ആദ്യ രാത്രിയിൽ പേടിച്ച് മുറിയുടെ മൂലയിൽ പതുങ്ങിയ എന്നെ അദ്ദേഹം പിടിച്ചുയർത്തി നെറ്റിയിൽ ചുംബിച്ചു. കണ്ണുകൾ മുറുക്കിയടച്ച ഞാൻ, നീ കിടന്നോളുവെന്ന് പറയുന്ന….

കുഞ്ഞുനാളിലേ അമ്മ മരിച്ചതു കൊണ്ടായിരിക്കണം അദ്ദേഹത്തിന്റെ മടിയിൽ ഇരിക്കുമ്പോഴൊക്കെ ഞാനൊരു പിഞ്ച് കുഞ്ഞാകുന്നത്. അപ്പോഴൊക്കെ ആ മനുഷ്യൻ മീശയുള്ള അമ്മയാകും.

അമ്മയുടെ മരണശേഷം അച്ഛൻ എന്നെ അമ്മൂമ്മയുടെ വീട്ടിലാക്കിയതിന് ശേഷം എങ്ങോട്ടോ പോയതാണ്. വേറെ കെട്ടാൻ പോയതാണെന്ന് വൈകിയാണ് അറിഞ്ഞത്. പത്താം തരം നല്ല മാർക്കോടെ ജയിച്ചിട്ടും പഠനം തുടരാൻ സാധിച്ചില്ല. ഓല മടഞ്ഞ് എന്നെ പോറ്റുന്ന അമ്മൂമ്മയ്ക്ക് അതിന് സാധിച്ചില്ലെന്ന് പറയുന്നതാകും ശരി.

അമ്മയുടെ സഹോദരങ്ങൾക്കെല്ലാം എന്നെ ഭയമുള്ളത് പോലെയാണ് ആദ്യം തോന്നിയത്. പക്ഷേ, ആരാരുമില്ലാത്ത ഒരു പെൺകുട്ടിയെ ലാളിച്ച് അടുപ്പിച്ചാൽ ബാധ്യതയാകുമെന്ന അമ്മായിമാരുടെ ദീർഘവീക്ഷണമായിരുന്നു അതെന്ന് അറിയാനും പഠിത്തം മുടങ്ങിയത് സഹായിച്ചു.

അമ്മൂമ്മ മരിച്ചപ്പോൾ തീർത്തും അനാഥയായ എന്നെ അയൽക്കാരന്റെ അകന്ന ബന്ധുവിന്റെ ഒരു രണ്ടാം കെട്ടുകാരൻ സുഹൃത്ത് കാണാൻ വരുകയായിരുന്നു. പതിനാലാം നാൾ വിവാഹവും നടന്നു. ദാമ്പത്യമെന്നാൽ എന്താണെന്ന് പോലും അറിയാതെ അണിഞ്ഞ താലിമാല ഒരു പാമ്പുപോലെ കഴുത്തിൽ ചുറ്റിയെന്ന് തോന്നിയ നാളായിരുന്നുവത്…

ആദ്യ രാത്രിയിൽ പേടിച്ച് മുറിയുടെ മൂലയിൽ പതുങ്ങിയ എന്നെ അദ്ദേഹം പിടിച്ചുയർത്തി നെറ്റിയിൽ ചുംബിച്ചു. കണ്ണുകൾ മുറുക്കിയടച്ച ഞാൻ, നീ കിടന്നോളുവെന്ന് പറയുന്ന അദ്ദേഹത്തിന്റെ ശബ്ദം മാത്രം കേട്ടു. കണ്ണുകൾ തുറക്കുമ്പോഴേക്കും അദ്ദേഹം മുറിവിട്ട് പോയിരുന്നു…

ഒരു അച്ഛന്റെ സകല കരുതലും അദ്ദേഹത്തിൽ നിന്ന് അറിഞ്ഞു. ഒന്നും പറയാതെ തന്നെ ആ മനുഷ്യൻ എന്നെ പഠിപ്പിച്ചു. ആഗ്രഹം പോലെയൊക്കെ തുടർന്ന് പഠിക്കാനുള്ള അവസരങ്ങളും ഉണ്ടാക്കി തന്നു. ഞാൻ എന്റെ മോളെ പേറുന്ന കാലത്ത് എന്നെയൊരു കുഞ്ഞിനെ പോലെയാണ് അദ്ദേഹം പരിപാലിച്ചത്.

അവൾക്ക് ഒന്നര വയസ്സുള്ളപ്പോഴാണ് ഞാൻ ബി എഡിന്റെ അവസാന വർഷ പരീക്ഷ എഴുതിയതും, മൂന്നാം റാങ്ക് കിട്ടിയ എന്റെ ചിത്രം പത്രത്തിൽ വന്നതും. അന്ന്, അമ്മാവൻമ്മാരും അമ്മായികളും മധുരവും, കുഞ്ഞിന് കളിപ്പാട്ടവുമായി വന്നത് ഇപ്പോഴും നല്ല ഓർമ്മയുണ്ട്. സ്നേഹത്തോടെ ചിരിച്ചുകൊണ്ട് അവരോട് ഇരിക്കാൻ പറഞ്ഞു. ആ നേരം എന്തുകൊണ്ടോ അമ്മാവന്മ്മാരുടെ തലകൾ അൽപ്പനേരത്തേക്ക് മാത്രം കുമ്പിട്ട് നിന്നിരുന്നു …

എന്റെ പ്രണയകാലം, അത് അതിന്റെ ഏറ്റവും ഭംഗിയുള്ള വസന്തത്തിൽ അദ്ദേഹത്തിൽ നിന്ന് അനുഭവിച്ചത് മോള് സ്കൂളിൽ പോകുന്ന കാലം വന്നപ്പോഴായിരുന്നു. ജോലിക്ക് പോയാലും എന്നെയൊന്ന് ചുംബിക്കാൻ മാത്രം ലീവെടുത്ത് വീട്ടിലേക്ക് വരുന്ന ആ മനുഷ്യന്റെ പ്രണയം പ്രാണനെന്ന പോലെ അനുഭവപ്പെട്ടു.

ആഗ്രഹിച്ച ലോകത്തേക്ക് കൈപിടിച്ച് നടക്കാനൊരു കൂട്ടുകാരനെ പോലെയായിരുന്നു അദ്ദേഹം പിന്നീട്… എനിക്ക് ചുറ്റും എപ്പോഴുമൊരു മൂളിപ്പാട്ടും പാടി നടക്കും.

‘കാതിൽ കമ്മല് കിലുക്കിയ പെണ്ണേ..
നിന്റെ കണ്ണിലെനിക്കായി കഥയുണ്ടോ.. ചുണ്ടിൽ തേനുണ്ടോ..
നെഞ്ചിൽ മഴയുണ്ടോ..
കവിളിൽ മായാത്ത ചിരിയുണ്ടോ..’

അദ്ദേഹം ശ്വാസം വിടാതെ ആ വരികൾ മൂളുമ്പോൾ എന്നിൽ ആകെയൊരു നാണം വിരിയും. ലോകം ഇതാണെന്ന് പറഞ്ഞ് ആ നിമിഷങ്ങളിൽ അദ്ദേഹത്തെ പുണരുകയും, ആ മാറിൽ ചുരുളുകയും ചെയ്യും. അതിലോളം സുരക്ഷിതമായി ഈ ഭൂമിയിൽ മറ്റൊരു ഇടമില്ലെന്ന അർത്ഥത്തിലുള്ള ഹൃദയമിടിപ്പ് ഒരു സംഗീതം പോലെ കാതുകളിൽ പതിയുന്ന നേരങ്ങളാണത്..

ക്ഷേത്രങ്ങളിലൊന്നും ഞാൻ പോകാറേയില്ല. ദൈവമൊരു ആൾരൂപത്തിൽ എന്നെ തൊട്ട് ഇവിടെയുള്ളപ്പോൾ ഈ വീടല്ലാതെ മറ്റൊരു ക്ഷേത്രം കണ്ടെത്താൻ സാധിച്ചിട്ടില്ലായെന്ന് പറയുന്നതാകും സത്യം.

ഇന്നത്തെ നാളിനൊരു പ്രത്യേകതയുണ്ട്. എന്റെ മോള് ഊർജ്ജതന്ത്രത്തിൽ ബിരുദാനന്തര ബിരുദമെടുക്കാൻ ഇംഗ്ളണ്ടിലേക്ക് പോകുന്നു. കണ്ടില്ലേ.. ഒരു മാലാഖയെ പോലെ അവൾ ഇറങ്ങി വരുന്നത്..!

കൊണ്ടുപോകാനുള്ള ബാഗെല്ലാം കാറിന്റെ ഡിക്കിയിലേക്ക് വെച്ച് ഇറങ്ങാൻ നേരം പറമ്പിലെ ചെമ്പകമരച്ചോട്ടിലേക്ക് ഒരു വിളക്കുമായി ഞാൻ നടന്നു. ഇന്ന്, താൻ വിളക്ക് വെക്കാമെന്ന് പറഞ്ഞ് എന്റെ കൈകളിൽ നിന്നും മോള് ആ തിരി നാളം എടുക്കുകയായിരുന്നു. തുടർന്ന്, ആ അസ്ഥിത്തറയിലേക്ക് നടന്നു.

ഞാൻ എതിർത്തില്ല. എതിർത്തില്ലായെന്ന് മാത്രമല്ല, എന്റെ കണ്ണുകളും നിറഞ്ഞുപോയി. ധൃതിയിലത് തുടക്കുകയും ചെയ്തു. കരയാനായി ഒരിക്കലും എന്നെ ഓർക്കരുതെന്ന് മാത്രമാണ് മരിക്കും മുമ്പേ ആ മനുഷ്യൻ എന്നോട് പറഞ്ഞിട്ടുള്ളത്..

അസ്ഥിത്തറയിൽ തെളിയുന്ന ആ നാളം അദ്ദേഹമാണ്. മരിച്ച് മണ്ണായിട്ടും അദ്ദേഹം എന്നെ നോക്കി പുഞ്ചിരിക്കുന്നു. തീയായി ഇളകിയിളകി എന്നോടും ചിരിക്കാൻ പറയുന്നു. ഞാനത് അങ്ങേയറ്റം ഉൾവേദനയോടെ അനുസരിക്കുന്നു. എന്റെ ദൈവം വന്ന് പറയുമ്പോൾ എങ്ങനെയാണ് പുഞ്ചിരിക്കാതിരിക്കാൻ സാധിക്കുകയല്ലേ….!!!

✍️ശ്രീജിത്ത് ഇരവിൽ

Leave a Reply

Your email address will not be published. Required fields are marked *