നാല് വർഷം മുൻപ് മ.ര.ണപ്പെട്ട കൂട്ടുകാരന്റെ ഫോണിൽ നിന്നും കാൾ വന്നപ്പോൾ ഒരു നിമിഷം ഞാൻ പകച്ചു പോയി…
വിറയ്ക്കുന്ന കൈകളോടെയാണ് ഞാനാ കോൾ അറ്റൻഡ് ചെയ്തത്…
ഹലോ….
അപ്പുറം നിശബ്ദമാണ്..
എന്തിനെന്നറിയാതെ എന്റെ ഉള്ളം കൈ വിയർത്തു….
ഹലോ….ഞാൻ വീണ്ടും പറഞ്ഞു..
ഹലോ…. അപ്പുറത്ത് നിന്നും ഒരു സ്ത്രീയുടെ ശബ്ദമാണ്…..
ആരാണ്…??
ഞാൻ മുരളിയുടെ ഭാര്യയാണ്.എന്റെ പേര് ഹേമ…
അവൻ വിവാഹിതനായി എന്നറിയാമായിരുന്നു
അവന്റെ മ.ര.ണവിവരം മറ്റൊരു സുഹൃത്ത് പറഞ്ഞാണ് ഞാൻ അറിഞ്ഞത്…
കാണാൻ പോയില്ല. എനിക്കതിനുള്ള മന:ശക്തി ഉണ്ടായിരുന്നില്ല…
എന്ത് കിട്ടിയാലും എനിക്ക് പകുത്ത് തരുന്ന, എന്നോടൊപ്പം ഒരുമിച്ച് നടക്കുന്ന എന്റെ മുരളി, എന്നെ സൈക്കിളിന്റെ പിന്നിലിരുത്തി എത്ര ദൂരം വേണമെങ്കിലും ചവിട്ടുമായിരുന്ന എന്റെ പഴയ മുരളി.ആ കാലത്തെ ഏതൊരു പെൺകുട്ടിയേയും പോലെ എന്റെ ഉള്ളിലും ആദ്യ പ്രണയത്തിന്റെ പൂമ്പൊടികൾ വീണ് കിടപ്പുണ്ടായിരുന്നു. അത് കളിക്കൂട്ടുകാരനായ അവനോടു തന്നെയായിരുന്നു…
അത് അവനും അറിയാം. പരസ്പരം ഒന്നും പറഞ്ഞില്ലെങ്കിലും പറയാതെ തന്നെ ഞങ്ങൾക്കെല്ലാം മനസ്സിലാകുമായിരുന്നു. അല്ലെങ്കിലും ചില ബന്ധങ്ങൾ അങ്ങനെയല്ലേ ഒന്നും പറഞ്ഞില്ലെങ്കിലും എല്ലാം മനസ്സിലാകും.
ആ സമയത്താണ് അവനും അമ്മയും ആ നാട്ടിൽ നിന്നും പോയത്.
അവനില്ലായ്മയുമായി പൊരുത്തപ്പെടാൻ എനിക്കേറെ സമയം വേണ്ടി വന്നു…
എന്തിനാണവർ പോയതെന്ന് ആർക്കും അറിയില്ലായിരുന്നു.
പഠനം കഴിഞ്ഞ് പലയിടങ്ങളിലായിഞാൻ ജോലി നോക്കുന്ന സമയത്താണ്, മംഗലാപുരത്ത് വച്ചവനെ കണ്ടത്…
ഒറ്റനോട്ടത്തിൽ എനിക്കവനെയും,
അവന് എന്നെയും തിരിച്ചറിയാനായി…
രമ്യാ… എന്ന് വിളിച്ചവൻ എന്റെ അരികിലേക്ക്
ഓടി വന്നു.
അന്ന് എനിക്ക് മുപ്പത് വയസും അവന് മുപ്പത്തിരണ്ട് വയസും പ്രായമുണ്ടായിരുന്നു..
ഞാനന്ന് വിവാഹിതയും രണ്ട് ആൺകുട്ടികളുടെ അമ്മയും ആയിരുന്നു..
മുരളിക്ക് അവിടെയൊരു പെൺകുട്ടിയെ ഇഷ്ടമാണെന്നും, ഉടൻതന്നെ വിവാഹം ഉണ്ടെന്നും പറഞ്ഞിരുന്നു.അമ്മയുടെ മ.ര.ണശേഷം ഒറ്റയ്ക്കാണ്. ഒറ്റക്കുള്ള ജീവിതം ദുസ്സഹമാണ് എന്നവൻ പറഞ്ഞു….
പിന്നീട് ജോലി സംബന്ധമായി എനിക്ക് ഡൽഹിയിലേക്ക് പോകേണ്ടി വന്നു….
പിന്നീടുള്ള പത്ത് വർഷങ്ങൾ
ഞാൻ ഡൽഹിയിലായിരുന്നു..
കുടുംബം, കുഞ്ഞുങ്ങൾ, ഉത്തരവാദിത്തങ്ങൾ, അങ്ങനെ തിരക്കുകളിൽ നിന്നും തിരക്കുകളിലേക്കുള്ള യാത്ര ആയിരുന്നു.
ഇതിനിടയിൽ രണ്ടോ മൂന്നോ വട്ടം അവൻ എന്നെ ഫോൺ വിളിച്ചിരുന്നു.
നാലു വർഷം മുൻപ് മറ്റൊരു സുഹൃത്ത് പറഞ്ഞാണ് അവൻ മ.ര.ണപ്പെട്ടു എന്ന് ഞാനറിയുന്നത്…അന്ന് ഞാനവനെ
കാണാൻ പോയില്ല.
എന്തിനാണ് കാണാൻ പോകുന്നത്,
എന്റെ മനസ്സിൽ അവൻ ജീവനോടെ തന്നെയുണ്ട്…അത് മതി…
ഇപ്പോൾ ഈ നാലു വർഷങ്ങൾക്കുശേഷം അവന്റെ ഫോണിൽ നിന്നും കാൾ വന്നപ്പോൾ സത്യമായിട്ടും, അത് അവനായിരുന്നെങ്കിൽ എന്ന് ഞാനാശിച്ചിരുന്നു….
എനിക്ക് ഒന്ന് കാണാൻ പറ്റുമോ?? മുരളിയുടെ ഭാര്യ എന്നോട് ചോദിച്ചു.
എനിക്കെന്തുത്തരം പറയണമെന്നറിയില്ലായിരുന്നു.
കാരണം ഞാൻ ഒരിക്കലുമവന്റെ ഭാര്യയെ കണ്ടിട്ടില്ല..
എങ്കിലും, കാണാമെന്നറിയിച്ചു…
അങ്ങനെയാണ് ഞാൻ മംഗലാപുരത്തിന്
ചെന്നത്.
അവർ പറഞ്ഞ സ്ഥലത്ത്, ആ ചെറിയ വീടിന്റെ മുന്നിൽ വണ്ടിയിറങ്ങുമ്പോൾ എവിടെ നിന്നോ വീശിയ കാറ്റിൽ എനിക്ക് മുരളിയുടെ ഗന്ധം അനുഭവപ്പെട്ടത് പോലെ..
വാതിലിൽ മുട്ടിയിട്ട് ഞാൻ കാത്തുനിന്നു.
അകത്തേക്ക് വരൂ….അകത്ത് നിന്നും ശബ്ദം മുഴങ്ങി
ഞാൻ വാതിൽ തുറന്നകത്തു കയറി…
വൃത്തിഹീനമായ ഉൾവശം….
ഒരു യുവതി കസേരയിൽ ഇരിപ്പുണ്ട്…
അവൾ എന്നെ കണ്ട് പരിചിത ഭാവത്തിൽ ചിരിച്ചു…
ഇരിക്കൂ…. അവളെന്നോട് പറഞ്ഞു..
ചേട്ടൻ നിങ്ങളെക്കുറിച്ച് എപ്പോഴും പറയുമായിരുന്നു…
നിലത്തിരുന്ന് കളിക്കുന്ന നാല് വയസ്സുകാരി പെൺകുട്ടിയെ അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്.
മുരളിച്ചേട്ടൻ മ.രി.ച്ചയന്നാ എനിക്കിവൾ പിറന്നത്. മുരളി ചേട്ടൻ വീണ്ടും പുനർജനിച്ചതാണെന്നാ ഞാൻ ഇപ്പോഴുംകരുതുന്നത്…യുവതി പറഞ്ഞു.
ആരുമില്ലാത്ത എനിക്ക് ഒരു ജീവിതം തന്നത് മുരളിചേട്ടനാ… പക്ഷെ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരാൻ ദൈവം സമയമേറെ എടുത്തു. കുഞ്ഞിനെ തന്നിട്ട് പകരം എന്റെ മുരളിചേട്ടനെ അങ്ങെടുക്കുകയും ചെയ്തു…
അവരുടെ ആ അവസ്ഥയിൽ,
എന്നോടെന്തെങ്കിലും ധനസഹായം ചോദിച്ചായിരിക്കും വിളിച്ചതെന്ന് എനിക്ക് മനസ്സിലായി..
അവരത് ചോദിക്കും മുൻപ് ഞാൻ ബാഗ് തുറന്ന് പണം എടുത്തു..
അവൾ ഒന്ന് ചിരിച്ചു.
മുരളിചേട്ടൻ പറഞ്ഞത് ശരിയാ,
നിങ്ങൾ ഹൃദയം നിറച്ചും അലിവുമായി നടക്കുന്ന സ്ത്രീയാണ്..
ഞാൻ പണം ചോദിക്കും മുൻപ് കണ്ടറിഞ്ഞ് എനിക്ക് നേരെ ഈ പണം വച്ച് നീട്ടാൻ കാണിച്ച മനസ്സ്, അത് നന്മയുള്ളവർക്ക് മാത്രമേ കഴിയൂ…
പക്ഷെ ഞാൻ പണത്തിനു വേണ്ടിയല്ല നിങ്ങളോട് ഒന്ന് വരാൻ പറഞ്ഞത്.
പിന്നെന്തിന്?? ഞാൻ ചോദ്യഭാവത്തിൽ അവളെ നോക്കി.
എന്റെ ദിനങ്ങൾ എണ്ണപ്പെട്ടുകഴിഞ്ഞു.
മ.രി.ക്കുമ്പോൾ എന്റെ കുഞ്ഞിനെ ഏൽപ്പിക്കാൻ എനിക്കീ ഭൂമിയിൽ ആരുമില്ല..
എന്നെപ്പോലെ അവളും അനാഥയാവും, സാരമില്ല…. വിധി അതായിരിക്കും…
കേരളത്തിലേക്ക് മടങ്ങി പോകണമെന്ന് മുരളിചേട്ടന് വലിയ ആഗ്രഹമായിരുന്നു.
എന്നെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിച്ചത് മുരളിച്ചേട്ടനാ..
കുഞ്ഞ് ജനിച്ചു കഴിഞ്ഞ് എന്നേം കുഞ്ഞിനേയും കൊണ്ട് നാട്ടിൽ പോകാമെന്ന് പറഞ്ഞിരുന്നു…പക്ഷെ വിധിയനുവദിച്ചില്ല…..
എനിക്കവരുടെ വേദനയിൽ വല്ലാത്ത സങ്കടം തോന്നി…..
അന്ന് മുരളിചേട്ടൻ അമ്മയെയും കൊണ്ട് ആ നാട്ടിൽ നിന്നും പോയത് എന്തിനാണെന്ന് നിങ്ങളോടൊരിക്കൽ തുറന്ന് പറയണമെന്ന് അദ്ദേഹത്തിനുണ്ടായിരുന്നു…യുവതി തുടർന്നു..
ഞാനവളെ നോക്കി….
നിങ്ങളുടെ അച്ഛൻ തന്നെയാണ് മുരളിചേട്ടന്റെയും അച്ഛൻ എന്ന സത്യമറിഞ്ഞപ്പോൾ അമ്മയെയും കൊണ്ട് ആ നാട്ടിൽ നിന്നും പോകുക എന്ന ഒറ്റ വഴിയേ
മുന്നിൽ കണ്ടുള്ളൂ എന്ന്
അവളുടെ വാക്കുകൾ കേട്ട് ഞാൻ പകച്ചു പോയി…
മുരളിയുടെ അമ്മ വിവാഹിതയായിരുന്നില്ല.
ആരാണ് മുരളിയുടെ അച്ഛൻ എന്ന് അവർ ആരോടും പറഞ്ഞതുമില്ല. കൂലിപ്പണിയെടുത്ത് ജീവിക്കുന്ന ആ സ്ത്രീ ഒരു പഞ്ചപാവമായിരുന്നു..
അവർ പോയതോടെ, അവർ താമസിച്ചിരുന്ന ചെറിയ വീട് കാടു കയറി നശിച്ച് ഒടുവിൽ നിലം പതിച്ചു…..
അവിടെയുള്ള മനുഷ്യരുടെ മനസ്സിൽ നിന്നും മുരളിയും അമ്മയും, ആ വീടുമൊക്കെ മറവിയിലാണ്ട് പോയി…
മുരളി ചേട്ടന് നിങ്ങളോട് എല്ലാം തുറന്നുപറയണമെന്നുണ്ടായിരുന്നു. പറ്റിയില്ല…
ഞാനും കൂടെ പോയി കഴിഞ്ഞാൽ നിങ്ങൾ ഒന്നുമറിയാതെ പോവില്ലേ…
നിങ്ങളുടെ അച്ഛൻ ഇപ്പോഴും ഇല്ലെ??
ഉണ്ട്.ഞാൻ മറുപടി പറഞ്ഞു..
ഒരുവട്ടമെങ്കിലും അച്ഛനോട് ചോദിക്കണം എന്തിനായിരുന്നു ഒരു സ്ത്രീയുടെ ജീവിതം തകർത്തതെന്ന് ?? സ്വന്തം ര. ക്തത്തിൽ പിറന്നതാണെന്നറിഞ്ഞിട്ടും എന്തുകൊണ്ടാണ് മകനെ ഒരിക്കൽ പോലുമൊന്ന് ലാളിക്കാത്തതെന്ന്..?? അത് മാത്രം മുരളിചേട്ടന് വേണ്ടി നിങ്ങൾ ചോദിക്കണം…
എനിക്കവളോട് എന്ത് മറുപടി പറയണമെന്നറിയില്ലായിരുന്നു…
ഞാൻ യാത്ര പറഞ്ഞിറങ്ങി….
അന്ന് ഞാനവിടെ ഒരു റൂമെടുത്ത് താമസിച്ചു..
തിരിച്ചുപോകാൻ കഴിയാത്തവണ്ണം എന്റെ മനസ്സാകെ തകർന്നിരുന്നു…
അവരെ സഹായിക്കേണ്ടത് എന്റെ ചുമതലയാണെന്ന് തോന്നി..
ആ കുഞ്ഞിന് അതിന്റെ അമ്മയെയെങ്കിലും വേണമെന്ന് എനിക്ക് തോന്നി.എത്ര പണം മുടക്കിയും അവരുടെ ജീവൻ തിരിച്ചു പിടിക്കാൻ സഹായിക്കണം.
പിറ്റേന്ന് വീണ്ടും ഞാനവരുടെ വീട്ടിലേക്ക് ചെന്നു..
പക്ഷെ ഞാനെത്തും മുൻപേ മുരളിയുടെ ഭാര്യ മ.ര.ണത്തിനു കീഴടങ്ങിയിരുന്നു..
തിരികെ മടങ്ങുമ്പോൾ എന്റെ കൂടെ അവളും ഉണ്ടായിരുന്നു. മുരളിയുടെ കുഞ്ഞ്…
മുരളിയുടെ അതേ ചുരുണ്ട മുടിയും, കുസൃതികണ്ണുകളും ഉള്ള ആ ചെറിയ കുട്ടിയെ മാറോടടക്കി പിടിക്കുമ്പോൾ എന്റെ മനസ്സ് ശാന്തമായിരുന്നു…..
✍️Anju Thankachan
