“ശാന്തി.. നീ കുഞ്ഞിനെ വാങ്ങേണ്ട… വേറൊന്നും തോന്നരുത്.. നിനക്ക് അമ്മയാകാൻ പറ്റില്ലല്ലോ… അപ്പോൾ ഈ കുഞ്ഞുങ്ങളെ എടുക്കുന്നത് ശരിയല്ല എന്നൊക്കെ കേട്ടിട്ടുണ്ട്..”
ഏറ്റവും അടുത്ത സുഹൃത്ത് ശ്രുതിയുടെ കുഞ്ഞിന്റെ ചരട് കെട്ട് ചടങ്ങിൽ വച്ച് അവളുടെ തന്നെ വായിൽ നിന്ന് കേട്ട ആ വാക്കുകൾ ശാന്തിയുടെ ഉള്ളിൽ ആഴത്തിൽ മുറിവുണ്ടാക്കി. ഒരു നിമിഷം താൻ ഉരുകിയില്ലാണ്ടാകുന്ന പോലെ തോന്നിപോയി അവൾക്ക്.
ചുറ്റും സന്തോഷത്തിന്റെ മേളമായിരുന്നു കുഞ്ഞിനെ നോക്കി പലരും കൊഞ്ചിക്കുന്നു.. ചിരിക്കുന്നു…ചിരികൾ..ബന്ധുക്കളുടെ തിരക്ക്… അങ്ങിനെ…
പക്ഷേ ശാന്തിയുടെ ചെവിയിൽ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല.അവൾ പതിയെ തന്റെ കയ്യിലിരുന്ന കുഞ്ഞിന്റെ ഉടുപ്പും കളിപ്പാട്ടവുമടങ്ങിയ ചെറിയ സമ്മാനപ്പൊതി താഴെ ടേബിളിൽ വച്ചു.
“പേടിക്കേണ്ട..ഞാൻ… കുഞ്ഞിനെ എടുക്കില്ല ശ്രുതി… നിങ്ങൾക്ക് ദോഷമാകുന്ന ഒന്നും ഞാൻ ചെയ്യില്ല..”
അത്രയും പറഞ്ഞ് അവൾ അവിടെ നിന്നും തിരിഞ്ഞു.
“ശാന്തീ… നീ തെറ്റിദ്ധരിക്കല്ലേ. ഞാൻ പറഞ്ഞത്…”
ശ്രുതി പിന്നാലെ വിളിച്ചെങ്കിലും ശാന്തി തിരിഞ്ഞുനോക്കിയില്ല. ആത്മാർത്ഥ സുഹൃത്തിന്റെ ആ വാക്കുകൾ അത്രമേൽ അവളിൽ മുറിവേൽപ്പിച്ചിരുന്നു. അവിടെ നിന്നും ഇറങ്ങി വീട്ടിലേക്ക് പോകുമ്പോൾ ആ ഉള്ളം നീറുകയായിരുന്നു.
വീട്ടിലെത്തിയതും ശാന്തി മുറിയടച്ച് കട്ടിലിലേക്കിരുന്നു. ഉള്ളിലെ സങ്കടം അടക്കി നിർത്തുവാൻ അവൾക്ക് കഴിയുമായിരുന്നില്ല..
ഒടുവിൽ പതിയെ കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്നുകൊണ്ടവൾ സ്വയം ചോദിച്ചു.
“അമ്മയാകാൻ പറ്റാത്തത് എന്റെ തെറ്റാണോ.. അകറ്റി നിർത്തുവാൻ മാത്രം മോശമായ കാര്യമാണോ അത്…”
ആ ചോദ്യത്തിന് അവൾക്ക് തന്നെ മറുപടിയുണ്ടായിരുന്നില്ല.
വർഷങ്ങൾക്ക് മുമ്പ് വിവാഹം കഴിഞ്ഞപ്പോൾ മുതൽ ഒരു കുഞ്ഞിനായി കാത്തിരുന്നവളായിരുന്നു ശാന്തി. സമയം വൈകുംതോറും അവളുടെ ഉള്ളിലെ വേവലാതികൾ കൂടിവന്നു. ഒടുവിൽ … ആശുപത്രികൾ പലതും കേറി ഇറങ്ങി…. പല തരം ചികിത്സകൾ ചെയ്തു.. പല തരം മരുന്നുകൾ കഴിച്ചു. പിന്നേ പ്രാർത്ഥനകൾ… നേർച്ചകൾ അങ്ങിനെ വർഷങ്ങൾ കടന്നു
അവസാനം ഡോക്ടർ പറഞ്ഞത് ഒറ്റ വാചകം മാത്രമായിരുന്നു.
“നിങ്ങൾക്ക് സ്വാഭാവികമായി അമ്മയാകാൻ സാധ്യത വളരെ കുറവാണ്.”
അന്ന് തകർന്നത് ശാന്തി മാത്രമല്ലായിരുന്നു.
അവളുടെ ഭർത്താവ് അരുണും കൂടിയായിരുന്നു.
പക്ഷേ അവന്റെ സ്നേഹം മാത്രം തെല്ലും കുറഞ്ഞില്ല.
“നമ്മുടെ ജീവിതത്തിന് ഒരു കുഞ്ഞ് വേണമെന്നില്ല ശാന്തീ… നമ്മൾക്ക് നമ്മൾ തന്നെ മതിയല്ലോ..എന്റെ മോള് നീയും നിന്റെ മോൻ ഞാനും…”
അവന്റെ ആ വാക്കുകളാണ് ഇത്രയും വർഷം ശാന്തിയെ പിടിച്ചുനിർത്തിയത്.
പക്ഷേ ഇന്നിപ്പോ ശ്രുതി പറഞ്ഞ ആ വാക്കുകൾ അവളുടെ മനസ്സിൽ വീണ്ടും വീണ്ടും മുഴങ്ങി.
“നിനക്ക് അമ്മയാകാൻ പറ്റില്ലല്ലോ…”
ആ ചോദ്യം ശാന്തിയുടെ ഉള്ളിൽ കുത്തിയിറങ്ങി.
അന്നത്തെ രാത്രി എങ്ങിനെ കഴിച്ചു കൂട്ടി എന്നറിയില്ല.
പിറ്റേന്ന് രാവിലെ അരുൺ ഓഫീസിലേക്ക് പോകാനിറങ്ങുമ്പോഴാണ് ശാന്തി തന്റെയാ ആഗ്രഹം പറഞ്ഞത്.
“ഏട്ടാ…..നമുക്ക്.. നമുക്ക് ഒരു കുഞ്ഞിനെ ദത്തെടുക്കാം.”
ആ വാക്കുകൾ കേൾക്കെ അരുൺ കുറച്ചു നിമിഷം അവളെ തന്നെ നോക്കി നിന്നു. നാളുകളായി അവൻ പലവട്ടം പറഞ്ഞ വാക്കുകളായിരുന്നു അത്. അന്നെല്ലാം എതിർപ്പ് പറഞ്ഞ ശാന്തി ഇന്നിപ്പോ ആ ആഗ്രഹം തന്നോട് തന്നെ പറഞ്ഞു കേട്ടപ്പോൾ വിശ്വസിക്കാൻ പറ്റിയില്ല അരുണിന്. ആശ്ചര്യത്തിൽ ശാന്തിയുടെ ചുമലിൽ കൈവച്ചു അവൻ.
“എടോ… ഇതിപ്പോ ആശ്ചര്യമായല്ലോ.. എന്താ പെട്ടെന്ന്… കേട്ടിട്ട് എനിക്ക് വിശ്വസിക്കുവാൻ പറ്റുന്നില്ല…താൻ തയ്യാറാണെങ്കിൽ… ഞാനും തയ്യാറാണ്…”
ആ വാക്കുകൾ കേട്ടപ്പോൾ ശാന്തിയുടെ കണ്ണുകൾ നിറഞ്ഞു.
“ഏട്ടാ മടുത്തു.. പ്രതീക്ഷകൾ എല്ലാം തകർന്നു… ഇനിയും കാത്തിരിക്കാൻ വയ്യ.. നമുക്കും ഒരു കുഞ്ഞ് വേണം.. ഒരു പൊന്നുംകുടം.. എല്ലാവരുടെയും മുന്നിൽ ആ കുഞ്ഞിനെ നമുക്ക് വളർത്തണം..”
ആ വാക്കുകളിൽ ഒരു അമ്മയാകുവാനുള്ള കൊതി അരുൺ തിരിച്ചറിഞ്ഞു. അവളെ തന്നോട് ചേർത്തു പുണർന്നു അവൻ.
പിന്നെ എല്ലാം വേഗത്തിലായിരുന്നു. ഓർഫനേജിലെ ആവശ്യമായ നടപടികളെല്ലാം പൂർത്തിയാക്കി ഒടുവിൽ ആഗ്രഹിച്ച തങ്കകുടം അവരുടെ കൈകളിലേക്കെത്തി. എട്ടു മാസങ്ങൾ മാത്രം പ്രായമുള്ള ഒരു പെൺകുട്ടി.
” കാന്താരിയാണിവൾ.. ഇവിടെ എല്ലാവർക്കും പെറ്റാണ്.. പ്രസവിച്ചു ദിവസങ്ങൾക്കകം ആണ് ഇവൾ അമ്മത്തൊട്ടിലിൽ എത്തിയത്. ഏതോ ഒരു പെൺകുട്ടിക്ക് പ്രണയബന്ധത്തിൽ പറ്റിയ ചതി.. ഒരു ലെറ്റർ ഒപ്പമുണ്ടായിരുന്നു അതിൽ എഴുതിയിരുന്നത് വായിച്ചപ്പോൾ എനിക്ക് മനസിലായത് അതാണ്.. ”
ഓർഫനേജിലെ സിസ്റ്റർ ആ ദിവസം ഓർത്തെടുത്തു.
” സിസ്റ്റർ.. ഇനി ഞങ്ങൾ പൊന്നുപോലെ നോക്കിക്കോളാം ഈ തങ്കക്കുടത്തിനെ.. ”
കുഞ്ഞിനെ ചേർത്തു പിടിച്ചു മുത്തം നൽകി ശാന്തി. അരുണും സ്നേഹത്തോടെ തലോടി ആ കുഞ്ഞിനെ..
” നിങ്ങൾക്ക് വിരോധമില്ലെങ്കിൽ ഈ കുഞ്ഞിന് ജാനകി എന്ന് പേരിടണം… ഇത് അന്ന് ആ പെൺകുട്ടി ലെറ്ററിൽ എഴുതിയ പേരാണ്… അവളുടെ ഏക ആഗ്രഹം.. ”
സിസ്റ്റർ ആ പറഞ്ഞത് കേൾക്കെ പരസ്പരം നോക്കി അരുണും ശാന്തിയും.
” ജാനകി.. ഇടാം സിസ്റ്റർ .. ആ പേര് തന്നെയിടാം.. ”
അരുണാണ് അവർക്ക് മറുപടി പറഞ്ഞത്. പിന്നേ വൈകിയില്ല അവർ പോകുവാനിറങ്ങി. ആ ഓർഫനേജ് മുഴുവൻ ജാനകിയെ യാത്രയാക്കുവാൻ ഉണ്ടായിരുന്നു.
അരുണിന്റെയും ശാന്തിയുടെയും അവിടെ നിന്നുമുള്ള യാത്ര അവസാനിച്ചത് നാടുകാണി പാറയുടെ മുകളിലായിരുന്നു.
” ഏട്ടാ നോക്കിയേ.. ഇന്നിവിടെ നിന്നും നോക്കുമ്പോൾ ചുറ്റും കാണാൻ ഒരു വല്ലാത്ത ഭംഗി.. ഇതുവരെയില്ലാത്ത ഭംഗി.. ”
ഏറെ സന്തോഷവതിയായിരുന്നു ശാന്തി. അവളുടെ സന്തോഷം കണ്ട് അരുണിന്റെയും ഉള്ളം നിറഞ്ഞു.
” ഇത് നമ്മുടെ ജീവിതത്തിന്റെ പുതിയൊരു അധ്യായമാണ് ശാന്തി. ഇപ്പോഴാണ് ജീവിതത്തിനു ഒരു അർത്ഥം വന്നത്. ഇനി നമുക്ക് സന്തോഷം മാത്രമേ ഉണ്ടാകുള്ളൂ.. ”
അവന്റെ വാക്കുകൾ കേൾക്കെ മോളുമായി പതിയെ ആ മാറിലേക്ക് ചാഞ്ഞു ശാന്തി. ഒന്നുമറിയാതെ കയ്യിലെ കലിപ്പാട്ടത്തിൽ നോക്കി യിരുന്നു കുഞ്ഞു ജാനകിയപ്പോൾ..
“ഇവൾ വളർന്നു വലുതാകുമ്പോൾ എല്ലാം പറയണം നമുക്ക് നാളെ മറ്റൊരാൾ പറഞ്ഞു ഒന്നും അറിയാൻ ഇടവരരുത്. എല്ലാം അറിഞ്ഞു തന്നെ നമ്മുടെ മകൾ വളരണം ”
ശാന്തിയുടെ ആ വാക്കുകളോട് അരുണും യോജിച്ചു.
“മോളെ… എന്നെ അമ്മയെന്ന് വിളിക്കോ.. അമ്മ.. ദേ നോക്ക്യേ.. അമ്മ.. അമ്മ.. ”
കുഞ്ഞിനെ പതിയെ ചുമരിൽ നിന്നും നിവർത്തി വർഷങ്ങളായുള്ള തന്റെ ആ ആഗ്രഹം സഫലമാക്കുവാൻ ശ്രമിച്ചു ശാന്തി. പക്ഷെ അതൊന്നും ശ്രദ്ധിച്ചില്ല മോള്.
” ഹാ.. ശാന്തി.. നീ ഇങ്ങനെ വെപ്രാളം കാട്ടേണ്ട .. സമയമുണ്ടല്ലോ.. അവൾ നിന്നെ അമ്മേ എന്ന് വിളിച്ചോളും ഇനി നീ തന്നെയാണ് അവളുടെ അമ്മ.. വീട്ടിലേക്ക് പോകാം നമുക്ക് അവിടെ എല്ലാവരും കാത്തിരിക്കുകയാണ്. ”
അരുണിന്റെ വാക്കുകൾ കേട്ട് ചെറു പുഞ്ചിരിയോടെ മോളുടെ കവിളിൽ ഒന്ന് മുത്തി ശാന്തി. ശേഷം പതിയെ കാറിലേക്ക് കയറുവാനായി നടന്നു.
” മ്മ… മ്മ… മ്മാ… ”
പെട്ടെന്നാണ് ജാനകി മോള് ഉറക്കെ വിളിച്ചത്. ഒപ്പം അവൾ കുഞ്ഞ് കൈ വിരലുകൾ കൊണ്ട് ശാന്തിയുടെ മുഖത്ത് ഒന്ന് തലോടി. ഒരു നിമിഷം ആ വാക്കുകൾ അവളുടെ കാതുകളിൽ കുളിർമഴയായി..
” അരുണേട്ടാ ദേ നോക്ക്യേ മോള് എന്നെ അമ്മേ ന്ന് വിളിച്ചു.. അവള് പെട്ടെന്ന് എന്നെ തിരിച്ചറിഞ്ഞു…”
സന്തോഷത്തിൽ പൊട്ടിക്കരഞ്ഞു പോയി ശാന്തി അരുണും ആകെ സന്തോഷത്തിലായിരുന്നു . രണ്ടാളും സ്നേഹത്തോടെ മോളെ ചേർത്തു പിടിച്ചു…..
“പൊന്നുമോളെ.. ഇനി നീയാണ് ഞങ്ങളുടെ ലോകം.. ”
അരുൺ മോളുടെ നെറുകയിൽ ഒന്ന് മുത്തി.
ഇതുപോലെ അപ്രതീക്ഷിതമായ ചിലതാണ് നമ്മുടെ ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകുന്നത്. അരുണും ശാന്തിയും ഇനിയുള്ള കാലം സന്തോഷിക്കും. ഒരു കുഞ്ഞില്ലാത്തതിന്റെ പേരിൽ എത്രത്തോളം വിഷമിച്ചുവോ. അതിന്റെ പതിന്മടങ്ങ് സന്തോഷിക്കും..
(ശുഭം )
✍️പ്രജിത്ത് സുരേന്ദ്രബാബു
