”എന്റെ നെഞ്ചിനുള്ളിലല്ലേടി ഞാൻ നിന്നെ പൊതിഞ്ഞു കൊണ്ടു നടന്നത്… എന്റെ പ്രാണനെ പോലെ സ്നേഹിച്ചതല്ലേ… എന്നിട്ടാ എന്നോട് ഇങ്ങനൊരു ചതി ചെയ്യണായിരുന്നോ… ഞാനെന്തു തെറ്റാ ടീ നിന്നോടു ചെയ്തത്… ഇങ്ങനെ എന്നെ ഇല്ലാതാക്കുന്നതിലും നല്ലത് നിനക്കെന്നെയങ്ങ് കൊന്നൂടായിരുന്നോ… എന്നോടെന്തിനാ ടീ ഈ ചെയ്യ്ത് നീ ചെയ്തത്…. ”
ഒത്തൊരു പുരുഷൻ തന്നെ ചുറ്റി നിൽക്കുന്ന ഒരു പറ്റം ആളുകൾക്കിടയിൽ നിന്ന് നെഞ്ചു പൊട്ടിക്കരയുന്ന കാഴ്ച…. ആകെ അമ്പരന്നു സിത്താര കൺമുന്നിലെ ആ കാഴ്ചയിൽ ഒപ്പം അവളറിയാതെ തന്നെയവളുടെ മിഴികളും നിറഞ്ഞു തൂവി കവിളിലേക്കിറ്റിയിരുന്നു….
“രഞ്ജു…. മോനെ എഴുന്നേൽക്കടാ… എന്റെ മോന്റെ ഈ കണ്ണീരും കരച്ചിലും കണ്ടു നിൽക്കാൻ വയ്യെടാ അമ്മയ്ക്ക്…
എന്നാലും എന്റെ മോനോട് നിന്നെ ജീവനായ് കൊണ്ടു നടക്കുന്ന ഇവനോട് എങ്ങനെ ഇങ്ങനെയൊരു ചെറ്റത്തരം ചെയ്യാൻ തോന്നിയെ ടി നിനക്ക്…?
നീയ്യിത്ര മാത്രം തരംതാഴ്ന്നൊരുവളായിരുന്നോ…?
വെറുപ്പോടെ ചോദിയ്ക്കുന്ന ആ അമ്മയുടെ ശബ്ദത്തിലും നോട്ടത്തിലും മുന്നിൽ നിൽക്കുന്നവളെ ജീവനോടെ കത്തിയ്ക്കാനുള്ള ദേഷ്യമുണ്ടെന്ന് കണ്ടതും സിത്താരയുടെ നോട്ടം ആ അമ്മയിൽ നിന്ന് മാറി തനിയ്ക്ക് അരികിലായ് നിലത്ത് കൂനിക്കൂടിയിരിക്കുന്നവളിൽ ചെന്നു തങ്ങി…
തുഷാര…..
ജന്മം കൊണ്ട് തന്റെ ചേച്ചിയാണ്….
ആരെയും മുഖമുയർത്തി നോക്കാതെ മുട്ടുക്കാലിൽ മുഖം പൂഴ്ത്തിയിരിക്കുന്നവളെ ആ ഇരിയ്ക്കുന്ന ഇരിപ്പോടെ കത്തിയ്ക്കാൻ തോന്നി സിത്താരയ്ക്കും….
തുഷാരയിൽ നിന്ന് സിത്താരയുടെ നോട്ടം വെറുപ്പോടെ ചെന്നെത്തിയത് ശ്യാമിലേക്കാണ്…
കഴിഞ്ഞു പോയ കുറച്ചു മിനിട്ടുകൾക്ക് മുമ്പ് തുഷാരയുടെയും രഞ്ജിത്തിന്റെയും ബെഡ് റൂമിൽ നിന്ന് തുഷാരയ്ക്കൊപ്പം പിടിച്ചതാണ് ശ്യാമിനെ…
തനിയ്ക്ക് ചുറ്റും വളഞ്ഞു കൂടി നിൽക്കുന്നവർക്കിടയിൽ നിന്ന് ഓടി രക്ഷപ്പെടാനെന്നോണം ശ്യാമിന്റെ കണ്ണുകൾ ഒരു രക്ഷാമാർഗ്ഗം തിരയുന്നത് തിരിച്ചറിഞ്ഞാണ്
അവൻ രക്ഷപ്പെട്ടു പോകാതിരിക്കാനായ് അമ്മാവൻമാരും ചെറിയച്ഛൻമാരും വട്ടം പിടിച്ചിട്ടുണ്ടവനെ….
രഞ്ജു മോനെ …കുഞ്ഞുണ്ണി കരയുന്നത് കേൾക്കുന്നില്ലേടാ നീ… നീയെടുത്താലേ അവൻ കരച്ചിൽ നിർത്തൂള്ളു…. വായോ…. വന്ന് മോനെയെടുക്ക്…
നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു നിശബ്ദനായ് ഇരുന്ന് പോയവനെ തട്ടി വിളിച്ച് അമ്മ പറഞ്ഞതും അമ്മയുടെ കയ്യിലിരുന്ന് തനിയ്ക്കു നേരെ കൈ നീട്ടി കരയുന്ന മൂന്നു വയസുക്കാരൻ മകനെ നോക്കി രഞ്ജിത്ത്…
അവനറിയാതെ തന്നെയവന്റെ നോട്ടമൊന്ന് തുഷാരയ്ക്കു നേരെ ചെന്നതും കണ്ടു കരയുന്ന കുഞ്ഞിനെയോ അവന്റെ വാശി പിടിച്ചുള്ള കുതറലോ ശ്രദ്ധിക്കാതെ നോട്ടം മറ്റെവിടെയോ ഉറപ്പിച്ചിരിയ്ക്കുന്നവളെ…..
തന്നെ മറന്നു ഉപേക്ഷിച്ചു കളഞ്ഞതുപോലെയവൾ പ്രസവിച്ചു വളർത്തിയ സ്വന്തം മോനെയും ഉപേക്ഷിച്ചോ എന്നൊരു ചിന്ത ഞൊടിയിടയിലോടി രഞ്ജിത്തിന്റെ ഉള്ളിലൂടെ….
“മോനെ ഇങ്ങ് തായോ അമ്മേ… കരയിപ്പിക്കണ്ട അധികം…. അവനും കൂടെയുള്ള കരച്ചിൽ അവന്റെ അച്ഛനായ ഞാൻ കരയുന്നുണ്ടല്ലോ
ഷർട്ടിന്റെ കോളർ ഉയർത്തി കണ്ണൊന്നമർത്തി തുടച്ച് സ്വയം പുച്ഛിക്കുമ്പോലൊരു ഭാവത്തിൽ രഞ്ജിത്ത് കുഞ്ഞിനു നേരെ കൈ നീട്ടി പറഞ്ഞതേ നേരം അവന്റെ കാലുകളിലേക്കൊരു അലറിക്കരച്ചിലോടെ വീണിരുന്നു തുഷാര….
രഞ്ജിത്തുൾപ്പെടെ അവിടെ കൂടി നിന്നവരുടെയെല്ലാം ഉള്ളിലൊരു കൊള്ളിയാൻ പാഞ്ഞു തുഷാരയുടെ പെട്ടന്നുള്ള വീഴ്ച കണ്ട്… അവരുടെയെല്ലാം നോട്ടം അവൾ ധരിച്ച വസ്ത്രത്തിനു പുറത്തേക്കുന്തി നിൽക്കുന്ന അവളുടെ വീർത്തവയറിലേക്ക് നീണ്ടെങ്കിലും കൂടി നിന്നവരിലൊരാൾ പോലും അവളെ രഞ്ജിത്തിൽ നിന്ന് പിടിച്ചു മാറ്റാനോ അവളോടാശ്വാസവാക്കുകൾ പറയാനോ മുന്നോട്ടു വന്നതേയില്ല….
“എന്നോടു പൊറുക്കണേ രഞ്ജിയേട്ടാ… എനിയ്ക്കറിയാതെ പറ്റിയതാണ്….. ഇനി ഞാനിതൊന്നും ആവർത്തിക്കില്ല… നമ്മുടെ മക്കളെ ഓർത്തെങ്കിലും എന്നോട് ക്ഷമിക്കണം…. ”
ആർത്തലച്ച് കരയുന്നതിനൊപ്പം രഞ്ജിത്തിന്റെ കാലുകളിൽ മുറുക്കിചുറ്റിപ്പിടിച്ചു കിടന്നു യാചിച്ചു തുഷാര….
ഒരക്ഷരം അവളോടു പറയുകയോ തന്റെ കാൽച്ചുവട്ടിൽ കിടക്കുന്നവളെ കണ്ടെന്നു നടിയ്ക്കുകയോ ചെയ്തില്ല രഞ്ജിത്ത്… പക്ഷെ ഇതെല്ലാം മാറി നിന്ന് കണ്ടിരുന്ന സിത്താരയുടെ മിഴികളിൽ ഒരഗ്നിയെരിഞ്ഞത് വളരെ പെട്ടന്നാണ്….
“നീ ചെയ്ത ഏതു കാര്യത്തിനാണ് ചേച്ചീ നിനക്ക് രഞ്ജിയേട്ടൻ മാപ്പ് തരേണ്ടത്…?
ഓഫീസാവശ്യത്തിന് ഏട്ടൻ രണ്ടു ദിവസം വീട്ടിൽ നിന്ന്
മാറി നിന്നപ്പോഴേയ്ക്കും നിന്റെ അനിയത്തിയായ എന്നെ കെട്ടാനിരുന്നവനെ നീ നിന്റെ മുറിയിലേയ്ക്കും പിന്നെ നിന്റെ ശരീരത്തിലേയ്ക്കും വിളിച്ചു കയറ്റിയതാണോ ശ്രീയേട്ടൻ ക്ഷമിക്കേണ്ടതും പൊറുക്കേണ്ടതും…..?
എത്ര ഒതുക്കാൻ ശ്രമിച്ചിട്ടും ഉയർന്നു പോയ ശബ്ദത്തിൽ തുഷാരയോട് ചോദിക്കുമ്പോൾ സിത്താരയുടെ നോട്ടം വാരിവലിച്ചു വേഗത്തിൽ ധരിച്ചതാണെന്ന് എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാവുന്ന തുഷാരയുടെയും ശ്യാമിന്റെയും വസ്ത്രങ്ങളിലേക്കാണ്….
സിത്താരയുടെ സംസാരത്തിൽ മുഖത്തടിയേറ്റതു പോലെ കുനിഞ്ഞു പോയ് തുഷാരയുടെ മുഖമെങ്കിൽ അവിടെ നിന്ന എല്ലാവരുടെയും അവളുടെയും ശ്യാമിന്റെയും ശരീരത്തിലെ ക്രമവും നിരയും തെറ്റിയ വസ്ത്രങ്ങളിക്കാണ്….. മുറിയിൽ എന്തായിരുന്നവരുടെ പ്രവർത്തിയെന്ന് അവർ പറയാതെ തന്നെയത് മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കുന്നുണ്ട്…
“സിത്താരേ…. മോളെ… ഇന്ന്… ഇന്നാദ്യയിട്ടാ മോളെ ഞാൻ തുഷാരയുടെ മുറിയിലേക്ക് ചെല്ലുന്നത്…. കുഞ്ഞുണ്ണിയുടെ പിറന്നാളാഘോഷത്തിന്റെ ഭാഗമായ് കുടിച്ച കള്ളും പുറത്ത് പറ്റിയതാടി…. അരുതാത്തതൊന്നും സംഭവിച്ചിട്ടില്ലെടി… സത്യം.. എന്നെ വിശ്വസിയ്ക്ക് നീ… നിന്റെ ശ്യാമേട്ടനല്ലേ ഞാൻ….
അമ്മാവന്റെ കൈക്കുള്ളിൽ കിടന്ന് വിളിച്ചു പറയുന്ന ശ്യാമിനെ പുച്ഛത്തിൽ സിത്താര നോക്കിയെങ്കിൽ അവന്റെയാ സംസാരത്തിൽ തുഷാര പകപ്പോടെയാണ് ആരും കാണാതെ അവനെ നോക്കിയത്…
ഇത്തിരി കള്ള് അകത്തു ചെല്ലുമ്പോഴേയ്ക്കും അമ്മയേയും പെങ്ങളെയും തിരിച്ചറിയാൻ പറ്റാത്തവനാണ് നീയെങ്കിൽ നിന്നെയിനി എനിയ്ക്കൊട്ടും വേണ്ട ശ്യാമേ… കാരണം ഇവൾ മാത്രമല്ല എന്റെ കുടുംബത്തിൽ പെണ്ണായിട്ടുള്ളത് എന്റെ അമ്മയും നിന്റെ അമ്മയും ഉൾപ്പെടെ ഇനിയുമേറെ പേരുണ്ട്…
തുറന്നടിച്ച സിത്താരയുടെ സംസാരം…. വിളറി വെളുത്തു പോയ് ശ്യാം…
‘പരസ്പരം പോരു വിളിച്ചിരുന്നിട്ട് കാര്യമില്ല സഹദേവാ… ഇപ്പോഴിത് നമ്മുടെ കുടുംബത്തിൽ നമ്മൾ മാത്രമേ അറിഞ്ഞിട്ടുള്ളു പുറത്താരും ഇനിയിതറിയരുത്…. ചെക്കനാണെങ്കിലും പെണ്ണാണെങ്കിലും നമ്മുടേത് തന്നെയാണ്… മറക്കണ്ട അതാരും…. ”
ശ്യാമിന്റെ അച്ഛൻ സിത്താരയുടെ അമ്മാവൻ ഒരു തീർപ്പുണ്ടാക്കാൻ എന്ന വിധം സംസാരിച്ചു തുടങ്ങിയതും എന്തു തീരുമാനിച്ചാലും എനിയ്ക്കെന്റെ ഭർത്താവായ് ശ്യാമിനെ വേണ്ടെന്നൊരു ഉറച്ച പറച്ചിലോടെ സിത്താര ആ മുറി വിട്ടതും എല്ലാവരുടെയും നോട്ടം രഞ്ജിത്തിലേക്കായ്….
മോനെ അവൾക്കറിയാതെ പറ്റി….
തുഷാരയുടെ അമ്മ പൊട്ടി വന്ന കരച്ചിലോടെ അവനോടു പറയാൻ ശ്രമിച്ചതും അതിനവരെ സമ്മതിക്കാതെ പാതിയിലവരെ തടഞ്ഞു തുഷാരയുടെ അച്ഛൻ…. മകൾ ചെയ്ത തെറ്റിന്റെ ആഴം തിരിച്ചറിയാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്….
“നീയെടുക്കുന്ന ഏതു തീരുമാനവും ഞാൻ അംഗീകരിയ്ക്കും മോനെ…. പക്ഷെ എന്തു തീരുമാനമെടുക്കുന്നതും അവളുടെ പ്രസവം കഴിഞ്ഞു മതിയെന്നൊരു അപേക്ഷ മാത്രമുണ്ടെനിയ്ക്ക്…. ‘
രഞ്ജിത്തിന്റെ കൈ പിടിച്ചൊരു യാചന പോലെ ആ സാധു പറഞ്ഞത് ശരി വെച്ചവിടെ കൂടിയവരെല്ലാം…
ആരോടും ഒന്നും പറയാതെ കുഞ്ഞുണ്ണിയെ തോളിലിട്ട് തന്റെ കാൽച്ചുവട്ടിലിരിയ്ക്കുന്നവളെ ശ്രദ്ധിയ്ക്കുക പോലും ചെയ്യാതെ വേഗത്തിലാ മുറിയിൽ നിന്ന് രഞ്ജിത്ത് പുറത്തേയ്ക്കിറങ്ങുമ്പോഴും നിറഞ്ഞുതൂവുന്നുണ്ട് അവന്റെ കണ്ണുകൾ അവന്റെ പെണ്ണവനോട് ചെയ്ത ചതിയോർത്ത്…..
പരസ്പരം മിണ്ടാതെയും കാണാതെയും ദിവസങ്ങളോരോന്നും കടന്നു
പോയതും നടന്നതെല്ലാം എല്ലാവരും മറന്നുവെന്നൊരു ചിന്ത വന്നു തുഷാരയുടെ ഉള്ളിൽ….
രഞ്ജിത്തേട്ടന് അല്ലെങ്കിലും തന്നെ അത്രയെളുപ്പം മറക്കാനോ വെറുക്കാനോ കഴിയില്ലെന്നുറപ്പായിരുന്നു തുഷാരയ്ക്ക്… ആ ജീവിതത്തിന്റെ ഭാഗമായ് താൻ ചെന്നതിൽ പിന്നെ താനെന്നെ പെണ്ണിനു ചുറ്റുമാണ് രഞ്ജിത്തേട്ടന്റെ ജീവിതമെന്ന് പറഞ്ഞ് എത്രയോ പ്രാവശ്യം തങ്ങളെ രഞ്ജിത്തേട്ടന്റെ അമ്മ തന്നെ കളിയാക്കിയിരിയ്ക്കുന്നു…. തന്നെ കാണാതെയിരിക്കാൻ പറ്റില്ല രഞ്ജിയേട്ടന്…
തന്നെ ഉപേക്ഷിക്കില്ല രഞ്ജിത്തെന്നത്രയും ഉറപ്പാണവൾക്ക്….
രഞ്ജിത്തിന്റെ കറ കളഞ്ഞ സ്നേഹത്തിനിടയ്ക്ക് എപ്പോഴോ ശ്യാമിലേയ്ക്ക് തെന്നിമാറിയ തന്റെ മനസ്സിനെയും ചെയ്ത തെറ്റുകളെയുമെല്ലാം ഇതിനിടയിൽ സൗകര്യപൂർവ്വം മറന്നു തുഷാര… അല്ലെങ്കിലും അന്നത്തെ ആ സംഭവത്തോടെ ബാംഗ്ലൂരിലേയ്ക്ക് ജോലി മാറി സ്വന്തം സുരക്ഷ നോക്കി പോയവനെ അവളെന്തിന് ഓർക്കണം… അതാണവളുടെ ചിന്ത…. അതിനൊപ്പം താൻ ചതിച്ച തന്റെ അനിയത്തിയേയും സൗകര്യപൂർവ്വം മറവിയിലേക്ക് തള്ളിയിട്ടു തുഷാര….
“രഞ്ജൂ മോനെ….. എന്താണ് നിന്റെ തീരുമാനം…? മാസം രണ്ടു മൂന്നാലായല്ലോ നീയും തുഷാരയും രണ്ടിടത്തായിട്ട്…. അവളുടെ പ്രസവത്തിന്റെ ഡേറ്റും അടുത്തു… നീയെന്താ തീരുമാനിച്ചിരിയ്ക്കുന്നത്…?
അവൾക്കന്നുപറ്റിയൊരു തെറ്റായതിനെ കണ്ട് ക്ഷമിക്കാൻ പറ്റില്ലേ നിനക്ക്…?
അന്നൊരു ദിവസം മാത്രമേ ശ്യാം അവർക്കരികിൽ വന്നിട്ടുള്ളു… അതിനു മുമ്പൊരിക്കലും ആ തെറ്റവൾ ചെയ്തിട്ടില്ല… ക്ഷമിച്ചു കൊടുക്കാൻ പറ്റ്വോ നിനക്ക്….?
ഒരു സന്ധി സംഭാഷണത്തിനൊരുങ്ങി തന്റെ അരികിലെത്തിയ തുഷാരയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും മറുപടിയില്ലാതെ നോക്കിയവൻ..
“ഈ കുഞ്ഞിനും ഇനി ജനിയ്ക്കുന്ന കുഞ്ഞിനും നീയാണ് മോനെ അച്ഛൻ… തുഷാരയെ ഉപേക്ഷിച്ച് പകരം നീ മറ്റൊരുവളെ നിന്റെ ജീവിതത്തിലേയ്ക്ക് കൂട്ടിയാൽ അവളീ കുഞ്ഞുങ്ങൾക്ക് നല്ലൊരമ്മ ആയിരിയ്ക്കുമെന്നുറപ്പ് പറയാൻ പറ്റുമോടാ മോനെ നമുക്ക്… പെറ്റമ്മമാർ മക്കളെ സ്വന്തം സുഖത്തിനു വേണ്ടി കൊല്ലുന്ന കാലത്താണെടാ മോനെ നമ്മള് ജീവിയ്ക്കുന്നത്…
നമുക്കൊന്ന് ക്ഷമിച്ചു കൊടുക്കാടാ മോനെ നമ്മുടെ മക്കൾക്ക് വേണ്ടി… ”
നിറക്കണ്ണോടെ ….മകന്റെ മനസ്സിന്റെ നോവത്രയും തിരിച്ചറിഞ്ഞും അവനെ നിർബന്ധിച്ചു അവന്റെ പെറ്റമ്മയും…
നിസ്സഹായനായ് രഞ്ജിത്ത്… അവന്റെ മക്കളെയോർത്ത്…. ദിനംപ്രതി കുഞ്ഞുമക്കൾക്കു നേരെ നടക്കുന്ന അക്രമങ്ങൾ തെളിഞ്ഞവന്റെ ഉള്ളിൽ…
“ഞാ… ഞാൻ കൂടെ കൂട്ടി…ക്കോളാം തുഷാരയെ…. എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി…
സ്വയമുള്ളിൽ മരിച്ചു കൊണ്ട് വാക്കു കൊടുക്കുന്നവനെ വേദനയോടെ നോക്കി സിത്താരയും….
രഞ്ജിത്ത് തന്നെ അവനൊപ്പം തിരികെ കൂട്ടുമെന്ന വാർത്തയിൽ മനംനിറഞ്ഞ് തുഷാര സന്തോഷിച്ച സമയം തന്നെയാണ് അവൾക്ക് പ്രസവവേദന വന്നത്…
വേദന ഏറെ സഹിച്ച പ്രസവത്തിനപ്പുറംബോധം തെളിഞ്ഞ തുഷാരയുടെ കണ്ണുകൾ ആദ്യം തിരഞ്ഞത് രഞ്ജിത്തിനെയാണ്…
രഞ്ജിത്തിനെ മുറിയ്ക്കുള്ളിൽ കണ്ടില്ലെന്നു മാത്രമല്ല തന്നെ നോക്കി നിൽക്കുന്ന തന്റെ അച്ഛനുൾപ്പെടെയുള്ളവരുടെ മുഖത്തുള്ള ദേഷ്യം…. അതിന്റെ കാരണമറിയാതെ ഭയന്നു പോയവളുടെ പിടപ്പേറിയ നോട്ടം തന്റെ അരികിൽ കിടക്കുന്ന ചോര കുഞ്ഞിലേക്കൊന്നു പാളി….
ഒറ്റനോട്ടത്തിൽ തന്നെ തന്റെ ഹൃദയം നിലച്ചതു പോലെ ശ്വാസം തിങ്ങിയവൾക്ക്
അരികിൽ ഉറങ്ങി കിടക്കുന്ന കുഞ്ഞിന്റെ വലതുവശം നെറ്റിയിൽ എളുപ്പത്തിൽ കാണുംവിധമൊരു വലിയ മറുക്….
“ആ മറുക് മാത്രമല്ല തുഷാര കുഞ്ഞിന്റെ ഇടം കൈ കൂടി നോക്ക് നീ… അവനാറുവിരലുകളുണ്ട്… അവന്റെ അച്ഛൻ ശ്യാമിനെ പോലെ….”
കുഞ്ഞുണ്ണിയെ തോളിലിട്ട് അവിടേയ്ക്ക് കയറി വന്ന് രഞ്ജിത്ത് പറയുമ്പോൾ അവനെയോ അവിടെ കൂടിയ മറ്റുള്ളവരെയോ മുഖം ഉയർത്തി നോക്കിയില്ല തുഷാര….
ആ മറുക്കും ആറുവിരലും ശ്യാമിന്റെ തന്നെയാണെന്ന് മറ്റൊരു തെളിവും ഇല്ലാതെ തന്നെ അവൾക്കറിയാലോ….
മൂന്നു മാസങ്ങൾക്ക് മുമ്പ് ഒരിക്കൽ മാത്രം ശ്യാമുമായ് ചേർന്ന് എന്നെ ചതിച്ച നിന്റെ കുട്ടിയ്ക്ക് ശ്യാമിന്റെ എല്ലാ പാരമ്പര്യവും കിട്ടിയത് വല്ലാത്ത ഒരത്ഭുതം തന്നെയാണ് തുഷാരേ… എന്തായാലും നിന്റെ ഈ നേട്ടം നീ തന്നെ വച്ചാൽ മതി പിഴച്ചവളെ… എനിയ്ക്കും എന്റെ കുടുംബത്തിനും വേണ്ട…. ഇവിടെ തീർന്നു നമ്മൾ തമ്മിലുള്ളതെല്ലാം….
തുഷാരയോട് ഉറപ്പോടെ പറഞ്ഞ് രണ്ടു ചുവട് മുന്നോട്ടുവെച്ച രഞ്ജിത്തൊന്ന് തിരിഞ്ഞവളെ നോക്കി, ഒപ്പം തോളിലുറങ്ങുന്ന കുഞ്ഞുണ്ണിയെ വിറയ്ക്കുന്ന കയ്യാലൊന്ന് മുറുകെ പിടിച്ച് തുഷാരയ്ക്ക് നേരെ തിരിഞ്ഞു
“ഇവനെന്റെ മകനാണെന്ന് വിശ്വസിച്ചാണ് ഞാനിവനെ ഇപ്പോഴെന്റ കൂടെ കൊണ്ടു പോവുന്നത്… നിന്റെ സ്വഭാവം വെച്ച് നാളെ ഇവൻ എന്റേതല്ലെങ്കിൽ ഇവനെയും ഞാൻ തിരിച്ചേല്പിയ്ക്കും നിന്നെ…. ഇവനെങ്കിലും എന്റെയാവണേ എന്ന പ്രാർത്ഥനയോടെയാണ് നിന്നെ ഉപേക്ഷിച്ചുള്ള എന്റെ മടക്കം പോലും… ഇവന്റെ കാര്യത്തിലെങ്കിലും നീയെന്നെ ചതിച്ചിട്ടില്ലല്ലോ അല്ലേ….?
നെഞ്ചിൽ അമ്പെയ്തു മുറിവേല്പിക്കും കണക്ക് തുഷാരയോട് ചോദിച്ച് രഞ്ജിത്ത് അവിടെ നിന്നിറങ്ങിയതും ഇനിയൊരിക്കലും മുഖമുയർത്താൻ പറ്റാത്ത വിധം നാണം കെട്ട് ആ ഹോസ്പ്പിറ്റൽ മുറിയ്ക്കുള്ളിൽ തലയും താഴ്ത്തി ഇരുന്നു പോയ് തുഷാര… തനിയ്ക്കും ചുറ്റും പരക്കുന്ന ഇരുളറിഞ്ഞുതന്നെ….
✍️രജിത ജയൻ
