നാണക്കേടിനാൽ തല കുമ്പിട്ടു കൊണ്ടാണ് അനുരാജ് അവിടെ നിന്നും പോയത്. ജനക്കൂട്ടം ആ സമയം കൂകി വിളിച്ചു. പൂർണ്ണ പിന്തുണയുമായി മീഡിയാസും അവർക്കൊപ്പം….

“ആണും പെണ്ണും കെട്ട വർഗ്ഗങ്ങൾ .. ഇവറ്റകളെയൊക്കെ ആട്ടിപ്പായിക്കണം ”

എസ് ഐ അനുരാജ് അറപ്പോടെ പല്ലിറുമ്മുമ്പോൾ ആ വാക്കുകൾക്ക് മുന്നിൽ സന്ധ്യയുടെയും ഇന്ദുവിന്റെയും ഉള്ളൊന്ന് പിടഞ്ഞു.

“സാർ ഇത്രയും അപമാനിക്കരുത് ഞങ്ങളെ.. ഞങ്ങളും മനുഷ്യരാണ്… ഞങ്ങൾക്കും ഈ ഭൂമിയിൽ ജീവിക്കുവാൻ അവകാശമുണ്ട്. ഇത് ഞങ്ങളുടെ അതിജീവനമാണ്.. ദ്രോഹിക്കരുത്.”

വളരെ ദയനീയമായാണ് ഇന്ദു അത് പറഞ്ഞത്

“അതിജീവനം.. മാങ്ങാത്തൊലി.. ഇവറ്റകളൊക്കെ ഉടായിപ്പ് ആണെന്നെ.. പകല് മുഴുവൻ സർബത്ത് കട.. പാതിരാത്രിയാകുമ്പോ സാരിയും ചുറ്റി സിറ്റിയിൽ കാണും.. മറ്റേ പണിക്ക്.. ആണും പെണ്ണും കെട്ട വർഗ്ഗങ്ങൾ..”

വീണ്ടും അറപ്പോടെ പറഞ്ഞു കൊണ്ട് ഒപ്പമുണ്ടായിരുന്ന കോൺസ്റ്റബിളിനെ നോക്കി അനുരാജ്.

” അതേ.. നിങ്ങളുടെ ഈ അതിജീവന സർബത്ത് കട ഇവിടെ നിന്നും മാറ്റണം.. തൊട്ട് ബാക്കിലെ ടെക്സ്ടൈൽസ് കണ്ടില്ലേ അത്രേം വലിയ ഷോപ്പിംഗ് സെന്ററിന് മുന്നിൽ ഒരു അപശകുനം പോലെ ഈ പെട്ടിക്കട വേണ്ട… വേറെ സ്ഥലം നോക്ക് രണ്ടാളും ”

കോൺസ്റ്റബിൾ ആണ് അത് പറഞ്ഞത്.

” അതെങ്ങിനെ ശരിയാകും സാറേ… ഞങ്ങൾ ഈ കട ഇവിടെ തുടങ്ങിയിട്ട് മൂന്ന് വർഷത്തോളമാകുന്നു. അതിനു ശേഷമാണ് ഈ ഷോപ്പിംഗ് മാൾ ഇവിടെ വന്നത്. ഇപ്പോൾ ഞങ്ങടെ അന്നം മുട്ടിച്ചിട്ട് ഇവർക്ക് എന്ത് നേട്ടം. ദയവ് ചെയ്ത് ഞങ്ങളെ ഉപദ്രവിക്കരുത്.. ”

തൊഴുകയ്യോടെ മറുപടി പറഞ്ഞു സന്ധ്യ

“ദേ പറയാൻ ഉള്ളത് മര്യാദക്ക് ഞാൻ പറഞ്ഞു. അരമണിക്കൂർ സമയം തരും.. എല്ലാം വാരിക്കെട്ടി പൊയ്ക്കോണം.. ഇല്ലെങ്കിൽ പൊളിച്ചു കളയും നിങ്ങടെ ഈ കട… മാത്രമല്ല രണ്ടിനേം തൂക്കി അകത്തിടും ഞാൻ. വകുപ്പ് ഏതാണെന്ന് പ്രത്യേകം പറയേണ്ട കാര്യം ഇല്ലല്ലോ അല്ലെ .. ഊഹിച്ചെടുത്തോ..”

ഇത്തവണ അനുരാജിന്റെ ശബ്ദത്തിൽ ഭീഷണി കലർന്നു.

” സർ ഇത് അനീതിയാണ്… ട്രാൻസ്ജന്റെഴ്സ് എന്നാൽ മറ്റൊരു അർഥത്തിൽ ആണ് നിങ്ങൾ കാണുന്നത്… അല്പം മുൻപ് നിങ്ങൾ പറഞ്ഞ അറപ്പുള്ള ആ വാക്കുകൾ ഞങ്ങൾ കേട്ടില്ലെന്ന് നടിച്ചതാണ്… കാരണം ഞങ്ങൾക്ക് ഇത്തരം അപമാനങ്ങൾ പരിചിതമാണ്. പക്ഷെ ഞങ്ങൾ അത്തരക്കാർ അല്ല.. ജീവിക്കാൻ ഞങ്ങൾക്കും അവകാശങ്ങളുണ്ട്.. അതിനു വേണ്ടി മാന്യമായ ഒരു ബിസിനസ് ആണ് ഞങ്ങൾ ചെയ്യുന്നതും അതുകൊണ്ട് സാറന്മാര് ഞങ്ങളെ വെറുതേ വിടണം. ഞങ്ങളെ പോലുള്ള സാധുക്കൾക്ക് ആശ്രയമാകുന്നതിനു പകരം മുതലാളിമാരുടെ കാശുവാങ്ങി നിങ്ങൾ ഈ കാട്ടിക്കൂട്ടുന്നത് അക്രമമാണ്.. ”

ഇത്തവണ വിട്ടു കൊടുക്കുവാൻ തയ്യാറായില്ല ഇന്ദുവും എന്നാൽ ചെക്കിടടക്കം ഒരു അടിയായിരുന്നു അനുരാജിന്റെ മറുപടി.

” പന്ന… കോപ്പേ.. എന്നെ പഠിപ്പിക്കാൻ വരുന്നോ.. നിനക്കൊന്നും ജീവിക്കാൻ അവകാശം ഇല്ല… ഒന്നുകിൽ ആണ് അല്ലേൽ പെണ്ണ് അങ്ങിനെ രണ്ട് വർഗങ്ങളേയുള്ളൂ.. ഈ നാട്ടിൽ അതിനിടക്ക് നിങ്ങളെ പോലുള്ളവർ വേണ്ട.. ”

അലറുകയായിരുന്നു അവൻ അപ്പോൾ. അടികൊണ്ട് പിന്നിലേക്ക് വേച്ചു പോയി ഇന്ദു അപ്പോൾ.. സന്ധ്യയും ആകെ ഭയന്നു . എന്നാൽ ഒച്ചയും ബഹളവും കൂടിയതോടെ കുറേശ്ശേ ആളുകൾ കൂടിയിരുന്നു അവർക്ക് ചുറ്റും..

” എന്താ സാറേ.. എന്താ പ്രശ്നം.. ”

അടുത്തുള്ള ഓട്ടോ സ്റ്റാൻഡിൽ നിന്നും എത്തിയവരിൽ ഒരാൾ കാര്യം തിരക്കി..

” എന്തിനാ സാറ് ഇവരെ തല്ലിയത് ”

കണ്ട് നിന്ന മറ്റൊരാളും ആ സമയം മുന്നിലേക്ക് വന്നിരുന്നു.

” തല്ലിയത് കാര്യമുണ്ടായിട്ട്.. നീയൊക്കെ ആരാടാ… പൊയ്ക്കോണം എല്ലാം അല്ലേൽ തൂക്കി അകത്തിടും ഞാൻ. ”

ഭീഷണിയോടെ ചുറ്റുമുള്ളവരെ ഒന്ന് ഭയപ്പെടുത്തുവാൻ ശ്രമിച്ചു അനുരാജ്.

” എല്ലാരും പോയെ.. പോയെ .. ഇവിടെ ഒന്നും ഇല്ല.. ”

കോൺസ്റ്റബിൾമാരും ആൾക്കൂട്ടം പിരിച്ചു വിടുവാനായി മുന്നിട്ടിറങ്ങി.

“അങ്ങിനെ പോകാൻ പറ്റില്ല സാറേ.. ഞങ്ങൾ കുറച്ചു നേരമായി ശ്രദ്ധിക്കുന്നു.. നിങ്ങൾ ഇവരെ ഭീക്ഷണിപ്പെടുത്തുന്നുണ്ട്.. ഇപ്പോൾ ദേ തല്ലുകയും ചെയ്തു… ഇനീപ്പോ കാര്യം അറിഞ്ഞിട്ടേ പോകുന്നുള്ളൂ.. ”

ഓട്ടോ ഡ്രൈവർമാർ പിന്മാറുവാൻ തയ്യാറായില്ല.. അതോടെ ഭയന്ന് നിന്നിരുന്ന സന്ധ്യയ്ക്കും ഇന്ദുവിനും ഉള്ളിൽ അല്പം ധൈര്യം തോന്നി. എന്നാൽ ആ സമയം രോഷത്താൽ പല്ലിറുമ്മി അനുരാജ്.

” പന്ന.. നായ്ക്കളെ .. ചുമ്മാ പണി വാങ്ങാൻ നിൽക്കല്ലേ.. പോലീസിനോട് കളിച്ചാൽ അറിയാലോ…”

ഭീക്ഷണി വീണ്ടും ആവർത്തിച്ചു അവൻ

” ഒന്ന് പോ സാറേ.. ആ കാലമൊക്കെ കഴിഞ്ഞു.. ഇപ്പോൾ പോലീസുകാര് തല്ല് ഇരന്നു വാങ്ങുന്ന സമയം ആണ്. സാറന്മാര് വെറുതേ പ്രശ്നത്തിന് നിൽക്കല്ലേ… ”

മറ്റൊരാളും മുന്നിലേക്ക് കയറി പ്രതികരിച്ചു. അതോടെ രംഗം വഷളാകുന്നത് അനുരാജും തിരിച്ചറിഞ്ഞു.

” ചേട്ടാ.. ഇവര് ഈ ഷോപ്പിംഗ് സെന്ററുകാരുടെന്ന് കാശ് വാങ്ങീട്ട് ഞങ്ങടെ ഈ കട ഒഴിപ്പിക്കാൻ വന്നതാ.. അത് പറ്റില്ലെന്ന് പറഞ്ഞതിനാ എന്നെ തല്ലിയത്… മാത്രമല്ല ഞങ്ങളെ പോലുള്ളവർക്ക് ഈ സമൂഹത്തിൽ ജീവിക്കാൻ അർഹതയില്ല എന്നാണ് ഈ സാറ് പറയുന്നത്..”

ഒക്കെയും കേൾക്കെ സധൈര്യം ഇന്ദുവും മുന്നിലേക്ക് കയറി.

” ആഹാ അപ്പോ അതാണോ സംഗതി.. ഇത് കേസാക്കണം.. ഈ അഹങ്കാരം വെറുതേ വിടാൻ പറ്റില്ല..”

പ്രശ്നം അറിഞ്ഞതോടെ ചുറ്റും കൂടിയവർ ഇന്ദുവിനും സന്ധ്യയ്ക്കും ഒപ്പം ചേർന്നു. അതിനിടയിൽ ആരൊക്കെയോ ഫോണിൽ വീഡിയോസ് പകർത്തി തുടങ്ങി.

” സാറേ ഇവര് ഞങ്ങടെ കൂടപ്പിറപ്പുകൾ തന്നാ.. വർഷങ്ങൾ കുറെ ആയി ഇവിടെ കച്ചവടം നടത്തുന്നു. ഇവരെ ഉപദ്രവിച്ചിട്ട് സാറന്മാര് ഇവിടുന്ന് പോകില്ല.. ഞങ്ങൾ വിടില്ല.. ”

ക്ഷണനേരം കൊണ്ട് പോലീസ് ജീപ്പിന് ചുറ്റും ആൾക്കൂട്ടം പെരുകി.

” സാറേ സംഗതി കൈവിട്ടു.. ഇനീപ്പോ എന്താ ചെയ്ക ”

ഭയത്തിൽ കോൺസ്റ്റബിൾ അടക്കം പറയുമ്പോൾ അനുരാജും ഭീതിയിൽ ചുറ്റും നോക്കി.

” പണ്ടാരമടങ്ങാൻ.. പണിയായി… ”

ഒടുവിൽ ആ സത്യം അവനും മനസിലാക്കി.

അതിനിടയിൽ ഏതോ വിരുതൻ പോലീസ് ജീപ്പിന്റെ ടയറിന്റെ കാറ്റഴിച്ചു വിട്ടു.

” എടാ.. ചാനലുകാരെ വിളിക്ക് ഇനി ഇവന്റെയൊക്കെ മുകളിൽ നിന്നും ആരേലും വരാതെ ആരും ഇവിടുന്ന് പോകേണ്ട… ”

ആരോ വിളിച്ചു കൂകി.. അതോടെ ആകെ കുഴഞ്ഞു പോലീസുകാർ എന്നാൽ ക്ഷണ നേരം കൊണ്ട് തങ്ങൾക്ക് കിട്ടിയ പിന്തുണയിൽ അറിയാതെ മിഴിനീർ പൊഴിച്ചു പോയി സന്ധ്യയും ഇന്ദുവും.. സമയം പിന്നെയും നീങ്ങി.. മീഡിയാസ് എത്തി വാർത്ത വൈറലായി..

” എടോ.. ആ കിഴങ്ങൾ എസ് ഐ എല്ലാം തുലച്ചു… ”

ന്യൂസ്‌ കണ്ട് ഷോപ്പിംഗ് സെന്റർ ഉടമ മാനേജറിനു മുന്നിൽ തലയിൽ കൈവച്ചു പോയി…

വൈകാതെ ഡി വൈ എസ് പി നേരിട്ട് സ്ഥലത്തെത്തി ജനക്കൂട്ടത്തെ ശാന്തരാക്കുവാൻ ശ്രമിച്ചു.. അറിഞ്ഞും കേട്ടും വലിയൊരു ജനക്കൂട്ടം തന്നെ അതിടെയുണ്ടായിരുന്നു അപ്പോൾ. അനുരാജിനും ഒപ്പമുണ്ടായിരുന്ന കോൺസ്റ്റബിൾമാർക്കും അന്വേഷണ വിധേയമായി സസ്‌പെൻഷൻ കിട്ടി എന്ന വാർത്ത പുറത്തു വരുന്നത് വരെ ജനക്കൂട്ടം പിരിഞ്ഞില്ല. ഒടുവിൽ ആ വാർത്ത കൈകൊട്ടി എല്ലാവരും വരവേറ്റു.

” മതിയായല്ലോ നിനക്ക്.. വഴിയേ പോണ വള്ളികൾ ഇരന്നു വാങ്ങാൻ നിൽക്കുന്നു.. ഫൂൾ.. ”

അനുരാജിനെ നോക്കി റോഷത്തിൽ പല്ലിറുമ്മിക്കൊണ്ടാണ് ഡി വൈ എസ് പി അവിടെ നിന്നും പോയത്.

അപമാന ഭാരത്തിൽ തല കുമ്പിട്ടു നിന്ന അനുരാജിന് മുന്നിലേക്ക് ചെന്നു സന്ധ്യയും ഇന്ദുവും..

” സാറേ.. കണ്ടില്ലേ ഞങ്ങളെ സ്നേഹിക്കുന്നവരെ.. കാലം മാറി സാറേ.. മനുഷ്യരും.. ഈ സമൂഹത്തിൽ ഇപ്പോൾ ഞങ്ങൾക്കും സ്ഥാനമുണ്ട്… ജീവിക്കാൻ ഞങ്ങൾക്കും അവകാശമുണ്ട്.. അത് ഇനിയെങ്കിലും സാറ് മനസിലാക്കണം ”

സന്ധ്യയുടെ വാക്കുകൾക്ക് മുന്നിൽ മറുപടിയില്ലാതെ പരുങ്ങി അവൻ . അടുത്തത് ഇന്ദുവിന്റെ ഊഴമായിരുന്നു.

” സാറേ.. നിങ്ങൾ എന്നെ അടിച്ച ആ അടി.. അതിപ്പോ ഞാൻ തിരിച്ചു തന്നാൽ ഇവിടെ കൂടിയ ആരും എതിർക്കില്ല മറിച്ചു എല്ലാവരും കയ്യടിക്കും… അത് ഓർത്തോ.. ഈ കാക്കി അഹങ്കരിക്കാൻ ഉള്ള ലൈസൻസ് അല്ല സാറേ. മറിച്ചു ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് നീതി വാങ്ങി തരാൻ കൂടി ഉള്ളതാണ്.. അത് സാർ ഇനിയേലും മനസിലാക്കണം ”

പുച്ഛത്തോടെയാണ് ഇന്ദു അത് പറഞ്ഞു നിർത്തിയത്… നാണക്കേടിനാൽ തല കുമ്പിട്ടു കൊണ്ടാണ് അനുരാജ് അവിടെ നിന്നും പോയത്. ജനക്കൂട്ടം ആ സമയം കൂകി വിളിച്ചു. പൂർണ്ണ പിന്തുണയുമായി മീഡിയാസും അവർക്കൊപ്പം നിന്നു.

പതിയെ പതിയെ ജനക്കൂട്ടം പിരിഞ്ഞു. സംഭവ ബഹുലമായ ആ ദിവസം അങ്ങിനെ അവസാനിച്ചു.

ഈ ഒരു പ്രശ്നത്തോടെ കൂടുതൽ ഗുണം കിട്ടിയത് ഇന്ദുവിനും സന്ധ്യയ്‌ക്കുമായിരുന്നു വിവരങ്ങൾ അറിഞ്ഞു അനവധിപേർ അവർക്ക് സഹായങ്ങളുമായെത്തി. ഒരു തള്ളുവണ്ടിയിൽ തുടങ്ങിയ അവരുടെ സംരംഭം പിന്നീട് ഒരു കടമുറിയിലേക്ക് മാറി. കച്ചവടം കൂടി ജീവിത സാഹചര്യങ്ങളും മെച്ചപ്പെട്ടു. നാളുകൾക്ക് ശേഷം സസ്‌പെൻഷൻ കഴിഞ്ഞു അനുരാജിനും സ്ഥലം മാറ്റം കിട്ടി പോയി.. ഈ ഒരു സംഭവത്തിൽ നിന്നും വലിയൊരു പാഠം ഉൾക്കൊണ്ട് അയാളിൽ മാറ്റമുണ്ടായേക്കാം എന്ന് തന്നെ പ്രതീക്ഷിക്കാം… അങ്ങിനെ എല്ലാം ശുഭമായി…

ഈ ഭൂമി എല്ലാവർക്കും ഉള്ളതാണ്.. ആര് ജീവിക്കണം ആര് ജീവിക്കേണ്ട എന്ന് തീരുമാനിക്കുവാൻ ആർക്കും അവകാശമില്ല…..

(ശുഭം )

✍️പ്രജിത്ത് സുരേന്ദ്രബാബു

Leave a Reply

Your email address will not be published. Required fields are marked *