പതിവില്ലാതെ, ഇന്നലെ ദേഷ്യത്തോടെ നാത്തൂൻ വീട്ടിലേക്ക് കയറി വന്നു.
കഴിഞ്ഞ ആറ് മാസമായി സന്ധ്യ ഇങ്ങോട്ട് തീരെ വരാറുണ്ടായിരുന്നില്ല..
അവരുടെ വീടു പണിക്ക്,
ആങ്ങള സഹായിച്ചില്ല എന്നും പറഞ്ഞു പിണക്കത്തിലായിരുന്നു.
അവരുടെ വീട് വാർക്കാനുള്ള പണം കൊടുത്തത് എന്റെ ഭർത്താവാണ്
അതും അദ്ദേഹം വിദേശത്ത് പോയി കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണമാണെന്ന് ഓർക്കണം.
ഒരേയൊരു സഹോദരിയല്ലേ ഉള്ളൂ എന്നോർത്ത്, ചോദിക്കുമ്പോഴൊക്കെ പണം കൊടുക്കാറുണ്ടായിരുന്നു..
അവരുടെ വാർക്ക കഴിഞ്ഞ് പിന്നെ പണം ചോദിച്ചപ്പോൾ അദ്ദേഹം കൊടുത്തില്ല എന്നുള്ളത് നേരാണ്.
കാരണം,ഞങ്ങളുടെ വീടിന്റെ മുകൾ നിലയുടെ പണി നടന്നുകൊണ്ടിരിക്കുകയായിരുന്നു.
ഭർത്താവ് അപ്പോഴിവിടെയുള്ളത്
കൊണ്ട്, പണി എളുപ്പത്തിൽ പൂർത്തിയാക്കാനാണ് നോക്കിയത്
മുകൾ നില വാർക്കാതെ,ഷീറ്റിട്ട്,
അകം സീലിംഗ് ചെയ്തതേയുള്ളൂ….
ഭാവിയിൽ അദ്ദേഹം വിദേശത്തുനിന്നും ജോലി മതിയാക്കി നാട്ടിലെത്തിയാലും പെട്ടെന്നൊരു ജോലി കിട്ടിയില്ലെങ്കിലും, ചിലവ് കഴിഞ്ഞു പോകാനുള്ള വാടക കാശെങ്കിലും കിട്ടുമല്ലോ, അതുകൊണ്ട് മുകളിൽ ഒരു നിലകൂടി പണിത് അത് വാടകയ്ക്ക് കൊടുക്കാം എന്നൊരു ലക്ഷ്യത്തോടെയാണ് ഞങ്ങളുടെ വീട് പണിയും അന്നാളിൽ തുടങ്ങിയത്.
അതിനിടയിൽ വന്ന് സഹോദരി പിന്നെയും പിന്നെയും പണം ചോദിച്ചാൽ എങ്ങനെ കൊടുക്കാനാണ്…
അതേ ഞാനൊരു പ്രധാനപ്പെട്ട കാര്യം പറയാനാണ് വന്നത്..
വന്നതും നാത്തൂൻ അമ്മയോട് പറഞ്ഞു.
എന്നതാ…???
എനിക്കെന്റെ ഓഹരി വേണം. ഞങ്ങളുടെ വീടുപണി ഇത് വരെ കഴിഞ്ഞിട്ടില്ല എന്നമ്മയ്ക്ക് അറിയാമല്ലോ, എനിക്കുള്ള വസ്തു ഇങ്ങോട്ട് തിരിച്ചു തന്നാൽ, ഞാനത് വിറ്റ് എങ്ങനെയെങ്കിലും വീടിന്റെ പണി പൂർത്തിയാക്കി കൊള്ളാം..
അമ്മ ജീവിച്ചിരിക്കുമ്പോൾ തന്നെ
ഭാഗം വയ്പ്പ് നടത്തണം.
നാളെ അമ്മാവനോടും, വലിയച്ഛനോടുമൊക്കെ വരാൻ പറഞ്ഞിട്ടുണ്ട്.
അതിപ്പോ അവൻ നാട്ടിൽ ഇല്ലല്ലോ, അവനും കൂടെ വന്നിട്ട് പോരേ വീതം വയ്പ്പ്.?? അമ്മ സന്ധ്യയോട് ചോദിച്ചു.
പറ്റില്ല…എന്തായാലും ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കണം. സന്ധ്യ തറപ്പിച്ചു പറഞ്ഞു.
നാത്തൂൻ വിളിച്ചു പറഞ്ഞതിൻ പ്രകാരം ബന്ധുക്കൾ ഒത്തുകൂടി..
അവൾ പറഞ്ഞതിലും കാര്യമുണ്ട്.
രേവമ്മ ജീവിച്ചിരിക്കുമ്പോൾ തന്നെ സ്ഥലം അളന്ന് തിരിക്കുന്നതാണ് നല്ലത്.
പിന്നീട് മക്കൾ തമ്മിൽ വഴക്കുണ്ടാകാൻ പാടില്ലല്ലോ…വലിയച്ഛൻ പറഞ്ഞു.
ആഹ്…. എല്ലാവരുടെയും അഭിപ്രായം അങ്ങനെയാണെങ്കിൽ,
അങ്ങനെ തന്നെ നടക്കട്ടെ,
അമ്മ പറഞ്ഞു…
നീ അവനെ ഒന്ന് വീഡിയോ കാൾ വിളിക്ക് കാര്യങ്ങൾ അവനും അറിയട്ടെ.
അമ്മ എന്നോട് പറഞ്ഞു.
ഞാൻ ഭർത്താവിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. അദ്ദേഹം വീഡിയോ കാളിൽ എത്തി.
അമ്മ എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി…
ഇത് ഞാനും എന്റെ ഭർത്താവും കൂടെ സ്വന്തമാക്കിയ മണ്ണാണ്.
കുടുംബസ്വത്ത് ഒന്നും ഞങ്ങൾക്ക് കിട്ടിയില്ല, അങ്ങനെ ഭാഗം വയ്ക്കാൻമാത്രം കുടുംബസ്വത്ത് ഞങ്ങൾ രണ്ടാളുടെയും വീട്ടുകാർക്ക് ഇല്ലായിരുന്നു താനും.
ഈ മണ്ണ് ഞങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ചതാണ്.
ആകെ അറുപത്തിയഞ്ചുസെന്റ് സ്ഥലമേയുള്ളൂ…
ഞങ്ങൾ മേടിച്ചപ്പോൾ സെന്റിന് ഏഴായിരം രൂപയായിരുന്നു വില..
ഇന്ന് സെന്റിന് എങ്ങനെ പോയാലും ഒരു മൂന്നു ലക്ഷമെങ്കിലും കിട്ടും.
പഴയ മൺവീട് പൊളിച്ച് കളഞ്ഞിട്ട് ഈ വീട് പണിതത് നിന്റെ ആങ്ങളയാണ്,
വീടിരിക്കുന്ന സ്ഥലവും, മുറ്റവും കിഴിച്ചാൽ അൻപത്തിയഞ്ചു സെന്റ് സ്ഥലം കാണും.
പത്തു സെന്റ് സ്ഥലം എന്റെ മകൾക്കായി തിരിച്ചു തരാൻ എനിക്ക് സമ്മതമാണ്.അമ്മ പറഞ്ഞു.
എന്താ മൂത്ത മകൻ എന്ന നിലയിൽ നിന്റെ അഭിപ്രായം ?? അമ്മ ഫോണിലൂടെ എന്റെ ഭർത്താവിനോട് ചോദിച്ചു.
അമ്മയുടെ ഇഷ്ട്ടം….
പത്തു സെന്റോ?? എനിക്ക് ഇരുപത് വേണം. ഇപ്പോൾ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യമായിട്ടാണ് സ്വത്തുക്കൾ ഭാഗം ചെയ്യുന്നതെന്ന് അമ്മയ്ക്കറിയില്ലേ…..സന്ധ്യ ദേഷ്യപ്പെട്ടു.
അതിന് നിന്റെ സഹോദരനും
പത്തു സെന്റ് സ്ഥലമേ കൊടുക്കുന്നുള്ളൂ..അമ്മ പറഞ്ഞു..
അപ്പോൾ ബാക്കിയോ..?? സന്ധ്യ ചോദിച്ചു.
ഇരുപത്തിയഞ്ചു സെന്റ് സ്ഥലവും വീടും എനിക്കുള്ളതാണ്.
എന്നാലും ഇനിയും ബാക്കി പത്ത് സെന്റ് ബാലൻസുണ്ടല്ലോ അത് എനിക്ക് താ അമ്മേ, ഞാൻ പിന്നെ വേറെ ആരോടാ ചോദിക്കുന്നത്,എനിക്ക് ചോദിക്കാൻ വേറെ ആരുമില്ല. സന്ധ്യ കണ്ണ് നിറച്ചു.
അത് കഴിഞ്ഞ നാല് വർഷമായി എനിക്ക് വച്ചുണ്ടാക്കി തന്ന്, എന്റെ ഉടുതുണി വരെയലക്കി തന്ന്,
എന്റെ രോഗാവസ്ഥയിൽ എന്നെ നോക്കുന്ന ഒരു മകളെ പോലെ കൂട്ടിരിക്കുന്ന എന്റെ മകന്റെ ഭാര്യക്കുള്ളതാണ്..
അമ്മയ്ക്കെന്താ ഭ്രാ.ന്താ.ണോ?? അവർക്കുള്ളത് അവരുടെ വീട്ടുകാർ കൊടുത്തോളും.സന്ധ്യ ചീറി…
അമ്മ സന്ധ്യയുടെ നേരേ നോക്കി, മോളെ….മുപ്പത്തിനാലാമത്തെ വയസ്സിലാണ് എനിക്ക് ആമവാതം ഉണ്ടെന്ന് തിരിച്ചറിഞ്ഞത് അന്നുമുതൽ ഭയന്നു ഭയന്നാണ് ജീവിച്ചത്….
കൃത്യമായ ചികിത്സയും വ്യായാമവും ഒക്കെ ഉണ്ടായിട്ടും നിങ്ങൾ കണ്ടില്ലേ എന്റെ കൈകൾക്കും കാലുകൾക്കും ഒക്കെ വളവ് സംഭവിച്ചിരിക്കുന്നത്.
ഈ കൈകൊണ്ട് എനിക്ക് ഒരു ജോലിയും ചെയ്യാനാവില്ല.
എന്റെ മരുമകൾ എന്നെ അമ്മയായി തന്നെയാ കരുതുന്നതും പരിപാലിക്കുന്നതും…
വിദേശത്ത് ജോലിക്ക് പോയ മകനോ, കെട്ടിച്ചുവിട്ട മകളോ അല്ല എന്നെ നോക്കുന്നത്. ഇവളാണ്.
അമ്മ എന്റെ കൈ പിടിച്ചു.
ഇവൾക്കുള്ളതാണ് ആ പത്തു സെന്റ്.
മ.രി.ക്കാൻ കിടക്കുമ്പോൾ വെള്ളമിറ്റിച്ചു തരാൻ പോലും എന്റെ മകൾ വരില്ലെന്ന് അമ്മയ്ക്ക് മനസ്സിലായി.അല്ലെങ്കിലും നിനക്ക് ഇരുപത് പവന്റെ സ്വ.ർ.ണ്ണവും മൂന്ന് ല.ക്ഷം രൂപയും തന്ന് മാന്യമായിത്തന്നെയാണ് നിന്റെ അച്ഛൻ നിന്നെ വിവാഹം കഴിപ്പിച്ചയച്ചത്.
നിന്റെ അച്ഛന്റെ മരണശേഷം ആ ദുഃഖത്തിൽ നിന്നും കരകയറിയത് എങ്ങനെയെന്ന് എനിക്ക് മാത്രേ അറിയൂ.. അപ്പോൾ പോലും എനിക്ക് താങ്ങായി നീ ഉണ്ടായിരുന്നില്ല.
അല്ലേലും എന്തെങ്കിലും കാര്യം നേടാനായിട്ടല്ലാതെ നീ ഇങ്ങോട്ട് കയറി വന്നിട്ടുണ്ടോ??
ഇല്ലല്ലോ….എനിക്ക് പറ്റില്ലെന്നറിഞ്ഞാൽ പോലും നീ വരാറില്ല..
ഈ വീടിനു വേണ്ടി കഷ്ട്ടപ്പെടുന്ന, വീട്ടിലെ സകല കാര്യങ്ങളും ചെയ്ത്,എന്നെയും ഈ ചെറിയ പിള്ളേരേയും നോക്കുന്ന
എന്റെ മരുമകളുടെ ബുദ്ധിമുട്ടുകൾ ഞാൻ നേരിൽ കാണുന്നതാണ്…
അവൾക്കായ് ഇതെങ്കിലും മാറ്റി വച്ചില്ലെങ്കിൽ ദൈവമെന്നോട് ക്ഷമിക്കില്ല…
എന്നെനോക്കാൻ അവളെ ഉള്ളൂ…
അമ്മ മകന് കൊടുത്തത്, അനുഭവിക്കുന്നത് മകന്റെ ഭാര്യയും കൂടിയല്ലേ?? അപ്പോൾ പിന്നെ പ്രത്യേകിച്ച് മരുമകൾക്ക് തിരിച്ചു കൊടുക്കേണ്ട കാര്യമുണ്ടോ??
മകന് കൂടുതൽ കിട്ടണം അതിനുവേണ്ടി അമ്മ അടവ് എടുക്കുന്നതാണ്..
സന്ധ്യ കിതച്ചു…
മാത്രമല്ല അവർ ഭാവിയിലെങ്ങാനും ബന്ധം പിരിഞ്ഞാലോ, മുതൽ നഷ്ട്ടമാകില്ലേ??
അമ്മ പതിയെ ചിരിച്ചു, എന്റെ മകളുടെ ചിന്ത എവിടെ വരെയൊക്കെ പോയി എന്ന് നോക്കണേ…
മോൾ പറഞ്ഞതുപോലെ ഇവർ ബന്ധം പിരിഞ്ഞു പോയാലും ഈ പത്തു സെന്റ് അവൾക്കുള്ളതാണ്.
ഇത്രനാൾ എന്നെ നോക്കിയതിന്റെ കൂലിയായി ഞാനിതിനെ കരുതിക്കൊള്ളാം….
സന്ധ്യയുടെ വാശി കാരണം പിറ്റേന്ന് തന്നെ സ്ഥലം അളന്നു തിരിച്ചു…
ബന്ധുക്കൾക്കും അമ്മയുടെ ആ അഭിപ്രായത്തോട് വലിയ യോജിപ്പ് ഒന്നും ഉണ്ടായിരുന്നില്ല, പക്ഷേ അമ്മ
അമ്മയുടെ തീരുമാനത്തിൽ തന്നെ ഉറച്ചുനിന്നു.
ഇനി മേലിൽ ഈ പടി കയറില്ലെന്നും പറഞ്ഞ് പിണങ്ങിയാണ് നാത്തൂൻ പോയിരിക്കുന്നത്.
എന്തിനാ അമ്മേ എനിക്ക് സ്ഥലം?? അതൊന്നും വേണ്ടിയിരുന്നില്ല… ഞാൻ അമ്മയോട് പറഞ്ഞു
നീയെന്നെ അമ്മയായി കരുതുമ്പോൾ ഞാൻ നിന്നെ മകളായ് കരുതണ്ടേ മോളെ….
എന്നെ നോക്കുന്നതും,
എനിക്ക് വച്ച് വിളമ്പി തരുന്നതും,
എനിക്ക് വയ്യാതാകുമ്പോൾ ആശുപത്രിയിൽ കൊണ്ടുപോകുന്നതുമൊക്കെ നീയാണ്.
എന്റെ മകൾ പോലും കാണിക്കാത്ത കരുതൽ നീയെന്നോട് കാണിക്കുന്നുണ്ട്.
അതുകൊണ്ട് അമ്മയിത് ഏറെ സന്തോഷത്തോടെ നിനക്ക് തരുന്നതാണ്…
അമ്മയുടെ മുഖത്തെ സ്നേഹം നിറഞ്ഞ ചിരിയിലേക്ക് നോക്കുമ്പോൾ എന്തുകൊണ്ടോ എന്റെ മനസ്സ് നിറഞ്ഞു കവിയുകയായിരുന്നു.
അത് എനിക്കായ് അളന്നു തിരിച്ചു
തന്ന ആ പത്ത് സെന്റ് സ്ഥലത്തിനെ ഓർത്തല്ല,
മക്കളുടെ സ്ഥാനത്തേക്ക് തന്നെ എന്നെയും കരുതിയ ആ വലിയ മനസ്സിനെ ഓർത്ത് മാത്രമായിരുന്നു…
✍️Anju Thankachan
