പക്ഷേ ഒരു കാര്യം നീ മനസ്സിലാക്കണം നമ്മുടെ കിടപ്പുമുറിയിലെ പ്രശ്നങ്ങൾ പോലും അവരുടെ മുന്നിൽ ചർച്ച ചെയ്യുന്നത് നമ്മുടെ ബന്ധത്തിന് നല്ലതല്ല…..

ഡിവോഴ്‌സ് പേപ്പറുകൾ കൈയിൽ പിടിച്ച് കോടതിയുടെ വരാന്തയിൽ ഞാനിങ്ങനെ മൂങ്ങയെ പോലെ ഇരിക്കുന്നതിൽ എന്റെ അമ്മായി അമ്മയെന്ന സ്ത്രീ വഹിച്ച പങ്ക് ചെറുതൊന്നുമല്ല.

ഞങ്ങളുടെ വിവാഹശേഷം ആദ്യമൊക്കെ ഞാനും അവളും മാത്രമായിരുന്ന ഒരു ലോകം ഉണ്ടായിരുന്നു.പിന്നെ പതിയെ അതിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരഥിതിയെ പോലെയവർ കടന്നു വന്നു.

അവർക്ക് ഞങ്ങളേക്കാൾ കൂടുതൽ പരിചയസമ്പത്തുണ്ടായിരുന്നു,കൂടുതൽ അഭിപ്രായങ്ങളുണ്ടായിരുന്നു,അതിലും കൂടുതൽ തീരുമാനങ്ങളും.

അവരു വരുന്നത് വരെ ഞാൻ കരുതിയത്, വിവാഹം കഴിഞ്ഞാൽ ഭർത്താവും ഭാര്യയും ചേർന്നാണ് കുടുംബം നടത്തുന്നതെന്നാ.
ണ് പക്ഷേ എന്റെ അനുഭവത്തിൽ നിന്ന് ഞാൻ പഠിച്ചത് മറ്റൊന്നായിരുന്നു.

ചില വീടുകളിൽ തീരുമാനമെടുക്കാൻ രണ്ടുപേർ മതി ചില വീടുകളിൽ ഒരു “കൺസൾട്ടൻസി ബോർഡ്” തന്നെ വേണം.
ഞങ്ങളുടെ വീട്ടിൽ ആ ബോർഡിന്റെ ചെയർപേഴ്സൺ അവളുടെ അമ്മയായിരുന്നു.

ഒരു ദിവസം ഞാൻ ഞാൻ അവളോട്‌ പറഞ്ഞു “നമുക്ക് നാട്ടിൽ വീട് വെക്കുന്നതിനു പകരം ബാംഗ്ലൂരിൽ ഒരു ഫ്ലാറ്റ് മേടിക്കാം.

അവൾ പറഞ്ഞു:

“ശരി, അമ്മയോട് ചോദിച്ചിട്ട് ഞാൻ മറുപടി പറയാം .”

ഞാൻ ചോദിച്ചു:

“എന്തിന് അമ്മയോടൊക്കെ ചോദിക്കണം?”

അവൾ വളരെ സ്വാഭാവികമായി മറുപടി പറഞ്ഞു:

“അമ്മയ്ക്ക് അനുഭവമുണ്ട്.”അത്കൊണ്ട് അമ്മ എന്ത് പറയുന്നോ അതുപോലെ നമുക്ക് ചെയ്യാം.

എന്റെ ഭാര്യയെ ആണോ ഞാൻ വിവാഹം കഴിച്ചത് ,അതോ ഒരു കുടുംബ ഉപദേശക സമിതിയെയാണോ എന്നൊരു സംശയം അന്നെനിക്ക് തോന്നി…

എന്തായാലും ആ പരട്ട തള്ള ബാംഗ്ലൂരിൽ ഫ്ലാറ്റ് മേടിക്കുന്നതിനെ നിരുപാധികം എതിർത്തു അത് വേറൊന്നും കൊണ്ടല്ല അത്രയും ദൂരെ ആയത് കൊണ്ടവർക്ക് തോന്നുന്ന പോലെ കയറി ഇറങ്ങാൻ പറ്റില്ലല്ലോ.

എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.ഞങ്ങടെ ജീവിതത്തിലെ പല കാര്യങ്ങൾക്കും ആ സ്ത്രീ ആവശ്യത്തിനും അനാവശ്യത്തിനും കയറി അഭിപ്രായം പറയുന്നുണ്ടെന്ന്.

ഞാൻ ഭർത്താവാണോ, അതോ എന്റെ തന്നെ ജീവിതത്തിന്റെ റിപ്പോർട്ട് തയ്യാറാക്കുന്ന ഒരു ജീവനക്കാരനാണോ എന്ന്തോന്നിയത് കൊണ്ട് ഒരു ദിവസം ഞാൻ അവളോടത് തുറന്നു പറഞ്ഞു,

“നമ്മുടെ പ്രശ്നങ്ങൾ നമ്മൾ രണ്ടുപേരും സംസാരിച്ച് തീർക്കണം. അല്ലാതെ ഇവിടെ നടക്കുന്നത് മുഴുവൻ നിന്റെ അമ്മയെ വിളിച്ചു പറയല്ല വേണ്ടത്.

അവൾ ദേഷ്യത്തോടെ ചോദിച്ചു:

“എന്റെ അമ്മയോട് ഞാൻ എന്തെങ്കിലും പറയുന്നത് തെറ്റാണോ?”

അവളുടെ ആ ചോദ്യം കേട്ടപ്പോൾ ഞാൻ കുറച്ചു നേരം മിണ്ടാതിരുന്നു.

“തെറ്റാണെന്ന് ഞാൻ പറഞ്ഞില്ല. പക്ഷേ നമ്മുടെ ജീവിതത്തിലെ ഓരോ ചെറിയ കാര്യവും പുറത്തേക്ക് പോകുമ്പോൾ, നമ്മൾ തമ്മിലുള്ള വിശ്വാസം എവിടെയാണ് നിൽക്കുന്നത്?”

എന്റെ ചോദ്യം അവൾക്ക് ഇഷ്ടപ്പെട്ടില്ല.

“നിങ്ങൾക്ക് എന്റെ അമ്മയെ ഇഷ്ടമല്ല, അതാണ് പ്രശ്നം.നിങ്ങൾ അവരെ അംഗീകരിക്കാൻ തയ്യാറല്ല.”

ഞാൻ ചിരിച്ചു കാരണം ഞാൻ അവരെ വെറുത്തിരുന്നില്ല.പക്ഷേ എന്റെ വിവാഹ ജീവിതത്തിൽ മൂന്നാമതൊരാൾ സ്ഥിരം അംഗമാകുന്നതംഗീകരിക്കാൻ എനിക്ക് കഴിയില്ലായിരുന്നു.

ഞാൻ തുടർന്നു

“എടീ നിന്റെ അമ്മ എന്റെ അമ്മയെപ്പോലെ തന്നെയാണ് പക്ഷേ ഒരു കാര്യം നീ മനസ്സിലാക്കണം നമ്മുടെ കിടപ്പുമുറിയിലെ പ്രശ്നങ്ങൾ പോലും അവരുടെ മുന്നിൽ ചർച്ച ചെയ്യുന്നത് നമ്മുടെ ബന്ധത്തിന് നല്ലതല്ല.”

അവൾ ഒന്നും പറഞ്ഞില്ല.

പക്ഷേ അവളുടെ ആ നിശബ്ദതയിൽ പോലും ഞാൻ അറിഞ്ഞു എന്റെ വാക്കുകൾ മുഴുവനായി അവളുടെ മനസ്സിലേക്ക് എത്തിയില്ലെന്ന്.

പിന്നീട് കാര്യങ്ങൾ പതിയെ മാറി.

ഞങ്ങൾ തമ്മിലുള്ള ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ പോലും അമ്മായിയമ്മയുടെ മുന്നിലെത്താൻ തുടങ്ങി.

ഞാൻ വൈകി വന്നാൽ എന്റെ ഭാര്യ കാരണം ചോദിക്കുന്നതിന് മുൻപ് തന്നെ അമ്മയുടെ ഫോൺ വരും.

“എന്താ മോനെ നീ ഇന്ന് ഇത്ര വൈകിയത്?”

ആ ചോദ്യം കേൾക്കുമ്പോൾ എനിക്ക് തോന്നും…

ഞാൻ ഭർത്താവല്ല, ഓഫീസിൽ നിന്ന് വീട്ടിലെത്തുന്ന ഒരു ജീവനക്കാരനാണ്. എന്റെ ഹാജർ റിപ്പോർട്ട് മേലധികാരിക്ക് നൽകുന്ന പോലെയാണ് അവളുടെ അമ്മയോട് ഞാൻ വിവരങ്ങൾ പറയുന്നതെന്ന്.

ഒരിക്കൽ സഹികെട്ട് ഞാൻ അവളോട്‌ പറഞ്ഞു:

“നമ്മുടെ വിവാഹത്തിന് സാക്ഷികളായി പലരും ഉണ്ടായിരുന്നു പക്ഷേ ജീവിതം ജീവിക്കേണ്ടത് നമ്മൾ രണ്ടുപേരാണ്. എല്ലാ തീരുമാനങ്ങൾക്കും മൂന്നാമതൊരാളുടെ അംഗീകാരം വേണമെങ്കിൽ, പിന്നെ നമ്മൾ തമ്മിൽ എന്തിനാണ് വിവാഹം കഴിച്ചത്?”

അവൾ കരഞ്ഞു, അതവളുടെ അമ്മയറിഞ്ഞു അവസാനം ആ തള്ള കാരണം ഞങ്ങൾ തമ്മിലുള്ള നിസാര പ്രശ്നം കോടതി വരെയെത്തി…

ഇന്ന് ഈ ഡിവോഴ്‌സ് പേപ്പറുകൾ കൈയിൽ പിടിച്ച് ഞാൻ കോടതിയുടെ വരാന്തയിൽ ഇരിക്കുമ്പോൾ എനിക്ക് കുറ്റം പറയാൻ ഒരാളെ മാത്രം കണ്ടെത്താൻ കഴിയുന്നില്ല.

എന്റെ ഭാര്യയ്ക്കും തെറ്റുകളുണ്ടായിരുന്നു.

എനിക്കും ഉണ്ടായിരുന്നു.

പക്ഷേ ഞങ്ങളുടെ ഇടയിൽ വന്ന ആ മൂന്നാമത്തെ ശബ്ദം…

അത് ഒരിക്കലും പുറത്തുപോകാതെ പോയതാണ് ഞങ്ങളുടെ ഏറ്റവും വലിയ തോൽവി.ഒരുപാട് വാദപ്രതിവാദങ്ങൾക്ക് ശേഷം കോടതി ഞങ്ങൾക്ക് കൗൺസിലിംഗ് തന്നു. ഭാര്യയും ഞാനും തമ്മിൽ ഉള്ള ജീവിതത്തിൽ വലിഞ്ഞു കയറി പ്രശ്നങ്ങൾ സൃഷ്ടിക്കരുതെന്നു കോടതി അമ്മയെ താക്കീത് ചെയ്തു.

കാലം കടന്നു പോയി.ഞാനും അവളും വീണ്ടും സംസാരിക്കാൻ തുടങ്ങിയെങ്കിലും എല്ലാം വീണ്ടും പഴയതുപോലെ ആകാൻ സമയം എടുത്തു.

കാരണം രണ്ടുപേർക്കിടയിൽ തകർന്ന വിശ്വാസം പുതിയ ഒരു ഫർണിച്ചർ വാങ്ങുന്നതുപോലെ ഉടനെ വീട്ടിലെത്തുന്ന ഒന്നല്ലല്ലോ.

അത് വീണ്ടും ഉണ്ടാക്കണം.

ഇന്ന് പിന്നോട്ട് തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് പറയാൻ ഉള്ളത് ഒന്ന് മാത്രം:

ഒരു അമ്മയുടെ സ്നേഹം മകളുടെ ശക്തിയാണ് പക്ഷേ ഒരു ഭർത്താവിനും ഭാര്യയ്ക്കും അവരുടേതായ സ്വന്തം ഇടം വേണം.

കാരണം വിവാഹം എന്നത് രണ്ടുപേരുടെ യാത്രയാണ്.

അവിടെ വഴികാട്ടികൾ ഉണ്ടാകാം.

ഉപദേശങ്ങൾ ഉണ്ടാകാം.

പക്ഷേ സ്റ്റിയറിങ് പിടിക്കുന്നത് യാത്ര ചെയ്യുന്നവരായിരിക്കണം ഇല്ലെങ്കിൽ അവസാനമവർ എത്തുന്നത് ലക്ഷ്യം കണ്ട സ്ഥാനത്തായിരിക്കില്ല.

കഥ :തിരുത്തൽ വാദി
✍️രചന – അച്ചു വിപിൻ

Leave a Reply

Your email address will not be published. Required fields are marked *