മരിച്ച് പോയ അച്ഛനെ പതിവില്ലാതെയാണ് സ്വപ്നത്തിൽ കണ്ടത്. അതിൽ ഞെട്ടി ഉണർന്നപ്പോൾ തന്നെ കാളിംഗ് ബെല്ലടി ഉയർന്നു. പുലരാൻ തുടങ്ങുന്നതേയുള്ളൂ…..

മരിച്ച് പോയ അച്ഛനെ പതിവില്ലാതെയാണ് സ്വപ്നത്തിൽ കണ്ടത്. അതിൽ ഞെട്ടി ഉണർന്നപ്പോൾ തന്നെ കാളിംഗ് ബെല്ലടി ഉയർന്നു. പുലരാൻ തുടങ്ങുന്നതേയുള്ളൂ… കതക് തുറന്നപ്പോൾ അപരിചിതനായ ഒരു മനുഷ്യൻ മുന്നിൽ നിൽക്കുകയാണ്. ആരാണെന്ന് ചോദിച്ചപ്പോൾ അച്ഛനാണ് പോലും…

‘ആരുടെ…?’

മറുപടിയായി അയാൾ എന്നെ ചൂണ്ടുകയാണ്. ശരിയാണ്. സ്വപ്നത്തിൽ അച്ഛനായിരുന്നു തെളിഞ്ഞത്. ഒരു കത്തും തന്നു. അതിൽ എന്താണെന്ന് ഓർമ്മയില്ല. വായിച്ചിട്ടും വായിച്ചിട്ടും തീരുന്നില്ലല്ലോയെന്ന് തോന്നിയപ്പോഴാണ് കടലാസ്സിൽ രക്തം പടർന്നത്. അതും വൃത്തത്തിൽ… തുടർന്ന് ഞെട്ടുകയും കാളിംഗ് ബെല്ല് മുഴങ്ങുന്ന ശബ്ദം കേൾക്കുകയും ചെയ്തു. അങ്ങനെ കതക് തുറന്നപ്പോൾ അച്ഛനാണെന്ന് പറഞ്ഞ് ഒരാൾ മുന്നിൽ നിൽക്കുന്നു. ആരായാലും ചെറുതായൊന്ന് ഭയപ്പെട്ട് പോകും. ഞാൻ വലുതായും…

‘അമ്മേ….!’

പേടിയോടെ ഞാൻ വിളിച്ചു. അനുവാദം പോലും ചോദിക്കാതെ ആ മനുഷ്യൻ അകത്തേക്ക് കയറുകയും, എന്റെ മുറിയിലേക്ക് പോകുകയും ചെയ്തു. കതക് അടക്കുമെന്ന് കരുതിയില്ല. കൊളുത്തും ഇട്ടെന്ന് തോന്നുന്നു.

‘എന്താടാ…?’

അമ്മയുടെ ശബ്ദം. അന്താളിപ്പ് തെല്ലൊന്ന് മാറിയപ്പോൾ മുറിക്കകത്ത് ഒരാൾ ഇരിപ്പുണ്ടെന്ന് ഞാൻ പറഞ്ഞു. ആരായെന്ന് ചോദിച്ചപ്പോൾ അച്ഛനാണെന്നും മൊഴിഞ്ഞു. അമ്മ ഹാളിലെ ചുമരിലേക്ക് നോക്കി. മാലയൊക്കെ അണിഞ്ഞ് ആള് ഭദ്രമായി അവിടെ ഇരിപ്പുണ്ട്. കഴിഞ്ഞ പതിനെട്ട് വർഷമായുള്ള ഇരിപ്പാണ്. പട്ടാളത്തിൽ ആയിരുന്നു. യുദ്ധവേളയിൽ മിലിറ്ററിയുടെ ടാങ്കർ ലോറി പൊട്ടിത്തെറിച്ചായിരുന്നു മരണം.

തെളിച്ചമില്ലെങ്കിലും ഓർമ്മയുണ്ട്. പത്ത് വയസ്സൊക്കെ കാണും. പട്ടാളക്കാരൊക്കെ വന്ന് ആകെ ബഹളമായിരുന്നു. അച്ഛന്റേതെന്ന് തോന്നുന്നതെല്ലാം പെറുക്കിക്കൂട്ടി ആചാരവെടിയും പൊട്ടിച്ചാണ് പറമ്പിൽ നിന്ന് അവർ മടങ്ങിയത്.

‘കണ്ട പ്രാന്തമ്മാരെയെല്ലാം അകത്ത് കേറ്റി വട്ട് പറയാതെ ഇറക്കി വിടടാ…’

ശരിയാണല്ലോ…! എന്തൊരു മണ്ടനാണ്! വെളുപ്പാൻ കാലത്ത് ഒരാൾ വന്ന് അച്ഛനാണെന്ന് പറഞ്ഞപ്പോൾ നിന്ന് പോയ തലയെ ഞാൻ കുറ്റപ്പെടുത്തി. ശേഷം കതകിൽ തട്ടി. അയാൾ തുറക്കുന്ന മട്ടില്ല. തുടർന്ന് അമ്മയുടെ മുഖത്തേക്ക് നോക്കി സംശയം പ്രകടിപ്പിച്ചു. ഹേയ്… അങ്ങനെയൊന്നും ചിന്തിക്കാൻ പാടില്ല. കയറി വന്നത് ഭ്രാന്തൻ തന്നെ ആയിരിക്കണം. കുഴിഞ്ഞ കണ്ണുകളും, മുടന്തൻ നടത്തവും കണ്ടാൽ അത് വ്യക്തവുമാണ്.

‘എന്റെ മുഖത്തേക്ക് നോക്കി നിൽക്കാതെ പോലീസിനെ വിളിക്കെടാ…’

അമ്മയെ അനുസരിച്ചു. അച്ഛനാണെന്നും പറഞ്ഞ് ഒരുത്തൻ വീട്ടിൽ കയറി ഇരിപ്പുണ്ടെന്ന് അറിയിച്ചപ്പോൾ ഉടനെ വരാമെന്നാണ് അവർ പറഞ്ഞത്. ഞങ്ങൾ വീടിന്റെ പുറത്തേക്ക് ഇറങ്ങി നിന്ന് കാത്തിരുന്നു. അയൽക്കാർ കൂടുന്നുണ്ട്… കൂടിയവരെല്ലാം അമ്മയെ നോക്കി ചിരിക്കുന്നുമുണ്ട്. എനിക്ക് ദേഷ്യം വന്നു. എന്ത് കാണാൻ നിൽക്കുകയാണ് എല്ലാവരുമെന്ന് പറഞ്ഞ് ശബ്ദിച്ചപ്പോഴാണ് അടക്കം പറയുന്നവരെല്ലാം ഒഴിഞ്ഞത്.

പോലീസുകാർ വന്നു. നടന്നതെല്ലാം വിശദീകരിച്ചപ്പോൾ ഈ വീട്ടിൽ ആരൊക്കെയുണ്ടെന്നാണ് അവർ ചോദിച്ചത്. ഞാനും അമ്മയും മാത്രം. രണ്ട് മാസം കഴിഞ്ഞാൽ എന്റെ വിവാഹമാണെന്നും ചേർത്തു. മുറ്റത്ത് നിന്ന് നടന്ന് വീടിന്റെ പടി ചവിട്ടിയപ്പോഴേക്കും ചന്ദ്രേട്ടന്റെ ശബ്ദം അവിടേക്ക് ഉയർന്നിരുന്നു.

ആള് നാട്ടിലെ പോസ്റ്റുമാനാണ്. അമ്മയ്ക്ക് കത്തുണ്ട് പോലും. കഴിഞ്ഞ ആഴ്ച ഇത് വഴി വരുമ്പോൾ എടുക്കാൻ വിട്ട് പോയതാണെന്നും ചന്ദ്രേട്ടൻ ചേർത്തു.

‘കത്തോ…? എനിക്കോ…?’

അമ്മ അശ്ചര്യപ്പെടുകയാണ്. ശരിയാണ്. അമ്മയ്ക്ക് കത്തുകളൊന്നും വരുന്ന പതിവില്ല. ആരായിരിക്കുമെന്ന് അറിയാനുള്ള കൗതുകം കൊണ്ടായിരിക്കണം കൈപ്പറ്റിയ ഉടൻ അമ്മയത് തുറന്ന് വായിച്ചത്. പോലീസുകാർക്ക് അയാൾ ഇരിക്കുന്ന മുറി കാട്ടിക്കൊടുത്ത് വരുമ്പോഴും അമ്മ മുറ്റത്താണ്. കത്തിൽ നിന്ന് കണ്ണെടുക്കാതെ ആ പാവം കരയുകയാണ്. അടുത്തേക്ക് പോയി തൊട്ടപ്പോൾ സ്വപ്നത്തിൽ നിന്നെന്ന പോലെ അമ്മ ഉണർന്നു. കരയിപ്പിച്ച കടലാസ്സ് കൈയ്യിൽ നിന്ന് ഊർന്ന് പോയപ്പോൾ അമ്മ അകത്തേക്ക് ഓടുകയായിരുന്നു.

‘എന്താ…?’

പോലീസ് ഡ്രൈവർ ആണെന്ന് തോന്നുന്നു. അറിയില്ലെന്ന് ഞാൻ പറഞ്ഞു. കരഞ്ഞ് കൊണ്ട് അമ്മ അകത്തേക്ക് എത്തിയപ്പോൾ, എന്റെ മുറിയുടെ മുന്നിൽ നിന്നിരുന്ന പോലീസുകാർ പുറത്തേക്ക് വന്നു. അവരും എന്താണ് സംഭവിച്ചെന്ന് ചോദിക്കുകയാണ്. ഉത്തരം തറയിലാണെന്ന പോലെ നോട്ടം കത്തിലേക്ക് മാറി. എടുത്ത് വായിക്കുകയും ചെയ്തു.

‘സുധേ…’

മരിച്ചുപോയ ആള് എഴുതിയ കത്താണെന്ന് കരുതി പേടിക്കണ്ട. അയൽരാജ്യത്ത് നരകിക്കുകയായിരുന്നു… പിടിക്കപ്പെട്ടപ്പോൾ ബന്ദിയാക്കി. ഒരിക്കൽ രക്ഷപ്പെടാൻ നോക്കിയതാ… വെടിവെച്ചിട്ടു. ചത്തെന്ന് കരുതി പ്ലാസ്റ്റിക് ചാക്കിൽ കെട്ടി ഉപേക്ഷിച്ചതാ… അന്ന് പൊട്ടിത്തെറിച്ച ടാങ്കറിൽ ഞാൻ ഉണ്ടായിരുന്നില്ല. ഇത് എഴുതുമ്പോൾ നെഞ്ചിടിപ്പ് കൂടുന്നുണ്ട്. എല്ലാം നേരിൽ പറയാം… ജീവൻ തിരിച്ച് കിട്ടിയതും, ഒളിച്ച് കഴിഞ്ഞതും, അലഞ്ഞതുമൊന്നും ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല…. ഈ കത്ത് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കണം. ഗവണ്മെന്റിനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. എൻക്വറിയും ഉണ്ടാകും. നേരെ അങ്ങോട്ടേക്കാണ് വരുന്നത്… ബാക്കിയെല്ലാം നിന്നേയും മോനെയും കണ്ടിട്ട്… ഞാൻ മരിച്ചുപോയെന്ന് ഇനിയും നിങ്ങൾ വിശ്വസിക്കരുത്….’

അമ്മയുടെ പേര്…! അച്ഛന്റെ ശബ്ദം…! ചില ഫീൽ ഗുഡ് ഫിലിം കണ്ടത് പോലെയൊരു ചിരിയാണ് ചിറികളിൽ വിരിഞ്ഞത്. മഹാത്ഭുതം തന്നെ. വിശ്വസിക്കാൻ നുള്ളി നോക്കേണ്ട വിധം മറഞ്ഞ് പോയ അച്ഛൻ തിരിച്ച് വന്നിരിക്കുന്നു. പോലീസുകാരിൽ ആരോ വന്ന് കുലുക്കുന്നത് വരെ വായിച്ചിട്ടും വായിച്ചിട്ടും തീരാത്ത ആ കത്തും പിടിച്ച് ഞാൻ നിൽക്കുകയാണ്.

പോലീസുകാർക്ക് കത്ത് കൈമാറിയതിന് ശേഷം അകത്തേക്ക് നടന്നു. നടക്കുമ്പോൾ ഹാളിലെ ചിത്രം ശ്രദ്ധിച്ചിരുന്നു. അതിൽ നിന്ന് മാലയെടുത്ത് മാറ്റാൻ തോന്നി… അല്ല… ആ ചിത്രമേ വേണ്ട… അത് അല്ലാതെ അച്ഛന്റെ മറ്റൊരു മുഖവും ഓർമ്മയിൽ ഇല്ലാത്ത മകനായി പോയല്ലോയെന്ന് ഓർക്കുമ്പോൾ നോവുന്നുണ്ട്. ശ്രദ്ധിച്ചാൽ, അമ്മയുടെ കരച്ചിൽ കേൾക്കാം… അച്ഛനും വിങ്ങുന്നുണ്ടെന്ന് തോന്നുന്നു…

ആ നേരങ്ങളിലെ അനുഭവം ആരോടാണ് പറയുക! കേട്ടാലും ആർക്കെങ്കിലും വിശ്വസിക്കാൻ സാധിക്കുമോ…! യാദൃശ്ചികതയുടെ വിരൽത്തുമ്പിൽ പിടിച്ച് ഒരു പുലർകാല സ്വപ്നം യാഥാർഥ്യത്തിലേക്ക് വിരുന്ന് വന്നതിന്റെ അർത്ഥം പിടികിട്ടുന്നതേയില്ല… വായിച്ചിട്ടും വായിച്ചിട്ടും തീരുന്നില്ലെന്ന് തോന്നിയ ആ കത്ത് അതിശയപ്പെടുത്തുന്നു. അതിൽ വൃത്തത്തിൽ പടർന്നത് ചോര അല്ലെന്നും, അമ്മയുടെ സിന്ദൂരരേഖയിൽ തെളിയാൻ പോകുന്ന കുങ്കുമം ആണെന്നും അറിയുമ്പോൾ, ഈ ലോകം തന്നെ സ്വപ്നമാണോയെന്ന് തോന്നിപ്പോകുകയാണ്….!!!

✍️ശ്രീജിത്ത് ഇരവിൽ

Leave a Reply

Your email address will not be published. Required fields are marked *