ചേട്ടൻ എന്നെ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞു ഈ കല്യാണത്തിൽ നിന്നൊന്ന് ഒഴിയണം പ്ലീസ്…” പെണ്ണ് കാണൽ ദിവസം തന്നെ ദേവിക അപേക്ഷ രൂപേണ പറഞ്ഞത് കേട്ട് ആകെ അമ്പരന്ന്…

“ചേട്ടൻ എന്നെ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞു ഈ കല്യാണത്തിൽ നിന്നൊന്ന് ഒഴിയണം പ്ലീസ്…”

പെണ്ണ് കാണൽ ദിവസം തന്നെ ദേവിക അപേക്ഷ രൂപേണ പറഞ്ഞത് കേട്ട് ആകെ അമ്പരന്ന് പോയി രൂപേഷ്..

” എടോ.. ഇതെന്താ ഇങ്ങനെ.. നമ്മൾ ഇപ്പോൾ സംസാരിച്ചു തുടങ്ങുന്നതല്ലേ ഉള്ളു. അതിനു മുന്നേ തന്നെ ഇങ്ങനൊക്കെ പറയുന്നത്…. തനിക്ക് എന്നെ ഇഷ്ടമായില്ലേ അതോ ഇനി വേറെ അഫയർ എന്തെലുമുണ്ടോ ”

” ഏയ് അങ്ങിനൊന്നുമല്ല ചേട്ടാ…. അഫയർ ഒന്നുമില്ല.. ചേട്ടനോട് ഇഷ്ടക്കേടും ഇല്ല പക്ഷെ.. ഇപ്പോൾ ഒരു വിവാഹത്തിന് ഞാൻ തയ്യാറല്ല.അതുകൊണ്ടാണ്… അച്ഛനും അമ്മയും നിർബന്ധിച്ചത് കൊണ്ടാണ് ഈ പെണ്ണ് കാണലിനു പോലും ഞാൻ തയ്യാറായത്.. ”

ദേവികയുടെ ആ മറുപടി കേട്ട് ഒരു നിമിഷം മൗനമായി രൂപേഷ്.

” ചേട്ടാ.. എന്നോട് ദേഷ്യമൊന്നും തോന്നരുത്.. സോറി.. ”

അവന്റെ മുഖഭാവത്തിൽ നിന്നും ആള് നിരാശയിലാണ് എന്ന് മനസിലാക്കവേ ക്ഷമാപണം നടത്തി ദേവിക.

” ഏയ്.. ദേഷ്യം അല്ലടോ.. എന്താ തന്റെ പ്രശ്നം.. അതൊന്ന് പറയാമോ.. സത്യത്തിൽ ഇതെന്റെ ആദ്യത്തെ പെണ്ണ് കാണലാണ്. ഇനി മറ്റൊരു പെണ്ണിനെ കാണാൻ പോകരുത് എന്നും മനസ്സിൽ ഉറപ്പിച്ചതാണ്… ജാതകങ്ങളും നല്ല ചേർച്ചയാണെന്നാണ് ജ്യോൽസ്യൻ പറഞ്ഞത് അതുകൊണ്ട് തന്നെ ഈ വിവാഹം ഞാൻ മനസ്സിൽ ഏറെക്കുറെ ഉറപ്പിച്ചതാണ്. എന്നിട്ടിപ്പോ പെട്ടെന്ന് ഇങ്ങനെ കേട്ടപ്പോ.. ”

സംശയത്തിൽ രൂപേഷ് നോക്കുമ്പോൾ പതിയെ അവനരുകിലായി ചെന്നു ദേവിക.

” ചേട്ടാ.. എന്റെ അച്ഛനും അമ്മയും ഒരുപാട് കഷ്ടപ്പെട്ടാണ് എന്നെ വളർത്തിയതും പഠിപ്പിച്ചതും. രണ്ടാളും ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്.. എന്റെ കല്യാണമൊക്കെ അവരുടെ സ്വപ്നം ആണ്. പക്ഷെ എന്റെ സ്വപ്നം ഒരു ജോലിയാണ്. കുറച്ചു നാളെങ്കിൽ കുറച്ചു നാൾ. ഒരു ജോലി വാങ്ങി എന്റെ വരുമാനം കൊണ്ട് അച്ഛനെയും അമ്മയെയും പൊന്ന് പോലെ നോക്കണം. അതാണ് എന്റെ ലക്ഷ്യം.. ഒരു വിവാഹത്തെ പറ്റി ഇപ്പോൾ ചിന്തിച്ചാൽ എന്റെ ആ ലക്ഷ്യം നിറവേറാൻ പറ്റില്ല..”

ഒന്ന് നിർത്തി രൂപേഷിന്റെ മുഖത്തേക്ക് നോക്കി അവൾ.

“അത്രയെങ്കിലും അവർക്ക് വേണ്ടി എനിക്ക് ചെയ്യണം ചേട്ടാ.. പക്ഷെ ഇതൊന്നും പറഞ്ഞാൽ അവര് കേൾക്കില്ല.. എന്റെ ജീവിതം സേഫ് ആക്കണം അതാണ് അവരുടെ ലക്ഷ്യം….”

ആ വാക്കുകൾ കേൾക്കെ വല്ലാത്ത ആശ്വാസം തോന്നി രൂപേഷിനു. ഒന്ന് നെടുവീർപ്പിട്ടു അവൻ.

” ഹോ..! ഇതാണോ കാര്യം.. എടോ.. ഇതൊക്കെ ആഫ്റ്റർ മാരേജും നടക്കുന്ന കാര്യങ്ങൾ അല്ലെ… അതിനു വേണ്ടി വിവാഹം വൈകിപ്പിക്കണോ ”

” ചേട്ടാ.. ഇതൊക്കെ എല്ലാരും പറയും പക്ഷെ എന്തൊക്കെ പറഞ്ഞാലും വിവാഹം കഴിഞ്ഞാൽ എല്ലാത്തിനും ലിമിറ്റേഷൻസ് ഉണ്ടാകും.. ഞാൻ എന്റെ കുടുംബത്തിലേക്ക് പോകുമ്പോൾ പതിയെ പതിയെ വീട്ടുകാരുടെ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ പറ്റാതാകും.. പ്ലീസ് ചേട്ടൻ എന്നെ ഒന്ന് മനസിലാക്കണം.. എന്റെ അച്ഛൻ…. ഇന്നലെ കൂടി ഞാൻ കണ്ടു പാവം ജോലി കഴിഞ്ഞെത്തി കൈ വേദന കാരണം മരുന്ന് പുരട്ടുന്നത്. അമ്മയും അതേ വയ്യാഞ്ഞിട്ടും ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്. എനിക്ക് അതൊക്കെ കണ്ടിട്ട് എന്റെ സൗഭാഗ്യം നോക്കി പോകാൻ മനസ് വരില്ല ചേട്ടാ.. ഇതുവരെ വന്ന മൂന്ന് ആലോചനകളും വലിയ കുടുംബവും ചെക്കന്മാർക്ക് വലിയ ജോലിയുമൊക്കെയായിരുന്നു. പക്ഷെ എന്റെ ഈ ആഗ്രഹം മാത്രം ആർക്കും അംഗീകരിക്കാൻ പറ്റിയില്ല അതുകൊണ്ട് ഞാൻ റിക്വസ്റ്റ് ചെയ്തപ്പോൾ അവർ തന്നെ ഒഴിഞ്ഞു പോയി.. ചേട്ടനും അത് പോലെ എന്നെയൊന്നു സഹായിക്കണം… പ്ലീസ് ”
തൊഴുകയ്യോടെയാണ് ദേവിക പറഞ്ഞു നിർത്തിയത്.

അല്പസമയം അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു രൂപേഷ്. ഉള്ളിൽ വല്ലാത്തൊരു ഇഷ്ടം അറിയാതെ ഉടലെടുത്തത് അറിഞ്ഞു അവൻ.

” എടോ.. താൻ പറഞ്ഞത് എനിക്ക് മനസിലായി.. ഈ കാലത്ത് ഇങ്ങനൊക്കെ ചിന്തിക്കുന്ന പെൺകുട്ടികൾ വിരളമാണ്.. ഇനി എനിക്ക് പറയാൻ ഉള്ളത് കൂടി ഒന്ന് കേൾക്കാമോ.. ”

അങ്ങനൊരു ചോദ്യം ദേവിക പ്രതീക്ഷിച്ചില്ല..

” എന്താ… ചേട്ടൻ പറയ് ”

” എടോ ഞാൻ പണ്ട് ഞങ്ങടെ നാട്ടിൽ കൂട്ടുകാരൊക്കെ ചേർന്ന് ഇച്ചിരി കള്ള് കുടിയും അലമ്പുമൊക്കെയായി നടന്ന ആളാണ്… അന്ന് എന്റെ അമ്മ ജോലിക്ക് പോയാണ് എന്നെ കൂടി നോക്കിയിരുന്നതും. അച്ഛൻ മരിച്ചേ പിന്നേ പലരുടെയും കുത്തുവാക്കുകൾ കേട്ടിട്ടുണ്ട്… വീടിനു ഗുണമില്ലാത്തവൻ അമ്മയെ നോക്കാത്തവൻ.. കള്ള് കുടിയൻ.. അങ്ങിനെ പല പല പേരുകൾ.. ഒക്കെയും കേട്ട് മടുത്തപ്പോൾ എടുത്തൊരു തീരുമാനം ആണ് ഒരു സർക്കാർ ജോലി നേടുക എന്നത്. ആത്മാർത്ഥമായി കഷ്ടപ്പെട്ട് തന്നെ പഠിച്ചു… കുറെ ടെസ്റ്റുകൾ എഴുതി ഒടുവിൽ ഫലം കണ്ടു. ആദ്യം ജോലി കിട്ടിയത് ഫയർ ഫോഴ്സിൽ ആണ്. അതിൽ ജോയിൻ ചെയ്തപ്പോൾ തന്നെ എന്നെ കുറ്റം പറഞ്ഞവർ തിരികെ വാഴ്ത്തി തുടങ്ങി. അതൊരു ഹരമായി വീണ്ടും പഠിച്ചു ടെസ്റ്റുകൾ എഴുതി ഞാൻ.. ഇപ്പോൾ വിജിലൻസിൽ കയറി. ”

ഒന്ന് നിർത്തി ദേവികയ്ക്ക് മുഖാമുഖം തിരിഞ്ഞു അവൻ.

” ഇപ്പോൾ എന്നെ കുറ്റം പറഞ്ഞവരൊക്കെ അവരുടെ മക്കൾക്ക് റോൾ മോഡൽ ആയി പറഞ്ഞു കൊടുക്കുന്നത് എന്നെയാണ്… ”

ആ വാക്കുകളിൽ വല്ലാത്തൊരു സംതൃപ്തിയും അഭിമാനവും നിറഞ്ഞത് മനസിലാക്കി അവൾ.

” എടോ ഇതിപ്പോ എന്തിനാ ഇവിടെ പറഞ്ഞത് എന്നാകും താൻ ചിന്തിക്കുന്നത്… ജോലിയൊക്കെ ആയപ്പോൾ തൊട്ട് കല്യാണാലോചനകൾ വന്നു തുടങ്ങി.. അന്നേരം സ്ത്രീധനമൊന്നും വാങ്ങാതെ കെട്ടുന്ന പെണ്ണിനെ പൊന്ന് പോലെ നോക്കുവാനുള്ള ചെറിയൊരു സമ്പാദ്യമെങ്കിലും ആയ ശേഷമേ കെട്ടുള്ളു എന്നൊരു തീരുമാനം എടുത്തു ഞാൻ. ഇന്നിപ്പോ അവസ്ഥയിൽ എത്തിയപ്പോ ആണ് തന്നെ പെണ്ണ് കാണാനായി ഞാൻ ഇവിടെ വന്നത്.. തന്റെ ആഗ്രഹങ്ങൾ മറ്റാരേക്കാളും എനിക്ക് മനസിലാകും.. ഒപ്പം കൂടിയാൽ ഒന്നിനും ഒരു നിബന്ധന വയ്ക്കില്ല ഞാൻ. മറിച്ചു എന്തിനും ഒപ്പം നിന്നോളാം ഞാൻ ”
ആ വാക്കുകൾ ദേവികയുടെ ഉള്ളിലാണ് തറച്ചത്. അത്തരമൊരു കരുതൽ അവൾ ഒട്ടും പ്രതീക്ഷിച്ചില്ല..

” ചേട്ടാ.. അത്.. ”

മറുപടി പറയുവാൻ കഴിയാതെ ഒരു നിമിഷം അവനെ തന്നെ നോക്കി നിന്നു പോയി അവൾ.

” എടോ.. എന്നെ തന്നെയാണ് ഞാൻ നിന്നിൽ കാണുന്നത്.. എനിക്കൊരു അമ്മയേ ഉള്ളു.. തനിക്ക് അച്ഛനും അമ്മയും. നമ്മൾ ഒന്നായാൽ മൂന്ന് പേരെയും നമുക്ക് ഒരു ഒരുമിച്ചു പൊന്ന് പോലെ നോക്കാമെടോ.. താൻ ആലോചിച്ചു ഒരു തീരുമാനം പറഞ്ഞാൽ മതി. എന്തായാലും തന്നെ ഇഷ്ടമായില്ല എന്നൊരു കള്ളം പറയുവാൻ എനിക്ക് കഴിയില്ല കാരണം .. അത്രയ്ക്ക് ഇഷ്ടമായി തന്നെ… ”

പുഞ്ചിരിയോടെ തിരികെ നടന്നു രൂപേഷ്. ഉള്ളിൽ വല്ലാത്ത സന്തോഷം തോന്നി ദേവികയ്ക്ക് അപ്പോൾ. അറിയാതെ അവളുടെ ഉള്ളിലും അവനോട് ഒരു ഇഷ്ടം തളിരിട്ട് തുടങ്ങിയിരുന്നു കുറച്ചു മുന്നിലേക്ക് പോയി ഒന്ന് നിന്നു രൂപേഷ്.

” എടോ.. ഒരു കാര്യം കൂടി.. ഞാൻ ഇപ്പോൾ ഒരു അദ്ധ്യാപകൻ കൂടിയാണ്.. ഞങ്ങൾ കുറച്ചു ഫ്രണ്ട്‌സ് ചേർന്ന് ഒരു പി എസ് സി കോച്ചിങ് സെന്റർ നടത്തുന്നുണ്ട്.. ഒപ്പം കൂടുവാണേൽ തന്റെ ലക്ഷ്യത്തിലേക്കെത്താൻ കൂടുതൽ എളുപ്പമാകും… ”

ഒന്ന് പുഞ്ചിരിച്ചു കൊണ്ട് രൂപേഷ് നടന്നകലുമ്പോൾ വല്ലാത്ത സന്തോഷത്തിൽ ദേവികയുടെ മിഴികൾ തുളുമ്പിപ്പോയി. ആ നിമിഷം മുതൽ അവളും രൂപേഷിനെ മനസ്സിൽ ഇഷ്ടപ്പെട്ടു തുടങ്ങി.

പരസ്പരം മനസിലാക്കാൻ കഴിയുന്ന സപ്പോർട്ട് ചെയ്യുന്ന ഒരു പങ്കാളി ഒപ്പമുണ്ടെൽ ഏത് ലക്ഷ്യത്തിലേക്കും എത്തിച്ചേരാൻ പറ്റുമെന്ന സത്യം ആ നിമിഷം മനസിലാക്കി ദേവിക…

രണ്ടാളും ഉമ്മറത്തേക്ക് തിരികെയെത്തുമ്പോൾ ബന്ധുക്കൾ പരസ്പരം സംസാരിച്ചിരിക്കുകയായിരുന്നു.

” എന്തായി സംസാരിച്ചിട്ട്.. ഇഷ്ടമായോ രണ്ടാൾക്കും.. ഞങ്ങൾ ഇതങ്ങ് ഉറപ്പിക്കട്ടെ.. ”

അവരെ കണ്ട മാത്രയിൽ ബ്രോക്കർ പ്രതീക്ഷയോടെ ചോദിച്ചു.

” എനിക്ക് ഓക്കേയാണ് ചേട്ടാ.. ദേവികയുടെ ഇഷ്ടം അറിയില്ല.. ”

മറുപടി പറഞ്ഞു കൊണ്ട് ദേവികയുടെ മുഖത്തേക്ക് ഒന്ന് നോക്കി രൂപേഷ്.

” മോളെ.. ”

പ്രതീക്ഷയോടെ അച്ഛനും തന്നെ നോക്കുന്നത് കാൺകെ തിരികെ രൂപേഷിന്റെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു അവൾ

” എനിക്കും.. ഇഷ്ടമാണ്.. ”

എല്ലാവരും കേൾക്കാൻ ആഗ്രഹിച്ച മറുപടിയായിരുന്നു അത്. രൂപേഷിന്റെ ഉള്ളിലും വല്ലാത്തൊരു കുളിർമ തോന്നി ആ നിമിഷം. ദേവികയെ തന്നെ നോക്കുമ്പോൾ അവന്റെ മിഴികളിലും ആനന്ദം തളം കെട്ടി..

“അപ്പോ ശെരി.. ജാതകം നല്ല പൊരുത്തമായത് കൊണ്ട് ഇനി അധികം വൈകിക്കേണ്ട… അല്ലെ.. ”

ബ്രോക്കർ കൂടുതൽ ആവേശത്തിലാകുമ്പോൾ ആകുമ്പോൾ ബന്ധുക്കൾ വിവാഹ ഒരുക്കങ്ങൾ പറ്റിയുള്ള ചർച്ചകളിൽ മുഴുകി..

ആ സമയം രൂപേഷും ദേവികയും പരസ്പരം നോക്കി അങ്ങിനെ നിന്നു. അപ്പോൾ മുതൽ പരസ്പരം ഒന്നും സംസാരിക്കാതെ തന്നെ മിഴികൾ കൊണ്ടവർ തങ്ങളുടെ പ്രണയം കൈമാറി തുടങ്ങിയിരുന്നു…

(ശുഭം )

✍️പ്രജിത്ത് സുരേന്ദ്രബാബു

Leave a Reply

Your email address will not be published. Required fields are marked *