ഉറ്റ ചങ്ങാതിമാർ തന്നെ അവളെ റേപ്പ് ചെയ്തു.. അഞ്ചോളം പേര്.. “

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

 

” എന്ത് പറ്റിയെടോ പെട്ടെന്ന് മെന്റൽ ഹോസ്പിറ്റലിനെ പറ്റിയൊക്കെ എഴുതാൻ തോന്നാൻ. ”

ഇന്ദുവിന്റെ ചോദ്യം കേട്ട് ഒന്ന് പുഞ്ചിരിച്ചു ഗായത്രി.

” ഞങ്ങടെ പത്രത്തിനൊപ്പം സൺഡേയ്‌സിൽ കൊടുക്കുന്ന പ്രത്യേക പതിപ്പിൽ ഇത്തവണ മെറ്റൽഹോസ്പിറ്റലിനെ പറ്റി ഒരു സ്റ്റോറി ആഡ് ചെയ്യാം എന്നൊരു സജക്ഷൻ വന്നു. ചേച്ചി ഇവിടെ ഡോക്ടർ ആയത് കൊണ്ട് തന്നെ ആ ദൗത്യം ഞാൻ അങ്ങ് ഏറ്റെടുത്തു.. മാത്രമല്ല ജീവിതത്തിൽ ഒരു ഘട്ടത്തിൽ മനോനില പോലും കൈ വിട്ടു പോകുമോ എന്ന് ഭയന്നൊരു സാഹചര്യം എനിക്കും ഉണ്ടായിരുന്നു…. അപ്പോ പിന്നെ എന്തായാലും വന്നു കാര്യങ്ങൾ നേരിട്ട് ഒക്കെ അറിയാം ന്ന് കരുതി.. ”

“ആഹാ.. കൊള്ളാലോ.. എന്നിട്ട് എന്താണ് തനിക്ക് അറിയേണ്ടത് ചോദിക്ക്.. ”

ഇന്ദു പതിയെ മുന്നിലേക്ക് നടക്കവേ പിന്നാലെ ചെന്നു ഗായത്രി.

” ചേച്ചി..ഇവിടുത്തെ ചികിത്സാ രീതികൾ… പിന്നെ പേഷ്യൻസിനെ പറ്റി… അങ്ങിനെ മൊത്തത്തിൽ.. അതാണ് പ്ലാൻ.. ചേച്ചിടെന്ന് മാക്സിമം ഡീറ്റെയിൽസ് കിട്ടിയാൽ അത് വച്ച് ഒരു സ്റ്റോറി എഴുതി ഉണ്ടാക്കാം എനിക്ക് .. ”

” ആ അത് കൊള്ളാം.. എന്നെ കൊണ്ട് പറ്റുന്ന പോലെ എല്ലാം പറയാം ഞാൻ പക്ഷെ എന്റെ പേഷ്യന്റ്സിന്റെ ഫോട്ടോസ് എടുക്കരുത് കേട്ടോ അത് നിന്റെ ഫോട്ടോ ഗ്രാഫറോട് പ്രത്യേകം പറയണം.. ”

ഇന്ദുവിന്റെ ആ നിർദ്ദേശം അംഗീകരിച്ചു ഗായത്രി. ശേഷം പതിയെ തനിക്കറിയേണ്ട കാര്യങ്ങൾ ചോദിച്ചു തുടങ്ങി അവൾ.

” ചേച്ചി.. ഇവിടിപ്പോ മൊത്തം എത്ര രോഗികൾ ഉണ്ട്.. ”

” രോഗികൾ… മുപ്പത്തിയെട്ട് പേരുണ്ട് നിലവിൽ. അതിൽ ഒരാൾ ചിലപ്പോ അടുത്താഴ്ച പോയേക്കും.. ”

” എന്താണ് ഇവിടുള്ള രോഗികളെ പറ്റി ചേച്ചിക്ക് പറയാൻ ഉള്ളത്.. അവരെ എങ്ങിനെയാണ് ചേച്ചി കൈകാര്യം ചെയ്യുന്നത്.. പ്രശ്നക്കാർ ആരേലും ഉണ്ടോ.. ”

ആ ചോദ്യം കേട്ട് ഒന്ന് പുഞ്ചിരിച്ചു ഇന്ദു..

” പ്രശ്നക്കാർ എന്ന് പറയാൻ… ഒരാൾ ഉണ്ട്. പക്ഷെ എപ്പോഴും പ്രശ്നം ഇല്ല കേട്ടോ ഇടക്കിടക്ക് പുള്ളി കേറി വയലന്റ് ആകും… പിന്നെ ഇവിടുള്ള ഓരോരുത്തരും ഓരോ തരക്കാരാണ്.. അവരുടെ പ്രശ്നങ്ങൾ അറിഞ്ഞു അതിനനുസരിച്ചു പരിചരിച്ചാൽ മാറ്റങ്ങൾ ഉണ്ടാകും. ഞങ്ങൾ ഇവിടെ അങ്ങിനെയാണ് ചെയ്യാറ്. ”

അത്രയും പറഞ്ഞു കുറച്ചകലെ ബെഞ്ചിൽ ഇരിക്കുന്ന ഒരു പെൺകുട്ടിയെ ചൂടി കാണിച്ചു ഇന്ദു.

” ദേ. ആ കുട്ടിയെ കണ്ടോ.. ഇരുപത്തഞ്ചു വയസാണ് പ്രായം മൂന്ന് മാസത്തോളമായി ഇവിടെ…കോട്ടയം കാരിയാണ്. തമിഴ്നാട്ടിൽ ഒരു എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥിനിയായിരുന്നു. വീടും നാടും വിട്ട് ഹോസ്റ്റലിലേക്ക് ഒക്കെ മാറിയപ്പോ ചില ചീത്ത കൂട്ടുകെട്ടുകളിൽ ചെന്നു പെട്ടു പോയി. അവിടെ വച്ച് ഡ്രഗ്സ് ഉപയോഗം തുടങ്ങി. ഒടുവിൽ മയക്ക് മരുന്ന് കൊടുത്തു മയക്കി ഉറ്റ ചങ്ങാതിമാർ തന്നെ അവളെ റേപ്പ് ചെയ്തു.. അഞ്ചോളം പേര്.. ”

അത്രയും പറഞ്ഞു ഒന്ന് നെടുവീർപ്പിട്ടു ഇന്ദു. ഒക്കെയും കേട്ട് ഒരു നടുക്കത്തോടെ ആ പെൺകുട്ടിയെ തന്നെ നോക്കി നിന്നു ഗായത്രി.

” എന്നിട്ട്.. “ബാക്കി അറിയാൻ വേണ്ടി അവളുടെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു.

” എന്നിട്ടെന്താ അമിതമായ ലഹരി ഉപയോഗം പിന്നെ നടന്ന സംഭവത്തെ പറ്റി അറിഞ്ഞപ്പോൾ ഉള്ള ഷോക്ക്.. ആകെ മനോനില തെറ്റി പോയി പാവത്തിന്.. നാണക്കേട് കാരണം വീട്ടുകാർ ഒന്നും ആരെയും അറിയിച്ചില്ല. നേരെ ഇവിടേക്ക് കൊണ്ട് വന്നു. കുറച്ചു നാളത്തെ ട്രീറ്റ്‌മെന്റിൽ ഡ്രഗ്സിന്റെ പിടിയിൽ നിന്നും രക്ഷപെട്ടു. പക്ഷെ മാനസികമായി ആകെ തകർന്നു പോയി പാവം… ഇവിടിപോ മെഡിസിനും പിന്നെ യോഗയും എക്സസൈസുമൊക്കെയായപ്പോൾ നല്ല മാറ്റം ഉണ്ട്.. ഇപ്പോൾ ആള് പതിയെ പതിയെ ആക്റ്റീവ് ആയി വരുന്നുണ്ട്. ”

ആ കേട്ടത് ഗായത്രിക്ക് വലിയ ആശ്വാസമായി എന്നാൽ ഒരു നിമിഷം അവളുടെ മനസ്സ് പിന്നിലേക്ക് സഞ്ചരിച്ചു കൃത്യമായി പറഞ്ഞാൽ നാല് വർഷങ്ങൾ പിന്നിലേക്ക്.. മനസ്സിൽ മണ്ണിട്ടു മൂടിയ ചില ഓർമ്മകൾ അവളെ വീണ്ടും അലട്ടി.. അവളിലെ പെട്ടെന്നുള്ള ഭാവമാറ്റം ഇന്ദുവും ശ്രദ്ധിച്ചു.

” എന്ത് പറ്റി ഗായത്രി.. പെട്ടെന്നൊരു മൂഡ് ഓഫ്‌ എന്തേലും പ്രശ്നം ഉണ്ടോ..

സംശയത്തോടെ ഇന്ദു നോക്കുമ്പോൾ പതിയെ മുന്നിലേക്ക് നടന്നു ഗായത്രി.

” ചേച്ചി.. ഞാൻ മുന്നേ പറഞ്ഞില്ലേ.. മനസ്സ് കൈവിട്ട ഒരു അവസ്ഥ എനിക്കും ഉണ്ടായിരുന്നു.. ജേർണലിസ്റ്റ് ആയ ശേഷമല്ലേ നമ്മൾ പരിചയപെടുന്നേ.. പക്ഷെ അതിനുമൊക്കെ മുന്നേ മറ്റൊരു ഗായത്രിയുണ്ടായിരുന്നു. ഒരു സമയം മനോനില തെറ്റിയേക്കുമോ എന്ന് പോലും ഭയന്നു ജീവിച്ച ഒരു ഗായത്രി..”

അവൾ പറഞ്ഞു നിർത്തുമ്പോൾ കൂടുതൽ അറിയാൻ ആകാംഷയായി ഇന്ദുവിന്. അത് മനസിലാക്കി തുടർന്നു ഗായത്രി.

” എനിക്കൊരാളെ ഇഷ്ടമായിരുന്നു ചേച്ചി.. പേര് രാഹുൽ..ഇഷ്ടമെന്ന് വച്ചാൽ ജീവനായിരുന്നു… ആളൊരു അനാഥനായിരുന്നു അതുകൊണ്ട് തന്നെ വീട്ടിൽ അറിഞ്ഞപ്പോൾ ആകെ പ്രശ്നമായി. ഒരുമിച്ചു ജീവിക്കാൻ വിടില്ലെന്ന് എന്റെ വീട്ടുകാർ ഉറപ്പിച്ചു പറഞ്ഞു. രാഹുലിനെ കുറെ ഉപദ്രവിച്ചു എന്റെ ഏട്ടന്മാർ. ഒടുവിൽ ഞങ്ങൾ ഒളിച്ചോടാൻ തീരുമാനിച്ചു. അന്ന് രാത്രി.. ”

അത്രയും പറഞ്ഞു ഒന്ന് നിർത്തി അവൾ.

അന്നെന്തോ കാര്യമായി സംഭവിച്ചു എന്ന് അവളുടെ മുഖത്തെ വിഷാദ ഭാവത്തിൽ നിന്നും ഊഹിച്ചു ഇന്ദു.

“എന്നിട്ട്.. എന്നിട്ട് അന്ന് നൈറ്റ് എന്ത് പറ്റിയെടോ..”

ആകാംഷയിൽ ഇന്ദു നോക്കവേ പതിയെ നെടുവീർപ്പിട്ടു ഗായത്രി.

” എന്റെ വീട്ടുകാർ എങ്ങിനെയോ അറിഞ്ഞു ഞങ്ങടെ പ്ലാൻ. ഞാൻ വീട് വിട്ട് ഇറങ്ങാൻ നേരം അച്ഛൻ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. മുറിയിൽ കേറി വാതിൽ അടച്ചു. അതൊരു അടവായിരുന്നു എന്ന് അറിയാമായിരുന്നിട്ടും എന്തുകൊണ്ടോ ധിക്കരിച്ചു പോകാൻ പറ്റിയില്ല എനിക്ക്… ”

അത്ര പറഞ്ഞു നിർത്തുമ്പോഴേക്കും ഗായത്രിയുടെ മിഴികൾ നീരണിഞ്ഞു.

” എന്നിട്ട്.. രാഹുൽ എന്ത് ചെയ്തു… പിന്നെ വിളിച്ചില്ലേ അവൻ. ”

ഇന്ദുവിന്റെ ചോദ്യം കേട്ട് പതിയെ മിഴിനീർ തുടച്ചു അവൾ.

“പിന്നെ അവനെ ഞാൻ കണ്ടിട്ടില്ല. എന്നെ വിളിച്ചിട്ടും ഇല്ല.. ഞാൻ ചെയ്തത് ചതിയല്ലേ…. ആ വിഷമത്തിൽ അവൻ എവിടേക്കോ പോയി.. ഇന്നിപ്പോ എവിടെയെങ്കിലും സുഖമായി ജീവിക്കുന്നുണ്ടാകും.”

ഒരു നെടുവീർപ്പോടെ പറഞ്ഞവസാനിപ്പിച്ചു ഗായത്രി.

” എല്ലാം വിധിയാണെടോ.. പോട്ടെ… ”

ആശ്വാസ വാക്കുകളോടെ അവളുടെ ചുമലിൽ തട്ടി ഇന്ദു.

” കുറച്ചു നാളുകൾക്ക് ശേഷം എന്റെ വിഷമം മനസിലാക്കി അച്ഛനും ഏട്ടന്മാരും അവനെ തിരക്കി പോയിരുന്നു. അപ്പോൾ അറിഞ്ഞത് അവന്റെ വിവാഹം കഴിഞ്ഞിരുന്നു എന്നാണ്. ഏതോ ഓർഫനേജിലെ തന്നെ കുട്ടി..

അവർ ഒന്നിച്ചു തമിഴ്നാട്ടിൽ എവിടെയോ സെറ്റിൽഡ് ആണ്.. ഒരുപക്ഷെ എന്നോടുള്ള ദേഷ്യം മൂലം ആകും അങ്ങിനെ തീരുമാനിച്ചത്… പിന്നെ ഞാൻ തിരക്കാൻ പോയില്ല ”

ആ മറുപടി കേട്ട് അസ്വസ്ഥയായി ഇന്ദു.

” വിധിയെ തടുക്കാൻ നമുക്ക് പറ്റില്ലെടോ.. ”

” അതെ വിധിയാണ്. ചേച്ചി.. കുറെ നാള് ആകെ ഡിപ്രഷൻ അടിച്ചിരുന്നു ഞാൻ.. എന്നിട്ട് ഒടുവിൽ വീട്ടുകാരുടെ ദുഃഖം കണ്ട് അവർ കണ്ട് പിടിച്ച ആളിന് മുന്നിൽ കഴുത്ത് നീട്ടി.. പക്ഷെ ആ ബന്ധം ഒരു വർഷം മാത്രം നീണ്ടു.. ഇപ്പോ ഒറ്റയ്ക്ക്.. ”

നിരാശയോടെയാണ് ഗായത്രി പറഞ്ഞു നിർത്തിയത്.. അല്പസമയം അവർക്കിടയിൽ നിശബ്ദത പരന്നു.

” ഇതിപ്പോ എന്റെ ഹോസ്പിറ്റലിനെ പറ്റി എഴുതാൻ വന്നിട്ട് ഇനീപ്പോ തനിക്ക് ഞാൻ കൗൺസിലിംഗ് തരേണ്ട അവസ്ഥയാണല്ലോ.. പോട്ടെടോ കഴിഞ്ഞത് കഴിഞ്ഞു.. നീ പറഞ്ഞ പോലെ അവൻ ഇപ്പോൾ സുഖമായി ജീവിക്കുന്നുണ്ടാകും. ”

ഇന്ദുവിന്റെ ആ വാക്കുകൾ ഗായത്രിയിൽ പുഞ്ചിരി വിടർത്തി. പതിയെ പതിയെ അവർ ആ വിഷയം വിട്ടു. ശേഷം വീണ്ടും വന്ന ജോലിയിൽ മുഴുകി. ഒടുവിൽ ആവശ്യമായ വിവരങ്ങളും ചിത്രങ്ങളുമൊക്കെ ശേഖരിച്ചു ഗായത്രി യാത്രപറയാനൊരുങ്ങി.

” ചേച്ചി.. ചേച്ചീടെ ഒരു ഫോട്ടോ സ്റ്റോറിക്കൊപ്പം കൊടുക്കും കേട്ടോ അതിൽ പ്രശ്നം ഇല്ലാലോ അല്ലെ.. ”

“ഏയ്. താൻ കൊടുത്തോ..”ഇന്ദു മറുപടി പറയുമ്പോൾ തന്നെ ഒരു നേഴ്സ് വെപ്രാളത്തിൽ ഓടിയെത്തി..

” ഡോക്ടർ. ദേ ആ നൂറ്റിമൂന്ന് വീണ്ടും വെളീൽ ചാടി.. “കേട്ടപാടെ നടുക്കമായി ഇന്ദുവിന് ..

” സെക്യൂരിറ്റിയേ വിളിക്ക് വേഗം.. അവൻ പുറത്ത് പോയാൽ പ്രശ്നം ആണ്.”

ആ വെപ്രാളവും ബഹളവും ഒക്കെ കണ്ടപ്പോൾ ഗായത്രിയും ഒന്ന് ഭയന്നു.

” എന്താ ചേച്ചി.. എന്താ പ്രശ്നം.. ആരാ വെളീൽ ചാടിയെന്നൊക്കെ പറഞ്ഞെ

“അതൊരു പേഷ്യന്റ് ആണ്.. ഞാൻ പറഞ്ഞില്ലെ ഇവിടുത്തെ ഏക പ്രശ്നക്കാരൻ…. ആള് വല്ലാതെ വയലന്റ് ആകും ഇടയ്ക്ക്.. ആരാണ്ടൊക്കെയോ തല്ലി ചതച്ച് ഒടുക്കം മരിച്ചെന്ന് കരുതി കാട്ടിൽ കൊണ്ടിട്ടതാ അവനെ ..

ഫോറെസ്റ്റ്കാരാണ് കണ്ടിട്ട് ഹോസ്പിറ്റലിൽ എത്തിച്ചത്. ഏകദേശം മൂന്ന് മാസത്തോളം കോമ സ്റ്റേജിൽ ആയിരുന്നു പിന്നെ പതിയെ പതിയെ അത് മാറിയപ്പോ ആളുടെ മനോനില പൂർണ്ണമായും നഷ്ടമായിരുന്നു . തലയിൽ അത്രയ്ക്ക് വലിയ ക്ഷതം ഏറ്റിരുന്നു. ഇനിയൊരിക്കലും അവനു സ്വബോധം തിരികെ കിട്ടില്ല.. ഇതുവരെയും ആരും തിരക്കി വന്നതും ഇല്ല. ഒരുപക്ഷെ നീ നിന്റെ കാമുകനെ പറ്റി പറഞ്ഞ പോലെ ഇവനും ഒരു ഓർഫനാകാം ”

ഇന്ദു പറഞ്ഞത് കേൾക്കെ ഉള്ളിൽ ഒരു നീറ്റൽ തോന്നി ഗായത്രിക്ക്.

‘പാവം.. ‘

അറിയാതെ അവളുടെ മനസ്സ് മന്ത്രിച്ചു.

“എന്നെ വിട്.. വിട്.. ”

വലിയൊരു ബഹളത്തോടെ ഒടുവിൽ സെക്യൂരിറ്റിക്കാർക്ക് മുന്നിൽ കീഴടങ്ങി അവൻ. വലിച്ചിഴച്ചു സെല്ലിലേക്ക് കൊണ്ട് പോകവേ ഇന്ദുവിനു പിന്നാലെ ചെന്ന ഗായത്രി ഒരു നോക്ക് ആ മുഖം ഒന്ന് കണ്ടു. ആ അടുത്ത നിമിഷം അവളുടെ ഉള്ളിൽ ഒരു മിന്നൽ പിണർപ്പടിച്ചു.

ചുണ്ടുകൾ അറിയാതെ വിറപൂണ്ടു. കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി അവൾക്ക്..

ഞെട്ടലോടെ ഗായത്രി മനസിലാക്കി ഇന്ദു പറഞ്ഞ ഇനിയൊരിക്കലും സ്വബോധം തിരികെ കിട്ടാൻ സാധ്യതയില്ലാത്ത ആ രോഗി.. അത് രാഹുൽ ആയിരുന്നു. ഉള്ളിലെ ഞെട്ടൽ അകലവേ എന്ത് ചെയ്യണമെന്നറിയാതെ കുഴഞ്ഞു അവൾ. മിഴികൾ അറിയാതെ തുളുമ്പി. താടിയും മുടിയുമൊക്കെ നീട്ടി വളർത്തിയ മെലിഞ്ഞുണങ്ങിയ രൂപം പക്ഷെ ഒറ്റ നോട്ടത്തിൽ അവനെ വ്യക്തമായി തിരിച്ചറിഞ്ഞിരുന്നു ഗായത്രി.

” എന്തുവാടോ കണ്ട് പേടിച്ചു പോയോ… കണ്ണൊക്കെ നിറഞ്ഞല്ലോ..”

അവളുടെ ഭാവമാറ്റം ഇന്ദു ശ്രദ്ധിച്ചിരുന്നു. പെട്ടെന്ന് മിഴികൾ. തുടച്ചു ഗായത്രി..

“ചേ… ചേച്ചി … ഈ.. ഈ ആള് ഇവിടെ വന്നിട്ട് എത്ര നാളായി…”

ആ ചോദ്യം കേട്ട് ഒരു നിമിഷം ഒന്ന് ചിന്തിച്ചു ഇന്ദു.

” ഏകദേശം…. ഒരു മൂന്ന് വർഷം ആയിട്ടുണ്ടാകും…”

പിന്നെ മറുപടിയൊന്നും പറഞ്ഞില്ല അവൾ ..

“ഞാ.. ഞാൻ പോകുന്നു ചേച്ചി. ഇച്ചിരി തിരക്കുണ്ട്. പിന്നീട് കാണാം ”

നിന്ന നിൽപ്പിൽ ഗായത്രി തിരിഞ്ഞു നടക്കുമ്പോൾ സംശയത്തോടെ നോക്കി നിന്നു ഇന്ദു.

” എടോ.. എന്താ.. എന്ത് പറ്റി.. ”

പിന്നാലെ അവൾ വിളിച്ചു ചോദിച്ചെങ്കിലും ഗായത്രി അത് ശ്രദ്ധിച്ചില്ല. വേഗത്തിൽ നടക്കുമ്പോൾ തന്റെ ചുവടുകൾ പതറുന്നത് തിരിച്ചറിഞ്ഞു അവൾ.

‘ ദൈവമേ .. ഇതെങ്ങിനെ… അച്ഛൻ പറഞ്ഞത്.. രാഹുൽ തമിഴ്നാട്ടിൽ ആണെന്നല്ലേ… ‘

ആ ഒരു സംശയം അവളെ ഭ്രാന്ത്‌ പിടിപ്പിച്ചു..

‘ ആരൊക്കെയോ ചേർന്ന് തല്ലി ചതച്ചു ഒടുവിൽ മരിച്ചു ന്ന് കരുതി കാട്ടിൽ കൊണ്ടിട്ടതാ..’

കുറച്ചു മുന്നേ ഇന്ദു പറഞ്ഞ ആ വാക്കുകൾ ഉള്ളിൽ പെരുമ്പറ മുഴക്കി. പതിയെ പതിയെ ഉള്ളിൽ ഒരു സംശയം ഉദിച്ചു. അവളുടെ ഓർമ്മകൾ വീണ്ടും പിന്നിലേക്ക് സഞ്ചരിച്ചു. ഒടുവിൽ ചെന്ന് നിന്നത് ഒളിച്ചോടുവാൻ തീരുമാനിച്ചതിന്റെ പിറ്റേന്നത്തെ ദിവസത്തിൽ കരഞ്ഞവശയായി ബെഡിൽ കിടക്കവേ അപ്രതീക്ഷിതമായി മുറിക്ക് പുറത്ത് കേട്ട അമ്മയും ഏട്ടന്മാരിൽ ഒരാളുയുള്ള സംഭാഷണത്തിലായിരുന്നു.

” ഇതെന്താ മോനെ നിന്റെ അലക്കാൻ ഇട്ടേക്കുന്ന മുണ്ടിൽ. ചോരക്കറ.. എന്ത് പറ്റിയതാ… ”

” അ.. അ..അത് അമ്മേ.. ഇന്നലെ രാത്രി തോട്ടത്തിൽ ന്ന് വരുന്ന വഴിക്ക് ഒരു ആക്‌സിഡന്റ്.. ഒരു ബൈക്ക് യാത്രക്കാരൻ.. ഞങ്ങളാ അയാളെ കാറിൽ ഹോസ്പിറ്റലിൽ എത്തിച്ചേ അതാ രാത്രി വരാൻ വൈകിയേ.. ”

ഏട്ടൻ അന്ന് മറുപടി പറയുമ്പോൾ പതറിയിരുന്നു. അന്നത്തെ വിഷമത്തിനിടയിൽ ആ കേട്ടതിനു വല്യ പ്രാധാന്യം കൊടുത്തിരുന്നില്ല താൻ എന്നാൽ ഇന്നിപ്പോ രാഹുലിന്റെ ഈ അവസ്ഥ കാണുമ്പോൾ… അന്ന് സംഭവിച്ചത് എന്താകും എന്നത് വ്യക്തമായി ഊഹിച്ചെടുത്തു ഗായത്രി..

” എന്റെ ദൈവമേ.. ആ പാവത്തിനെ.. അതും..ഞാൻ കാരണം … എന്നെ ഇഷ്ടപ്പെട്ടതിന്റെപേരിൽ.. ”

ഹോസ്പിറ്റൽ ഗേറ്റിനു പുറത്തേക്കെത്തുമ്പോൾ പൊട്ടിക്കരഞ്ഞു പോയി അവൾ..

” ചേച്ചി.. എന്താ.. എന്ത് പറ്റി.. ”

ക്യാമറാമാന്റെ ചോദ്യം ഗായത്രി കേട്ടില്ല..

അവളുടെ ഉള്ളം അപ്പോൾ കുറ്റബോധത്താൽ വിങ്ങി പൊട്ടുകയായിരുന്നു.

‘മൂന്ന് മാസം കോമ സ്റ്റേജ്.. എന്റെ ഭഗവാനെ ഇതൊന്നും അറിയാതെയാണല്ലോ ഞാൻ മറ്റൊരു വിവാഹത്തിന്.. ‘

ഉള്ളിലെ വീർപ്പുമുട്ടലിൽ തനിക്ക് ശ്വാസം പോലും കിട്ടാതാക്കുന്നത് തിരിച്ചറിഞ്ഞു ഗായത്രി. താൻ കാരണമാണ് രാഹുലിന് ഈ ഗതി വന്നത് എന്ന കുറ്റബോധം അത്രമേൽ അവളെ വേട്ടയാടി.

” എന്ത് പ്രായശ്ചിത്തം ചെയ്താലാകും ഭഗവാനേ ഈ പാപക്കറ മാറുക…”

വിങ്ങി വിങ്ങി കരയുമ്പോൾ ചുറ്റുമുള്ളതൊന്നും അവളുടെ കണ്ണുകളിൽ പതിഞ്ഞില്ല.. പെട്ടെന്നു റോഡിലൂടെ പാഞ്ഞു വന്ന ഒരു ടിപ്പർ ലോറിയുടെ എയർ ഹോൺ ശബ്ദം മാത്രം ആ കാതുകളിൽ പതിഞ്ഞു. തലയുയർത്തി നോക്കവേ ക്ഷണനേരം കൊണ്ട് ഗായത്രി മനസ്സിൽ ആ തീരുമാനമെടുത്തു കഴിഞ്ഞിരുന്നു. ആ ലോറി അരികിലേക്കെത്തവേ അവളുടെ കാലുകൾ പതിയെ ചലിച്ചു.

” ചേച്ചി…. ”

അലറി വിളിച്ചെത്തിയ ക്യാമറാമാന് അവളെ തടുത്തു നിർത്തുവാൻ കഴിഞ്ഞില്ല.. എല്ലുകൾ ഞുറുങ്ങുന്ന ശബ്ദം ഉയരവേ റോഡിൽ ചോര പടർന്നു..

രാഹുലിന്റെ ജീവിതം തകർത്തതിനു പകരമായി തന്റെ ജീവൻ നൽകി ഗായത്രി പ്രായശ്ചിത്തം ചെയ്തു… അതൊരു ശിക്ഷ കൂടിയായിരുന്നു.

ക്രൂരത കാട്ടിയ അച്ഛന്.. ഏട്ടന്മാർക്ക്.. തന്റെ മരണം കൊണ്ട് എല്ലാവർക്കുമുള്ള ശിക്ഷ..

പുറത്തെ ബഹളം കേട്ട് ഓടിയെത്തിയ ഇന്ദുവും നടുങ്ങി തരിച്ചു നിന്നുപോയി.

“ആത്മഹത്യ ചെയ്തത് തന്നെയാണ്.. ഞാൻ കണ്ടതാ.. ലോറിക്ക് മുന്നിലേക്ക് എടുത്തു ചാടിയത്.. ”

സംഭവത്തിന്റെ ദൃക്സാക്ഷി ഒരാൾ കാര്യങ്ങൾ മറ്റുള്ളവർക്ക് വിവരിക്കുന്നുണ്ടായിരുന്നു

‘ ആത്മഹത്യയോ… ‘

ആ കേട്ടത് ഇന്ദുവിനും നടുക്കമായിരുന്നു. ഒരു നിമിഷം അവൾ അല്പം മുന്നേ നടന്ന പലതും മനസിലൂടെ ഓടിച്ചു..

ഗായത്രി പറഞ്ഞ തന്റെ കഥ.. ഒപ്പം ആ ചെറുപ്പക്കാരനെ കണ്ട ശേഷമുള്ള അവളുടെ ഭാവമാറ്റം…. ഇപ്പോ ആത്മഹത്യ..

അതോടെ ഏകദേശം സംഭവിച്ചതെന്താകുമെന്ന് ഇന്ദു ഉറപ്പിച്ചു. എന്ത് ചെയ്യണമെന്ന് അറിയാതെ നടുങ്ങി തരിച്ചു അങ്ങിനെ നിന്നുപോയി അവളും..

‘മാപ്പ്… ‘

ജീവൻ പൊലിയുന്നതിനു തൊട്ട് മുന്നേ ഗായത്രിയുടെ ചുണ്ടുകൾ

മൊഴിഞ്ഞത് ആ ഒരു വാക്കായിരുന്നു… ആ സമയം പുറത്ത് നടക്കുന്നതൊന്നുമറിയാതെ തന്റെ സെല്ലിൽ ചുരുണ്ടു കൂടി കിടന്നിരുന്നു രാഹുൽ..

Leave a Reply

Your email address will not be published. Required fields are marked *