“നിനക്ക് വേണ്ടി ഞാൻ ഇനി അമ്മയോട് വഴക്കിടണമെന്നാണോ അനു നീ പറയുന്നത്?അവർ എന്നേ നൊന്തു പ്രസവിച്ച സ്ത്രീയാണ്.”
വരുണിന്റെ ആ ചോദ്യം കേട്ട് അനു കുറച്ചുനേരം അവനെ നോക്കി നിന്നു.
“ഞാൻ വഴക്കിടാൻ പറഞ്ഞില്ലല്ലോ വരുൺ .”
“പിന്നെ?”
“എന്റെ ഭാഗത്ത് ഒന്ന് നിൽക്കണമെന്ന് മാത്രമാണ് പറഞ്ഞത്.ഇവിടെ എനിക്ക് വേണ്ടി സംസാരിക്കാൻ ഞാൻ അല്ലാതെ മറ്റാരും ഇല്ല ”
അനു പറഞ്ഞത് വളരെ പതുക്കെയായിരുന്നു. പക്ഷേ ആ വാക്കുകൾ വരുണിന്റെ മനസ്സിൽ തറച്ചു.
അവരുടെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് വർഷമായിരുന്നു.
വരുൺ അനുവിനെ സ്നേഹിക്കുന്ന ഭർത്താവായിരുന്നു. അവളുടെ ഇഷ്ടങ്ങൾ ചോദിക്കും. അവൾക്ക് അസുഖം വന്നാൽ നോക്കും. പുറത്തുപോകുമ്പോൾ അവൾക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് കൊണ്ടുപോകും. അവൾക്ക് ഇഷ്ടമുള്ള ഭക്ഷണം വാങ്ങിക്കൊടുക്കും.
പക്ഷേ ഒരു കാര്യത്തിൽ മാത്രം അവൻ എന്നും പിന്നോട്ടായിരുന്നു.
സ്വന്തം അമ്മയുടെ മുന്നിൽ വെച്ച് അവളുടെ ഭാഗത്ത് ശെരിയുണ്ടെങ്കിൽ പോലും കൂടെ നിൽക്കാതിരിക്കുക എന്നതിൽ. അമ്മ എന്ത് തെറ്റ് ചെയ്താലും വരുൺ അത് കണ്ടില്ലെന്ന് നടിക്കും.
അനുവിന് വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ തന്നെ അത് മനസ്സിലായിരുന്നു.
അമ്മായിയമ്മ വസുധയ്ക്ക് അവളുടെ രീതികൾ ഒന്നും ഇഷ്ടമല്ല.
“ഇങ്ങനെ തോന്നിയപോലെ നടക്കാതെ കുറച്ചുകൂടി മാന്യമായി നടക്കണം ഇവിടെ ആണുങ്ങൾ ഒക്കെ ഉള്ളതാണ്.”
അവർ അനുവിന്റെ വസ്ത്ര ധാരണത്തെ കുറ്റപ്പെടുത്തുമ്പോൾ ഒക്കെയും അനു ചിരിച്ചുകൊണ്ട് വിട്ടുകളയും.
അവൾ രാവിലെ എഴുനേൽക്കാൻ കുറച്ച് വൈകിയാൽ കുറ്റം
“ഇവിടെ വന്നിട്ട് ഈ വീട്ടിലെ രീതിയൊന്നും ഇതുവരെ പഠിച്ചില്ലേ.. പെൺകുട്ടികൾ സൂര്യൻ ഉണരും മുന്നേ ഉണരണം.”
അനു അത് കേൾക്കുകയല്ലാതെ മറ്റൊന്നും പറഞ്ഞില്ല.
അവൾ ജോലി ചെയ്യാൻ പോകണമെന്ന് പറഞ്ഞപ്പോൾ
“കല്യാണം കഴിഞ്ഞ പെണ്ണിന് വീട്ടിലെ ജോലികൾ തന്നെ ധാരാളം അല്ലെ ”എന്നായിരുന്നു അവരുടെ മറുപടി.ഇത്തരം അനാവശ്യ ഇടപെടലുകൾ അനുവിന് മാനസിക ബുദ്ധിമുട്ട് സൃഷ്ടിച്ചു.. ഒന്നിനും യാതൊരു സ്വാതന്ത്ര്യവും ഇല്ല.
ഓരോ തവണയും അവൾ വരുണിനോട് ഇതേ പറ്റി പറയുമ്പോൾ അവന്റെ മറുപടി ഒന്നുതന്നെയായിരുന്നു.
“അമ്മ അങ്ങനെയാണ്. നീ കാര്യമാക്കണ്ട.”അവനത് നിസാര മട്ടിൽ തള്ളി കളയും.
ആദ്യമൊക്കെ അനുവും അതുതന്നെ ചെയ്തു.
ഒന്നും കാര്യമാക്കിയില്ല.
പക്ഷേ ചില കാര്യങ്ങൾ കാര്യമാക്കാതെ ഇരിക്കാൻ പറ്റാത്തതായിരുന്നു.
ഒരു ദിവസം അവൾ ജോലിക്ക് പോകാൻ ഒരുങ്ങുമ്പോൾ അവർ തടഞ്ഞു.
“ഇന്ന് പോകണ്ട.”
അനു തിരിഞ്ഞുനോക്കി.
“എന്താ അമ്മേ?”
“ഇവിടെ ഇന്ന് കുറച്ച് ആളുകൾ വരും. നീ ഇവിടെ വേണം.”അവർ ആഞ്ജ പോലെ പറഞ്ഞു.
“അമ്മേ, ഇന്ന് എനിക്ക് ഓഫീസിൽ പ്രധാനപ്പെട്ട മീറ്റിംഗ് ഉണ്ട്. നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഞാൻ ലീവ് എടുക്കാമായിരുന്നു.”അവൾ കുഴപ്പത്തിൽ ആയി.
“ഇന്നലെ പറഞ്ഞില്ലേ?”
“ഇല്ല അമ്മേ.”
“എന്നാൽ ഇപ്പോൾ പറഞ്ഞല്ലോ… ഇന്ന് പോകണ്ട.”
അനു ഒന്നും പറയാതെ വരുണിനെ നോക്കി.
വരുൺ അവിടെത്തന്നെയുണ്ടായിരുന്നു.
“വരുൺ…”അവൾ ദയനീയമായി അവനെ വിളിച്ചു.
അവൻ അമ്മയെ നോക്കി.
“അമ്മേ, അനുവിന് അങ്ങനെ പെട്ടെന്ന് ലീവ് എടുക്കാൻ പറ്റില്ല.”
“കല്യാണം കഴിഞ്ഞതും ചെക്കൻ ആകെ മാറി..നീ ഇപ്പോൾ അവളുടെ ഭാഗം മാത്രം അല്ലെ പറയുകയുള്ളൂ… “അവർ തർക്കിച്ചു
വരുൺ ഉടൻ മിണ്ടാതായി.
അനു അത് കണ്ടു.
അവൾ ബാഗെടുത്ത് പുറത്തേക്ക് നടന്നു.അന്നേരം അവർ പുറകിൽ നിന്ന് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു അവൾ അത് കേട്ടില്ല എന്ന് നടിച്ചു.
അന്ന് ഓഫീസിൽ ഇരുന്നിട്ടും അവളുടെ മനസ്സ് വീട്ടിലായിരുന്നു.
അവൾക്ക് ദേഷ്യം വന്നത് അമ്മായിയമ്മയോട് മാത്രമല്ല.
വരുണിനോടും കൂടിയായിരുന്നു.
അവൻ അവളെ സ്നേഹിക്കുന്നുണ്ടെന്ന് അവൾക്കറിയാം.
പക്ഷേ അവൾക്ക് വേണ്ട സമയത്ത് ആ സ്നേഹം ശബ്ദമാകുന്നില്ല.അതവളെ വല്ലാതെ വേദനിപ്പിച്ചു.
വൈകുന്നേരം വീട്ടിലെത്തിയപ്പോൾ വരുൺ മുറിയിൽ കാത്തുനിന്നിരുന്നു.
“സോറി അനു.. എനിക്കറിയാം അമ്മയുടെ വാക്കുകൾ നിന്നെ വേദനിപ്പിച്ചെന്ന് ”
അനു ബാഗ് മേശപ്പുറത്ത് വച്ചു.
“അമ്മയുടെ വാക്കുകൾ മാത്രം അല്ല എന്നേ വേദനിപ്പിച്ചത് വരുൺ…”
“പിന്നെ?”
“നിന്റെ നിശബ്ദത കൂടിയാണ്.”
വരുൺ അവളെ നോക്കി.
“ഞാൻ എന്ത് പറയാനാണ്?”
“ഒന്നും പറയാൻ ഇല്ലേ?എന്റെ ഭാര്യയ്ക്ക് ജോലി ഉണ്ട്. അവൾക്ക് പോകണം. അത്രയേ പറയേണ്ടിയിരുന്നുള്ളൂ.”
“ഞാൻ അങ്ങനെയൊക്കെ പറഞ്ഞാൽ അമ്മയ്ക്ക് വിഷമമാകില്ലേ?.”വരുൺ പറഞ്ഞു
“അപ്പോൾ പറയാതെ ഇരുന്നാലുള്ള എന്റെ വിഷമത്തെ കുറിച്ച് ചിന്തിച്ചില്ലേ?”അവൾ വിട്ടു കൊടുത്തില്ല.
വരുൺ മിണ്ടാതായി.
അനു അവന്റെ അടുത്തേക്ക് ചെന്നു.
“വരുൺ, നീ എന്നെ സ്നേഹിക്കുന്നുണ്ട്. അതിൽ എനിക്ക് സംശയമില്ല.”
പക്ഷേ സ്നേഹിക്കുന്ന ഒരാളുടെ ശരികളുടെ കൂടെ നിൽക്കുന്നത് എങ്ങനെയെന്നു നിനക്ക് ഇപ്പോഴും അറിയില്ല .”
“ഞാൻ നിന്റെ കൂടെയല്ലേ അനു..?”
“അതെ.. പക്ഷെ മുറിക്കുള്ളിൽ. ഒറ്റയ്ക്ക് ആകുമ്പോ ആണെന്ന് മാത്രം .”
അവളുടെ കണ്ണുകൾ നിറഞ്ഞു.
“പുറത്ത് മറ്റുള്ളവർ എന്നെ കുറ്റം പറയുമ്പോൾ നീ മിണ്ടാതിരുന്നാൽ, നീ എന്റെ കൂടെയാണെന്ന് എനിക്ക് എങ്ങനെ തോന്നും?”
വരുൺ ഒന്നും പറഞ്ഞില്ല.അവളും ആ സംസാരം അവിടെ നിർത്തി.
അടുത്ത കുറച്ച് ദിവസങ്ങൾക്കിടയിൽ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല.
പക്ഷേ അനുവിന്റെ മനസ്സിൽ ആ ദുഃഖം തുടർന്നു.
ഒരു ദിവസം അനു ഓഫിസിൽ നിന്ന് ഏത്താൻ കുറച്ചു വൈകി..അവൾ വന്നു കേറിയതും വസുധ അത് ചോദ്യം ചെയ്തു.
“ഇന്നെന്താ ഇത്ര വൈകിയത് ?”
“ഓഫീസിൽ ജോലി ഉണ്ടായിരുന്നു.”അനു പറഞ്ഞു.
“ജോലി എന്ന പേരിൽ എപ്പോഴും പുറത്താണല്ലോ.”
അനു ഒന്നും പറഞ്ഞില്ല.
അവൾ മുറിയിലേക്ക് പോകുമ്പോൾ അവർ പിന്നിൽ നിന്ന് പിറുപിറുത്തു.
“ഞങ്ങളുടെ കാലത്ത് പെണ്ണുങ്ങൾക്ക് കുടുംബമായിരുന്നു ആദ്യം.ഇപ്പോഴത്തെ പെൺപിള്ളേർക്ക് എന്ത് കുടുംബം”
അനു തിരിഞ്ഞുനിന്നു.അവൾക്കത് ദഹിച്ചില്ല.
“എനിക്കും കുടുംബം തന്നെയാണ് അമ്മേ പ്രധാനം.അതുകൊണ്ടാണ് ഞാൻ ജോലി കഴിഞ്ഞ് നേരെ വീട്ടിൽ വരുന്നത്.”
“ഓഹോ നീ ഇപ്പോൾ എന്നെ പഠിപ്പിക്കുകയാണോ?”അവർ ദേഷ്യത്തോടെ ചോദിച്ചു
“എനിക്കതിന്റെ ആവശ്യം ഇല്ല.”
അവൾ മുറിയിലേക്ക് പോകുമ്പോൾ
വരുൺ ആ സംഭാഷണം മുഴുവൻ കേട്ട് അവിടെ നിൽപുണ്ടായിരുന്നു.
പക്ഷേ പതിവുപോലെ അവൻ ഒന്നും പറഞ്ഞില്ല.
അന്ന് രാത്രി അനു അവനോട് പറഞ്ഞു,
“വരുൺ ഇന്നും നീ അമ്മ പറയുന്നത് എല്ലാം കേട്ട് വിഴുങ്ങി.. ജോലി കഴിഞ്ഞു ക്ഷീണിച് വന്ന എനിക്ക് വേണ്ടി ഒരു വാക്ക് പോലും നീ സംസാരിച്ചില്ല.ഇപ്പോൾ എനിക്ക് നിന്റെ സപ്പോർട്ട് ചോദിക്കാൻ പോലും നാണക്കേടാണ്.. ”
“എന്താ അനു ഇങ്ങനെയൊക്കെ പറയുന്നത് പറയുന്നത്?”അവൻ നിരാശനായി.
“പിന്നെ എങ്ങനെ പറയണം..ഞാൻ പറയുന്നതെല്ലാം നീ മനസ്സിലാക്കും. പക്ഷേ അമ്മയുടെ മുന്നിൽ വന്നാൽ വീണ്ടും മിണ്ടാതാകും.”
വരുൺ പതുക്കെ പറഞ്ഞു,
“അമ്മയെ വേദനിപ്പിക്കാൻ എനിക്ക് കഴിയില്ല.”
“അപ്പൊ എന്നെ വേദനിപ്പിക്കുന്നത് നിനക്ക് പ്രശ്നമേയല്ല അല്ലെ ?”
അവൻ തല താഴ്ത്തി.
അനു തുടർന്നു.
“അമ്മയെ വേദനിപ്പിക്കരുത്. അതെനിക്ക് മനസ്സിലാകും. പക്ഷേ അതിന്റെ പേരിൽ എന്നെ എപ്പോഴും വേദനിപ്പിക്കുന്നത് എന്തിനാണ്… ഇങ്ങനെ ആണേൽ എന്തിനു വേണ്ടി ഈ ബന്ധം തുടരണം ഈ അടിമത്തം എനിക്ക് മടുത്തു .”
ആ വാക്കുകൾ അവനിൽ ഞെട്ടൽ ഉണ്ടാക്കി..അന്ന് ആദ്യമായി വരുണിന് തന്റെ തെറ്റ് മനസ്സിലാകാൻ തുടങ്ങി.ഇനിയും മൗനം തുടർന്നാൽ അത് ഉറപ്പായും തന്റെ ദാമ്പത്യ ജീവിതത്തെ ബാധിക്കും എന്നവൻ തിരിച്ചറിഞ്ഞു.
അവന് അമ്മയെ എതിർക്കാൻ പേടിയായിരുന്നു.
പക്ഷേ ആ പേടി മുഴുവൻ അനുവാണ് സഹിച്ചിരുന്നത്.
കുറച്ച് ദിവസങ്ങൾക്ക് ശേഷം ഒരു സംഭവം ഉണ്ടായി.
അനുവിന് ജോലിയിൽ നിന്ന് പ്രൊമോഷൻ ലഭിച്ചു.
അവളുടെ ഓഫീസിൽ ചെറിയൊരു ഫങ്ക്ഷന് ഉണ്ടായിരുന്നു.
അന്ന് അവൾ സന്തോഷത്തോടെ വീട്ടിലെത്തി.
“വരുൺ, എനിക്ക് പ്രൊമോഷൻ കിട്ടി!”
അവൻ സന്തോഷത്തോടെ അവളെ കെട്ടിപ്പിടിച്ചു.
“സത്യമാണോ ? അടിപൊളി!”
അവൾ ചിരിച്ചു.
“നീ വരണം. നാളെ ഒരു പാർട്ടി ഉണ്ട് .”
വരുൺ ഉടൻ സമ്മതിച്ചു.
പക്ഷേ വസുധ ഇതറിഞ്ഞതും അവരുടെ മുഖം മാറി.
“നാളെ വീട്ടിൽ പൂജയുണ്ട്. നിങ്ങൾ രണ്ടുപേരും എവിടെയും പോകണ്ട.”അവർ തടസം പറഞ്ഞു
അനു മിണ്ടാതെ നിന്നു.
അവളുടെ കണ്ണിലെ സന്തോഷം പതുക്കെ കുറഞ്ഞു.
വരുൺ അമ്മയെ നോക്കി.
“അമ്മേ, നാളെ കുറച്ച് സമയത്തേക്ക് അല്ലെ ഞങ്ങൾ പോയിട്ട് വരാം .”
“പറ്റില്ല . വീട്ടിലെ കാര്യങ്ങൾ കഴിഞ്ഞിട്ട് മതി ഓഫീസിലെ കാര്യങ്ങൾ .”
“പാർട്ടി രാവിലെ പത്തുമണിക്കാണ്.”വരുൺ പറഞ്ഞു.
“എങ്കിൽ അവൾ ഒറ്റയ്ക്ക് പോയാൽ പോരെ?”
ഇത് കേട്ട് ദേഷ്യം വന്ന അനു അപ്പോൾ തന്നെ മറുപടി പറഞ്ഞു
“ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം.”
അതും പറഞ്ഞ് അവൾ മുറിയിലേക്ക് നടന്നു.
വരുൺ അവളുടെ പിന്നാലെ പോയി.
“അനു…”
“എനിക്ക് അറിയാം.”
“എന്ത്?”
“നീ വരില്ല എന്ന്.. എന്റെ സന്തോഷത്തേക്കാൾ അമ്മയുടെ വാക്കുകൾ അല്ലെ നിനക്ക് പ്രാധാന്യം.”
അവൻ ഒന്നും പറഞ്ഞില്ല.
പക്ഷേ ഇത്തവണ അനു തർക്കിക്കാൻ നിന്നില്ല.
അവൾ അലമാര തുറന്ന് തന്റെ സാരി ഞൊറി എടുത്തു വെച്ചു.
അടുത്ത ദിവസം അനു ഒറ്റയ്ക്കാണ് പാർടിക്ക് പോയത്.
ഓഫീസിൽ എല്ലാവരും അവളെ പ്രശംസിക്കുമ്പോഴും അനുവിന്റെ കണ്ണുകൾ നിറഞ്ഞു.
അവിടെ നിന്ന് പുറത്തേക്ക് വന്ന് ഫോൺ എടുത്തു നോക്കുമ്പോൾ വരുണിന്റെ മെസ്സേജ് ഉണ്ടായിരുന്നു.
“അഭിനന്ദനങ്ങൾ അനു… നീ എനിക്ക് അഭിമാനമാണ്.”
അനു കുറച്ചുനേരം ആ മെസേജ് നോക്കി നിന്നു.
പിന്നെ മറുപടി അയച്ചു.
“എന്റെ ഭർത്താവ് അത് പറയുന്നത് എനിക്ക് സന്തോഷമാണ്. പക്ഷേ അത് പ്രവർത്തിയിലും കാണിക്കണം .”
അന്ന് വൈകുന്നേരം വരുൺ വീട്ടിലെത്തിയപ്പോൾ അനു അവനോട് ഒന്നും പറഞ്ഞില്ല.
അവൻ തന്നെയാണ് അവളുടെ അടുത്തേക്ക് വന്നത്.
“അനു.”
അവൾ നോക്കി.
“നീ പറഞ്ഞത് ശരിയാണ്.”
അവൾ ഒന്നും പറഞ്ഞില്ല.
“ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് പറഞ്ഞാൽ മാത്രം പോര. നിന്നെ ബഹുമാനിക്കുകയും, നിന്റെ ശരികൾക്ക് ഒപ്പം നിൽക്കുകയും വേണം.”
അനു ചോദിച്ചു.
“വരുൺ എന്താണ് പറഞ്ഞു വരുന്നത്?”
വരുൺ അവളുടെ കൈ പിടിച്ചു.
“ഇനി അമ്മയോട് സംസാരിക്കേണ്ടിടത്ത് ഞാൻ സംസാരിക്കും.ആവശ്യമില്ലാതെ നിന്നെ കുറ്റപ്പെടുത്താൻ ഞാൻ ഇനി ആരെയും സമ്മതിക്കില്ല. ” അത് പറഞ്ഞെങ്കിലും അനുവിന് അത്ര പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല
പക്ഷെ അടുത്ത ദിവസം തന്നെ അത് സംഭവിച്ചു.
അമ്മായിയമ്മ വീണ്ടും എന്തോ പറഞ്ഞ് അനുവിനെ കുറ്റപ്പെടുത്തിയപ്പോൾ വരുൺ ഇടയിൽ കയറി.
“അമ്മേ, അനുവിന് ഇഷ്ടമുള്ള വസ്ത്രം അവൾ ധരിക്കട്ടേ….അമ്മ എന്തിനാണ് അതിലൊക്കെ ഇടപെടുന്നത്?”
അനു ഒരു നിമിഷം ഞെട്ടി. ആദ്യമായാണ് വരുണിന്റെ ഭാഗത്തുനിന്നും അങ്ങനെ ഒരു പ്രതികരണം അവൾ കാണുന്നത്.അമ്മ അവനെ നോക്കി.
“ഇപ്പോൾ നീയും അവളുടെ പക്ഷമാണോ?” അവർ അത് തീരെ പ്രതീക്ഷിച്ചിരുന്നില്ല.
“അതെ അമ്മേ. അവൾ എന്റെ ഭാര്യയാണ്. അവൾ തെറ്റ് ചെയ്താൽ അമ്മയ്ക്ക് ചോദിക്കാം പക്ഷേ അവൾ തെറ്റ് ചെയ്യാത്ത കാര്യങ്ങളിൽ അവളെ നിയന്ത്രിക്കാൻ ഞാൻ ആരെയും അനുവദിക്കില്ല.”
അവർക്ക് ഒരു നിമിഷം ഉത്തരം മുട്ടിപ്പോയി
വരുൺ തുടർന്നു.
“അമ്മയെ ബഹുമാനിക്കുന്നതുപോലെ തന്നെ അനുവിനെയും ഞാൻ ബഹുമാനിക്കുന്നുണ്ട് ഇവിടെ . രണ്ടുപേരെയും തമ്മിൽ മത്സരിപ്പിക്കേണ്ട കാര്യമില്ല.”
അനു എല്ലാം കേട്ടു നിന്നു
അവളുടെ കണ്ണുകൾ നിറഞ്ഞു.
തനിക്ക് വേണ്ടിയിരുന്നത് അമ്മായിയമ്മയെ തോൽപ്പിക്കുന്ന ഭർത്താവിനെയല്ല.
തന്റെ കൂടെ നിൽക്കാൻ പേടിക്കാത്ത ഭർത്താവിനെയാണ്. അതവൾക്ക് കിട്ടി തുടങ്ങിരിക്കുന്നു എന്നവൾക്ക് തോന്നി.
അന്നത്തെ ദിവസത്തിനു ശേഷം വീട്ടിലെ എല്ലാ പ്രശ്നങ്ങളും ഒറ്റയടിക്ക് അവസാനിച്ചില്ല.
അവരുടെ സ്വഭാവം പൂർണ്ണമായി മാറിയില്ല.
പക്ഷേ ഒരു കാര്യം മാറി.
അനുവിന് എവിടെയും ഒറ്റയ്ക്ക് പോരാടേണ്ടി വന്നില്ല.
അവൾക്ക് സ്വന്തമായി അഭിപ്രായമുണ്ടെന്നും വ്യക്തിത്വം ഉണ്ടെന്നും വരുൺ തുറന്ന് പറഞ്ഞു.
അമ്മയോടുള്ള സ്നേഹവും ഭാര്യയോടുള്ള ഉത്തരവാദിത്തവും രണ്ടും ഒരുമിച്ച് കൊണ്ടുപോകാൻ അവൻ പഠിച്ചു.
ഭർത്താവ് തന്നെ സ്നേഹിക്കുന്നു എന്നത് കൊണ്ട് മാത്രം ഒരു വിവാഹബന്ധവും സുരക്ഷിതമാകുന്നില്ല.
അവൻ തന്റെ വാക്കുകൾ കേൾക്കണം.
തന്റെ അഭിപ്രായത്തെ ബഹുമാനിക്കണം.
തെറ്റില്ലാത്തിടത്ത് തന്റെ കൂടെ നിൽക്കണം.
കാരണം ഒരു പെൺകുട്ടിക്ക് ആവശ്യമുള്ളത് വലിയ വാഗ്ദാനങ്ങളല്ല.
അവൾ എല്ലാവരുടെയും മുന്നിൽ ഒറ്റപെടുമ്പോൾ
“ഞാൻ ഇവിടെ ഉണ്ട്. നീ ഒറ്റയ്ക്കല്ല.”
എന്ന് പറയുന്ന ഒരാളെയാണ്.
അനുവിന് ഒടുവിൽ അത് ലഭിച്ചു. സ്വന്തം ഭർത്താവ് കൂടെ നിൽക്കാൻ തുടങ്ങിയതോടെ മറ്റുള്ളവരുടെ വാക്കുകൾ അവളെ വേദനിപ്പിക്കാതെയായി.. പുറമേ നിന്ന് ആരും തങ്ങളുടെ ജീവിതത്തിൽ കൈകടത്താൻ അനുവദിക്കാതെ അവർ അവരുടെ ജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോയി.
✍️അംബിക ശിവശങ്കരൻ
