“നമ്മുടെ ആദ്യരാത്രി കഴിഞ്ഞ ദിവസം നിങ്ങൾക്ക് എന്നെ കുറിച്ച് ഒരു സംശയവും തോന്നിയില്ലേ മനുവേട്ടാ..?”
ആ ചോദ്യം ചോദിക്കുമ്പോൾ അവളുടെ ശബ്ദം വിറക്കുന്നുണ്ടായിരുന്നു, കൈകൾ തണുത്തിരുന്നു, കണ്ണുകൾ നിറഞ്ഞിരുന്നു. ചോദ്യം ചോദിച്ചതല്ലാതെ മുന്നിലിരിക്കുന്ന ഭർത്താവ് മനുവിന്റെ മുഖത്തേക്ക് നേരെ നോക്കാൻ പോലും നിത്യയ്ക്ക് ധൈര്യമുണ്ടായിരുന്നില്ല. ഈ ഒരു ചോദ്യം ചോദിക്കാൻ അവൾക്ക് കാത്തിരിക്കേണ്ടി വന്നത് കേവലം ഒരു ദിവസമൊ ഒരു മാസമോ അല്ല നാൽപത്തിമൂന്ന് ദിവസങ്ങൾ…നാൽപത്തിമൂന്ന് രാത്രികൾ.. ഓരോ രാത്രിയും അവൾ ഭയത്തോട് കൂടിയാണ് ഉറങ്ങിയത്. ഇന്ന് തന്റെ ഭർത്താവ് തന്നെ ചോദ്യം ചെയ്യുമോ? ഇന്നത്തോടെ അദ്ദേഹം തന്നെ വെറുക്കുമോ? തന്റെ ഭൂതകാലം അറിഞ്ഞാൽ ഈ സ്നേഹം അവസാനിക്കുമോ എന്നെല്ലാം പക്ഷേ ഒരിക്കൽ പോലുംമനു ഒന്നും ചോദിച്ചില്ല. ഒരിക്കൽപോലും സംശയത്തോടെ നോക്കിയില്ല. മനുവിന്റെ ആ മൗനമാണ് അവളെ കൂടുതൽ ഭയപ്പെടുത്തിയത് ഒടുവിൽ സകല ധൈര്യവും എടുത്ത് ആണ് അവൾ അത് ചോദിച്ചത്.
മുറിയിൽ നിശബ്ദത പരന്നു. മനു കുറച്ചുനേരം അവളെ നോക്കി ആ നോട്ടത്തിൽ കോപം ഉണ്ടായിരുന്നില്ല, വിധിയെഴുത്ത് ഉണ്ടായിരുന്നില്ല സ്നേഹം മാത്രം.
അവളുടെ ചാരിയിരുന്നു മനു പതുക്കെ ചോദിച്ചു “ഈ ഭാരം നിന്റെ മനസ്സിൽ എത്ര നാളായി കിടക്കുന്നു? ”
അവളുടെ ഉള്ളിൽ വർഷങ്ങളായി കെട്ടിക്കിടന്ന വേദന മുഴുവൻ കണ്ണീരായി പുറത്തേക്ക് ഒഴുകാൻ ആ ഒരു ചോദ്യം മതിയായിരുന്നു.
“എന്നെ ഒരാൾ ചതിച്ചിരുന്നു.” കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു. അത് പറയുമ്പോൾ അവൾക്ക് സ്വന്തം ശബ്ദം പോലും കേൾക്കാനായില്ല. ചില മുറിവുകൾ ശരീരത്തിനെ മാത്രമല്ല വ്രണപ്പെടുത്തുന്നത് മനസ്സിനെ കൂടിയാണ്.
“കരയാതെ നിത്യ..ഇത്രയും നാൾ പൂട്ടിവെച്ച ദുഃഖങ്ങൾ നിനക്ക് തുറന്നു പറയാം ഞാനുണ്ട് കൂടെ..” അവൻ അവളെ ചേർത്തുപിടിച്ചു. മനസ്സിലെ ഭാരം ഇറക്കി വയ്ക്കാൻ അവളും നന്നേ ആഗ്രഹിച്ചിരുന്നു.
” ഒരുകാലത്ത് പ്രണയം എന്ന വാക്ക് കേട്ടാൽ പോലും ചിരിച്ചിരുന്ന ഒരു പെൺകുട്ടി. ജീവിതത്തെക്കുറിച്ച് വലിയ സ്വപ്നങ്ങൾ ഒന്നും ഇല്ലായിരുന്നു അച്ഛന്റെയും അമ്മയുടെയും തണലിൽ ജീവിച് ഒരുനാൾ തന്നെ സ്നേഹിക്കുന്ന ഒരാളെ വിവാഹം കഴിച്ച് ചെറിയൊരു കുടുംബമായി സന്തോഷത്തോടെ കഴിയണം അത്ര മാത്രമായിരുന്നു ആഗ്രഹം. അങ്ങനെയിരിക്കെയാണ് ഹരി എന്റെ ജീവിതത്തിലേക്ക് വന്നത്. ആദ്യത്തെ കണ്ടുമുട്ടൽ വളരെ യാദൃശ്ചികം ആയിരുന്നു ഒരു സുഹൃത്തിന്റെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ.അന്നാണ് ഞങ്ങൾ ആദ്യമായി പരിചയപ്പെടുന്നത് വളരെ കുറച്ചു മാത്രമേ ഞങ്ങൾ അന്ന് സംസാരിച്ചുള്ളൂ പക്ഷേ ഹരിയുടെ നിഷ്കളങ്കമായ പെരുമാറ്റം എന്നെ കൂടുതൽ ആകർഷിച്ചു. അന്ന് ഞാൻ ഒരുപാട് സന്തോഷിച്ചു.ഹരിയോട് കൂടുതൽ സമയം സംസാരിച്ചിരിക്കാൻ എന്റെ മനസ്സ് കൊതിച്ചു. അങ്ങനെയിരിക്കെ വീട്ടിലെത്തി ഫോണിൽ ഫേസ്ബുക്ക് നോക്കിയപ്പോഴാണ് ഞാൻ ഒരു മെസ്സേജ് കണ്ടത്.
“ഹായ് സേഫ് ആയി വീടെത്തിയോ” അത് ഹരി ആയിരുന്നു.ആ നിമിഷം ഞാൻ എന്തെന്ന് അറിയാതെ സന്തോഷിച്ചു.ഒരു മെസ്സേജിൽ തുടങ്ങിയ സംഭാഷണം ദിവസങ്ങൾക്കകം മണിക്കൂറുകൾ നീളുന്ന ഫോൺകോളുകളായി മാറി. എന്റെ ശബ്ദം ഒന്ന് ഇടറിയാൽ പോലും ആദ്യം അറിയുന്നത് അവൻ ആയിരുന്നു. ഭക്ഷണം കഴിച്ചില്ലെങ്കിൽ വഴക്ക് പറയുന്നതും, എന്റെ എല്ലാ സന്തോഷങ്ങളും ദുഃഖങ്ങളും കേൾക്കാൻ സമയം കണ്ടെത്തിയതും, എന്നെ ചേർത്തുപിടിച്ചതും അവനായിരുന്നു. അങ്ങനെ ഹരി എന്നെ ഒരിക്കലും കരയിക്കില്ല എന്ന് ഞാൻ വിശ്വസിച്ചു.
അന്ന് ഒരു വൈകുന്നേരം കടൽതീരത്ത് ഇരിക്കുമ്പോൾ ഹരി എന്റെ കയ്യിൽ ഒരു ചെറിയ മോതിരം അണിയിച്ചു സ്വർണമോ വെള്ളിയോ ഒന്നുമായിരുന്നില്ല വില കുറഞ്ഞ ഒരു മോതിരം. പക്ഷേ എനിക്ക് അത് കിട്ടിയതിൽ വച്ച് ഏറ്റവും വലിയ സമ്മാനമായിരുന്നു.
” ഇത് എൻഗേജ്മെന്റ് റിംഗ് ഒന്നും അല്ല കേട്ടോ.. അവൻ ചിരിച്ചു. ” ഞാൻ ജോലി വാങ്ങിയ ശേഷം ഇതേ വിരലിൽ നാലാളെ സാക്ഷിയാക്കി യഥാർത്ഥ മോതിരം ഞാൻ അണിയിക്കും “അവൻ എനിക്ക് വാക്ക് നൽകി. ആ നിമിഷം എന്റെ കണ്ണുകൾ നിറഞ്ഞു. സത്യമാണോ എന്ന് ഞാൻ ചോദിച്ചപ്പോൾ അവൻ എന്റെ തലയിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു ഈ ലോകം മുഴുവൻ എനിക്ക് എതിരായി നിന്നാലും നിന്നെ ഞാൻ വിട്ടുകൊടുക്കില്ല എന്ന്. അത് കേട്ടതും ജീവിതകാലം മുഴുവൻ അവനെ വിശ്വസിക്കാൻ ഞാൻ തീരുമാനിച്ചു. പക്ഷേ ആ തീരുമാനം തന്നെയാകും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുറിവാകാൻ പോകുന്നതെന്ന് ഞാൻ അറിഞ്ഞിരുന്നില്ല.
മാസങ്ങൾ കടന്നുപോയി ഞങ്ങളുടെ പ്രണയം കൂടുതൽ ആഴത്തിലായി എനിക്ക് ഹരി കൂടെ ഇല്ലാത്ത ഒരു നിമിഷം പോലും സങ്കൽപ്പിക്കാൻ കഴിയുമായിരുന്നില്ല ഒരു ദിവസം പോലും അവന്റെ ശബ്ദം കേൾക്കാതെ ഞാൻ ഉറങ്ങിയിരുന്നില്ല. പക്ഷേ ഹരിക്ക് ഞാൻ ഒരു പ്രണയിനി മാത്രമായിരുന്നില്ല അവന് കീഴടക്കേണ്ട മറ്റൊരു ഇര കൂടിയായിരുന്നു.
അന്ന് ഒരു വൈകുന്നേരം നല്ല കനത്ത മഴയുള്ള ദിവസമായിരുന്നു. എന്തോ അത്യാവശ്യ കാര്യം സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞാണ് ഹരി എന്നെ വിളിച്ചത് നഗരത്തിൽ നിന്ന് കുറച്ച് അകലെയുള്ള ഒരു റിസോർട്ടിലേക്ക് ആണ് ഹരി എന്നെ കൊണ്ടുപോയത്.
” ഭയമാണോ? ” അവൻ ചോദിച്ചു.
” നീ കൂടെയുള്ളപ്പോൾ എനിക്ക് എന്തിനാണ് ഭയം? ” ആ മറുപടി കേട്ട് അവൻ എന്റെ കൈ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു “നമ്മൾ ഇനി വേർപിരിയില്ല മരണംവരെ..” ഞാൻ വിശ്വസിച്ചു കാരണം അന്നേരം ആ കണ്ണുകളിൽ കണ്ടത് പ്രണയമായിരുന്നു ചതിയായിരുന്നില്ല.. പിന്നീട് ഹരിയുടെ മട്ടും ഭാവവും മാറി.
” നമ്മൾ വിവാഹം കഴിക്കാൻ പോകുന്നവരല്ലേ അപ്പോൾ നമ്മുടെ ഇടയിൽ ഇനി എന്തിനാണ് ഈ അകലം..? ”
ആദ്യം മനസ്സിലായില്ലെങ്കിലും പിന്നീട് ഹരി എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായി. ഒരു വശത്ത് മുറുകെപ്പിടിച്ച മൂല്യങ്ങൾ..മറുവശത്ത് നോ പറഞ്ഞാൽ അവനെ നഷ്ടപ്പെടുമോ എന്ന ഭയം ആ ഒരു അവസ്ഥ എനിക്ക് ചിന്തിക്കാനേ കഴിയില്ലായിരുന്നില്ല.ഒടുവിൽ പ്രണയം ജയിച്ചു എനിക്ക് അവന് കീഴടങ്ങേണ്ടി വന്നു. അപ്പോഴും ഹരി എന്റെ സ്വന്തമാണെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. പക്ഷേ ആ ദിവസം കഴിഞ്ഞതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. മണിക്കൂറുകൾ നീണ്ട ഫോൺ വിളികൾ മിനിറ്റുകളായി, മിനിറ്റുകൾ സെക്കൻഡുകൾ ആയി പിന്നീട് ഒരു മെസ്സേജ് പോലും ഇല്ലാത്ത ദിവസങ്ങളായി.
“ജോലിത്തിരക്കാണ്, വീട്ടിലുണ്ട്,പിന്നെ സംസാരിക്കാം….” ഓരോ ദിവസവും ഓരോ പുതിയ കാരണം. ആദ്യമൊക്കെ ഞാൻ വിശ്വസിച്ചു പിന്നെ കാത്തിരുന്നു ഒടുവിൽ കരഞ്ഞു.
ഒരു ദിവസം മറുപടി കിട്ടാതെ ഭ്രാന്ത് വന്ന സമയം ഞാൻ നേരെ അവന്റെ വീട്ടിലേക്ക് പോയി. വാതിൽ തുറന്നത് അവന്റെ അമ്മയായിരുന്നു.
“എന്താ വേണ്ടത്?”
“ഹരിയെ..” അന്നേരം അമ്മയുടെ മുഖത്ത് ഒരു ആശങ്ക പടർന്നു.
“മോളെ അവൻ പുറത്തു പോയല്ലോ..” അവർ പറഞ്ഞു നിർത്തിയതും വീടിന്റെ മുറ്റത്ത് ഒരു കാർ വന്നു നിന്നു.അതിൽ നിന്ന് ഹരി ഇറങ്ങി അവനോടൊപ്പം ചിരിച്ചുകൊണ്ട് ഒരു പെൺകുട്ടിയും. എന്നെ കണ്ട നിമിഷം ഹരിയുടെ മുഖത്ത് ഒരു ഭയമോ ആശങ്കയോ ഉണ്ടായിരുന്നില്ല മറിച്ച് ഒരു പരിഹാസ ചിരി മാത്രം.
“നീ എന്താ ഇവിടെ?”
” ഇവൾ ആരാണ്? ” വിറച്ചുകൊണ്ട് ഞാൻ ചോദിച്ചു.
” എന്റെ ഫ്രണ്ട്”
“അപ്പോൾ ഞാൻ?” അവൻ ചിരിച്ചു.
“നീയും ഒരുകാലത്ത് ഫ്രണ്ട് ആയിരുന്നു.” അത് കേട്ടതും എന്റെ കണ്ണുനിറഞ്ഞു.
“നമ്മുടെ വിവാഹം?”
അവസാന പ്രതീക്ഷയോടെ ഞാൻ ചോദിച്ചു അന്നേരം ഹരി പൊട്ടിച്ചിരിച്ചു.
” നിത്യ നീ ഇതൊക്കെ ശരിക്കും വിശ്വസിച്ചുവോ? ”
എനിക്കപ്പോൾ സംസാരിക്കാൻ പോലും കഴിഞ്ഞിരുന്നില്ല
“എന്നെ നീ സ്നേഹിച്ചിട്ടില്ലേ?”കരഞ്ഞുകൊണ്ട് ഞാൻ ചോദിച്ചു
” സ്നേഹം എനിക്ക്അത് ഒരു വിനോദമാണ്. ”
“അപ്പോൾ ഞാൻ…?”
“ഹഹ.. നീ അഞ്ചാമത്തെ ആളാണ്.” അടക്കിപ്പിടിച്ച സ്വരത്തിൽ അവനത് പറഞ്ഞപ്പോൾ എന്റെ കണ്ണിൽ ഇരുട്ട് കയറി ആ നിമിഷം എന്റെ ലോകം തന്നെ അവിടെ തകർന്നുവീണു. എങ്ങനെയൊക്കെയോ വീടെത്തിയതും ഞാൻ മുറിയിൽ കയറി വാതിൽ അടച്ചു. അമ്മ പലതവണ വിളിച്ചു. ഭക്ഷണം കഴിക്കാൻ പറഞ്ഞു ഞാൻ വാതിൽ തുറന്നില്ല.. ഒരു ജീവിതകാലം മുഴുവൻ കരഞ്ഞു തീർക്കേണ്ട കണ്ണുനീർ ആ ഒരു ദിവസം കൊണ്ട് ഞാൻ ഒഴുക്കിയിട്ടുണ്ട്. കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്ന് പലകുറി ഞാൻ സ്വയം ചോദിച്ചു തെറ്റ് എന്റേതായിരുന്നോ?ജീവനായി സ്നേഹിച്ചതാണോ എന്റെ കുറ്റം..?അന്ന് രാത്രി ഉറക്കം എന്താണെന്ന് പോലും ഞാൻ അറിഞ്ഞിരുന്നില്ല.പിറ്റേന്ന് രാവിലെ ഒന്നും സംഭവിക്കാത്ത മട്ടിൽ ഞാൻ പുറത്തുവന്നു. ഉള്ള് നീറി പുകയുമ്പോഴും ഞാൻ പുഞ്ചിരിക്കാൻ ശ്രമിച്ചു കാരണം എന്റെ വേദനയേക്കാൾ വലുതായിരുന്നു എനിക്ക് എന്റെ അച്ഛനും അമ്മയും.. അവർക്ക് ഒന്നും അറിയില്ലായിരുന്നു. അങ്ങനെ പകൽ മുഴുവൻ അഭിനയിച്ചും രാത്രി തളർന്ന മനസ്സുമായി കരഞ്ഞും ഞാൻ ദിവസങ്ങൾ തള്ളി നീക്കി. ആറുമാസം കഴിഞ്ഞപ്പോൾ അച്ഛൻ ഒരു വിവാഹാലോചന കൊണ്ടുവന്നു നല്ല ജോലി, നല്ല ശമ്പളം, അതിലുപരി നല്ല കുടുംബം.
” മോളെ എന്തുകൊണ്ടും നമുക്ക് കിട്ടാവുന്നതിൽ വച്ച് നല്ല ബന്ധമാണ്. ” അച്ഛൻ പറഞ്ഞപ്പോൾ വേണ്ട എന്ന് പറയാൻ പോലും എനിക്ക് കഴിഞ്ഞില്ല കാരണം മനസ്സും ശരീരവും വ്രണപ്പെട്ടു എങ്കിലും എന്റെ ഭൂതകാലം ആരും അറിയരുതെന്ന് ഞാൻ ആഗ്രഹിച്ചു. എന്റെ അച്ഛനും അമ്മയും ആരുടെയും മുന്നിൽ തലകുനിക്കുന്നത് എനിക്ക് താങ്ങാൻ ആവില്ലായിരുന്നു. അങ്ങനെ ഞാൻ സമ്മതം മൂളി.
നമ്മുടെ വിവാഹ ദിവസം എല്ലാവരും സന്തോഷത്തോടെ ഓടി നടന്നു. പൂക്കളുടെ സുഗന്ധം, നാദസ്വരമേളം, ക്യാമറ ഫ്ലാഷുകൾ. ഞാൻ എല്ലാം മറന്ന് ചിരിക്കാൻ ശ്രമിച്ചു അപ്പോഴാണ് ആൾക്കൂട്ടത്തിനിടയിൽ ആ മുഖം ഞാൻ തിരിച്ചറിഞ്ഞത്.’ ഹരി!’
വെളുത്ത ഷർട്ട് ധരിച്ച് ചുണ്ടിൽ അതേ പരിഹാസ ചിരിയുമായി അവൻ മെല്ലെ കൈയടിച്ചു. അന്നേരം എന്റെ നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞു പോയതു പോലെ തോന്നി. അന്ന് എന്റെ കയ്യിൽ നിന്നും മാല താഴെ വീണത് മനുവേട്ടൻ ഓർക്കുന്നുണ്ടോ? അവനെ കണ്ട് ഞാൻ ആകെ തകർന്നുപോയിട്ടാണ് എന്റെ ജീവിതം നശിപ്പിച്ചിട്ടും അവന് ഒരു കുറ്റബോധവും ഇല്ലായിരുന്നു. അന്ന് അവന്റെ ആ ചിരി എന്നെ ജീവനോടെ കൊന്നു കളഞ്ഞു. പക്ഷേ ഇപ്പോൾ എന്നെ അലട്ടുന്ന കാര്യം അവൻ എന്നെ ചതിച്ചത് മാത്രം അല്ല ഇത്രയും എന്നെ സ്നേഹിക്കുന്ന മനുവേട്ടനെ ഞാൻ വഞ്ചിക്കുന്നു എന്നുള്ള കുറ്റബോധം കൂടിയാണ്. ” അവൾ കരഞ്ഞു മുറിയിൽ തികഞ്ഞ നിശബ്ദത നിറഞ്ഞുനിന്നു. കരഞ്ഞു കരഞ്ഞ് അവളുടെ ശ്വാസം പോലും ഇടന്നുണ്ടായിരുന്നു. മനു ഒന്നും പറഞ്ഞില്ല അവളുടെ അടുത്തേക്ക് പതിയെ നടന്നുവന്നു അവളുടെ താടിയിൽ വിരൽ ചേർത്ത് മുഖം ഉയർത്തി.
“എന്റെ മുഖത്തേക്ക് നോക്ക്..”
നിത്യയ്ക്ക് കഴിഞ്ഞില്ല. കണ്ണുകൾ അടച്ചുകൊണ്ട് അവൾ പറഞ്ഞു.
” എനിക്ക് കഴിയില്ല.. നിങ്ങളുടെ കണ്ണുകളിൽ വെറുപ്പ് കാണാൻ എനിക്ക് ധൈര്യമില്ല.. ”
മനു അവളുടെ കണ്ണുനീർ തുടച്ചുകൊണ്ട് ചോദിച്ചു” ഒരു ചോദ്യം ചോദിക്കട്ടെ..? ” അവൾ തലകുലുക്കി.
“അന്ന് നീ അവനെ സ്നേഹിച്ചിരുന്നില്ലേ..”
” സ്നേഹിച്ചിരുന്നു. ”
“അവൻ നിന്നെ വിവാഹം കഴിക്കുമെന്ന് ആത്മാർത്ഥമായി വിശ്വസിച്ചിരുന്നില്ലേ?”
” വിശ്വസിച്ചിരുന്നു. ”
” അപ്പോൾ വഞ്ചകൻ ആരാണ്? ” അവൾ ഒന്നും മിണ്ടിയില്ല.
മനു അവളുടെ കൈ തന്റെ കൈകളിലേക്ക് ചേർത്തുപിടിച്ചു.
“നീ അല്ല നിത്യ അവനാണ്. ആത്മാർത്ഥമായി സ്നേഹിച്ചത് തെറ്റല്ല പക്ഷേ ആ സ്നേഹത്തെ ദുരുപയോഗം ചെയ്തത് വലിയ തെറ്റാണ്.” നിത്യ പൊട്ടി കരഞ്ഞു.
” ഞാൻ നിങ്ങളെ അർഹിക്കുന്നില്ല മനുവേട്ടാ.. ”
മനു പുഞ്ചിരിച്ചു.
” അത് തീരുമാനിക്കേണ്ടത് ഞാനല്ലേ.. നിന്നെ ഞാൻ വിവാഹം കഴിച്ചത് നിന്റെ ഭൂതകാലത്തെ ചികയാനല്ല ഭാവിയിൽ ഒപ്പം ഉണ്ടാകാനാണ്. ഇനി ഒരിക്കലും കഴിഞ്ഞ കാലത്തിന്റെ പേരിൽ നീ സ്വയം ശിക്ഷിക്കരുത്. ഇത്രയും നാൾ നിന്റെ ജീവിതത്തിൽ നടന്നതൊന്നും നിന്റെ തീരുമാനപ്രകാരം ആയിരുന്നില്ല പക്ഷേ ഇനി എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കേണ്ടത് നീയാണ്. ” അവൾ തേങ്ങി കരഞ്ഞുകൊണ്ട് മനുവിന്റെ തോളിൽ തലചായ്ച്ചു. ദിവസങ്ങൾക്കു ശേഷം അന്ന് ആദ്യമായി നിത്യ സമാധാനത്തോടെ ഉറങ്ങി.
ദിവസങ്ങൾ കടന്നുപോയി. പതിയെ പതിയെ അവൾ പഴയ നിത്യ ആയി മാറാൻ തുടങ്ങി. ചിരികളും സംസാരങ്ങളും ആ വീട്ടിൽ നിറഞ്ഞുനിന്നു. ഒരു വൈകുന്നേരം മനു ഓഫീസിൽനിന്ന് വീട്ടിലെത്തുമ്പോൾ മുഖത്ത് പതിവില്ലാത്ത ഗൗരവം ഉണ്ടായിരുന്നു.
” നിത്യ..ഒന്ന് ഇവിടെ വന്നേ.” അവൾ വേഗം മനുവിന്റെ അടുത്തേക്ക് ചെന്നു.
“എന്താ മനുവേട്ടാ..?” മനു തന്റെ ഫോൺ അവളുടെ നേരെ നീട്ടി. നിത്യ ഫോൺ വാങ്ങി നോക്കി. സ്ക്രീനിൽ തെളിഞ്ഞ വാർത്ത വായിച്ച നിമിഷം അവൾ ഞെട്ടിത്തരിച്ചു. ” വിവാഹ വാഗ്ദാനം നൽകി നിരവധി യുവതികളെ വഞ്ചിച്ച യുവാവ് അറസ്റ്റിൽ” കൂടെ ഹരിയുടെ ഫോട്ടോയും. അവളുടെ കൈകൾ വിറച്ചു. മനു ഫോൺ വാങ്ങി അവളെ നോക്കി അവൾ അപ്പോഴും ആ വാർത്തയിൽ നിന്ന് മുക്ത യായിരുന്നില്ല.
“ഹരി”
അവളുടെ വാക്കുകൾ മുറിഞ്ഞു.
” അതേ അവൻ തന്നെ..ഒടുവിൽ അവൻ ചെയ്ത തെറ്റുകൾക്കുള്ള കണക്ക് ദൈവം ചോദിച്ചു. ”
” ഞാൻ കരുതിയിരുന്നത് അവൻ സന്തോഷമായി ജീവിക്കുന്നു എന്നാണ്”അവളുടെ ശബ്ദം ഇടറി.
“ചില തെറ്റുകൾക്ക് ശിക്ഷ വൈകിയേക്കാം നിത്യ.. പക്ഷേ അതൊരിക്കലും നടപ്പാക്കാതിരിക്കില്ല. നീ ഒഴിക്കിയ കണ്ണുനീരിനുള്ള തിരിച്ചടിയാണിത് ഇത്…”
നിത്യ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
” ഇനി ഒരു കാര്യം കൂടി ഓർക്കണം. നിന്റെ കഥയിൽ വില്ലൻ അവനായിരുന്നു പക്ഷേ നായികയായി അവസാനം വരെ പോരാടിയത് നീയാണ്. “ആ വാക്കുകൾ കേട്ടപ്പോൾ അവളുടെ മനസ്സിൽ അടിഞ്ഞുകൂടിയിരുന്ന അവസാന ഭയവും അലിഞ്ഞില്ലാതായി. അവൾ ചിരിച്ചു.
✍️അംബിക ശിവശങ്കരൻ
