എമർജൻസി കോൾ കിട്ടിയിട്ടാണ് ഞാൻ ഓടി കാഷ്വാലിറ്റിയിൽ എത്തുന്നത്. അനേസ്തെറ്റിസ്റ്റ് ആയത് കൊണ്ട് ഹോസ്പിറ്റലിൽ എവിടെ എമർജൻസി ഉണ്ടെങ്കിലും അറ്റൻഡ് ചെയ്യണം. ഓൺ കോൾ ഡ്യൂട്ടി ആണെങ്കിൽ ചില ദിവസം ഇരിക്കാൻ പോലും സമയം കിട്ടാറില്ല. എമർജൻസി സിറ്റുവേഷൻ ഹാൻഡിൽ ചെയ്യാൻ ഇഷ്ടമാണെങ്കിലും അതിൽ ചിലരുടെയെങ്കിലും ജീവൻ കണ്മുന്നിൽ കൈവിട്ടുപോകുന്നത് ഒന്നും ചെയ്യാനാകാതെ നോക്കിനിൽക്കേണ്ടി വരുന്നത് വേദന നൽകാറുണ്ട്.
കാഷ്വാലിറ്റിയിൽ ചെന്നപ്പോൾ കൊണ്ടു വന്നിരിക്കുന്നത് ഒരു പതിനേഴുകാരിയെയാണ്.. അമിതമായ അളവിൽ ഏതോ ഗുളിക കഴിച്ചിട്ടുണ്ട്. അമ്മൂമ്മയുടെ ഉറങ്ങാനുള്ള മരുന്നിന്റെ രണ്ടു സ്ട്രിപ്പ് മിസ്സിങ്ങാണ്. അപ്പോൾ അതുതന്നെയായിരിക്കണം കഴിച്ചത്. രാവിലെ എഴുന്നേൽക്കാൻ വൈകിയപ്പോൾ അമ്മ പോയി വിളിച്ചപ്പോൾ അനക്കമില്ല. കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. എങ്കിലും ശ്രമിച്ചു നോക്കി. പക്ഷെ, കാര്യമുണ്ടായില്ല. മെഡിക്കൽ ഡോക്ടർ ആണ് ഡിക്ലെയർ ചെയ്യുന്നതും വീട്ടുകാരോട് സംസാരിക്കേണ്ടതും. അതിൽ എനിക്ക് റോൾ ഇല്ലാത്തത് കൊണ്ട് ഞാൻ ഡിപ്പാർട്മെന്റിലേക്ക് തിരിച്ചു നടന്നു..
വീട്ടുകാരുടെ കരച്ചിലും അലമുറയും കേൾക്കുന്നുണ്ടായിരുന്നു.. അതിനിടയിൽ അമ്മയാണെന്ന് തോന്നുന്നു; ഒരു സ്ത്രീ തളർന്നു വീണു. അവരെ സിസ്റ്റേഴ്സും മറ്റു ആരൊക്കെയോ ചേർന്ന് ഒരു ബെഡിലേക്ക് എടുത്തു കിടത്തി. ഞാൻ അങ്ങോട്ട് ചെന്നു അവരെ പരിശോധിച്ചു. ഷോക്കിന്റെയാവണം, വേറെ കുഴപ്പം ഒന്നുമില്ല. മുഖത്ത് ഇത്തിരി വെള്ളം തളിച്ചപ്പോൾ അവർ കണ്ണ് തുറന്നു.. കുറച്ചു നേരം ഒബ്സെർവഷനിൽ കിടത്താനും ആവശ്യമുണ്ടെങ്കിൽ ഡ്രിപ് കൊടുക്കാനും ജൂനിയർ ഡോക്ടർക്ക് നിർദേശം നൽകി. അവരോട് എന്ത് പറയണമെന്ന് അറിയാതെ ഞാൻ അവരുടെ കയ്യിൽ പിടിച്ചു മെല്ലെ അമർത്തി..
” ഞാനാ ഡോക്ടറെ, ഞാൻ കൊന്നുകളഞ്ഞതാ എന്റെ പൊന്നുമോളെ… എന്റെ അത്യാഗ്രഹം കൊണ്ട്, ഞാനാ എന്റെ മോളെ കൊലയ്ക്ക് കൊടുത്തത്… എനിക്കുമിനി ജീവിച്ചിരിക്കണ്ട… ”
അലറികരഞ്ഞുകൊണ്ട് അവർ കിടക്കയിൽ തലയിട്ടടിച്ചു. അവരുടെ ബന്ധുവെന്നു തോന്നിപ്പിക്കുന്ന ഒരാൾ അവരെ ഇറുക്കെപ്പിടിച്ചു സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഞാൻ കൂടെ വന്നവരെ സംശയത്തോടെ നോക്കി. അവർ പറഞ്ഞത് മുഴുവൻ മനസ്സിലായില്ലെങ്കിലും അതിൽ എന്തെങ്കിലും കാര്യമുണ്ടെങ്കിൽ ഈ പറഞ്ഞത് പോലീസിൽ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. എന്റെ മുഖത്തെ ഭാവം മനസ്സിലാക്കിയിട്ടായിരിക്കും അവരുടെ കൂടെ വന്നവരിൽ ഒരാൾ എന്റെ അടുത്ത് വന്നത്.
” മേഡം, മോൾ പ്ലസ്ടു ആയിരുന്നു. അടുത്ത ആഴ്ചയാണല്ലോ പരീക്ഷ. നന്നായി പഠിച്ചിരുന്ന കുട്ടിയാണ്. എന്തുപറ്റിയോ ആവോ. തോറ്റുപോയാലോ എന്ന് പേടിച്ചിട്ടാ മരിക്കുന്നതെന്ന് എഴുത്ത് എഴുതി വെച്ചിട്ടുണ്ടായിരുന്നു. ഈ ചേച്ചി, എപ്പോഴും പഠിക്ക് പഠിക്ക് എന്ന് പറഞ്ഞു ആ കുഞ്ഞിന് സമാധാനം കൊടുക്കില്ലായിരുന്നു. ഫുൾ എ പ്ലസ് കിട്ടിയില്ലെങ്കിൽ ജീവിച്ചിരിക്കില്ല എന്നൊക്കെയാ കൊച്ചിനോട് പറഞ്ഞോണ്ടിരുന്നേ. എന്നിട്ട് അവസാനം കൊച്ച് പോയപ്പോൾ കിടന്നു കരയുന്നു. പിള്ളേർക്ക് ആവശ്യത്തിൽ കൂടുതൽ സ്‌ട്രെസ് ആണ് കൊടുക്കുന്നെ. ഈ പിള്ളേർക്കൊക്കെ എപ്പോഴാ ഓരോന്ന് തോന്നുന്നേ എന്ന് ആർക്കറിയാം. ആരോട് പറയാനാ മേഡം. ഇതിനൊക്കെ വിധിയെന്നല്ല, വരുത്തിവെച്ചതാ എന്നേ പറയാൻ പറ്റൂ. ”
അയാൾ ആരോടെന്നില്ലാതെ രോഷം കൊള്ളുന്നുണ്ടായിരുന്നു.
എന്റെ നെഞ്ചിനകത്തെന്തോ കൊളുത്തിപ്പിടിച്ചപോലെ.. ഞാൻ പെട്ടെന്ന് എന്റെ മോൻ രോഹനെ ഓർത്തു. അവൻ നീറ്റ് എക്സാമിനു പ്രെപയർ ചെയ്യുകയാണ്. ഒരു തവണ എഴുതി കിട്ടാഞ്ഞിട്ട് ഈ വർഷം റിപ്പീറ്റ് ചെയ്യുകയാണ്.
” എന്നെക്കൊണ്ടിത് നടക്കുമെന്ന് തോന്നുന്നില്ല മമ്മീ ”
എന്നവൻ പല തവണ പറഞ്ഞതാണ്. എനിക്കാണ് നിർബന്ധം. ഒന്ന്, ഒരു ഡോക്ടറെന്ന നിലയിൽ എന്റെ മോനും ഡോക്ടർ ആയിക്കാണണം എന്ന ആഗ്രഹം. രണ്ട്, രോഹൻ കുഞ്ഞായിരുന്നപ്പോൾ പിരിഞ്ഞതാണ് ഞാനും അവന്റെ അച്ഛനും.. അദ്ദേഹം വേറെ വിവാഹം കഴിച്ചു സെറ്റിൽ ആയെങ്കിലും ഞാൻ എന്റെ മോന് വേണ്ടി ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ആ തീരുമാനം തെറ്റായിരുന്നില്ലെന്നും സിംഗിൾ മദർ എന്ന ബുദ്ധിമുട്ടിലും ഞാൻ തോറ്റുപോയിട്ടില്ല എന്ന് ചുറ്റുമുള്ളവരെ ബോധ്യപ്പെടുത്താനും അവനെ ഒരു ഡോക്ടറാക്കിയേ തീരൂ എന്ന എന്റെ ചെറിയൊരു വാശിയും. അതുകൊണ്ടുതന്നെ അവന്റെ മുന്നിൽ കുറച്ചധികം സ്ട്രിക്റ്റ് ആയ അമ്മയാണ് ഞാൻ. ഒത്തിരി സ്നേഹം കാണിച്ചാൽ മകൻ ചീത്തയായി പോകുമോ എന്ന് പേടിയുള്ള ഒരു സാധാരണ അമ്മ.. കളിക്കാനോ കൂട്ടുകാരോടൊപ്പം പുറത്ത് പോകാനോ ഒന്നും അവനെ സമ്മതിക്കാറില്ല.. ഒരു സിനിമയ്ക്ക് പോലും അവൻ പോയിട്ട് എത്ര നാളായി എന്ന് എനിക്കോർമ്മയില്ല. ഒരു ഡോക്ടർ ആയിട്ട് പോലും അവന്റെ മാനസികാവസ്ഥയെക്കുറിച്ച് ഇതുവരെയും ഞാൻ ചിന്തിച്ചില്ല.
ഈശ്വരാ, എന്റെ കുഞ്ഞിന്റെയും മനസ്സിൽ ഇങ്ങനെ വല്ല അരുതാത്ത ചിന്തയും തോന്നിയിട്ടുണ്ടോ ആവോ. എന്റെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി. ഞാൻ ഓടിയെന്ന പോലെ ഡോക്ടർസ് ഓഫീസിലേക്ക് കേറി, ഫോണെടുത്ത് മോനെ വിളിച്ചു. അവൻ ഫോണെടുക്കാൻ വൈകുന്തോറും എന്റെ നെഞ്ചിടിപ്പേറി. ഒരു സെറ്റ് ബെൽ അടിച്ചു തീരും മുന്നേ അവൻ ഫോണെടുത്തു.
” എന്താ മമ്മീ, ഞാൻ ടോയ്‌ലറ്റിൽ പോയതാരുന്നു. ”
അവന്റെ ശാന്തമായ ശബ്ദം കേട്ടപ്പോൾ എനിക്കാശ്വാസമായി.
“നീ ഭക്ഷണം കഴിച്ചായിരുന്നോ? ”
എന്റെ ശബ്ദത്തിലെ വിറയൽ അവൻ തിരിച്ചറിയാതിരിക്കാൻ ഞാൻ ശ്രമിച്ചു.
” ഇപ്പോൾ കഴിച്ചേയുള്ളൂ. ഞാൻ പഠിയ്ക്കാൻ തുടങ്ങുകയായിരുന്നു. ”
അവൻ പെട്ടെന്ന് പറഞ്ഞു. സാധാരണ ഞാൻ ഡ്യൂട്ടിയ്ക്കിടയിൽ വിളിക്കുന്നത് അവൻ പഠിക്കുകയാണോ എന്നുറപ്പു വരുത്താനാണ്.
” രോഹൻ, ഇന്നത്തെ പഠിപ്പ് മതി. കഴിഞ്ഞയാഴ്ച ഇറങ്ങിയ ത്രില്ലെർ ഫിലിം നല്ലതാണെന്ന് ഇവിടെ സ്റ്റാഫ് പറയുന്നത് കേട്ടു. നീ ഫസ്റ്റ് ഷോയ്ക്ക് ടിക്കറ്റ് ഉണ്ടോന്നു നോക്ക്. മമ്മി ഇന്ന് നേരത്തെ ഇറങ്ങാം. എന്നിട്ട് ഒന്നിച്ചൊരു ഫിലിം. പിന്നെ, അത്താഴം പുറത്ത് നിന്ന് കഴിച്ചിട്ട് പോരാം. നിന്റെ ഫേവറിറ്റ് ഹോട്ടൽ സഫയറിലെ ബിരിയാണി തന്നെ ആയിക്കോട്ടെ. ”
ഞാൻ ചിരിച്ചു കൊണ്ടാണ് പറഞ്ഞത്.
” റിയലി? എന്നെ പറ്റിക്കുകയല്ലല്ലോ? ”
അവന്റെ ശബ്ദത്തിൽ അവിശ്വസനീയത.
” മമ്മി ഉറപ്പായും വരും. നീ ഒരുങ്ങിയിരുന്നോ. വെക്കട്ടെ…
പിന്നെ രോഹൻ, ഐ ലവ് യൂ. ”
ഏതോ ഒരു പ്രേരണയിലാണ് ഞാൻ അത് പറഞ്ഞത്.
അവനൊരു നിമിഷം ശബ്ദമില്ലാതെ നിന്നു.
“ലവ് യൂ ടൂ മമ്മി.. ”
എന്റെ ചങ്കിൽ ഒരു കരച്ചിൽ വന്നു ശബ്ദം അടഞ്ഞു. ഞാൻ ഫോൺ കട്ട് ചെയ്തു.
ഇന്ന് അവനോട് സംസാരിക്കണം.. അവനിഷ്ടമില്ലാത്തതിനൊന്നും മമ്മി നിർബന്ധിക്കില്ലെന്നു പറയണം. അവനാരാകുന്നു എന്നതിലല്ല, അവൻ നല്ലൊരു വ്യക്തിയാകുന്നു എന്നതിലാണ് ഈ മമ്മിയ്ക്ക് സന്തോഷം എന്ന് പറയണം. പേരിലും പ്രശസ്തിയിലും സ്റ്റാറ്റസ്സിലും വലുതാണ് എനിക്കെന്റെ മകൻ എന്നും…..
✍️Jainy Tiju
