എടീ… ഭാര്യയെ കൊണ്ട് മടുത്തു. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച്ചക്കുള്ളിൽ ഞാൻ വിദേശത്തേക്കു മടങ്ങിയിരുന്നു. അച്ഛനും അമ്മയ്ക്കും വീട്ടിൽ ഒരു സ്വാതന്ത്ര്യവും കൊടുക്കില്ല അവൾ.…

ഒരുപാട് കാലങ്ങൾക്ക് ശേഷം ഇന്നലെരാത്രിയിൽ എന്റെ കളിക്കൂട്ടുകാരൻ എന്നെ ഫോൺ വിളിച്ചു.

ഉള്ളത് പറയാമല്ലോ നീണ്ട എട്ട് വർഷങ്ങൾക്കുശേഷമാണ് അവൻ എന്നെ വിളിക്കുന്നത്‌.

കുട്ടിക്കാലത്തെ എന്റെ ഏറ്റവും വലിയ ശത്രു അവനായിരുന്നു,

എന്റെ വീട്ടിലായാലും അവന്റെ വീട്ടിലായാലും പലഹാരം വാങ്ങിയാൽ അതിലേറെപങ്കും അവന്റെ വയറ്റിലേക്കായിരുന്നു പൊയ്ക്കൊണ്ടിരുന്നത്.
എന്റെ ബാലരമ എടുത്തുകൊണ്ടു പോയാൽ പിന്നെയവനത് തിരികെ തരില്ല. കൂടാതെ നാലിൽ പഠിക്കുന്ന സമയത്ത് ,എന്റെ കിടക്കയിൽ കിടന്നുമു.ള്ളിയിട്ട് ഞാനാണ് മു.ള്ളിയതെന്ന് എല്ലായിടത്തും പറഞ്ഞ്
പരത്തിയവനാണവൻ.

എങ്കിലും എന്റെ കല്യാണത്തലേന്നും, കല്യാണത്തിന്റെ അന്നും എല്ലാ കാര്യങ്ങൾക്കും ഓടിനടന്നത് അവനായിരുന്നു. ഞാൻ ഭർത്താവിനൊപ്പം പോകാനായി കാറിൽ കയറും മുമ്പ് അവൻ ഓടി വന്നെന്റെ വിരലിൽ ഒരു മോതിരം അണിയിച്ചു.
ഞാൻ നിനക്ക് വാങ്ങിയ ഗിഫ്റ്റാടി, തിരക്കിനിടയിൽ ഇപ്പോഴാ തരാൻ സമയം കിട്ടിയത്. സദ്യ വിളമ്പലിന്റെ ഇടയിൽ വിയർത്തുകുളിച്ച് ഓടിയെത്തിയതാണവൻ.

സത്യം പറഞ്ഞാൽ ആ നിമിഷത്തിലാണ് ഞങ്ങൾക്ക് പഴയ ഞങ്ങളെ നഷ്ട്ടമാകുമല്ലോ എന്നോർമ്മ വന്നത്.

ഞങ്ങൾ ഒരുമിച്ചു സ്കൂളിൽ പോയതും, ആലിപ്പഴം തട്ടിപ്പറിച്ചതും, മഴ നനഞ്ഞതും, അങ്ങനെയങ്ങനെ മധുരമുള്ള എത്രയെത്ര ഓർമ്മകളാണെന്നോ ഹൃദയത്തിലങ്ങനെ നിറഞ്ഞു നിൽക്കുന്നത്.
അല്ലെങ്കിലും ബാല്യകാല സൗഹൃദത്തിന്റെ ആഴം അളവില്ലാത്തതാണല്ലോ…

എന്റെ കല്യാണം കഴിഞ്ഞ് ഞാൻ കുടുംബവും,പ്രാരാബ്ധവും, എന്റെ ജോലിയും ഒക്കെയായി മുന്നോട്ടു പോയപ്പോൾ, അവൻ വിദേശത്തേക്ക് പോയി.

അവനെ അവസാനമായി കണ്ടത് ഞങ്ങളുടെ നാട്ടിലെ അമ്പലത്തിലെ ഉത്സവത്തിനായിരുന്നു.

അന്നും അവൻ പഴയതുപോലെ എന്റെ കയ്യിൽ പിടിച്ചു കൊണ്ടുപോയി
എനിക്ക് കുപ്പിവളകൾ വാങ്ങി തന്നു ഐസ്ക്രീംവാങ്ങി തന്നു…
നീ പോയതോടെ ഒരു രസവും ഇല്ലെടീ എന്ന് പറഞ്ഞു.

എന്റെ ഭർത്താവിനോട് ദേ.. ഈ പൊട്ടിക്കാളിയെ നന്നായി നോക്കിക്കോണം കേട്ടോ എന്നൊക്കെ പറഞ്ഞു.

എന്റെ ഭർത്താവിന് അവനെ വലിയ ഇഷ്ട്ടമാണ്. അവൻ ഭയങ്കര നിഷ്കളങ്കനാണെന്ന് അദ്ദേഹം പറയും.

മൂന്നുകൊല്ലം മുമ്പ് അവൻ അവന്റെ വിവാഹത്തിന് എന്നെ ക്ഷണിച്ചിരുന്നു.

എന്നാൽ എന്റെ സെക്കന്റ് ഡെലിവറി കഴിഞ്ഞ സമയമായതുകൊണ്ട് എനിക്ക് പോകാൻ ഒത്തില്ല.

നമ്പർ ഉണ്ടെങ്കിലും ഞാൻ അവനെയോ അവൻ എന്നെയോ വിളിക്കാറില്ല. അങ്ങനെ വലിയ സ്നേഹം പ്രകടിപ്പിക്കുന്ന, എപ്പോഴും വിശേഷങ്ങൾ തിരക്കുന്ന രണ്ട് സുഹൃത്തുക്കൾ ഒന്നുമല്ല ഞങ്ങൾ.

അങ്ങനെയുള്ള അവൻ രാത്രിയിൽ എന്നെ വിളിച്ചപ്പോൾ, സത്യം പറഞ്ഞാൽ ഒരുൾഭയം തോന്നി. അല്ലെങ്കിലും പതിവ് തെറ്റിയെത്തുന്ന ഫോൺകോളുകൾ എന്നുമെന്നെ ഭയപ്പെടുത്തിയിരുന്നു

എന്താടാ എന്ന് ചോദിച്ചപ്പോൾ,
അവൻ ഒറ്റക്കരച്ചിൽ…

അത് കേട്ടതും ഞാൻ വല്ലാതെയായി.
പൊതുവെ എത്ര വിഷമമുണ്ടെങ്കിലും പുറമെ കരയുന്നവരല്ല പുരുഷന്മാർ.
ഇതിപ്പോ അവൻ പൊട്ടിക്കരയുകയാണ്.

ഞാൻ തെല്ലുനേരം മൗനമായി.

അവൻ കരയുന്നത് ഞാനൊരിക്കലും കണ്ടിട്ടില്ല.

കുറച്ച് സമയം കഴിഞ്ഞപ്പോൾ ഞാൻ അവനോട് പ്രശ്നം എന്താണെന്ന് ചോദിച്ചു.

എനിക്ക് അവസാനമായി നിന്നോട് സംസാരിക്കണമെന്ന് തോന്നിയെടീ . നാളെ ഞാനീ ലോകത്തിലില്ലെങ്കിൽ നീ വേണം എന്റെ അമ്മയെയും അച്ഛനെയും ആശ്വസിപ്പിക്കാൻ…
അവൻ വിങ്ങിപ്പൊട്ടി…

അവന്റെ ആ വാക്കുകൾ കേട്ടപ്പോൾ സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി..

എടാ എന്താടാ പ്രശ്നം ?? നീ എന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്, എന്ത് പ്രശ്നമുണ്ടെങ്കിലും എന്നോട് പറ, ഞാനില്ലേ നിന്റെ കൂടെ…നീ ഒരു കാര്യം ചെയ്യ് ഇങ്ങോട്ട് വാ…
ഇവിടെ എന്റെ ഭർത്താവുമുണ്ട്.
നമുക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും സംസാരിക്കാം, നീയിങ്ങു വാ…ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

ഇല്ലെടീ… ഞാൻ വരുന്നില്ല.

മര്യാദയ്ക്ക് വന്നോ, ഇല്ലെങ്കിൽ എന്റെ സ്വഭാവം നിനക്കറിയാമല്ലോ
വേഗം വരാൻ നോക്ക്… എടാ ഈ ഭൂമിക്ക് താഴെ നിനക്കെന്ത് വലിയ പ്രശ്നമുണ്ടെങ്കിലും, കട്ടക്ക് കൂടെ നിൽക്കാൻ ഞാനില്ലേ.. നീയിങ്ങു വാ…

ഉം… വരാം… ഒടുവിൽ അവൻ സമ്മതിച്ചു.

ഞാനും ഭർത്താവും അവനെ കാത്തിരുന്നു.

ഏകദേശം മുക്കാൽ മണിക്കൂർ ആയപ്പോഴേക്കും അവൻ എത്തി.

അവന്റെ കോലം കണ്ടപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് വല്ലാത്ത വിഷമം തോന്നി.
അവൻ വല്ലാതെ ക്ഷീണിച്ചിരുന്നു മുടിയും താടിയും ഒക്കെ നീട്ടിവളർത്തി വല്ലാത്തൊരു രൂപം.

അദ്ദേഹം അവനെ അകത്തേക്ക് ക്ഷണിച്ചു.

ഞാൻ അവന്റെ അരികിലിരുന്നു.
എന്താടാ പ്രശ്നമെന്നു ചോദിച്ചപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…

എടീ… ഭാര്യയെ കൊണ്ട് മടുത്തു.
വിവാഹം കഴിഞ്ഞ് രണ്ടാഴ്ച്ചക്കുള്ളിൽ ഞാൻ വിദേശത്തേക്കു മടങ്ങിയിരുന്നു.

അച്ഛനും അമ്മയ്ക്കും വീട്ടിൽ ഒരു സ്വാതന്ത്ര്യവും കൊടുക്കില്ല അവൾ.
അവർ എന്തോ ബാധ്യത പോലെയാണ് അവൾക്ക്.

സഹിക്കെട്ടപ്പോൾ ഞാൻ അവളെയും വിദേശത്തേക്ക് കൊണ്ടുപോയി.

പക്ഷേ അവിടെ കൊണ്ടുവന്നതും
എന്റെ സമാധാനമത്രയും പോയി.

എന്തിനും ഏതിനും വഴക്കും, സംശയവും,
ജോലി കഴിഞ്ഞു വീട്ടിലേക്ക് വരാൻ പോലും തോന്നില്ല.
വല്ലാതെ മടുത്തപ്പോൾ ഞാൻ അവളെയും കൊണ്ട് നാട്ടിലേക്ക് തന്നെ തിരിച്ചു വന്നു.

എനിക്കൊരു ഫോൺ വന്നാൽ പോലും അവളാണ് ആദ്യം കോൾ എടുക്കുന്നത്. എന്റെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ സൗണ്ട് വന്നാൽ പോലും അവൾ എടുത്ത് നോക്കും.
വല്ലാത്ത സംശയരോഗമാണ് മടുത്തു.

സഹിക്കെട്ടപ്പോൾ ഒരു ദിവസം ഞാൻ അവളോട് ദേഷ്യപ്പെട്ടു. മര്യാദയ്ക്ക് നിൽക്കാനാണെങ്കിൽ ഇവിടെ നിന്നാൽ മതിയെന്ന് പറഞ്ഞു.

അന്നവൾ പോലീസ് സ്റ്റേഷനിൽ ചെന്ന് എന്റെ അമ്മയും അച്ഛനും അവളോട് സ്ത്രീ.ധ.നത്തിന്റെ പേരിൽ വഴക്കാണെന്ന് പറഞ്ഞു പരാതി കൊടുത്തു. എന്നോടുള്ള ദേഷ്യം അവരോടു തീർത്തു.

പാവം അച്ഛനും അമ്മയും അങ്ങനെയൊന്നും അവർ മനസ്സിൽ പോലും കരുതിയിട്ടില്ല. സ്വന്തം മകളെപ്പോലെ തന്നെ കരുതി അവളെ സ്നേഹിക്കുന്നവരായിരുന്നു അവർ.

ഒടുവിൽ ഞാൻ മാപ്പ് പറഞ്ഞപ്പോഴാണ് അവൾ പരാതി പിൻവലിച്ചത്.

ഇങ്ങനെ മനസ്സമാധാനം തകർക്കുന്നവളെ എന്തിനാണ് ഭാര്യയായി കൂടെ കൊണ്ട് നടക്കുന്നതെന്ന് തോന്നിയപ്പോൾ ഞാൻ ഡിവോഴ്സിനെ കുറിച്ച് ആലോചിച്ചു.

പക്ഷേ അവൾ ആ..ത്മ. ഹ. ത്യ
ഭീ. ഷണിയാണ്. ഞാൻ ഡിവോഴ്സ് ചെയ്താൽ അവൾ ഉറപ്പായും മ. രിക്കുമെന്ന്.

എന്നോടുള്ള ദേഷ്യമെല്ലാം അവൾ അച്ഛനോടുമമ്മയോടുമാണ് തീർക്കുന്നത്. മടുത്തപ്പോൾ അച്ഛനും അമ്മയും അച്ഛന്റെ ജേഷ്ഠന്റെ വീട്ടിലേക്ക് പോയി.

അയൽക്കാർക്ക് പോലും അവളോട്‌ വെറുപ്പാ… വയ്യാടീ മടുത്തു ഞാൻ….
അവൻ കൊച്ചുകുട്ടിയെ പോലെ പൊട്ടിക്കരഞ്ഞു.

ഇതാണോ പ്രശ്നം. ഇതിനാണോ ഇങ്ങനെ വിഷമിക്കുന്നത്.
എടാ… അങ്ങനെയുള്ള സാധനത്തിനിട്ട് നല്ല പണി കൊടുക്കണം. അല്ലാതെ ആ പേരും പറഞ്ഞു പ.ട്ടിമോങ്ങുന്നത് പോലെ മോങ്ങിക്കൊണ്ടിരിക്കുകയല്ല വേണ്ടത്. ഇങ്ങനെ ഒരു കിഴങ്ങൻ.
ഞാൻ അവന്റെ ചെവിയിൽ പിടിച്ചു.

എന്റെ ഭർത്താവ് അൽപനേരം ആലോചനയിലിരുന്നു.

ഇനി തന്റെ ഭാര്യ അങ്ങനെയൊക്കെ ചെയ്യുമ്പോൾ അവളറിയാതെ അതൊക്കെ റെക്കോർഡ് ചെയ്യണം.
അതിൽ അവളുടെ സ്വഭാവവും പെരുമാറ്റവും ഒക്കെ ഉൾക്കൊണ്ടിരിക്കണം.

എന്നിട്ട് ധൈര്യമായിട്ട് ഡിവോഴ്സിനുള്ള കാര്യങ്ങൾ ചെയ്യ്….
ആദ്യം അവളുടെ വീട്ടുകാരെ വിളിച്ചു വരുത്തി കാര്യങ്ങൾ പറഞ്ഞ് അവരുടെ ഒപ്പം അവളെ പറഞ്ഞയക്കണം.
ഇങ്ങനെയുള്ളതിനെ ചുമന്ന് സ്വന്തം ജീവിതം കളയേണ്ടതുണ്ടോ.
ഇത്തരം സ്ത്രീകളെ കൗൺസിലിംഗ് കൊണ്ടൊന്നും നേരെയാക്കാൻ കഴിയില്ല. വെറുതെ നമ്മുടെ ജീവിതം കളയാമെന്ന് മാത്രം.
അങ്ങനെയുള്ളതിനെ എത്രയും വേഗം ഒഴിവാക്കുക അത്ര തന്നെ.

എന്റെ ഭർത്താവ് അഡ്വക്കേറ്റ് ആയതുകൊണ്ട് അദ്ദേഹം കുറേ നിയമവശങ്ങൾ ഒക്കെ അവനോട് പറഞ്ഞു.

ഞാനും അദ്ദേഹവും അവനെ
ആവും പോലെയൊക്കെ ആശ്വസിപ്പിച്ചു.

അവൻ എന്തായാലും ഞങ്ങൾ പറഞ്ഞത് പോലെ ധൈര്യത്തോടെ നിന്നു.

ഡിവോഴ്സ് ആയ ദിവസം അവൻ ഞങ്ങളെ കാണാൻ വന്നിരുന്നു.

അവൻ അടുത്ത മാസം വിദേശത്തേക്ക് തന്നെ പോവുകയാണെന്ന്.

അന്ന് ഞാനവനെ ഒരുപാട് കളിയാക്കി ജീവിതത്തിൽ ഒരു പ്രശ്നം വന്നപ്പോൾ ജീവൻ തന്നെ കളയാൻ തോന്നിയ അവസാന നിമിഷമാണ് അവൻ എന്നെ വിളിച്ചത്.

മറ്റുള്ളവരുടെ പ്രശ്നങ്ങൾ ലാഘവത്തോടെ കൈകാര്യം ചെയ്യാൻ പറ്റുമ്പോഴും, സ്വന്തം ജീവിതത്തിൽ ഒരു പ്രശ്നം വരുമ്പോൾ തളർന്നു പോകുന്നവരാണ് ഏറെ മനുഷ്യരും. പ്രത്യേകിച്ചും അവനവന്റെ പങ്കാളിയിൽ നിന്ന് ഒരു പ്രശ്നം വന്നാൽ അതവരെ വല്ലാതെ തളർത്തിക്കളയും.

നമ്മെ സ്നേഹിക്കാത്തവരിൽ നിന്ന്, നമുക്ക് സമാധാനം തരാത്തവരിൽ നിന്നും ഇറങ്ങി നടക്കാൻ എല്ലാ മനുഷ്യരും ശീലിക്കേണ്ടിയിരിക്കുന്നു.

ഇനിയങ്ങോട്ട് എന്തിനാണ് ജീവിക്കുന്നതെന്ന തോന്നൽ ശക്തമാകുമ്പോൾ , ഏറ്റം പ്രിയപ്പെട്ടതെന്ന് നമ്മൾ കരുതുന്ന ആരെയെങ്കിലും വിളിക്കണം. അവർ പരിഹാരം പറഞ്ഞുതരാതിരിക്കില്ല.

ഒന്നുമല്ലെങ്കിലും തിളച്ചു മറിയുന്ന ഹൃദയത്തിൽ അൽപ്പം തണുപ്പ് പകരാനെങ്കിലും അവർക്ക് കഴിയും…

നമ്മുടെ ജീവനോളം വലുതല്ലലോ മറ്റൊന്നും…

✍️Anju Thankachan

Leave a Reply

Your email address will not be published. Required fields are marked *