ഞങ്ങളുടെ ഒരാവശ്യത്തിനും ഞങ്ങൾ മക്കളുടെ മുന്നിൽ കൈ നീട്ടിയിട്ടില്ല. അവർ അവരുടെതായ ജീവിതത്തിലേക്ക് കടന്നപ്പോൾ മുതൽ ഞങ്ങൾ അവർക്കിടയിൽ ഒരു ബാധ്യത ആവരുതെന്ന് ഞങ്ങൾക്ക്….

ഇന്ന് കേസിന്റെ വിധി വരുന്ന ദിവസമാണ്.

മക്കൾക്ക് വീതം കൊടുത്തില്ല എന്ന് പറഞ്ഞ് അവർ കേസ് കൊടുത്തിരിക്കുകയായിരുന്നു…

അദ്ദേഹവും ഞാനും, മക്കളായ വിഷ്ണുവിനും മായയ്ക്കും വേണ്ടി ഞങ്ങളുടെ ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും വേണ്ടെന്ന് വെച്ചവരായിരുന്നു.

അല്ലെങ്കിലും മക്കൾ ജനിച്ചു കഴിയുമ്പോൾ മുതൽ ഏതൊരു മനുഷ്യരും പ്രിയപ്പെട്ടതെല്ലാം മക്കൾക്കായി കരുതി വയ്ക്കും.
എന്റെ കുഞ്ഞുങ്ങൾ…എന്റെ കുഞ്ഞുങ്ങൾ… എന്നൊരു ചിന്തയെ അപ്പോൾ മനസ്സിലുണ്ടാകൂ…

ഞങ്ങൾ അങ്ങനെയുള്ള മാതാപിതാക്കളായിരുന്നു.

മക്കൾ ഉണ്ടായതിന് ശേഷം എന്ത് ചെയ്യുമ്പോഴും രണ്ടുവട്ടമാലോചിക്കും
നാളെയിത് മക്കൾക്ക് ഉപകാരപ്പെടുമല്ലോ എന്ന് വിചാരിക്കും….
എന്താണ് അങ്ങനെയെന്ന് ചോദിച്ചാൽ ഞങ്ങൾക്ക് ഇന്നുമതിന്റെ ഉത്തരമറിയില്ല…

അല്ലെങ്കിലും അച്ഛനമ്മമാർക്ക് മക്കൾ കഴിഞ്ഞല്ലേയുള്ളൂ മറ്റെന്തും..

കഷ്ടപ്പെട്ടുണ്ടാക്കിയ പണമൊക്കെ മകൾക്ക് വേണ്ടിയാണ് ഞങ്ങൾ വിനിയോഗിച്ചത്, പണം മാത്രമല്ല സമയവും…

ഇനി അവശേഷിക്കുന്നത് ഈ വീടും ഒരേക്കർ സ്ഥലവും മാത്രമാണ്.

മക്കൾ രണ്ടും വിവാഹിതരായി വേറെയാണ് താമസിക്കുന്നത്.

വീട്ടിൽ ഞാനും ഭർത്താവും മാത്രമേയുള്ളൂ..

ഞങ്ങളുടെ ഒരാവശ്യത്തിനും ഞങ്ങൾ മക്കളുടെ മുന്നിൽ കൈ നീട്ടിയിട്ടില്ല.
അവർ അവരുടെതായ ജീവിതത്തിലേക്ക് കടന്നപ്പോൾ മുതൽ ഞങ്ങൾ അവർക്കിടയിൽ ഒരു ബാധ്യത ആവരുതെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു….

ഏതൊരു മനുഷ്യനും അനുഭവിക്കേണ്ടുന്ന വാർദ്ധക്യം എന്ന അവസ്ഥ ഞങ്ങളെയും പിടികൂടിയപ്പോൾ മാത്രം,മക്കളുടെ സാമീപ്യം ഞങ്ങൾ വല്ലാതെ ആഗ്രഹിച്ചു,
എങ്കിലും അവരോടത് ഞങ്ങൾ ആവശ്യപ്പെട്ടില്ല.

അല്ലെങ്കിലും ചിലതൊക്കെ മനുഷ്യർ സ്വയം മനസ്സിലാക്കേണ്ടതാണല്ലോ…

ഒരു ദിവസം മക്കളും മരുമക്കളും കൊച്ചുമക്കളും കൂടി വീട്ടിലേക്ക് വന്നു.

അന്ന്ഞങ്ങൾക്ക് എന്ത് സന്തോഷമായിരുന്നെന്നോ…

ഞങ്ങൾക്ക് അവരുടെ സ്നേഹം ആവശ്യമുള്ള സമയങ്ങളിൽ അവർ ഞങ്ങളുടെ അടുത്തേക്ക് വന്നല്ലോ എന്നുള്ള ചിന്ത ഞങ്ങളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്….

പക്ഷേ ആ സന്തോഷത്തിന് അൽപ്പായുസ്സേ ഉള്ളൂ എന്ന് ഞങ്ങളൊരിക്കലും കരുതിയില്ല.

അന്ന് രാത്രിയിൽ അത്താഴം കഴിഞ്ഞ് ഒരുമിച്ചിരിക്കുന്ന സമയത്താണ് മകൻ വിഷ്ണു പറഞ്ഞത്
അച്ഛാ, ഈ സ്ഥലം ഞങ്ങൾക്ക് ഭാഗിച്ചുതരണം. ഇനിയും എന്തിനാണ് ഇതെല്ലാം നിങ്ങളുടെ കൈയിൽ വെച്ചിരിക്കുന്നതെന്ന്…

അല്ലെങ്കിലും ഇത് ഞങ്ങൾ രണ്ടാൾക്കും ഉള്ളതാണല്ലോ അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോൾ തന്നെ ഭാഗം വയ്പ്പ് നടന്നാൽ, പിന്നെ ഒരു തർക്കത്തിന്റെ ആവശ്യമില്ലല്ലോ എന്ന് മകളും പറഞ്ഞു,

മക്കളുടെ ആ ചോദ്യം കേട്ടതും
ഞങ്ങൾ ഞെട്ടിപ്പോയി.

ഞാൻ ഏറെ വേദനയോടെ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി.

അദ്ദേഹം തലകുനിച്ച് ഇരിക്കുകയാണ്.

ആ ഒരൊറ്റ ചോദ്യത്തോടുകൂടി അദ്ദേഹം തകർന്നു പോയി എന്നെനിക്ക് മനസ്സിലായി.

കാരണം ഞങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണമൊക്കെ മക്കൾക്കായാണ് ഞങ്ങൾ ചെലവാക്കിയത്, അത് ഞങ്ങളുടെ കടമയാണ് ശരിയാണ്.

അവർ പ്രായപൂർത്തിയായതിനുശേഷവും,
അവർ അവരുടെ പങ്കാളിയെ തെരഞ്ഞെടുക്കുന്നത് വരെ ഞങ്ങളായിരുന്നു അവരുടെ കാര്യങ്ങളെല്ലാം നടത്തിയത്.

അവർ സ്വന്തമായി സ്ഥലം വാങ്ങാൻ തീരുമാനിച്ചപ്പോൾ തികയാത്ത പണം മുടക്കിയതും, അവരുടെ വീടുപണിയുടെ സമയത്ത് പണം കൊടുത്ത് സഹായിച്ചതും ഒക്കെ അദ്ദേഹമാണ്…

അദ്ദേഹത്തിന് ഗവൺമെന്റ് ജോലി ഉള്ളതുകൊണ്ട് മാത്രം സാധ്യമായ കാര്യങ്ങളായിരുന്നു അതെല്ലാം.

അദ്ദേഹം റിട്ടയർ ആയതിനുശേഷം,
ആ മനുഷ്യന് പെൻഷൻ കിട്ടുന്ന തുക പോലും മക്കളെന്തെങ്കിലും ആവശ്യം വന്നു ചോദിക്കുമ്പോൾഒരു മടിയുമില്ലാതെ എടുത്തുകൊടുക്കുമായിരുന്നു.

ഉള്ളത് പറയാമല്ലോ, ഒരു പതിനായിരം രൂപ പോലും തികച്ചെടുക്കാൻ ഞങ്ങളുടെ കൈയ്യിൽ ഇപ്പോഴും ഇല്ല.

ഇനി അവശേഷിക്കുന്നത് ഈ വീടും സ്ഥലവുമാണ്, അത് ഞങ്ങളുടെ കാലശേഷം നിങ്ങൾ രണ്ടു മക്കളും തുല്യമായി പങ്കിട്ടെടുത്തോളൂ…
ഇപ്പോൾ ഇത് നിങ്ങൾക്ക് വിട്ടുതരാൻ നിർവാഹമില്ല. ഞാൻ തീർത്തു പറഞ്ഞു.

ബാക്കി കോടതിയിൽ കാണാമെന്ന് പറഞ്ഞ് ദേഷ്യപ്പെട്ടാണ് അന്ന് മക്കൾ ഇറങ്ങിപ്പോയത്

മക്കൾ പറഞ്ഞത് പോലെ തന്നെ ചെയ്തു.

അന്ന്, നമ്മുടെ മക്കളെ കോടതിയിൽവെച്ച് എതിർക്കേണ്ടിവരുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയില്ലല്ലോടിയെന്നും പറഞ്ഞ് അദ്ദേഹം കണ്ണ് നിറച്ചപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല..

സ്ത്രീകളെക്കാൾ ധൈര്യം പുരുഷന്മാർക്കാണെന്നുള്ളത് വെറും തോന്നലാണെന്ന് എനിക്കപ്പോൾ ബോധ്യമായി.
കാര്യത്തോടടുക്കുമ്പോൾ പതറാതെ നിൽക്കുന്നതും, ഇടറി വീഴാതിരിക്കുന്നതും സ്ത്രീകൾ തന്നെയാണ്.
അതുകൊണ്ടാണ് ഞാൻ പറയുന്നത് ആത്മധൈര്യത്തിന്റെ കാര്യത്തിൽ സ്ത്രീകൾ തന്നെയാണ് മുൻപന്തിയിൽ.

പുറമേ കഠിനമെന്ന് തോന്നിക്കുമെങ്കിലും മിക്ക പുരുഷന്മാരുടെയും ഉള്ളം അതിലോലമാണ്..

ഇപ്പോൾ നമ്മൾ തോറ്റുപോകരുത്.

നമ്മുടെ വാർദ്ധക്യത്തിൽ തോൽക്കാതിരിക്കാനാണ്
നമ്മൾ ശ്രമിക്കേണ്ടത്…ഞാൻ അദ്ദേഹത്തെ ആശ്വസിപ്പിച്ചു.

മനുഷ്യർക്ക് ചില ധാരണകൾ ഉണ്ട്.
വയസ്സായാൽ സമ്പാദ്യങ്ങളെല്ലാം മക്കളെ ഏൽപ്പിച്ചിട്ട് അവരുടെ ചിലവിൽ ഒരു മുറിയിൽ ഒതുങ്ങി കൂടേണ്ടവരാണ് വൃദ്ധർ എന്ന്..
അത് തീർത്തും തെറ്റാണ്,
കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതൊക്കെ മക്കൾക്ക് വീതം ചെയ്യണമെന്ന് ആരാണ് പറഞ്ഞത് ? അതൊക്കെ സ്നേഹത്തിന്റെ പുറത്ത് അവർ തരുന്നതാണ്. അവരുടേതൊന്നും പിടിച്ചുവാങ്ങാനുള്ള അവകാശം ഒരു മക്കൾക്കുമില്ല….

പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെട്ട് വന്ന വസ്തുവാണെങ്കിൽ അതിനുള്ള അവകാശം മക്കൾക്കുണ്ടായിരിക്കാം,
പക്ഷേ ഒരായുസ്സ് കൊണ്ട് കഷ്ടപ്പെട്ട് സമ്പാദിച്ചതൊക്കെ മക്കൾക്ക് വീതം ചെയ്യണമെന്ന് പറയുന്നത് എന്തൊരു കഷ്ടമാണ്…

ഒടുവിൽ, കോടതിമുറിയിലേക്ക് വിളിയെത്തി.

ജഡ്ജി വിധി വായിച്ചു. പാരമ്പര്യസ്വത്ത്‌ അല്ലെന്നും അത് കൈമാറ്റം ചെയ്യേണ്ട ആവശ്യമില്ലെന്നും, സ്വത്തിന്മേലുള്ള അവകാശങ്ങളും ഞങ്ങളുടെ സുരക്ഷയും നിയമപ്രകാരം സംരക്ഷിക്കപ്പെടണമെന്നും കോടതി വ്യക്തമാക്കി.

ഞങ്ങളുടെ പേരിലുള്ള സ്വത്ത് സംരക്ഷിക്കാനും സ്വതന്ത്രമായി ജീവിക്കാനുമുള്ള അവകാശം ഞങ്ങൾക്ക് ഉറപ്പായി…

അപ്പോൾ മക്കളുടെ മുഖമൊന്ന് കാണേണ്ടതായിരുന്നു.

മക്കൾ എത്ര പെട്ടന്നാണ് ശത്രുക്കളായി മാറിയത്

ഞങ്ങളുടെ സ്വത്ത് നിങ്ങൾക്കു കിട്ടുന്ന കാലം വരും… അതുവരെ അച്ഛനും അമ്മയും സന്തോഷത്തോടെ അവിടെ ജീവിച്ചോട്ടെ എന്ന് കരുതാനുള്ള മനസ്സ് പോലും നിങ്ങൾക്ക് ഇല്ലാതായല്ലോ മക്കളെ എന്ന് ചോദിച്ച്‌ അദ്ദേഹം കരഞ്ഞു…

ഞങ്ങൾ ജീവിച്ചിരിക്കുമ്പോൾ ഞങ്ങൾക്ക് വേണ്ടത് വല്ലപ്പോഴുമെങ്കിലും ഉള്ള നിങ്ങളുടെ സാമീപ്യമാണ്.
നിങ്ങളുടെ ശബ്ദം കേൾക്കണം. വിശേഷങ്ങൾ പറയണം. ഇടയ്ക്കൊന്ന് വന്ന് ഞങ്ങളുടെ കൂടെയിരിക്കണം. മരുന്ന് കഴിച്ചോ എന്ന് ചോദിക്കണം. അത്രയൊക്കെയേ ഞങ്ങൾക്ക് വേണ്ടിയിരുന്നുള്ളൂ, മക്കളേ..

അദ്ദേഹത്തിന്റെ ഇടറിപ്പൊട്ടിയുള്ള സംസാരം കേട്ടപ്പോൾമാത്രം എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…

ഒരിക്കൽ തങ്ങളുടെ ലോകമായിരുന്ന മക്കളുടെ സ്നേഹം മാത്രം ഞങ്ങൾക്കിടയിൽനിന്ന് അകന്നുപോയിരുന്നു..

അന്നത്തോടുകൂടി ഞങ്ങൾ ഒരു കാര്യം മാത്രം തീരുമാനിച്ചുറപ്പിച്ചിരുന്നു..
ജനിക്കുമ്പോൾ ഏതൊരു മനുഷ്യനും ഒറ്റയ്ക്കാണ്, മരിക്കുമ്പോഴും ഒറ്റയ്ക്ക് തന്നെ..

ഇതിനടിയിൽ ജീവിതവും പലപ്പോഴും നമ്മളെ ഒറ്റപ്പെടുത്തി കളയും, എല്ലാം തരണം ചെയ്തെ പറ്റൂ… കാരണം ഭൂമിയിൽ ഒന്നും ശാശ്വതമല്ല

ഞങ്ങൾ, ഞങ്ങളുടെ സഹായത്തിനായി അടുത്തു തന്നെയുള്ള ഒരു സ്ത്രീയെ വീട്ടിൽ നിർത്താൻ തീരുമാനിച്ചു..

ഇനി അധികം വർഷങ്ങളൊന്നും ഞങ്ങളുടെ ജീവിതത്തിൽ അവശേഷിക്കുന്നില്ല എന്ന് ഞങ്ങൾക്കറിയാം.

ഉള്ള കാലത്തോളം ആരുടേയും മുന്നിൽ കൈനീട്ടാതെ അങ്ങ് ജീവിക്കണമെന്ന ഒരാഗ്രഹം മാത്രമേ ഇപ്പോൾ ഞങ്ങൾക്കുള്ളൂ…

ജീവിച്ചിരിക്കുമ്പോൾ, നമ്മൾ സ്നേഹിക്കപ്പെടുന്നുണ്ടെന്ന ഒരേയൊരു ഉറപ്പ് പോലും മക്കളിൽ നിന്നും കിട്ടാത്ത പക്ഷം,
എന്തിന്, എല്ലാം അവർക്കായ് മാറ്റിവയ്ക്കണം??

വാർദ്ധക്യത്തിൽ സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം മക്കൾക്കുവേണ്ടി ഉപേക്ഷിക്കാൻ ഞങ്ങൾ തയ്യാറല്ല..

അല്ലെങ്കിലും മക്കൾക്കായി മാത്രം എല്ലാം കരുതി വയ്ക്കുന്നത് എത്ര മണ്ടത്തരമാണ്.
അവനവനായി എന്തെങ്കിലുമൊക്കെ കരുതി വയ്ക്കണം…
എങ്കിലേ അന്തസ്സോടെ മ.ര.ണം വരെ ജീവിക്കാൻ കഴിയൂ എന്ന വലിയ സത്യം ഇപ്പോഴാണ് ഞങ്ങൾക്ക് പൂർണമായും മനസ്സിലായത്…

✍️Anju Thankachan

Leave a Reply

Your email address will not be published. Required fields are marked *