സ്നേഹം
(രചന: അരുണിമ ഇമ)
” ഹോ.. മനുഷ്യന് മടുത്തു.. ഇങ്ങനെയും ഉണ്ടോ ഒരു ഏട്ടനും അനിയത്തിയും.. നിന്നെ കെട്ടിയ അന്ന് തുടങ്ങിയതാണ് നിന്റെ ഏട്ടൻ പുരാണം. ഇനിയെങ്കിലും എനിക്ക് ഒരു അല്പം സ്വസ്ഥത വേണം. ”
കിഷോർ ആര്യയോട് പൊട്ടിത്തെറിച്ചു. അവന്റെ ഭാവമാറ്റം ആദ്യമായി കണ്ടതിന്റെ പകപ്പിൽ ആയിരുന്നു ആര്യ.
” അതിന് ഞാൻ തെറ്റായിട്ട് ഒന്നും പറഞ്ഞില്ലല്ലോ..”
അവൾ വീണ്ടും ചോദിച്ചു.
“നീ ചോദിച്ചതും പറഞ്ഞതും ഒന്നും തെറ്റല്ല.. പക്ഷെ.. നീ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഇപ്പോൾ നീ ഒരു അനിയത്തി മാത്രം അല്ല..
ഒരു ഭാര്യ കൂടി ആണ്.. ആ ബോധം നിനക്ക് ഇനി എങ്കിലും ഉണ്ടാവണം.. കുറെ ആയി സഹിക്കാൻ തുടങ്ങിയിട്ട്.. എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട്. അത് മനസ്സിലാക്കിക്കോ..”
ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് കിഷോർ മുറിവിട്ട് പുറത്തേക്കിറങ്ങി. അപ്പോഴും അവൻ എന്തിനാണ് ദേഷ്യപ്പെടുന്നത് എന്ന് ഓർത്ത് ഇരിക്കുകയായിരുന്നു ആര്യ.
ആര്യയുടെ ഏട്ടൻ ആരവ് രണ്ടുദിവസം മുമ്പ് ഗൾഫിൽ നിന്ന് വന്നതേയുള്ളൂ. ആര്യയുടെ വിവാഹ ശേഷം ഇത് ആദ്യമായിട്ടാണ് ആരവിന്റെ വരവ്. ആരവിന്റെ വിവാഹം കഴിഞ്ഞിട്ട് നാലു വർഷത്തോളമായി.
ആരവും ആര്യയും തമ്മിൽ രണ്ടു വയസ്സ് വ്യത്യാസമേയുള്ളൂ. അതുകൊണ്ടു തന്നെ ഇരുവരും സുഹൃത്തുക്കളെ പോലെയാണ്.
ആരവ് സാധാരണ ഗൾഫിൽ നിന്ന് വന്നാൽ എല്ലാവരും കൂടി ഒരു യാത്ര പതിവാണ്. ഇത്തവണ ആ കൂട്ടത്തിലേക്ക് കൂടുതൽ വന്നത് കിഷോർ ആണ്.
ആരവിന് കാർ സ്ത്രീധനം ആയി കിട്ടിയതാണ്.
പക്ഷെ ഒരിക്കൽ പോലും അവനോടൊപ്പം ആ കാറിന്റെ മുൻ സീറ്റിൽ ഇരുന്ന് യാത്ര ചെയ്യാനുള്ള ഭാഗ്യം ആരവിന്റെ ഭാര്യ സ്മൃതിക്ക് ഉണ്ടായിട്ടില്ല. എല്ലായ്പോഴും ആ സീറ്റ് ആര്യക്ക് അവകാശപ്പെട്ടത് ആയിരുന്നു.
ഇത്തവണ എല്ലാവരും ചേർന്ന് യാത്ര പുറപ്പെട്ടപ്പോൾ പതിവ് പോലെ ആര്യ ആ സീറ്റ് കയ്യടക്കി. സ്മൃതി വിഷമത്തോടെ പിൻ സീറ്റിലേക്ക് കയറിയിരിക്കുന്നത് കിഷോർ ശ്രദ്ധിച്ചു.
അതിനേക്കാളേറെ കിഷോറിനെ വിഷമിപ്പിച്ചത് തന്നോട് ഒരു വാക്കു പോലും ചോദിക്കാതെ തന്നെ ശ്രദ്ധിക്കുക പോലും ചെയ്യാതെ ആര്യ ആരവിനോടൊപ്പം മുൻസീറ്റിൽ കയറിയിരുന്നതാണ്.
വണ്ടി സ്റ്റാർട്ട് ചെയ്ത നിമിഷം മുതൽ അവർ ഏട്ടനും അനിയത്തിയും അവരുടേത് മാത്രമായ ലോകത്താണ്. പരസ്പരം തമാശകൾ പറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നു.
അതിനിടയിൽ തങ്ങളെന്ന വ്യക്തികൾ ആ കാറിനുള്ളിൽ ഉണ്ട് എന്ന് പോലും അവർ ഇരുവരും ശ്രദ്ധിക്കുന്നില്ല. എല്ലാംകൊണ്ടും കിഷോറിന് ആകെ ദേഷ്യം വന്നു. അതിന്റെ ബാക്കിയാണ് അവൻ മുറിയിൽ വച്ച് തീർത്തത്.
കിഷോർ തന്നോട് പിണങ്ങി പോയത് അവൾക്ക് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. എത്രയൊക്കെ ആയാലും അവനോട് അവൾക്ക് നല്ല സ്നേഹമാണ്.
പിന്നീട് അവർ തമ്മിൽ കണ്ടുമുട്ടിയത് ആഹാരം കഴിക്കുന്ന സമയത്തായിരുന്നു. അപ്പോൾ അവളുടെ കണ്ണുകൾ അവന്റെ നേരെ തന്നെയായിരുന്നു.
പക്ഷേ അവൻ അവളെ പൂർണമായും അവഗണിച്ചു. അത് കണ്ടതോടെ അവളുടെ കണ്ണ് നിറഞ്ഞു. അവരുടെ ആ ഭാവമാറ്റങ്ങൾ ആരവ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
“നിങ്ങൾ തമ്മിൽ എന്താ പ്രശ്നം? മോളുടെ കണ്ണു നിറഞ്ഞിട്ടുണ്ടല്ലോ..”
ആരവ് ആകുലതയോടെ ചോദിച്ചു. കിഷോർ അവനെ തറപ്പിച്ചു നോക്കി.
” ഞങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കാൻ ഞങ്ങൾക്കറിയാം. ”
അവന്റെ മറുപടി കേട്ട് ആരവ് വിളറി പോയി.
” അതെന്താ മോനെ നീ അങ്ങനെ പറഞ്ഞത്..? അവൻ നിങ്ങളുടെ ഏട്ടൻ അല്ലേ..? നിങ്ങളുടെ കാര്യത്തിൽ ഇടപെടാൻ ഉള്ള സ്വാതന്ത്ര്യം അവന് ഉണ്ടല്ലോ..”
അവരുടെ അമ്മ സുമതി ചോദിച്ചു.
“അങ്ങനെ ഇല്ലെന്ന് ഞാൻ പറഞ്ഞില്ല അമ്മേ.. പക്ഷെ, ഓരോരുത്തർക്കും ഓരോ സ്ഥാനം ഉണ്ട്. അത് മറക്കരുത് എന്ന് മാത്രമേ ഞാൻ പറഞ്ഞുള്ളൂ..”
അവൻ പറഞ്ഞത് മനസ്സിലായില്ല എന്നുള്ള ഭാവം ആയിരുന്നു എല്ലാവർക്കും.
“നീ എന്താ ഉദ്ദേശിക്കുന്നത്..? എന്തൊക്കെയോ മനസ്സിൽ വച്ചു സംസാരിക്കുന്നത് പോലെ..”
ആരവ് ആഹാരം കഴിക്കുന്നത് നിർത്തി അവനെ നോക്കി.
“മറ്റുള്ളവരുടെ മനസ്സ് മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിവില്ല എന്ന് എനിക്ക് നേരത്തെ മനസ്സിലായതാണ്.
അല്ലെങ്കിൽ നിങ്ങളുടെ ഭാര്യയായി ആ ഇരിക്കുന്ന സ്ത്രീ വന്ന് കയറിയിട്ട് വർഷം എത്രയായി..? അവരുടെ മനസ്സുള്ള വിഷമങ്ങൾ എന്തെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ..? പിന്നെയല്ലേ ഇന്നലെ വന്നു കയറിയ എന്റെ കാര്യം..!”
പുച്ഛത്തോടെ അവൻ പറഞ്ഞത് കേട്ട് ആരവ് അമ്പരന്ന അവനെ നോക്കി.
“എന്റെ ഭാര്യക്ക് എന്ത് വിഷമം ഉണ്ട് എന്നാണ് നീ പറഞ്ഞു വരുന്നത്..? അവൾക്ക് എന്ത് വിഷമം ഉണ്ടെങ്കിലും അത് പരിഹരിക്കാൻ എനിക്കറിയാം.”
ആരവ് സ്വല്പം അഹങ്കാരത്തോടെ പറഞ്ഞു.
” ഇന്ന് നമ്മൾ ഇവിടേക്ക് വരുമ്പോൾ നിങ്ങളുടെ ഭാര്യയുടെ മുഖം ശ്രദ്ധിച്ചിരുന്നോ? അതിന് നിങ്ങൾക്ക് എവിടെയാ സമയം അല്ലേ? നിങ്ങൾ ഏട്ടനും അനിയത്തിയും നിങ്ങളുടെ കാര്യങ്ങൾ മാത്രമാണല്ലോ അറിയാറ്..? ”
പുച്ഛത്തോടെ അവൻ പറഞ്ഞത് കേട്ട് എല്ലാവരും അവനെ തന്നെ ശ്രദ്ധിച്ചു.
” ഞാൻ ഒന്ന് ചോദിച്ചോട്ടെ..? ഏട്ടൻ ഉപയോഗിക്കുന്ന കാർ.. അത് ഏടത്തിയുടെ വീട്ടിൽ നിന്ന് വാങ്ങി തന്നതല്ലേ..? അതിൽ നിങ്ങൾ മാത്രമായി എപ്പോഴെങ്കിലും ഒരു യാത്ര പോയിട്ടുണ്ടോ..?
നിങ്ങൾ ഒരുമിച്ച് പോകുമ്പോൾ എപ്പോഴെങ്കിലും ഏട്ടത്തിക്ക് ആ മുന്നിലെ സീറ്റിൽ ഇരിക്കാൻ ഒരു അവസരം കൊടുത്തിട്ടുണ്ടോ..? അത് എങ്ങനെയാ അല്ലേ..? എല്ലായിപ്പോഴും അനിയത്തി വേണമല്ലോ ഒപ്പം..
എന്തിനും ഏതിനും അനിയത്തി. അനിയത്തിയെ സ്നേഹിക്കേണ്ട എന്ന് ആരും പറയുന്നില്ല. പക്ഷെ ആ കൂട്ടത്തിൽ ഭാര്യക്ക് ഒരു സ്ഥാനം കൊടുക്കണം.. ”
കിഷോർ പറയുമ്പോൾ ആരവ് ശ്രദ്ധിച്ചത് സ്മൃതിയെ ആയിരുന്നു. അവൾ ആരാധനയോടെ അവനെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു.
തന്റെ വിഷമങ്ങൾ താൻ പറയാതെ കിഷോർ മനസ്സിലാക്കിയത് എങ്ങനെ എന്ന് അവൾ ചിന്തിക്കുന്നുണ്ടായിരുന്നു.
” ഇനി ഞാൻ ഇതൊക്കെ പറയുന്നത് ഏട്ടത്തി എന്നോട് പറഞ്ഞതു കൊണ്ടാണ് എന്ന് നിങ്ങൾ തെറ്റിദ്ധരിക്കരുത്. ഇതൊക്കെ എന്നോട് പറഞ്ഞത് നിങ്ങളുടെ പെങ്ങൾ തന്നെയാണ്.
പക്ഷേ അവൾ അത് ഏട്ടത്തിയുടെ വേദനയായി അല്ല പറഞ്ഞത്. അവൾക്ക് ഏട്ടനിൽ നിന്നു കിട്ടുന്ന കൺസിഡറേഷൻ ആയിട്ടാണ്. അവൾ പറയുമ്പോൾ ഞാൻ ചിന്തിച്ചത് ഏട്ടത്തിയെ കുറിച്ചാണ്.
ഏതൊരു പെണ്ണിനും ആഗ്രഹം ഉണ്ടാവില്ലേ ഭർത്താവിനോടൊപ്പം ഒരു യാത്ര പോകാൻ..? അതും പ്രവാസിയായ ഭർത്താവ് രണ്ടു മാസത്തെ ലീവിന് നാട്ടിൽ വരുമ്പോൾ..
അവർ മാത്രമായി കുറച്ച് സമയം ഏത് ഭാര്യയും ആഗ്രഹിക്കും.. അവർക്ക് അത് അനുവദിച്ചു കൊടുക്കാതെ നിങ്ങളൊക്കെ എന്തു മനുഷ്യരാണ്..? ”
അവൻ പുച്ഛത്തോടെ ചോദിച്ചു.
“അവർ ഇതുവരെയും പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ..?
അവർ എന്തെങ്കിലും പറഞ്ഞാൽ അത് വീട്ടിലൊരു കുടുംബപ്രശ്നം ഉണ്ടാകുമെന്നത് കൊണ്ടാണ്.
എന്ത് പ്രശ്നം ഉണ്ടായാലും അത് വന്ന വേണമെന്ന് പെണ്ണിന്റെ തലയിൽ വച്ചു കെട്ടാൻ ഈ നാട്ടുകാർക്ക് വല്ലാത്തൊരു മിടുക്ക് ആണല്ലോ..
അത്തരം ഒരു അപമാനം സഹിക്കാൻ വയ്യാത്തത് കൊണ്ടാണ് അവർ ഇതുവരെയും പ്രതികരിക്കാത്തത്.”
കിഷോർ പറഞ്ഞത് കേട്ട് ആരവിന്റെ തല കുനിഞ്ഞു. ആര്യയും വല്ലാത്തൊരു അവസ്ഥയിലായിരുന്നു.
“ഇന്ന് നമ്മൾ യാത്ര പുറപ്പെട്ടപ്പോൾ, എന്നോട് ഒരു വാക്ക് ചോദിക്കുകയോ പറയുകയോ ചെയ്യാതെ അവൾ നിങ്ങളോടൊപ്പം മുൻ സീറ്റിൽ കയറിയിരുന്നു.
അത് പെങ്ങളുടെ സ്വാതന്ത്ര്യമായി കണ്ടു ഞാൻ കണ്ണടച്ചേനെ, ആ സമയം ഏട്ടത്തിയുടെ വിഷമം നിറഞ്ഞ മുഖം കണ്ടില്ലായിരുന്നെങ്കിൽ..! നിങ്ങൾ അവിടെ ഇരുന്നു എന്നത് ശരി തന്നെ.
പക്ഷേ നിങ്ങളെ കൂടാതെ മറ്റു കുറച്ചുപേർ ആ വണ്ടിയിൽ ഉണ്ടായിരുന്നു. നിങ്ങളുടെ രണ്ടുപേരുടെയും പങ്കാളികൾ. ഇടയ്ക്കെങ്കിലും അവരെ കൂടി ഒന്ന് പരിഗണിക്കാമായിരുന്നു.
നിങ്ങളുടെ സംസാരത്തിൽ എപ്പോഴെങ്കിലും ഞങ്ങളെ കൂടി ഉൾപ്പെടുത്താമായിരുന്നു.. നിങ്ങൾ അത് ചെയ്തില്ല. നിങ്ങൾ മാത്രമാണ് ആ കാറിലുണ്ടായിരുന്നത് എന്നുള്ള ഭാവം ആയിരുന്നു നിങ്ങളുടേത്..
ഒക്കെ കഴിഞ്ഞ് മുറിയിലെത്തി ഇവൾ എന്നോട് സ്നേഹം പ്രകടിപ്പിക്കാൻ വന്നത് എനിക്കിഷ്ടപ്പെട്ടില്ല.
അത്രയും സമയം ഞാൻ ഒരു മനുഷ്യജീവി കൂടെയുണ്ട് എന്ന് പരിഗണിക്കാത്തവൾ പെട്ടെന്ന് സ്നേഹവും കൊണ്ട് എന്റെ കൂടെ വരണ്ട.. അതുമാത്രമാണ് ഞങ്ങൾക്കിടയിലെ പ്രശ്നം..”
അവൻ പറഞ്ഞത് കേട്ട് ആര്യ വിറങ്ങലിച്ചു പോയി. അവൻ പറഞ്ഞതൊക്കെ ശരിയാണ്. ഒരിക്കൽപോലും ഏട്ടന്റെ കൂടെ യാത്ര ചെയ്യുമ്പോൾ ഏടത്തിയുടെ വിഷമങ്ങൾ കുറിച്ചു ചിന്തിച്ചിട്ടില്ല.
പകരം വിവാഹം കഴിഞ്ഞിട്ടും ഏട്ടൻ തനിക്ക് തരുന്ന പരിഗണനകളിൽ സന്തോഷിക്കുകയേയുള്ളൂ.
ഏട്ടനും ഏട്ടത്തിയും എവിടെ പോകാൻ ഇറങ്ങിയാലും കാറിന്റെ മുൻസീറ്റിൽ കയറിയിരിക്കുന്നത് തന്റെ ശീലമായി. ഒരിക്കലും ആരും അത് തടഞ്ഞിട്ടില്ല. ഏട്ടൻ ഒരുപക്ഷേ മറുത്തു പറയില്ല. ചേട്ടത്തിക്ക് അത് പറയാൻ ഭയമായിരിക്കും.
കിഷോർ ഏട്ടൻ പറഞ്ഞത് പോലെ വീട്ടിൽ ഒരു പ്രശ്നം ഉണ്ടാക്കണ്ട എന്നു കരുതി മനസ്സിലൊതുക്കിയതുമാകാം. മനസ്സിലാക്കി പ്രവർത്തിക്കേണ്ടിയിരുന്നത് താനായിരുന്നു.
പലപ്പോഴും യാത്രകളിൽ ഏട്ടത്തി തന്നിലേക്കു തന്നെ ഒതുങ്ങിക്കൂടുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. അതിന്റെ കാരണം അന്വേഷിക്കാൻ താൻ മെനക്കെട്ടിട്ടില്ല.
ഏട്ടന്റെ കൂടെ കിട്ടുന്ന കുറച്ച് ദിവസങ്ങൾ മാക്സിമം അടിച്ചുപൊളിക്കുക എന്ന ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ..
അതുപോലെയുള്ള ആഗ്രഹങ്ങൾ ഏടത്തിയും ഉണ്ടാകും എന്നുള്ള ചിന്ത എനിക്ക് ഉണ്ടായിരുന്നില്ല..
ആര്യ വിഷമത്തോടെ ചിന്തിച്ചു. ആരവിന്റെ മനസ്സിലും അതൊക്കെ തന്നെയായിരുന്നു.
കിഷോർ ഇപ്പോൾ ഇതെല്ലാം തുറന്നു പറഞ്ഞതുകൊണ്ട് മാത്രമാണ് ഇപ്പോഴെങ്കിലും തിരിച്ചറിവുണ്ടായത്. അല്ലെങ്കിൽ ഒരിക്കലും ആരും ഇങ്ങനെ ഒരു കാര്യത്തെ കുറിച്ച് ചിന്തിക്കില്ല.
വേദനയോടെ ആരവ് ചിന്തിച്ചു കൊണ്ട് സ്മൃതിയെ നോക്കി. ആരവിന്റെ പ്രതികരണം ഇനി എങ്ങനെ ആകും എന്നുള്ള ഭയമായിരുന്നു അവൾക്ക്.
” പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. നിങ്ങൾ ഏട്ടനും അനിയത്തിയും ആണ് എന്നതൊക്കെ ശരി തന്നെ.
പക്ഷേ ഇപ്പോൾ നിങ്ങൾ രണ്ടാളും പഴയ കുട്ടികൾ അല്ല. രണ്ടുപേർക്കും വ്യത്യസ്ത കുടുംബങ്ങളുണ്ട്.
നിങ്ങളുടെ ഒക്കെ പങ്കാളികൾ ഉണ്ട്. ഇനിയെങ്കിലും അത് മനസ്സിലാക്കി മുന്നോട്ടു പോയാൽ നല്ലത്. നിങ്ങൾ തമ്മിലുള്ള ബന്ധത്തെ അറുത്തുമാറ്റാൻ ഒന്നും ആരും ശ്രമിക്കുന്നില്ല.
പക്ഷേ നിങ്ങളോടൊപ്പം ഉള്ള പങ്കാളികളെയും ചേർത്തുപിടിക്കാൻ നിങ്ങൾക്ക് രണ്ടുപേർക്കും കഴിയണം. കുറച്ചു മണിക്കൂറുകൾ മാത്രം നേരിട്ട് അവഗണന എന്നെ എത്രമാത്രം വിഷമിപ്പിച്ചു എന്ന് എനിക്കറിയാം.
അപ്പോൾ പിന്നെ വർഷങ്ങളായി ഇത് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏടത്തിയുടെ കാര്യം പറയണോ..? ഇനിയെങ്കിലും ഒക്കെ മനസ്സിലാക്കി പ്രവർത്തിക്കുക.. ”
അത്രയും പറഞ്ഞു കിഷോർ എഴുന്നേറ്റ് പോകുമ്പോൾ എല്ലാവരുടെയും മനസ്സിൽ അവൻ പറഞ്ഞ വാചകങ്ങൾ തന്നെയായിരുന്നു. പങ്കാളിയെ ചേർത്തുപിടിക്കണം.
വിവാഹത്തോട് അമ്മയേയും സഹോദരിയേയും ഒന്നും ഉപേക്ഷിക്കണം എന്നല്ല പറയുന്നത്.
പകരം അവർക്കൊപ്പം തന്നെ പങ്കാളിയെയും ചേർത്തു പിടിക്കണം. നിങ്ങൾക്ക് ജീവിതാവസാനം വരെ കൂടെയുള്ളത് നിങ്ങളുടെ പങ്കാളികൾ ആയിരിക്കും…