നാണം ഉണ്ടോ അമ്മേ അമ്മയ്ക്ക്… വിവാഹം കഴിഞ്ഞ മകന്റെ കിടപ്പുമുറിയ്ക്ക് പുറത്ത് നിന്ന് അവരുടെ സംസാരങ്ങൾ ഒളിച്ചു കേൾക്കാൻ….? ഇത്ര തരം താഴ്ന്നവളാണോ….

“കൂടെ പഠിച്ച പെണ്ണിനെ സ്വന്തം ഏട്ടനു വേണ്ടി കല്യാണം ആലോചിക്കാനും ആ കല്യാണം നടത്താനുമെല്ലാം നിനക്കായിരുന്നില്ലേ ദേവാ ഏറ്റവും കൂടുതൽ ആവേശവും ആഗ്രഹവുമെല്ലാം… ?
നിന്റെയൊക്കെ താളത്തിന് കിടന്ന് ഞങ്ങളും തുള്ളി…
ഇപ്പോ നഷ്ടം എന്റെ മോന് മാത്രായീ… അവന്റെ ജീവിതം നശിച്ചു…. നശിപ്പിച്ചു എല്ലാരും കൂടി…

വൈകുന്നേരം ജോലി കഴിഞ്ഞ് വീടിന്റെ മുറ്റത്ത് എത്തിയതേയുള്ളു ദേവൻ… അപ്പോഴേക്കും അവനു നേരെ കരഞ്ഞു വിളിച്ചു കൊണ്ടെത്തി അവന്റെ അമ്മ ജാനകി…

ആകെ പരിഭ്രമിച്ചു പോയ് ദേവൻ…

‘എന്താ അമ്മേ…അമ്മ എന്താ പറയുന്നത്… ആരുടെ ജീവിതം പോയീന്നാ… ഏട്ടന്റെയോ….?

തന്റെ നെഞ്ചിലേക്ക് വീണു കരയുന്ന അമ്മയെ ഇടംകൈകൊണ്ട് ചുറ്റിപ്പിടിച്ച് അന്വേഷിക്കുമ്പോൾ പതിവായ് ഞാൻ വരുമ്പോൾ മുറ്റത്തുണ്ടാവാറ്റുള്ള ഏടത്തി അമ്മയെ ഇന്നവിടെ ഒന്നും കാണാനില്ലല്ലോ എന്നൊരു വെപ്രാളത്തോടെ നോക്കി ദേവൻ…

എന്റെ ജാനകീ അവനൊന്ന് വീട്ടിനകത്തേയ്ക്ക് കയറട്ടെ… നീയവനൊരു ഗ്ലാസ് ചായയിട്ടു കൊടുക്കാദ്യം… എന്നിട്ടു പോരെ നിന്റെയീ കരച്ചിലും നിലവിളിയുമെല്ലാം…?

കരഞ്ഞു വിളിയ്ക്കുന്ന അമ്മയെ ചേർത്തു പിടിച്ച് കാര്യമറിയാതെ പകച്ചു നിൽക്കുന്ന ഇളയ മകന്റെ രക്ഷയ്ക്കെത്തി അച്ഛൻ…

ഒരു നോട്ടം അച്ഛനു നേരെ ചെന്നു ദേവന്റെ കണ്ണുകൾ… പതിവു പ്രസന്നഭാവവും തെളിച്ചവുമൊന്നുമില്ല അച്ഛന്റെ മുഖത്തും… കാര്യമായിട്ടെന്തോ വീട്ടിൽ ഇന്നത്തെ പകൽ നടന്നുവെന്നുറപ്പിച്ചു ദേവൻ…

“എന്റെ ബാലന്റെ ജീവിതം എന്താവുമെന്നറിയാതെ ഉരുകുകയാണ് ഞാൻ… അതിനിടയിൽ ആർക്കും ചായയും ചോറുമൊന്നും ഉണ്ടാക്കാനും ഊട്ടാനും മനസ്സില്ല എനിയ്ക്ക്… അല്ലെങ്കിൽ തന്നെ ഇവനൊരാളല്ലേ ആ നാശം പിടിച്ചവളെ ഈ വീട്ടിൽ കുടിയിരുത്താൻ കാരണക്കാരൻ… നല്ല കുട്ടിയാണ് സാധുവാണ് എന്നെല്ലാം പറഞ്ഞിവനാണ്
നമ്മളുമായിട്ടും എന്റെ മോനുമായിട്ടും യാതൊരു ചേർച്ച ഇല്ലാത്തൊരുവളെ അവന്റെ തലയിൽ കെട്ടിവെച്ചത്… എല്ലാത്തിനും കാരണക്കാരൻ ഇവനൊരുത്തനാണ്… ഇവനായിട്ട് ഉണ്ടാക്കിയ പ്രശ്നം ഇവനായിട്ടു തീർക്കാതെ ഒരു പച്ച വെള്ളം എന്റെ കൈ കൊണ്ടുണ്ടാക്കി ഞാനിവന് കൊടുക്കില്ല… അത്രയ്ക്കും വേദനിയ്ക്കുന്നുണ്ട് എനിയ്ക്ക് അറിയ്യോ നിങ്ങൾക്ക്….?

ഒന്നുകൂടി ബലത്തിൽ ദേവന്റെ നെഞ്ചിലേക്ക് ചാരി വാശിയോടെ അമ്മ പറഞ്ഞതും തന്റെ ശരീരത്തിൽ നിന്ന് ബലമായ് പിടിച്ചു മാറ്റി ദേവൻ അമ്മയെ….

അമ്മ ഉണ്ടാക്കി തന്നില്ലെങ്കിലും എനിയ്ക്ക് ജീവിക്കണമല്ലോ… അതു കൊണ്ട് ഞാനാദ്യം എന്റെ കാര്യങ്ങൾ ഒന്നു ശരിയാക്കട്ടെ… പിന്നീട് മെല്ലെ കേൾക്കാം അമ്മയ്ക്ക് പറയാനുള്ളത്…

ഇടം കൈ കൊണ്ട് അമ്മയെ ഒരു സൈഡിലേക്ക് മാറ്റി നിർത്തി അല്പം ദേഷ്യം കലർന്ന ശബ്ദത്തിൽ പറഞ്ഞകത്തേയ്ക്ക് നടന്നു ദേവനും…

“നീയെന്തിനാടാ ദേവാ എന്നോടു ദേഷ്യപ്പെടുന്നത്….?
ഞാനെന്റെ വിഷമം കൊണ്ടല്ലേ ഓരോന്നും പറയുന്നത്… അതിന് നീക്കിങ്ങനെ ദേഷ്യപ്പെട്ടാൽ ഞാനെവിടെ ചെന്നെന്റെ സങ്കടങ്ങൾ പറയും… ആരോടു പറയും….?

ദേവനു ദേഷ്യം വന്നുവെന്ന് കണ്ടതും അവനു പിന്നാലെ ചെന്ന് സ്വയം ന്യായീകരിച്ചു അമ്മ…

സത്യം പറഞ്ഞാൽ അമ്മയുടെ അത്തരം സംസാരത്തിൽ ശരിയ്ക്കും ദേഷ്യം വരുന്നുണ്ടവന്….

“എന്റെ പൊന്നമ്മേ രാവിലെ ഒരു നേരത്ത് പോയതാണ് ഈവീട്ടിൽ നിന്ന് ഞാൻ ഓഫീസിലേക്ക്…
ഒരു നൂറു തലവേദനയാണ് അല്ലെങ്കിൽ തന്നെയവിടെ … ഒരാശ്വാസം മനുഷ്യന് കിട്ടുന്നത് തിരികെ ഈ വീട്ടിലെത്തുമ്പോഴാണ്… ഇവിടെ എല്ലാവർക്കും ഒപ്പം ഇരിയ്ക്കുമ്പോഴാണ്… ഞാനിവിടെ ഇല്ലാത്ത സമയത്ത് ഇവിടെ എന്തെങ്കിലും നടന്നാൽ അത് ഞാനറിയേണ്ടതാണെങ്കിൽ അതെന്നോട് നേരാവണ്ണം എനിയ്ക്ക് മനസിലാക്കാൻ പറ്റുന്ന രീതിയിൽ പറയണം… അതല്ലാതെ ഇപ്പോഴീ ചെയ്തതുപോലെ ചെയ്യുകയല്ല വേണ്ടത്…. വെറുതെ മനുഷ്യനെ ഭ്രാന്തു പിടിപ്പിക്കാനായിട്ട്…. ”

കയ്യിലെ ബാഗ് സോഫയിലേക്കിട്ട് കഴുത്തിലെ ടൈ വലിച്ചൂരിയെടുത്തവൻ പറഞ്ഞതും അവന്റെ ദേഷ്യം തിരിച്ചറിഞ്ഞതുപോലൊന്ന് പതുങ്ങി അമ്മയും…

‘നിനക്കറിയുന്ന കുട്ടിയാണ്, നിന്റെ കൂടെ പഠിച്ചവളാണ് എന്നൊക്കെ പറഞ്ഞ് നീയാണ് രാധികയെ ബാലനെ കൊണ്ട് കെട്ടിച്ചത്… നമ്മളുമായിട്ട് യാതൊരു വിധ ചേർച്ചയില്ലാഞ്ഞിട്ടും നീയൊരുത്തനെ വിശ്വസിച്ചാണ് അവളെ ഞാനീ കുടുംബത്തിലെ മൂത്ത മരുമകളാക്കിയത്… അറിയിലോ നിനക്ക്….?

ദേവനടുത്തിരുന്ന് പറഞ്ഞതു തന്നെയമ്മ വീണ്ടും പറഞ്ഞതും അവരെദേഷ്യത്തിലൊന്നു തുറിച്ചു നോക്കി ദേവൻ…

“അമ്മ ചുറ്റി വളയ്ക്കാതെയും പറഞ്ഞതു തന്നെ വീണ്ടും വീണ്ടും പറയാതെയും ഉള്ള കാര്യം നേരെ പറ… എനിയ്ക്ക് വേറെ പണിയുണ്ട്… ”

ദേഷ്യം അതിന്റെ അങ്ങേയറ്റത്താണവനിൽ… അമ്മ പറഞ്ഞു വരുന്നത് എന്താണെന്ന് അറിഞ്ഞിട്ടെന്ന വിധം

കാര്യം വേറൊന്നുമല്ല നീ കഷ്ടപ്പെട്ട് നിന്റെ ഏട്ടന് കണ്ടെത്തി കൊടുത്ത അവള് ശരിയല്ല… അവൾക്കെന്റെ മോനെ ഇഷ്ടമല്ല… വേറെ ആരോ ഇഷ്ടക്കാരനുണ്ട് അവൾക്ക്… അതാണവളെന്റെ മോനെ കല്യാണം കഴിഞ്ഞ് മാസം ഒന്നായിട്ടും അടുപ്പിക്കാത്തത്.. എനിയ്ക്കിത് ആദ്യമേ സംശയം ഉണ്ടായിരുന്നു… കല്യാണ പുതുക്കത്തിൽ കാണുന്ന ഒരു സന്തോഷവും എന്റെ മോന്റെ മുഖത്ത് കാണാതിരുന്നപ്പോഴേ ഞാനിത് സംശയിച്ചതാണ്… എന്റെ ബാലന്റെ ജീവിതം പോയീ… അതല്ലേ ഉണ്ടായത്….”

നിർത്തിയ കരച്ചിൽ വീണ്ടും തുടങ്ങി അമ്മ പറഞ്ഞതു കേട്ട് അമ്പരന്നു പോയ് ദേവൻ…

‘അമ്മ ആദ്യം ഈ കരച്ചിലൊന്ന് നിർത്ത് എന്നിട്ട് ഞാൻ ചോദിയ്ക്കുന്നതിന് ഉത്തരം പറ…?

കാരണങ്ങൾ കണ്ടെത്തി കരയുന്ന അമ്മയുടെ മുമ്പിൽ ഉയർന്നു ദേവന്റെ ഒച്ച…പകപ്പോടെ അവനെ തുറിച്ച് നോക്കി അമ്മ

അമ്മയോട് ഏട്ടനോ രാധികയോ പറഞ്ഞോ ഇങ്ങനൊരു കാര്യം…?
അതായത് രാധികയ്ക്ക് ഏട്ടനെ ഇഷ്ടമല്ലാന്ന്, പകരം മറ്റൊരാളെയാണ് ഇഷ്ടമെന്ന്…?

വ്യക്തമായ് ദേവൻ ചോദിച്ചതും താഴ്ന്നു അമ്മയുടെ മുഖം…

”അമ്മ മുഖം കുനിക്കണ്ട… പറ അവരാരെങ്കിലും പറഞ്ഞോ അമ്മയോട്…?

ഇല്ല… ഞാൻ… ഞാൻ അവരുടെ മുറിയ്ക്ക് പുറത്തു നിന്ന് കേട്ടതാണ്…”

പറയുമ്പോൾ ഒരു ചളിപ്പും ചമ്മലും ഉണ്ട് അമ്മയുടെ ശബ്ദത്തിൽ

“നാണം ഉണ്ടോ അമ്മേ അമ്മയ്ക്ക്… വിവാഹം കഴിഞ്ഞ മകന്റെ കിടപ്പുമുറിയ്ക്ക് പുറത്ത് നിന്ന് അവരുടെ സംസാരങ്ങൾ ഒളിച്ചു കേൾക്കാൻ….?
ഇത്ര തരം താഴ്ന്നവളാണോ എന്റെ അമ്മ….?

മൂർച്ചയേറി ദേവന്റെ ചോദ്യങ്ങൾക്ക്

‘ സമ്മതിച്ചു… എനിയ്ക്കിത്തിരി നാണവും മാനവുമെല്ലാം കുറവാണ്… എന്റെ മക്കളുടെ കാര്യത്തിൽ അത് തീരെയില്ല എന്താ….

തിരികെ ദേവനോട് ശബ്ദം ഉയർത്തുമ്പോൾ സത്യമായിട്ടും സങ്കടം വരുന്നുണ്ട് അമ്മയ്ക്ക്… വിവാഹ ദിവസം വരെ വളരെ സന്തോഷിച്ചും ചിരിച്ചും നടന്നിരുന്ന മൂത്ത മകൻ വിവാഹത്തോടെ പഴയ ചൊടിയും പ്രസരിപ്പും എല്ലാം നഷ്ടപ്പെട്ടവനെ പോലെ എന്തോ ഗഹനമായ ചിന്തയോടെ ഇരിയ്ക്കുന്നത് പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്…

സാധാരണ പുതുമേടികളിൽ കാണുന്ന തമാശയും കുസൃതിയും ഒന്നുമില്ല അവർക്കിടയിലെന്നും കണ്ടറിഞ്ഞതാണ്… അതിനിടയിലാണ് ഇന്ന് “എന്നെ ഒഴിവാക്കി ബാലേട്ടൻ വേറെ പെണ്ണ് കെട്ടിക്കോ എന്നെ എന്റെ ഇഷ്ടത്തിന് വിട്ടാൽ മതി ഒരു ശല്യത്തിനും വരില്ല ഞാനെന്ന രാധികയുടെ ബാലനോടുള്ള സംസാരം കേട്ടത്… അതു കഴിഞ്ഞല്പസമയം കഴിഞ്ഞതും വരാനിത്തിരി വൈകുമെന്ന് പറഞ്ഞ് രാധികയെ കൂട്ടി ബാലൻ പുറത്തേയ്ക്കും പോയ്… ആ സമയം മുതലുള്ള ഉള്ളു പിടച്ചിലാണ് ദേവനെ കണ്ടപ്പോൾ പറഞ്ഞു തീർത്തത്… അതോടെ അവനുമുമ്പിൽ അവന്റെ അമ്മ നാണവും മാനവും ഇല്ലാത്ത ഒളിച്ചു നോട്ടക്കാരിയായ്….

കണ്ണു നിറഞ്ഞൊഴുകി അമ്മയുടെ…

എല്ലാം കേട്ടതും ദേവൻ അമ്മയെ തന്നോടു ചേർത്തൊന്ന് പുണർന്നു…

“ഞാനമ്മയെ മോശക്കാരി ആക്കിയതല്ല… അമ്മ ചെയ്ത ആ പ്രവർത്തി മോശമാണെന്ന് അമ്മയെ ഓർമ്മിപ്പിച്ചതാണ്.. പിന്നെ രാധികയെ ഞാനെന്റെ ഏട്ടന് കണ്ടെത്തി കൊടുത്തത് പാവമായഎന്റേട്ടന് ചേരുന്ന പെൺകുട്ടിയാണ് അവളെന്ന് അത്രയും ഉറപ്പുള്ളതുകൊണ്ടാണ്.. എന്റെ ഏട്ടനെ ജീവനാണവൾക്ക്… ഏട്ടനപ്പുറത്തൊരു ലോകവുമില്ല അവൾക്ക്… അമ്മ ഓരോന്നും ഊഹിച്ചെടുക്കണ്ട…”

അമ്മയ്ക്ക് മനസ്സിലാവും വിധം പറഞ്ഞു കൊടുത്തു ദേവൻ

“ബാലനെ അത്ര ഇഷ്ടമായിട്ടാണോ അവളവനോട് വേറെ കെട്ടാനും അവളെ ഒഴിവാക്കി വിടാനും പറഞ്ഞത്…?

ദേവനോട് തിരികെ ചോദിക്കുമ്പോൾ ഇത്തവണ അമ്മയുടെ ശബ്ദത്തിനാണ് ഉറപ്പ്

‘അതും ഏട്ടനോടുള്ള ഇഷ്ടക്കൂടുതലാണമ്മേ…അച്ഛനില്ലാതെ ഒരമ്മ തന്റെ ചിറകിനടിയിൽ പൊതിഞ്ഞു പിടിച്ച് വളർത്തിയതാണ് രാധികയെ… അവൾ ലോകം ഏറെയും കണ്ടത് അവളുടെ അമ്മയുടെ വാക്കുകളിലൂടെയാണ്… ചെറുപ്പത്തിലെ ഭർത്താവ് നഷ്ടപ്പെട്ട് ചെറിയൊരു പെൺകുഞ്ഞുമായ് ജീവിതം പൊരുതി ജയിച്ച ആ അമ്മ ഈ ലോകത്ത് ഏറ്റവും കൂടുതൽ ഭയന്നിരുന്നത് അന്തിയ്ക്ക് അവരുടെ വീടി തേടി വരുന്ന പുരുഷന്മാരെയാണ്…. അവരുടെ ആ ഭയം അതേപോലെ പകർന്നു കിട്ടിയതാണ് രാധികയ്ക്കും… താലിക്കെട്ടിയ ഭർത്താവാണെങ്കിലും ശരീരം കൊണ്ട് ഏട്ടനോട് അടുക്കാൻ പറ്റിയിട്ടില്ല അവൾക്ക്… അതിന്റെ പുറത്തുണ്ടായ സംസാരമാണ് അമ്മ കേട്ടത്… ഈ കാര്യങ്ങളെല്ലാം ഏട്ടൻ പറഞ്ഞറിയാം എനിയ്ക്ക്… അവരിപ്പോൾ പോയതു ഡോക്ടറെ കാണാനാണ്…ഒന്നോ രണ്ടോ പ്രാവശ്യം ഒരു ഡോക്ടറെ കണ്ടാൽ തീരുന്ന പ്രശ്നമേ അവർക്കിടയിൽ ഇപ്പോഴുള്ളു… വെറുതെ അമ്മായി അമ്മ കളിച്ച് അവർക്കിടയിൽ വില്ലത്തി ആവരുത് എന്റെ അമ്മ…അവരുടെ ജീവിതമാണ് അവരതു ജീവിച്ചോളും… ഇനി അതല്ലാ വീട്ടുകാർ ഇടപ്പെടണമെങ്കിൽ അതും അവരു പറയും…. ”

വ്യക്തമായ് അമ്മയ്ക്ക് കാര്യങ്ങൾ പറഞ്ഞു കൊടുത്ത് ദേവൻ തന്റെ മുറിയിലേക്ക് നടന്നതും തന്റേത് എടുത്തു ചാട്ടമായി പോയെന്ന തിരിച്ചറിവിൽ അവിടെ തന്നെയിരുന്നു പോയമ്മ…. കാര്യമറിയാതെ തന്റെ മകന്റെ ജീവിതം താൻ തകർത്തേനെ എന്നോർത്തതും കുറ്റബോധം നിറഞ്ഞവരിൽ…

✍️രജിത ജയൻ

Leave a Reply

Your email address will not be published. Required fields are marked *