ആണിനെ അറിയാനും അവന്റെ ശരീരസുഖമറിയാനും വേണ്ടിയാണ് നീയെന്റെ മകനൊപ്പം ഈ വീട്ടിലേക്ക് വന്നതെങ്കിൽ എന്റെ ഈ വീട്ടിൽ നിന്നെ….

“ആണിനെ അറിയാനും അവന്റെ ശരീരസുഖമറിയാനും വേണ്ടിയാണ് നീയെന്റെ മകനൊപ്പം ഈ വീട്ടിലേക്ക് വന്നതെങ്കിൽ എന്റെ ഈ വീട്ടിൽ നിന്നെ കയറ്റാം ഞാൻ… എന്നേയ്ക്കുമായിട്ടോ എന്റെ മരുമകളായിട്ടോ അല്ല… ഇന്നൊരു പകലിലേക്ക് മാത്രം… രാത്രിയാവും മുമ്പ് മടങ്ങിപോയിരിക്കണം നീ… നീ വന്നതെവിടുന്നോ അവിടേയ്ക്ക്…. സമ്മതമാണെങ്കിൽ വീടിനുള്ളിലേക്ക് അവനൊപ്പം കയറിക്കോ നീ…..”

തന്റെ മുന്നിൽ വന്നു നിന്ന് സൗമ്യഭാവത്തിൽ പറയുന്ന അനൂപിന്റെ അമ്മയെ ഞെട്ടലും പകപ്പും ഒരുപോലെ തിങ്ങിയ ഭാവത്തിൽ തുറിച്ചു നോക്കി ഗായത്രി…

അവരു തന്നോടു പറഞ്ഞതും താൻ കേട്ടതും ഒന്നു തന്നെയാണോ എന്നൊരു ചിന്തയും ആ ഞെട്ടലിനിടയിൽ അവളുടെ ഉള്ളിലുയർന്നു വന്നു…. പകപ്പു നിറഞ്ഞ അവളുടെ കണ്ണുകൾ തനിയ്ക്ക് അരികിൽ നിൽക്കുന്ന അനൂപിനെ തേടിയതും കണ്ടു രക്തം വാർന്നുവിളറിയ മുഖത്തോടെ അമ്മയെ തുറിച്ചു നോക്കുന്നവനെ….

” എന്താ കുട്ടിയുടെ തീരുമാനം….?

അവൾക്കു നേരെ തിരിഞ്ഞ് വീണ്ടും ചോദിച്ചവർ..

“എ.. എനിയ്ക്കൊന്നും മനസ്സിലായില്ല… അമ്മ എന്താ പറഞ്ഞത്…?

അനൂപൊന്നും മിണ്ടുന്നില്ല എന്നു കണ്ടതും ഉള്ളിലെ ഭയമടക്കി ചോദിച്ചു ഗായത്രി..

തന്റെ മകനൊപ്പം തനിയ്ക്ക് മുമ്പിൽ നിൽക്കുന്നവളിലാണ് രാധയുടെയും കണ്ണുകൾ…

ഗായത്രിയുടെ പേടിച്ചും പതറിയുമുള്ള ചോദ്യം കേട്ടതും രാധയുടെ കണ്ണുകൾ ഗായത്രിയിൽ നിന്ന് അനൂപിലേക്കൊന്നു തെന്നിയതും കണ്ടു തന്നെ ജീവനോടെ എരിക്കാനുള്ള ദേഷ്യത്തിൽ തന്നെ നോക്കി പല്ലിറുമ്മുന്നവനെ… അവന്റെയാ ദേഷ്യവും ഭാവവും… പുച്ഛം തെളിഞ്ഞു അവനെ നോക്കിയ രാധയുടെ കണ്ണുകളിൽ…

“ഞാൻ പറഞ്ഞത് വേറൊന്നുമല്ല കുട്ടീ… നീയെന്ന പെണ്ണിനാവശ്യം എന്റെ മകനായ ഇവന്റെ ശരീരമാണെങ്കിൽ ഇന്നൊരു പകൽ ഞാനെന്റെയീ വീട് നിങ്ങൾക്കായ് നിങ്ങളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നടത്തി എടുക്കാനായ് തരാം എന്നാണ്… ഈയൊരു പകൽ പോരെ നിനക്കെന്റെ മകനെ അറിയാൻ…. അല്ല അവന്റെ ശരീരത്തെ അറിയാൻ…. ?
പോര എന്നാണ് ഉത്തരമെങ്കിൽ നിങ്ങളുടെ ആഗ്രഹം നിറവേറ്റാൻ നിങ്ങൾ വേറെ സ്ഥലം നോക്കുന്നതായിരിക്കും നല്ലത്… കാരണം രാത്രി നിങ്ങളുടെ ആവശ്യം ഇവിടെ വെച്ച് നടത്തി തരാൻ പറ്റില്ലെനിയ്ക്ക് കാരണം ഈ വീട്ടിൽ എന്നെക്കൂടാതെ വേറെയും രണ്ട് സ്ത്രീകളുണ്ട് എന്റെ പെൺക്കുട്ടികൾ… ഇവൻ്റെ അനിയത്തിമാർ…. വിവാഹ പ്രായമെത്തി നിൽക്കുന്ന അവരുടെ മുമ്പിൽ വെച്ചിതൊന്നും നടത്താൻ എനിയ്ക്ക് സമ്മതമില്ല… മാത്രമല്ല അവരുടെ എട്ടൻ ഇത്രയ്ക്കും തരം താണൊരുവനാണെന്ന് അവരറിയണ്ട തൽക്കാലം
അതാണ്…”

ശബ്ദമിടറാതെ ഉറപ്പോടെ രാധ പറയുന്ന വാക്കുകളോരോന്നും ഗായത്രിയിലൂടൊരു വിറയൽ സൃഷ്ടിച്ച് കടന്നു പൊയ്ക്കൊണ്ടിരുന്നു

“അനൂപ്… ഇതെന്തൊക്കെയാണ് നിന്റെ അമ്മയീ വിളിച്ചു പറയുന്നത്….?
ഇതെല്ലാം കേട്ടിട്ടും നീയ്യെന്താണ് ഒന്നും മിണ്ടാതെ നിൽക്കുന്നത്… നിന്റെ അമ്മയോട് പറയെടാ ഞാൻ നീ സ്നേഹിയ്ക്കുന്ന പെൺക്കുട്ടിയാണെന്ന്… ഒരുമിച്ച് ജീവിക്കാനുറച്ച് വീടിനെയും വീട്ടുകാരെയും ഉപേക്ഷിച്ച് നിനക്കൊപ്പം വന്നതാണെന്ന്… ശരീരസുഖം നോക്കി കാമം തീർക്കാൻ വന്നതല്ലെന്ന്….?
പറയെടാ.. എടാ പറയ്….”

അമ്മയുടെ വർത്തമാനമത്രയും കേട്ട് മിണ്ടാതെ നിൽക്കുന്ന അനൂപിനെ പിടിച്ചു കുലുക്കി കണ്ണീരോടവനോട് അലറി പറഞ്ഞു ഗായത്രിയെങ്കിലും നിന്നിടത്ത് നിന്നൊന്ന് അനങ്ങുകയോ ഒരു വാക്ക് അവളോടോ അമ്മയോടോ പറയുകയോ ചെയ്തില്ലവൻ……

“അവനൊന്നും മിണ്ടില്ല കൊച്ചേ…. കാരണം നീ വന്നതവനൊപ്പം നിന്റെ ഇനിയുള്ള ജീവിതം ജീവിച്ചു തീർക്കാൻ വേണ്ടിയാവും പക്ഷെ അവൻ നിന്നെ കൊണ്ടുവന്നത് ഞാൻ നിന്നോടു നേരത്തെ പറഞ്ഞതുപോലെ ഏതാനും മണിക്കൂറുകൾ നിന്നോടൊപ്പം ചിലവഴിക്കാൻ വേണ്ടി മാത്രമാണ്… നിന്നോടവൻ പറഞ്ഞിട്ടുണ്ടാവേണ്ടതാണത്… പറഞ്ഞിട്ടില്ലേ….?

അനൂപെന്നൊരാൾ അവിടെയുണ്ട് എന്നത് ശ്രദ്ധിയ്ക്കുക കൂടി ചെയ്യാതെ ഗായത്രിയോട്
രാധ ചോദിച്ചതും വിളറി അനൂപൊന്നു കൂടി….

ഗായത്രിയിലും ഞെട്ടലാണ്… കാരണം അനൂപ് അവളോടു പറഞ്ഞതങ്ങനെ തന്നെയാണ്… ചെറിയൊരു വ്യത്യാസമുള്ളത് അവളെ കൊണ്ടുവരുന്നത് സ്വന്തം വീട്ടിലേക്കാണെന്നവൻ പറഞ്ഞിരുന്നില്ല അവളോട്….

അനൂപിന്റെ ഭാവവും ഗായത്രിയിലെ ഞെട്ടലും നോക്കി കണ്ട രാധയ്ക്ക് പക്ഷെ കൂസലൊന്നുമില്ല.. ഞാൻ പറഞ്ഞതല്ലേ ഇതെന്നൊരു ചോദ്യം മാത്രം തെളിഞ്ഞു നിന്നവരുടെ മുഖത്ത്…..

“കുട്ടീ… കുട്ടിയുടെ പേരറിയില്ല എനിയ്ക്ക്… വീടോ കുടുംബമോ ഏതെന്നോ കുട്ടി ആരുടെ മകളാണെന്നോ അറിയില്ലെനിയ്ക്ക്…. അറിയുന്നത് ഒന്നു മാത്രമാണ് എന്റെ ഈ നിൽക്കുന്ന മകനൊരു വൃത്തിക്കെട്ടവനാണെന്നത് മാത്രമാണ്….പെൺക്കുട്ടികളെ വിവാഹ വാഗ്ദാനം നൽകി പറഞ്ഞു മയക്കി ചതിക്കുന്നൊരുവനാണ് ഇവൻ… കുട്ടിയ്ക്ക് മുമ്പും ഇവന്റെ ജീവിതത്തിൽ ഇഷ്ടം പോലെ പെൺകുട്ടികളുണ്ടായിട്ടുണ്ട്… ഞാനിതെല്ലാം അറിഞ്ഞതു പക്ഷെ ഇന്നലെയും ഇന്നുമായിട്ടാണെന്നു മാത്രം…. കുട്ടിയെ എന്തു പറഞ്ഞാണിവൻകൂട്ടികൊണ്ടു വന്നത്….?

“എന്നോട് അനൂപ് പറഞ്ഞത് വിവാഹം നാളെയേ രജിസ്റ്റർ ചെയ്യാൻ പറ്റുകയുള്ളു, താമസിക്കാനുള്ള സ്ഥലം റെഡിയാവാനും വൈകുന്നേരമാവും… അതു റെഡിയാവുംവരെയൊരു കൂട്ടുക്കാരന്റെ വീട്ടിൽ സംസാരിച്ചിരിയ്ക്കാം എന്നൊക്കെയാണ്… സ്വന്തം വീട്ടിലേക്കാണ്ട് വരുന്നതെന്നു പറഞ്ഞിട്ടില്ല എന്നോട്… ഞാനൊരു ആണിന്റെയും ശരീരം മോഹിച്ച് വന്നവളുമല്ല… അത്ര തരംതാഴ്ന്നൊരു പെണ്ണല്ല ഞാൻ… ഇവനെന്നെ പറഞ്ഞു പറ്റിച്ചു… സ്നേഹം കാണിച്ച് വഞ്ചിച്ചു…. ”

നിർത്താതെയൊഴുകുന്ന കണ്ണുകൾ തുടച്ചു നീക്കി അനൂപിന്റെ നേരെ തിരിഞ്ഞവന്റെ ഷർട്ടിൽ പിടുത്തമിട്ടു ഗായത്രി…

“നീ വല്യ പുണ്യാളത്തി… ആരെങ്കിലും എന്തെങ്കിലും രണ്ട് പഞ്ചാര വർത്തമാനം പറയുമ്പോഴേയ്ക്കും കെട്ടും മാറാപ്പും എടുത്ത് വീടുവിട്ടിറങ്ങുന്ന നീ ഭൂലോകപിഴയല്ലാതെ പിന്നെ ആരാണെടീ…?
കയ്യെടുക്കെടി ദേഹത്തൂന്ന്… ”

പറയുന്നതിനൊപ്പം ഗായത്രിയുടെ കൈകൾ ഷർട്ടിൽ നിന്ന് ശക്തിയായ് കുടഞ്ഞെറിഞ്ഞു അനൂപ്

അനൂപിന്റെ സംസാരവും അന്നേരത്തെ അവന്റെ ഭാവവും…

ഭയന്നൊരടി നിന്നിടത്ത് നിന്ന് പുറക്കോട്ടു നീങ്ങി പോയ് ഗായത്രി അവളറിയാതെ തന്നെ….

“അനൂപേ… അനാവശ്യം പറയരുത്… നിന്നെ സ്നേഹിച്ചു പോയതുകൊണ്ടാണ് ഞാൻ നിന്നെ വിശ്വസിച്ചിറങ്ങി വന്നത്… എന്റെയാ സ്നേഹത്തെയും വിശ്വാസത്തെയും ആണ് നീ മുതലെടുക്കാൻ ശ്രമിച്ചത്… നീയാണ് ചതിയൻ… നീയാണ് പിഴച്ചവൻ….”

ആദ്യത്തെയൊരു ഞെട്ടൽ മാറിയതും ഭയമെല്ലാം മാറ്റി വെച്ച് അനൂപിനു നേരെ ചീറ്റി ചെന്നു ഗായത്രി….

ആ സമയത്തെ അവളുടെ സംസാരത്തിലും ചേഷ്ടകളിലും മുഖത്തു നിറഞ്ഞുനിൽക്കുന്ന ദേഷ്യത്തിലുമെല്ലാം അലസമായലഞ്ഞു അലഞ്ഞു രാധയുടെ കണ്ണുകൾ… അതല്ലാതെ ഗായത്രിയുടെയോ അനൂപിന്റെയോ വാക്ക് പോരിനുള്ളിലേക്ക് കയറി ചെന്നതേയില്ലവർ….

” അതേ ടീ എന്റെ തള്ള പറഞ്ഞതുപോലെ ഞാനാളിത്തിരി പിഴ തന്നെയാണ്…
അല്ലല്ല ഇത്തിരിയല്ല നല്ല പിഴ തന്നെയാണ്….നീയും ആള് മോശമൊന്നും അല്ലല്ലോ… എന്നെക്കാൾ മോശമാണ് നീയെന്നറിഞ്ഞിട്ടു തന്നെയാണ് ഞാൻ നിന്നെ എന്റെയൊപ്പം കൂട്ടിയത്… ഈ സ്ത്രീ നമുക്കിടയിലിപ്പോൾ വന്നു പെട്ടില്ലായിരുന്നെങ്കിൽ ഞാനുദ്ദേശിച്ചത് നടത്തിയെടുത്ത് നിന്നെയെന്റെ പിന്നാലെ ഈ ജീവിതക്കാലം മുഴുവൻ നടത്തിച്ചേനെ ഞാൻ… എല്ലാം തകർത്തത് ഇവരൊരാളാണ്… നിങ്ങളെങ്ങനെ വന്നിതിന്റെ ഇടയിൽ കയറി തള്ളേ…. മനുഷ്യന്റെ സ്വസ്ഥതയും സമാധാനവും കളയാനായിട്ട്…. ഞാനിവളെ എന്റെ കാൽച്ചുവട്ടിലെത്തിച്ചതിനു ശേഷം മതിയായിരുന്നില്ലേ നിങ്ങളുടെ ഞങ്ങൾക്കിടയിലേക്കുള്ള എഴുന്നള്ളിപ്പ്….. ?

കാഴ്ചകൾ കണ്ടു രസിച്ചു നിൽക്കുന്ന രാധയുടെ നേർക്കായ് പിന്നെ അനൂപിന്റെ ചാട്ടം…..
ഇതിനിടയിൽ ഗായത്രിയുടെ കണ്ണുകൾ രാധയിലേക്കും അവർക്കു പിന്നിലായ് കാണുന്ന അനൂപിൻെ വീടിനുള്ളിലേക്കുമെല്ലാം തെന്നി ചെല്ലുന്നുണ്ട്

ഐ ടി പ്രൊഫഷണൽ ആണെന്നു പറഞ്ഞാണ് അനൂപിനെ ഗായത്രി പരിചയപ്പെടുന്നത്… രൂപത്തിലും ഭാവത്തിലും പെരുമാറ്റത്തിലുമെല്ലാം ഇക്കഴിഞ്ഞ കുറച്ചു നിമിഷങ്ങൾക്ക് മുമ്പുവരെ അവനങ്ങനെ തന്നെയായിരുന്നു….

അവൻ പറഞ്ഞതു പ്രകാരമാണെങ്കിൽ അവന്റെ അമ്മ ഒരു ഹൈസ്ക്കൂൾ ടീച്ചറാണ്… വളരെ മോഡേണായ സുന്ദരിയായ നല്ല തന്റേടമുള്ള ഒരമ്മ.. സഹോദരിമാരില്ല അവൻ പറഞ്ഞത് പ്രകാരമവന്…. കൂടാതെ താമസം ടൗണിലെ വിഐപികൾ മാത്രം താമസിക്കുന്ന പോഷ് ഏരിയയിലും…
അമ്മയും അവനും മാത്രമുള്ള സ്വർഗ്ഗതുല്യമായ ജീവിതത്തിലേക്കാണ് അവനെന്നും തന്നെ ക്ഷണിച്ചിരുന്നത്… താനും അവനൊപ്പം അങ്ങനെയൊരു ജീവിതമാണ് ആഗ്രഹിച്ചതും സ്വപ്നം കണ്ടതും…. അതിനു വേണ്ടി മാത്രമാണ് തന്റെ മറ്റ് ആൺ സുഹൃത്തുക്കളെയെല്ലാം നിഷ്ക്കരുണം താനുപേക്ഷിച്ചത് പോലും…
എന്നാലിപ്പോൾ കൺമുന്നിൽ കാണുന്നതോ…. ?

അനൂപിന്റെ ചതിയിൽ താൻ വീണിരുന്നെങ്കിൽ തന്റെ
സ്വപ്നങ്ങൾക്ക് നേർ വിപരീതമായൊരു ജീവിതമാണ് തന്നെ ഇവിടെ കാത്തിരുന്നത് എന്നറിവിൽ നന്ദിയോടെ രാധയെ നോക്കി ഗായത്രി…

കൃത്യ സമയത്തുള്ള അവരുടെ ഇടപ്പെടൽ ഉണ്ടായില്ലായിരുന്നെങ്കിൽ ….

അതു ചിന്തിക്കാൻ പോലും വയ്യാതെ അനൂപിനെ എരിയുന്ന മിഴികളോടെ നോക്കി വേഗത്തിലവിടെ നിന്ന് പിൻതിരിഞ്ഞു നടന്നു ഗായത്രി….. അനൂപിന്റെ പിൻ വിളികൾക്കും ഭീഷണികൾക്കും കാതു കൊടുക്കാതെ വേഗത്തിലവിടെ നിന്ന് നടന്നകന്നവൾ….

കൺമുന്നിൽ നിന്നകന്ന് ദൂരേയ്ക്ക് ഗായത്രി നടന്നു മറഞ്ഞതും അനൂപിന്റെ തോളിൽ അവനു വേദനിയ്ക്കും വിധം ഒന്നടിച്ചു രാധ…

ഹാവൂ എന്റെയമ്മേ…..

വേദനിച്ചിടത്ത് തടവി കള്ള ചിരിയോടെ രാധയെ നോക്കി അനൂപ്

“ഇനിയും ഉണ്ടോടാ ഇങ്ങനെ ആരെങ്കിലുമൊക്കെ ബാഗും തൂക്കി വീടും വിട്ടിറങ്ങി നിന്നെ തിരക്കി വരാൻ…. ഉണ്ടെങ്കിൽ പറ അതൂടി കഴിഞ്ഞിട്ടു വേണം എനിയ്ക്കീ വേഷമൊക്കെ മാറ്റി ഈ കോളനിയിൽ നിന്നെന്റെ വീട്ടിലേക്ക് പോവാൻ…. മനുഷ്യനെ ഓരോ വേഷവും കെട്ടിച്ച് നാടക ഡയലോഗും പഠിപ്പിച്ച് ഇറക്കി വിട്ടേക്കുവാണവൻ…..”

താൻ തല്ലിയ അനൂപിന്റെ ചുമലിൽ മെല്ലെ തലോടിക്കൊടുത്ത് രാധ അല്പം ദേഷ്യത്തിലവനോടു പറഞ്ഞതും അമ്മയെ തന്നോടു ചേർത്തിറുക്കി പുണർന്നു അനൂപ്….

“എന്റെ അമ്മയെ ഞാൻ വേഷം കെട്ടിക്കില്ലായിരുന്നു അമ്മേ അവളൊരു നല്ല പെൺക്കുട്ടിയായിരുന്നെങ്കിൽ… അവൾക്കുള്ള ഒരുപാട് ബന്ധങ്ങളിലെ ഒരാളല്ലായിരുന്നു ഞാനെങ്കിൽ…. അവൾ മോഹിച്ചത് നമ്മുടെ സമ്പത്തിനെ അല്ലായിരുന്നെങ്കിൽ…. ”

വാടിയൊരു ചിരിയോടെ അനൂപ് പറയുമ്പോൾ രാധ തിരിച്ചറിയുന്നുണ്ട് അവൻ അവളെ സ്നേഹിച്ചത് ആത്മാർത്ഥമായ് തന്നെയാണെന്ന്….

തന്റെ മോന്റെ നിഷ്കളങ്ക സ്നേഹത്തിന് യോഗ്യയല്ല ഗായത്രിയെന്നും വ്യക്തമായറിയാം രാധയ്ക്ക്…. അവനു ചേർന്നൊരുവൾ വരുമെന്ന പ്രതീക്ഷയിൽ ആ കോളനിയിൽ നിന്നവരമ്മയും മകനും മടങ്ങുമ്പോൾ തന്റെ ആഗ്രഹത്തിനും ഇഷ്ടത്തിനും ചേർന്നൊരുവനെ മടങ്ങും വഴി തന്നെ തിരഞ്ഞു തുടങ്ങിയിരുന്നു ഗായത്രിയും….

✍️രജിത ജയൻ

Leave a Reply

Your email address will not be published. Required fields are marked *