പെണ്ണുകാണാൻ എത്തിയ ആദ്യപുരുഷന്റെ മുന്നിൽ നിൽക്കുമ്പോൾ
യാമികയുടെ മുഖത്ത് നാണം വിരിഞ്ഞു.
അതേയ് എനിക്ക് തന്നെ ഇഷ്ട്ടമായി കേട്ടോ,
തനിക്കോ?? ജഗത് ചോദിച്ചു.
ഉം….
യാമിക തല ഉയർത്തിയില്ല..
എടോ….താൻ ശരിക്കും നാണം അഭിനയിക്കുന്നതാണോ?? അതോ ശരിക്കും ഉള്ളതാണോ??എനിക്കങ്ങു മനസ്സിലാകുന്നില്ല. ഇത് രണ്ടായിരത്തി ഇരുപത്തിയാറ് തന്നെയല്ലേ….
യാമിക തലയുയർത്തി
അതെന്താ…??
ഇതിപ്പോ,എഴുപതുകളിലേയോ എൺപതുകളിലെയോ പെണ്ണിനെ പോലെ ഇയാൾ നാണം കുണുങ്ങുന്നു….കാൽവിരൽ കൊണ്ട് ചിത്രം വരയ്ക്കുന്നു…
അവൾ മിണ്ടിയില്ല….
എനിക്ക് പ്രണയിച്ചു വിവാഹം കഴിക്കണം എന്നായിരുന്നു ആഗ്രഹം. പക്ഷെ നടന്നില്ല…അയാൾ പറഞ്ഞു.
അതെന്താ…??
എനിക്ക് കോളേജിൽ ഒരുമിച്ചു പഠിച്ച
ഒരു കുട്ടിയോട് ഇഷ്ട്ടം ഉണ്ടായിരുന്നു.
പക്ഷെ അന്ന് പ്രണയമൊന്നും തുറന്ന് പറഞ്ഞില്ല. ആദ്യം പഠിച്ച് ഒരു ജോലി നേടിയിട്ടാകാം പ്രണയം പറയുന്നത് എന്ന് കരുതി.
ജോലി കിട്ടിയ ഉടനെ അവളെ അന്വേഷിച്ചു.
പക്ഷെ അപ്പോഴേക്കും അവളുടെ കല്യാണം കഴിഞ്ഞ് പോയി…അയാൾ ചിരിച്ചു.
അവളും.
യാമികക്ക് എന്തെങ്കിലും സങ്കല്പങ്ങൾ ഒക്കെയുണ്ടോ ??
എന്നെ സ്നേഹിക്കുന്ന ആളവണം എന്നേയുള്ളൂ…..അവൾ പറഞ്ഞു.
യാമികക്ക് പ്രണയമെന്തെങ്കിലും…??
ഇല്ല…
ഉം….
ഉള്ളത് പറയാമല്ലോ… വിവാഹം കഴിഞ്ഞാലും എന്റെ സ്വാതന്ത്രത്തിൽ കൈകടത്തുന്ന ഒരാളാവരുത് എന്റെ പങ്കാളി എന്നാണെന്റെ ആഗ്രഹം… എവിടെയാ , നേരത്തെ വീട്ടിൽ വരണം, എന്നൊക്കെ പറഞ്ഞ് എപ്പോഴും എന്നെ വീട്ടിൽ തളച്ചിടാൻ നോക്കരുത്.
അതുപോലെ ഇത്തിരി മീൻ മേടിക്കണെ, അരി തീർന്നെ… എന്നൊക്കെ പറയുന്ന ഭാര്യയെ എനിക്കിഷ്ടമല്ല.
വീട്ടിലെ സാധനങ്ങൾ തീർന്നാൽ പോയി വാങ്ങുന്ന, അതിനായി കാശ് മുടക്കാൻ മടിയില്ലാത്ത ഒരു ഭാര്യയെയാണ് ഞാൻ ആഗ്രഹിക്കുന്നത്.
എനിക്ക് സമാധാനത്തോടെ വീട്ടിൽ വരാൻ തോന്നണം…..സ്വന്തം കാര്യങ്ങൾക്ക് സ്വന്തമായി ഉണ്ടാക്കിയ പണം ഉപയോഗിക്കണം.
അല്ലാതെ ചുമതലകളെല്ലാം എന്റെ തലയിലേക്ക് എടുത്ത് വയ്ക്കുന്ന ഒരു പങ്കാളിയല്ലെന്റെ മനസ്സിൽ. അയാൾ പറഞ്ഞ് നിർത്തി.
യാമിക അയാളെ അത്ഭുതത്തോടെ നോക്കി.
ഓഹ്…. ഞാൻ ഇങ്ങനൊരാളെയാണ് നോക്കിക്കൊണ്ടിരുന്നത്. ഇപ്പോൾ സമാധാനമായി.വാടാ… പറയട്ടെ,
അവൾ അവന്റെ തോളിൽ കൈയ്യിട്ടു.
ഞാൻ ജോലി കഴിഞ്ഞ് കൂട്ടുകാരുടെ കൂടെയൊക്കെ കറങ്ങി, രാത്രി എട്ട് മണി ആകാതെ വീട്ടിൽ വരില്ല. ശീലിച്ചു പോയി.
ഇടയ്ക്കു രണ്ടെണ്ണം വീശും. എന്നാലും അമിതമായിട്ടൊന്നുമില്ല. ഇതൊന്നും വീട്ടിൽ സമ്മതിക്കില്ലാത്തതുകൊണ്ടാ ഞാൻ ജോലിസ്ഥലത്ത് ഒരു ഫ്ലാറ്റ് വാടകക്ക് എടുത്ത് ഒറ്റക്ക് താമസിക്കുന്നത്.
ഇവിടെ വരുമ്പോൾ ഞാൻ നല്ല അടക്കവും ഒതുക്കവും ഉള്ള പെൺകുട്ടിയാ… അവൾ വായ പൊത്തി ചിരിച്ചു.
ആഹ്…പിന്നെയീ സാരിയും ചുരിദാറും ഒന്നും നമുക്ക് പറ്റില്ല. ഇപ്പൊത്തന്നെ കണ്ടില്ലേ
അമ്മ നിർബന്ധിച്ചുടുപ്പിച്ചതാ….ഇതൊക്കെ വാരിപ്പൊത്തി നിൽക്കാൻ ആരെക്കൊണ്ട് പറ്റും.
പിന്നെ ഈ അടുക്കളപ്പണി എനിക്ക് പറ്റൂല്ല..
അത് പോലെ കെട്ടി ചെറുക്കന്റെ വീട്ടിൽ പോയി, അവന്റെ തള്ളേം തന്തേം നോക്കാനൊന്നും എനിക്ക് വയ്യ…
കെട്ടിയാൽ വേറെ വീടെടുത്ത് താമസിക്കണം.
അതുപോലെയീ പ്രസവം … അത് ഒരു മുപ്പത്തിയഞ്ചു വയസാകാതെ പറ്റില്ല.
ഒക്കത്ത് കുട്ടിയേയും വച്ച് ജീവിതം എൻജോയ് ചെയ്യാൻ പറ്റില്ല….
കുട്ടികൾ ഇല്ലാത്തൊരു ജീവിതമാണ് കൂടുതൽ ഇഷ്ട്ടം.. അവൾ പറഞ്ഞു കൊണ്ടിരുന്നു..
അയാൾ കണ്ണും തള്ളി നിന്നു….
ആഹ്… പിന്നെ വേറൊന്നും കൂടെയുണ്ട്. നമ്മുടെ ബന്ധത്തിൽ മടുപ്പ് തോന്നിയാൽ
ഇറങ്ങിപോകാൻ കഴിയണം. അല്ലാതെ ബലമായി കെട്ടിയിടാനോ, ഇറങ്ങിപോയാൽ പകരം വീട്ടാനോ നടക്കരുത്..
സകല ഫ്രീഡവും വേണം.
അങ്ങനെ ഒരാളെയാ ഞാൻ തപ്പിക്കൊണ്ടിരുന്നത്.
ഇതാണ് തേടിയ വള്ളി കാലിൽ ചുറ്റിയത് എന്ന് പറയുന്നത്…അവൾ അവനെ ഒന്ന് കൂടെ ചേർത്തുപിടിച്ചു.
അ..അല്ല… അതുപിന്നെ….അവൻ.. വിക്കി…
എന്തെ….??
എനിക്കൊന്ന് ആലോചിക്കണം.
ഇത്രേം ഫ്രീഡം ആഗ്രഹിക്കുന്ന പെണ്ണിനെയല്ല ഞാൻ നോക്കുന്നത്.
ആഹ്… നന്നായി ആലോചിച്ചിട്ട് മതി മോനേ…
രണ്ടാൾ ചേരുമ്പോൾ ഒരു പ്രേത്യേക വൈബ് ഫീൽ ചെയ്താൽ അതിനോളം വരില്ല മറ്റൊന്നും…
ആഹ്…..
അയാൾ മുറിക്കു പുറത്തേക്ക് ഇറങ്ങി…
അതേ മറ്റൊന്ന് കൂടെയുണ്ട്..അവൾ പിന്നിൽ നിന്നും വിളിച്ചു.
ഇനിയുമോ??
ആം..
ഈ അമ്പലത്തിൽ വച്ചുള്ള താലിക്കെട്ടും, കുറേ സ്വർണ്ണം വാരി പൊത്തിയുള്ള നിൽപ്പും, ഒന്നും എനിക്ക് വയ്യ കേട്ടോ, വേണമെങ്കിൽ രജിസ്റ്റർ ചെയ്യാം, അല്ലെങ്കിൽ ലിവിങ് ടുഗെതർ ആയാലും മതി.
അവൾ കാലിനു മുകളിൽ കാൽ വച്ച് മുടിയൊന്നു കോതി ഒതുക്കി.
അയാൾ അവളെയൊന്ന് തുറിച്ചു നോക്കിയിട്ട് ഹാളിലേക്ക് ചെന്നു.
സുഹൃത്തിനൊപ്പമാണ് പെണ്ണ് കാണാൻ വന്നിരിക്കുന്നത്..
മോളോട് സംസാരിച്ചോ?? പണ്ടുമുതലേ അവൾക്ക് നല്ല അടക്കോം ഒതുക്കോം ഉണ്ട് അവളെ ഞങ്ങൾ അങ്ങനെയാ വളർത്തിയത്.
അവളുടെ അമ്മ അഭിമാനത്തോടെ പറഞ്ഞു.
അവൻ ചിരിച്ചു…
എന്തായാലും വീട്ടിലൊന്ന് സംസാരിക്കട്ടെ എന്നിട്ട് ബാക്കി ആലോചിക്കാം…
അവരോടു യാത്ര പറഞ്ഞ് തിരികെ പോകാനായി വാഹനത്തിൽ കയറുമ്പോൾ അവന്റെ മുഖത്തൊരു ചിരി വിരിഞ്ഞു.
എന്താടാ…??കൂട്ടുകാരൻ ചോദിച്ചു.
ദാ… ഈ വട്ടത്തിയെ എടുത്ത് തലയിൽ വയ്ക്കാൻ ഞാൻ തീരുമാനിച്ചു…
വട്ടത്തിയോ…?? നല്ല പെൺകൊച്ചല്ലേ…??
നല്ല വിനയം ഒക്കെയുണ്ട്. കൂട്ടുകാരൻ പറഞ്ഞു.
ഉവ്വാ… ഭയങ്കര വിനയമാ…. അയാൾ ചിരിച്ചു…
മൂന്ന് വർഷങ്ങൾ അതിവേഗം കടന്നു പോയി…
അതേ…. നിങ്ങളിതെവിടെയാ മനുഷ്യാ…??യാമിക ചോദിച്ചു.
ഞാൻ വന്നോണ്ടിരിക്കുവാ. ജഗത് പറഞ്ഞു.
ആഹ് വരുമ്പോൾ കുറച്ച് മീൻ വാങ്ങിക്കോ,പിന്നെ കൊച്ചിന് ഡയപ്പറും വാങ്ങണം….
ആം മേടിക്കാം… അവൻ പറഞ്ഞു.
അവൾ നൈറ്റി എടുത്ത് ഇടുപ്പിൽ കു.ത്തി, നിലത്തിരുന്ന കുഞ്ഞിനെഎടുത്ത് ഒക്കത്ത് വച്ച്, കുഞ്ഞിന്റെ മൂക്ക് പിഴിഞ്ഞു നൈറ്റിയിൽ തൂത്തു..
അവൻ വാഹനം ഓടിക്കുമ്പോൾ ചിന്തിക്കുകയായിരുന്നു.
എന്തൊക്കെ പ്രതീക്ഷ ആയിരുന്നു..
സ്വാതന്ത്രംവേണം, ഇടയ്ക്കു ഫോൺ വിളിക്കരുത്, കാശ് മുടക്കാൻ പറയരുത്…
ഹൊ….എന്നിട്ടിപ്പോൾ എന്തായി…????
പറഞ്ഞതൊക്കെ മേടിച്ചോണ്ടു ചെന്നില്ലെങ്കിൽ എന്റെ കുഞ്ഞിക്കുരുപ്പും ഭാര്യയും കൂടെ സ്വയിര്യം തരില്ല..
അല്ല! ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയുമൊക്കെ കിടക്കും, അതാണതിന്റെ ഭംഗിയും അല്ലേ..???.
✍️Anju Thankachan
