സരോജിനി നീ എന്താ ഈ പറയുന്നത് മൂത്തവൾ നിൽക്കുമ്പോൾ ഇളയവളുടെ കല്യാണം നടത്താനോ..അത് നടക്കില്ല…” മൂത്തേടത്ത് രാഘവൻ മാഷ് സഹോദരിയുടെ….

“സരോജിനി നീ എന്താ ഈ പറയുന്നത് മൂത്തവൾ നിൽക്കുമ്പോൾ ഇളയവളുടെ കല്യാണം നടത്താനോ..അത് നടക്കില്ല…”

മൂത്തേടത്ത് രാഘവൻ മാഷ് സഹോദരിയുടെ മുഖത്തുനോക്കി പറയുമ്പോൾ അവരുടെ മുഖത്ത് പുച്ഛം നിറഞ്ഞു…

” ഞാൻ പറഞ്ഞതിൽ എന്താ ഏട്ട തെറ്റ്…. അല്ലെങ്കിലും മൂത്തത് നമ്മുടെ ചോര ഒന്നുമല്ലല്ലോ… ഏതോ തമിഴന് ഉണ്ടായത് അല്ലേ.. ”

സരോജിനിയുടെ വാക്കുകൾ കേട്ടതും രാഘവൻ മാഷിന്റെ മുഖം ചുവന്നു..

” സരോജിനി ഞാൻ നിന്നോട് പലതവണയായി പറഞ്ഞിട്ടുണ്ട് മാളുവിനെ ഞാൻ രണ്ടാമതൊരു കണ്ണിൽ കൂടിയല്ല കണ്ടിട്ടുള്ളത് എന്റെ സ്വന്തം മകൾ ആയിട്ട് തന്നെയാണ് കണ്ടിട്ടുള്ളത്…..”

അയാൾ ദീർഘമായി നിശ്വസിച്ചു കൊണ്ട് പറയുമ്പോൾ സ്വന്തം സഹോദരിയുടെ മുഖത്ത് പുച്ഛം നിറഞ്ഞു..

” ഓ.., അപ്പോഴേക്കും വല്ലവന്റെയും രക്തത്തിനോടുള്ള സ്നേഹം അങ്ങ് കിനിഞ്ഞു ഒഴുകാൻ തുടങ്ങി… എന്റെ ഏട്ടാ കല്യാണ പ്രായവും കഴിഞ്ഞ് ഏട്ടൻ വാർദ്ധക്യത്തിലേക്ക് കടക്കുന്നത് കണ്ടപ്പോൾ കൂട്ടിന് ഒരാൾ വേണമല്ലോ എന്ന് ഓർത്താണ് ഞാനും വിശ്വേട്ടനും കൂടി ഒരു വിവാഹം കഴിക്കാൻ നിങ്ങളെ നിർബന്ധിച്ചത്…

ഏട്ടന്റെ പ്രായത്തിനൊത്ത് ആരോരുമില്ലാത്ത ഒരു സ്ത്രീയെ വിവാഹം കഴിക്കാൻ ആയിരുന്നു ഞങ്ങൾ പറഞ്ഞത്… പക്ഷേ ഏട്ടൻ ചെയ്തതോ… 10.. 25 വയസ്സോളം പ്രായം കുറവുള്ള പിന്നെ അങ്ങ് കെട്ടി കൂട്ടത്തിൽ ഒരു കൊച്ചും… അതിന്റെ കൂടെ ഏട്ടന് ഒരു പെൺകുഞ്ഞ് കൂടി ഉണ്ടായപ്പോൾ ഞങ്ങൾക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ…

ഞങ്ങടെ കണ്ണൻ മോന് ഒരു കൂട്ട് ആവുമല്ലോ അവൾ… ”

അവർ രാഘവൻ മാഷിന്റെ വീടിനു ചുറ്റും ഒന്ന് കണ്ണോടിച്ചു… നോക്കത്ത ദൂരത്തോളം നീണ്ടു നിവർന്നു കിടക്കുന്ന പച്ച നെൽവയൽ… പഴയകാലത്തിന്റെ പ്രൗഡി വിളിച്ചോതുന്ന നാല് കെട്ട്…

അതിന്റെ എല്ലാം ഒരേയൊരു അവകാശി രാഘവൻ മാഷിന്റെ ഇളയ മകൾ അമ്മുവിനെ സ്വന്തം മകന്റെ കൈകളിൽ ഏൽപ്പിച്ചാൽ അതെല്ലാം മുഴുവനോടെ വിഴുങ്ങാൻ പറ്റും എന്നുള്ള ആർത്തിയായിരുന്നു ആ സ്ത്രീയുടെ കണ്ണുകളിൽ ആ നിമിഷം..

” അമ്മുവിനെ കണ്ണിനെ കൊണ്ട് വിവാഹം കഴിപ്പിക്കുന്നതിൽ എനിക്ക് എതിർപ്പൊന്നുമില്ല… അവന്റെ മുറപ്പെണ്ണ് തന്നെയാണ് അവൾ… പക്ഷേ മാളു ഇങ്ങനെ നിൽക്കുമ്പോൾ അതിന് കഴിയില്ല ആദ്യം അവരുടെ കല്യാണം നടക്കട്ടെ..”

കടുത്ത തീരുമാനത്തോടെ രാഘവൻ മാഷ് അകത്തേക്ക് പോകുമ്പോൾ സരോജിനി അമ്മയ്ക്ക് ആകെ കലി പൂണ്ടു..

” പിന്നെ തമിഴന്റെ ആ കറുത്ത പെണ്ണിനെ കെട്ടാൻ ആയിട്ട് രാജകുമാരൻ വരും.. നോക്കി ഇരുന്നാൽ മതി… എന്റെ ദേവിയെ എന്റെ കണ്ണൻ ഒറ്റയ്ക്ക് അനുഭവിക്കേണ്ടത് ആണ് ഇതു മുഴുവനും അത് തമിഴത്തി പെണ്ണിന് കൂടി കൊടുക്കേണ്ടി വന്നാൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല.. ”

ദേഷ്യത്തോടെ മുറിച്ചു കൊണ്ട് അവർ അവിടെ നിന്നും ഇറങ്ങി പോകുമ്പോൾ ഒരു കുഞ്ഞു പുഞ്ചിരിയോടെ അച്ഛന്റെ അടുത്തേക്ക് വന്നു മാളു…

കറുപ്പ് എന്ന് എടുത്തുപറയാൻ കഴിയില്ല ഇരു നിറമാണ് അവൾക്ക്… കാഴ്ചയിൽ നല്ല ഐശ്വര്യം.., പിന്നെ മറ്റൊരാളുടെ രക്തമായതുകൊണ്ടും സ്വത്തുക്കൾ നഷ്ടപ്പെടുമോ എന്നുള്ള ഭയവും കൊണ്ടും സരോജിനിക്ക് അവളോട് തോന്നിയ വെറുപ്പാണ് ഈ അമർഷമായി പുറത്തേക്ക് വരുന്നത്..

” അച്ഛാ.. ”

അവളുടെ പതുങ്ങിയ വിളിയിൽ അയാൾ മുഖമുയർത്തി നോക്കി.. അപ്പോഴും ഒരു കുഞ്ഞു പുഞ്ചിരിയോടെ നിൽക്കുകയാണ് അവൾ..

” എന്റെ കാര്യം വിട്ടേക്കൂ.. അപച്ചി പറഞ്ഞത് പോലെ അമ്മൂന്റെയും കണ്ണേട്ടന്റെയും കല്യാണം എത്രയും പെട്ടെന്ന് നടത്തണം…”

” മോളെ നീ..”

അയാളുടെ ശബ്ദം ഒന്ന് വിറച്ചു..

” മ്മ്ഹ്ഹ്.., എനിക്ക് പഠിക്കണം… ഒരു ജോലി അത് ആണ് എന്റെ ലക്ഷ്യം… കല്യാണത്തിന് അല്ലല്ലോ ഇപ്പോൾ ഞാൻ പ്രാധാന്യം കൊടുക്കേണ്ടത്.. അച്ഛൻ അത് ഉറപ്പിച്ചോളൂ.. ”

അയാളിൽ നിന്നും മുഖം തിരിച്ചു പോകുമ്പോൾ അവൾ പോലും അറിയാതെ അവളുടെ മിഴികൾ ഒന്ന് നിറഞ്ഞു വന്നു…

“കണ്ണൻ…, ”

സ്കൂളിൽ പഠിക്കുന്ന കാലം തൊട്ട് എന്ന് വിളിച്ച് കളിയാക്കുന്ന കൂട്ടുകാരെ ചെറിയ നെഞ്ചുവിരിച്ച് നേരിട്ട പൊടിമീശക്കാരനോട് തോന്നിയ പ്രണയം…, പക്ഷേ പറയാൻ മനസ്സ് അനുവദിച്ചില്ല….. പിതൃത്വത്തെയും തന്റെ നിറത്തിലെയും കുറിച്ചുള്ള അവകാശ ബോധം അവളുടെ പ്രണയം അവളിൽ തന്നെ കുഴിച്ചു മൂടി കഴിഞ്ഞിരുന്നു….

അത് ആണ് വേണ്ടതും പ്രണയിക്കാൻ മാത്രമാണ് അവൾക്ക് അവകാശം സ്വന്തമാക്കാൻ അവകാശമില്ല….

” അപ്പോ നമ്മൾ ഇതങ്ങു ഉറപ്പിക്കുകയാണ് രാഘവ… സീതയ്ക്ക് എതിർപ്പ് ഒന്നുമില്ലല്ലോ.. ”

കല്യാണം ഉറപ്പിക്കുന്ന ദിവസം രാഘവൻ മാഷിന്റെ ചെറുപ്പക്കാരിയായ ഭാര്യയുടെ മുഖത്തേക്ക് നോക്കി കാരണവരിൽ ഒരാൾ ചോദിക്കുമ്പോൾ സരോജിനിയുടെ മുഖത്ത് വീണ്ടും പുച്ഛം നിറഞ്ഞു..

” സീത എന്തിനാണ് എതിർക്കുന്നത്….. അവളുടെ ഭാഗ്യം അല്ലേ എന്റെ കണ്ണനെ പോലെ ഒരു ചെറുക്കനെ കിട്ടുന്നത്.. ”

” അല്ല മൂത്ത കുട്ടി നിൽക്കുമ്പോൾ ഇളയതിനെ കെട്ടിക്കുമ്പോൾ പെറ്റ തള്ളയ്ക്ക് അതുകൊണ്ട് പറഞ്ഞതാ എന്റെ സരോജിനി.. നീ അത് വിട്ടുകള.. ”

അവരുടെ യഥാർത്ഥ സ്വഭാവം അറിയാവുന്നതുകൊണ്ട് തന്നെ കാരണവർ പെട്ടെന്ന് തന്നെ കളം മാറ്റി…
അതിനുശേഷം അയാൾ കണ്ണനെ നോക്കി…

സുന്ദരൻ.. സുമുഖൻ.. സരോജിനി പറഞ്ഞതുപോലെ തന്നെ അമ്മുവിന്റെ ഭാഗ്യം തന്നെയാണ് അവൻ… എല്ലാവരും വിവാഹം ഉറപ്പിക്കുന്ന തിരക്കിൽ അകത്ത് ഒരു പെണ്ണ് അവളുടെ പ്രണയം വിട്ടുകൊടുക്കുന്ന തിരക്കിൽ ആണ്….

” കണ്ണാ സൗകര്യം കൂടി പറഞ്ഞു കൊള്ളൂ നമുക്ക് തീയതി ഉറപ്പിക്കാം.. ”

കാരണവർ പറയുമ്പോൾ കണ്ണൻ അവന്റെ മിഴികൾ ഉയർത്തി..

” ഉറപ്പിക്കാൻ വരട്ടെ.. ”

ഒരു നിമിഷവും ഉയരുമ്പോൾ രാഘവനും സീതയും പരസ്പരം നോക്കി സരോജിനി പുരികം ഉയർത്തി അവനെ നോക്കി..

” ഇനി എന്താണ് പ്രശ്നം.. നിന്റെ സമ്മതം കൂടി ചോദിച്ചിട്ടാണ് ഞാൻ ഈ കല്യാണം ഉറപ്പിക്കാൻ വന്നത് നീ അവിടെ മിണ്ടാതിരുന്നാൽ മതി.. ”

സരോജിനി ആകെ വിയർത്തുകൊണ്ടാണ് അത് പറഞ്ഞത്…

ആ നിമിഷം കണ്ണൻ ഒന്ന് പുഞ്ചിരിച്ചു…

” രാഘവൻ മാമയുടെ മകളെ കല്യാണം കഴിക്കാൻ സമ്മതം ആണെന്ന് മാത്രം ആണ് ഞാൻ പറഞ്ഞത്…അല്ലാതെ ഏത് മകളെ കല്യാണം കഴിക്കാമെന്ന് പറഞ്ഞിട്ടില്ല..എനിക്ക്.. എനിക്ക് മാളുവിനെ ആണ് കല്യാണം കഴിക്കാൻ താല്പര്യം… ”

എടുത്ത് അടിച്ചതുപോലെ കണ്ണൻ പറയുമ്പോൾ രാഘവന്റെ കണ്ണുകൾക്ക് ഒപ്പം സീതയുടെ കണ്ണുകളും വിടർന്നു…എന്നാൽ സരോജിനിയുടെ ശബ്ദം അവിടെ ഉയരാൻ അധികം സമയം വേണ്ടി വന്നില്ല..

” കണ്ണാ.. ”

” അമ്മ ഇനി ഒരക്ഷരം മിണ്ടരുത്… ചെറുപ്പത്തിൽ തൊട്ട് നിന്നെ എനിക്ക് മാളുവിനെ ഇഷ്ടമായിരുന്നു എന്ന് അമ്മക്കറിയാം… അവളുടെ പിതൃത്വത്തിന്റെയും നിറത്തിന്റെയും പേരിൽ എന്റെ സ്നേഹത്തിന് അമ്മ ഒരു വിലയും കല്പിച്ചതും ഇല്ല… പകരം ആത്മഹത്യ ഭീഷണി മുഴക്കി എന്നെ അമ്മയുടെ വരുതിയിൽ നിർത്താൻ നോക്കി….

പക്ഷേ എന്തൊക്കെ ചെയ്താലും എന്തൊക്കെ പറഞ്ഞാലും എന്റെ മനസ്സിൽ തോന്നിയ ആ ഇഷ്ടത്തേ അവഗണിച്ചുകൊണ്ട് മറ്റൊരു പെൺകുട്ടിയുടെ കഴുത്തിൽ താലി കെട്ടാൻ എനിക്ക് കഴിയില്ല….

എന്റെ ജീവിതപങ്കാളിയായി മാളു വരികയാണെങ്കിൽ എനിക്കൊരു ജീവിതമുണ്ടാകും ഇല്ലെങ്കിൽ ഞാൻ ഇങ്ങനെ തന്നെ മുന്നോട്ട് പോകും.. ”

കണ്ണന്റ് വാക്കുകൾ ഉമ്മറപ്പടിയിൽ ഉള്ളവരെ മാത്രമല്ല ഞെട്ടിച്ചത് അകത്ത് അവന് വേണ്ടി കാത്തിരുന്ന ആ പെൺകുട്ടിയെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞിരുന്നു….

” ഞാൻ ഇതിന് സമ്മതിക്കില്ല.. ”

സരോജിനിയുടെ ശബ്ദമുയരുമ്പോൾ അത്രയും നേരം അവിടെ നിശബ്ദമായിരുന്ന അവരുടെ ഭർത്താവിന്റെ ശബ്ദം ഉയർന്നു.. വിശ്വനാഥന്റെ ശബ്ദം..

” നീ ഇനി ഒരക്ഷരം മിണ്ടിപ്പോകരുത് സരോജിനി… ഇത്രയും നാൾ നിന്റെ ഈ പേക്കൂത്ത് സഹിച്ച് ഞാൻ ഇരുന്നത് ഞാൻ വെറും മറ്റവൻ ആയത് കൊണ്ട് അല്ല… നീ എത്രത്തോളം പോകും എന്നറിയാനും പിന്നെ ഇത് ഇങ്ങനെയേ വരൂ എന്ന് അറിയാവുന്നതുകൊണ്ട് ആയിരുന്നു…

മ്മ്ഹ്ഹ്.., നീ പറഞ്ഞില്ലേ തമിഴന് ജനിച്ച ആ കറുത്ത പെണ്ണിനെ കുറിച്ച്… അവൾ ഇല്ലായിരുന്നുവെങ്കിൽ ഇന്ന് ഈ മൂത്തേടത്ത് തറവാടിന്റെ സ്ഥാനത്ത് വെറും മണ് കൂന മാത്രം ആയിരിക്കും ബാക്കി ഉള്ളത്.. ”

അയാൾ അത് പറയുമ്പോൾ സംശയത്തോടെ നോക്കി..

” നിന്റെ ഈ സഹോദരനായ രാഘവൻ മാഷിന്റെ പിടിപ്പു കേടുകൊണ്ട് ഈ വീടും പറമ്പും എന്നോ ബാങ്കുകാരെ ജപ്തി ചെയ്തു കൊണ്ട് പോകേണ്ടതായിരുന്നു…. അന്ന് തമിഴിന്റെ കുഞ്ഞുമായി ഒരു രാത്രി ഈ വീട്ടിൽ ആശ്രയത്തിനായി കയറി വന്നവൾ, തമിഴ്നാട്ടിലെ വലിയ ജമ്മി ആയ മാളുവിന്റെ അച്ഛൻ അവൾ ഒഴിഞ്ഞു പോകാൻ വേണ്ടി നൽകിയ ഒരു വലിയ തുക കൊണ്ടാണ് മാഷ് ഈ വീട് പിടിച്ചെടുത്തത് ..അല്ലെന്ന് പറയാൻ പറ്റുമോ മാഷേ… ”

വിശ്വനാഥൻ ചോദിക്കുമ്പോൾ അയാൾ തല കുമ്പിട്ടിരിക്കുകയാണ്..

” അന്ന് സീതയും മാഷും പരസ്പരം തുണയായി… ആ കടപ്പാടിന്റെ പുറത്ത് ആ കുഞ്ഞിനെ സ്വന്തം മകളായി മാഷ് സ്വീകരിക്കുമ്പോൾ എല്ലാം അറിയാവുന്ന ഞാനും മൂകസാക്ഷിയായി കൂടെയുണ്ട്..”

അത്രയും പറഞ്ഞുകൊണ്ട് വിശ്വൻ കണ്ണനെ നോക്കി..

” കണ്ണാ ചെല്ല് ചെന്നു പറ നിന്റെ പെണ്ണിനോട് നീ ഒരിക്കലും അവളെ കൈ വിടില്ല എന്ന് … അവൾ ലക്ഷ്മിദേവിയാണ്… ആ ലക്ഷ്മീ ദേവി തന്നെയാണ് ഇനി നിന്റെ ഐശ്വര്യവും..”

അച്ഛന്റെ വാക്കുകൾ കേട്ടപാടെ രാഘവൻ മാഷിന്റെയും സീതയുടെയും സമ്മതത്തോടെ കണ്ണൻ അകത്തേക്ക് ഓടി കഴിഞ്ഞിരുന്നു…

അവിടേ നിറകണ്ണുകളോടെ നിൽക്കുന്നവൾ….

“മാളു.. ഹ്ഹ..”

ഒരു നിമിഷം നിശ്വാസം ഉയർന്നു …. ഇത്രയും നാൾ അടക്കിപ്പിടിച്ച പ്രണയം ഒരു തേങ്ങലോടെ അവന്റെ നെഞ്ചിലേക്ക് ചേർക്കുമ്പോൾ അമ്മുവും അതിന് സാക്ഷി ആയി….

ഇനി അവർ പ്രണയിക്കട്ടെ…

✍️ഗൗരിപാർവതി

Leave a Reply

Your email address will not be published. Required fields are marked *