ഇണ
(രചന: Rajitha Jayan)
“”ആർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കിൽ അതിപ്പോൾ വേണം. .കുറച്ചു കഴിഞ്ഞ് എന്നെയിവിടെ നിങ്ങൾ കാണില്ല.
അതുകൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടോ””. ..??
കനത്ത നിശബ്ദതയിൽ അർദ്ധരാത്രിയും കഴിഞ്ഞ് പുലരാറായ സമയത്ത് സുധിയുടെ ശബ്ദം ആ ഉമ്മറക്കോലായിൽ മുഴങ്ങിയപ്പോൾ കുനിഞ്ഞ ശിരസ്സുകളുമായ് തലതാഴ്തിയിരിക്കാനേ രേണുകയുടെ വീട്ടുക്കാർക്ക് കഴിഞ്ഞുള്ളൂ. ..
ഒന്നും പറയാനില്ല … ചോദിക്കാനും…
ഇനിയവശേഷിക്കുന്നത് സുധിയുടെ അവസാന തീരുമാനങ്ങൾ മാത്രമാണ്.
അതുംഎന്തായിരിക്കുമെന്നിപ്പോൾ ഊഹിക്കാൻ കഴിയുന്നുണ്ട്. .
“”ഇനിയീ ജന്മത്തിൽ എന്തെല്ലാം നീ എനിക്കായ് കരുതിയിരുന്നു ഭഗവാനേ”. ..
ഒരു തേങ്ങലോടെ രേണുകയുടെ അച്ഛൻ കണ്ണുകൾ തുടച്ചപ്പോൾ സുധി രേണുകയെ നോക്കി..ആൾക്കൂട്ടത്തിലപമാനിതയായ് തലക്കുനിച്ച് ഒന്നും മിണ്ടാതെ അവളപ്പോഴും ആ വാതിൽപടിയിൽ മരപ്പാലം കണക്കെ ഇരിപ്പുണ്ടായിരുന്നു..
സുധിയോർക്കുകയായിരുന്നപ്പോൾ കുറച്ചു ദിവസങ്ങൾക്കുമുമ്പ് ഇപ്പോൾ രേണുക ഇരിക്കുന്നിടത്ത് ആരോടും ഒന്നും പറയാനാകാതെ എല്ലാ കുറ്റവും ഏറ്റുവാങ്ങി എല്ലാവരുടെ പരിഹാസങ്ങൾക്കും ഇരയായ് താനിങ്ങനെ ഇരുന്നത്…
ഈശ്വരാ നീയെത്ര വലിയവൻ.
ഒരു തെറ്റും ചെയ്യാതെ എല്ലാ കുറ്റപ്പടുത്തലുകളും ഏറ്റുവാങ്ങിയപ്പോഴും മനസ്സിലൊരൊറ്റ പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു എന്റ്റെ നിരപരാധിത്തം തെളിയിക്കാനൊരവസരം ഭഗവാനേ നീ തരണേ എന്ന്..
അതിപ്പോൾ സാധിച്ചിരിക്കുന്നു… അന്ന് താനിരുന്നിടത്ത് ഇപ്പോൾ ഇതാ എല്ലാ കുറ്റങ്ങളും ഏറ്റുവാങ്ങി രേണുക. ..
ഒറ്റപ്പെട്ടുപോയ ബാല്യ കൗമാര യൗവന കാലത്ത് എന്നും കൂട്ടിനുണ്ടായിരുന്ന സുഹൃത്തായിരുന്നു രേണുകയുടെ ഏട്ടൻ ദേവൻ…അച്ഛനമ്മമാരുടെ കുറവുകളും ഒറ്റപ്പടുത്തലുകളും താൻ മറന്നിരുന്നത് ദേവനിലൂടെയും പിന്നെയവന്റ്റെ ഈ കുടുംബങ്ങളിലൂടെയും ആയിരുന്നു. ..
അന്ന് പലപ്പോഴും ഇവിടെ വരുമ്പോൾ വല്ലപ്പോഴും കാണാറുണ്ടായിരുന്നു രേണുകയെ…
അവളന്ന് ഹോസ്റ്റലിൽ നിന്ന് പഠിക്കുകയായിരുന്നു
“” വല്ലപ്പോഴും മാത്രം വീട്ടിൽ വരുന്ന വിരുന്നുക്കാരി എന്നായിരുന്നു ദേവനവളെ കളിയാക്കിയിരുന്നത്””…
പഠനത്തിനിടയ്ക്ക് തന്നെ തനിക്ക് ബാങ്കിൽ ജോലികിട്ടിയപ്പോൾ ആണ് ദേവൻ തന്നോട് ചോദിക്കുന്നത് ഇനിയൊരു വിവാഹമായാലോ എന്ന്…ഈ ഒറ്റപ്പടൽ അവസാനിപ്പിച്ചാലോയെന്ന്..
അനാഥനാര് പെണ്ണുതരുമെന്ന തന്റ്റെ ചോദ്യത്തിന് അവൻ തനിക്ക് തന്നെ മറുപടിയായിരുന്നു രേണുക. .
ഏറെ സന്തോഷത്തോടെയും അതിലേറെ സങ്കടം കൊണ്ടു താൻ കരഞ്ഞുപ്പോയ നിമിഷങ്ങളായിരുന്നു അത്…
ലോകത്ത് ഏതെങ്കിലും ഒരു കൂട്ടുക്കാരനും മറ്റൊരു കൂട്ടുക്കാരനെ ഇത്രയധികം സ്നേഹിക്കാൻ പറ്റുമോ. ..
ആഘോഷങ്ങളും ആർഭാടങ്ങളും ഒട്ടും കുറയാതെ തന്നെ തങ്ങളുടെ വിവാഹം നടന്നുവെങ്കിലും ആദ്യ ദിനം മുതലുള്ള രേണുകയുടെ അകൽച മനസ്സിൽ ഒരുകരടായി അവശേഷിച്ചിരുന്നു. .
എങ്കിലും സന്തോഷമായിരുന്നു മനസ്സ് നിറയെ… കാരണം വല്ലപ്പോഴും ഒരിക്കൽ കാണുമ്പോൾ അറിയാതെ താൻ മോഹിച്ചിരുന്നില്ലേ രേണുകയെ.. സ്വന്തമാക്കാൻ ആഗ്രഹിക്കുകയും ചെയ്യ്തിരുന്നു
ഒരു മകളുണ്ടായ് കഴിഞ്ഞും രേണുകയിൽ വലിയ മാറ്റങ്ങൾ ഒന്നും കണ്ടില്ല.
തനിക്കെന്നെ ഇഷ്ടമായിരുന്നില്ലേ എന്ന തന്റെ ചോദ്യത്തിന് പലപ്പോഴും മൗനമായിരുന്നു അവളുടെ മറുപടി
കിടപ്പറയിലെ തങ്ങളുടെ അകൽച ഒടുവിലെങ്ങനെയോ രേണുകയുടെ അമ്മ അറിഞ്ഞത് ഏതാനും ദിവസങ്ങൾക്കുമുമ്പായിരുന്നു..
അന്നവരെല്ലാവരും കൂടി തങ്ങളെ രണ്ടാളെയുംഈ ഉമ്മറത്ത് വിളിച്ച് നിർത്തി ചോദിക്കുകയുണ്ടായ് എന്താണ് തങ്ങളുടെ പ്രശ്നമെന്ന്…
തനിക്കറിയില്ലെന്നു താൻ പറഞ്ഞപ്പോൾ അതിനൊപ്പം തന്നെ തനിക്കു പറയേണ്ടി വന്നു വിവാഹം കഴിഞ്ഞ അന്നുമുതലുളള രേണുകയുടെ പെരുമാറ്റങ്ങൾ…ഇടയിലെപ്പോഴോ ഒരു കുഞ്ഞുപിറന്നതൊഴിച്ചാൽ തികച്ചും അന്യരായിരുന്നു തങ്ങളെന്ന്. ..
തന്നിൽ നിന്നുമാറിയവർ രേണുകയോട് കാര്യങ്ങൾ ചോദിച്ചെങ്കിലും അവളുടെ ഒരൊറ്റ ഉത്തരത്തിൽ ആകെയുലഞ്ഞുപോയ് താൻ….ചുറ്റും
കൂടിനിൽക്കുന്നവർക്കിടയിൽ തുണിയുരിഞ്ഞു വീണ അവസ്ഥ…..
രേണുക പറഞ്ഞത് തനിക്ക് കാമഭ്രാന്ത് ആണെന്നാണ്…
വിവാഹം കഴിഞ്ഞ അന്നുമുതലിന്നോളം താനവളെ ക്രൂരമായി പീഢിപ്പിക്കാറുണ്ടെന്ന്…
അവളുടെ നിലവിളികൾ തനിക്ക്ഹരമായിരുന്നെന്ന്….
ചുറ്റും കൂടിനിൽക്കുന്നവരുടെ തുറിച്ചു നോട്ടങ്ങൾക്കിടയിൽ പരിഹാസ പറച്ചിലുകൾക്കിടയിൽ പകച്ചുപോയ തനിക്കൊന്നും പറയാൻ സാധിച്ചില്ല. … ഒരു വേള ദേവനെങ്കിലും തന്നെ വിശ്വസിച്ചിരുന്നെങ്കിൽ …
എല്ലാ കുറ്റവും സ്വയം ഏറ്റെടുത്ത് ഈ ഉമ്മറത്ത് താൻ തലതാഴ്തിയിരുന്നത് ഏതാനും ദിവസങ്ങൾ മുമ്പായിരുന്നു..
ഇപ്പോഴിതാ അതേ സ്ഥാനത്ത് അവൾ രേണുക….അതും അനാശാസ്യത്തിന് പിടിക്കപ്പെട്ട്…. ..
അല്ലാഎവിടെ .. ..?? രേണുകയുടെ കൂട്ടുപ്രതി….
ഓ ആളിപ്പോഴും മുറിയിലെ കട്ടിലിൽ തന്നെയാണല്ലോ..
സുധി മുറിയിലേക്ക് കയറി ചെന്നപ്പോൾ ഞെട്ടിയിട്ടെന്നവണ്ണം കട്ടിലിരുന്ന രൂപം ഒന്ന് പിന്നോട്ടു നീങ്ങി. ..
സുധി ബലമായ് ആ രൂപത്തെ പുറത്തേക്ക് വലിച്ചുകൊണ്ടുവന്നപ്പോൾ തന്റെ പാതി നഗ്നത ബെഡ്ഷീറ്റിനാൽ മറയ്ക്കാൻ അവർ ശ്രമിക്കുന്നുണ്ടായിരുന്നു…
ഉമ്മറത്തേക്ക് സുധി വലിച്ചുകൊണ്ട് വന്ന രൂപത്തെ അറപ്പോടെയും അവജ്ഞയോടെയും നോക്കുമ്പോൾ രേണുകയുടെ അച്ഛന്റെ മിഴികൾ നിറഞ്ഞൊഴുക്കുകയായിരുന്നു…
കവിത. … . മോളെപോലെ തങ്ങളെല്ലാവരും സ്നേഹിച്ചവൾ… രേണുകയുടെ കോളേജിലെയുംഹോസ്റ്റലിലെയും കൂട്ടുക്കാരി..
ഒരിക്കലും പിരിയാൻ പറ്റാത്ത വിധം കൂട്ടായിരുന്നു അവരെന്ന് പറഞ്ഞപ്പോൾ എല്ലാവരും കരുതിയത് ദേവനെയും സുധിയെയും പോലെ രണ്ട് കൂട്ടുകാർ എന്നായിരുന്നു. ..എന്നാൽ. ..
രേണുകയുടെ വിവാഹ ശേഷം പലപ്പോഴും അവൾ രേണുവിനരിക്കിൽ വന്നപ്പോഴും ആ സുഹൃത്ത് ബന്ധം ഓർത്ത് അഭിമാനിച്ചതേയുളളു..
പക്ഷേ അതിത്തരമൊരു അപമാനം ആയിതീരുമെന്ന് ആരും കരുതിയില്ലല്ലോ ഈശ്വരാ..
തന്റെ മകൾക്ക് ഭർത്താവായ് വേണ്ടിയിരുന്നത് ഒരു പുരുഷനെയല്ല മറിച്ചൊരു പെണ്ണിനെ തന്നെയായിരുന്നെന്ന് മനസ്സിലായത് നൂൽബന്ധമില്ലാതെ കവിതയെയും രേണുകയെയും ഇന്നീ മുറിയിൽ വെച്ച് സുധി പിടികൂടി തങ്ങളെ വിളിച്ചു കാണിച്ചപ്പോൾ മാത്രമാണ്. .
ഇനിയെന്ത് ചെയ്യും ഭഗവാനെ…
“”ഈ കാര്യത്തിൽ ഇനിയും കൂടുതൽ ഒന്നും ചെയ്യാനില്ല അച്ഛാ. ..സാധാരണ ഇങ്ങനെ പിടിക്കപ്പെടുന്നവരെ തമ്മിൽ വിവാഹം കഴിപ്പിക്കാറാണ് പതിവ്. ..
ഇവിടെയും നിങ്ങൾക്ക് അതാവാം കാരണം രേണുക പറഞ്ഞല്ലോ അവൾക്ക് ജീവിക്കേണ്ടത് എനിക്കൊപ്പം അല്ല കവിതയ്ക്കൊപ്പം ആണെന്ന്. ..
എനിക്കും സമ്മതമാണതിന്… കാരണം സ്വവർഗ്ഗാനുരാഗിയായ ഒരു ഭാര്യയെ എനിക്ക് വേണ്ട. പിന്നെ ഞാൻ പോവുകയാണ്. ..ഇപ്പോൾ…
നിങ്ങൾക്കാർക്കുമെന്നോട് ഒന്നും പറയാനില്ലാത്ത നിലയ്ക്ക് ഇനിയുള്ള കാര്യങ്ങൾ കോടതി വഴി ആവാം ..
പിന്നെ ഞാൻ പോവുമ്പോൾ എനിക്കൊപ്പം എന്റെ മകളെ കൂടി കൊണ്ട് പോവുകയാണ്…
തലതാഴ്തി നിൽക്കുന്ന ദേവനെ നോക്കിയതുപറയുമ്പോൾ സുധിയുടെ ശബ്ദ മിടറിയിരുന്നു
പുലരിയുടെ പൊൻകിരണങ്ങൾ വെളിച്ചം വിതറാൻ കാത്തുനിൽക്കുന്ന ആ പ്രഭാതത്തിലേക്ക് മകളെയുമെടുത്ത് സുധി തലയുയർത്തി നടന്നിറങ്ങിയപ്പോൾ ആ ഉമ്മറക്കോലായിൽ രേണുക നിത്യ അന്ധക്കാരത്തിൽ മുങ്ങി തലതാഴ്തിയിരിക്കുന്നുണ്ടായിരുന്നു…