രചന: ദേവൻ)
അന്ന് കോയമ്പത്തൂർ ഉക്കടത്തൊരു ഹോട്ടലിൽ ജോലി ചെയ്യുന്ന സമയം.
പത്താം ക്ലാസ് തോറ്റതിന്റെ ക്ഷീണം തീർക്കാൻ ന്തേലും ഒരു പണിക്ക് കേറണമെന്ന ചിന്തയിൽ ആയിരുന്നു. ആദ്യം കേറിയത് ഒരു വർക്ഷോപ്പിൽ ആയിരുന്നു.
ജോലിയെക്കാൾ പ്രധാനം കൂലി ആയതു കൊണ്ടുത്തന്നെ വർക്ഷോപ്പിൽ പണി പഠിക്കാൻ കേറിയ ഞാൻ കിട്ടിയ കൂലി കണ്ടു ഞെട്ടി. എല്ലാ ശനിയാഴ്ചയും മുതലാളി ജോലിക്കാർക്ക് കൂലി തരും എനിക്കും തന്നു ഇരുപതു രൂപ.
ഒരാഴ്ച ജോലിയെടുത്തിട്ട് ആകെ കിട്ടിയ ഇരുപതു രൂപയിലേക്ക് വിഷമത്തോടെ നോക്കി നിൽക്കുമ്പോൾ കൂടെ ഉള്ള ഒരുത്തൻ പറയുന്നുണ്ടായിരുന്നു ” പണി പഠിച്ചാ പിന്നെ പണം വരും ” എന്ന്.
പക്ഷേ, അതൊരു ബാലികേറാമലയാണെന്ന് തോന്നി അന്ന്. നൂറുകണക്കിന് ടൂൾസും വണ്ടീടെ ABCD യുമൊക്കെ പഠിച്ചു വരുമ്പോഴേക്കും സമയമെടുക്കും എന്ന് തോന്നിയപ്പോൾ ആ പണിയോട് പെട്ടന്ന് തന്നെ ഗുഡ്ബൈ പറഞ്ഞു.
പിന്നെ പോയത് കോയമ്പത്തൂരിലെ ഒരു ബേക്കറിയിൽ ആയിരുന്നു. വീട്ടിൽ വല്ലപ്പോഴും വിരുന്നുകാരൻ മാത്രമായി എത്താറുള്ള ലഡ്ഡുവും ജിലേബിയുമൊക്കെ ഇഷ്ടപ്പോലെ കഴിക്കാമല്ലോ എന്നായിരുന്നു ചിന്ത.
എന്നാ ചെന്ന് കേറിയത് മുതൽ പൂട്ടിയിട്ടപ്പോലെ മാവിൽ കിടന്ന് മറിയാൻ ആയിരുന്നു വിധി. സത്യം പറഞ്ഞാൽ ഒന്ന് അപ്പിയിടാൻ പോലും സമയം കിട്ടിയില്ല എന്ന് സാരം. ഈ പറഞ്ഞ കാര്യത്തിന് പോകുന്നത് വെളുപ്പാൻ കാലത്ത് ആണ്.
ചെന്ന ദിവസം കക്കൂസ് ചോദിച്ചപ്പോൾ മുന്നിലെ വിശാലമായ പറമ്പ് ആയിരുന്നു മുതലാളി കാണിച്ചു തന്നത്.
അവിടെ ഞാൻ കണ്ടത് രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നത് ആയിരുന്നു.
തമിഴനും മലയാളിയും പരസ്പ്പരം സംസാരിച്ചും കയ്യിലെ ബീഡി കൈമാറിയും വെളിക്കിരിക്കുന്ന ആ കാഴ്ച. ആദ്യമൊക്കെ മടി കാരണം ഉള്ളിലെ ത്വര കോർക്ക് കൊണ്ട് അടച്ചപോലെ ഞാൻ പിടിച്ച് നിർത്തി. പക്ഷേ, എല്ലാത്തിനും ഒരു പരിധിയില്ലേ.
സ്റ്റോറേജ് ഫുൾ ആയത് മുതൽ വയറു വിസ്പോടനത്തിനുള്ള തയ്യാറെടുപ്പെന്നോണം അശരീരികൾ മുഴക്കാൻ തുടങ്ങിയപ്പോൾ അത് വരെ ഉണ്ടായിരുന്ന നാണക്കേടിനെക്കാൾ വലുതായിരിക്കും
പൊട്ടിത്തെറിച്ചാൽ ഉണ്ടാകുന്ന മാനക്കേട് എന്നോർത്തു കൊണ്ട് എല്ലാം മറന്ന് ഞാൻ ഓടി തമിഴന്റെ മണ്ണിൽ വെടിയുതിർത്തു കൊണ്ട് ഒളിയുദ്ധത്തിനായി.
ജിലേബിയും വേണ്ട ലഡ്ഡുവും വേണ്ട സമാധാനത്തോടെ ഒന്ന് വെളിക്കിരുന്നാൽ മതി എന്ന ചിന്തയോടെ അവിടെ നിന്നും ബാഗുമെടുത്തിറങ്ങിയപ്പോൾ ഇനി എവിടേക്കെന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു.
താങ്ങാവുന്നതിനും അപ്പുറമായ തമിഴ്നാട്ടിലെ കത്തുന്ന വെയിലിൽ ജോലി തേടി നടന്നത് ദിവസങ്ങൾ ആയിരുന്നു. അവസാനം ഒരു ചായക്കടക്കാരനേ പരിചയപ്പെട്ടു.
മുന്നേ ആരോ പറഞ്ഞു കേട്ടിട്ടുണ്ട് തമിഴ്നാട്ടിൽ ചായക്കട ഉണ്ടെങ്കിൽ അവിടൊരു മലയാളി ഉണ്ടാകുമെന്ന്. പ്രതീക്ഷ തെറ്റിയില്ല. കാസർക്കോട്കാരൻ ഒരു മലയാളിയെ പരിചയപ്പെട്ടപ്പോൾ മനസ്സിന് വല്ലാത്ത ഒരു ആശ്വാസം.
ആൾടെ പേര് വത്സൻ എന്നാണെന്നും അവിടെ ഉള്ളവർ വിളിക്കുന്നത് വാസണ്ണൻ എന്നാണെന്നുമൊക്കെ അദ്ദേഹം എടുത്തു തന്ന ചായ കുടിക്കുന്നതിനിടയിൽ പറയുന്നുണ്ടായിരുന്നു.
‘ ചേട്ടാ ഇവിടെ ഒരു ജോലി കിട്ടോ ” എന്ന് ചോദിച്ചപ്പോൾ അദ്ദേഹം ചിരിച്ചു.
” മോനെ, ഇവിടെ മലയാളികൾ കൂടുതൽ ആണെങ്കിലും നമ്മൾ മലയാളി ആണെന്ന് അറിഞ്ഞാ പിന്നെ തമിഴെ പറയൂ. ഒരാള് നന്നാവുന്നത് മറ്റൊരു മലയാളിക്ക് പിടികൂല. അതോണ്ട് ആവും മോൻ ഇത്രയൊക്കെ അന്വേഷിച്ചു നോക്കിയിട്ടും ഒന്നും ശരിയാവാതിരുന്നത്.
ഇവിടെപ്പോ മോനെ നിര്ത്താന് വെച്ചാ അതിനുള്ള കച്ചോടൊന്നും ഈടെ ഇല്ല. കുറെ കാലായി ഇവിടെ വന്നിട്ട്. അതോണ്ട് അങ്ങനെ പോകാൻ തോന്നാത്തത് കൊണ്ട് ഇവിടെ ങ്ങനെ കടിച്ചുതൂങ്ങി നില്ക്കാ.
മക്കള് വിളിക്കുമ്പോൾ പറയും അച്ഛൻ നാട്ടിലോട്ടു പോരെ എന്ന്. അത് കേൾക്കുമ്പോൾ വരാന്ന് പറയും. അവർക്കും അറിയാം അച്ഛനും ഈ കടയ്ക്കും ഒത്തിരി വയസ്സ് ആയെന്ന്.
അതിനിടയിൽ ഞാനിവിടെ ന്ത് ജോലിയാ മോൻ തരാ? ! ”
അദ്ദേഹം വിഷമത്തോടെ നിൽക്കുന്നത് കണ്ടപ്പോൾ ആ വഴിയും അടഞ്ഞെന്ന് മനസ്സിലായി. ഞാൻ ബാഗുമെടുത്തു ചിരിയോടെ പോട്ടെ എന്നും പറഞ്ഞു റോഡിലേക്ക് ഇറങ്ങുമ്പോൾ അദ്ദേഹം പിറകിൽ നിന്ന് നിക്ക് മോനെ എന്നും പറഞ്ഞ് വിളിക്കുന്നുണ്ടായിരുന്നു.
” മോനെ കണ്ടിട്ട് അങ്ങനെ വിടാൻ തോന്നണില്ല. ന്റെ വീട്ടിലും ണ്ട് നിന്നെപ്പോലെ ഒരുത്തൻ. ഒരു കാര്യം ചെയ്യ്. നീ ഇപ്പോൾ ഇവിടെ നിക്ക്. വൈകീട്ട് കട അടച്ച ശേഷം നമുക്ക് ഒരിടം വരെ പോവാ. ന്തേലും ജോലി ശരിയാക്കാന്നേ നമുക്ക്”
അത് പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തെ സന്തോഷം ഞാൻ കണ്ടു. ഒരു ദൈവത്തെ കണ്ട അവസ്ഥ ആയിരുന്നു അപ്പൊ എന്നിൽ .
അന്ന് വൈകിട്ട് ചായപ്പീടിക അടച്ച് ഞങ്ങൾ നേരേ പോയത് ഒരു ഹോട്ടലിലേക്ക് ആയിരുന്നു.
എന്നേം കൊണ്ടുപോയി അവിടുത്തെ മുതലാളിയോട് കാര്യങ്ങൾ ഒക്കെ സംസാരിച്ചു വാസണ്ണൻ. മലയാളി ആയത് കൊണ്ട് ആദ്യം അവരൊന്നു മടിച്ചെന്ന് തോന്നി.
” ഇവിടെ ഉള്ളോർക്ക് മലയാളികളെ തീരെ വിശ്വാസം ഇല്ല. എന്തേലും സഹായം ചെയ്താൽ ഒരു അവസരം കിട്ടിയാൽ നന്ദി കാണിക്കുന്നതിന് പകരം നല്ല എട്ടിന്റെ പണി കൊടുക്കും.
അതാണ് ആദ്യം ഇവരൊക്കെ മടിക്കുന്നത്. ഇങ്ങനെ ഒക്കെ ആണേലും ഇവിടെ തമിഴൻ കഴിഞ്ഞാൽ പിന്നെ കൂടുതൽ മലയാളികൾ ആവും. ”
കിട്ടിയ സമയത്ത് മലയാളിയുടെ സഹായിച്ചവനോടുള്ള കൂറ് എങ്ങനെ ആണെന്ന് ആണെന്ന് അദ്ദേഹം പറഞ്ഞു തന്നു.
അങ്ങനെ വാസണ്ണന്റെ സഹതാപം കൊണ്ട് ആ ഹോട്ടലിൽ ഞാൻ ജോലിക്ക് കേറി.
അവിടെ വെച്ചാണ് ഞാൻ ശരവണനെ കാണുന്നത്. കറുത്തു മെലിഞ്ഞ ഒരു രൂപം. കണ്ടാൽ മുഴുപട്ടിണി ആണെന്ന് തോന്നും. ആദ്യമൊക്കെ അവനോട് മിണ്ടാൻ മടി ആയിരുന്നു.
പിന്നെ പിന്നെ ഓരോന്ന് തമിഴ് ഒപ്പിച്ചു ചോതിക്കാൻ തുടങ്ങിയപ്പോൾ അവൻ കറ പിടിച്ച പല്ലുകൾ കാട്ടി ചിരിച്ചു.
” മലയാലത്തിൽ പരഞ്ഞാൽ പോതും, എനക്ക് മനശ്ശിലാവും ”
അവന്റെ പാതി മുറിഞ്ഞ മലയാളം കേട്ടപ്പോൾ ഞാനും ചിരിച്ചു.
അവനവിടെ അകത്തെ ജോലികൾ ആയിരുന്നു കൂടുതൽ. വെള്ളം കൊണ്ടുവരാനും വിറക് കീറാനും പാത്രം കഴുകാനുമൊക്കെ അവൻ ഉത്സാഹിച്ചു നടക്കുന്നത് കണ്ടപ്പോൾ മലയാളിയായ എനിക്ക് അവനോട് ദേഷ്യമാണ് തോന്നിയത്.
ഒരു സാധാരണ മലയാളി ചിന്തിക്കുംപ്പോലെ ” ആരെ നന്നാക്കാൻ ആണ് ങ്ങനെ ചത്തു പണിയെടുക്കുന്നത് ” എന്നായിരുന്നു മനസ്സിൽ. ഒരീസം ഞാൻ അത് ചോദിക്കുകയും ചെയ്തു.
അവൻ ദേഹത്തു പറ്റിയ വിയർപ്പും മറ്റും തുടച്ചു കൊണ്ട് എന്റെ അരികിൽ വന്നിരുന്നു.
” എത്ര പണിയെടുത്താലും എനിക്ക് മടുക്കില്ല കൂട്ടുകാരാ, വീട്ടിൽ എന്റെ കൂലിക്ക് വേണ്ടി ഒരുപാട് പേര് കാത്തിരിപ്പുണ്ട്. ആദ്യം ജനിച്ചത് ഞാനാ. പിന്നെ കൂടെ കൂടെ മൂന്ന് പെൺകുട്ടികൾ കൂടി ആയതോടെ അച്ഛൻ ഏതോ ഒരു പെണ്ണിന്റ കൂടെ ഓടിപ്പോയി.
കുട്ടികൾ ഉണ്ടായതല്ലാതെ ഇതിനെ ഒക്കെ എങ്ങനെ വളർത്തുമെന്ന് അറിയാതെ അമ്മ ഓരോ രാത്രിയും കരയുന്നത് കണ്ടിട്ടുണ്ട്. മക്കടെ വിശപ്പ് കണ്ടു സഹിക്കാൻ കഴിയാതെ അമ്മ ജോലിക്ക് പോയിത്തുടങ്ങി.
പക്ഷേ അതിനും അതികം ആയുസ്സില്ലായിരുന്നു. ഞാൻ എട്ടാംക്ലാസ്സിൽ പഠിക്കുമ്പോൾ ജോലി കഴിഞ്ഞു വരുന്ന അമ്മയെ ഒരു ലോറി ഇടിച്ചിട്ടു. അന്ന് മുതൽ അനങ്ങാതെ ഒറ്റ കിടപ്പാ അമ്മ.
ആ നാല് വയറുകൾക്ക് ഞാനേ ഉളളൂ എന്നറിയാവുന്നത്കൊണ്ട് പഠിപ്പ് നിർത്തി പണിക് ഇറങ്ങി. അമ്മേം മൂന്ന് പെങ്ങന്മാരും കഞ്ഞി കുടിക്കുന്നത് ഈ ഹോട്ടലിലെ വരുമാനത്തിൽ നിന്നാണ്.
അപ്പോൾ അതിനുള്ള പണി ഞാൻ ചെയ്യണ്ടേ. ഞാൻ ഒരു കരക്കെത്തിയിട്ട് വേണം ന്റെ സഹോദരിമാരെ കെട്ടിച്ചയക്കാൻ. എന്നിട്ട് അമ്മയ്ക്ക് ഒരു കുറവും വരാതെ പൊന്ന് പോലെ നോക്കണം. ”
അവന്റെ സ്വപ്നങ്ങൾക്ക് വലിയ വലുപ്പമില്ലെന്ന് തോന്നി. പക്ഷേ, ഉള്ള ചെറിയ സ്വപ്നങ്ങളിലേക്ക് എത്താനാണ് അവനീ കഷ്ടപ്പെടുന്നത് എന്നോർത്തപ്പോൾ അവനെ കുറിച്ചോർത്തു അഭിമാനം ആയിരുന്നു.
അവനെപ്പോലെ എനിക്ക് ചിന്തിക്കാൻ കഴിയുന്നില്ലല്ലോ എന്നോർത്തപ്പോൾ സ്വയം പുച്ഛിച്ചു ഞാൻ. ഈ പ്രായത്തിൽ അവൻ ചെയ്യുന്നതും ചിന്തിക്കുന്നതും അത്ഭുതമായിരുന്നു എനിക്ക്.
അന്ന് ഞാൻ ലീവിന് നാട്ടിൽ വന്നതായിരുന്നു.
കുറെ പലഹാരപൊതിയുമായി വീട്ടിലെത്തിയപ്പോൾ അന്യനാട്ടിൽ നിന്ന് ജോലി കഴിഞ്ഞ് വരുന്ന മകനെ സന്തോഷത്തോടെ ആയിരുന്നു അമ്മ സ്വീകരിച്ചത്.
തമിഴ്മണം കഴുകിക്കളഞ്ഞ് നാടിന്റെ മണം ആസ്വദിച്ചു വയലൊക്കെ ഒന്ന് നടന്നു. ഒരു ഗൾഫുകാരന്റെ ഗമയൊക്ക ഉണ്ടായിരുന്നു ആ നടത്തത്തിന്.
വഴിയിൽ കണ്ടവരോടൊക്കെ കുശലം പറഞ്ഞും കൂട്ടുകാരോട് ജോലി സ്ഥലത്തെ ഇല്ലാത്ത വീരകഥകൾ തള്ളിമറിച്ചും രാത്രി വീട്ടിലെത്തുമ്പോൾ മുന്നിൽ കോഴിക്കറി കാത്തിരിപ്പുണ്ടായിരുന്നു.
അതും കഴിച്ചു കിടന്നതോർമ്മയുണ്ട്. യാത്രാക്ഷീണവും മറ്റുമായി പെട്ടന്ന് തന്നെ ഉറക്കത്തിലേക്ക് വഴുതിപ്പോയ ഞാൻ എഴുന്നേറ്റത് അപ്പുറത്തെ വീട്ടിലെ ഭവാനിചേച്ചീടെ ശബ്ദം കേട്ടായിരുന്നു.
“മോനെ, അന്നേ കോയമ്പത്തൂരു നിന്ന് ആരൊ വിളിക്കണുണ്ട്. അവരെ ലൈനിൽ ഉണ്ട്, വേം വാ”
ഭവാനിച്ചേച്ചി ഫോണിൽ വിളിക്കുന്നുണ്ടെന്ന് പറയാൻ വന്നതാണ്. അന്നൊക്കെ അവരുടെ വീട്ടിലെ ഒരു ലാൻഡ്ഫോൺ ഉളളൂ.
അതിലേക്ക് ആണ് എല്ലാവരും വിളിക്കുക. ഞാൻ വേഗം എഴുനേറ്റ് അവിടേക്ക് ഓടി. റിസീവർ ചെവിയോട് ചേർത്ത് ഹലോ എന്ന് പറയുമ്പോൾ അപ്പുറത്ത് മുതലാളി ആയിരുന്നു.
” ടാ, നമ്മുടെ ശരവണൻ പോയെടാ ”
ഞാൻ ആകെ തരിച്ചു നിൽക്കുകയായിരുന്നു.
വിശ്വസിക്കാൻ കഴിയുന്നില്ല. ഒന്നും മിണ്ടാൻ കഴിയാതെ കുറെ നേരം നിന്നു.
വെള്ളം എടുക്കാൻ റോഡ് മുറിച്ചു കിടക്കുമ്പോൾ ഒരു ലോറി ഇടിച്ചതാണത്രേ.
മുതലാളി വിഷമത്തോടെ എന്തൊക്കെയോ പറയുന്നുണ്ട്. പക്ഷേ എനിക്കൊന്നും കേൾക്കാൻ കഴിയുന്നില്ലായിരുന്നു. ഇനി അവൻ ഇല്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഞാൻ ഒന്നും മിണ്ടാൻ കഴിയാതെ ഫോൺ വെച്ചു.
അവസാനമായി അവൻ പറഞ്ഞതോർത്തപ്പോൾ എന്റെ കണ്ണുകൾ വിതുമ്പി…..
” നൻപാ, ഇനി നീ വരുമ്പോൾ ഞാൻ ചിലപ്പോൾ ഇവിടെ ഉണ്ടാകില്ല.
അമ്മയ്ക്ക് ഇച്ചിരി സ്ഥലം ഉണ്ട്, മാമന്റെ കയ്യിൽ ആയിരുന്നു അത്. അതിപ്പോ അമ്മയുടെ പേരിൽ ആക്കിയിട്ടുണ്ട്. ഇനി അതിൽ ന്തേലും കൃഷി ചെയ്ത് നാട്ടിൽ തന്നെ കൂടണം.
അമ്മയെയും സഹോദരിമാരെയും എന്നും കാണാല്ലോ. നീ വരണം എന്നെങ്കിലും. എന്റെ വീടും വീട്ടുകാരെയും കാണാൻ. അപ്പൊ നീ പോയി വാ.. നീ വരുമ്പോൾ ഞാൻ ഉണ്ടാവില്ലട്ടോ ”
അവൻ പറഞ്ഞപ്പോലെ ഇനി അവനില്ല. കുറെ സ്വപ്നങ്ങൾ ബാക്കിയാക്കി അവൻ പോയി. അവന്റെ ആ ചിരി കണ്മുന്നിൽ തെളിയുന്നുണ്ട്… എവിടെയോ ഇരുന്നുകൊണ്ട് അവന്റെ നൻപാ എന്ന വിളി കാതിൽ മുഴങ്ങുന്നും ഉണ്ട്..