ഉറപ്പിച്ചോ? അവർക്ക് നമ്മളെ ഇഷ്ടപ്പെട്ടോ?” ഒറ്റ ശ്വാസത്തിൽ രജനി ചോദിച്ചു തീർത്തു.

​മാധവൻ ഒന്ന് ആഞ്ഞു ശ്വാസമടുത്തു. “ഹോ! ഒന്നു ശ്വാസം വിടാൻ സമ്മതിക്കില്ല ഈ പെണ്ണുങ്ങൾ! വഴി ചോദിച്ചു വന്ന വഴിപോക്കരല്ലടി അവര്… വലിയ കോടീശ്വരന്മാരാ! നമ്മുടെ രജനി മോൾ ഭാഗ്യവതിയാ, വിദേശത്ത് വലിയ ഉദ്യോഗസ്ഥനായ ചെറുക്കനെത്തന്നെ അവൾക്ക് കിട്ടും.”

അയാൾ ആവേശത്തോടെ മീശ പിരിച്ചു.
​അപ്പോഴേക്കും അടുക്കളയിൽ നിന്ന് അഞ്ജലി ഒരു സ്റ്റീൽ ഗ്ലാസിൽ തണുത്ത വെള്ളവുമായി ഉമ്മറത്തേക്ക് നടന്നു വന്നു. മുഖത്ത് എപ്പോഴും ഉണ്ടാകാറുള്ള ആ ശാന്തമായ ചിരിയോടെ അവൾ ഗ്ലാസ് അമ്മായിയപ്പന്റെ കൈകളിലേക്ക് കൊടുത്തു. “ദാ അച്ഛാ, നല്ല തണുത്ത വെള്ളമാ. കുടിച്ച് കഴിഞ്ഞ് ബാക്കി വിശേഷം പറയാം. അമ്മയും രജനിയും അച്ഛനെ ഇങ്ങനെ ശ്വാസം മുട്ടിക്കാതെ,” അഞ്ജലി അവരെ സ്നേഹത്തോടെ വിലക്കി.
​വെള്ളം ഒറ്റവലിക്ക് കുടിച്ചു തീർത്ത്, ഗ്ലാസ് തിണ്ണയിൽ വെച്ചുകൊണ്ട് മാധവൻ നീട്ടി ഒരു ശ്വാസമടുത്തു. അയാളുടെ മുഖത്ത് ഇപ്പോൾ വലിയൊരു ഗർവ്വായിരുന്നു.

“പക്ഷേ സുമിത്രേ… വലിയ തറവാടുകാരല്ലേ, അവരുടെ ഡിമാൻഡും വലുതാ. പെണ്ണിന് കുറഞ്ഞത് 150 പവനും നഗരത്തിൽ ഒരു പുതിയ ഫ്ലാറ്റും നൽകണം!”

​അതു കേട്ടതും സുമിത്ര നെഞ്ചത്ത് കൈവെച്ചുപോയി. “അയ്യോ ദൈവമേ! ഈ തകർന്നുകിടക്കുന്ന മാളിയേക്കൽ തറവാട്ടിലെ ആദായം കൊണ്ട് നമ്മൾ എവിടെപ്പോയി ഉണ്ടാക്കാനാ ഇത്രയും സ്വർണ്ണവും ഫ്ലാറ്റും? ഈ കെട്ടകാലത്ത് ബാക്കി വന്ന കടം വീട്ടാൻ തന്നെ നമ്മൾ പാടുപെടുകയല്ലേ ചേട്ടാ?”

സുമിത്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
​മാധവൻ ചുറ്റും ഒന്നു നോക്കി. അഞ്ജലി അടുക്കളയിലേക്ക് തിരികെപ്പോയി എന്ന് ഉറപ്പുവരുത്തി, അയാൾ സുമിത്രയുടെ അരികിലേക്ക് അല്പം നീങ്ങിയിരുന്നു, ശബ്ദം താഴ്ത്തി പറഞ്ഞു:

“എടീ സുമിത്രേ… മാധവൻ വിചാരിച്ചാൽ നടക്കാത്തതായി ഈ മണ്ണിൽ ഒന്നുമില്ല. മകളുടെ കല്യാണം ഞാൻ രാജകീയമായിത്തന്നെ നടത്തും. അതിനൊരു സൂത്രപ്പണി ഞാൻ കണ്ടുവെച്ചിട്ടുണ്ട്.”

​മാധവൻ കണ്ട ആ ‘സൂത്രപ്പണി’ സ്വന്തം മരുമകളായ അഞ്ജലിയുടെ ആയുസ്സായിരുന്നു! അയാൾക്ക് സ്വന്തം മകൻ രാഹുലിനേക്കാൾ സ്നേഹമായിരുന്നു മരുമകൾ അഞ്ജലിയോട്.

എന്തിനും ഏതിനും അയാൾ വിളിക്കുന്നത് അവളെയായിരുന്നു. ആ സ്നേഹക്കൂടുതൽ കണ്ട് സുമിത്രയും മകൻ രാഹുലും ഒരുപാട് സന്തോഷിച്ചു. പാവം അഞ്ജലിയും അമ്മായിയപ്പനെ സ്വന്തം അച്ഛനെപ്പോലെയാണ് കണ്ടത്.

എന്നാൽ, ആ സ്നേഹപ്രകടനങ്ങൾക്ക് പിന്നിൽ ഒരു കരിനാഗത്തിന്റെ വക്രബുദ്ധിയായിരുന്നു എന്ന് ആ പാവം അറിഞ്ഞില്ല. അവളുടെ വസ്തുക്കളിലും ആഭരണങ്ങളിലും എല്ലാം വലിയൊരു തുകയുടെ അപകട മരണ ഇൻഷുറൻസ് മാധവൻ എടുപ്പിച്ചിട്ടുണ്ടായിരുന്നു. അത്രയും പോരാഞ്ഞ്, തന്ത്രപൂർവ്വം സ്നേഹം അഭിനയിച്ച് അവളുടെ പേരിലുള്ള സകല സ്വത്തുക്കളും സ്വന്തം മകനായ രാഹുലിന്റെ പേരിലേക്ക് അയാൾ എഴുതി വാങ്ങിപ്പിക്കുകയും ചെയ്തു. ഈ ഗൂഢാലോചനയിൽ മാധവന്റെ കൂടെ നിന്നത് അയാളുടെ മകൾ രജനി മാത്രമായിരുന്നു.

രാഹുലും സുമിത്രയും ഈ ക്രൂരതകളെക്കുറിച്ച് തികച്ചും അജ്ഞരായിരുന്നു.
​അന്ന് വീട്ടിൽ സുമിത്രയും രാഹുലും ഉണ്ടായിരുന്നില്ല. വീട്ടിൽ ആകെയുണ്ടായിരുന്ന മാധവനും, അയാളുടെ മകളും,

പിന്നെ അഞ്ജലിയും മാത്രമായിരുന്നു. തിണ്ണയിലിരുന്നുകൊണ്ട് അയാൾ അകത്തേക്ക് നോക്കി സ്നേഹത്തോടെ വിളിച്ചു: “മോളെ… അഞ്ജലീ… എന്റെ ആ വെള്ള കുർത്ത നാളത്തേക്ക് ഒന്ന് ഇസ്തിരിയിട്ടു തരുമോ?” അപ്പോൾ തന്നെ അടുക്കളനിന്ന് “ദാ വരുന്നു അച്ഛാ…” എന്ന മറുപടിയോടെ അവൾ എത്തി.

മുറിയിലെ മേശപ്പുറത്ത് നേരത്തെ തന്നെ വയറുകൾ അറുത്ത്, ഷോക്കടിക്കാൻ പാകത്തിൽ റെഡിയാക്കിവെച്ചിരുന്ന ആ ഇസ്തിരിപ്പെട്ടിയിലേക്ക് അഞ്ജലി കൈ നീട്ടി. അവൾ പ്ലഗ് കുത്തി സ്വിച്ചിട്ടു. “അച്ഛാ, ഇത് പുതിയ ഇസ്തിരിപ്പെട്ടി വാങ്ങിയിട്ട് പോരെ? ഇതിന്റെ വയറിനൊക്കെ എന്തോ തകരാറുള്ള പോലെ…” അവൾ സംശയത്തോടെ ചോദിച്ചെങ്കിലും,

“ഏയ് അതൊന്നും കുഴപ്പമില്ല മോളെ, നീ ധൈര്യമായി ചെയ്തോ”

എന്ന് മാധവൻ നിർബന്ധിച്ചു. ഇസ്തിരിപ്പെട്ടിയുടെ ലോഹപ്പിടിയിൽ കൈ തൊട്ട അടുത്ത നിമിഷം, ഉഗ്രമായ ഒരു കറന്റ് അവളിലൂടെ കടന്നുപോയി. ഒന്നു നിലവിളിക്കാൻ പോലും കഴിയാതെ, ആ പാവം പെൺകുട്ടി തറയിലേക്ക് തെറിച്ചുവീണു. കുറച്ചു സമയം കൈകാലുകൾ ഇട്ടടിച്ച് അവൾ നിശ്ചലമായി. മാധവനും മകളും ദൂരെ മാറിനിന്ന് ആ ദൃശ്യം കണ്ടു.

​അവളുടേത് മരണം തന്നെയെന്ന് ഉറപ്പായപ്പോൾ മാധവന്റെ മുഖത്തെ ഭാവം പെട്ടെന്ന് മാറി. അയാൾ ഉമ്മറത്തേക്ക് ഓടിവന്ന് തലയിൽ കൈവെച്ച് ഉറക്കെ വിളിച്ചുകൂവി:

“എന്റെ പൊന്നു മോളെ… നിനക്ക് എന്തുപറ്റിയെടി? ദൈവമേ… ആരെങ്കിലും ഓടിവായോ…!”

അയാളുടെയും മകളുടെയും നിലവിളി കേട്ട് ആദ്യം നാട്ടുകാർ ഓടിയെത്തി. ഒട്ടും സമയം കളയാതെ അവർ അവളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, പരിശോധിച്ച ഡോക്ടർ തലയാട്ടിക്കൊണ്ട് പറഞ്ഞു: “ക്ഷമിക്കണം, ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ അവർ മരിച്ചിരുന്നു. മരണം സംഭവിച്ചിട്ട് കുറഞ്ഞത് അര മണിക്കൂറെങ്കിലും ആയിട്ടുണ്ടാകും.

” അതു കേട്ടതും മാധവൻ അവിടെക്കിടന്ന് അലമുറയിട്ടു കരഞ്ഞു. ”

എന്റെ സ്വന്തം മകനെക്കാൾ സ്നേഹിച്ചതാ ഞാൻ അവളെ… എന്റെ കണ്മുന്നിൽ വെച്ച് ആ പാവം പോയല്ലോ…”

അയാളുടെ ആ കരച്ചിൽ കണ്ട് നാട്ടുകാർക്ക് അയാളോട് വലിയ സഹതാപം തോന്നി. സ്വന്തം മകനേക്കാൾ സ്നേഹിച്ച മരുമകളുടെ മരണം അയാളെ തളർത്തിക്കളഞ്ഞു എന്ന് എല്ലാവരും കരുതി.

തുടർന്ന് നടന്ന അഞ്ജലിയുടെ അന്ത്യകർമ്മങ്ങൾ ഓരോന്നായി നടക്കുമ്പോൾ മാധവൻ ഒരു സ്വന്തം അച്ഛന്റെ സ്ഥാനത്ത് നിന്ന് എല്ലാത്തിനും നേതൃത്വം നൽകി. അഞ്ജലിയുടെ പ്രായമായ അച്ഛന്റെയും അമ്മയുടെയും അരികിലിരുന്ന് അവരുടെ കണ്ണീരൊപ്പി അയാൾ ആശ്വസിപ്പിച്ചു. ആ അഭിനയം അത്രമേൽ മികവുറ്റതായിരുന്നു.

സുമിത്രയും മകൻ രാഹുലും വിവരമറിഞ്ഞ് ഓടിയെത്തി നെഞ്ചുപൊട്ടി കരഞ്ഞു. അഞ്ജലിയുടെ മരണം ഒരു നിർഭാഗ്യകരമായ അപകട മരണമായി പോലീസ് രേഖപ്പെടുത്തി.

​മരണാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടു. ഒരു വൈകുന്നേരം രാഹുൽ ഉമ്മറത്തിരിക്കുമ്പോൾ മാധവൻ പതിയെ മകന്റെ അരികിലേക്ക് നടന്നുചെന്നു.

“മോനെ… രാഹുലേ… അഞ്ജലിയുടെ അച്ഛനും അമ്മയും ഇപ്പോൾ തനിച്ചാണ്. നീ അവരുടെ സ്വന്തം മകനെപ്പോലെ ഇരുന്ന് അവരെ നോക്കണം.”

അച്ഛന്റെ ആ വാക്കുകൾ കേട്ടപ്പോൾ രാഹുലിന്റെ മനസ്സിൽ ഒരു വലിയ സന്തോഷവും ആദരവും തോന്നി. എന്നാൽ ആ അച്ഛന്റെ മുഖംമൂടി അധികനാൾ നീണ്ടുനിനിന്നുല്ല. കുറച്ചു ദിവസങ്ങൾക്ക് ശേഷം അയാൾ രാഹുലിനെ മുറിയിലേക്ക് വിളിച്ചു. അവിടെ അയാളുടെ മകളും ഉണ്ടായിരുന്നു. മാധവൻ കട്ടിലിലിരുന്ന് കനത്ത സ്വരത്തിൽ പറഞ്ഞു.

“എടാ രാഹുലേ… കരഞ്ഞിരുന്നിട്ട് ഇനി കാര്യമില്ല. നിന്റെ പെങ്ങളുടെ വിവാഹം വലിയൊരു കുടുംബത്തിലേക്കാണ്. അടുത്ത മാസം കല്യാണം നടത്തണം. അതിന് കുറേ പണവും സ്വർണ്ണവും ആവശ്യമുണ്ട്. അതുകൊണ്ട് അഞ്ജലിയുടെ സ്വർണ്ണവും അവളുടെ പേരിലുള്ള വസ്തുവകകളുടെ രേഖകളും നീ ഇങ്ങോട്ട് എടുത്തു താ.”

​രാഹുൽ അച്ഛനെ അത്ഭുതത്തോടെ നോക്കി, വളരെ ശാന്തനായി എന്നാൽ ഉറച്ച സ്വരത്തിൽ പറഞ്ഞു.

“ഇല്ല അച്ഛാ… എനിക്ക് അർഹതയില്ലാത്ത ഒന്നിനോടും ആഗ്രഹമില്ല. അഞ്ജലി ഇന്ന് നമ്മളോടൊപ്പമില്ല, അവളുടെ സ്വർണ്ണവും സ്വത്തും അവളുടെ അച്ഛനമ്മമാർക്ക് ഉള്ളതാണ്. അത് ഞാൻ അവർക്ക് കൊടുക്കും.”

രാഹുലിന്റെ ആ മറുപടി കേട്ടതും മാധവന്റെയും മകളുടെയും നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ടു. അയാൾ കസേരയിൽ നിന്ന് ആക്രോശത്തോടെ എഴുന്നേറ്റു പറഞ്ഞു.

“എടാ വിവരമില്ലാത്ത ചെറുക്കാ! സ്വന്തം ജാതിയിൽ നിന്നല്ലാതെ, നീ പ്രണയിച്ചു നടന്ന ആ പെണ്ണിനെ ഞാൻ ഈ പടി കേറ്റി ഇങ്ങോട്ട് കൊണ്ടുവന്നത് നിന്നോടുള്ള ഇഷ്ടം കൊണ്ടാണെന്നാണോ നീ കരുതിയത്? അവളുടെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കളും ഇൻഷുറൻസ് തുകയും മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ് ഞാൻ അവളെ ഈ വീട്ടിലേക്ക് കയറ്റിയത്! അവളെ ഞാൻ തീർത്തതും അതിനുവേണ്ടിയാടാ!”

​അതു കേട്ടതും രാഹുൽ ഒരു നിമിഷം ഇടിവെട്ടേറ്റതുപോലെ തരിച്ചുനിന്നുപോയി. രാഹുലിന്റെ കണ്ണുകൾ ചോരച്ചുവപ്പായി മാറി. അയാൾ അച്ഛന്റെ മുഖത്തേക്ക് നോക്കി ഉറക്കെ വിളിച്ചുപറഞ്ഞു.

“അച്ഛാ… നിങ്ങൾ ഒരു മനുഷ്യനല്ല, നിങ്ങൾ ഒരു നരഭോജിയാണ്! പണത്തിനുവേണ്ടി എന്റെ അഞ്ജലിയെ കൊന്ന ഒരു കൊടും പാപി!” ഈ സംഭാഷണങ്ങൾ എല്ലാം കേട്ടുകൊണ്ട് അകത്തേക്ക് വരികയായിരുന്ന സുമിത്ര വാതിക്കൽ തറഞ്ഞുനിന്നുപോയി. കൈയിലിരുന്ന പാൽ ഗ്ലാസ് തറയിൽ വീണു പൊട്ടിത്തെറിച്ചു.

“നിങ്ങൾ… നിങ്ങൾ മനുഷ്യൻ തന്നെയോ മാധവേട്ടാ? പണത്തിന് വേണ്ടി എന്റെ മരുമകളെ… ആ പാവം കൊച്ചിനെ നിങ്ങളാണോ കൊന്നത്?” സുമിത്രയുടെ ശബ്ദം വിറച്ചു. അപ്പോഴേക്കും മാധവന്റെ മകൾ മുന്നോട്ട് വന്നു.

“അമ്മ വെറുതെ അനാവശ്യം പറഞ്ഞ് ബഹളം വെക്കാതിരിക്ക്. ഈ പണം കൊണ്ടാണ് എന്റെ കല്യാണം നടക്കാൻ പോകുന്നത്, അതിൽ ഞാനും അച്ഛനും ഒപ്പമാ.”

രാഹുൽ ഒരു നിമിഷം പോലും കളയാൻ തയ്യാറായിരുന്നില്ല. മുറിയിൽ നടന്ന ആ തർക്കത്തിനിടയിൽ, അച്ഛന്റെയും പെങ്ങളുടെയും ക്രൂരമായ തുറന്നുപറച്ചിലുകൾ രാഹുൽ തന്റെ മൊബൈൽ ഫോണിൽ അതീവ രഹസ്യമായി ശബ്ദരേഖയായി പകർത്തിയിരുന്നു. അവൻ നേരെ പോലീസ് സ്റ്റേഷനിലേക്ക് ഓടി.

ഉദ്യോഗസ്ഥരുടെ മുന്നിൽ രാഹുൽ തന്റെ ഫോണിലെ ആ ശബ്ദരേഖ കേൾപ്പിച്ചു. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് തെളിയിക്കുന്നതായിരുന്നു അത്.

തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു. വീട്ടിൽ നിന്ന് ആ കേടുവന്ന ഇസ്തിരിപ്പെട്ടിയും, ഇൻഷുറൻസ് രേഖകളും, വീടിന്റെ വയറിങ്ങിൽ വരുത്തിയ മാറ്റങ്ങളും പോലീസ് പിടിച്ചെടുത്തു.

അന്നുതന്നെ വൈകുന്നേരം പോലീസിന്റെ വാഹനങ്ങൾ ആ തറവാട്ടു മുറ്റത്തേക്ക് ഇരച്ചുകയറി മാധവനെയും അതിന് കൂട്ടുനിന്ന അയാളുടെ മകളെയും പോലീസ് കൈയോടെ അറസ്റ്റ് ചെയ്തു.

കോടതി പ്രതികൾക്ക് കഠിനതടവ് ശിക്ഷ വിധിച്ചു. അതോടെ മകളുടെ ആഡംബര കല്യാണം തകർന്നുപോയി, ഇൻഷുറൻസ് തുക റദ്ദാക്കപ്പെട്ടു.
​വർഷങ്ങൾ അഞ്ചു കഴിഞ്ഞു.

ജയിലിന്റെ ഇരുട്ടറയിലും മാധവന്റെ ഉള്ളിലെ പക ഒടുങ്ങിയിരുന്നില്ല. ജയിലിൽ നല്ല നടപ്പുകാരനായി അഭിനയിച്ച് അയാൾ പോലീസുകാരുടെ വിശ്വാസം പിടിച്ചുപറ്റി.

അങ്ങനെ ഒടുവിൽ അയാൾക്ക് കുറച്ചു ദിവസത്തേക്ക് താല്ക്കാലിക മോചനം അനുവദിക്കപ്പെട്ടു. പുറത്തിറങ്ങിയ അയാൾ നേരെ പോയത് തന്റെ പഴയ തറവാട്ടിലേക്കാണ്. ഒരു കറുത്ത മഴയുള്ള രാത്രിയിൽ, ജനൽ പൊളിച്ച് അയാൾ അകത്തുകയറി.

ഒരു ദയയുമില്ലാതെ, അയാൾ തന്റെ സ്വന്തം മകൻ രാഹുലിനെയും ഭാര്യ സുമിത്രയെയും മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം നേരം വെളുക്കുന്നതിന് മുൻപ് തന്നെ അയാൾ അവിടെനിന്നും രക്ഷപ്പെട്ട് അടുത്തുള്ള കടുംകാട്ടിൽ ഒളിവിൽ പോയി.

പിറ്റേന്ന് രാവിലെ വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ഒളിവിൽ പോയ പ്രതിക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും, അയാളെ കാണിച്ചു കൊടുക്കുന്നവർക്ക് വലിയൊരു തുക പ്രതിഫലമായി പ്രഖ്യാപിക്കുകയും ചെയ്തു.

വലിയൊരു തുക പ്രതിഫലം കിട്ടുമെന്ന വാർത്ത കേട്ടപ്പോൾ ചിലർ ആളെ വെച്ച് കാടിന്റെ അതിർത്തികളിലും ഒളിത്താവളങ്ങളിലും രഹസ്യമായി നിരീക്ഷണം നടത്തി മാധവൻ ഇരിക്കുന്ന സ്ഥലം കൃത്യമായി കണ്ടെത്തി പോലീസിന് ചൂണ്ടിക്കാണിച്ചു കൊടുത്തു.

​പോലീസ് സംഘം അങ്ങോട്ടേക്ക് തിരിക്കുന്നതിന് മുൻപ് തന്നെ, താൻ ഒറ്റിക്കൊടുക്കപ്പെട്ട വിവരം മാധവൻ അറിഞ്ഞു. ആ വിവരമറിഞ്ഞ അയാൾക്ക് ഭ്രാന്ത് പിടിച്ചു.

“എന്നെ ഒറ്റിക്കൊടുക്കാൻ മാത്രം നീയൊക്കെ വളർന്നോടി?” എന്ന് അട്ടഹസിച്ചുകൊണ്ട്, ഒളിത്താവളത്തിൽ നിന്ന് രഹസ്യമായി പുറത്തിറങ്ങിയ അയാൾ, ജാമ്യത്തിൽ കഴിഞ്ഞിരുന്ന സ്വന്തം മകളെയും വെട്ടിക്കൊലപ്പെടുത്തി! തന്റെ നാശത്തിന് കാരണക്കാരായ എല്ലാവരെയും ഇല്ലാതാക്കിയ ശേഷം, ഒട്ടും ഭയമില്ലാതെ അയാൾ പോലീസിന് മുന്നിൽ ചെന്ന് കീഴടങ്ങി.

കേസ് കോടതിയിലെത്തി. സ്വന്തം കുടുംബത്തിലെ നാല് ജീവനുകൾ അതിക്രൂരമായി എടുത്ത ആ കൊടുംക്രിമിനലിനെ കാണാൻ കോടതിമുറിയിൽ വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. വിചാരണയുടെ അവസാന ഘട്ടത്തിൽ, വിസ്താരത്തിനിടയിൽ വക്കീൽ അയാളോട് ആ ചോദ്യം ആരാഞ്ഞു.

“താങ്കൾക്ക് എന്തെങ്കിലും കുറ്റബോധമുണ്ടോ സ്വന്തം കുടുംബത്തെ വകവരുത്തിയതിൽ?” അതു കേട്ടതും കോടതിമുറിയെ ഞെട്ടിച്ചുകൊണ്ട് മാധവൻ ഉറക്കെ വിളിച്ചുപറഞ്ഞു.

“ഒരു കുറ്റബോധവുമില്ലാ! എന്നെ ചതിച്ചവരാരും ഈ ഭൂമിയിൽ ജീവിക്കേണ്ടതില്ല. ഞാൻ ഇനിയും പുറത്തുപോയാൽ, ഇനിയും പലരെയും കൊല്ലും.

” അയാളുടെ മുഖത്തെ ആ ക്രൂരതയും ഒട്ടും മാനസാന്തരമില്ലാത്ത വാക്കുകളും ജഡ്ജിയെയും പ്രൊസിക്യൂഷനെയും ഒരുപോലെ ഞെട്ടിച്ചു.

സമൂഹത്തിന് അതീവ ഭീഷണിയായ, യാതൊരു ദയയും അർഹിക്കാത്ത ഈ കൊടുംകുറ്റവാളിയെ അവസാനം കോടതി തൂക്കിക്കൊല്ലാൻ വിധിച്ചു. പണത്തോടുള്ള ആർത്തിയിൽ തുടങ്ങി, സ്വന്തം രക്തത്തെപ്പോലും ചോരയിൽ മുക്കിക്കൊന്ന മാധവന്റെ അഹങ്കാരത്തിന് അങ്ങനെ നിയമത്തിന്റെ കയറിൽ അന്ത്യം കുറിക്കപ്പെട്ടു. മാളിയേക്കൽ തറവാട് ഒരു കനൽപ്പുരയായി അവശേഷിച്ചു.

✍️രചന: അനിഷ
രക്തദാഹി”

Leave a Reply

Your email address will not be published. Required fields are marked *